UPDATES

ഓഫ് ബീറ്റ്

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളില്‍ ഒന്ന് ഈടയാണ്; കണ്ണൂരില്‍

കണ്ണൂര്‍ വളപ്പട്ടണം പൊലീസ് സ്റ്റേഷനെയാണ് കേരളത്തിലെ ഒന്നാമത്തേയും രാജ്യത്തെ ഒമ്പതാമത്തേയും മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുത്തത്

കൊലപാതകത്തിന്റെയും അക്രമത്തിന്റെയും പകയുടെയും രാഷ്ട്രീയ കുരുതിക്കളം മാത്രമായി വാര്‍ത്തകളിലും സിനിമകളിലുമെല്ലാം കണ്ണൂര്‍ വീണ്ടും വീണ്ടും അടയാളപ്പെടുമ്പോള്‍, അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു സന്തോഷ വര്‍ത്തമാനം കഴിഞ്ഞ ദിവസം ഈ ജില്ലയ്ക്കുണ്ടായി. രാജ്യത്തിന്റെ മുന്നില്‍ കേരളത്തിന് അഭിമാനത്തോടെ നെഞ്ച് വിടര്‍ത്തിനില്‍ക്കാന്‍ പാകത്തിന് ഒരു വര്‍ത്തമാനം. അതെ, രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്.

പലരും അടയാളപ്പെടുത്തുന്നതുപോല അത്രമാത്രം രാഷ്ട്രീയാന്ധത നിറഞ്ഞ കുടിപ്പകയുടെ നാട്ടില്‍ ഒരു പൊലീസ് സ്‌റ്റേഷന്‍ രാജ്യത്തെ പത്ത് മികച്ച സ്റ്റേഷനുകളില്‍ ഇടം പിടിക്കുകയോ? അതും വളരെ ശാന്തമായ നല്ലൊരു ശതമാനം സ്‌റ്റേഷനുകളുള്ള ഇതര ജില്ലകള്‍ക്കൊന്നും കയ്യെത്തിപ്പിടിക്കാനാകാത്ത നേട്ടം! അതിശയിക്കേണ്ട… എങ്ങനെ വളപട്ടണം രാജ്യത്തെ മികച്ച ഒന്‍പതാമത്തെതും, കേരളത്തില്‍ ഒന്നാമത്തേതുമായ സ്റ്റേഷനായെന്ന് എസ്.ഐ ശ്രീജിത്ത് കൊടേരി തന്നെ പറയും.

കുറ്റാന്വേഷണമികവ്, ക്രമസമാധാന പരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംഘം വളപട്ടണത്ത് എത്തി. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി അവര്‍ അന്വേഷിച്ചു. ഒടുവില്‍ അവര്‍ മാര്‍ക്കിട്ടു. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന വളപട്ടണം പതുക്കെ ഒന്‍പതാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടത് കെട്ടിട സൗകര്യത്തിന്റേയും മോടിയുടേയും മറ്റും മാനദണ്ഡത്തിലാണ്. രണ്ടും, മൂന്നും നിലകളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനുകളാണ് ആദ്യത്തെ സ്ഥാനങ്ങളിലെത്തിയത്. രണ്ടര വര്‍ഷക്കാലത്തെ ഞങ്ങള്‍ അന്‍പത്തിനാല് പൊലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണിത്, എസ്.ഐ പറയുന്നു.

വളപട്ടണം എങ്ങനെ മികച്ച പൊലീസ് സ്റ്റേഷനായി?
കണ്ണൂരിലെ മണല്‍ മാഫിയയുടെ വിഹാര കേന്ദ്രം, മയക്കുമരുന്ന് വില്‍പന തകൃതിയായി നടക്കുന്ന ഇടം, ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി നിറഞ്ഞ പ്രദേശം, രാഷ്ട്രീയം കലര്‍ന്നതും അല്ലാത്തതുമായ നിരവധി തര്‍ക്കങ്ങളും, പ്രശ്‌നങ്ങളും പതിവായ ഇടം, ട്രാഫിക്ക് കുരുക്കില്‍ വലയുന്ന നഗരം ഇതൊക്കെയായിട്ടും എങ്ങനെ വളപട്ടണം പോലീസ് സ്റ്റേഷന് മികച്ചതാകാനായി?

