UPDATES

യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ മഹാരാജാസും; യൂണിയന്‍ ഓഫീസിന്റെ പൂട്ടു തകര്‍ക്കലും അഭിമന്യു സ്മൃതിമണ്ഡപവും എസ്എഫ്ഐയെ വീണ്ടും വിവാദത്തിലാക്കുന്നു

യൂണിവേഴ്‌സിറ്റി കോളേജിന്റെ പേരില്‍ നടക്കുന്നതുപോലെ എസ്എഫ്ഐ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മഹാരാജാസ് കോളേജിലും നടക്കുന്നതെന്ന് എസ്എഫ്ഐ ജില്ല നേതൃത്വം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു പിന്നാലെ എസ്എഫ്ഐയെ പ്രതിരോധത്തിലാക്കി എറണാകുളം മഹാരാജാസ് കോളേജും. യൂണിയന്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് മഹാരാജാസിലെ എസ്എഫ്ഐക്കെതിരേ പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. കോളേജിനു പുറത്തു നിന്നുള്ളവരുടെ നേതൃത്വത്തില്‍ എസ്എഫ്ഐ കാമ്പസിനകത്ത് അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്നാണ് കെ എസ് യു, ഫ്രറ്റേണിറ്റി എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപണം ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങളെല്ലാം മുതലെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്നും എസ്എഫ്ഐ അക്രമരാഷ്ട്രീയമാണെന്നു വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നെലെല്ലാമെന്ന് ജില്ല നേതൃത്വം കുറ്റപ്പെടുത്തുന്നു. ഓഗസറ്റ് 14 ആം തീയതി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയെയാണ് പുതിയ ആരോപണ, പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ നേരിട്ട് പൂട്ടിയ യൂണിയന്‍ ഓഫീസില്‍ എസ്എഫ്ഐക്കാര്‍ പൂട്ട് തകര്‍ത്ത് കയറി എന്നാണ് പരാതി. ഓഫീസ് തുറന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും ഫ്രറ്റേണിറ്റിയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഡോ. കെ ജയകുമാറും ഈ വിഷയത്തില്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ പരാതിയുടെ പുറത്ത് ആര്‍ക്കെതിരേയും കേസ് എടുത്തിട്ടില്ല. ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത് എസ്എഫ്ഐയുടെ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍, നിഖില്‍, സുബിന്‍ എന്നിവര്‍ക്കെതിരേയും ഫ്രറ്റേണിറ്റിയുടെ അര്‍ഹം ഷാ, നബീല്‍, അസ്‌നാസ് എന്നിവര്‍ക്കെതിരെയുമാണ്. രണ്ടു സംഘടനകളും പരസ്പരം നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

യൂണിയന്‍ ഓഫീസ് എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫീസ്

യൂണിയന്‍ കാലാവധി കഴിഞ്ഞിട്ടും എസ്എഫ്ഐ യൂണിയന്‍ ഓഫീസ് ഉപയോഗിക്കുന്നതിനെതിരേ കെ എസ് യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രിന്‍സിപ്പില്‍ യൂണിയന്‍ ഓഫീസ് പൂട്ടിയത്. പ്രിന്‍സിപ്പല്‍ പൂട്ടിയ ഓഫീസ് ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പോലുമല്ലാത്തവര്‍ എത്തി പൂട്ടു തകര്‍ത്തു കയറിയെന്നതാണ് എസ്എഫ്ഐക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കാലങ്ങളായി ഈ യൂണിയന്‍ ഓഫീസ് തങ്ങളുടെ യൂണിറ്റ് കമ്മിറ്റ ഓഫിസ് പോലെയാണ് എസ്എഫ്ഐ കൊണ്ടു നടക്കുന്നതെന്നാണ് കെ എസ് യു, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നിവര്‍ കുറ്റപ്പെടുത്തുന്നത്.

