UPDATES

ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ

പ്രതികൂല സാഹചര്യങ്ങളോട് പോരടിച്ചും, ചില മനുഷ്യ സ്‌നേഹികളുടെ സഹായവുമാണ് ദിവ്യയെ ഉയരങ്ങളിലെത്തിച്ചത്.

‘ഇവനെയൊക്കെ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്കിടയില്‍ എങ്ങനെയിരുത്തും? ചെറുപ്പക്കാരായ ടീച്ചര്‍മാര്‍ എന്തു വിശ്വാസത്തില്‍ ക്ലാസില്‍ വരും? ആദിവാസി ഊരില്‍ നിന്നും വരുന്ന പിള്ളേര്‍ക്ക് പല രോഗങ്ങളും വരും, ഇവരെ മറ്റു കുട്ടികള്‍ക്കൊപ്പം ഇരുത്തി അവര്‍ക്ക് രോഗം പകര്‍ന്നാല്‍ ആര് സമാധാനം പറയും? ലഹരി വസ്തുകള്‍ ഉപയോഗിക്കുന്ന ഇവര്‍ സ്‌കൂളില്‍ കുഴപ്പം ഉണ്ടാക്കിയാല്‍ ആര് ഉത്തരവാദിത്വം പറയും?

പാതിവഴിയില്‍ പഠനം നിര്‍ത്തിപ്പോയ നിലമ്പൂര്‍ കുറമ്പലങ്ങോട് കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുട്ടികളെയും കൊണ്ട് ചുങ്കത്തറ എംപിഎം സ്‌കൂളില്‍ എത്തിയ മഹിള സമാഖ്യ പ്രവര്‍ത്തകരോട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചോദിച്ച ചോദ്യങ്ങളാണ്. ആദിവാസികള്‍ എന്തിനാണ് പഠിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്കുത്തരമാണ് ദിവ്യയുടെ ജീവിതവും വിജയവും. നീറ്റ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ മികച്ച റാങ്ക് നേടി എംബിബിഎസ് പഠനത്തിന് തയ്യാറെടുക്കുകയാണ് പണിയ വിഭാഗത്തില്‍പ്പെട്ട ഈ ആദിവാസി പെണ്‍ക്കുട്ടി.

720 ല്‍ 454 ല്‍ മാര്‍ക്ക് സ്വന്തമാക്കിയ ദിവ്യ ഫിസിക്സിന് 91 ശതമാനവും, കെമസ്ട്രിക്ക് 95 ശതമാനവും ബയോളജിക്ക് 92 ശതമാനവും നേടി, മൊത്തം 94 ശതമാനം മാര്‍ക്ക് ഓടെയാണ് അഖിലേന്ത്യ തലത്തില്‍ എസ് ടി കാറ്റഗറിയില്‍ 778 ആം റാങ്ക് സ്വന്തമാക്കിയത്. കേരളത്തിന്റെ ലിസ്റ്റ് വരുമ്പോള്‍ കാറ്റഗറി അടിസ്ഥാനത്തില്‍ ദിവ്യയുടെ റാങ്ക് നൂറില്‍ താഴെ വരും. അങ്ങനെയെങ്കില്‍ കോഴിക്കോടോ തൃശൂരോ തിരുവനന്തപുരത്തോ മെഡിക്കല്‍ കോളേജില്‍ ദിവ്യക്ക് എംബിബിഎസിന് പ്രവേശനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ദി്‌വ്യയും അവളുടെ പ്രിയപ്പെട്ടവരും.

