UPDATES

അട്ടപ്പാടിയില്‍ ഇനിയുമുണ്ട് മധുമാര്‍, കാട്ടിനുള്ളില്‍ കുഴിച്ചുമൂടപ്പെട്ടവര്‍

അട്ടപ്പാടിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും ചെറുപ്രായം തൊട്ട് ജാതീയതയ്ക്കും വംശീയതയ്ക്കും ഇരകള്‍; ചെന്നൈയിലെ സമകല്‍വി ഐക്യയും അട്ടപ്പാടിയിലെ തമ്പും നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ദീഷ്‌ണ സി.

ദീഷ്‌ണ സി.

അട്ടപ്പാടിയില്‍ ജനിക്കുന്ന ഓരോ വ്യക്തിയും ചെറുപ്രായം തൊട്ട് ജാതീയതയ്ക്കും വംശീയതയ്ക്കും ഇരകളാണെന്ന് പഠന റിപ്പോര്‍ട്ട്. സ്‌കൂള്‍ തലത്തില്‍ തുടങ്ങുന്ന വേര്‍തിരിവുകള്‍ പഠനം നിര്‍ത്താനും നിരക്ഷരതയ്ക്കും വഴിയൊരുക്കുന്നതായും ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സമകല്‍വി ഐക്യ’മെന്ന ശിശുക്ഷേമസംരക്ഷണ സംഘടനയും അട്ടപ്പാടിയിലെ ‘തമ്പ്’ എന്ന ട്രൈബല്‍ വികസന സംഘടനയും ചേര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നവോത്ഥാനവും ഭൂസംരക്ഷണ നിയമങ്ങളും പ്രാബല്യത്തില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും 90 ശതമാനം ആദിവാസി ഭൂമികളും ഇന്നും അന്യാധീനപ്പെട്ട് കിടക്കുകയാണ്. സമീപ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്തതും പഠനത്തില്‍ നിന്നും കുട്ടികള്‍ വിട്ടുനില്‍ക്കാന്‍ കാരണമാകുന്നു. പുരോഗമനപരമെന്ന് അവകാശപ്പെടുന്ന ‘മുഖ്യധാരാ’ സമൂഹത്തിന്റെ ഇടപെടലുകള്‍ ആദിവാസി വിഭാഗത്തിന്റെ ജീവിതത്തിനും നിലനില്‍പ്പിനും ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങള്‍ പുറംലോകം അറിയുന്നില്ല. പോലീസ്, ഫോറസ്റ്റ്, ആശുപത്രി, റവന്യൂ എന്നീ വിഭാഗങ്ങളില്‍ ആദിവാസി പ്രതിനിധികളുടെ അഭാവം ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടാനുള്ള മറ്റൊരു കാരണമാണ് എന്നു തുടങ്ങിയ നിരവധി കണ്ടെത്തലുകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

കേരള മന:സാക്ഷിയെ ഞെട്ടിച്ച മധുവെന്ന ആദിവാസി യുവാവിന്റെ കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു മാസവും ഒരാഴ്ച്ചയും പിന്നിടുന്നു. കൊല്ലപ്പെട്ടവനോടുള്ള നീതി നടപ്പാക്കാന്‍ ഭരണകൂടം ക്രിയാത്മകമായി എന്തെല്ലാം ചെയ്തുവെന്ന ചോദ്യം ബാക്കിനില്‍ക്കെയാണ് മധുവിന്റെ സഹോദരിക്ക് സിവില്‍ പോലീസ് തസ്തികയിലേക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നത്. വിശപ്പ്, മോഷ്ടാവാക്കി മാറ്റിയ ആദിവാസി യുവാവ് കൊല്ലപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളുടെ കണക്കുകള്‍ ധാരാളമെടുക്കാനുണ്ടെങ്കിലും വൈകാരികമായ ഇത്തരം സമീപനങ്ങള്‍ മാത്രമാണോ മധുവും കുടുംബവും അര്‍ഹിക്കുന്നതെന്ന് മറ്റു തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേസന്വേഷണത്തില്‍ പുരോഗതിയുണ്ടെന്ന് പറയുമ്പോഴും ഒരു മാസം കഴിഞ്ഞിട്ടും മുഴുവന്‍ പ്രതികളും അറസ്റ്റിലായില്ല എന്നതാണ് വാസ്തവം.

