UPDATES

വിപ്ലവകാരിയാവാന്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് വേണ്ട; തന്നെ സംഘിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ മറുപടി

ലോകത്ത് രണ്ടു കമ്യൂണിസ്റ്റുകള്‍ മാത്രമായി അവശേഷിച്ചാല്‍ അതിലൊരാള്‍ ഞാനായിരിക്കും; കുമ്മനത്തിന്റെ ജനരക്ഷാ യാത്രയ്ക്ക് പാട്ടെഴുതിയത് ജോലിയുടെ ഭാഗം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്രയുടെ മാര്‍ച്ച് സോംഗ് ഉള്‍പ്പെടെ രണ്ടു ഗാനങ്ങള്‍ എഴുതിയ വയലാര്‍ ശരത് ചന്ദ്രവര്‍മയ്‌ക്കെതിരേ ചില കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. വിപ്ലവകവിയായി അറിയപ്പെടുന്ന വയലാര്‍ രാമവര്‍മയുടെ മകന്‍ സംഘപരിവാറിന്റെ പക്ഷം ചേരുന്നുവെന്നായിരുന്നു ആക്ഷേപം. മറുവശത്ത് ഇതേ പേരില്‍ സംഘപരിവാറുകാര്‍ ശരത്ചന്ദ്ര വര്‍മയെ തങ്ങളുടെ ആളാണെന്ന പ്രതീതിയുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ വ്യക്തമായ നിലപാട് തനിക്കുണ്ടെന്നും തെറ്റിദ്ധാരണകളുടെ പുറത്ത് വിലയിരുത്തേണ്ടതിലലെന്നും ശരത്ചന്ദ്ര വര്‍മ പറയുന്നു. എന്താണ് തന്റെ രാഷ്ട്രീയവും നിലപാടുകളുമെന്നും വിശദീകരിക്കുകയാണ് വയലാര്‍ ശരത്ചന്ദ്ര വര്‍മ.

രാകേഷ്: ജനരക്ഷയാത്രയുടെ മാര്‍ച്ച് സോംഗ് എഴുതിയെന്ന പേരില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം ഉയരുന്നു. മറുവശത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന തരത്തില്‍ ആ വിഭാഗം ആഘോഷിക്കുകയും ചെയ്യുന്നു. എന്താണ് ഈ കാര്യത്തില്‍ പറയാനുള്ളത്?

ശരത്: ഈ കാര്യത്തിലുള്ള എന്റെ നിലപാട് എന്താണെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. പാട്ടെഴുത്ത് എന്റെ ജോലിയാണ്. ഞാനത് ചെയ്തു, കൂലിയും വാങ്ങി. എന്റെ ജീവിതമാര്‍ഗമാണത്. ഏതെങ്കിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ചോ പിണക്കിയോ എനിക്കെന്റെ ജോലി ചെയ്യാന്‍ കഴിയില്ല. ഇപ്പോഴത്തെ വിവാദത്തിന്റെ യാതൊരാവശ്യവുമില്ല. വയലാറിന്റെ മകന്‍ ബിജെപിക്കു വേണ്ടി പാട്ടെഴുതി എന്നതില്‍ വല്യ കാര്യമൊന്നുമില്ല.

രാ: വയലാറിന്റെ മകന്‍, അതൊരു ഉത്തരവാദിത്വമാണ്. അദ്ദേഹം വിപ്ലവം പറഞ്ഞ കവിയാണ്. സ്വഭാവികമായും അദ്ദേഹത്തിന്റെ മകന്‍ മറ്റൊരു രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നുവെങ്കില്‍ തീര്‍ച്ചയായും അതൊരു ചര്‍ച്ച ചെയ്യേണ്ട കാര്യം തന്നെയല്ലേ?

ശ: എനിക്ക് എന്റെതായ രാഷ്ട്രീയം ഉണ്ട്. തെരഞ്ഞെടുപ്പില്‍ നില്‍ക്കാനോ ആനുകൂല്യങ്ങള്‍ പറ്റാനോ ആഗ്രഹിക്കാത്തതുകൊണ്ട് എന്റെ രാഷ്ട്രീയം എന്റെ നിലപാടുകളില്‍ നില്‍ക്കട്ടെ. വയലാറിനെ സ്‌നേഹിക്കുന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരല്ല. മനുഷ്യരാണ്. ആ മനുഷ്യരോടാണ് എന്റെ പ്രതിബദ്ധതയും. ഞാനൊരു പാട്ടെഴുത്തുകാരന്‍ കൂടിയാണ്. എനിക്കാരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ല. അവര്‍ തരുന്ന അഞ്ചും പത്തുമൊക്കെ കൊണ്ടാണ് ഞാനെന്റെ കുടുംബത്തെ നോക്കുന്നത്.