ദിവ്യയുടെ ജീവിത വഴികളെ കുറിച്ച് അറിയുമ്പോഴാണ് ഈ വിജയത്തിന്റെ മാറ്റ് കൂടുന്നത്. കുറമ്പലങ്ങോട് പ്രദേശത്തെ ആദിവാസി കുട്ടികള്‍ പഠിക്കാന്‍ താത്പര്യമില്ലാത്തവരും ലഹരി ഉപയോഗിക്കുന്നവരുമാണെന്നുമൊക്കെ സ്‌കൂള്‍ അധികൃതര്‍ പോലും പറഞ്ഞിട്ടുള്ളതിന്റെ തെളിവായിരുന്നു ചുങ്കത്തറ എംപിഎം സകൂളില്‍ നടന്ന സംഭവം. അന്ന് പ്രവേശനം നല്‍കാതെ ഇറക്കിവിട്ട വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ ദിവ്യയുടെ അനിയനും ഉണ്ടായിരുന്നു.

കുറമ്പലങ്ങോട് കണയന്‍ കൈ പട്ടിക വര്‍ഗ കോളനിയിലാണ് ദിവ്യയുടെ വീട്. അമ്മയും നാല് സഹോദരങ്ങളുമാണ് ദിവ്യക്കുള്ളത്. ഒരു വര്‍ഷം മുമ്പ് അച്ഛന്‍ ഉണ്ണികൃഷ്ണന്‍ മരിച്ചു. അമ്മ ലീല കൂലിപ്പണിയെടുത്താണ് നാലു മക്കളുടെയും ജീവിത ചെലവുകള്‍ നോക്കുന്നത്. ദിവ്യയുടെ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ ചേച്ചി മലപ്പുറം ഗവ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി, അനിയന്‍ പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐക്കു പഠിക്കുന്നു, ഏറ്റവും ഇളയ അനിയത്തി എട്ടാം ക്ലാസിലും. പട്ടിക വര്‍ഗ്ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നയാളായിരുന്നു ദിവ്യയുടെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍. മക്കളെ എത്ര കഷ്ടപ്പെട്ടായാലും പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച ഒരച്ഛന്‍. കുറമ്പലങ്ങോട് പൊതുശ്മശാനം ഇല്ലാതിരുന്ന കാലത്ത് ഊരില്‍ മരിച്ചൊരാളുടെ മൃതദേഹവും ചുമന്ന് മലപ്പുറം കളക്ടറേറ്റില്‍ പോയി സമരം ചെയ്തിട്ടുണ്ട് ഉണ്ണികൃഷ്ണന്‍. ബസ് സര്‍വീസ് ആരംഭിക്കുന്നതിനുള്‍പ്പെടെ ആദിവാസി-ദളിത് ജനവിഭാഗത്തിന്റെ പല ആവശ്യങ്ങള്‍ക്കും മുന്നില്‍ നിന്നു പൊരുതിയ ഒരാള്‍. ആ അച്ഛന്റെ ആഗ്രഹം പോലെയാണ് ദിവ്യ ഇപ്പോള്‍ ഉന്നതമായ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അത് കാണാന്‍ അച്ഛന്‍ ഇല്ലെന്നു മാത്രം.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നവോദയ പ്രവേശന പരീക്ഷ എഴുതി ജയിച്ചതോടെയാണ് ദിവ്യയുടെ ജീവിതം വഴി മാറുന്നത്. മലപ്പുറം ഊരകം നവോദയ സ്‌കൂളില്‍ പ്രവേശനം കിട്ടിയ ദിവ്യ പത്തം ക്ലാസും പന്ത്രണ്ടാം ക്ലാസും വിജയിച്ചത് തൊണ്ണൂറ് ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയാണ്. ഇതോടെയാണ് തനിക്ക് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ തഴിയുമെന്ന വിശ്വാസവും ദിവ്യക്ക് ഉണ്ടാകുന്നത്. അതിനു പ്രോത്സാഹനം നല്‍കാന്‍ മഹിള സമാഖ്യയ്ക്കും കഴിഞ്ഞു.

