UPDATES

ട്രെന്‍ഡിങ്ങ്

പെട്ടേനെ…! അമ്മയും ഗണേഷും

രണ്ട് മാപ്പിന്‍റെ കഥയാണ് ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിനെ ചൂടുള്ളതാക്കുന്നത്. രണ്ടിലും മുഖ്യ കഥാപാത്രങ്ങള്‍ സിനിമാ താരങ്ങളും.

ദിലീപ് കേസിന് പോയിരുന്നെങ്കില്‍ അമ്മ പെട്ടേനെ എന്ന് നടന്‍ സിദ്ധിക്ക്. പുനലൂരിലെ ആ അമ്മ കേസുമായി മുന്നോട്ട് പോയാല്‍ ഗണേഷ് അഴിയെണ്ണുമായിരുന്നെന്ന് മാധ്യമങ്ങള്‍.

രണ്ട് മാപ്പിന്‍റെ കഥയാണ് ഇന്നത്തെ പത്രങ്ങളുടെ ഒന്നാം പേജിനെ ചൂടുള്ളതാക്കുന്നത്. രണ്ടിലും മുഖ്യ കഥാപാത്രങ്ങള്‍ സിനിമാ താരങ്ങളും.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് താര സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തീരുമാനിച്ചതായി മാധ്യമങ്ങള്‍. ദിലീപിനെ പുറത്താക്കിയത് സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമായാണെന്നും പുറത്താക്കല്‍ നിലനില്‍ക്കുന്നതല്ലെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപിന്റെ വിശദീകരണം പോലും തേടാതെ അത്തരമൊരു നടപടി സ്വീകരിച്ചത് തെറ്റായിപ്പോയെന്നും ബാബു പറഞ്ഞു. (പാശ്ചാത്തലത്തില്‍ ശോകസ്ഥായിയിലുള്ള വയലിന്‍ സംഗീതം)

എന്നാല്‍ സിദ്ധിക്ക് ചൂണ്ടിക്കാട്ടിയത് വലിയൊരു ‘ഭരണാഘടനാ’ പ്രശ്നമാണ്. ഇന്ത്യന്‍ ഭരണഘടനയല്ല, അമ്മയുടെ ഭരണഘടന. ദിലീപ് കേസിന് പോയിരുന്നെങ്കില്‍ സംഘടന കുടുങ്ങിയേനെ എന്നായിരുന്നു സിദ്ധിക്ക് ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞത്. അതേ, മഹാമനസ്കന്‍ തന്നെ ദിലീപ്!

മഹാനടന്‍മാര്‍ എന്തെങ്കിലും പറഞ്ഞോ എന്നു വ്യക്തമല്ല. ഗണേഷും മുകേഷും മാധ്യമങ്ങളെ ഊടുപാട് തെറി പറഞ്ഞ ദിവസം അനന്തതയിലേക്കും വിഹായസിലേക്കും നോക്കി നിന്ന മഹാനടന്‍മാരുടെ ഭാവ പ്രകടനം നമ്മള്‍ കണ്ടതാണ്. അതേ ലൈന്‍ പിടിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നു. ഒരാള്‍ കേണല്‍, പത്മശ്രീ, ഡോക്ടര്‍ തുടങ്ങി കല്‍പ്പിച്ചുകൊടുത്ത ആടയാഭരണങ്ങള്‍ അണിഞ്ഞു നടക്കുന്നയാള്‍. മറ്റയാള്‍ ജനതയുടെ ആത്മാവിഷ്കാരമായ തൊഴിലാളി വര്‍ഗ്ഗ ചാനലിന്റെ തലവന്‍. കൂടാതെ വേണമെങ്കില്‍ ഒരു രാജ്യസഭ എം പിയൊക്കെ ആയി എപ്പോഴെങ്കിലും പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ള വ്യക്തിത്വം എന്നും പറയാം. അവര്‍ക്ക് വായിത്തോന്നിയത് വിളിച്ചുപറയാന്‍ പറ്റില്ല. സമൂഹത്തോടെ ചില ഉത്തരവാദിത്തങ്ങള്‍ ഒക്കെ ഇല്ലേ? പിന്നെ പ്രതിച്ഛായയും നോക്കണമല്ലോ. ഇടവേളയ്ക്കും സിദ്ധിക്കിനും മേലുകീഴ് നോക്കേണ്ട കാര്യമില്ലല്ലോ. സിനിമയില്‍ ആയാലും ജീവിതത്തിലായാലും അവര്‍ കോമാളികളും വില്ലന്‍മാരും തന്നെ.

