UPDATES

ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

എത്ര ബുദ്ധിമുട്ടേണ്ടി വന്നാലും മൂന്നു പെണ്‍മക്കളെയും അവര്‍ക്ക് ഇഷ്ടമുള്ളിടത്തോളം പഠിപ്പിക്കണമെന്ന് കന്നിയമ്മയും അളകര്‍ സാമിയും തീരുമാനിച്ചിരുന്നു

1944 ല്‍ മറയൂരില്‍ നിന്നും ഏഴു വയസുകാരന്‍ നടരാജന്‍ മധുരയ്ക്ക് പോയത് പഠിക്കാനായിരുന്നു. ഏഴാംക്ലാസുവരെ പഠിച്ചു. നടരാജന്‍ മധുരയില്‍ പോയി പഠിച്ചത് വലിയൊരു കാര്യം തന്നെയായിരുന്നു. ഇക്കാലത്തു പോലും മുതുവാന്‍ സമുദായത്തിലെ ആണ്‍കുട്ടികളില്‍ ചെറിയൊരു വിഭാഗത്തിനൊഴിച്ച് വിദ്യാഭ്യാസം നേടുന്നതിലോ, അതിനനുസരിച്ചുള്ള ജോലി വാങ്ങുന്നതിലോ താത്പര്യമില്ലാതിരിക്കുമ്പോഴാണ്, 1944 ല്‍ സൂസനിക്കുടി ഊരില്‍ നിന്നും നടരാജന്‍ മധുരയില്‍ പോയി പഠിച്ചത്.

വിദ്യാഭ്യാസം നേടിയ നടരാജന്‍ തന്റെ മക്കളെയും പഠിപ്പിക്കണമെന്നു തീരുമാനിച്ചു. മകള്‍ കന്നിയമ്മയേയും മറയൂരിലെ മൈക്കിള്‍ ഗിരി സ്‌കൂളില്‍ വിട്ട് അഞ്ചാം ക്ലാസ് വരെ പഠിപ്പിച്ചു. നടരാജന്‍ മധുരയില്‍ പോയി പഠിച്ചതിനെക്കാള്‍ വലിയ കാര്യമായിരുന്നു കന്നിയമ്മ അഞ്ചാം ക്ലാസു വരെ പഠിക്കാന്‍ പോയത്. ഇക്കാലത്തും ആര്‍ത്തവക്കാരിയായാല്‍ പഠിത്തമെല്ലാം നിര്‍ത്തിച്ച് പെണ്‍കുട്ടികളെ കല്യാണം കഴിച്ചയക്കാന്‍ മുതുവാന്‍ സമുദായത്തില്‍ തിടുക്കം കൂട്ടുമ്പോള്‍, അന്നത്തെ കാലത്ത് കന്നിയമ്മ അഞ്ചാം ക്ലാസ് വരെ പഠിച്ചത് വലിയ കാര്യം തന്നെയാണല്ലോ!

നടരാജന്‍ പഠിച്ചതും, മക്കളെ പഠിപ്പിച്ചതും സൂസനിക്കൂടി ഊരുകാര്‍ക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല. ആര്‍ത്തവം വന്നൊരു പെണ്ണിനെ കല്യാണം കഴിച്ചു വിടാതെ പഠിക്കാന്‍ വിട്ടത് ഊരാചാരങ്ങള്‍ക്കെതിരാണെന്നും വിധിയെഴുതി. അങ്ങനെ വിദ്യാഭ്യാസം നേടിയെന്ന പേരില്‍ നടരാജനെയും കുടുംബത്തേയും ഊരുവിലക്കി.