അട്ടപ്പാടിയിലെ ഈ ക്രൂരകൃത്യം കേവലം ഒരു മധുവിനെ മാത്രമല്ല ചിത്രീകരിക്കുന്നത്. കേരളത്തിലെ പലഭാഗങ്ങളിലായി പട്ടിണിയും രോഗങ്ങളും ‘പരിഷ്‌കൃത’ മനുഷ്യന്റെ കാട്ടിലേക്കുള്ള കടന്നുകയറ്റവും നൂറുകണക്കിന് ആദിവാസികളുടെ തുടര്‍ച്ചയായ മരണങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്നു. എങ്കിലും, ഇതില്‍ ഒരു വലിയ ശതമാനം പുറംലോകമറിയാതെ കാടിനകത്തുതന്നെ കുഴിച്ചുമൂടപ്പെടുകയാണ് ചെയ്യുന്നത്.

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

അട്ടപ്പാടിയിലെ ഈ ദാരുണകൃത്യത്തെ ഭരണകൂടവും ജനങ്ങളും മറന്നുതുടങ്ങിയ സാഹചര്യത്തിലാണ് സമകല്‍വിയും തമ്പും ചേര്‍ന്ന് ഇത് സംബന്ധിച്ച പഠനത്തിന് തയ്യാറായത്. സമകല്‍വി ഐക്യത്തിന്റെ സംസ്ഥാന പ്രസിഡന്റ് എം.എസ് ജയം, കണ്‍സള്‍ട്ടന്റ് അറിവഴകന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ അഡ്വ. ക്രിസ്തുരാജ്, തമ്പ് കോര്‍ഡിനേറ്റര്‍മാരായ രാമു, ജിജീഷ് ടോം എന്നിവര്‍ നടത്തിയ വിശകലനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസി സമൂഹത്തിന്റെ അവകാശവും ക്ഷേമകാര്യങ്ങളും വിശദമാക്കുന്ന റിപ്പോര്‍ട്ട് ആദിവാസി വിഭാഗങ്ങളോടുള്ള മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അലംഭാവവും ചൂണ്ടിക്കാണിക്കുന്നു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിലുപരി, ഇത്തരമൊരു ക്രൂരകൃത്യത്തിന് ഇനിയൊരു ആദിവാസി കൂടി ഇരയാവതിരിക്കാന്‍ ആവശ്യമായ നടപടികളും ക്ഷേമപ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെയ്ക്കുന്നു.

മധു ഒരു തുടര്‍ച്ച മാത്രമാണ്, അട്ടപ്പാടിയിലെ അജ്ഞാത മരണങ്ങളുടെ തുടര്‍ച്ച; സി കെ ജാനു

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആദിവാസി പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്ത ആദിവാസി സമൂഹത്തിന്റെ യാഥാര്‍ഥ്യത്തില്‍ നിന്നു തുടങ്ങുന്നതാണ്. ഈ വിഭാഗത്തെ ബോധവത്ക്കരിക്കാന്‍ വിവിധ സാമൂഹ്യ സംഘടനകള്‍ വര്‍ഷങ്ങളായി പരിശ്രമിച്ചു വരുന്നു. എന്നാല്‍ ഇനിയും മാറാത്ത ജീവിതാവസ്ഥകളുടെ നേര്‍ചിത്രീകരണം കൂടിയാണ് പഠനസംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട്.