അന്വേഷണങ്ങള്‍ ആഴത്തിലേക്കിറങ്ങുമ്പോള്‍ നിലവിലെ പോലീസ് സംസ്‌കാരത്തില്‍ നിന്നും ഈ സ്റ്റേഷന്‍ ഏറെ വ്യതിരിക്തത പുലര്‍ത്തുന്നുവെന്ന് മനസ്സിലാകും. പോലീസുകാരും ജനങ്ങളും തമ്മിലുള്ള അന്തരം ഏറെ കുറവാണെന്നതാണതില്‍ പ്രധാനം. കെട്ടിക്കിടക്കുന്ന പരാതികളില്ല. കേസുകളിലേക്ക് പോകുന്നതിന് മുമ്പുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങളാണേറെയും. അക്രമങ്ങളുണ്ടായാല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകും. അതുകൊണ്ടു തന്നെ ‘കൗണ്ടര്‍ അറ്റാക്കു’കളും കുറവ്. മദ്യ-ലഹരി ഉപയോഗങ്ങള്‍ക്കെതിരേ സന്ധിയില്ലാ പോരാട്ടം ശക്തമാണ്. ഇതിനാല്‍ തന്നെ വീട്ടമ്മമാരും കുട്ടികളുമെല്ലാം സംതൃപ്തര്‍. വളപട്ടണം സ്റ്റേഷന് മാര്‍ക്കിട്ടത് യഥാര്‍ഥത്തില്‍ ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ്.

രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ 30 ഓളം ചോദ്യങ്ങളുമായാണ് വളപട്ടണത്ത് വന്നിറങ്ങിയത്. പോലീസ് സ്റ്റേഷന്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളുടെ ലിസ്റ്റ് ശേഖരിച്ച ശേഷം 100 വീടുകളില്‍ സംഘം കയറിയിറങ്ങുകയായിരുന്നു. ക്രമസമാധാനപാലനം, ജനങ്ങളുമായുള്ള ഇടപെടല്‍, കേസന്വേഷണം, ശുചിത്വം തുടങ്ങിയവയായിരുന്നു ചോദ്യാവലിയിലിടംപിടിച്ചവ. ലഹരിക്കും മദ്യപാനികള്‍ക്കുമെതിരെയുള്ള കടുത്ത നടപടികളാണ് ജനങ്ങളെ കൂടുതല്‍ പോലീസുകാരുടെ ഇഷ്ടക്കാരാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

"</p

എസ്.ഐ ശ്രീജിത്ത് കൊടേരി

സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ തന്നെ നേരിട്ട് നടത്തുന്ന ഈ ഓപ്പറേഷന് വീട്ടമ്മമാരുടെ ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. ഒളിഞ്ഞും മറഞ്ഞുമുള്ള മദ്യപാനത്തിന്റേയും ലഹരികടത്തിന്റേയുമെല്ലാം വിവരങ്ങള്‍ വീട്ടമ്മമാരും പൊതുപ്രവര്‍ത്തകരുമെല്ലാം പലപ്പോഴും എസ് ഐയുടെ ഫോണിലേക്ക് തന്നെയാണ് വിളിച്ചറിയിക്കാറ്. ഏത് അര്‍ധരാത്രിയിലും വൈമനസ്യം കൂടാതെ ഫോണെടുക്കുന്ന എസ് ഐയും സംഘവും വിഷയങ്ങള്‍ പുഷ്പം പോലെ കൈകാര്യം ചെയ്യുന്നു. 2016ല്‍ ഇവിടെ മൊത്തം രജിസ്റ്റര്‍ ചെയ്ത 2643 കേസുകളില്‍ രണ്ടായിരവും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ടവയായിരുന്നു.