എണ്‍പതിനു മുന്നത്തെ കാര്യമാണ്. മുതുവാന്‍മാര്‍ക്കിടയിലെ ഊരുവിലക്ക് ഇന്നും തുടരുന്നുണ്ടെങ്കിലും ഇപ്പോഴത്തെക്കാള്‍ കണിശമാണ് അന്നത്തെ കാര്യം. നടരാജന് കന്നിയമ്മ ഉള്‍പ്പെടെ മക്കള്‍ പത്തായിരുന്നു. കന്നിയമ്മയുടെ താഴെയുള്ള കുട്ടിയെ നടരാജന്റെ ഭാര്യ ഗര്‍ഭം ധരിക്കുമ്പോഴായിരുന്നു ഊരുവിലക്ക്. വിലക്ക് വന്നാല്‍ പിന്നെ ഊരിലെ ഒരാളും ആ കുടുംബത്തോട് സഹകരിക്കില്ല. മിണ്ടുക കൂടിയില്ല. ഒരു ചടങ്ങിലും പങ്കെടുപ്പിക്കില്ല, വീട്ടില്‍ കയറ്റില്ല, ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കില്ല. തീര്‍ത്തും ഒറ്റപ്പെടുത്തല്‍. പെണ്ണുങ്ങള തീണ്ടാരിയായാലും പ്രസവ സമയമാണെങ്കിലും കാടിനോ ചേര്‍ന്ന് കെട്ടിയിരിക്കുന്ന ചെറിയ ഓലക്കുടിലിലേക്ക് മാറ്റണം. ആണിന്റെ നിഴല്‍ പോലും കണ്ടുകൂട. കന്നിയമ്മയുടെ അമ്മയേയും പ്രസവത്തിനായി കുടിലിലേക്ക് മാറ്റി. സാധാരണ മറ്റ് സ്ത്രീകള്‍ പ്രസവ സമയത്ത് പരിചരിക്കാന്‍ അടുത്ത് കാണാറുണ്ടെങ്കിലും വിലക്ക് ഉള്ളതിനാല്‍ ഒരാളും വന്നില്ല. കന്നിയമ്മ തന്നെ അമ്മയുടെ പ്രസവം എടുക്കേണ്ടി വന്നു.

ഇതെല്ലാം നടരാജന്റെ കുടുംബം അനുഭവിക്കേണ്ടി വന്നതിനു കാരണം; പഠിക്കാന്‍ പോയി എന്നതുമാത്രം.

1984 ല്‍ കന്നിയമ്മയുടെ വിവാഹം നടന്നു. ബന്ധുവായ അളകര്‍ സാമിയായിരുന്നു വരന്‍. വിവഹാനന്തരം ഭര്‍ത്താവിന്റെ ഊരായ ഇടമലക്കുടിയിലെ ഇരിപ്പുകല്‍ കുടിയിലേക്ക് പോയി കന്നിയമ്മ. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശത്താണ് ഇരിപ്പുകല്‍ കുടി. നെല്ലും ചോളവുമൊക്കെ കൃഷി ചെയ്താണ് ജീവിതം. അളകര്‍ സാമിക്കും കൃഷിയായിരുന്നു. ഭര്‍ത്താവ് ആറാം ക്ലാസുകാരനായിരുന്നുവെങ്കിലും കന്നിയമ്മയ്ക്ക് ആ പ്രദേശത്തോട് ഒട്ടും യോജിക്കാന്‍ പറ്റിയില്ല. പുറംലോകവുമായി ബന്ധമില്ലാതെ, ഒന്നിനുമൊരു സൗകര്യമില്ലാത്ത നാട്.

ഒരു ഓഗസ്റ്റ് മാസം. കന്നിമ്മയുടെ മൂത്ത കുട്ടിക്ക് അപ്പോള്‍ മൂന്നു വയസുണ്ട്. നല്ല മഴയുള്ള സമയമായിരുന്നു. കുഞ്ഞ് പെട്ടെന്ന് അസുഖ ബാധിതനായി. കലശലായ ശ്വാസം മുട്ടല്‍. മഴയത്ത് വഴിയെല്ലാം അടഞ്ഞു കിടക്കുകയാണ്. ആശുപത്രിയില്‍ കൊണ്ടു പോകാന്‍ രക്ഷയില്ല. അങ്ങനെ ആദ്യത്തെ കുഞ്ഞ് മരണത്തിന് കീഴ്‌പ്പെടുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു കന്നിയമ്മയ്ക്ക്.

അന്ന് കന്നിയമ്മയൊരു തീരുമാനം എടുത്തു. ആശുപത്രിയോ സ്‌കൂളോ ഒന്നും ഇല്ലാത്തൊരിടത്ത് തന്റെ കുഞ്ഞുങ്ങള്‍ ജീവിക്കേണ്ട. പേരക്കിടാവിന്റെ മരണവാര്‍ത്തയറിഞ്ഞ് എത്തിയ നടരാജനും അതു തന്നെയാണ് പറഞ്ഞത്. അങ്ങനെ മറയൂരിലേക്ക് അളകര്‍ സാമിയേയും കൂട്ടി കന്നിയമ്മ തിരിച്ചു പോന്നു. തന്റെ അച്ഛന്‍ തന്നെ പഠിപ്പിച്ചതുപോലെ തന്റെ മക്കളെയും പഠിപ്പിക്കണമെന്നൊരു തീരുമാനം കൂടി കന്നിയമ്മയ്ക്ക് ഉണ്ടായിരുന്നു. അളകര്‍ സാമിക്കും അക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. അങ്ങനെ ഷൈലയേയും ലളിതാംബികയേയും സുശീലയേയും പഠിക്കാന്‍ വിട്ടു.