സംഭവത്തെക്കുറിച്ച് കെ എസ് യു പറയുന്നതിങ്ങനെ: ഒരു കോളേജ് യൂണിയന്റെ കാലാവധി എന്നു പറയുന്നത് തെരഞ്ഞെടുക്കപ്പെടുന്നത് മുതല്‍ അക്കാദമിക് വര്‍ഷം അവസാനിക്കുന്ന മേയ് 31 വരെയാണ്. മേയ് 31 മുമ്പായി സമാപന പരിപാടികള്‍ സംഘടിപ്പിച്ച് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് പതിവ്. അതിനുശേഷം യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ല. എന്നാല്‍ മഹാരാജാസ് കോളേജിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടുത്തെ യൂണിയന്‍ ഓഫിസ് എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസ് ആയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രാവും പകലും എന്നില്ലാതെയാണത് ഉപയോഗിക്കുന്നത്. അവരുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രവര്‍ത്തകര്‍ക്ക് കിടന്നുറങ്ങാനും എല്ലാത്തിനും യൂണിയന്‍ ഓഫിസ് ഉപയോഗിക്കുന്നു. ഇതിനെതിരേ പ്രിന്‍സിപ്പിലിനും ബന്ധപ്പെട്ടവര്‍ക്കും നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല. അവരത് കണ്ടില്ലെന്നു നടിക്കുകയാണ് പതിവ്. ഇത്തവണയും യൂണിയന്‍ കാലാവധി കഴിഞ്ഞിട്ടും ഓഫീസ് ഉപയോഗിക്കുവന്നതുകൊണ്ടാണ് പ്രിന്‍സിപ്പാലിന് പരാതി കൊടുത്തത്. എസ്എഫ്ഐ കോളേജ് യൂണിയന്‍ ഓഫിസ് അനധികൃതമായി അവരുടെ യൂണിറ്റ് കമ്മിറ്റിയുടെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും അത് തടയണമെന്നുമായിരുന്നു പരാതി. കെ എസ് യു യൂണിറ്റ് നല്‍കിയ ഈ പരാതി പ്രിന്‍സിപ്പല്‍ സ്വീകരിക്കുകയും യൂണിയന്‍ ഓഫീസില്‍ നിന്നും അവരുടെ സാധനങ്ങളൊക്കെ പുറത്തിറക്കിച്ചശേഷം വാതില്‍ താഴിട്ടു പൂട്ടുകയായിരുന്നു. എന്നാല്‍ എസ്എഫ്ഐ അവരുടെ പുറത്തു നിന്നുള്ള നേതാക്കളെക്കൊണ്ടുവന്നു പൂട്ടുപൊളിച്ച് അകത്തു കയറുകയാണ് ഉണ്ടായത്.

ക്രിമിനല്‍ കേസ് പ്രതികളും കോളേജില്‍ നിന്നും പുറത്താക്കിയവരും കാമ്പസില്‍

യൂണിയന്‍ ഓഫിസിന്റെ പൂട്ടുപൊളിച്ച് അകത്തു കയറാന്‍ നേതൃത്വം നല്‍കിയവരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളും കോളേജില്‍ നിന്നും പുറത്താക്കിയവരും ഉണ്ടായിരുന്നുവെന്നാണ് എസ്എഫ്ഐക്കെതിരേ ഉയരുന്ന മറ്റൊരു ആരോപണം. കോളേജിലെ മുന്‍ പ്രിന്‍സിപ്പലായിരുന്നു ഡോ. ബീനയുടെ കസേര കത്തിച്ച കേസില്‍ പ്രതികളാക്കപ്പെട്ട് കോളേജില്‍ നിന്നും പുറത്താക്കിയ, എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറി പ്രജിത്ത്, ഇതേ കേസില്‍ തന്നെ പുറത്താക്കിയ മറ്റൊരു മുന്‍ യൂണിയന്‍ ഭാരവാഹി മുഹമ്മദ് അമീര്‍ എന്നിവര്‍ യൂണിയന്‍ ഓഫീസ് പൂട്ട് പൊളിക്കാന്‍ ഉണ്ടായിരുന്നു. അമീര്‍ പോലീസ് അന്വേഷിക്കുന്ന പ്രതിയാണെന്നും പരാതിയുണ്ട്. അഭിഭാഷകന്റെ വീടു കയറി ആക്രമിച്ച കേസിലാണ് അമീറിനെ പോലീസ് തെരയുന്നത്. ഇയാള്‍ക്കെതിരേ വേറെയും പല കേസുകള്‍ ഉണ്ടെന്ന് ആരോപണമുണ്ട്. പൂട്ട് പൊളിക്കാന്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ എസ്എഫ്ഐ ജില്ല വൈസ് പ്രസിഡന്റ് പി.എം ആര്‍ഷോം ആണ്. ഇയാള്‍ ലോ കോളേജ് വിദ്യാര്‍ത്ഥിയാണ്. ആര്‍ഷോമിനെതിരേ 33-ഓളം ക്രിമനല്‍ കേസുകള്‍ ഉണ്ടെന്നാണ് കെ എസ് യു പറയുന്നത്. അഭിഭാഷകനെ ആക്രമിച്ച കേസില്‍ എട്ടുമാസത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വന്നിട്ട് പുറത്തിറങ്ങിയതേയുള്ളൂ ഹര്‍ഷോം എന്നും പറയുന്നു. ഇവരെക്കൂടാതെ യൂണിയന്‍ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നു പറയുന്ന മറ്റു രണ്ടുപേര്‍ ആശിഷ് എസ് ആനന്ദ്, അര്‍ജുന്‍ ബാബു എന്നിവരാണ്. ഇതില്‍ ആശിഷും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയല്ല. മാത്രവുമല്ല, ഇയാളും വീട് കയറിയുള്ള അക്രമത്തില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ളയാളാണ്. ഇവരുടെ കൂട്ടത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥി എന്നു പറയാനുള്ളത് അര്‍ജുന്‍ മാത്രമാണ്. മഹാരാജാസില്‍ കോളേജ് കാമ്പസില്‍വച്ച് ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കൊലപ്പെടുത്തുമ്പോള്‍ ഒപ്പം കുത്തേറ്റ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍. ഇയാള്‍ ഇപ്പോള്‍ കാമ്പസിനുള്ളിലെ എസ്എഫ്ഐ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുകയാമെന്നാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്.

