UPDATES

ട്രെന്‍ഡിങ്ങ്

കൊടുങ്ങല്ലൂർ ഭഗവതിക്കാവിലെ പോർച്ചുഗീസ് മണി; കേരളീയ ആചാരാനുഷ്ഠാനങ്ങളിലെ രാഷ്ട്രീയ സ്വാധീനം: ഒരന്വേഷണം

മധ്യകാലത്തിന്റെ അവസാനം മുതല്‍ക്ക് സ്വരൂപങ്ങളുടെയും കൊളോണിയല്‍ ശക്തികളുടെയും രാഷ്ട്രീയവും അനുഷ്ഠാനപരവുമായ നിരന്തമായ ഇടപെടലുകള്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിനെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.

ഡോ. ഷിബി കെ

ഡോ. ഷിബി കെ

`ക്ഷേത്രങ്ങള്‍ എല്ലാ കാലത്തും പരിപാവനവും പരിശുദ്ധവുമായ ‘ഹൈന്ദവ’ കേന്ദ്രങ്ങളാണെന്ന ഏകപക്ഷീയമായ രാഷ്ട്രീയവാദത്തിന് ഇന്ന് ഏറെക്കുറെ അംഗീകരം ലഭിച്ചിട്ടുണ്ട്. കേരള സമൂഹത്തെക്കുറിച്ചും മതജീവിതത്തെക്കുറിച്ചുമുള്ള ചരിത്രനിര്‍മാണ പ്രക്രിയയിലുണ്ടായ അപനിര്‍മിതിയാണ് ഇത്തരത്തിലുള്ള ഒരു ആശയസംഘട്ടനത്തെ വഴിതിരിച്ചുവിട്ടത്. കേരളത്തിലെ ക്ഷേത്രലോകം പൂര്‍ണമായും പ്രാചീനകാലം മുതല്‍ക്കേ ബ്രാഹ്മണാധിപത്യത്താല്‍ പരിപാവനമാണെന്ന ചരിത്ര നിര്‍മാണമാണ് യഥാര്‍ത്ഥത്തില്‍ ഈ ‘ഹൈന്ദവ’ രാഷ്ട്രീയവാദങ്ങളുടെ തുടക്കം. അതാതു കാലങ്ങളിലെ ശക്തമായ രാഷ്ട്രീയ ഏജന്‍സികളായി ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതായി ചരിത്രപഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും, പലകാലങ്ങളിലായുണ്ടായ നിരന്തരമായ രാഷ്ട്രീയ ഇടപെടലുകളാല്‍ വിഭിന്നമായ മതവിഭാഗങ്ങളുടെ വൈജാത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയകേന്ദ്രങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങളെന്ന വാദം സാമ്പ്രദായികപഠനങ്ങള്‍ അംഗീകരിക്കാറില്ല. കേരളചരിത്ര നിര്‍മിതിയിലെ ഈ രാഷ്ട്രീയതാല്പര്യത്താലും ഇടപെടലാലുമാണ് ക്ഷേത്രങ്ങളിലെ ജൈന-ബൗദ്ധ അടയാളങ്ങളെക്കുറിച്ചും സാമൂഹികജീവിതത്തെക്കുറിച്ചും ഒരക്ഷരംപോലെ പറയാതെ കേരളചരിത്രം അടച്ചുവെയ്ക്കേണ്ടിവരുന്നത്. സാമ്പ്രദായിക കേരളചരിത്രപഠനങ്ങളില്‍ ശാസനങ്ങളും ചെമ്പോലലിഖിതങ്ങളുമായ ഉപദാനങ്ങള്‍ കഴിഞ്ഞാല്‍ ശേഷിക്കുന്നവയെല്ലാം ബ്രാഹ്മണരേഖകളാണ്. അതുകൊണ്ട് തന്നെ കേരളചരിത്രപഠനം ബ്രാഹ്മണ്യത്തിലൂന്നിയ ക്ഷേത്രസംസ്‌കാരത്തെക്കുറിച്ചാണ് പറഞ്ഞുവെച്ചിട്ടുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങള്‍ കൊളോണിയല്‍ കാലത്തുപോലും വിഭിന്ന മതവൈജാത്യങ്ങളാല്‍ വ്യവഹരിക്കപ്പെടുന്നുവെന്നും ‘ഹൈന്ദവ’വും ഏകപക്ഷീയവുമായ പരിശുദ്ധി ഒരുകാലത്തും ക്ഷേത്രങ്ങളില്‍ കാണുന്നില്ലെന്നതും അവയാകട്ടെ ഓരോ കാലത്തെയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും പ്രതിപ്രവര്‍ത്തനങ്ങളുടെയും ശക്തമായ കേന്ദ്രങ്ങളായിരുന്നുവെന്നതുമാണ് നമുക്ക് കാണാന്‍ കഴിയുക.

