UPDATES

സഖാവ് ബാലയില്‍ പ്രഭാകരന്‍; ഈ ചിത്രം ഇനി വരുന്ന തലമുറകള്‍ക്ക് പ്രചോദനമാണ്, എന്തുകൊണ്ടെന്നാല്‍…

കഴിഞ്ഞ ദിവസം അന്തരിച്ച പുന്നപ്ര-വയലാര്‍ സമരസേനാനി സഖാവ് ബി.വി പ്രഭാകരനെ ഓര്‍ക്കുമ്പോള്‍

പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ ആദ്യ അനുസ്മരണം എങ്ങനെയായിരുന്നുവെന്ന് അറിയാമോ? ആള്‍ക്കൂട്ടവും പുഷ്പാര്‍ച്ചനയും മുദ്രാവാക്യം വിളികളും നേതാക്കന്മാരുടെ പ്രസംഗവും എല്ലാം ഉണ്ടായിരുന്നോ? വ്യക്തതയില്ല. എന്നാല്‍ എസ്എല്‍ പുരം സദാനന്ദന്‍ ഒരുകാര്യം പറയുന്നുണ്ട്; “1946 ഒക്ടോബര്‍ 26-നായിരുന്നു മാരാരിക്കുളത്ത് വെടിവപ്പ് നടന്നത്. പിറ്റേദിവസമായിരുന്നു വയലാറില്‍ പട്ടാളമിറങ്ങിയത്. 1947 ഒക്ടോബര്‍ 26, മാരാരിക്കുളത്ത് വെടിവപ്പ് നടന്നിട്ട് ഒരു വര്‍ഷം തികയുന്ന നാള്‍. ഞങ്ങള്‍ കുറച്ച് ചെറുപ്പക്കാര്‍ വെടിവപ്പ് നടന്ന സ്ഥലത്തേക്ക് പോയി. എനിക്കന്ന് 19 വയസാണ് പ്രായം. വെടിവപ്പ് നടന്നിടത്ത് അനുസ്മരണ സമ്മേളനമോ മറ്റോ ഉണ്ടോയെന്നറിയാനായിരുന്നു. അവിടെ ആരുമുണ്ടായിരുന്നില്ല. വെടിവപ്പ് നടന്നിടത്തേക്ക് പോകാന്‍ തന്നെ ആളുകള്‍ക്ക് ഒരുതരം ഭയമായിരുന്നു. ഞങ്ങള്‍ ഒരു വഴപ്പിണ്ടി വെട്ടി ശരിയാക്കി, മരോട്ടിക്ക പകുതി മുറിച്ചെടുത്തു, വാഴപ്പിണ്ടിയില്‍ ഒരു ഈര്‍ക്കിള്‍ വളച്ച് കുത്തി അതില്‍ മാരോട്ടിക്ക മുറി വച്ച് ഒരു തിരിയിട്ട് ആ മണ്ണില്‍ തെളിയിച്ചു…”; എസ്എല്‍ പുരം സദാനനന്ദന്‍ തന്റെ ഓര്‍മകള്‍ പങ്കുവച്ചത് ഇന്നലെ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്ത് മാധ്യമപ്രവര്‍ത്തകന്‍ സബീഷ് മണവെള്ളി പറയുന്നത്, വയലാര്‍ വിപ്ലവത്തിലെ പോരാളി, സഖാവ് ബാലയില്‍ പ്രഭാകരന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു.

സഖാവ് ബാലയില്‍ പ്രഭാകരന്‍ എന്ന ബി.വി പ്രഭാകരന്‍. ഈ പേര് എത്രപേര്‍ തിരിച്ചറിയുമെന്നറിയില്ല, എന്നാല്‍ 2017 ഒക്ടോബര്‍ 27 ന് (തുലാമാസം പത്താം തീയതി) വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ വാരിക്കുന്തമേന്തിയ പോരാളിയുടെ പ്രതിമയ്ക്കു മുന്നില്‍, തന്റെ പ്രായത്തിന്റെ അവശതകള്‍ മറന്ന്, ഒരു കമ്യൂണിസ്റ്റുകാരന്റെ വീറോടെ, താന്‍ കടന്നു വന്ന ജീവിതാനുഭവങ്ങളുടെ മുഴുവന്‍ വികാരവിക്ഷുബ്ദതയോടെ, വലതു കൈയുയര്‍ത്തി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ഒരു വയോവൃദ്ധന്റെ ചിത്രം എല്ലാവരുടെയും മനസില്‍ ഉണ്ടായിരിക്കും; അതു തന്നെയാണ് സഖാവ് ബാലയില്‍ പ്രഭാകരന്‍. ആ സഖാവ് പ്രഭാകരന്‍ തന്റെ 94-ആം വയസില്‍ ചൊവ്വാഴ്ച നിര്യാതനായി. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കയര്‍ഫാക്ടറി തൊഴിലാളി യുനിയന്‍ (സിഐടിയു) ചേര്‍ത്തല താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സഖാവ്, പുന്നപ്ര -വയലാര്‍ സമരത്തെ തുടര്‍ന്ന് ജയില്‍വാസവും അനുഷ്ഠിച്ചു. കുടികിടപ്പ് സമരത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചതിനെ തുടര്‍ന്ന് ഭീകരമായ പോലീസ് മര്‍ദ്ദനത്തിനും ഇരയായി.