കുറുമ്പ ഗോത്രവിഭാഗത്തിലുള്‍പ്പെടുന്ന ഇരുപത്തേഴുകാരനായ മധുവിന്റെ കൊലപാതകം അരിയും പച്ചക്കറിയും മോഷ്ടിച്ചുവെന്ന ആരോപണത്തിന് പുറത്തുള്ളതായിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനമൊന്നാകെ പ്രതിഷേധിച്ച കൊലപാതകം ആദിവാസി ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പീഡനങ്ങളില്‍ ഒന്നുമാത്രമായിരുന്നു. ആദിവാസി ഗോത്രവിഭങ്ങളിലെ സ്ത്രീകളും കുട്ടികളും കാടിനകത്തേക്ക് പ്രവേശിക്കുന്ന മനുഷ്യരുടെ ആക്രമണത്തെ ഭയന്ന് ജീവിക്കുന്നവരാണ്. അട്ടപ്പാടിയില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല എന്നത് പ്രൈമറി തലങ്ങളില്‍ പഠനം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നു. വിദ്യാഭ്യാസക്കുറവ് ആദിവാസി ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അട്ടപ്പാടിയില്‍ നടന്ന കൊലപാതകങ്ങളും ദുരൂഹമരണങ്ങളും അന്വേഷിക്കണം: മധു അനുസ്മരണത്തില്‍ ആവശ്യം

പഠന സംഘത്തിന്റെ നിര്‍ദേശങ്ങള്‍

1. മധുവിന്റെ കൊലപാതകത്തോടൊപ്പം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ അട്ടപ്പാടി ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംശയസ്പദമായ എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുക.

2. വികസനവും സംരക്ഷണവും ഉറപ്പുവരുത്താന്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ്, എക്‌സൈസ്, മെഡിക്കല്‍ എന്നീ വിഭാഗങ്ങളില്‍ 60 ശതമാനം സംവരണത്തോടുകൂടി ആദിവാസി പ്രതിനിധികളെ നിയോഗിക്കുക.

3. എല്ലാ ഗോത്രവിഭാഗങ്ങള്‍ക്കും ചുരുങ്ങിയത് 10 ഏക്കര്‍ ഭൂമിയെങ്കിലും അനുവദിച്ച് നല്‍കുകയും സൗജന്യ വൈദ്യുതി, വെള്ളം തുടങ്ങി കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പുവരുത്തുക.

4. ആദിവാസി ഭൂമി സംബന്ധ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ ട്രൈബല്‍ റവന്യൂ കോടതി അല്ലെങ്കില്‍ ലാന്‍ഡ് ഗ്രാസിംഗ് സെല്‍ നിര്‍മിക്കുക. ആദിവാസികളെ സംബന്ധിക്കുന്ന ക്രിമിനല്‍ കേസുകള്‍ മാത്രം വിസ്തരിക്കാന്‍ സ്‌പെഷ്യല്‍ ട്രൈബല്‍ ഡിസ്ട്രിക്റ്റ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രൂപീകരിക്കുക.

5. ആദിവാസി ഗോത്രവിഭാഗങ്ങളുടെ ആരോഗ്യവും വിദ്യാഭ്യാസവും ജീവിത നിലവാരവും സര്‍ക്കാര്‍ കൂടുതല്‍ പരിഗണനയ്‌ക്കെടുക്കുക.

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലെ അംഗങ്ങളിലൊരാളായ തമ്പിന്റെ രാജേന്ദ്ര പ്രസാദ് പറയുന്നു;