യൂണിയന്‍ ഓഫീസ് കയ്യേറ്റവും എസ്എഫ്ഐ- ഫ്രറ്റേണിറ്റി ഏറ്റുമുട്ടലും

പ്രിന്‍സിപ്പല്‍ പൂട്ടിയ യൂണിയന്‍ ഓഫീസ് എസ്എഫ് ഐ തുറന്നതിനു പിന്നാലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ ഇതേ ഓഫീസിലേക്ക് എത്തുകയും രണ്ടു കൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു. തങ്ങള്‍ക്കും യൂണിയന്‍ ഓഫിസില്‍ അവകാശം ഉണ്ടെന്നു പറഞ്ഞായിരുന്നു ഫ്രറ്റേണിറ്റി എത്തിയത്. ഈ സമയം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഒഫീസിനകത്തുണ്ടായിരുന്നു. പിന്നീട് ഫ്രറ്റേണിറ്റിക്കാര്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും തുടര്‍ന്ന് മാര്‍ച്ച് ആയി വീണ്ടും യൂണിയന്‍ ഓഫിസിലേക്ക് എത്തുകയും ചെയ്ത ശേഷമാണ് രണ്ടു സംഘടന പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. പിന്നീട് പ്രിന്‍സിപ്പല്‍ എത്തി ഓഫീസ് വീണ്ടും പൂട്ടുകയായിരുന്നു.

കാലാവധി കഴിഞ്ഞതിനാല്‍ കോളേജ് പ്രിന്‍സിപ്പല്‍ അടച്ചു പൂട്ടിയ യൂണിയന്‍ ഓഫീസ് പുറത്തു നിന്നും ഗൂണ്ടകളുമായി എത്തി അനധികൃതമായി തുറന്നാണ് എസ്എഫ്ഐ അകത്തു കയറിയതെന്നാണ് ഫ്രറ്റേണിറ്റി പറയുന്നത്. ഇത് തടഞ്ഞതിന്റെ പേരിലാണ് തങ്ങളുടെ പ്രവര്‍ത്തകരെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചത്. യൂണിയന്‍ ഓഫീസുകള്‍ ആരുടെയും സ്വകാര്യ സ്വത്തല്ല. കാലാവധി കഴിഞ്ഞാല്‍ ഒഴിഞ്ഞു കൊടുക്കാനുള്ള സാമാന്യ മര്യാദ പോലും കുട്ടി സഖാക്കള്‍ പാലിക്കുന്നില്ല. പുറത്ത് നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ ആക്രമിക്കുന്നതില്‍ ഉണ്ടായിരുന്നു. യൂണിയന്‍ ഓഫീസ് ഗുണ്ടകളുടെ താവളമാക്കിയതിന്റെ യൂണിവേഴ്‌സിറ്റി കോളേജ് ദുരനുഭവം നമുക്ക് മുന്നിലുണ്ട്. അനധികൃത കയ്യേറ്റങ്ങള്‍ മഹാരാജാസില്‍ തുടര്‍ക്കഥയാവുകയാണ്. ഇതിന് സിപിഎമ്മിന്റെ പ്രത്യക്ഷ പിന്തുണയുമുണ്ട്. ക്യാമ്പസുകളെ വീണ്ടും എസ്എഫ്‌ഐയുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആക്കി മാറ്റാനുള്ള ശ്രമത്തെ കയ്യും കെട്ടി നോക്കി നില്‍ക്കില്ല. എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിനു ശേഷവും പ്രതിഷേധം തുടരുകയും യൂണിറ്റ് ഓഫീസ് വീണ്ടും പൂട്ടിക്കുകയും ചെയ്തത് അതിന്റെ തെളിവാണ്. ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഈ അധികാര മുഷ്‌കിനെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം; ഫ്രറ്റേണിറ്റി മൂവ്മെന്റ് മഹാരാജാസ് യൂണിറ്റ് കമ്മിറ്റി ഈ വിഷയത്തില്‍ നടത്തിയ പ്രതികരണമാണിത്.

