UPDATES

അഭിമുഖം/എം ഗീതാനന്ദന്‍: ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം; തന്ത്രികള്‍ ശബരിമലയുടെ പവിത്രത നശിപ്പിച്ചു

എന്‍ എസ് എസ് പോലൊരു ജാതി സംഘടനയ്ക്ക് എന്ത് അവകാശവും അധികാരവുമാണ് ശബരിമലയില്‍?

ശബരിമയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുകയാണ്. 16ന് മണ്ഡലകാല തീര്‍ഥാടനത്തിലായി വീണ്ടും നടതുറക്കുമ്പോള്‍ ശബരിമല എന്താവും എന്ന ആശങ്ക പലരിലും ഉണ്ട്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നു. അതിനൊപ്പമാണ് അതിനെ എതിര്‍ക്കുന്നവരുടെ പ്രക്ഷോഭങ്ങളും. രഥയാത്രയും, സമരപ്രഖ്യാപനങ്ങളും, സമരം വ്യാപിപ്പിക്കലുമായി സംഘപരിവാര്‍ സംഘടനകള്‍ കച്ചമുറുക്കിയിറങ്ങിയിരിക്കുകയാണ്. ഈ അവസരത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ ഈ വിഷയത്തെ എങ്ങനെ കാണുന്നു, സമീപിക്കുന്നു എന്ന് നോക്കുകയാണ് അഴിമുഖം. (ഈ പരമ്പരയിലെ ആദ്യ അഭിമുഖം ഇവിടെ വായിക്കാംഅഭിമുഖം/വെള്ളാപ്പള്ളി നടേശന്‍: പൊതുജനം കഴുതയാണെന്ന് പറഞ്ഞവന്‍ ആരാണോ അവനെ നമിക്കേണ്ടിയിരിക്കുന്നു)

ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ ആചാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യന്‍ ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വച്ച് ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ പതിനാറാം തീയതി തിരുവനന്തപുരം വെങ്ങാനൂരുള്ള അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും എരുമേലി വരെ ‘വില്ലുവണ്ടി യാത്ര’ സംഘടിപ്പിക്കുന്നു. അരുവിപ്പുറം, വൈക്കം, പൊയ്കയില്‍ അപ്പച്ചന്‍ സ്മൃതിമണ്ഡപം, വൈപ്പിന്‍ തുടങ്ങിയ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്നും ജനകീയ കേന്ദ്രങ്ങളില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വില്ലുവണ്ടികളും പദയാത്രകളും കലാജാഥ സംഘങ്ങളും എരുമേലിയില്‍ ഒത്തുചേര്‍ന്ന് റാലിയും പൊതുസമ്മേളവും നടത്തുമെന്ന് ആദിവാസി അവകാശ പുനഃസ്ഥാപന സമിതിക്ക് വേണ്ടി എം. ഗീതാനന്ദനും സണ്ണി എം കപിക്കാടും അറിയിച്ചു.

ഈ നവോത്ഥാന യാത്രയില്‍ ദളിത് ആദിവാസി വിഭാഗങ്ങള്‍ മാത്രമല്ല, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരും ഭരണഘടനയില്‍ വിശ്വസിക്കുന്നവരും നീതി പുലര്‍ന്നു കാണമെന്ന് ആഗ്രഹിക്കുന്നവരുമായ എല്ലാവരും പങ്കെടുക്കുമെന്നും എല്ലാ വിഭാഗങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടത്തുന്ന ഒരു നവോത്ഥാന മുന്നേറ്റമാണ് സംഘടിപ്പിക്കുന്നതെന്നും അതിനാല്‍ തന്നെ ഈ പ്രതിരോധ പരിഷ്‌കരണ പരിപാടിയുടെ ഉജ്ജ്വല വിജയത്തിന് മുഴുവന്‍ ആദിവാസി, ദളിത്, പിന്നോക്ക സംഘടനാ പ്രതിനിധികളും, ജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കാളികളാകണമെന്നാണ് വില്ലുവണ്ടി യാത്രയുടെ സംഘാടകരായ ആദിവാസി അവകാശ പുനഃസ്ഥാപന സമിതി ആവശ്യപ്പെടുന്നത്. നവോത്ഥാന കേരളത്തിന്റെ ചരിത്രം ഓര്‍മിപ്പിക്കുന്ന വില്ലുവണ്ടി യാത്ര ശബരിമല വിഷയത്തില്‍ നടത്തുന്നതിന്റെ സാഹചര്യവും ആവശ്യവും എം. ഗീതാനന്ദന്‍ പറയുന്നു.