പ്ലസ് ടു കഴിഞ്ഞ് മഹിളാ സമാഖ്യ പ്രവര്‍ത്തകരെ കാണാന്‍ ദിവ്യ എത്തിയത് രണ്ട് ആവശ്യങ്ങളുമായിട്ടായിരുന്നു്. താന്‍ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ ഒരു പുസ്തകവും പഠിക്കാനുള്ള സാഹചര്യവും ഒരുക്കി തരണമെന്നതുമായിരുന്നു ആവശ്യങ്ങള്‍. പുസ്തകം വാങ്ങി നല്‍കുകയും കുട്ടികള്‍ക്കായുള്ള ഹോസ്റ്റലില്‍ നിന്നു ദിവ്യക്ക് പഠിക്കാനുള്ള സാഹചര്യവും ഒരുക്കി കൊടുത്താണ് മഹിള സമാഖ്യ പ്രവര്‍ത്തകര്‍ ദിവ്യയെ ചേര്‍ത്തു പിടിച്ചത്. നീറ്റ് പരീക്ഷ ഫലം വന്നപ്പോള്‍ അഖിലേന്ത്യ തലത്തില്‍ ദിവ്യക്ക് പതിനാലായിരത്തിനടുത്ത് റാങ്ക് കിട്ടി. ഈ റാങ്ക് വച്ച് എവിടെയെങ്കിലും പ്രവേശനം കിട്ടുമോ എന്നറിയാനാണ് കോട്ടയ്ക്കല്‍ യൂണിവേഴ്സല്‍ എന്ന എന്‍ട്രസ് കോച്ചിംഗ് കേന്ദ്രത്തിലെ അസര്‍ എന്ന അധ്യാപകനെ റജീന ബന്ധപ്പെടുന്നത്. എസ് ടി കാറ്റഗറിയില്‍പ്പെട്ട കുട്ടിയായതുകൊണ്ട് കേരളത്തില്‍ കിട്ടില്ലെങ്കിലും പുറത്ത് എവിടെയെങ്കിലും ബിഡിഎസിന് പ്രവേശനം കിട്ടുമെന്ന് അസര്‍ പറഞ്ഞു. എന്നാല്‍ മറ്റൊരു സാധ്യത കൂടി അസര്‍ റജീനയോട് തിരക്കി. മറ്റൊരു കോച്ചിംഗിന് പോകാതെ തന്നെ ഇത്രയും മാര്‍ക്ക് നീറ്റില്‍ നേടാന്‍ കഴിഞ്ഞെങ്കില്‍ ദിവ്യക്ക് തീര്‍ച്ചയായും ഒരു വര്‍ഷത്തെയെങ്കിലും കോച്ചിംഗ് കൊണ്ട് എംബിബിഎസ്സിന് തന്നെ പ്രവേശനം നേടാന്‍ സാധിക്കും. ദിവ്യക്ക് താത്പര്യമുണ്ടെങ്കില്‍ എല്ലാ ചെലവുകളും വഹിച്ച് തങ്ങള്‍ പഠിപ്പിച്ചുകൊള്ളാമെന്ന് അസര്‍ പറഞ്ഞപ്പോള്‍, റജീനയ്ക്കും അതാണ് നല്ലതെന്നു തോന്നി. ദിവ്യയോട് കാര്യം പറഞ്ഞു. പിറ്റേ ദിവസം ദിവ്യയേടും കൂട്ടി റജീന കോച്ചിംഗ് കേന്ദ്രത്തില്‍ എത്തി. ദിവ്യക്ക് ആദ്യം അവര്‍ ഒരു കൗണ്‍സിലിംഗ് ആണ് നല്‍കിയത്. ഇപ്പോള്‍ കിട്ടിയ റാങ്ക് കൊണ്ട് കേരളത്തിനു പുറത്താണെങ്കിലും ബിഡിഎസിന് പ്രവേശനം കിട്ടും. പലരും അതിനായി ഓടി നടക്കുന്നുമുണ്ട്. അത് വേണ്ടെന്നു വയ്ക്കുമ്പോള്‍ നാളെ തീരുമാനം തെറ്റിപോയ് എന്ന് കരുതരതെന്നും അവര്‍ ദിവ്യയെ ബോധ്യപ്പെടുത്തി. . നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ചാല്‍ മാത്രമെ വിജയം നേടാന്‍ കഴിയൂയെന്ന് ആ അധ്യപാകരുടെ വാക്കുകള്‍ ദിവ്യ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കി.