രാ: സിപിഎം കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള ഗാനം എഴുതുന്നു. അതൊരു രാഷ്ട്രീയമല്ലേ?

ശ: ഇതിനുള്ള മറുപടി ആ ഗാനം കേട്ടശേഷമേ നിങ്ങള്‍ക്കു മനസിലാകൂ. ഞാന്‍ കൊലപാതകരാഷ്ട്രീയത്തിനെതിരേയാണ് എഴുതിയത്. സിപിഎമ്മിനെതിരേയല്ല. കൊലപാതക രാഷ്ട്രീയം അപലപിക്കപ്പെടേണ്ടതാണ്. ഇവിടെ മരിച്ചു വീഴുന്ന ഓരോ മനുഷ്യനും എന്നെ വേദനിപ്പിക്കുന്നുണ്ട്. കൊലപാതകം ചെയ്യുന്ന എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുമെതിരേയാണ്. ആ ഗാനം സിപിഎമ്മിനും ഉപയോഗിക്കാം. കാരണം ഞാനെഴുതിയെതിര്‍ക്കുന്നത് അക്രമത്തെയാണ്. നിങ്ങള്‍ ആ ഗാനം കേട്ടുനോക്കു. അതാര്‍ക്കൊക്കെ കൊള്ളുന്നുണ്ടെന്ന് അപ്പോള്‍ മനസിലാകും.
അതിരിലല്ലീയരികിലുണ്ടേ പക വളര്‍ത്തീടാന്‍
നാവ് നിറയെ-നുണകള്‍ നെയ്യും മനസ്സുമാറ്റാന്‍
അരുതെന്ന് ചൊല്ലുക നമ്മളെന്നൊരു ഭരതമക്കള്‍… എന്നാണു ഞാനെഴുതിയിരിക്കുന്നത്. ഭാരതത്തിന്റെ മണ്ണില്‍ പരസ്പരം പടവെട്ടി വീഴരുത് നമ്മള്‍. പറയാന്‍ പകയുടെ കഥകളല്ല, മുഴക്കാന്‍ കൊലവിളികളല്ല, സ്‌നേഹമാണ് ഇവിടെ വേണ്ടതെന്നാണ് ഞാന്‍ പറഞ്ഞത്. അതെങ്ങനെ ഏതെങ്കിലും ഒരു പാര്‍ട്ടിക്കെതിരാകും. ഇങ്ങനെയെഴുതായാല്‍ ഞാനെങ്ങനെ ഒരു പാര്‍ട്ടിയുടെ ആളാകും. നിങ്ങളെനിക്കൊരു രാഷ്ട്രീയം ചാര്‍ത്തി തരികയാണെങ്കില്‍, അതു മനുഷ്യത്വത്തിന്റെ രാഷ്ട്രീയമാകട്ടെ.

"</p

രാ: ഒരു കൂട്ടര്‍ ഇങ്ങനെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ തിരുത്തേണ്ടതില്ലേ?

ശ: ഞാന്‍ ബിജെപിക്കാരനോ, സംഘപരിവാരുകാരനോ ആയി എന്നവര്‍ പറയുന്നുണ്ടോ? ഞാനങ്ങനെ അവരോട് സമ്മതിച്ചതായി അവര്‍ പ്രചരണം നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ജനരക്ഷായാത്രയ്ക്ക് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഗാനം എഴുതിയെന്നത് അവര്‍ രാഷ്ട്രീയപ്രചരണമാക്കുകയാണെങ്കില്‍, ഞാനതില്‍ എന്തു ചെയ്യാനാണ്. പാട്ടുകള്‍ ഞാനെഴുതിയതാണ്, അതിനുള്ള പ്രതിഫലവും വാങ്ങി. എന്റെ ജോലി അവിടെ കഴിഞ്ഞു. എല്ലാ പ്രചരണങ്ങള്‍ക്കും ഞാന്‍ മറുപടി പറയേണ്ടതുണ്ടോ?