സവര്‍ണ ഹിന്ദു ഫാസിസ്റ്റുകളായിട്ടുള്ള ബ്രാഹ്മണിക്കല്‍ ശക്തിക്ക് സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചുകൊണ്ട് അവരുടെ പാരമ്പര്യ വിശ്വാസ കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല അവര്‍ കലാപഭൂമിയാക്കി. പതിനെട്ടാം പടി സംഘര്‍ഷ കേന്ദ്രമാക്കി. രക്തച്ചൊരിച്ചിലിനും മലമൂത്രവിസര്‍ജനത്തിനും ആഹ്വാനം ചെയ്യുന്നു. ശബരിമലയില്‍ ശ്വാശത പരിഹാരം ഉണ്ടാകണമെങ്കില്‍ ബ്രാഹ്മണാധിപത്യം അവസാനിപ്പിക്കണം. അവിടെ ഏറ്റവും ലളിതമായ നടന്നിരുന്ന പ്രാചീന ആചാരനുഷ്ഠാനങ്ങള്‍ പുനഃസ്ഥാപിക്കണം. പൂജാദി കര്‍മങ്ങളിലെ ബ്രാഹ്മണ്യ കുത്തക പലയിടങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ശബരിമലയില്‍ അതുണ്ടാകുന്നില്ല. പൂര്‍ണമായി വൈഷ്ണവ രീതി പിന്തുടരുന്ന ക്ഷേത്രമല്ല ശബരിമല. കാവുകളിലും കോട്ടങ്ങളിലും പ്രാചീന ആചാര രീതികള്‍ തുടരുന്ന ജനവര്‍ഗത്തിന്റെ മിത്തിക്കല്‍ സങ്കല്‍പ്പമാണ് അയ്യപ്പന്‍. അന്യദേശത്തു നിന്നും വന്ന തന്ത്രി കുടുംബത്തിനും ആ ആചാരങ്ങള്‍ തെറ്റിക്കാന്‍ അവകാശമില്ല. ദേവസ്വം ബോര്‍ഡിനും അവകാശമില്ല. പക്ഷേ, അവരതൊക്കെ തെറ്റിച്ചിരിക്കുന്നു. ആ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചിരിക്കുന്നു.

ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം
അയ്യപ്പന്‍ ജനിച്ചു വളര്‍ന്നുവെന്ന് വിശ്വസിക്കുന്ന തറവാടാണ പാലോട്ട്. പലോട്ട് തറവാട്ടിലായിരുന്നു അയ്യപ്പന്റെ കുട്ടിക്കാലം എന്നു പറയുന്നു. ആ കുടുംബത്തില്‍ നിന്നുള്ളവര്‍ ശബരിമലയ്ക്ക് പോകാറില്ല. തങ്ങള്‍ക്ക് ശബരിമല തിരിച്ചു കിട്ടുമെന്നൊന്നും വിശ്വാസമില്ലെന്നാണ് അവിടുത്തെ കാരണവര്‍ പറഞ്ഞത്. എന്നെങ്കിലും തിരിച്ചു കിട്ടുകയാണെങ്കില്‍ പ്രാചീന കാലം മുതല്‍ അവിടെ അനുഷ്ഠിച്ചു വന്നിരുന്ന വളരെ ലളിതമായ ചടങ്ങായ വിളക്കു കത്തിക്കലിലേക്ക് മാത്രം തിരിച്ചു പോകുമെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ ശബരിമലയില്‍ കച്ചവട താത്പര്യമാണ് നടക്കുന്നത്. കോടികള്‍ സ്വന്തമാക്കാന്‍ വഴി തേടുന്ന ലോബിയുടെ കൈയിലാണ് ശബരിമല. അവര്‍ ശബരിമല വിട്ടുതരാന്‍ യാതൊരു സാധ്യതയുമില്ല. എന്നാല്‍ തങ്ങളുടെ ആചാരത്തിലേക്ക് ശബരിമല തിരിച്ചുവന്നാല്‍ കച്ചവടക്കാര്‍ സ്വയം പിന്‍വാങ്ങുമെന്നും പാലോട് തറവാട് കാരണവര്‍ പറയുന്നുണ്ട്.

