UPDATES

ഓഫ് ബീറ്റ്

“തണല്‍ മരങ്ങള്‍ക്ക് തണലായി ഞങ്ങളുണ്ട് സാറേ”: മടപ്പള്ളി കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സംരക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍

സ്റ്റേഡിയം വരുന്നത് തീര്‍ച്ചയായും നല്ലൊരു കാര്യമാണ്. പക്ഷെ അതവിടുത്തെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാകരുത്. ആ തണല്‍ മരങ്ങളുടെ വിലയറിയാവുന്നതുകൊണ്ടാണ് മുറിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അവിടുത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്” – പ്രിന്‍സിപ്പല്‍ പറഞ്ഞു.

38 വര്‍ഷമായി മടപ്പള്ളി കോളേജിന് തണലേകിയ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്ന് ‘ വധഭീഷണി’ നേരിടുകയാണ്. 12ഓളം ബാച്ചുകള്‍ക്ക് തണലേകിയ ഗൗര്‍ഡനിലെ 38ഓളം മരങ്ങള്‍ നമ്പറിട്ട് വെട്ടാന്‍ നിര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. തങ്ങള്‍ക്ക് തണലേകിയ മരങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഈ അവധിക്കാലത്തും കോളേജിലെ വിദ്യാര്‍ഥികള്‍. “കോളേജിന്റെ ഒരു അട്രാക്ഷന്‍ എന്ന് പറഞ്ഞാല്‍ തന്നെ ഈ ഗാര്‍ഡന്‍ ആണ് നമ്മളു വല്ല്യ കെട്ടിടം കണ്ടിട്ടു മാത്രം ഒന്നും അല്ലല്ലോ ഇവിടെ പഠിക്കാന്‍ വരണേ. ഞങ്ങള്‍ എല്ലാ ഫ്രീ ടൈമിലും അവിടെ പോയി ഇരിക്കും ഞങ്ങടെ എല്ലാ സൗഹൃദത്തിനും സാക്ഷിയാണ് ഈ ഗാര്‍ഡന്‍” – മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനെ കുറിച്ച് നേച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തകന്‍ വിവേക് പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്.

വിവേക് മാത്രമല്ല അവിടെ പഠിച്ചവരായ എല്ലാ വിദ്യാര്‍ത്ഥികളും ആ കോളേജിനെ പറ്റി സംസാരിക്കുമ്പോള്‍ പറഞ്ഞു തുടങ്ങുന്നതും കോളേജിന് ഇരുവശവുമായി നില്‍ക്കുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനെ പറ്റിയാണ്. അവിടേക്ക് അഡ്മിഷന്‍ തേടി വരുന്ന ഓരോ കുട്ടിയും കോളേജിനെ കുറിച്ച് അന്വേക്ഷിക്കുമ്പോള്‍ കേള്‍ക്കുന്നതും ഈ ഗാര്‍ഡനെ കുറിച്ചായിരിക്കും. പക്ഷെ ‘വികസനം’ ഈ ഗാര്‍ഡനെയും ഇല്ലാതാക്കുകയാണ്. കോളേജില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പണിയാനായി മുപ്പത്തി എട്ടോളം മരങ്ങള്‍ നമ്പര്‍ ഇട്ട് വെട്ടാന്‍ വച്ചിരിക്കുകയാണ് അധികൃതര്‍.

‘കോളേജില്‍ റൂസേന്റോരു ഫണ്ട് പാസായിരുന്നു – രണ്ടു കോടി രൂപ. ആ ഫണ്ട് പാസായ കണ്ടു കോളേജിലെ ഫിസിക്കല്‍ ഡിപാര്‍ട്‌മെന്റെ ഒരു പ്രൊപ്പോസല്‍ നല്‍കി, ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാനായി. കോളേജിന്റെ ഗ്രൗണ്ടിന്റെ സൈഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം പണിയാന്‍ സ്ഥലം ഇണ്ടായിട്ടും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ 38 ഓളം മരങ്ങള്‍ മുറിച്ചോണ്ട് അവിടെ തന്നെ സ്റ്റേഡിയം നിര്‍മിക്കണം എന്നുള്ളത് പ്രിന്‍സിപ്പലിന്റെ ദുര്‍വാശി ആണ്. വിദ്യാത്ഥികളോ മറ്റാരും തന്നെ ഇ മരംമുറിക്കലിനെ പറ്റി അറിഞ്ഞിട്ടില്ല അതായത് വെക്കേഷന്‍ സമയത്താണ് മരം മുറിക്കാന്‍ തീരുമാനിച്ചത്. എടക്ക് നമ്മളവിടെ പോയപ്പ ആണ് കാര്യം അറിഞ്ഞത്’ – എസ്എഫ് ഐ പ്രവര്‍ത്തകന്‍ ജിഷ്ണു പറഞ്ഞു.