ഇടതുപക്ഷം ഹൃദയപക്ഷം എന്നെഴുതിയിട്ടുണ്ട് ഞാന്‍. എന്റെ അച്ഛന്‍ എഴുതാന്‍ വിട്ടുപോയൊന്ന് പൂരിപ്പിക്കാന്‍ എനിക്കു അവസരം കിട്ടിയതുപോലെ. ഹൃദയം ഇടതുപക്ഷത്താണ്. അതിനെയൊരിക്കലും വലതുപക്ഷത്തിലേക്ക് മാറ്റാന്‍ കഴിയില്ല. കയ്യൂരുള്ളൊരു സമരസഖാവിന് വിയ്യൂരെന്നൊരു ഭയമില്ല/ വയലാറുള്ളൊരു വിപ്ലവ മുത്തിനെ വയ്യാവേലികള്‍ അരിയില്ല… എന്നെഴുതിയും ഞാനാണ്. അപ്പോള്‍ എന്റെ രാഷ്ട്രീയം ആരും ചര്‍ച്ചയാക്കിയില്ല. ഇപ്പോള്‍ അങ്ങനെ വന്നെങ്കില്‍ അതെന്റെ മേല്‍ ഉള്ളൊരു പ്രതീക്ഷയുടെ പുറത്താണ്. വയലാറിന്റെ മകന്‍ എന്നത് ഞാന്‍ പുലര്‍ത്തേണ്ടൊരു ഉത്തരവാദിത്വമാണ്. എന്റെ രാഷ്ട്രീയം എന്റെ അച്ഛന്റെ രാഷ്ട്രീയമാണ്. ആരെയും ഞാന്‍ വെറുക്കുന്നില്ല. അതാണെന്റെ അച്ഛന്‍ പറഞ്ഞു തന്നത്…

രാ: എന്തായിരുന്നു വയലാറിന്റെ രാഷ്ട്രീയം?

ശ: മനുഷ്യത്വത്തിന്റെ രാഷ്ട്രീയം. മനുഷ്യനുവേണ്ടിയല്ലേ അച്ഛനെന്നും പറഞ്ഞുകൊണ്ടിരുന്നത്. അച്ഛന്‍ ഏറ്റവും അവസാനമായി എഴുതിയത് വൃക്ഷം എന്ന കവിതയാണ്. മനുഷ്യന്‍ ഒരു വൃക്ഷത്തിന്റെ കൈ വെട്ടുന്നു. ആ മുറിഞ്ഞ വേദനയോടെ അവനെ നോക്ക് ആസ്വദിച്ചു നിന്നു മരം. ആ മുറിഞ്ഞ കൈയിലപ്പോള്‍ ഒരു നാരു കയറ്റി വീണയാക്കി വായിച്ചു മനുഷ്യന്‍. എന്റെ അവയവം മുറിച്ചെങ്കില്‍ കൂടി അതിനെയവന്‍ ലോകത്തിനു സംഗീതമായി കൊടുത്തില്ലേ മനുഷ്യനെന്നോര്‍ത്ത് സന്തോഷിക്കുകയാണ് മരം. അവസാനവും മനുഷ്യനെക്കുറിച്ച് എഴുതി തന്നെയാണ് അച്ഛന്‍ പോയത്.

രാ: വയലാര്‍ വിപ്ലവം പറഞ്ഞു. പക്ഷേ മകന്റെ നെറ്റിയിലെ സിന്ദൂരക്കുറി പോലും സംശയം ഉയര്‍ത്തിയിരിക്കുന്നു?