ശബരിമലയില്‍ ആദിവാസി അവകാശം പുനഃസ്ഥാപിക്കണമെങ്കില്‍ ഇപ്പോള്‍ നടക്കുന്ന മുന്നേറ്റങ്ങളെ ഒരു ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനമായി കേരളത്തിലെ ബഹുജനങ്ങള്‍ വികസിപ്പിച്ചെടുക്കണം. സുപ്രിം കോടതി വിധി നടപ്പാക്കുന്നതുകൊണ്ട് മാത്രം പരിഹാരമാകുന്നില്ല. അത് ഇതിനകത്ത് ഒരു ഘടകം മാത്രമാണ്. സുപ്രിം കോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ തടസ്സം നില്‍ക്കുന്നത് ശബരിമലയില്‍ ഇല്ലാത്ത ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാഹ്മണ ലോബിയാണ്. അന്യദേശത്തു നിന്നും വന്നവര്‍ ശബരിമലയിലെ അന്തിമവാക്ക് തങ്ങളുടെതാണെന്ന് അവകാശപ്പെടുന്നു. ഇവിടുത്തെ ജാതിമത മേധാവികള്‍ അവരെ പിന്തുണയ്ക്കുന്നു.

ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ ആത്മധൈര്യം കാണിക്കണം
മറ്റെല്ലാ ക്ഷേത്രങ്ങളിലും ബ്രാഹ്മണ കുത്തക അവസാനിപ്പിച്ചതുപോലെ ശബരിമലയിലും അവസാനിപ്പിക്കണം. അതാണ് കേരളത്തിലെ സെക്യുലര്‍ ജനാധിപത്യവാദികള്‍ ആവശ്യപ്പെടേണ്ടത്. പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങള്‍ തിരസ്‌കരിക്കണം. ഇക്കാര്യങ്ങളില്‍ കേരളത്തിലെ ദളിത് പിന്നാക്ക വിഭാഗങ്ങള്‍ ശക്തമായ നിലപാട് എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. സുപ്രിം കോടതി വിധി ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം തന്നെ ഇവിടുത്തെ ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ശബരിമലയില്‍ താഴ്മണ്‍ കുടുംബത്തിനാണ് അവകാശമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. അതൊരു അലിഖിത നിയമവും അല്ല. അതിനെ ചോദ്യം ചെയ്യാനുള്ള ആത്മധൈര്യം ഇവിടുത്തെ ബഹുഭൂരിപക്ഷം വരുന്ന ദളിത പിന്നാക്ക വിഭാഗങ്ങള്‍ കാണിക്കുന്നില്ല.

