UPDATES

ട്രെന്‍ഡിങ്ങ്

കാപ്പി തോട്ടത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പടര്‍ന്ന കഫേ കോഫി ഡേയിലേയ്ക്ക്; വി.ജി സിദ്ധാര്‍ത്ഥയുടെ ഉയര്‍ച്ചയും വീഴ്ചയും

കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്.

കഫേ കോഫീ ഡേ എന്ന് കാണാതെ ഒരു ഇന്ത്യന്‍ നഗരത്തിലൂടെ സഞ്ചരിക്കാനാവില്ല. അത്രയ്ക്ക് സുപരിചിതമായ ബ്രാന്‍ഡായി അത് മാറി. കഫേ കോഫി ഡേ ശൃംഖലയുടെ ഉടമയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മുതിര്‍ന്ന നേതാവുമായ എസ്എം കൃഷ്ണയുടെ മരുമകനെ മംഗളൂരുവിലെ ഒരു പാലത്തില്‍ നിന്ന് കാണാതായിരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. പുഴയിലേയ്ക്ക് ചാടിയതാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒന്നര നൂറ്റാണ്ടോളം നീണ്ട കാപ്പി ചരിത്രം അവകാശപ്പെടാനുണ്ട് വി ജി സിദ്ധാര്‍ത്ഥയുടെ കുടുംബത്തിന്.

കാപ്പി, തേയില തോട്ടങ്ങള്‍ നിറഞ്ഞ ചിക്കമംഗളൂരുവിലെ ഒരു പ്രമുഖ കോഫീ പ്ലാന്റേഷന്‍ ഉടമയുടെ മകനായാണ് വി വി ജി സിദ്ധാര്‍ത്ഥയുടെ ജനനം. മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടിയ ശേഷം 1983ല്‍ ജെഎം ഫിനാന്‍ഷ്യലില്‍ മാനേജ്‌മെന്റ് ട്രെയിനിയായാണ് കരിയര്‍ തുടങ്ങിയത്. 1992ല്‍ സിദ്ധാര്‍ത്ഥ സ്വന്തമായി കോഫി ബിസിനസ് തുടങ്ങി – Amalgamated Bean Company Trading (നിലവില്‍ കോഫീ ഡേ ഗ്ലോബല്‍). കാപ്പി സംഭരണം, സംസ്‌കരണം, കാപ്പി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള കോഫി ബീന്‍സ് റോസ്റ്റിംഗ് എല്ലാമടക്കം.

2018ല്‍ കമ്പനിയുടെ വരുമാനം 2016 കോടി രൂപ. കോഫി ബിസിനസില്‍ നേടിയ വിജയമാണ് 1996ല്‍ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവില്‍ തുടങ്ങാന്‍ വി ജി സിദ്ധാര്‍ത്ഥയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. കഫേ കോഫി ഡേ രാജ്യമെമ്പാടും പടര്‍ന്നു. പിന്നീട് വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക് റിപ്പബ്ലിക്, മലേഷ്യ, നേപ്പാള്‍, ഈജിപ്റ്റ് – ഇവിടെയെല്ലാം കഫേ കോഫീ ഡേ ഷോപ്പുകള്‍ വന്നു.

1999ല്‍ ഐടി വിദഗ്ധന്‍ അശോക് സൂത, സുബ്രതോ ബഗ്ച്ചി, റോസ്‌തോ രാവണന്‍, കെകെ നടരാജന്‍ എന്നിവരുമായി ചേര്‍ന്ന് മൈന്‍ഡ് ട്രീ സ്ഥാപിച്ചു. 1999 മുതല്‍ വി ജി സിദ്ധാര്‍ത്ഥ, മൈന്‍ഡ് ട്രീയില്‍ 340 കോടി രൂപ നിക്ഷേപിച്ചതായാണ് സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട്. എല്‍ & ടിയ്ക്ക് (ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ) തന്റെ 20.04 ശതമാനം ഓഹരി വിറ്റ് സിദ്ധാര്‍ത്ഥ 20 വര്‍ഷം കൊണ്ട് 3000 കോടി രൂപയുടെ ലാഭം നേടി. ഇതിനിടെ Coffee King of India എന്ന വിളിപ്പേര് കിട്ടി.

കോഫി ബിസിനസിന് പുറമെ, കോഫി ഡേ ഗ്രൂപ്പ് സികാല്‍ ലോജിസ്റ്റിക്‌സിനേയും ടാംഗ്ലിന്‍ ഡെവലപ്‌മെന്റ്‌സിനേയും കോഫി ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സിനേയും വാങ്ങി. 2019 മാര്‍ച്ചില്‍ 1752 കഫേകള്‍. 2018ല്‍ 1777 കോടി രൂപയുടെ വരുമാനം. 2019 മാര്‍ച്ച് വരെ 1814 കോടി രൂപ. 2020 മാര്‍ച്ചില്‍ ലക്ഷ്യം വയ്ക്കുന്നത് 2250 കോടി. 2017ല്‍ ആദായനികുതി വകുപ്പ് 20 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡാണ് ബിസിനസ് ജീവിതത്തില്‍ സിദ്ധാര്‍ത്ഥ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.

ഇന്നലെ വൈകുന്നേരം മംഗളൂരുവില്‍ നേത്രാവതി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ കാര്‍ നിര്‍ത്തി ഇറങ്ങിയ വി ജി സിദ്ധാര്‍ത്ഥയെ കാണാനില്ല. സിദ്ധാര്‍ത്ഥയെ കണ്ടെത്താനുള്ള അന്വേഷണം ദക്ഷിണ കന്നഡ പൊലീസ് ഊര്‍ജ്ജികതതമാക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് നടന്നുപോവുകയായിരുന്നു സിദ്ധാര്‍ത്ഥ എന്ന് ഡ്രൈവര്‍ പറയുന്നു.

സിദ്ധാര്‍ത്ഥയുടെ തിരോധാന വാര്‍ത്ത കര്‍ണാടകയില്‍ കാട്ടുതീ പോലെ പടര്‍ന്നിരിക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് വിവരങ്ങള്‍ അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയും മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമെല്ലാമായ എസ് എം കൃഷ്ണയുടെ ബംഗളൂരുവിലെ വീട്ടിലെത്തുന്നത്. താന്‍ സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടതായും വലിയ കടബാധ്യതയുണ്ടെന്നും ഇതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും അവസാനത്തെ കത്ത് എന്ന് കരുതപ്പെടുന്നതില്‍ വിജി സിദ്ധാര്‍ത്ഥ കുറിച്ചിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