ഇന്നലെ വയനാട്ടിലെ ഒരു സെന്ററില്‍ വച്ച്, മധ്യപ്രദേശിലെ അമര്‍കണ്ഡകില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിര ഗാന്ധി നഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദ കോഴ്‌സിന് ചേരാനുള്ള പ്രവേശന പരീക്ഷയെഴുതിയവരില്‍ ഒരാള്‍ കന്നിയമ്മയുടെയും അളകര്‍ സാമിയുടെയും ഇളയ മകള്‍ സുശീല ആയിരുന്നു. തിരുവനന്തപുരത്ത് പോയി സിവില്‍ സര്‍വീസിന്റെ പ്രിലിമനറി ടെസ്റ്റിനുള്ള പ്രവേശന പരീക്ഷയെഴുതിയതിനു ശേഷമാണ് വയനാട്ടിലേക്ക് പോയത്. പഠിക്കാന്‍ പോയതിന്റെ പേരില്‍ ഊരുവിലക്ക് നേരിടേണ്ടി വന്ന ഒരു കുടുംബത്തിലെ പെണ്‍കുട്ടിയാണിത്. പക്ഷേ, ആചാരം പറഞ്ഞും സമുദായം പറഞ്ഞും വിലക്കും ഭീഷണിയുമായി വന്നവരോട് തന്റെ മാതാപിതാക്കള്‍ നടത്തിയ വെല്ലുവിളിയേറ്റെടുത്തുകൊണ്ട് സുശീലയും പഠിക്കുകയാണ്.

സുശീലയെ മുന്‍പേ പരിചയമുണ്ടായിരിക്കും. അതിനു പിന്നിലും ഒര ഊരുവിലക്കിന്റെ കഥയുണ്ട്. സമുദായത്തിനു പുറത്തു നിന്നുള്ളൊരാളെ കന്നിയമ്മയുടെ മൂത്തമകള്‍ ഷൈല ചെയ്തതിന്റെ പേരിലാണ് രണ്ടാമതൊരു ഊരുവിലക്ക് ഈ കുടുംബത്തിന് നേരിടേണ്ടി വന്നത്. 2013 ല്‍.

എത്ര ബുദ്ധിമുട്ടേണ്ടി വന്നാലും മൂന്നു പെണ്‍മക്കളെയും അവര്‍ക്ക് ഇഷ്ടമുള്ളിടത്തോളം പഠിപ്പിക്കണമെന്ന് കന്നിയമ്മയും അളകര്‍ സാമിയും തീരുമാനിച്ചിരുന്നു. മൂത്തമകള്‍ ഷൈല ആയുര്‍വേദ നഴ്‌സിംഗ് ആയിരുന്നു പഠിച്ചത്. പഠനം കഴിഞ്ഞതിനു പിന്നാലെ ബിഹാറിലെ ഒരു ആശുപത്രിയില്‍ ജോലി ശരിയായി. അവിടെ സഹപ്രവര്‍ത്തകനായിരുന്ന റാം പ്രവേശുമായി ഷൈല പ്രണയത്തിലായി. ഇരുവരും വിവാഹവും കഴിച്ചു. മുതുവാന്‍ സമുദായത്തില്‍ ആണിനെയായാലും പെണ്ണിനെയായലും പുറത്തു നിന്നുള്ളൊരാളുമായി വിവാഹം കഴിക്കാന്‍ ആചാരങ്ങള്‍ അനുവദിച്ചിരുന്നില്ല. ഷൈലയുടെ വിവാഹം