ദേവസ്വം ബോര്‍ഡിന് ബദല്‍ വേണം
ഹിന്ദുത്വത്തിനും ബുദ്ധിസത്തിനും മുമ്പും ഇവിടെ പ്രാചീനമായ ആചാരവിധികള്‍ പിന്തുടര്‍ന്നു വന്ന ദളിത് ആദിവാസി വിഭാഗങ്ങളുടെ കാവുകളും കോട്ടങ്ങളുമെല്ലാം പിടിച്ചെടുക്കപ്പെടുകയാണ് ഉണ്ടായതെന്ന് ഓര്‍ക്കണം. പിടിച്ചെടുത്തും നശിപ്പിച്ചും ലയിപ്പിച്ചും അധീശത്വം നേടിയവരാണ് ഇപ്പോള്‍ മേധാവികള്‍ ചമയുന്നത്. അവര്‍ക്കു കൂട്ടായി ദേവസ്വം ബോര്‍ഡുകള്‍ നില്‍ക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഘടനയില്‍ തീര്‍ച്ചയായും മാറ്റം വരണം. ഇവിടുത്തെ ആരാധന കേന്ദ്രങ്ങളില്‍ എല്ലാം വൈഷ്ണവ രീതിയിലുള്ള ആചാരങ്ങള്‍ വേണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല, ദേവസ്വം ബോര്‍ഡ് നിയമത്തിലുമില്ല. പക്ഷേ, അതാണ് നടക്കുന്നത്. ആചാരാനുഷ്ഠാനങ്ങളുടെ അന്തിമവവാക്ക് ബ്രാഹ്മണനാണെന്ന് പറയാന്‍ ദേവസ്വം ബോര്‍ഡ് ആരാണ്? പൊന്നമ്പല മേട്ടില്‍ വിളക്കു കൊളുത്തിയിരുന്ന കുടുംബത്തെ ബലംപ്രയോഗിച്ച് പുറത്താക്കിയില്ലേ ദേവസ്വം ബോര്‍ഡ്? ബ്രാഹ്മണ്യത്തെ അടിച്ചേല്‍പ്പിക്കുന്ന ഏജന്‍സിയായി പ്രവര്‍ത്തിച്ചുകൊണ്ട് ഭരണഘടന വിരുദ്ധമായ പ്രവര്‍ത്തികളാണ് ബോര്‍ഡ് ചെയ്യുന്നത്. സാമ്പത്തികവരുമാനം പ്രതീക്ഷിച്ചാണ് ഈ പിന്തുണ. കാവുകളും കോട്ടങ്ങളും തിരിച്ചു പിടിച്ച് അവ പരിപാലിക്കാന്‍ ദേവസ്വം ബോര്‍ഡിനു ബദലായി ഒരു സംവിധാനം രൂപപ്പെടുത്തിയെടുക്കണം. ഈ ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. അത് യാഥാര്‍ത്ഥ്യമക്കണം.

ശബരിമലയില്‍ എന്‍എസ്എസ്സിന് എന്തവകാശം
ശബരിമലയില്‍ ഇടപെടാന്‍ അവകാശവും അധികാരവും ഉണ്ടെന്നു കരുതുന്നവര്‍ ആരൊക്കെയാണ്. പന്തളം രാജ കുടുംബത്തിന് ഉണ്ട്, അന്യദേശക്കാരാണെങ്കിലും തന്ത്രി കുടുംബത്തിനും അഭിപ്രായങ്ങള്‍ പറയാം, മലയരവിഭാഗത്തിന് അധികാരമുണ്ട്, ഭരണകൂടത്തിനും കോടതിക്കും ജനങ്ങള്‍ക്കു വേണ്ടി ഇടപെടാം. എന്നാല്‍ എന്‍ എസ് എസ് പോലൊരു ജാതി സംഘടനയ്ക്ക് എന്ത് അവകാശവും അധികാരവുമാണ് ശബരിമലയില്‍? എന്നിട്ടും ചാമ്പ്യന്മാര്‍ ആകുന്നത് അവരാണ്. ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാന്‍ യാതൊരു അവകാശവും അവര്‍ക്കില്ല. ശബരിമല നായന്മാരുടെ സ്ഥാപനമല്ല. എന്‍എസ്എസ് ഇവിടുത്തെ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നുണ്ടോ? ഈഴവരെയോ ദളിതരെയോ മലയരെയോ അവര്‍ പ്രതിനിധാനം ചെയ്യുന്നില്ല. ശബരിമലയെ ഒരുതരത്തിലും പ്രതിനിധാനം ചെയ്യുന്നില്ല. ശബരിമലയില്‍ ആര് കയറണം, കയറരുതെന്നൊക്കെ പറയാന്‍ എന്‍എസ്എസ് ആരാണ്? തങ്ങളുടെ നിയന്ത്രണത്തിലായിരിക്കും ബ്രാഹ്മണ പൂജാരികളും തന്ത്രിമാരും എന്ന് വരുത്തി തീര്‍ത്ത് ഇവിടെ സവര്‍ണമേധാവിത്വം തിരിച്ചുകൊണ്ടുവരാന്‍ ബ്രഹ്മണ ശക്തികളെ പുനരുജ്ജീവിപ്പിക്കുകയാണ് എന്‍എസ്എസ് ചെയ്യുന്നത്. അതുവഴി ദേവസ്വം ബോര്‍ഡില്‍ കൂടി പിടിമുറുക്കുന്നു. ഇക്കാര്യങ്ങള്‍ എല്ലാവരും തിരിച്ചറിയണം. ജനാധിപത്യപരമായി അഭിപ്രായം പറയാനും കോടതി വിധി അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമൊക്കെ അവര്‍ക്ക് അവകാശമുണ്ട്. പക്ഷേ, തന്ത്രി കുടുംബത്തിനാണ് ശബരിമലയില്‍ അവകാശമെന്നൊന്നും പറഞ്ഞോണ്ട് വരരുത്. അവര്‍ ഒരു വശത്ത് ജാതീയമായി ഹിന്ദു ഏകീകരണത്തിന്റെ നേതാക്കന്മാരായി മാറും. മറുവശത്ത് സാമ്പത്തിക സംവരണത്തിനും ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്കുമെല്ലാമായി കളി നടത്തും. ഈ കപടതയൊക്കെയാണ് വെളിപ്പെടേണ്ടത്. ശബരിമലയിലെ രാഷ്ട്രീയവത്കരിക്കുന്നത് ഇത്തരം താത്പര്യങ്ങള്‍ വച്ചുകൊണ്ട് എന്‍എസ്എസ്സും 2019 ലെ തെരഞ്ഞെടുപ്പിനു വേണ്ടി ബിജെപിയുമൊക്കെയാണ്. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതായ പ്രധാന വിഷയവും ഇതാണ്.