ഇത് എസ്എഫ്ഐക്കെതിരേയുള്ള അക്രമം

യൂണിവേഴ്‌സിറ്റി കോളേജിന്റെ പേരില്‍ നടക്കുന്നതുപോലെ എസ്എഫ്ഐ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് മഹാരാജാസ് കോളേജിലും നടക്കുന്നതെന്നാണ് എസ്എഫ്ഐ ജില്ല നേതൃത്വത്തിന്റെ ആരോപണം. യൂണിയന്‍ ഓഫിസിന്റെ പൂട്ടു തകര്‍ത്ത് അനധികൃതമായി അകത്തു കയറിയെന്നൊക്കെയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജില്ല നേതൃത്വം വിശദീകരിക്കുന്നു. യൂണിയന്‍ ഓഫിസ് പൂട്ടുക എന്നത് ഇതുവരെ നടന്നിട്ടില്ലാത്ത കാര്യമാണ്. ഇപ്പോള്‍ കെഎസ്‌യുവും ഫ്രറ്റേണിറ്റിയും ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയാണുണ്ടായത്. ഇങ്ങനെയൊരു പരാതി വന്നപ്പോള്‍ എസ്എഫ്ഐ നിലപാട് വ്യക്തമാക്കിയിരുന്നു. യൂണിയന്‍ കാലവധി കഴിഞ്ഞെങ്കിലും മാഗസിന്‍ എഡിറ്റര്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്നിവര്‍ ഇപ്പോഴും സ്ഥാനങ്ങളില്‍ തുടരുന്നുണ്ട്. അവര്‍ക്ക് യൂണിയന്‍ ഓഫീസില്‍ കയറാന്‍ അവകാശവുമുണ്ട്. കോളേജ് മാഗസിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ അവസാന ഘട്ടത്തിലുമാണ്. ഇപ്പോള്‍ പ്രൂഫ് റീഡിംഗ് നടക്കുകയാണ്. അതിനുവേണ്ടി യൂണിയന്‍ ഓഫിസ് ഉപയോഗിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആവശ്യങ്ങള്‍ എഴുതി നല്‍കാന്‍ പ്രിസിപ്പല്‍ ആവശ്യപ്പെട്ടു. എഴുതി നല്‍കുകയും ചെയ്തു. അതു കഴിഞ്ഞ് പ്രിന്‍സിപ്പല്‍ യൂണിയന്‍ ഓഫീസ് പൂട്ടുകയും ഒരു താക്കോല്‍ യൂണിയന്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ താക്കോലുമായാണ് യൂണിയന്‍ ഭാരവാഹികള്‍ പിറ്റേദിവസം എത്തി ഓഫിസ് തുറക്കുന്നത്. അതെങ്ങനെയാണ് അതിക്രമിച്ച് കടക്കലും പൂട്ടുതല്ലിപ്പൊളിച്ച് കയറലുമൊക്കെയാകുന്നത്?