പിന്നീട് അധികം വൈകിയില്ല ‘തണലേകുന്ന മരങ്ങള്‍ക്ക് തണലേകാന്‍ ഞങ്ങള്‍ ഉണ്ടാകും സാറേ’ എന്ന മുദ്രവാക്യം ഉയര്‍ത്തി ജിഷ്ണു ഉള്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ രംഗത്തു വന്നു. ’21 ഓളം വ്യത്യസ്ത തരം സ്പീഷിസിലുള്ള മരങ്ങളാണ് ഗാര്‍ഡനിലുള്ളത്. ഈ 38 ഓളം മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍ അതിനോടൊപ്പം തകരുന്നത് വലിയൊരു ജെവ വൈവിധ്യം ആയിരിക്കും’. നേച്ചര്‍ പ്രവര്‍ത്തകന്‍ വിവേക് പറഞ്ഞു. മഞ്ഞ വാക, ചുവപ്പ് വാക, പ്ലാവ്, ഞാവല്‍, മഹാഗണി, മരുത്, ആല്‍ മരം, ചമത, വേഗ, മുള്ള് വെണ്ട, ചെമ്പകം, കുന്നിമരം, ഊങ്, മന്ദാരം, കുടം പുളി, ഇടല എന്നിവക്ക് പുറമെ ഇനിയും തിരിച്ചറിയപ്പെടാത്ത സ്പീഷിസുകളിലേതുള്‍പ്പെടെയുള്ള പല വൃക്ഷങ്ങളും ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നതിലൂടെ ഇല്ലാതാകും. ഈ വിവരങ്ങളെല്ലാം വിദ്യാത്ഥികള്‍ ഫോറസ്റ്റ് ഡിപാര്‍ട്‌മെന്റിനെ ധരിപ്പിച്ചതിനെ തുടര്‍ന്ന് മരം മുറിക്ക് സ്റ്റേ ലഭിച്ചിട്ടുണ്ട്. ‘കോളേജിന്റെ ലെഫ്റ്റ് സൈഡിലും റൈറ്റ് സൈഡിലും ആയി രണ്ട് ഗാര്‍ഡന്‍ ആണുള്ളത്. അത്യാവശ്യം വല്ല്യ ഗര്‍ഡനാണ് രണ്ടും .റൈറ്റ് സൈഡിലുള്ള ഗാര്‍ഡനിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ പോകുന്നത്. അപ്പൊ ഈ 38 മരങ്ങള്‍ മുറിച്ചാ റൈറ്റ് സൈഡില്‍ ആകെ പത്തിരുപത് മരങ്ങളെ ബാക്കി ഇണ്ടാവു. തണല്‍ മരങ്ങള്‍ പൂര്‍ണ്ണമായിട്ടും നശിക്കും’ – ജിഷ്ണു പറഞ്ഞു.

“കോളേജിരിക്കുന്ന ഈ സ്ഥലം ആദ്യം ഒരു മൊട്ട കുന്നായിരുന്നു. അവിടെ തോമസ് എന്ന ഒരു മാഷും, രാജ്യസഭ എംപി ആയിട്ടുള്ള റിച്ചാര്‍ഡ് എന്നു പറഞ്ഞിട്ടുള്ള ഒരു മാഷും കൂടി ആയിരുന്നു ഈ മരങ്ങള്‍ ഒക്കെ നട്ട് ഈ ഗാര്‍ഡന്‍ ഇങ്ങനെ ആക്കിയത്. പെട്ടന്ന് അവിടെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം വരുവാന്ന് പറഞ്ഞാ ഓരിതൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിത് ആണല്ലോ ഒരു മരം ഒരു ദിവസം കൊണ്ടൊന്നും ഇണ്ടാവണതല്ലലോ. വെട്ടാന്‍ എളുപ്പമാണ്. വച്ച് പിടിപ്പിക്കാനാണ് പാട്. പറക്കുന്ന പാമ്പ്, പറക്കുന്ന ഓന്ത്, മഞ്ഞക്കിളി, കുറ്റി പരുന്ത്, ട്രപിടിയന്‍, നാഗമോഹന്‍ തുടങ്ങി വിവിധതരം ജീവികളെ പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. കോളേജ് ഗ്രൗണ്ടിന്റെ അടുത്തൊരു സ്ഥലം ഉണ്ടായിട്ടാണ് ഇവരീ ഗാര്‍ഡന്‍ തന്നെ സ്റ്റേഡിയം പണിയണം എന്നു പറയുന്നത്” – വിവേക് പറഞ്ഞു. 1980ല്‍ തോമസ് മാഷിന്റെയും റിച്ചാര്‍ഡ് മാഷിന്റേയും നേതൃത്വത്തില്‍ ഉണ്ടാക്കിയ ഈ ഗാര്‍ഡന്‍ പിന്നീടങ്ങോട്ടുള്ള 38 ഓളം വര്‍ഷം ആ ക്യാമ്പസിന്റെ ഭാഗവും അവിടുത്തെ വിദ്യാര്‍ഥികളുടെ ജീവശ്വാസവും ആയിരുന്നു. പിന്നീട് അവിടെ പഠിച്ചിറങ്ങിയ 12 ഓളം ബാച്ചുകള്‍ക്ക് ഈ ഗാര്‍ഡന്‍ തണലായി നിന്നു.

