UPDATES

മോദി രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കുള്ള ദൃഷ്ടാന്തമാണ് തുര്‍ക്കി

ഇസ്ലാമിസ്റ്റാണ് എര്‍ദോഗന്‍, മോദി ഹിന്ദുത്വക്കാരനെന്ന പോലെ. ഇവിടെ ഇസ്ലാമിനെ ആഭ്യന്തര ശത്രുവായി ചിത്രീകരിച്ച് വെച്ചിരിക്കുന്നു, അവിടെ കുര്‍ദ്ദുകളാണ് ന്യൂനപക്ഷങ്ങള്‍

ഇവിടെ അടിയന്തരാവസ്ഥ വാര്‍ഷികം, അവിടെ എര്‍ദോഗന്റെ രണ്ടാം വരവ്. തുര്‍ക്കി തെരഞ്ഞെടുപ്പ് വാര്‍ത്തയും അടിയന്തരാവസ്ഥാ വിശകലനങ്ങളും ഒന്നിച്ച് വായിക്കുമ്പോള്‍ മോദികാലത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.

ലോകത്ത് ഇനി യുദ്ധങ്ങള്‍ നടക്കില്ല എന്ന് കാരണങ്ങള്‍ വിശദീകരിച്ച് പറയുന്നുണ്ട്, രണ്ടാം പുസ്തകമായ ഹോമോ ദിയൂസില്‍ യുവാല്‍ നോഅ ഹരാരി. ആയുധങ്ങളുപയോഗിച്ചുള്ള യുദ്ധങ്ങളിലൂടെ ഭൂഭാഗങ്ങള്‍ പിടിച്ചടക്കുക എന്നത് ഇനിയത്തെ കാലത്ത് അനാവശ്യമായ കാര്യമാണ്. വെറുതെ മനുഷ്യരെ കൊന്ന്, അപരന്റെ മണ്ണ് പിടിച്ചെടുത്തുള്ള അധിനിവേശത്തിലൂടെ വന്‍ശക്തികള്‍ക്ക് ഒന്നും നേടാനില്ല. മണ്ണും, പ്രകൃതിവിഭവങ്ങളും പിടിച്ചെടുക്കേണ്ടി വരുന്ന കാലം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. സൈക്കോളജിക്കല്‍ ആയ അധിനിവേശത്തിനേ ഇനിയുള്ള കാലത്ത് പ്രസക്തിയും ഫലവും ഉള്ളൂ. സൗഹൃദത്തോടെയും സമ്മതത്തോടെയും ഉള്ള, സഹകരണം എന്ന തോന്നല്‍ പുറത്തുണ്ടാക്കുന്ന മാനസികാധിനിവേശങ്ങളാകും, സൈക്കോളജിക്കല്‍ യുദ്ധങ്ങളാകും ഭാവിയുടേത് എന്ന്. അദ്ദേഹമത് വിശദീകരിക്കുമ്പോള്‍ ശരിയാണല്ലോ എന്ന് തന്നെ നമുക്ക് തോന്നും. ഇപ്പോള്‍ പൊട്ടിക്കും എന്ന തോന്നലുണ്ടാക്കി ട്രംപും കിമ്മും ചിരിച്ച് കൊണ്ട് കരാറൊപ്പിടുന്ന കാഴ്ച ഓര്‍ക്കുക. ഹരാരി ശരിയെന്ന് കൂടുതലായി മനസ്സിലാക്കാനാകും.

യുദ്ധങ്ങള്‍ പഴയ മട്ടില്‍ ഇനി നടക്കില്ല. അടിയന്തരാവസ്ഥകളും. പരിചയമുള്ള അടിയന്തരാവസ്ഥ ഇനിയും ആവര്‍ത്തിക്കും എന്ന് വിചാരിക്കുന്നത് മൗഢ്യമാകും. ഭാവിയുടെ അടിയന്തരാവസ്ഥ എന്താകും എന്നറിയണോ. തുര്‍ക്കിയിലേക്ക് നോക്കിക്കോളൂ. സഹകരണയുദ്ധം എന്ന പോലത്തെ ജനാധിപത്യ അടിയന്തരാവസ്ഥയാണ് തുര്‍ക്കിയില്‍ നമ്മളീ കാണുന്നത്. മോദിജിയും പരിവാര രാഷ്ട്രീയസംഘവും ഉദാഹരണമാക്കാന്‍ ശ്രമിക്കുന്ന സംഗതിയാണ് അത്. പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ക്ക് തെറ്റെന്ന് വിവരിച്ച് ജനങ്ങള്‍ക്ക് മുന്നിലേക്ക് സമരവുമായി ഇറങ്ങാന്‍ മാത്രം തുറന്ന ഒന്നായല്ല ഇക്കാലത്ത് അടിയന്തരാവസ്ഥയും, ഏകാധിപത്യവും വരിക. അതിനുദാഹരണമാണ് തുര്‍ക്കിയും നാളത്തെ ഇന്ത്യയും.