യൂണിയന്‍ ഭാരവാഹികള്‍ ഓഫീസില്‍ പ്രവേശിച്ച കഴിഞ്ഞപ്പോഴാണ് ഫ്രറ്റേണിറ്റിക്കാര്‍ കൂട്ടംകൂടി വന്ന് ഓഫീസിനു മുന്നില്‍ വന്നു കുത്തിയിരുന്നത്. എങ്ങനെയെങ്കിലും പ്രകോപനം ഉണ്ടാക്കി ഒരു സംഘര്‍ഷം നടത്തുകയും അതിന്റെ പേരില്‍ എസ്എഫ്ഐയെ കുറ്റക്കാരാക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകരും നേതാക്കളും സംയമനം പാലിച്ചു. ഞങ്ങള്‍ ഒരുതരത്തിലും പ്രകോപിതരാകുന്നില്ലെന്നു കണ്ടതോടെ ഫ്രറ്റേണിറ്റിക്കാര്‍ പ്രിന്‍സിപ്പലിനെ കണ്ടു പരാതി നല്‍കി. അതിനുശേഷം അവര്‍ മാര്‍ച്ച് ചെയ്ത് യൂണിയന്‍ ഓഫിസില്‍ വീണ്ടും എത്തുകയും ഉന്തും തള്ളും നടത്തി അകത്തു കയറുകയും ചെയ്തു. അപ്പോഴും എസ്എഫ്ഐ പക്വതയോടെ സാഹചര്യം കൈകാര്യം ചെയ്യുകയാണുണ്ടായത്. ഇവര്‍ ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുന്നത് കെ എസ് യുക്കാരുമായി ചേര്‍ന്നാണ്. ഫ്രറ്റേണിറ്റിക്കാര്‍ എസ്എഫ്ഐക്കാരോട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സമയത്ത് കെഎസ്‌യുവിന്റെ യൂണിറ്റ് പ്രസിഡന്റ് പ്രിയ പുറത്ത് മൊബൈല്‍ ഫോണുമായി നില്‍ക്കുന്നുണ്ട്. അവരാണ് വീഡിയോ എടുത്തതും അത് പിന്നീട് എസ്എഫ്ഐക്കെതിരായി പ്രചരിപ്പിച്ചതും. മഹാരാജാസ് കോളേജില്‍ ഫ്രറ്റേണിറ്റിയും കെഎസ്‌യുവും ഒന്നാണ്. പേരില്‍ മാത്രമെ ആ രണ്ടു സംഘടനകള്‍ക്കും വ്യത്യാസമുള്ളൂ. യൂണിയന്‍ തെരഞ്ഞെടുപ്പില്‍പ്പോലും അവര്‍ ഒരുമിച്ചാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ പല പോസ്റ്റുകളിലേക്കും കെഎസ്‌യുക്കാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ട് അവസാന നിമിഷം ഓരോ കാരണങ്ങള്‍ ഉണ്ടാക്കി ആ നോമിനേഷനുകളെല്ലാം തള്ളിക്കളയിക്കുകയാണുണ്ടായത്. അത് ഫ്രറ്റേണിറ്റിക്കു വേണ്ടിയായിരുന്നു. കെ എസ് യു പറഞ്ഞത്, അവരുടെ ഏതോ റെപ്രസന്റേറ്റീവ് പോസ്റ്റിലേക്ക് മാത്രം നിങ്ങള്‍ വോട്ട് വാങ്ങിത്തരിക, ബാക്കിയെല്ലായിടത്തും ഞങ്ങള്‍ തിരിച്ചു സഹായിക്കാമെന്നാണ്. ഇതാണ് കെ എസ് യുവും ഫ്രറ്റേണിറ്റിയും തമ്മിലുള്ള ബന്ധം. കാമ്പസിനകത്ത് ഒരു തരത്തിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം അഡ്രസ് ചെയ്യാത്തവരാണ് കെ എസ് യുവും ഫ്രറ്റേണിറ്റിയും. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എസ്എഫ്‌ഐയെ പ്രകോപിപ്പിച്ച് എന്തെങ്കിലും സംഘര്‍ഷം ഉണ്ടാക്കുകയും അതിന്റെ പേരില്‍ സ്വയം ഇരകളായി അവരോധിച്ച് സഹതാപം ഉണ്ടാക്കിയെടുത്ത് പത്ത് വോട്ട് നേടിയെടുക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. ഇവരുടെ ഇത്തരം തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ എസ്എഫ്ഐയെ ഒരുതരത്തിലും ബാധിക്കില്ല. ഞങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളുണ്ട്. അതിനുവേണ്ടിയുള്ള പോരാട്ടമാണ് എസ്എഫ്ഐ നടത്തുന്നത്.