അതുകൊണ്ട് ആചാരലംഘനമായി. അതിനുള്ള ശിക്ഷ സമുദായത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കുകയാണ്. അളകര്‍ സാമിക്കും കന്നിയമ്മയ്ക്കും മുന്നില്‍ രണ്ടു വഴികള്‍ ഉണ്ടായിരുന്നു. ഒന്നുകില്‍ ഷൈലയെ ഊരുവിലക്കാന്‍ സമ്മതിച്ച്, മകളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുക, അതല്ലെങ്കില്‍ മകള്‍ക്കൊപ്പം മൊത്തം കുടുംബവും ഊരുവിലക്ക് നേരിടാന്‍ തയ്യാറാവുക. എന്തു വന്നാലും മകളെ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നു കന്നിയമ്മയും അളകര്‍ സാമിയും പറഞ്ഞതോടെ കുടുംബത്തിനു മൊത്തം ഊരുവിലക്കായി. പിന്നെ ആ ഊരില്‍ നില്‍ക്കാന്‍ അവര്‍ തയ്യാറായില്ല. മറയൂരിലെ ചൂരക്കുളത്ത് ഒരു വാടക വീടെടുത്ത് താമസം ആരംഭിച്ചു. ഇപ്പോഴും ഈ കുടുംബം ഇവിടെയാണ് താമസിക്കുന്നത്. കൃഷി സ്ഥലങ്ങളും മറ്റും ഊരില്‍ ഉണ്ടെങ്കിലും അങ്ങോട്ട് പോകാതെ, കൂലിപ്പണിയെടുത്താണ് അളകര്‍ സാമി കുടുംബം പോറ്റുന്നത്. തിരിച്ചു ചെല്ലാന്‍ ഇപ്പോള്‍ ക്ഷണം വരുന്നുണ്ടെങ്കിലും പോകുന്നില്ലെന്നാണ് തീരമാനം. അതിനൊരു കാരണം കൂടിയുണ്ട്. സൂശീലയുടെയും ലളിതയുടെയും പഠിപ്പും ജോലിയുമൊക്കെ നിര്‍ത്തി ഊരൂകാരായവരെ വിവാഹം കഴിച്ച് അവിടെ കഴിയണമെന്നൊരു നിബന്ധനയുണ്ട്. അതംഗീകരിക്കാന്‍ തയ്യാറല്ല കന്നിയമ്മയും അളകര്‍ സാമിയും. സമുദായത്തേക്കാളും ആചാരത്തേക്കാളും ബന്ധങ്ങളെക്കാളുമെല്ലാം അവര്‍ക്ക് വലുത് മക്കളാണ്. അവരുടെ വിദ്യഭ്യാസവും ഭാവിയുമാണ്. കടുത്ത സാമ്പത്തിക പ്രശ്‌നം അലട്ടുമ്പോഴും മക്കളുടെ വിദ്യഭ്യാസത്തിന് ഒരു തടസവും വരരുതെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയും മക്കളുടെ ഭാവിയെല്ലാം തകര്‍ത്ത് ഊരില്‍ പോയി താമസിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല.