പ്രാചീനകാലം മുതല്‍ മധ്യകാലം വരെയുള്ള കൊടുങ്ങല്ലൂരിനെയും ഭഗവതിക്കാവിനെയും സംബന്ധിച്ചുള്ള സാംസ്‌കാരികവും ചരിത്രപരവുമായ നിരവധി അന്വേഷണങ്ങള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞിട്ടുണ്ട്. എ. ഡി. 800 മുതല്‍ കേരളം ഭരിച്ച ചേരമാന്‍ പെരുമാക്കന്‍മാരുടെ തലസ്ഥാനം എന്നു കരുതുന്ന ‘മാകോതെ’ അല്ലെങ്കില്‍ ഇന്നത്തെ കൊടുങ്ങല്ലൂര്‍ എന്ന നിലയിലും ചേരന്‍ ചെങ്കുട്ടുവന്‍ കണ്ണകിയെ കൊടുങ്ങല്ലൂരില്‍ പ്രതിഷ്ഠിച്ചു എന്ന നിലയിലുമെല്ലാം കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിനെ സംബന്ധിച്ചുള്ള ചരിത്രപഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുള്ളവയാണ്. എന്നാല്‍ ഏതാണ്ട് മധ്യകാലത്തിന്റെ തുടക്കത്തിലോ മറ്റോ എഴുതപ്പെട്ട ചിലപ്പതികാരത്തില്‍ വാഞ്ചി നഗരത്തില്‍ ചേരന്‍ ചെങ്കുട്ടുവന്‍ കണ്ണകിയെ പ്രതിഷ്ഠിക്കുന്നതായുള്ള സൂചന കഴിഞ്ഞാല്‍ കേരളചരിത്ര രേഖകളിലൊന്നിലും തന്നെ ഭഗവതിക്കാവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നമുക്ക് ലഭ്യമല്ല. മധ്യകാലത്തെ സന്ദേശകാവ്യങ്ങളിലുമൊക്കെ കാണുന്ന കുറുമ്പക്കാവും മഹാകാളിയും കഴിഞ്ഞാല്‍ ഭഗവതിക്കാവിനെ സംബന്ധിച്ച് സൂചനകളില്ല. ചെപ്പേടുകളില്‍ തിരുവഞ്ചക്കളത്തെക്കുറിച്ച് പറയുമ്പോഴും അതിനോട് ചേര്‍ന്നു കിടക്കുന്ന ഭഗവതിക്കാവ് പരാമര്‍ശിച്ചു കാണുന്നില്ല. പ്രാചീനവും മധ്യകാലവുമായ ഈ സൂചനകള്‍ കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിനെ സംബന്ധിച്ചുള്ള എല്ലാ ധാരണകളും വാമൊഴി പാരമ്പര്യത്തിലൂടെ വ്യവഹരിക്കപ്പെട്ടിട്ടുള്ളതാണ്. എന്തുതന്നെയാകിലും ‘തെറിപ്പാട്ടുകള്‍’ പാടി നൃത്തം ചെയ്ത് മഹാകാളിയെ പ്രീതിപ്പെടുത്തുന്ന ഭഗവതിക്കാവ് കേരളമൊട്ടാകെ വിഖ്യാതമാണ്.