കൂടാതെ, പരാതിക്കാരെ പരിഗണിക്കുകയും കേസിലേക്ക് പോവാതെ ഒത്തുതീര്‍പ്പിനുള്ള വാതായനങ്ങള്‍ തുറക്കുകയും ചെയ്യുന്നുവെന്നത് ഇവിടുത്തെ പോലീസ് സംവിധാനത്തെ മികച്ചതാക്കുന്നുണ്ട്. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കു വേണ്ടി പ്രത്യേക പോലീസ് ടീം തന്നെ വളപട്ടണത്തുണ്ട്. രാഷ്ട്രീയ അക്രമ കേസുകളിലെ പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകുന്നുവെന്നത് കണ്ണൂര്‍ ജില്ലയില്‍ അക്രമങ്ങള്‍ പടരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. എന്നാല്‍, വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അക്രമി ആരായാലും പിടികൂടി സ്റ്റേഷനിലെത്തിക്കുകയെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് പോലീസുകാര്‍. അതുകൊണ്ടു തന്നെ തുടര്‍ അക്രമങ്ങള്‍ ഒഴിവായിക്കിട്ടുന്നു. നേരത്തെ നിരവധി കൊലപാതകങ്ങള്‍ നടന്ന വളപട്ടണത്ത് 2016 ഫെബ്രുവരിക്ക് ശേഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവിച്ചിട്ടേയില്ല. നിലവില്‍ അറുപത്തി രണ്ട് കേസുകള്‍ മാത്രമാണ് വളപട്ടണം സ്റ്റേഷനില്‍ തുമ്പാകാതെ കിടക്കുന്നത്.

ഇല്ലായ്കള്‍ ഇല്ലാതായത് കൂട്ടായ്മയുടെ കരുത്തില്‍
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനേയും പോലെ തന്നെ വളപട്ടണം സ്റ്റേഷനും ഇല്ലായ്മകള്‍ ഏറെയുണ്ടായിരുന്നു. ഫണ്ടിന്റെ അപര്യാപ്തതയായിരുന്നു ഇതിന് പ്രധാന കാരണം. എന്നാല്‍ ഈ പ്രതിസന്ധിയെ ഭംഗിയായി മറികടന്നുകൊണ്ടാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജനമൈത്രി പദ്ധതി പ്രകാരം സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകള്‍ക്കും കുറെ പുസ്തകങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവ അടുക്കി വെക്കാനിടമില്ല. വളപട്ടണത്ത് സ്റ്റേഷന് തൊട്ടടുത്ത സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മുന്‍കൈയ്യെടുത്ത് ലൈബ്രറി കെട്ടിടം നിര്‍മ്മിച്ചു നല്‍കി.

പൊതുജനങ്ങള്‍ക്ക് കുടിവെള്ളവും വായിക്കാന്‍ പുസ്തകവുമൊക്കെയായി മനോഹരമാക്കിയ ലൈബ്രറിക്ക് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. പൊടിപിടിച്ച് വൃത്തിഹീനമായ സ്റ്റേഷന്‍ പരിസരം നിലവില്‍ ഇന്റര്‍ലോക്ക് ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട്. കൂടാതെ, പൂന്തോട്ടവും സി സി ടി വി ക്യാമറകളുമൊക്കെയായി സ്‌റ്റേഷന്റെ മുഖച്ഛായതന്നെ മാറി. പാപ്പിനിശ്ശേരി, അഴീക്കോട്, ചിറക്കല്‍ ഭാഗങ്ങളിലെ സഹകരണ ബാങ്കുകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണിതെന്ന് എസ് ഐ വിശദീകരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള സൗകര്യവും പൊതുജന പങ്കാളിത്തത്തോടെ നവീകരിച്ചിട്ടുണ്ട്.