ശ: ഞാന്‍ മാക്ഡവലില്‍ ജോലി ചെയ്യുന്ന സമയത്ത്. വലിയൊരു സിപിഐ നേതാവ് ഒരു ദിവസം പറഞ്ഞു, വയലാറിന്റെ മകന്‍ ഇങ്ങനെ നെറ്റിയില്‍ പൊട്ടു തൊട്ടു നടക്കരുത്. ഞാന്‍ പറഞ്ഞു; ഞാനത് മാറ്റില്ല. നെറ്റിയില്‍ ഒരു സിന്ദൂരപ്പൊട്ട് തൊട്ടാല്‍ ഞാന്‍ വയലാറിന്റെ മകന്‍ അല്ലാതാവില്ല. എന്റെ രാഷ്ട്രീയവും നിലപാടും ഇല്ലാതാവില്ല. എന്റെ നെറ്റിയിലെ കുറി മായിച്ചാല്‍ നിങ്ങള്‍ക്കെന്റെ വിശ്വാസങ്ങള്‍ മായ്ക്കാനും പറ്റില്ല, ആ കുറിയില്‍ നിങ്ങള്‍ക്കെന്റെ വിശ്വാസങ്ങളെ അളക്കാനും പറ്റില്ല. അച്ഛന്‍ വിപ്ലവം പറഞ്ഞതുപോലെ പറയാന്‍ എനിക്കറിയില്ലെങ്കിലും ആ അച്ഛന്റെ മകന്‍ തന്നെയാണ് എന്നും ഞാന്‍. എന്റെ പേരിലെ വര്‍മ പോലും ആക്ഷേപങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ആ പേരില്‍ എനിക്ക് നിലപാടുകള്‍ എടുക്കാന്‍ കഴിയില്ലെന്നാണോ? ബ്രാഹ്മണന്റെയും തമ്പുരാന്റെയും ആധിപത്യത്തിന്റെ തിക്താനുഭവങ്ങള്‍ അച്ഛനില്‍ നിന്നും കേട്ടുവളര്‍ന്നിട്ടുള്ളവനാണ് ഞാന്‍. അങ്ങനെയൊരു കാലത്തെക്കുറിച്ച് അറിവുള്ളൊരുവന്‍ അതു തിരിച്ചുവരാന്‍ ആഗ്രഹിക്കില്ല. അതിനുവേണ്ടിയുള്ള വാദങ്ങളെയും.

രാ: വയലാര്‍ കമ്യൂണിസ്റ്റുകാരനായിരുന്നോ?

ശ: അച്ഛന്‍ വലിയൊരു വിപ്ലവകാരിയായിരുന്നു. വിപ്ലവകാരിയാകാന്‍ പാര്‍ട്ടി മെംബര്‍ഷിപ്പ് വേണ്ട. മനുഷ്യനുവേണ്ടി അദ്ദേഹം വിപ്ലവം പറഞ്ഞു. എന്റെ അച്ഛന്‍ ലോകത്തിലെ എറ്റവും മികച്ചൊരു കമ്യൂണിസ്റ്റ് തന്നെയായിരുന്നു. ആ കമ്യൂണിസത്തിന് മനുഷ്യത്വം എന്നാണര്‍ത്ഥം. അദ്ദേഹം പാര്‍ട്ടിയോടും പാര്‍ട്ടിക്കാരോടും കലഹിച്ചിട്ടുണ്ട്, വിമര്‍ശിച്ചിട്ടുണ്ട്. അവസാനകാലം വരെ അതു തുടര്‍ന്നു. സമരസപ്പെടാന്‍ അദ്ദേഹത്തിനറിയില്ലായിരുന്നു, കലഹിക്കാനെ അറിയൂ. ആ കലഹം ഒരു വിപ്ലവകാരിയുടെതായിരുന്നു. അദ്ദേഹം എന്നും മനുഷ്യരോടൊപ്പം തന്നെയായിരുന്നു. പാട്ടെഴുത്തുപോലും പാതിയില്‍ നിര്‍ത്തിവച്ചിട്ട് അദ്ദേഹം മനുഷ്യര്‍ക്കൊപ്പം ഇറങ്ങിപ്പോയിട്ടുണ്ട്. കഴിഞ്ഞിടയ്ക്ക് തിരുവനന്തപുരം വെഞ്ഞാറമ്മൂടില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഒരാളെ പരിചയപ്പെടാന്‍ സാധിച്ചു. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് കണ്ണില്‍ ചുണ്ണാമ്പു തേയ്ക്കപ്പെട്ടൊരാള്‍. മരണം വരെ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ തോരില്ല. അദ്ദേഹമാണ് പറഞ്ഞത് അച്ഛന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്ന്. വര്‍ഷങ്ങള്‍ക്കു മുമ്പ് അതൊരു കുഗ്രാമമായിരുന്നു. പക്ഷേ മനുഷ്യനെ തേടി ചെല്ലാന്‍ അച്ഛനൊന്നും തടസമായിരുന്നില്ല.

"</p

രാ: പക്ഷേ വയലാറിനെ ഒരു ആത്മീയവാദിയാക്കാനും ഹിന്ദുത്വവാദിയാക്കാനുമൊക്കെ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേലങ്ങാട് ഗോപാലകൃഷ്ണന്റെ വയലാര്‍ എന്ന പുസ്തകത്തില്‍ രാമവര്‍മ ശബരിമലയില്‍ പോകാനൊക്കെ ആഗ്രഹിച്ചിരുന്നു എന്നു വ്യക്തമാക്കിയിട്ടുണ്ട്.