എന്തായാലും അടുത്ത എക്സിക്യൂട്ടീവ് യോഗത്തോടെ കാരുണ്യവാന്‍ ദിലീപ് അമ്മയെ നെഞ്ചേറ്റും. താരങ്ങള്‍ തങ്ങളുടെ പാപങ്ങള്‍ ദിലീപിനോട് ഏറ്റുപറയും. ശുഭം.

ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു ‘ക്രിമിനല്‍ ഗൂഡാലോചന’ തന്നെയാണ്

രണ്ടാമത്തെ മാപ്പിനും ആധാരം സ്ത്രീത്വത്തെ അപമാനിക്കല്‍ തന്നെ. കൂട്ടത്തില്‍ ഒരു തല്ലു കേസും.

മലയാളമനോരമയുടെ ഒന്നാം ലീഡ് അതാണ്. തല്ലുകേസില്‍ നിന്നും തലയൂരാന്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ മാപ്പ്. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നു കുറ്റസമ്മതം.

അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെ മര്‍ദ്ദിക്കുകയും കൂടെ ഉണ്ടായിരുന്ന അമ്മയെ അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്. ഗണേഷിനെ രക്ഷിക്കാന്‍ പോലീസ് ചില കളികള്‍ കളിച്ചു നോക്കിയെങ്കിലും അമ്മ ഷീന കോടതിയില്‍ രഹസ്യ മൊഴി കൊടുത്തതോടെ പണി പാളുകയായിരുന്നു. ഒടുവില്‍ അപ്പന്‍ പിള്ളേച്ചന്‍ തന്നെ ഇടപെട്ടു. പെരുന്നയില്‍ നിന്നും പത്തനാപുരം എന്‍ എസ് എസ് താലൂക്ക് കരയോഗത്തിലേക്കും അവിടെ നിന്നും അഗസ്ത്യാക്കോട് കരയോഗത്തിലേക്കും രായ്ക്കുരാമാനം കമ്പിയില്ലാക്കമ്പി എത്തി. “നമ്മള്‍ നായന്മാരാണ്… ഒരുമിച്ചു നില്‍ക്കണം”

എന്തായാലും അഞ്ചു വര്‍ഷം തടവും പിഴയും എംഎല്‍എ സ്ഥാനനഷ്ടവും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്ന കേസില്‍ നിന്നാണ് ഗണേഷ് എംഎല്‍എ തത്ക്കാലം തടിയൂരിയത്. നായര്‍ ഐക്യം മാത്രമല്ല ചില മാടമ്പി പ്രയോഗങ്ങളും ഒത്തുതീര്‍പ്പിന് പിന്നില്‍ ഉണ്ടാകും എന്നു നാട്ടുകാര്‍ ന്യായമായും സംശയിക്കുന്നുണ്ട്. വാളകത്തെ മാഷിന്റെ കഥ അവര്‍ മറന്നിട്ടുണ്ടാവില്ലല്ലോ. മകന്റെ ഭാവിയെ കരുതിയാണ് ഒത്തുതീര്‍പ്പിന് സമ്മതിച്ചത് എന്ന് ആ അമ്മ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുകയും ചെയ്തിരുന്നു.

സമാധാന ചര്‍ച്ച കഴിഞ്ഞു പുറത്തിറങ്ങിയ പിള്ളേച്ചന്‍ ‘ചെയ്തത് തെറ്റായിപ്പോയി’ എന്നു മാത്രം പറഞ്ഞപ്പോള്‍ ഒരു വാക്ക് പോലും ഉരിയാടാതെ ഗണേഷ് തിരക്കിട്ട് നടന്നു പോയി എന്നു മാധ്യമങ്ങളുടെ തിരക്കഥ. അതും ശുഭം.