ഇസ്ലാമിസ്റ്റാണ് എര്‍ദോഗന്‍, മോദി ഹിന്ദുത്വക്കാരനെന്ന പോലെ. ഇവിടെ ഇസ്ലാമിനെ ആഭ്യന്തര ശത്രുവായി ചിത്രീകരിച്ച് വെച്ചിരിക്കുന്നു, അവിടെ കുര്‍ദ്ദുകളാണ് ന്യൂനപക്ഷങ്ങള്‍. തുര്‍ക്കി ലോകത്തെ തന്നെ ഏറ്റവും മതേതരമായ രാഷ്ട്രമായിരുന്നു, ഇന്നിപ്പോഴതിനെ തീവ്ര ഇസ്ലാമിന് ആധിപത്യമുള്ള ഇടമാക്കിയിരിക്കുന്നു എര്‍ദോഗന്‍. ഇന്ത്യയില്‍ എന്ന പോലെ സെക്കുലറിസം ചീത്തയാണ് എന്ന് ആവര്‍ത്തിച്ച് പ്രചരിപ്പിച്ച്, കുര്‍ദ്ദുകള്‍ രാഷ്ട്രശത്രുക്കളാണ് എന്ന് പല മട്ടില്‍ ജനങ്ങളിലടിച്ചേല്‍പ്പിച്ച്, തീവ്രവാദ ആക്രമങ്ങള്‍ക്ക് വളമിട്ടും, നടത്തിയും, ഭയം ഉണ്ടാക്കിയും ജനങ്ങളില്‍ നിന്ന് തങ്ങള്‍ക്കനുകൂലമായ വോട്ട് വാങ്ങുന്ന പരിപാടിയാണ് എര്‍ദോഗനും ചെയ്ത് കൊണ്ടിരിക്കുന്നത്. മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പാര്‍ലമെന്റില്‍ സ്പീക്കര്‍ ഇസ്മായില്‍ കഹ്റാമാന്‍ പരസ്യമായി ആവശ്യമുയര്‍ത്തിയതാണ്. ഇത്തരം ഘട്ടങ്ങളില്‍ പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനുണ്ടാകില്ല. 2001 തൊട്ട് 2013 വരെ പ്രധാനമന്ത്രിയായിരുന്നു എര്‍ദോഗന്‍. 2014ല്‍ രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറ്റി ആദ്യ പ്രസിഡന്റും ആയി. (49നെതിരെ 51 ആയിരുന്നു ഹിതപരിശോധനാ ഫലം. എന്ന് വെച്ചാല്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് മാറരുത് എന്ന് പകുതിക്ക് ഒരു ശതമാനം മാത്രം കുറവ് ആളുകളാണ് വോട്ട് ചെയ്തത് എന്ന്. പ്രസിഡഡന്‍ഷ്യല്‍ രീതിയോട് എതിര്‍പ്പുള്ള 49 ശതമാനം പേരുള്ള രാജ്യത്തെയാണ് അദ്ദേഹം ഇപ്പോള്‍ അടക്കി ഭരിക്കുന്നത് എന്ന്). ഇപ്പോള്‍ രണ്ടാം തവണയാണ് ആ പദവിയിലേക്ക് തന്നെ വിജയിക്കുന്നത്. ഇരുപത് വര്‍ഷത്തോളമായി രാജ്യത്തിന്റെ അധികാരപദവിയില്‍ മര്‍ക്കടമുഷ്ടിയോടെ ഇരിക്കുന്ന ഒരാള്‍ക്ക് സാധ്യമാകുന്നതെല്ലാം ചെയ്ത്, കാര്യങ്ങളെ തനിക്കനുകൂലമായി എത്തിക്കാനുള്ളതെല്ലാം ചെയ്താണ് ഇന്നിപ്പോള്‍ എര്‍ദോഗന്‍ എന്ന മതാധിഷ്ഠിത ഏകാധിപതി ഇപ്പോഴത്തേ നേട്ടവും ഉണ്ടാക്കിയിരിക്കുന്നത്. ലോകത്തിന് ഉദാഹരണമാകും വിധം ജനാധിപത്യപരമായ തെരഞ്ഞെടുപ്പാണ് ഇത് എന്ന് അദ്ദേഹം വിജയത്തിന് ശേഷം പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള പരിഹാസമാണ്.