യുഡിഎഫ് കാണിക്കുന്നത് ഹീനമായ മുതലെടുപ്പ്
ശബരിമല വിഷയം കാര്യമായി മുതലെടുക്കുന്നവരുണ്ട്. മാധ്യമങ്ങള്‍ അത് ചെയ്യുന്നുണ്ട്. സംഘപരിവാരും അവരെപ്പോലെ തന്നെ യുഡിഎഫും അത് ചെയ്യുന്നുണ്ട്. യുഡിഎഫ് എന്താണ് ചെയ്യുന്നത്, ജാതിവരുദ്ധ, മതേതരത്വ അന്തരീക്ഷം മലിനപ്പെടുത്തി സംഘപരിവാറിന് കളമൊരുക്കി കൊടുക്കുന്ന പരിപാടിയാണവര്‍ ചെയ്യുന്നത്. ഏറ്റവും ഹീനമായ രീതിയിലാണ് ശബരിമല വിഷയത്തില്‍ യുഡിഎഫ് ഇടപെടുന്നത്. ഇത്തരം പ്രസ്ഥാനങ്ങളെല്ലാം അപ്രസക്തമായി പോകും. ഇവിടെയാണ് നമ്മുടെ ഇടപെടലുകള്‍ ഉണ്ടാകേണ്ടത്. ദളിത് പിന്നാക്ക വിഭാഗങ്ങള്‍ ഇപ്പോഴത്തെ മുന്നേറ്റങ്ങളെ ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനമാക്കി വികസിപ്പിച്ചെടുത്താല്‍ മാത്രമെ സംഘപരിവാറിനെയും വലതുപക്ഷ തീവ്രശക്തികളെയും നേരിടാന്‍ സാധിക്കൂ.

