UPDATES

ട്രെന്‍ഡിങ്ങ്

കര്‍ഷകയാണെങ്കില്‍ കറുത്തിരിക്കണമല്ലോ! നടിയല്ലെന്ന് ഉറപ്പിക്കാന്‍ കണ്ണന്താനം തഴമ്പ് പരിശോധിക്കും

തങ്ങള്‍ അവാര്‍ഡ് കൊടുത്ത കര്‍ഷകയ്ക്ക് ഒരു സിനിമാ നടിയുടെ രൂപഭാവമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ മനോരമയും ഉത്സാഹിച്ചു

മലയാള മനോരമ കര്‍ഷകശ്രീ പുരസ്‌കാര വിതരണ ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അവാര്‍ഡ് ജേതാവായ സ്വപ്‌ന ജയിംസിനെ കണ്ടപ്പോള്‍ സിനിമ നടിയാണോയെന്ന് സംശയം! മനോരമ തന്നെയാണ് ഇക്കാര്യം പ്രസ്തുത ചടങ്ങിന്റെതായ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. കേന്ദ്രമന്ത്രി തന്റെ പ്രസംഗത്തിലാണ് തനിക്ക് ഇത്തരമൊരു സംശയം തോന്നിയ കാര്യം പറഞ്ഞതെന്നാണ് വാര്‍ത്തയില്‍ ഉള്ളത്. സ്വപ്‌ന ഒരു കര്‍ഷകയാണെന്ന് ഉറപ്പിക്കാനായി കണ്ണന്താനം അവരുടെ വലതു കയ്യിലെ തഴമ്പ് പരിശോധിക്കുകയും ചെയ്തു. മന്ത്രി തഴമ്പ് പരിശോധിക്കുന്നതിന്റെ ചിത്രം വളരെ പ്രാധാന്യത്തോടെ തന്നെ മനോരമ കൊടുത്തിട്ടുമുണ്ട്. തങ്ങള്‍ തന്നെ നല്‍കുന്ന പുസ്‌കാരത്തിന്റെ വാര്‍ത്ത മനോരമ പ്രാധാന്യത്തോടെ കൊടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. എന്നാല്‍ ഒരു കര്‍ഷകയെ കണ്ടപ്പോള്‍ സിനിമ നടിയാണെന്ന് തോന്നിയ മന്ത്രിയുടെ മനോഭാവവും ആ മനോഭാവത്തിന് ചൂട്ടുപിടിച്ച മനോരമയുടെ നിലപാടും പരിശോധിക്കേണ്ടതുണ്ട്.

ചിത്രത്തില്‍ കാണുന്നതനുസരിച്ച് സ്വപ്‌ന വളരെ ഭംഗിയായി വസ്ത്രം ധരിക്കുകയും അണിഞ്ഞൊരുങ്ങുകയും ചെയ്തിരിക്കുന്ന വെളുത്ത സ്ത്രീയാണ്. ഈ ലുക്കാണ് മന്ത്രിയ്ക്ക് അവരെ കണ്ടപ്പോള്‍ ഒരു സിനിമ നടിയാണെന്ന് തോന്നിപ്പിച്ചതെന്ന് തോന്നുന്നു. വേദിയില്‍ തന്റെ തൊട്ടടുത്തിരുന്ന സ്ത്രീ സിനിമാ നടിയാണെന്നാണ് ആദ്യം കരുതിയത് എന്നാണ് മന്ത്രി പറഞ്ഞത്. പിന്നീട് അവാര്‍ഡ് ജേതാവാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വാസം വന്നില്ലെന്നും പറയുന്നു. അതായത് വെളുത്ത സുന്ദരിയായ ഒരു സ്ത്രീയ്ക്ക് കര്‍ഷയാകാന്‍ സാധിക്കുമോയെന്ന് മന്ത്രിയ്ക്ക് സംശയം. അത് ഉറപ്പിക്കാനായാണ് വലതുകയ്യിലെ തഴമ്പ് പരിശോധിച്ചതും. തഴമ്പ് കണ്ടപ്പോഴാണ് അവര്‍ കര്‍ഷകയാണെന്ന് മന്ത്രി ഉറപ്പിച്ചതെന്ന് മനോരമയുടെ വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെളുത്തതോ അല്ലെങ്കില്‍ സാമാന്യം സൗന്ദര്യമുള്ളതോ ആയ സ്ത്രീകളെല്ലാം സിനിമാ നടിമാരായിരിക്കുമെന്ന മനോഭാവമാണ് അദ്ദേഹത്തെക്കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. അല്ലെങ്കില്‍ കര്‍ഷകരെല്ലാം കറുത്തിരിക്കേണ്ടവരാണെന്ന ചിന്താഗതിയാണെന്ന് അദ്ദേഹത്തിനെന്ന് പറയേണ്ടി വരും.