ആലുവ യുസി കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ ലളിത ഇപ്പോള്‍ മറയൂര്‍ ട്രൈബല്‍ ഓഫിസില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയശേഷം അധ്യാപികയയായി ജോലി നോക്കിയശേഷമാണ് ബിരുദാനന്തര ബിരുദം നേടാന്‍ സുശീല തയ്യാറെടുക്കുന്നത്. സുശീലയും ലളിതയും ഒരുമിച്ചാണ് സിവില്‍ സര്‍വീസ് എഴുതിയിരിക്കുന്നത്.

എന്നെ ആദിവാസിയെന്നോ മുതുവാന്‍ സമുദായംഗമെന്നോ വിളിക്കുന്നതിനോട് യോജിപ്പില്ല, സ്വതന്ത്രയായൊരു വ്യക്തിയായി അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നതും സ്വയം കരുതുന്നതും. എന്നാല്‍ വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമെ ഞാന്‍ പറഞ്ഞ സ്വാതന്ത്ര്യം സ്വന്തമാകൂ എന്നതുകൊണ്ട്, എന്റെ സമുദായത്തിലെ പുതിയ തലമുറയെങ്കിലും വിദ്യാഭ്യാസമുള്ളവരായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ക്കു മുന്നില്‍ തടസങ്ങളും പ്രതിസന്ധികളുമുണ്ട്. അത് ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്, സ്വന്തം സമുദായത്തിനകത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളെയും ഒരുപോലെ നേരിട്ടുവേണം ഓരോ ആദിവാസിക്കും വിദ്യാഭ്യാസം നേടേണ്ടത്. അതത്ര എളുപ്പമല്ല, എന്നാലത് സംഭവിക്കുകയും വേണം; ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ സുശീല ആമുഖം പോലെ പറഞ്ഞ കാര്യമാണിത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ കൂടുതലായി ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെങ്കിലും, എന്നാലവ പൂര്‍ണമായി ഫലം ചെയ്യുന്നില്ലെന്നാണ് സുശീല ചൂണ്ടിക്കാണിക്കുന്നത്. ആദിവാസിയെ ഇങ്ങനെയൊക്കെ പഠിപ്പിച്ചാല്‍ മതിയെന്നു കരുതുന്നവരും ആദിവാസിയെ മറ്റു കുട്ടികളോടൊപ്പം പരിഗണിക്കേണ്ടെന്നു കരുതുന്നവരും ഇന്നും അധ്യാപകരുടെ കൂട്ടത്തില്‍ ഉണ്ടെന്ന കാര്യം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു. തന്റെ ഭാഷയില്‍ നിന്നും വ്യത്യസ്തമായ ഭാഷകളില്‍ പഠിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് മറികടക്കാന്‍ ആദിവാസി കുട്ടികള്‍ ഇപ്പോഴും കഴിയുന്നില്ല. അപകര്‍ഷതാബോധത്തില്‍ പെട്ട് പഠനം നിര്‍ത്തേണ്ടി വരുന്നവരുമുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പുറം സമൂഹത്തിലെ കുട്ടികള്‍ക്കുള്ളതുപോലെ തെരഞ്ഞെടുപ്പുകള്‍ക്കുള്ള അവകാശവും സാഹചര്യവും ആദിവാസി കുട്ടുകള്‍ക്ക് ഇപ്പോഴുമില്ലെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി സുശീല പറയുന്നു. ‘പ്ലസ് ടുവിന് ഹ്യുമാനിറ്റീസ് പഠിക്കാനായിരുന്നു എനിക്ക് ആഗ്രഹം. മറയൂരില്‍ ഉള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ്. മിക്കയിടത്തെ അവസ്ഥയും ഇതാണ്. ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടും. സയന്‍സിലും കൊമേഴ്‌സിലും താത്പര്യമില്ലാത്തവര്‍ അവ പഠിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിക്കുക. എനിക്ക് ഹ്യുമാനീറ്റീസ് തന്നെ പഠിക്കണമെന്നായിരുന്നു. അതുകൊണ്ട് അടിമാലിയില്‍ പോയി പഠിക്കേണ്ടി വന്നു. അവിടെ ഹോസ്‌ററലില്‍ നിന്നാണ് പഠിച്ചത്. 24 കിലോമീറ്റര്‍ പോയി വരിക ബുദ്ധിമുട്ടാണ്. ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നതിലും കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ട്. ഹയര്‍ സെക്കന്‍ഡറിയുടെ കാര്യം മാത്രമല്ല, ബിരുദ പഠനത്തിനും നേരിടുന്നത് ഇതേ പ്രശ്‌നങ്ങളാണ്. അതുകൊണ്ടാണ് പത്തു കഴിയുമ്പോള്‍, പ്ലസ് ടു കഴിയുമ്പോള്‍ ഒട്ടുമിക്ക കുട്ടികളും പഠനം നിര്‍ത്തുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പൊതുസമൂഹത്തിലെ ഒരു കുട്ടിക്ക് നിരവധി സാഹചര്യങ്ങള്‍ മുന്നിലുള്ളപ്പോഴാണ് ഒരു ആദിവാസിക്ക് ഹയര്‍ സെക്കന്‍ഡറി വരെ പോകാന്‍ പോലും കഴിയാതെ പോകുന്നത്. പഠിക്കാന്‍ ഇടമില്ലെന്നതും പഠിക്കാന്‍ ആഗ്രഹിക്കുന്ന വിഷയങ്ങള്‍ തെരഞ്ഞടുക്കാന്‍ അവസരം ഇല്ലെന്നതും ആദിവാസി മാത്രം നേരിടുന്ന വെല്ലുവിളികളാണ്’.