ശ: അടുത്ത കാലത്ത് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു, ഇപ്പോഴുണ്ടായിരുന്നെങ്കില്‍ അച്ഛന്‍ ഒരാത്മീയവാദിയാകുമായിരുന്നില്ലേ എന്ന്. പല വിപ്ലവകാരികളും അവസാന കാലത്ത് ഭക്തരായി മാറിയിട്ടുണ്ടല്ലോ, അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ചോദ്യം. അച്ഛന്‍ അങ്ങനെയാകില്ല എന്നു തന്നെയാണ് എന്റെ തോന്നല്‍. പക്ഷേ ആധികാരികമായി പറയണണെങ്കില്‍ എനിക്ക് അച്ഛനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതുണ്ട്. അങ്ങനെയൊരു റിസര്‍ച്ചിലേക്ക് പോവുകയാണ് ഞാന്‍. ആത്മീയതയെ നമ്മുടേതായ രീതിയില്‍ വ്യാഖ്യാനിക്കാം. മനുഷ്യന്‍ ആരാണ്? അവന്‍ അടിസ്ഥാനപരമായി കാടനാണ്. ആ കാട്ടിലേക്ക് തിരികെ പോകാന്‍ അവനില്‍ ആഗ്രഹമുണ്ടാകുന്നത് ആത്മീയതയിലൂന്നിയല്ല. കാട് കറുത്ത കാട് മനുഷ്യനാദ്യം പിറന്നവീട് എന്ന് അച്ഛന്‍ എഴുതി. ആ കാട്ടില്‍ നിങ്ങളൊരു അമ്പലമോ ടൂറിസറ്റ് സെന്ററോ ഉണ്ടാക്കിവച്ചിട്ട് അങ്ങോട്ടു ക്ഷണിക്കുന്നത് ഒരു തമാശയല്ലേ. താത്പര്യങ്ങള്‍ക്കനുസരിച്ച് അച്ഛന്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പക്ഷേ വയലാര്‍ ആരാണെന്നത് സാധാരണ മലയാളിക്കറിയാം.

രാ: കമ്യൂണിസത്തെ വയലാര്‍ വിമര്‍ശിച്ചിട്ടില്ലേ?

ശ: എന്നും. അദ്ദേഹം വിമര്‍ശിച്ചും കലഹിച്ചും തന്നെയാണ് ജീവിച്ചു മരിച്ചത്. ആര്‍ക്കു വേണ്ടി? മനുഷ്യര്‍ക്കു വേണ്ടി. അച്ഛനുവേണ്ടിയല്ല. അച്ഛന്‍ കൊട്ടാരങ്ങള്‍ കെട്ടാന്‍ ആഗ്രഹിച്ചില്ല. വിമര്‍ശനം വിദ്വേഷം അല്ല. തെറ്റു ചൂണ്ടിക്കാണിക്കുന്നത് ശരിയാക്കാനാണ്. കമ്യൂണിസത്തെ ഇന്നും വിമര്‍ശിക്കുന്നില്ലേ. ഞാനും വിമര്‍ശിക്കും. പക്ഷേ അതില്ലാതായിപ്പോയാല്‍ സംഭവിക്കാവുന്നതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആശങ്കയുമുണ്ട്. ഞാന്‍ കണ്ണൂരില്‍ പലവട്ടം പോയിട്ടുണ്ട്. ആ നാടാണല്ലോ കമ്യൂണിസത്തിന്റെ പേരില്‍ ഏറെ പഴികേള്‍ക്കുന്നത്. ഞാന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോയിട്ടുണ്ട്. അവിടെ ക്ഷേത്രങ്ങള്‍ ഉണ്ട്. എത്രയോ കാലങ്ങളായി ആ ക്ഷേത്രങ്ങള്‍ പരിപാലിച്ചു കൊണ്ടു പോകുന്നത് പാര്‍ട്ടിയാണ്. എത്രഭംഗിയായാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്.