കേരളത്തിന്റെ രാഷ്ട്രീയചരിത്ര മണ്ഡലത്തില്‍ പുന്നപ്ര-വയലാര്‍ സമരത്തെ രണ്ട് തരത്തിലാണ് കാണുന്നത്. ഒരു വിഭാഗം അതൊരു അനാവശ്യസമരവും, കുറെ പാവപ്പെട്ട തൊഴിലാളികളെ കൊലയ്‌ക്കെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാരുടെ അബദ്ധവുമായും കാണുന്നു. വലിയ തോതില്‍ ആ പ്രചാരണം നടത്തുകയും ചെയ്തു. ഇന്നുമിതേ പല്ലവി ആവര്‍ത്തിക്കുന്നവരുമുണ്ട്. എന്നാല്‍, 71 കൊല്ലങ്ങള്‍ക്കിപ്പുറവും, കേരളത്തിലെ മറ്റേത് രാഷ്ട്രീയ ചരിത്രാനുസ്മരണത്തേക്കാള്‍ ആവശത്തോടെ വയലാറിലും പുന്നപ്രയിലും മാരാരിക്കുളത്തും മേനാശ്ശേരിയിലുമൊക്കെ രക്തസാക്ഷി അനുസ്മരണം നടക്കുന്നുണ്ടെങ്കില്‍ പാട്ടാളത്തിന്റെ വെണ്ടിയുണ്ടകളേറ്റ് വീണു മരിച്ചവരുടെ ജീവത്യാഗം വെറുതെ ആയില്ലെന്നു തന്നെയാണ് അര്‍ത്ഥം.

അനുസ്മരണങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. ഒന്നിനെ പില്‍ക്കാലങ്ങളിലേക്ക് നില്‍നിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയറിഞ്ഞുള്ള രാഷ്ട്രീയം. എസ്എല്‍ പുരം പറഞ്ഞതുപോലെ ഈ വിപ്ലവത്തിന്റെ ആദ്യവാര്‍ഷികം ആരാലും നടത്തപ്പെടാതെ പോയതില്‍ അത്ഭുതമില്ല. ഒരുപക്ഷേ നേതാക്കന്മാരില്‍ പോലും ഉള്‍ഭയം ഉണ്ടായിരുന്നിരിക്കാം, എത്രയോ മനുഷ്യരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തങ്ങള്‍ വിളിച്ചിട്ടു വന്നവരാണ്, തങ്ങള്‍ പറഞ്ഞതിന്‍ പ്രകാരം പോരാട്ടത്തിനിറങ്ങിയവരാണ്. ഇതുവേണോ എന്നു ചോദിച്ചവരുണ്ടായിരുന്നു അതേ നേതാക്കന്മാരുടെ കൂട്ടത്തില്‍. അവര്‍ ഉള്‍പ്പെടെ ആയിരങ്ങളുടെ ചോരയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു മുന്നോട്ടുവരും.