ഈ പ്രതിസന്ധികള്‍ തരണം ചെയതു മുന്നോട്ടു പോകാമെന്നു കരുതുന്നിടത്താണ് സ്വസമുദായത്തിന്റെ പിടിവാശികള്‍ പിന്നോട്ടു വലിക്കുന്നതെന്ന ഗൗരവമേറിയൊരു പ്രശ്‌നവും സുശീല വ്യക്തമാക്കി തരുന്നുണ്ട്. ‘ആചാരത്തിന്റെ വെല്ലുവിളികള്‍ അതിജീവിക്കണമെങ്കില്‍ അതിന് സ്വയം തയ്യാറാകണം. എനിക്കും എന്റെ സഹോദരങ്ങള്‍ക്കും അതിനു കഴിഞ്ഞതിന്റെ പ്രധാന കാരണം ഞങ്ങളുടെ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയാണ്. എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികള്‍ക്കൊപ്പം നിന്നാല്‍ കാര്യങ്ങള്‍ മാറും. അത് സംഭവിക്കുന്നില്ലെന്നതാണ് പ്രശ്‌നം. സിവില്‍ സര്‍വീസ് പ്രവേശന പരീക്ഷയെഴുതാന്‍ തിരുവനന്തപുരത്ത് പോകാനും വയനാട്ടില്‍ പിജി എന്‍ട്രന്‍സ് എഴുതാന്‍ വരാനുമൊക്കെ പൈസ കടം വാങ്ങേണ്ടി വന്നു. അച്ഛന്റെയും അമ്മയുടെയും കൈയില്‍ കാശില്ല. പക്ഷേ, ഞങ്ങളെ പഠിപ്പിക്കണമെന്നാണവരുടെ ആഗ്രഹമാണ്, ഞങ്ങളുടെയും. മധ്യപ്രദേശില്‍ പോയി എന്തിനാണ് പഠിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്റെ ആവശ്യമാണത്. മഹാരാജാസില്‍ പഠിക്കണമെന്നത് ഇതുപോലൊരു ആഗ്രഹവും ആവശ്യവുമായിരുന്നു. ലോകം കാണണം, എന്റെ ഭാഷാ സ്വാധീനം കൂട്ടണം, പുതിയ പുതിയ ആളുകളുമായും സാഹചര്യങ്ങളുമായി ഇടപഴകണം. അതുവഴി എനിക്ക് എന്റെതായൊരു വ്യക്തിത്വവും സ്വാതന്ത്ര്യവും നേടിയെടുക്കണം. ഇതിനൊക്കെ എനിക്ക് കഴിയുന്നത് വീട്ടുകാരുടെ പിന്തുണ കൊണ്ടുകൂടിയാണ്. എല്ലാ കുട്ടികള്‍ക്കും ഇങ്ങനെ പിന്തുണ കിട്ടിയാല്‍ അവരും സ്വതന്ത്രരാകും’.

വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവ് കൊണ്ട് മാത്രമെ പല ദുരാചാരങ്ങളെയും എതിര്‍ക്കാന്‍ കഴിയൂ എന്നാണ് സുശീലയുടെ നിലപാട്. കേരളത്തില്‍ അങ്ങനെയല്ലേ മാറ്റം ഉണ്ടായതെന്നാണ് ഈ പെണ്‍കുട്ടി ചോദിക്കുന്നത്. പൊതുസംവിധാനങ്ങളുടെ ഇടപെടലിനെക്കാള്‍ സ്വയം മാറാന്‍ തയ്യാറെടുക്കുമ്പോഴാണ് അതിന്റെ യഥാര്‍ത്ഥ ഫലം കിട്ടുന്നതെന്ന തിരിച്ചറിവു കൂടി സുശീല മുന്നോട്ടു വയ്ക്കുന്നുണ്ട്. പഠിക്കാന്‍ പോകാന്‍ താത്പര്യമില്ലാത്ത കുട്ടികള്‍ ഇപ്പോഴുമിവിടെയുണ്ട്. അവരിലൊക്കെ മാറ്റം വരണം, പഠിക്കാതെ പാരമ്പര്യത്തില്‍ തന്നെ നിലനില്‍ക്കുന്നവരാണ് ഇപ്പോഴുള്ള പല ആചാരങ്ങളും തുടരാനും കാരണം. വാലായ്മ പുരകള്‍ ഇപ്പോള്‍ ഞങ്ങളുടെ ഊരുകളിലുണ്ട്. ആര്‍ത്തവം ആയാല്‍ ഒറ്റപ്പെട്ടതും സുരക്ഷിതത്വമല്ലാത്ത ഈ പുരകളില്‍ കഴിയേണ്ടി വരികയാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ക്ക് അതിലൊട്ടും താത്പര്യമില്ല. പക്ഷേ, അവര്‍ നിസ്സഹായരാണ്. വാലായ്മപുരയില്‍ കഴിയുമ്പോള്‍ ആണുങ്ങളെ കാണാന്‍ പാടില്ലെന്നാണ്. കഴിഞ്ഞ മാസം തീര്‍ത്ഥമലക്കുടിയില്‍ അയ്യാ സാമിയെന്നൊരാള്‍ മരിച്ചു. കൊലപാതകമായിരുന്നു. അയ്യാ സാമിയുടെ മകളെ മാങ്കുളത്ത് സേവിലക്കുടിയിലാണ് വിവാഹം കഴിച്ചയച്ചിരിക്കുന്നത്. അച്ഛന്‍ മരിക്കുന്ന സമയത്ത് മകള്‍ക്ക് ആര്‍ത്തവമായിരുന്നു. വാലായ്മപുരയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്നും വന്ന് അച്ഛന്റെ മൃതദേഹം കാണാന്‍ അനുവാദമില്ല. പുരുഷന്മാരെ കാണരുതെന്നാണല്ലോ, അതിപ്പോള്‍ ശവം ആയാല്‍ പോലും. ഒടുവില്‍ ഞാനും ചേച്ചിയും ആ പെണ്‍കുട്ടിയുടെ അമ്മായിഅമ്മയെ വിളിച്ചു. അവര്‍ പഞ്ചായത്ത് മെംബര്‍ കൂടിയാണ്. എന്നിട്ടും സമ്മതിക്കുന്നില്ല. ആചാരം തെറ്റുമെന്നാണ് പറഞ്ഞത്. കുട്ടിയെ വിട്ടേ പറ്റൂവെന്ന് ഞങ്ങള്‍ നിര്‍ബന്ധം പിടിച്ചതോടെ ഒടുവില്‍ സമ്മതിച്ചു. അതുകൊണ്ട് ആ പെണ്‍കുട്ടിക്ക് അവസാനമായി അച്ഛന്റെ മൃതദേഹം കാണാന്‍ കഴിഞ്ഞു. വാലായ്മപുരയില്‍ ആയിരിക്കുന്ന സ്ത്രീ പുരുഷനെ കണ്ടാല്‍ സാമി കോപിക്കും, കൃഷി നശിക്കും, മലദൈവം കോപിച്ച് ഊരില്‍ വെള്ളപ്പൊക്കം വരും, കാട്ടില്‍ പോയ പുരുഷന്‍ തിരിച്ചു വരില്ല, തേന്‍ എടുക്കാന്‍ കയറിയവന്‍ മരത്തില്‍ നിന്നുവീഴും എന്നൊക്കെ പറഞ്ഞ് പേടിപ്പിച്ച് വച്ചിരിക്കുകയാണ്. വാലായ്മപുരയില്‍ പോകാന്‍ ഇഷ്ടമില്ലാതെയാണ് മാലാഡി ഗുളികകളുടെ അമിത ഉപയോഗം ഊരുകളില്‍ കൂടിയത്. ഗര്‍ഭ നിരോധന ഗുളിക ഊരിലെ പെണ്‍കുട്ടികള്‍ ആര്‍ത്തവം വരാതിരിക്കാന്‍ വേണ്ടി പന്ത്രണ്ടും പതിമൂന്നും വയസില്‍ തന്നെ കഴിക്കാന്‍ തുടങ്ങി. ഇത് പിന്നീടവരുടെ ഗര്‍ഭധാരണത്തെ ബാധിച്ചു. കുട്ടികളില്ലാത്ത പല പെണ്‍കുട്ടികളും ഉണ്ട്. ഒടുവില്‍ മഹിള സമാക്യയുടെ ശക്തമായ ഇടപെടലാണ് മാലഡി ഉപയോഗത്തില്‍ ഗണ്യമായ കറവ് വരുത്തിയത്. ഊരില്‍ എത്തിയാല്‍ ചുരിദാറോ മറ്റ് വസ്ത്രങ്ങളോ ധരിക്കാന്‍ പോലും അനുമതിയില്ല, ഊരിന്റെ വസ്ത്രം ധരിക്കണം. ഒരിക്കല്‍ മനുഷ്യാവകാശ കമ്മിഷന്‍ വന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞതാണ്. ഞങ്ങളോടുള്ള ഊരിന്റെ എതിര്‍പ്പ് കൂട്ടിയെന്നല്ലാതെ സര്‍ക്കാരിന്റെ യാതൊരു ഇടപെടലും അക്കാര്യത്തില്‍ ഉണ്ടായില്ല.