മറ്റൊരോപണം എസ്എഫ്ഐക്കാരെല്ലാം ക്രിമിനല്‍ കേസ് പ്രതികളാണെന്നും പുറത്തു നിന്നുള്ളവരെ കൊണ്ടുവന്ന് മഹാരാജാസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നുമാണ്. ആ കോളേജില്‍ എത്തുന്നത് എസ്എഫ്ഐയുടെ ഉത്തരവാദിത്തപ്പെട്ട ചുമതലക്കാര്‍ മാത്രമാണ്. ക്രിമിനല്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതെല്ലാം രാഷ്ട്രീയപ്രേരിതമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ഉണ്ടാക്കിയിട്ടുള്ളതാണ്. കസേര കത്തിച്ച കേസില്‍ പ്രതിയാക്കപ്പെട്ട പ്രജിത് കെ ബാബു എന്ന വിദ്യാര്‍ത്ഥി കാമ്പസില്‍ അതിക്രമിച്ചു കയറിയെന്നാണ് ഒരാക്ഷേപം. അയാള്‍ക്ക് പരീക്ഷ എഴുതാനും ലാബ് ചെയ്ത് കോഴ്‌സ് പൂര്‍ത്തിയാക്കാനുമുള്ള അനുമതി യൂണിവേഴ്‌സിറ്റി കൊടുത്തിട്ടുണ്ട്. ആ ഉത്തരവ് വച്ചാണ് അയാള്‍ കാമ്പസില്‍ വരുന്നത്. ജില്ല സെന്ററില്‍ നിന്നും കാമ്പസിലെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി നേരിട്ട് ചുമതല കൊടുത്തിട്ടുള്ളയാളാണ് അര്‍ഷോം. അയാള്‍ക്ക് 30 കേസുണ്ടായിരിക്കാം. എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ ഇത്തരത്തില്‍ എത്രയെത്ര കള്ളക്കേസുകളാണുള്ളത്. മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്കിനെതിരേ 120-ഓളം കേസുകള്‍ ഉണ്ടായിരുന്നു. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറിക്കെതിരേ 84-ഓളം കേസുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇവരെല്ലാം ക്രിമിനലുകളാണെന്നാണോ പറയുന്നത്. ഇതെല്ലാം എസ്എഫ്ഐയെ ദുര്‍ബലപ്പെടുത്താമെന്ന വ്യാമോഹത്തില്‍ നടക്കുന്ന പ്രചാരണങ്ങളാണ്. ഞങ്ങള്‍ അതിലൊന്നും തളരുന്നവരല്ല- എസ്എഫ്ഐ എറണാകുളം ജില്ല നേതൃത്വം നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്.

രണ്ടു വര്‍ഷമായിട്ടും മാഗസിന്‍ ഇറക്കാത്തവരാണവര്‍

കോളേജ് മാഗസിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ടാണ് യൂണിയന്‍ ഓഫീസ് ഉപയോഗിക്കുന്നതെന്ന എസ്എഫ്ഐ വാദത്തെ പരിഹസിക്കുകയാണ് കെ എസ് യു. കഴിഞ്ഞ രണ്ടു തവണയായിട്ടും മാഗസിന്‍ പുറത്തിറക്കിയിട്ടില്ല. എസ്എഫ്ഐക്ക് തന്നെയായിരുന്നു യൂണിയന്‍ ഭരണവും. അവരാണിപ്പോള്‍ മാഗസിന്‍ ഇറക്കാന്‍ വേണ്ടിയാണ് തങ്ങള്‍ക്ക് യൂണിയന്‍ ഓഫിസ് വേണമെന്നു പറയുന്നത്. പ്രൂഫ് റീഡിംഗ് നടത്താന്‍ യൂണിയന്‍ ഓഫിസ് തന്നെ വേണോ? വേറെ എന്തോരം സ്ഥലങ്ങള്‍ കാമ്പസിനകത്ത് ഉണ്ട്. പ്രിന്‍സിപ്പല്‍ പൂട്ടിയ യൂണിയന്‍ ഓഫീസ് തന്നെ വേണമെന്നു വാശി പിടിക്കുന്നത് എന്തിനാണ്? മാഗസിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളൊന്നും ഇതുവരെ അവര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോള്‍ പറയുന്നതെല്ലാം പിടിച്ചു നില്‍ക്കാനുള്ള കളവ് ആണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്?