പൊലീസും കുറ്റവാളികളും തമ്മില്‍
മസില്‍ പവര്‍ കഴിവതും ഒഴിവാക്കി അനുനയ ശ്രമങ്ങളാണ് വളപട്ടണം എസ് ഐയും സംഘവും പലപ്പോഴും പയറ്റാറ്. ഹെല്‍മറ്റില്ലാത്ത ബൈക്ക് യാത്രക്കാരനെ പിടികൂടിയാല്‍ പതിനായിരം തവണ ഇമ്പോസിഷനെഴുതിക്കും. മയക്കുമരുന്നുകാര്‍ക്കും മദ്യപാനികള്‍ക്കുമെല്ലാം ശാസ്ത്രീയമായ രീതിയിലുള്ള ബോധവത്കരണ ശ്രമങ്ങള്‍ നടത്തുന്നതുകൊണ്ടുതന്നെ ഏറെക്കുറെ വിജയപാത തെളിക്കാനുമായിട്ടുണ്ട്. കുടുംബ സംഗമങ്ങളിലും കുടുംബശ്രീയുടെ പരിപാടികളിലുമെല്ലാം അംഗങ്ങളായി പോലീസുകാരുമെത്തി. സ്‌കൂളുകളില്‍ ബോധവത്കരണ ശ്രമങ്ങള്‍ പോലീസിന്റെ നേതൃത്വത്തില്‍ നടന്നു. അഴിമതിക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ തന്നെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തുന്നതുകൊണ്ട് അക്രമങ്ങളെ മുളയിലേ നുള്ളിക്കളയാനും പോലീസിന് കഴിയുന്നുണ്ട്.

കാലത്തിന് അനുസരിച്ച് പൊലീസ് മാറിയേ തീരൂ… ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍ക്ക് മേല്‍ കുതിര കേറാനും വിദ്യാര്‍ത്ഥികളെയും മറ്റും തല്ലിച്ചതയ്ക്കാനും കാണിക്കുന്ന താത്പര്യത്തിന്റെ പകുതിയെങ്കിലും മാനുഷികതയിലും ധാര്‍മ്മികതയിലും ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചേ മതിയാകൂ… ജനമൈത്രി പൊലീസ് തുറക്കുന്ന അനന്തമായ സാധ്യതകളെ ഒപ്പം ചേര്‍ത്താല്‍ നാടും, നാട്ടാരും പൊലീസിനോട് ഐക്യം പ്രഖ്യാപിക്കുകതന്നെ ചെയ്യും. പോലീസ് നന്നായാല്‍ ജനങ്ങളും നന്നാവും. നന്നാവുകയെന്നാല്‍ ജന മനസ്സിന്റെ മിടിപ്പറിഞ്ഞുകൊണ്ടുള്ള നന്നാവലാവണം. അല്ലാതെ, മസില്‍ പവറും ദുശ്ശാഠ്യവുമൊന്നും പുതിയ കാലത്ത് പ്രായോഗികമല്ല. വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരി പറയുന്നു.

സിനിമയും, പത്ര, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളുമൊക്കെ പറഞ്ഞു പരത്തിയ ചോരക്കറയുടെ കണ്ണൂരില്‍ തന്നെയാണ് വളപട്ടണം. കേരളത്തെ ഭീതിയിലാഴ്ത്തിയ ഐ.എസ് വിഷയം പോലും സമചിത്തതയോടെ കൈകാര്യം ചെയ്ത പൊലീസ് സ്‌റ്റേഷന്‍. ഏത് നട്ടപ്പാതിരായ്ക്കും ആര്‍ക്കും സുരക്ഷിതരായി വഴിനടക്കാന്‍ കഴിയുന്ന ഇടം. കാവലായി നമുക്ക് ചുറ്റുമുള്ളത് നമ്മുടെ മിത്രങ്ങള്‍ തന്നെ എന്ന വിശ്വാസം. അതേ… ഇതും കണ്ണൂരാണ്.

ഇങ്ങനേയുമൊരു പോലീസ് സ്റ്റേഷനോ? നെല്‍കൃഷി മുതല്‍ ലൈബ്രറി വരെ; കുറ്റവാളിക്ക് പകരം കുറ്റങ്ങളെ ശിക്ഷിക്കുന്ന നീതിപാലകരും

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