അഭിപ്രായസ്വാതന്ത്ര്യം അശേഷമില്ലാത്ത ഒരിടമായി തുര്‍ക്കിയെ മാറ്റിയിരിക്കുന്നു എര്‍ദോഗന്‍ എന്നതിന് കണക്കുകള്‍ തെളിവായുണ്ട്. ലോകത്ത് ഏറ്റവുമേറെ മാധ്യമപ്രവര്‍ത്തകരെ ജയിലില്‍ അടച്ചിട്ടുള്ള നാടാണ് തുര്‍ക്കി. ആയിരത്തോളം ചെറുതും വലുതുമായ മാധ്യമസ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയിരിക്കുന്നു, ഭരണകൂടം. എര്‍ദോഗനെതിരായ രാഷ്ട്രീയവിമര്‍ശം പോലും രാജ്യദ്രോഹം എന്ന കണക്കില്‍ പെടുത്തി വളരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലും ഇരുട്ടില്‍തള്ളുകയാണ്. പ്രസിഡന്റിനെ ആക്ഷേപിച്ചു എന്ന കുറ്റം ചാര്‍ത്തി ശരാശരി നാല് ദിവസം കൂടുമ്പോള്‍ ഒന്ന് എന്ന കണക്കില്‍ ആളുകളെ ജയിലിലിടുന്നുവെന്ന് നോവലിസ്റ്റ് എലിഫ് ഷഫാക്ക് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. രാജ്യത്തെ സെക്കുലര്‍ ബുദ്ധിജീവികള്‍ക്ക് പൊതു ഇടം നിഷേധിക്കപ്പെട്ടിരിക്കുന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍ മതനേതാക്കള്‍ മാത്രം ആധിപത്യം സ്ഥാപിക്കുന്നു.

അങ്ങനെയാണ് എര്‍ദോഗന്‍ ജയിക്കുന്നത്. മറിച്ചൊരു രാഷ്ട്രീയം പറയാന്‍ അവിടെ ആരുമില്ല. എതിര്‍ക്കുന്നവര്‍ക്ക് പോലും അദ്ദേഹം പറയുന്ന അതേ ഇസ്ലാമിസ്റ്റ് രാഷ്ട്രീയമാണ് പറയാനുള്ളത്. അല്ലാത്ത ജനാധിപത്യ സംഗതികള്‍ പറയേണ്ടവര്‍ ജയിലിലാണ്, പുറത്തുള്ളവര്‍ക്ക് ശബ്ദവും പൊതുഇടവും നിഷേധിച്ചിട്ട്. അങ്ങനെ, ബഹുസ്വരത ഊറ്റിക്കളഞ്ഞ സമൂഹത്തില്‍ പ്രീപ്ലാന്‍ഡ് ആയ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കി, പൂര്‍വ്വ നിശ്ചിതമായ വിജയം ലോകത്തിന് മുന്നില്‍ പ്രഖ്യാപിക്കുന്ന കാര്യമാണ് എര്‍ദോഗന്‍ ചെയ്തിരിക്കുന്നത് എന്ന് വിമര്‍ശകര്‍ പറയുന്നു.

മോദി രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് മുന്നിലുള്ള ദൃഷ്ടാന്തമാണ് തുര്‍ക്കി. മതാധിഷ്ഠിതമായി, സമൂഹത്തെ ആഴത്തില്‍ ഭിന്നിപ്പിച്ച്, ന്യൂനപക്ഷത്തെ അപരരെന്നും തീവ്രവാദികളെന്നും വിളിച്ച്, സെക്കുലറിസം ചീത്തവാക്കാണെന്ന് യുവാക്കളില്‍ മസ്ത്കിഷ്‌ക പ്രക്ഷാളനം നടത്തിയുറപ്പിച്ച് നമ്മുടെ ഭരണസംഘം ഭാവിയില്‍ നടത്താന്‍ പോകുന്ന സംഗതികള്‍ ഇപ്പോള്‍ നടക്കുന്നു തുര്‍ക്കിയില്‍ എന്ന് വേണം അതിനെ കാണാന്‍. എര്‍ദോഗന്‍ പോയപോലെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് ഒരു പക്ഷെ മോദിക്ക് പോകാന്‍ ആയേക്കില്ല. പക്ഷെ, അവര്‍ നടത്താന്‍ പോകുന്ന എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് എന്ന വലിയ നിലപാട് ഇന്ത്യയിലും ഉണ്ടാക്കും എന്ന് ഭയപ്പെടുന്നവരുണ്ട്.

അടിയന്തരാവസ്ഥ പഴയ കഥയാണ്. അത് അതേ പോലെ ഇനി വരില്ല. വേറെ രൂപങ്ങളിലാണ് വരിക. ആര്‍ക്കറിയാം, ഒരു പക്ഷെ ഇപ്പോള്‍ തന്നെ നമ്മള്‍ രൂപം മാറിയെത്തിയൊരു അടിയന്തരാവസ്ഥയിലാകും പുലരുന്നത്. നമ്മളെല്ലാവര്‍ക്കും അത് മനസ്സിലായിട്ടില്ല എന്നേ ഉണ്ടാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

എഴുത്താള്‍

സാമൂഹിക നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