മാടമ്പി തറവാടിന്റെ ഉമ്മറത്തെ ചാരുകസേരയിലോ ക്യാമറയ്ക്ക് മുന്നിലോ? ഗണേഷ് കുമാറിന് തന്നെ നിശ്ചയമില്ല

സാധാരണക്കാരനായിരുന്നെങ്കില്‍ അഴിയെണ്ണുമായിരുന്ന കേസാണ് യാതൊരു വിലയുമില്ലാത്ത മാപ്പ് പറഞ്ഞു ഗണേഷ് കുമാര്‍ തടിയൂരിയിരിക്കുന്നത്. വി എസിനെതിരെ ആഭാസത്തരം പറഞ്ഞപ്പോഴും മാധ്യമങ്ങളെ തെറി വിളിച്ചപ്പോഴും പിന്നെയുമെപ്പോഴൊക്കെയോ ഈ മഹാനടന്‍ കുറ്റബോധത്തിന്റെ തീവ്ര ഭാവങ്ങള്‍ മുഖത്ത് ആവാഹിച്ചെടുത്തിട്ടുള്ളയാളാണ്. കണ്ണീര്‍ പൊഴിച്ചിട്ടുമുണ്ട്. സിനിമയില്‍ ഇത് നേരാംവണ്ണം ചെയ്തിരുന്നെങ്കില്‍ മികച്ച നടനുള്ള പുരസ്കാരമൊന്ന് കൊട്ടാരക്കരയിലെ തറവാട്ട് സ്വീകരണ മുറിയില്‍ അലങ്കാരമായി കിടന്നേനെ.

കേസ് പിന്‍വലിക്കാന്‍ അടുത്ത ദിവസം തന്നെ അമ്മയും മകനും പോലീസിലും കോടതിയിലും അപേക്ഷ നല്‍കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍ ബാലകൃഷ്ണപിള്ള എന്ന മുന്നോക്ക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍റെ ആദ്യ ഭരണ നേട്ടം.

അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. താന്‍ നിരപരാധി ആണെന്ന് ഗണേഷ് എംഎല്‍എ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച കേസില്‍ സ്പീക്കര്‍ കേസെടുക്കുമോ?

മറ്റൊരു കൂട്ടര്‍ കൂടി മാപ്പുമായി കറങ്ങി നടക്കുന്നുണ്ട് എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് എഡിജിപി സുദേഷ് കുമാറും മകളുമാണ്. എ.ഡി.ജി.പിയുടെ മകളെക്കൊണ്ടു മാപ്പു പറയിച്ച്‌ ക്രിമിനല്‍ കേസില്‍നിന്നു തലയൂരാനുള്ള രഹസ്യ ഫോര്‍മുലയാണ്‌ ഉന്നതോദ്യോഗസ്ഥ തലത്തില്‍ തയാറായിക്കൊണ്ടിരിക്കുന്നത് എന്നു സൌത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കള്ളമൊഴികളും ഭീഷണികളും ഫലിക്കാതെ വരുമ്പോള്‍ അവസാന അടവ്. ലേലു അല്ലു… ലേലു അല്ലു… പോലീസിനും പണി കുറവ്, ആരെയും തല്ലിക്കൊല്ലേണ്ട, കോടതിയുടെ കേസ് ഭാരവും കുറയും. ഒരു പണിയുമില്ലാത്ത സമുദായ നേതാക്കള്‍ക്ക് എന്തെങ്കിലും പണിയും ആവും.

സിനിമാക്കാര്‍ക്ക് നാണക്കേടായ ‘അമ്മ’ പിരിച്ചുവിടണം: ഇന്നസെന്റിന് ഗണേഷ് കുമാറിന്റെ കത്ത്

താര മാടമ്പികളേ, നിങ്ങളുടെ ചര്‍മ്മശേഷി അപാരം..! അമ്മ മഴവില്ല് സ്റ്റേജ് ഷോയിലെ ആഭാസ സ്കിറ്റിനെ കുറിച്ചുതന്നെ

ഭീരുക്കളായി ഞങ്ങള്‍ ജീവിക്കില്ല, ആണ്‍കോയ്മക്കെതിരേ കലഹിച്ചുകൊണ്ടേയിരിക്കും; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി

ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്

ഒരു പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല, പക്ഷേ സത്യം അറിയാനെങ്കിലും അവള്‍ക്കൊപ്പം നിന്നുകൂടെ; സജിത മഠത്തില്‍

OMKV, മലയാള സിനിമയോടാണ്

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