മധ്യകാലത്തിന്റെ അവസാനം മുതല്‍ക്ക് സ്വരൂപങ്ങളുടെയും കൊളോണിയല്‍ ശക്തികളുടെയും രാഷ്ട്രീയവും അനുഷ്ഠാനപരവുമായ നിരന്തമായ ഇടപെടലുകള്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിനെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. സാമൂതിരിയും പോര്‍ച്ചുഗീസുകാരും കൊച്ചിരാജാക്കന്‍മാരും ഡച്ചുകാരും തിരുവിതാംകൂറും എല്ലാം മാറിയും മറഞ്ഞും കൊടുങ്ങല്ലൂരില്‍ ഭരണം നടത്തിയിട്ടുണ്ട്. അസ്ഥിരമായ ഈ രാഷ്ട്രീയ അന്തരീക്ഷം കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലെ അനുഷ്ഠാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പടിഞ്ഞാറേടത്ത് സ്വരൂപത്തിന്റെ കീഴിലാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവ് നിലനില്‍ക്കുന്നതെങ്കിലും പലപ്പോഴും മുകളില്‍ സൂചിപ്പിച്ച രാഷ്ട്രീയ സംഘങ്ങളോട് അടിയറവെച്ചുകൊണ്ടാണ് സ്വരൂപം ഓരോ കാലത്തും ഭരണം നടത്തിയിട്ടുള്ളത്. പോര്‍ച്ചുഗീസുകാരുടെ വരവിന്റെ കാലത്ത് പടിഞ്ഞാറേടത്ത് സ്വരൂപം സാമൂതിരിയോടൊപ്പമായിരുന്നു. അതേ സമയം മൈസൂര്‍പ്പടയുടെ സമയത്ത് സ്വരൂപം കൊച്ചിരാജാക്കന്‍മാരുടെ കീഴിലുമായിരുന്നു. ഏറിയസമയവും സാമൂതിരിയോട് കൂറുള്ള ഭൂപ്രഭുക്കന്‍മാരായിരുന്നു അവര്‍. ഈ രാഷ്ട്രീയ ബന്ധമാണ്് സാമൂതിരിയുടെ സൈനികരായ ‘ലോകരെ’ കുറുമ്പക്കാവിലെ ഭരണിവേലയില്‍ പ്രമാണിത്തം വഹിപ്പിക്കുന്നത്. മലബാറില്‍ നിന്നുള്ള വലിയൊരു വിഭാഗം തീര്‍ത്ഥാടകരും സാമൂതിരിയുടെ സൈനികകരായ നായര്‍-ഈഴവ വിഭാഗങ്ങളില്‍പ്പെട്ടവരായിരുന്നു. ഉത്തരകേരളത്തിലെ കളരികുടുംബമായ തച്ചോളിത്തറവാട്ടുകാര്‍ക്കും കാരമ്പിള്ളിക്കുറുപ്പന്‍മാര്‍ക്കും ഭരണിവേലയിലെ വിശേഷാധികാരം നേടികൊടുത്തത് സാമൂതിരിയുടെ കൊടുങ്ങല്ലൂര്‍വരെ നീളുന്ന രാഷ്ട്രീയസ്വാധീനമായിരിക്കണം. ശൈവര്‍ക്കും വൈഷ്ണവര്‍ക്കും ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും തുടങ്ങി എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാധാന്യമുള്ള ഈ നഗരത്തിലെ കുറുമ്പക്കാവിനെ കേന്ദ്രീകരിച്ച് നടക്കുന്ന പോര്‍ച്ചുഗീസ് ഇടപെടലുകളെക്കുറിച്ചുള്ള അന്വേഷണഫലമാണ് ഈ ലേഖനം.

മധ്യകാലത്തിന്റെ അവസാനം മുതല്‍ക്ക് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്ട്രീയാന്തരീക്ഷം കുറുമ്പക്കാവിലെ അനുഷ്ഠാനതലത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നും പോര്‍ച്ചുഗീസുകാര്‍ വരുമ്പോള്‍ പടിഞ്ഞാറേടത്ത് സ്വരൂപം സാമൂതിരിയോടൊപ്പവുമായിരുന്നുവെന്നും മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൊച്ചി തുറമുഖത്തില്‍ പോര്‍ച്ചുഗീസുകാര്‍ ആദ്യം പാണ്ടികശാലയും പിന്നീട് അവയെ സംരക്ഷിക്കാനെന്ന് പറഞ്ഞ് കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് ഒരു കോട്ടയുണ്ടാക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടാകുമ്പോഴേക്കും കൊടുങ്ങല്ലൂരിലെ രാഷ്ട്രീയ-മത-വാണിഭ സാഹചര്യം മുഴുവനായും ഇങ്ങനെ അവര്‍ക്ക് അടിമപ്പെടുകയായിരുന്നു. മതപരവും രാഷ്ട്രീയപരവുമായ ഈ പോര്‍ച്ചുഗീസ് സ്വാധീനം കൊച്ചിയെ ആകമാനം പ്രകമ്പനം കൊള്ളിച്ചിട്ടുണ്ട്. ഈ പ്രകമ്പനം കോട്ടപ്പുറത്തു നിന്നും ഏതാനം മൈലുകള്‍ മാത്രം അകലെയുള്ള കുറുമ്പക്കാവിനെയും ബാധിച്ചിട്ടുണ്ട്. കാവിന്റെ ശ്രീകോവിലിന്റെ പടിഞ്ഞാറേനടയില്‍ ഒരു പള്ളിമണി തൂക്കിയിട്ടിട്ടുണ്ട്