അഭിമന്യു സ്മൃതിമണ്ഡപത്തിനു വേണ്ടി മതില്‍ പൊളിച്ചു

അഭിമന്യു സ്മൃതി മണ്ഡപത്തിന്റെ പേരിലും കോളേജില്‍ എസ്എഫ്ഐ അന്യായങ്ങള്‍ നടത്തുകയാണെന്നതാണ് മറ്റൊരു പരാതി. ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അഭിമന്യു സ്മൃതി മണ്ഡപം കാമ്പസില്‍ സ്ഥാപിച്ചിരുന്നു. സ്മൃതി മണ്ഡപം ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെയാണ് സ്ഥാപിച്ചതെന്നു ചൂണ്ടിക്കാട്ടി കെ എസ് യു ഹൈക്കോടതിയില്‍ റിട്ട് നല്‍കിയിരുന്നു. ഇതിന്മേല്‍ വാദം നടക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ പ്രിന്‍സിപ്പല്‍, കോളേജിലെ മറ്റ് ബന്ധപ്പെട്ട അധികാരികള്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ ചീഫ് ജസ്റ്റീസിന്റെ ബഞ്ച് വിമര്‍ശിച്ചിരുന്നു. സ്മൃതിമണ്ഡപം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതിലായിരുന്നു വിമര്‍ശനം. എത്രയും വേഗം സത്യവാങ്മൂലം നല്‍കാന്‍ വീണ്ടും നിര്‍ദശം നല്‍കിയിരിക്കുകയാണ്. ഇതിനിടയില്‍ തന്നെയാണ് സ്മൃതിമണ്ഡപം നില്‍ക്കുന്നതിന്റെ നേരെയുള്ള മതില്‍ പൊളിച്ച് അവിടെയൊരു ഗേറ്റ് സ്ഥാപിക്കാന്‍ എസ്എഫ്ഐ ഒരുങ്ങിയിരിക്കുന്നത്. സിപിഎം നേരിട്ട് നടത്തുന്ന കാര്യങ്ങളാണ് ഇപ്പോള്‍ കോളേജില്‍ നടക്കുന്നതെന്നാണ് ഈ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് കെഎസ് യു പറയുന്നത്. ഇപ്പോള്‍ തന്നെ കോളേജിന്റെ മുന്നില്‍ രണ്ട് ഗേറ്റുകള്‍ ഉണ്ട്. സെന്റിനറി ഓഡിറ്റോറിയത്തിന് അടുത്ത് ഒന്നും കുറച്ച് മാറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശിക്കാനായി മറ്റൊന്നും. കോളേജിന്റെ പിന്നിലും ഗേറ്റുണ്ട്. ഇതൊന്നും കൂടാതെയാണ് സ്മൃതിമണ്ഡപത്തിനു വേണ്ടി വീണ്ടും ഒരു ഗേറ്റ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. അങ്ങനെയൊരു ഗേറ്റ് വന്നാല്‍ സ്മൃതി മണ്ഡപത്തിനു മുന്നിലായി നില്‍ക്കുന്ന രണ്ട് മരങ്ങളും മുറിക്കേണ്ടി വരും. ഇതിനെല്ലാം ആരെങ്കിലും അനുമതി നല്‍കിയോന്നറിയില്ല. പക്ഷേ, എസ്എഫ്ഐ ഒരു കവാട നിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങളൊക്കെ തുടങ്ങിക്കഴിഞ്ഞു. അവര്‍ മതില്‍ പൊളിച്ചു. അവരുടെ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ കോളേജിന് അകത്തേക്ക് പ്രവേശിക്കുന്നതും ഇപ്പോള്‍ ഇതുവഴിയാണ്; കെഎസ് യു നേതൃത്വം ആരോപിക്കുന്നു.