മറ്റൊരു പ്രധാനപ്പെട്ട പ്രശ്‌നം കൂടി സുശീല പറയുന്നുണ്ട്. പഠിക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളുണ്ട്. പക്ഷേ, അവരുടെ മുന്നില്‍ പലവിധത്തില്‍ വഴികള്‍ അടയുന്നു. ഒന്നാമതായി സ്‌കൂള്‍ കോളേജുകളുടെ അഭാവം. ദൂരെ മാറി നിന്നു പഠിക്കാന്‍ പലപ്പോഴും കഴിയുന്നില്ല. വലിയ സമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകും. ഇതെല്ലാം മറി കടന്നാല്‍ തന്നെ ഇപ്പോഴും പറയുന്നത് പ്രായം തികഞ്ഞാല്‍ ഉടനെ പെണ്ണിനെ കെട്ടിക്കണമെന്നാണ്. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും എഞ്ചിനീയറിംഗിനുമൊക്കെ പഠിക്കുന്ന കുട്ടികളുണ്ട്. പക്ഷേ, അവര്‍ക്കെല്ലാം കൂടുതല്‍ പഠിക്കാനോ പഠിച്ചതിനനുസരിച്ച് ജോലിക്ക് പോകാനോ കഴിയുന്നില്ല. ബിടെക്കിന് പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു വിടുകയാണ്. വരനാകുന്നത് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളവനും. ഇതാണ് മിക്ക പെണ്‍കുട്ടികളുടെയും അവസ്ഥ. പുറത്തു നിന്നുള്ളവരെ വിവാഹം ചെയ്താല്‍ ഊരുവിലക്കായിരിക്കും. അതുകൊണ്ട് സ്‌കൂളില്‍ പോകാത്തവനെയും നാലാം ക്ലാസ് വരെ മാത്രം പഠിച്ചവനെയും വിവാഹം ചെയ്ത് കുട്ടികളെയും പ്രസവിച്ച് ജീവിതം തീര്‍ക്കേണ്ടി വരും. ഈ അവസ്ഥകളൊക്കെയാണ് മാറേണ്ടത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാര്‍ സൗകര്യങ്ങള്‍ പോലെ ആണ്‍കുട്ടികളെയും പഠിക്കാന്‍ പ്രേരിപ്പിക്കാന്‍ സാഹചര്യങ്ങള്‍ ഉണ്ടാകണം. അല്ലെങ്കില്‍ അത് പെണ്‍കുട്ടികളെയാണ് മോശമായി ബാധിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഞാന്‍ ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. പുറത്തു നിന്നുള്ള ഇടപെടല്‍ ഇതില്‍ ആവശ്യമാണ്. അതിലുപരി ഇവര്‍ക്കിടയില്‍ ഇറങ്ങി ബോധവത്കരണം നടത്തുകയാണ് കൂടുതല്‍ പ്രയോജനം ചെയ്യുക. ഇനി വരുന്ന തലമുറയിലെയെങ്കിലും ഓരോ ആദിവാസിയും സ്വതന്ത്രനായി മാറണം. അങ്ങനെയായെങ്കില്‍ മാത്രമെ ആദിവാസി ഉന്നമനത്തിന് സാധ്യതയുള്ളൂ.

ലളിതാംബികയും സുശീലയും സിവില്‍ സര്‍വീസ് നേടാന്‍ ആഗ്രഹിക്കുന്നതും സുശീല കേരളത്തിനു പുറത്തു പോയി ഉന്നത വിദ്യാഭ്യാസം നേടാന്‍ തയ്യാറെടുക്കുന്നതുമെല്ലാം അവരുടെ മുന്‍ അനുഭവങ്ങളും നിലവിലെ സാഹചര്യങ്ങളും അടിസ്ഥാനപ്പെടുത്തി ആലോചിക്കുമ്പോഴാണ്, അതിലൊരു പോരാട്ടം കാണാനാവുന്നത്. കേരളത്തിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ പൊതുസമൂഹത്തെ ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കാനും ആദിവാസി സമൂഹത്തിനിടയില്‍ സ്വയമുണ്ടാകേണ്ട മാറ്റത്തെക്കുറിച്ച് പറയാനും സുശീലയുടെയും ലളിതയുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതം വീണ്ടും വീണ്ടും വായിക്കേണ്ടതാണ്.

ആദിവാസിമേഖലയിലെ വിദ്യാഭ്യാസ പ്രശ്‌നം സുശീല പറഞ്ഞതിനെക്കാള്‍ ഗുരുതരമായതാണ്. തങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ടാകേണ്ട മാറ്റങ്ങളേക്കുറിച്ചാണ് തന്റെ കുടുംബത്തിന്റെ അനുഭവങ്ങളെ മുന്‍നിര്‍ത്തി സുശീല സംസാരിച്ചതെങ്കില്‍, പൊതുവിദ്യാഭ്യാസത്തിന്റെ മികവില്‍ അഭിമാനം കൊള്ളുന്ന നമ്മുടെ ഭരണകൂടം ആദിവാസിയുടെ വിദ്യാഭ്യാസകാര്യത്തില്‍ പുലര്‍ത്തുന്ന അവഗണനയുടെ വലിയ ഉദാഹരണങ്ങള്‍ വേറെയുണ്ട്. അതിനെക്കുറിച്ച് എഴുതേണ്ടതുണ്ട്.

(തുടരും)

Read More: ഒരു ജനത നേരിട്ട സോഷ്യല്‍ ബോയ്ക്കോട്ടിംഗിന്റെ പിന്നാലെ ഞങ്ങള്‍ പോയി, റിയാലിറ്റി ഞെട്ടിക്കുന്നതായിരുന്നു: വൈറസിനെ കുറിച്ച് ആഷിക് അബു/അഭിമുഖം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