ഇന്ത്യയിലെ തന്നെ രാഷ്ട്രീയ പോരാട്ട ചരിത്രങ്ങളെടുത്ത് പരിശോധിക്കണം, എത്രയെണ്ണം വര്‍ഷാവര്‍ഷക്കാലം ആചരിക്കപ്പെടുന്നുണ്ട്? തെലുങ്കാനയിലെ സമരങ്ങളുടെ അനുസ്മരണങ്ങള്‍ അവിടെ നടക്കുന്നുണ്ടോ? എന്നാല്‍ പുന്നപ്ര-വയലാര്‍ അനുസ്മരണം ഇപ്പോഴും നടക്കുന്നു, ഇനിയുമൊരു രണ്ടു തലമുറയെങ്കിലും അത് ഇതേ രീതിയില്‍ ആചരിക്കുമെന്നും കരുതാം. കാരണം, ഓരോ വര്‍ഷവും ആ ഭൂമികയില്‍ എത്തുന്നവരില്‍ പകര്‍ന്നു കിട്ടുന്ന ആവേശം അത്ര വലുതാണ്. അവിടെയാണ് സഖാവ് പ്രഭാകരനെ പോലുള്ളവരുടെ പ്രസക്തി. സഖാവ് പ്രഭാകരന്റെ ആ ചിത്രം ഈ വര്‍ത്തമാനകാലത്തും ഭാവിയിലും വയലാര്‍ രക്തസാക്ഷി ആചരണത്തിന്റെ പ്രചോദനബിംബമായി നിലകൊള്ളുമെന്നതില്‍ സംശയമില്ല. തന്റെ അവസാന നാളുകളില്‍, ഒരുപക്ഷേ അവസാനത്തെ എത്തിച്ചേരല്‍ എന്നു തിരിച്ചറിഞ്ഞുകൊണ്ട് തന്നെ, ഒരു പുരുഷായുസില്‍ താന്‍ കടന്നു വന്ന എല്ലാ വഴികളുടെയും ഓര്‍മകള്‍ വന്ന് നിറഞ്ഞുകവിഞ്ഞ മനസോടെ ആ സഖാവ് തന്റെ പ്രിയ രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുമ്പോള്‍ ആ കാഴ്ച കണ്ടു നിന്നിരുന്നവരില്‍ കൈക്കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു, ചെറിയ കുട്ടികള്‍ ഉണ്ടായിരുന്നു, ചെറുപ്പക്കാരുണ്ടായിരുന്നു, മധ്യവയ്‌സകര്‍ ഉണ്ടായിരുന്നു, വൃദ്ധരുണ്ടായിരുന്നു- എത്ര തലമുറകളിലേക്കാണ് സഖാവ് പ്രഭാകരന്റെ രൂപവും ആ മുദ്രാവാക്യം വിളിയും കടന്നു ചെന്നത്.

"</p

പുന്നപ്ര വയലാര്‍ സമരത്തില്‍ ഇത്രയും മനുഷ്യരെ കൊലയ്ക്കു കൊടുത്തതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടായോ എന്നു ചോദിക്കുമ്പോള്‍, ആ ഒറ്റ സമരം കൊണ്ട് മാത്രം പൂര്‍ണമായ നേട്ടങ്ങളൊന്നും ഉണ്ടായിക്കാണില്ല. എന്നാല്‍, കേരളത്തിലെ തൊഴിലാളികള്‍ ഇന്നനുഭവിക്കുന്ന പല നേട്ടങ്ങള്‍ക്കും ഒരു കാരണം വയലാറിലെ ചൊരി മണലില്‍ മരിച്ചു വീണവരാണ്. ആ പ്രാധാന്യം അവര്‍ക്ക് നല്‍കണം, അവരെ ഓര്‍മിക്കണം എന്നു പറയുന്നവരാണ് സഖാവ് പ്രഭാകരനെ പോലുള്ളവര്‍. ഒരു പ്രസംഗത്തിലോ, ലേഖനത്തിലോ കൂടി വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനെക്കാള്‍ എത്രയോ മടങ്ങ് ശക്തിയോടെ സഖാവ് പ്രഭാകരന്റെ ആ ഒരൊറ്റ ചിത്രം അത് സാധിക്കുന്നുണ്ട്. അവിടെയാണ്, നമുക്ക് പറയാന്‍ കഴിയുക, സഖാവ് പ്രഭാകരന്‍, താങ്കള്‍ അനശ്വരനാണെന്ന്. നാളെകളിലെ വയലാര്‍ രക്തസാക്ഷി അനുസ്മരണങ്ങളില്‍ സഖാവ് പ്രഭാകരന്‍ വളരെ നിര്‍ണായകമായൊരു പ്രചോദന ബിംബമായി മുന്നില്‍ കാണും.