ഏകദേശം 50 സെ. മീ. വായ് വട്ടവും 60 സെ. മീ. നീളവും വരുന്ന ആ പള്ളിമണിയുടെ നടുക്കായി IHS എന്ന ലാറ്റിന്‍ മുദ്രാക്ഷരം രേഖപ്പെടുത്തിയിട്ടുണ്ട്. SEIA-OSANTISSIMO-NOME-DEIESVS-LOVVADO എന്ന പോര്‍ച്ചുഗീസ് അക്ഷരങ്ങള്‍ മണിയുടെ മുകളിലായി ആലേഖനം ചെയ്തിട്ടുണ്ട്്. ‘വലിയവനായ ജീസസിന്റെ നാമത്തില്‍’ എന്ന അര്‍ത്ഥം വരുന്ന പോര്‍ച്ചുഗീസ് പദങ്ങളാണവ. ഈ പദങ്ങളുടെ താഴെയായി കുരുശിന്റെ ഒരു ചെറിയരൂപവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഓടുകൊണ്ട് പണിത ഈ മണിയില്‍ ദൈവനാമത്തില്‍ കവിഞ്ഞ് മണി എവിടെ നിന്നുണ്ടാക്കിയെന്നോ ആരു ദാനം ചെയ്തെന്നോ ഏതുവര്‍ഷം ദാനം ചെയ്യപ്പെട്ടെന്നോ അറിയാനുള്ള സൂചനകളൊന്നുമില്ല. മധ്യകാലത്തിന്റെ അവസാനത്തില്‍ യൂറോപ്പിലാകമാനം പള്ളികള്‍ പുതുക്കിപ്പണിയുമ്പോള്‍ അവരുടെ കോളനികളിലെ മതപ്രചാരണങ്ങള്‍ക്കായി പഴയ പള്ളിമണികള്‍ കൊണ്ടുവന്നിരുന്നതായിട്ട് നമുക്ക് ധാരാളം സൂചനകളുണ്ട്. പല പള്ളികള്‍ക്കും പോര്‍ച്ചുഗലില്‍ നിന്ന് ഇറക്കുമതി ചെയ്ത വലിയ റത്താളുകളും തിരുരൂപങ്ങളും സൗജന്യമായി നല്‍കുന്നുണ്ട്. കുറുമ്പക്കാവിലെ പടിഞ്ഞാറേനടയിലെ ഈ പള്ളിമണി, അത്തരത്തില്‍ യൂറോപ്പില്‍ നിന്നും കപ്പല്‍ കടന്നുവന്ന പോര്‍ച്ചുഗീസ് മണിയാകാനേ സാധ്യതയുള്ളു. കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലേക്ക് ഒരു മണി ദാനം നല്‍കിയതായി ഉദയംപേരൂര്‍ പള്ളിയിലെ ഒരു ഐതിഹ്യവും പറയുന്നുണ്ട്. ആ മണിയില്‍ ‘ഉദയംപേരൂര്‍ പള്ളിവക’ എന്നെഴുതിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