ഒരു വര്‍ഷത്തെ കോച്ചിംഗിന് രണ്ട് ലക്ഷത്തോളം രൂപ ഫീസ് വരുന്നിടത്ത് ഒരു രൂപപോലും വാങ്ങാതെയാണ് കോട്ടയ്ക്കല്‍ യൂണിവേഴ്സല്‍ കോച്ചിംഗ് സെന്റര്‍ അധികൃതര്‍ ദിവ്യയെ പഠിപ്പിച്ചത്. ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന ഹോസ്റ്റലില്‍ ദിവ്യക്കും പ്രവേശനം കൊടുത്തു.

ഇതിനിടയിലായിരുന്നു അച്ഛന്റെ മരണം. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ പഠനം തുടരാതിരിക്കുന്നതാണ് പതിവ്. എന്നാല്‍ ദിവ്യ അങ്ങനെയായിരുന്നില്ലെന്നു അധ്യാപകനായ അസര്‍ പറയുന്നു. ഏകദേശം അഞ്ചു ദിവസമേ വീട്ടില്‍ നിന്നുള്ളൂ, അതു കഴിഞ്ഞു മടങ്ങി വന്നു. പഠനം തുടര്‍ന്നു.

വലിയ ഉയരങ്ങളിലേക്ക് ദിവ്യ യാത്ര തുടങ്ങുമ്പോഴും ഇല്ലായ്മകളുടെ നടുവില്‍ തന്നെയാണ് ഈ പെണ്‍കുട്ടി ഇപ്പോഴും എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്. സ്വന്തമായി ഒരു വീട് ഇല്ല. അമ്മ ലീലയും നാലു മക്കളും ഇപ്പോള്‍ താമസിക്കുന്നത് ബന്ധുവിന്റെ വീട്ടില്‍. ദിവ്യയുടെ വല്യച്ചന്റെ വീട്. അദ്ദേഹവും മരിച്ചു പോയി. കുറച്ച് ഭൂമി നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഉണ്ണികൃഷ്ണന് ഒരു അപകടം സംഭവിച്ചപ്പോള്‍ചികിത്സയ്ക്ക് വേണ്ടി അത് വില്‍ക്കേണ്ടി വന്നു. ഇപ്പോള്‍ താമസിക്കുന്ന വല്യച്ഛന്റെ വീടും ജീര്‍ണാവസ്ഥയില്‍ ഉള്ളതാണ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഈ വീട്ടില്‍ നിന്നാണ് ദിവ്യ ഇത്രവലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പഠിച്ച് ഡോക്ടര്‍ ആയി കഴിയുമ്പോള്‍ വീട്ടിലെ അവസ്ഥകള്‍ക്ക് മാറ്റം വരുമെന്നാണ് ദിവ്യയുടെ പ്രതീക്ഷ. അതുമാത്രമല്ല, ഈ ആദിവാസി പെണ്‍കുട്ടിയുടെ ലക്ഷ്യങ്ങള്‍; ‘പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് വഴിയില്ലാതെ പോകുന്ന നിരവധി കുട്ടികളുണ്ട് അവരെ സ ഹായിക്കണം… ‘ ദിവ്യ തന്റെ ആഗ്രഹങ്ങള്‍ മറച്ചുവെയ്ക്കുന്നില്ല.

Read More: ഇംഗ്ലീഷ് സാഹിത്യം മോഹിച്ചു, എത്തിയത് ഡാറ്റ സയന്‍സില്‍; ഹാര്‍വാഡില്‍ നിന്നും മൈക്രോസോഫ്റ്റിലേക്ക് കുതിക്കുന്ന തിരുവനന്തപുരത്തുകാരന്‍ അഭിജിത്ത് പറയുന്നു; “എന്നെ ശമ്പളം കൊണ്ട് അളക്കരുത്”

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