എന്തുകൊണ്ട് ഒരു കര്‍ഷകയ്ക്ക് അല്ലെങ്കില്‍ കര്‍ഷകന് വെളുത്ത നിറം ഉണ്ടായി കൂടാ? അല്ലെങ്കില്‍ കര്‍ഷകരെല്ലാം കറുത്തിരിക്കണമെന്ന് എന്തിനാണ് ചിന്തിക്കുന്നത്? എന്ന ചോദ്യങ്ങളാണ് ഇവിടെ ഉയരുന്നത്. മണ്ണില്‍, വെയിലില്‍ പണിയെടുക്കുന്നവരെല്ലാം കറുത്തിരിക്കേണ്ടവരാണെന്നും അവര്‍ക്ക് വെളുത്ത നിറം പാടില്ലെന്നുമുള്ള ചിന്താഗതിയാണ് ഇവിടെ പ്രവര്‍ത്തിച്ചത്. കാരണം മണ്ണില്‍ പണിയെടുക്കുന്നതായി കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം പേരും കറുത്ത നിറമുള്ളവരാണല്ലോ? ഇവിടെയാണ് മന്ത്രിയുടെ വര്‍ണ ബോധം ചോദ്യം ചെയ്യേണ്ടി വരുന്നത്. ജാതി, മത, വര്‍ണ ചിന്തകള്‍ക്ക് അധീതമായി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു രാജ്യത്തിലെ മന്ത്രിയ്ക്ക് ഇത്തരമൊരു മുന്‍ധാരണ ഉണ്ടാകാന്‍ പാടുണ്ടോയെന്നത് തന്നെയാണ് ഇവിടുത്തെ ചോദ്യം. ഏറെ കാലം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമായിരുന്ന മന്ത്രിയ്ക്ക് തന്റെ ഓഫീസില്‍ മേലുദ്യോഗസ്ഥരോ കീഴുദ്യോഗസ്ഥരോ ആയി വിവിധ നിറങ്ങളിലുള്ളവരെ കാണേണ്ടി വന്നിട്ടുണ്ടാകും. അതില്‍ കറുത്തവരെ കാണുമ്പോള്‍ മണ്ണില്‍ പണിയെടുക്കേണ്ടവരാണെന്നും വെളുത്തവരെ കാണുമ്പോള്‍ സിനിമയില്‍ അഭിനയിക്കേണ്ടവരാണെന്നും തോന്നിയിരുന്നോ?

സിനിമയില്‍ അഭിനയിക്കാന്‍ ഇവിടുത്തെ സാമാന്യ സമൂഹത്തില്‍ നിലനില്‍ക്കുന്ന വെളുപ്പ് എന്ന സൗന്ദര്യ ബോധമല്ല പകരം അഭിനയ ശേഷിയാണ് പ്രധാനമെന്ന് മലയാള സിനിമയില്‍ തന്നെ പലപ്പോഴും തെളിഞ്ഞിട്ടുള്ളതാണ്. ഏറെ നാളായില്ലെങ്കിലും കറുത്ത നിറമുള്ളവരിലും സൗന്ദര്യമുണ്ടെന്ന സത്യം പൊതുസമൂഹം അംഗീകരിച്ചും തുടങ്ങി. അപ്പോഴാണ് മന്ത്രി കണ്ണന്താനം തന്റെയുള്ളിലെ വര്‍ണബോധം പ്രകടിപ്പിക്കുന്നത്. സമൂഹത്തിന് പുരോഗമനപരമായ ആശയങ്ങള്‍ പകര്‍ന്നു നല്‍കേണ്ട ഒരു മന്ത്രിയില്‍ ഇത്തരം ഒരു ധാരണ നിലനില്‍ക്കുന്നതിനെ ദുരന്തമെന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ.

തങ്ങള്‍ അവാര്‍ഡ് കൊടുത്ത കര്‍ഷകയ്ക്ക് ഒരു സിനിമാ നടിയുടെ രൂപഭാവമാണെന്ന് സ്ഥാപിച്ചെടുക്കുകയാണ് ഈ വാര്‍ത്തയ്ക്കും ചിത്രത്തിനും അമിത പ്രാധാന്യം നല്‍കി മനോരമ ചെയ്തത്. പണ്ട് മനോരമയുടെ തന്നെ വനിത എന്ന മാസികയില്‍ നടന്‍ വിനായകനെ വെളുപ്പിച്ച് ചിത്രീകരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. മനോരമയെ നിയന്ത്രിക്കുന്നവര്‍ക്ക് സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണയാണ് ഇതില്‍ വ്യക്തമായത്. കറുത്തതൊന്നും സൗന്ദര്യമല്ലെന്നതാണ് ആ ചിന്താഗതി. സമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന മാധ്യമങ്ങള്‍ അത്തരമൊരു ചിന്താഗതി നിലനിര്‍ത്തുന്നത് സമൂഹത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കുകയെന്നും ഓര്‍ക്കേണ്ടതുണ്ട്.

അതെ, കറുത്തവനാണ് വിനായകന്‍

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