ക്രിസ്ത്യന്‍ പള്ളികളില്‍ കാണുന്നവിധത്തിലുള്ള ചുമര്‍ച്ചിത്രങ്ങളും കാവിന്റെ ശ്രീകോവിലിനോട് ചേര്‍ന്നുള്ള ചുമരുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. മത്സ്യങ്ങള്‍, കോഴികള്‍, കടുവ, മാന്‍, കുതിര, വേട്ടക്കാരന്‍ തുടങ്ങിയ രൂപങ്ങള്‍ വെള്ള, പച്ച, ചുവപ്പ്, നീല, മഞ്ഞ, ഓറഞ്ച് തുടങ്ങിയ നിറങ്ങളാലാണ് അവിടെ ചിത്രീകരിച്ചിട്ടുള്ളത്. കറുത്ത ശിലകൊണ്ടുണ്ടാക്കിയ ഈ ചുമരുകള്‍ കോറിയെടുത്താണ് ഈ വിവിധ രൂപങ്ങള്‍ വരച്ചെടുത്തിട്ടുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മധ്യകാല ചുമര്‍ചിത്ര പാരമ്പര്യത്തില്‍ നിന്നും വാസ്തുഘടനയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണ് ഈ ചുമര്‍ ചിത്രങ്ങളെല്ലാം. ശൈവ-വൈഷ്ണവവുമായോ കാവിലെ മഹാകാളിയുമായോ ഒരു ബന്ധവുമില്ലാത്തതാണ് ആ ചിത്രങ്ങളുടെയെല്ലാം പ്രമേയം. ദേവീദേവന്‍മാരുടെ രൂപങ്ങളും പുരാണകഥകളുമാണ് പൊതുവെ ക്ഷേത്രങ്ങളില്‍ ചിത്രീകരിക്കപ്പെടാറുള്ളത്. ശിവന്‍, വിഷ്ണു, ശാസ്താവ്, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ദുര്‍ഗ്ഗ, ഭദ്രകാളി തുടങ്ങിയ രൂപങ്ങളാണ് അവയില്‍ പ്രധാനം. എന്നാല്‍ പഴയ ക്രിസ്ത്യന്‍ പള്ളികളില്‍ കാണുന്ന ചുമര്‍ചിത്രങ്ങളാലും റിലീഫുകളാലും സ്വാധീനിക്കപ്പെട്ട രൂപങ്ങളാണ് കുറുമ്പക്കാവിലുള്ളത്. പള്ളികളില്‍ കാണുന്ന നിറങ്ങളാണ് അവയ്ക്കെല്ലാം നല്‍കിയിട്ടുള്ളത്. ചുമരില്‍നിന്ന് അല്പം ഉയര്‍ന്നു നില്‍ക്കുന്നവയും ചിത്രങ്ങള്‍പോലെ നിറങ്ങള്‍ നല്‍കി സംവിധാനം ചെയ്യുന്നതുമായ പള്ളികളില്‍ കാണുന്ന അര്‍ദ്ധറിലീഫുകളാണ് കാവിലെ ചുമരുകളിലെ ആ ചിത്രങ്ങള്‍. ഗൗരവമായ മതാത്മക ശൈലിയും പാശ്ചാത്യ വിഗ്രഹസ്വഭാവവും പള്ളികളിലെ ഈ അര്‍ദ്ധറിലീഫുകളില്‍ കാണാറില്ല. ക്രിസ്തുവിനോടു ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് പ്രാധാന്യമെങ്കിലും സാധാരണവും അക്രൈസ്തവവുമായ ധാരാളം വിഷയങ്ങള്‍ ഇവയില്‍ ആലേഖനം ചെയ്യപ്പെടുന്നത് കാണാം.  അഭ്യാസികള്‍, പട്ടാളക്കാര്‍, കടുവയെ പരിശീലിപ്പിക്കുന്നത്, കടുവ മനുഷ്യനെ തിന്നുന്നത്, കുതിരകള്‍, മത്സ്യങ്ങള്‍, കോഴികള്‍, കടുവ, മാന്‍, കുതിര, വേട്ടക്കാരന്‍ തുടങ്ങിയ രൂപങ്ങള്‍ അവയില്‍ ആവര്‍ത്തിച്ച് വരുന്നുണ്ട്. കോട്ടയം ചെറിയപള്ളി, കോതമംഗലം ചെറിയപള്ളി, അകപറമ്പ് പള്ളി, രാമപുരം പള്ളി, പാല വലിയപള്ളി, കടമറ്റം, കടതുരുത്തി പഴയപള്ളി തുടങ്ങിയ പള്ളികളില്‍ ചുമര്‍ച്ചിത്രങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിക്കപ്പെട്ടവയാണ്. ഈ റിലീഫുകള്‍ കേരളത്തിലെ പള്ളികളില്‍ പരിചയപ്പെടുത്തുന്നത് പോര്‍ച്ചുഗീസുകാരാണ്. ഇത്തരത്തില്‍ സാധാരണ വിഷയങ്ങളായ കടലും, മത്സ്യങ്ങളും, തോക്കു പിടിച്ച് കടുവയെ വെടിവെയ്ക്കാനോങ്ങുന്ന വേട്ടക്കാരനുമെല്ലാമാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലെ ചുമര്‍ച്ചിത്രങ്ങളിലെ പ്രമേയങ്ങള്‍

തോക്കുചൂണ്ടുന്ന ഒരു വേട്ടക്കാരന്‍ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാവിലെ ചുമര്‍ചിത്രത്തില്‍ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കാവിനകത്തെ പുറത്തുനിന്നുള്ള ഇടപെടല്‍ കാരണം തന്നെയാവണം അവ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാവുക. കുറച്ചുകൂടി കൃത്യമായി പറയുകയാണെങ്കില്‍ കാവിലെ പോര്‍ച്ചുഗീസുകാരുടെ ഇടപെടലാവണം ആ ചിത്രങ്ങളുടെയെല്ലാം ആധാരം. കണ്ണൂരിലെ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലും ഇത്തരത്തിലുള്ള പോര്‍ച്ചുഗീസ് ചുമര്‍ചിത്രങ്ങള്‍ പണ്ഡിതര്‍ നേരത്തെതന്നെ ശ്രദ്ധിച്ചിട്ടുണ്ട്. കോട്ടും തൊപ്പിയും ധരിച്ച് കുതിരയെ ഓടിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് കണ്ണൂരിലെ കുറുമ്പക്കാവില്‍ പ്രധാനം (രേഖാചിത്രം 3). ഈ ചിത്രങ്ങളുടെ അതേ ശൈലിയില്‍തന്നെയാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലും ചുമര്‍ചിത്രങ്ങള്‍ രൂപകല്‍പന നടത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലെ തോക്കുപിടിച്ച് കടുവയെ വെടിവെയ്ക്കാനോ അല്ലെങ്കില്‍ പരിശീലിപ്പിക്കാനോ ശ്രമിയ്ക്കുന്ന മനുഷ്യന്റെ കണ്ണുകളും കണ്ണൂരിലെ കുറുമ്പക്കാവിലെ കുതിരയെ ഓടിക്കുന്ന മനുഷ്യന്റെ കണ്ണുകളും കൃഷ്ണമണി ഒരുവശത്തേക്ക് ചേര്‍ന്നിരിക്കുന്ന രീതിയില്‍ ഒരറ്റ ശൈലിയിലാണ് ചിത്രീകരിച്ചിരിച്ചത്.