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിച്ചതിനു സമാനമായാണ് സ്വാതന്ത്ര്യാനന്തരവും ഇവിടെ പലരും പാര്‍ശ്വവത്ക്കരിച്ചു നിര്‍ത്തപ്പെടുന്നത്. അതിലൊരു വിഭാഗമാണ് ആദിവാസികള്‍. അന്യാധീനപ്പെട്ടുപോയ ഭൂമി, സംസ്‌ക്കാരം, ആചാരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങി എല്ലാത്തരം നഷ്ടങ്ങളുടെയും ആകെത്തുകയാണവര്‍. ഈ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി നിശ്ചിത ഫണ്ടുകളും ആനുകൂല്യങ്ങളുമെല്ലാം നിയമപ്രകാരമുണ്ടെങ്കിലും, എത്രമാത്രം അവയെല്ലാം ഓരോ ആദിവാസി കുടുംബങ്ങളിലും ലഭ്യമാകുന്നെണ്ടെന്നാണ് പരിശോധിക്കേണ്ടത്. നവോത്ഥാനമുണ്ടായെങ്കിലും ആ വെളിച്ചം അവരിലേക്കെത്തിയിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഈ വിഭാഗത്തിനിടയില്‍ നിരവധിയാണ്. ശിശുമരണ നിരക്ക് വളരെയധികവും നൂറുകണക്കിനാളുകള്‍ വിഷാദരോഗത്തിനടിമപ്പെട്ടവരുമാണ്. പോഷകാഹാരക്കുറവ് കൊണ്ടുള്ള അസുഖങ്ങള്‍ മറ്റൊരു വശത്ത്. കണക്കുകള്‍ പ്രകാരം ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ 50 ശതമാനം കുട്ടികളിലും ഹീമോഗ്ലോബിന്റെ അഭാവം വളരെ കൂടുതലാണ്. സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനത്തിലൂടെ മാത്രമേ നിലവിലെ അവസ്ഥയില്‍ നിന്നും ഈ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. മാറിവരുന്ന സര്‍ക്കാരുകളുടെ കൃത്യമായ ഇടപെടലുകളാണ് ഇതിനാവശ്യം. ആദിവാസികളെ സ്വയംപര്യാപ്തതയിലേക്കെത്തിക്കുക വഴി ഇത് ഒരുപരിധിവരെ സാധ്യമാകും. പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം മാത്രമല്ലാതെ ഉന്നത വിദ്യാഭ്യാസം കുട്ടികള്‍ക്ക് ഉറപ്പുവരുത്തുക, റാഗി, ചോളം പോലുള്ള വിളകള്‍ കൃഷി ചെയ്യിക്കുക, തങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളെയും അവകാശങ്ങളേയും കുറിച്ച് ആദിവാസികളെ ബോധവത്ക്കരിക്കുക തുടങ്ങിയവയെല്ലാം അതിനുള്ള മാര്‍ഗങ്ങളാണ്. ഇത്തരത്തിലുള്ള ഊരുതല ശാക്തീകരണം വഴി മാത്രമേ ഗോത്രവിഭാഗങ്ങളെ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
അങ്ങേയറ്റം പൈശാചിക കൃത്യത്തിനിരയായ മധു ആദിവാസികള്‍ നേരിടുന്ന പീഡനങ്ങളുടെ ഒരു പ്രതിനിധി മാത്രമാണ്. നിരവധി ക്രൂരതകള്‍ പുറംലോകമറിയാതെ കാടുകള്‍ക്കകത്ത് നടക്കുന്നുണ്ട്. മറ്റു മനുഷ്യരെപ്പോലെ ജീവിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യം ഈ വിഭാഗങ്ങള്‍ക്കുമുണ്ട്. ഇനിയൊരു മധു ഉണ്ടാവാതിരിക്കാനുള്ള ഇടപെടലുകള്‍ ഭരണകൂടം നടപ്പിലാക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സമകല്‍വി ഐക്യവും തമ്പും സംയുക്തമായി പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട്.”

അട്ടപ്പാടി: സ്വന്തം ഭൂമിയില്‍ നിന്നു തുടച്ചു നീക്കപ്പെടുന്നവര്‍ – അഴിമുഖം അന്വേഷണം

അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ നിലവിളികള്‍ ഒടുങ്ങിയിട്ടില്ല

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