ഇവിടെയും എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നറിയാം. ഇത്രയേറെ മഹത്വവത്കരിക്കേണ്ടതിന്റെ ആവശ്യകത എന്തെന്ന് ചോദ്യങ്ങള്‍ ഉണ്ടാകാം. പുന്നപ്ര-വയലാര്‍ സമരത്തെക്കാള്‍ പ്രാധാന്യമുള്ള സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. വയലാറില്‍ നിന്നും അധിക ദൂരമില്ല മുലച്ചി പറമ്പിലേക്ക്. മുല മുറിച്ച നങ്ങേലി നടത്തിയ പോരാട്ടം വയലാര്‍ സമരത്തെക്കാള്‍ പ്രധാന്യമുള്ളതാണ്. സമൂഹനീതിക്കു വേണ്ടി നടത്തിയ നങ്ങേലിയുടെ ഒറ്റയാള്‍ സമരം കേരളത്തിന്റെ നവോഥാന പോരാട്ടങ്ങളുടെ ആദ്യ അധ്യായമായി ചേര്‍ക്കേണ്ടതുമാണ്. എന്നാല്‍ നങ്ങേലിയും നങ്ങേലിയുടെ സമരവും എത്രപേര്‍ ഓര്‍ക്കുന്നുണ്ട്. കേരളത്തിലെ എത്ര നവോഥാന പോരാട്ടങ്ങള്‍ നാം ഓര്‍ത്തിരിക്കുന്നുണ്ട്, അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രാനുസ്മരണങ്ങള്‍ പിന്നെയും നാം നടത്താറുണ്ട്. നമ്മെ നാമായി മാറ്റിയ പോരാട്ടങ്ങള്‍ ഓര്‍ത്തിരിക്കേണ്ടത് നമുക്ക് നാമായി തന്നെ മുന്നോട്ടു പോകുന്നതിന് അത്യാവശ്യമാണ്. എല്ലാം മറന്ന് പോകുന്നിടത്താണ് കേരളം അതിന്റെ നേട്ടങ്ങളില്‍ നിന്നും അപചയങ്ങളിലേക്ക് വീണു പോകുന്നത്.

ഒരുപക്ഷേ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരം കിട്ടുന്നൊരിടമായതുകൊണ്ടാകാം പുന്നപ്ര-വയലാര്‍ രക്തസാക്ഷി അനുസ്മരണം ഇത്രമേല്‍ സമുചിതമായി ആചരിച്ചു പോരുന്നത്. മറ്റിടങ്ങളിലെ കമ്യൂണിസ്റ്റ് പോരാട്ടങ്ങളുടെ ചരിത്രാനുസ്മരണങ്ങള്‍ നിലച്ചു പോകുന്നതുമായി ചേര്‍ത്തു വായിച്ചാല്‍ അത് ശരിയായ നിഗമനം ആണെന്നും കാണാം. എങ്ങനെയായാലും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമണ്ഡലത്തില്‍ പുന്നപ്ര-വയലാര്‍ സമരം പ്രസക്തിയോടെ നിലനില്‍ക്കേണ്ടത് തന്നെയാണ്. അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ സഹായിക്കുന്നവരാണ് സഖാവ് പ്രഭാകരനെ പോലുള്ളവര്‍. നക്‌സലിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് ഇന്നു നമ്മള്‍ ഒരു തമാശയോടെയാണ് ഓര്‍ക്കുന്നത്. ചിലര്‍ ചേര്‍ന്നു ചെയ്ത വലിയൊരു അബദ്ധം ആയി ആ മൂവ്‌മെന്റിനെ പറഞ്ഞു പറഞ്ഞു നാം മാറ്റി. അതേ നീക്കം തന്നെയാണ് വയലാര്‍ സമരത്തിനുമേലും നടന്നത്. എന്നാല്‍ അതത്ര കണ്ട് വിജയിച്ചില്ല. അങ്ങനെ അബദ്ധമോ, അനാവശ്യമായതോ ആയൊരു സമരമായി തീര്‍ത്തും അവഗണിക്കേണ്ടതല്ല പുന്നപ്ര-വയലാര്‍ പോരാട്ടം. അത് വ്യക്തമായി ഇനി വരുന്ന തലമുറകളിലേക്ക് കൂടി പകര്‍ത്തി കൊടുക്കുന്ന ഒരു ജീവിക്കുന്ന ചിത്രമായി സഖാവ് പ്രഭാകരന്‍ നിലനില്‍ക്കും, സംശയമില്ലതില്‍…

ഫോട്ടോ കടപ്പാട്; വി എന്‍ കൃഷ്ണപ്രകാശ്, ജനയുഗം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