കൊടുങ്ങല്ലൂര്‍ ഭഗവതിയെ സംബന്ധിച്ച് തോമാ ശ്ലീഹയുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു ഐതിഹ്യം നിലവിലുണ്ട്. ഭഗവതിയുടെ ശ്രീകോവിലിന്റെ വാതില്‍ പകുതി തുറന്ന രൂപത്തിലാണുള്ളത്. കൊടുങ്ങല്ലൂര്‍ ഭഗവതി തോമസ് ശ്ലീഹയുമായി മതപരമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുവെന്നും ഹിന്ദുമതത്തെക്കുറിച്ചുളള സംവാദത്തില്‍ ഭഗവതി തോമസ് ശ്ലീഹയോടു തോല്‍ക്കുകയും ശേഷം ഭഗവതി കൊടുങ്ങല്ലൂര്‍ പുഴയിലേക്ക് ചാടി കാവിലെത്തി വാതിലടച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നാലെ പുണ്യാളന്‍ ഓടിചെല്ലുകയും ഭഗവതിയുടെ ശ്രീകോവിലിന്റെ വാതിലിനിടയില്‍ കാല്‍ തിരുകിവെക്കുകയും അങ്ങനെ ഭഗവതിക്ക് വാതിലടയ്ക്കാന്‍ സാധിക്കാതെ വരികയുമുണ്ടായി എന്നാണ് ഐതിഹ്യം. ഇത്തരത്തില്‍ ക്രിസ്തുമതത്തിന്റെ സ്വാംശീകരണത്തിന്റെ അടയാളങ്ങള്‍ പോര്‍ച്ചുഗീസുകാരുടെ വരവിന് മുമ്പുതന്നെ കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിനെ കേന്ദ്രീകരിച്ച് നിലനില്‍ക്കുന്നുണ്ട്. ഈ ഐതിഹ്യവും ഒരര്‍ത്ഥത്തില്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലേക്കുള്ള പോര്‍ച്ചുഗീസുകാരുടെ മതപരമായ സ്വാംശീകരണത്തിന്റെയും പ്രചാരണത്തിന്റെയും വഴികള്‍ എളുപ്പമാക്കുകയായിരുന്നു.

പോര്‍ച്ചുഗീസുകാരുമായി അഭേദ്യമായ ബന്ധം തുടക്കത്തിലേ പുലര്‍ത്തിയ നാട്ടുരാജ്യങ്ങളില്‍ രാഷ്ട്രീയ-സാമൂഹിക-മതപരമായ ജീവിതചര്യകളില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ തുടക്കം കുറിക്കുകയുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് കോലത്തുനാട്ടിലെയും കൊച്ചിയിലെയും കൊല്ലത്തെയുമെല്ലാം അനുഷ്ഠാനത്തിലും മതപരമായ ചടങ്ങുകളിലുമെല്ലാം പോര്‍ച്ചുഗീസ് വഴക്കങ്ങള്‍ ആവേശിക്കപ്പെട്ടതായി കാണാം. ഉത്തരമലബാറിലെ അനുഷ്ഠാന നൃത്തമായ ‘തെയ്യ’ത്തില്‍ വരെ അവ കാണാം. ‘പാതിരി തെയ്യം’ കോലത്തു നാട്ടിലെ പോര്‍ച്ചുഗീസ് സ്വാധീനവലയത്താല്‍ സൃഷ്ടിച്ചതാണ്‌. കോലത്തു നാട്ടിലെ പല ക്ഷേത്രങ്ങളിലും മുകളില്‍ വിശദീകരിച്ച പോലെയുള്ള പോര്‍ച്ചുഗീസ് പള്ളിമണികള്‍ കാണാന്‍കഴിയും. സാമൂതിരിയുടെ ഗുരുവായൂര്‍ ക്ഷേത്രത്തിലും ഇത്തരത്തിലുള്ള പോര്‍ച്ചുഗീസ് മണിയാണ് കാണുന്നത്. കൊച്ചി രാജ്യത്തിലാകട്ടെ രാജാവിനെ വാഴിക്കുന്നത് തന്നെ മട്ടാഞ്ചേരിയിലെ പോര്‍ച്ചുഗീസ് പള്ളിമേടയില്‍ വെച്ചായിരുന്നു. സാമൂതിരിയോടുള്ള നൂറ്റാണ്ടുകളായുള്ള അടിയറവിന്റെ പകയെ ഭേദിക്കാന്‍ പോര്‍ച്ചുഗീസ്‌കാര്‍ക്ക് പാണ്ടികശാലയും കോട്ടയും പള്ളിയും പണിതുകൊടുത്താണ് കൊച്ചി സ്വന്തം അംഗബലം ഉറപ്പിച്ചത്. പോര്‍ച്ചുഗീസുകാരുമായുള്ള കെട്ടുറപ്പിനുശേഷവും വടക്കുനിന്ന് സാമൂതിരിയുടെ നിരന്തരമായ ആക്രമണം കൊച്ചിയുടെ മുകളില്‍ നടന്നിട്ടുണ്ട്.