പിഴവുകള്‍ വരുന്നുണ്ട്. അതു തിരുത്തണം. കൂടുതലായി വായിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറാകണം. കാര്യങ്ങള്‍ അറിയണം. വിട്ടുവീഴ്ച ചെയ്യരുത്. പണ്ട് വീടിനടുത്തുകൂടി രാഷ്ട്രീയജാഥകള്‍ കടന്നു പോകുന്നത് ഒരു ക്ഷേത്രത്തിനു മുന്നിലൂടെയാണ്. കോണ്‍ഗ്രസുകാരുടെയും മറ്റ് ജാഥയാണെങ്കില്‍ ക്ഷേത്രത്തിനു മുന്നിലെത്തുമ്പോള്‍ അവര്‍ നിശബ്ദതരാകും. പക്ഷേ കമ്യൂണിസ്റ്റ് ജാഥയാണെങ്കില്‍, അതു പോകുന്നത് ക്ഷേത്രത്തിന്റെ പിറകുവശത്തു കൂടിയാണെങ്കില്‍ കൂടി മുന്നോട്ടു നോക്കി മുദ്രാവക്യം മുഴക്കും. എതിര്‍പ്പുകള്‍ എവിടെയും ഉയര്‍ത്തുന്നവനാണ് കമ്യൂണിസ്റ്റ്.

അച്ഛന്‍ ആത്മീയവാദിയാകുമോ എന്നു ചോദിക്കുമ്പോള്‍ പറയേണ്ട ഒന്നുകൂടിയുണ്ട്; ദൈവങ്ങളെ ക്ഷേത്രങ്ങള്‍ക്കു വെളിയിലേക്കിറക്കാനാണ് അച്ഛന്‍ ശ്രമിച്ചിരുന്നത്.

രാ: അങ്ങനെയെങ്കില്‍ ഇന്നിന്റെയൊരു രാഷ്ട്രീയത്തിന് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്ത ഒരാളാകുമായിരുന്നില്ലേ വയലാറും? എംടിയൊക്കെ നേരിട്ടതുപോലെ?

ശ: ഈ കാലത്ത് അച്ഛനൊക്കെ എഴുതിയതു കൂടുതലായി വായിക്കേണ്ടതുണ്ടെന്നു തോന്നു. ഇപ്പോള്‍ കേള്‍ക്കുന്നതിനെയൊക്കെ അദ്ദേഹം എതിര്‍ക്കും. അതേതു ഭാഗത്തു നിന്നുണ്ടാകുന്നതാണെങ്കിലും. ഹൈന്ദവതയെ തെറ്റായി വ്യാഖ്യാനിക്കുന്നത് തടയാന്‍ കുറച്ചെങ്കിലും അച്ഛനെ പോലുള്ളവര്‍ക്ക് കഴിയുമായിരുന്നു. കാവിയുടത്തുകൊണ്ട് വിവേകാനന്ദന്‍ തങ്ങളുടേതാണെന്നു കരുതുന്നവരും വിവേകാനന്ദനെ വായിക്കാത്തതുകൊണ്ട് തങ്ങളുടേതല്ല എന്നു കരുതുന്നവരുമാണിവിടെയുള്ളത്. അച്ഛന്‍ പറഞ്ഞിരുന്നതും ചെയ്തിരുന്നതും ഒന്നായിരുന്നു. അപ്പോള്‍ എതിര്‍പ്പുകളും സ്വഭാവികം.

രാ: ഈ പറഞ്ഞതില്‍ നിന്ന് ശരത്ചന്ദ്രവര്‍മയുടെ രാഷ്ട്രീയം മാറിയിട്ടില്ല, പഴയതു തന്നെയെന്നു പറയാന്‍ കഴിയില്ലേ?

ശ: വയലാറിന്റെ മകന് വയലാറിന്റെ മകനായേ നില്‍ക്കാന്‍ പറ്റൂ. ആ അച്ഛന്‍ പറഞ്ഞു തന്നെ രാഷ്ട്രീയമേ പിന്തുടരാന്‍ കഴിയൂ. മനുഷ്യത്വത്തിന്റെ രാഷ്ട്രീയം. എനിക്കു വേദനയിക്കുമ്പോള്‍ പിറ്റേദിവസം ക്ഷേത്ര നട തുറക്കുംവരെ , അല്ലെങ്കില്‍ ഡോക്ടറുടെ വീടിന്റെ വാതില്‍ തുറക്കന്നതു വരെ കാത്തുനില്‍ക്കണം എന്നല്ല , എനിക്കൊരു വേദന വന്നാല്‍ എന്റെ അയല്‍വക്കക്കാരനെയൊന്നു വിളിച്ചാല്‍ മതി എന്നു വിശ്വസിക്കുന്നവനാണ് ഞാന്‍.

അതുകൊണ്ട് പറയട്ടെ; ഈ ലോകത്ത് രണ്ടു കമ്യൂണിസ്റ്റുകള്‍ മാത്രമായി അവശേഷിച്ചാല്‍ അതിലൊരാള്‍ ഞാനായിരിക്കും.

 

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