കോളേജ് ഹോസ്റ്റല്‍ ക്രിമിനല്‍ കേന്ദ്രമാക്കുന്നു

മഹാരാജാസ് കോളേജില്‍ എസ്എഫ്ഐക്കെതിരെ ഉയരുന്ന മറ്റൊരാരോപണം കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ടാണ്. എസ്എഫ്ഐ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ പലതരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നതായാണ് ആരോപണം. കെ എസ് യു ജില്ല ഭാരവാഹികള്‍ അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍: ധാരാളം അനധികൃത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നിടമാണത്. മാരകായുധങ്ങളും മയക്കു മരുന്നുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആ ഹോസ്റ്റലില്‍ താമസിക്കുന്നത് മഹാരാജാസ് കോളേജില്‍ പഠിക്കുന്നവരല്ല. പുറത്തു നിന്നുള്ളവരാണ്. ലോ കോളേജില്‍ പഠിക്കുന്നവര്‍ ഉള്‍പ്പെടെ ഇവിടെയാണ് താമസിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ക്കെല്ലാം ഹോസ്റ്റലിലാണ് എസ്എഫ്ഐ സൗകര്യമൊരുക്കി കൊടുക്കുന്നത്. വാര്‍ഡനോ ആരൊക്കെ വരുന്നു, പോകുന്നുവെന്ന് പരിശോധിക്കാനോ ഒന്നുമുള്ള സംവിധാനമില്ല. ഡോ. ബീന എന്ന പ്രിന്‍സിപ്പല്‍ മാത്രമാണ് ഇക്കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്തിട്ടുള്ളത്. അവരോട് എസ്എഫ്ഐ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതുമാണ്. ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും ട്രാന്‍സ്‌ജെന്‍ഡറുകളെ ഉപയോഗിച്ചുള്ള ലൈംഗികതയും നടക്കുന്നുണ്ട്.

കോളേജിനുള്ളിലെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ജ. ഷംസുദ്ദീന്റെ സിറ്റിംഗ് എറണാകുളം റസ്റ്റ് ഹൗസില്‍ നടന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നതാണെന്നും കെ എസ് യു നേതാക്കള്‍ പറയുന്നു. വലിയ തോതിലുള്ള ആയുധശേഖരവും ഹോസ്റ്റലില്‍ എസ്എഫ്ഐ ഒളിപ്പിച്ചിട്ടുണ്ട്. പോലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് പലതവണ പരാതി നല്‍കിയിട്ടുള്ളതാണ്. റെയ്ഡ് നടത്തിയാല്‍ വലിയ തോതില്‍ ആയുധശേഖരം പിടിച്ചെടുക്കാന്‍ കഴിയും. പക്ഷേ, ഒരു നടപടിയും ഉണ്ടാകുന്നില്ല. എല്ലാം എസ്എഫ്ഐ പറയുമ്പോലെ നടക്കുകയാണ്. അവര്‍ക്കിടയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ പോലും പുറത്തേക്ക് വാര്‍ത്തയാകുന്നില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് എസ്എഫ്ഐക്കാരായിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ റൂമിനകത്ത് മറ്റു ചില പെണ്‍കുട്ടികളെ പൂട്ടിയിട്ടത്. എസ്എഫ്ഐ നേതൃത്വവുമായി തെറ്റി നില്‍ക്കുകയാണ് ആ വിദ്യാര്‍ത്ഥിനിയിപ്പോള്‍. അവര്‍ മുമ്പ് പഠിച്ചിരുന്ന കോളേജില്‍ യൂണിറ്റ് ഭാരവാഹിയും എസ്എഫ്ഐയുടെ ഏരിയ കമ്മിറ്റിയംഗവുമൊക്കെയായിരുന്നു. ഇപ്പോഴത്തെ സംസ്ഥാന നേതൃത്വവുമായി ഉണ്ടായ എന്തോ പ്രശ്‌നത്തിന്റെ പേരിലാണ് സംഘടനയില്‍ നിന്നും അകന്നു നില്‍ക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നം നടക്കുമ്പോള്‍ തന്നെയായിരുന്നു ഈ സംഭവവും. ഇതിന്റെ പേരില്‍ എസ് സി, എസ് ടി കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും ആ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുകയുമൊക്കെ ചെയ്തിരുന്നു. എസ്എഫ്ഐക്കിടയിലെ തമ്മില്‍ തല്ല് യൂണിവേഴ്‌സ്റ്റി  കോളേജിലെന്നപോലെ പലയിടത്തും നടക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചുകൊണ്ട് എസ്എഫ്ഐക്കാര്‍ പരസ്പരം ഏറ്റുമുട്ടി സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്- കെ എസ് യു നേതൃത്വം ആരോപിക്കുന്നു.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