പലപ്പോഴും സാമൂതിരിയുടെ ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കാനായി, പോര്‍ച്ചുഗീസുകാരെ ക്ഷേത്രങ്ങളിലെ സങ്കേതങ്ങളില്‍ പാര്‍പ്പിക്കുന്നതായി കാണാം. ഇളങ്കുന്നപ്പുഴ ക്ഷേത്രത്തിന്റെ സങ്കേതത്തിനകത്ത് പോര്‍ച്ചുഗീസുകാരെ കയറ്റി സാമൂതിരിയില്‍ നിന്നും സംരക്ഷിക്കുന്നതായുള്ള രേഖകളുണ്ട്. കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലും യുദ്ധാവസരങ്ങളില്‍ പോര്‍ച്ചുഗീസുകാര്‍ക്ക് അഭയം നല്‍കുന്നതായി രേഖകളുണ്ട്. കൊച്ചി രാജാവിന്റെ ഈ രാഷ്ട്രീയ അകമ്പടിയാണ് വലിയ തോതിലുള്ള പോര്‍ച്ചുഗീസ് മതപരിവര്‍ത്തനങ്ങള്‍ക്ക് ഒത്താശ നടത്തിയത്. മുസ്ലീങ്ങളും നായന്‍മാരും ബ്രാഹ്മണരുമടങ്ങുന്ന വലിയ വിഭാഗം സ്ത്രീകളും മതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായതും പോര്‍ച്ചുഗീസ് ജീവിതം നയിക്കപ്പെടുന്നതും രാജകീയമായ ഈ അകമ്പടിയോടെയാണ്. മതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയരായ ജനവിഭാഗങ്ങളുടെ ബന്ധുജനങ്ങള്‍ ഹിന്ദുമതം തന്നെ തുടരുകയാണ് ചെയ്യുന്നത്. പരിവര്‍ത്തനം ചെയ്തുവെങ്കിലും പലപ്പോഴും പഴയ അനുഷ്ഠാനങ്ങള്‍ അവര്‍ തുടരുന്നതായി കാണാം. അതുകൊണ്ടാവണം പരിവര്‍ത്തനം ചെയ്യപ്പെട്ടവരും അവരുടെ ഹൈന്ദവബന്ധുജനങ്ങളും തമ്മില്‍ ബന്ധം പുലര്‍ത്താതിരിക്കാനുള്ള കര്‍ശനമായ നിയമങ്ങള്‍ പോര്‍ച്ചുഗീസ് വൈസ്രോയി കൊണ്ടുവരുന്നത്. അങ്ങനെയാണ് 16-17 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗീസ്‌കാരുടെ ഇവിടത്തെ അനുഷ്ഠാനങ്ങളുമായുള്ള കലര്‍പ്പിന്റെ ഭാഗമായും മതപ്രചാരണങ്ങളുടെയും രാഷ്ട്രീയസ്വാധീനങ്ങളുടെയും ശക്തമായ അടയാളങ്ങളായി കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവിലെ പള്ളിമണിയും ചുമര്‍ചിത്രങ്ങളും നിലനില്‍ക്കുന്നത്.