സംഘപരിവാറിനെ സ്ത്രീകള്‍ തന്നെ തോല്‍പ്പിക്കും
സുപ്രിം കോടതി വിധി നടപ്പിലാക്കപ്പെടാന്‍ സമയമെടുക്കും. ഇടതു സെക്യുലര്‍ വിഭാഗങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടതെന്തെന്നാല്‍ ജനമനസില്‍ രൂഢമായിരിക്കുന്ന ആര്‍ത്തവുമായി ബന്ധപ്പെട്ടതടക്കമുള്ള അന്ധവിശ്വാസങ്ങള്‍ മാറ്റിയെടുക്കാന്‍ പ്രവര്‍ത്തിക്കുകയാണ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ഉടനെ തന്നെ ശബരിമലയില്‍ കയറുമെന്ന് കരുതേണ്ടതില്ല. അത് സമയമെടുത്ത് സംഭവിക്കുന്ന പ്രക്രിയയാണ്. സ്ത്രീകള്‍ അവിടെ കയറിയിരിക്കും. സമയം എടുത്താണെങ്കിലും സംഘപരിവാര്‍ സമൂഹത്തിനു മുന്നില്‍ തുറന്നു കാണപ്പെടുകയും ചെയ്യും. അവര്‍ പരാജയപ്പെടുമെന്നതില്‍ സംശയമില്ല. സ്ത്രീകള്‍ തന്നെ അവരെ തോല്‍പ്പിക്കും.

സെക്യുലര്‍ ഇടം പരാജയപ്പെടരുത്
ഇപ്പോള്‍ ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നും ആളുകളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അതിവിടുത്തെ സെക്യുലര്‍ ഇടത്തിനുണ്ടായ പരാജയമാണ്. എസ്എന്‍ഡിപി, കെപിഎംഎസ് പോലുള്ള സംഘടനകള്‍ മുന്നോട്ടുവന്ന് ബ്രാഹ്മണ്യ മേധാവിത്വം അവസാനിപ്പിക്കണം, തന്ത്രി കുടുംബത്തെ മാറ്റണം എന്നും പറഞ്ഞാല്‍ അന്തരീക്ഷം മൊത്തത്തില്‍ മാറും. ആചാരനുഷ്ഠാനങ്ങളില്‍ ബ്രാഹ്മണ്യത്തെ അന്തിമവാക്കാക്കുന്ന ഏക ഫോര്‍മുല ചോദ്യം ചെയ്യപ്പെടണം. ഇതാണ് പ്രധാന പ്രശ്‌നം എന്ന് തിരിച്ചറിയണം. ബ്രാഹ്മമേധാവിത്വം ചോദ്യം ചെയ്യപ്പെടണം. എന്നാല്‍ ഈ വിഷയം അപ്രസക്തമാക്കപ്പെടുകയും സുപ്രിം കോടതി വിധിയിലൂടെ ഉന്നയിക്കപ്പെട്ട സ്ത്രീ പ്രവേശനം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോഴാണ് ദളിത് പിന്നാക്ക വിഭാഗങ്ങളില്‍ വിഭജനം സംഭവിക്കുന്നത്.

എന്നാല്‍, ഒന്നുറപ്പിച്ച് പറയാം. പുതിയ മുന്നേറ്റം വിജയത്തിന്റെ പാതയിലൂടെയാണ്. ബ്രാഹ്മണ വിരുദ്ധ പോരാട്ടം ലക്ഷ്യം കാണും. ധാര്‍മികമായി അവര്‍ ഇപ്പോഴെ പരാജയപ്പെട്ടിരിക്കുകയാണ്. അവരുടെ പൊള്ളത്തരം തുറന്നു കാണിക്കപ്പെട്ടു. അവര് പറയുന്ന ആചാരനുഷ്ഠാനങ്ങള്‍ തട്ടിപ്പാണെന്ന് അവര്‍ തന്നെ അതിനെ ലംഘിച്ചുകൊണ്ട് വെളിപ്പെടുത്തുകയാണ്. ഇനിയവരുടെ മേധാവിത്വം നിലനില്‍ക്കില്ല. ശബരിമലയില്‍ നിന്നും ബ്രാഹ്മണ കുത്തക കുടിയിറങ്ങും, ആദിവാസികള്‍ അവകാശമേല്‍ക്കും.

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍: പൊതുജനം കഴുതയാണെന്ന് പറഞ്ഞവന്‍ ആരാണോ അവനെ നമിക്കേണ്ടിയിരിക്കുന്നു

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

പിള്ളയുടെ രഥ യാത്രയും ശരവണന്‍മാരുടെ പദയാത്രയും; ഒറ്റ വേദിയില്‍ അവസാനിക്കുമോ എന്ന് കാത്ത് കേരളം

ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