“ഞാന്‍ വരുന്നതിന് മുമ്പ് റൂസേടെ ഫണ്ട് അലോട്ട് ആയിരുന്നു. അന്ന് കൗണ്‍സില്‍ ഒക്കെ കൂടി ഒരു സ്റ്റേഡിയം പണിയാം എന്ന് വച്ചു. അത് ഫണ്ട് എല്ലാം സ്റ്റേഡിയത്തിന് ഒന്നും അല്ല. 35:35:30 – അങ്ങനെ ആണതിന്റെ പേഴ്‌സന്റെജ്. 35 പേഴ്‌സന്റെജ് കണ്‍സ്ട്രക്ഷനും 35 പേര്‍സന്റേജ് റിനോവേഷനും 30 പേര്‍സന്റേജ് പര്‍ച്ചേഴ്‌സിനും. സ്റ്റേഡിയത്തിനുള്ള ഒരു എസ്റ്റിമേറ്റ് ഒക്കെ പ്രീപേയര്‍ ചെയ്തു. എസ്റ്റിമേറ്റ് കൊടുത്തപ്പോ അവര് കണ്ടത് ഗ്രൗണ്ടിന് സൈഡിലുള്ള ഒരു സ്ഥലമാണ്. അങ്ങനെ അവര്‍ പിഡബ്ല്യഡി വഴി എസ്റ്റിമേറ്റ് ഒക്കെ തയ്യാറാക്കി. അത് കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 40 ലക്ഷം ഫണ്ട് വന്നത്. അത് കഴിഞ്ഞ് റിവൈസ് ചെയ്യാന്‍ നോക്കിയപ്പോഴാണ് ഇ ഗ്രൗണ്ടിന്റെ സൈഡിലെ മണ്ണ് ലെവല്‍ ചെയ്യാന്‍ വേണം 70 ലക്ഷം അപ്പോള്‍ എന്തായാലും ഈ ഫണ്ടിനു കണ്‍സ്ട്രക്ഷന്‍ നടക്കില്ലല്ലോ, അപ്പൊ അന്ന് അവരാണ് പറഞ്ഞത് ഗാര്‍ഡനില്‍ സ്റ്റേഡിയം പണിയാം എന്ന്. അന്ന് ഞാന്‍ വിചാരിച്ചത് ആറോ ഏഴോ മരങ്ങളേ പോകുള്ളൂ എന്നാണ്. പിന്നെ സ്ഥലം എല്ലാം അളന്നു നോക്കിയപ്പോള്‍ ആണ് അറിയുന്നത് 38 ഓളം മരങ്ങള്‍ പോകും എന്ന്”. – മടപ്പള്ളി കോളേജ് പ്രിന്‍സിപ്പല്‍ ചിത്രലേഖ പറഞ്ഞു. “ഇപ്പോള്‍ തന്നെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മധ്യത്തിലായി ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ടെന്നീസ് കോര്‍ട്ടുമുണ്ട്. ഇവിടെ ഒരു സ്റ്റേഡിയം കൂടി വന്നാല്‍ 38 ഓളം വര്‍ഷമായി ആ കോളേജിന്റെ ഭാഗമായ ഒന്നിനെ മുറിച്ചു മാറ്റുന്നത് പോലെയാകും. ഒരു സ്റ്റേഡിയം വരുന്നത് തീര്‍ച്ചയായും നല്ലൊരു കാര്യമാണ്. പക്ഷെ അതവിടുത്തെ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാകരുത്. ആ തണല്‍ മരങ്ങളുടെ വിലയറിയാവുന്നതുകൊണ്ടാണ് മുറിക്കാന്‍ പോകുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അവിടുത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്” – പ്രിന്‍സിപ്പല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