നായര്‍, ഈഴവര്‍, മണ്ണാന്‍മാര്‍, വേലന്‍മാര്‍, ആശാരിമാര്‍, മുക്കുവര്‍, പുലയര്‍ തുടങ്ങിയ ജാതിവിഭാഗങ്ങളിലുള്ള തീര്‍ത്ഥാടകര്‍ക്ക് വളരെ പ്രാധാന്യമുള്ള ഇടമാണ് കൊടുങ്ങല്ലൂര്‍ ഭഗവതിക്കാവ്. സാമ്പ്രദായികമായി ‘അടികള്‍’ എന്നു പറയുന്ന അബ്രാഹ്മണ ജാതിവിഭാഗമാണ് ഈ കാവിലെ ശാന്തിക്കാര്‍. വളരെ കുറഞ്ഞ ഭൂമി മാത്രമാണ് കാവിന്റെ കൈവശത്തിലുള്ളത്. കാവിലെ പൂജയും ഉടമസ്ഥതയുമൊന്നും ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലുള്ളതോ സമ്പ്രദായത്തിലുള്ളതോ ആയിരുന്നില്ല. കാവിന്റെ ഉടമസ്ഥരായ പടിഞ്ഞാറേടത്ത് സ്വരൂപത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ബലക്ഷയവും പോര്‍ച്ചുഗീസ് ഇടപെടലിനുള്ള സാധ്യത എളുപ്പത്തില്‍ ഒരുക്കിക്കാണണം. മലബാറിലെ പല അബ്രാഹ്മണ ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള പോര്‍ച്ചുഗീസ് മതപ്രചാരണങ്ങള്‍ നടന്നതായി കാണാം.

പോര്‍ച്ചുഗീസ്‌കാര്‍ക്കു ശേഷം ഡച്ചുകാരുമായും നിരന്തരമായ പോരാട്ടങ്ങള്‍ സാമൂതിരി തുടരുന്നുണ്ട്. ഡച്ചുകാരുടെ കാലത്ത് ഭഗവതിക്കാവ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിലും പിന്നീട് 1792ല്‍ മലബാര്‍ ജോയിന്റ് കമ്മീഷന്റെയും ഭാഗമായി. ബ്രിട്ടീഷ് ഭരണകാലത്ത് ബലികര്‍മ്മങ്ങള്‍, തെറിപ്പാട്ടുകള്‍ തുടങ്ങിയ അനുഷ്ഠാനതലങ്ങളിലുമെല്ലാം ഏറിയും കുറഞ്ഞും നിരോധനങ്ങള്‍ ഉണ്ടായി. ഇപ്പോഴും ഈ അനുഷ്ഠാനങ്ങളുടെയെല്ലാം തിരുശേഷിപ്പുകള്‍ കാവില്‍ നിലനില്‍ക്കുന്നുണ്ട്. പടിഞ്ഞാറേ നടയിലെ പള്ളിമണിയും ചുമര്‍ചിത്രങ്ങളും ഇന്ന് കാവിന്റെ ഭാഗമായിത്തന്നെ തുടരുന്നുണ്ട്. ടിപ്പുവിന്റെ പടയോട്ടസമയത്ത് മണിയടിച്ച് പടയാളികളെ ഓടിച്ച് കാവിനെ സംരക്ഷിച്ചുവെന്ന ഐതിഹ്യത്തോടെയാണ് പടിഞ്ഞാറേ നടയില്‍ ആ മണി നെഞ്ചുറപ്പോടെ ഇന്ന് നില്‍ക്കുന്നത് എന്നു മാത്രം.

രാഷ്ട്രീയ ഇടപെടലുകളാല്‍ ജൈന-ബൗദ്ധ ദേവാലയങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളായും മുസ്ലീം ആരാധനാലയങ്ങള്‍ ഹൈന്ദവ ക്ഷേത്രങ്ങളായും ഹൈന്ദവ ക്ഷേത്രങ്ങള്‍ മുസ്ലീം ആരാധനാലയങ്ങളായും മാറിയും മറഞ്ഞും ചരിത്രത്തില്‍ വരുന്നുണ്ട്. ഇതില്‍ ഏറിയപങ്കും ദേവാലയങ്ങള്‍ മധ്യകാലത്ത് ശൈവ-വൈഷ്ണവ ഭക്തിയുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ളവയാണ്. ഈ ചരിത്ര പ്രക്രിയയില്‍ കാഞ്ഞൂര്‍ അപ്പനും കൊരട്ടി മുത്തിയുമൊക്കെയായി ക്രൈസ്തവദേവാലയങ്ങളില്‍ യേശുവും കന്യാമറിയവും മാറുകയും വിളക്കും മാലയും ദിവ്യബലിയും തുടങ്ങിയ അനുഷ്ഠാനങ്ങളും ക്രൈസ്തവദേവാലയങ്ങളിലേക്ക് കയറിവരികയും ചെയ്യുന്നുണ്ട്. മതങ്ങളും അനുഷ്ഠാനങ്ങളും എല്ലാ കാലത്തും തനത് രാഷ്ട്രീയ താല്പര്യങ്ങളാല്‍ ഉടലെടുക്കുകയും മാഞ്ഞുമറയുകയും ചെയ്യുമെന്നാണ് ഈ അന്വേഷണത്തില്‍ മനസിലാകുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