UPDATES

കുട്ടികളെ പൊള്ളിച്ചും നിലത്തടിച്ചും കൊല്ലുന്ന ‘ശിശു സൌഹൃദ’ കേരളം; എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

ഷഫീഖിനു ശേഷം ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിച്ച അതിക്രമങ്ങള്‍ വീണ്ടും എത്രയോ സാധാരണമായാണ് സംസ്ഥാനത്തു തുടര്‍ന്നുകൊണ്ടിരുന്നത്.

ശ്രീഷ്മ

ശ്രീഷ്മ

ആറു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ദിവസം കേരളം ഉണര്‍ന്നേണീറ്റത് ഒരു അഞ്ചുവയസ്സുകാരന്റെ ചതഞ്ഞു തകര്‍ന്ന കൊച്ചു ശരീരം കണ്ടുകൊണ്ടായിരുന്നു. സ്വന്തം അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ദിവസങ്ങളോളം ആ കുഞ്ഞിനെ കൊടിയ മര്‍ദ്ദനത്തിനിരയാക്കിയ കഥകള്‍ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ബോധരഹിതനായ അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച കുട്ടിയുടെ കാല് ഇരുമ്പു ദണ്ഡുകൊണ്ടുള്ള പ്രഹരത്തില്‍ ഒടിഞ്ഞുപോയിരുന്നു. ദേഹമാസകലം പൊള്ളലേറ്റതിന്റെയും കമ്പികൊണ്ട് മുറിവേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. പല ദിവസങ്ങളിലും ക്രൂരമായ മര്‍ദ്ദനം സഹിച്ചും പട്ടിണി കിടന്നും ആ കുഞ്ഞിന്റെ ശരീരം ആകെ തളര്‍ന്നു പോയിരുന്നു. മര്‍ദ്ദനം അതിരു കടന്ന ഒരു ദിവസമാണ് അവന്‍ സ്വന്തം അച്ഛന്റെ ചവിട്ടേറ്റ് ബോധരഹിതനായി വീണു പോയത്. ആശുപത്രിയില്‍ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പോലും അവന്‍ അനുഭവിച്ച യാതനകള്‍ തിരിച്ചറിഞ്ഞ് തരിച്ചിരുന്നുപോയിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അടിയേറ്റ് ഒടിഞ്ഞ കാലും, എഴുപത്തിയഞ്ചു ശതമാനത്തോളം പ്രവര്‍ത്തനം നിലച്ചുപോയിരുന്ന തലച്ചോറുമായി ആശുപത്രിയില്‍ മരണത്തോടു മല്ലിട്ടു കിടന്ന ആ ആറു വയസ്സുകാരന്റെ ജീവനു വേണ്ടി കേരളം ഒന്നടങ്കമാണ് കൂട്ടിരുന്നത്. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വരികയും തലച്ചോറില്‍ അണുബാധയും അപസ്മാരവും ഉണ്ടാവുകയും ചെയ്തപ്പോഴും, ചികിത്സിച്ച ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടില്ലായിരുന്നു. അവന്‍ ജീവിതത്തിലേക്ക് തിരിച്ചുവരിക തന്നെ ചെയ്തു. ഷഫീഖ് എന്ന ആ ബാലന്‍ അന്നുതൊട്ട് ഈ നിമിഷം വരെ നമുക്ക് ബാലാവകാശ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു വലിയ ഓര്‍മ്മപ്പെടുത്തലാണ്. തൊടുപുഴയിലെ അല്‍ അസര്‍ ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. പൈജാസ്, ഷഫീഖിനെ ഏറ്റെടുത്ത് ജീവിതത്തിലേക്ക് പതിയെ തിരിച്ചുകൊണ്ടുവരാന്‍ പരിശീലിപ്പിച്ചു തുടങ്ങി.

ഷഫീഖിന്റെ ദുരവസ്ഥ ഉറങ്ങിക്കിടന്ന സര്‍ക്കാര്‍ ഏജന്‍സികളില്‍ പലതിനെയും താല്‍ക്കാലികമായെങ്കിലും പ്രവര്‍ത്തനക്ഷമമാക്കി. ബാലസുരക്ഷയ്ക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ഷഫീഖ് കമ്മറ്റി എന്ന പേരില്‍ ഒരു സംഘത്തെ നിയോഗിക്കുകയും, യുദ്ധകാലാടിസ്ഥാനത്തില്‍ ആ കമ്മറ്റി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 2014ല്‍ സമര്‍പ്പിക്കപ്പെട്ട ആ കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍, കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടായ ശേഷം എടുക്കേണ്ട നടപടികളെക്കുറിച്ചല്ല, മറിച്ച് അപകടങ്ങള്‍ ഇല്ലാതെ സൂക്ഷിക്കാനുള്ള വഴികളെക്കുറിച്ചാണ് കൂടുതലും ചര്‍ച്ച ചെയ്തിരുന്നത്. പഞ്ചായത്തു തലത്തില്‍ കമ്മറ്റികള്‍ രൂപീകരിച്ച് വീടുകളിലെത്തി കുട്ടികള്‍ക്ക് സുരക്ഷയുറപ്പാക്കുക, പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ സ്‌കൂളുകളില്‍ നോഡല്‍ ടീച്ചര്‍മാര്‍ വഴി അറ്റന്റന്‍സും പെരുമാറ്റവും നിരീക്ഷിച്ച് കണ്ടെത്തി സഹായം നല്‍കുക എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കുട്ടികള്‍ക്ക് ഏതു സമയത്തു സഹായമെത്തിക്കാന്‍ പോന്ന ഒരു ശൃംഖല തയ്യാറാക്കാനുള്ള ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും ഷഫീഖ് കമ്മറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സാമൂഹ്യനീതി വകുപ്പ് മുതല്‍ കുടുംബശ്രീ വരെയുള്ള ഏജന്‍സികളെ സഹകരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു നീക്കം കൂടിയായിരുന്നു ഷഫീഖ് കമ്മറ്റി വിഭാവനം ചെയ്തിരുന്നത്. ഷഫീഖിന് ഇപ്പോള്‍ പതിനൊന്നു വയസ്സുണ്ട്. പണ്ട് ഏറ്റ മര്‍ദ്ദനങ്ങളുടെ കാഠിന്യം കാരണം ഇനിയും അവന് പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താനായിട്ടില്ല. എങ്കിലും അല്‍ അസര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ ഷഫീഖ് പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറുകയാണ്. പക്ഷേ, ഷഫീഖ് കമ്മറ്റി റിപ്പോര്‍ട്ടിന് എന്തു സംഭവിച്ചു എന്നതിനേക്കുറിച്ച് ആര്‍ക്കും ഒരു ധാരണയുമില്ല. 2014-2015 കാലത്ത് നടപ്പില്‍ വരുത്തണമെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ട റിപ്പോര്‍ട്ട് ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴും പലര്‍ക്കും അറിവു പോലുമില്ലാത്ത വിധത്തില്‍ മറവിയിലാണ്ടു പോയിക്കഴിഞ്ഞിരിക്കുന്നു. ഷഫീഖിന് സംഭവിച്ചത് ഇനിയൊരു കുഞ്ഞിനും സംഭവിച്ചുകൂടാ എന്ന അന്നത്തെ പല വീരവാദങ്ങളും എല്ലാവരും മറന്നു കഴിഞ്ഞു.

ഷഫീഖിനെപ്പോലെ ക്രൂരമര്‍ദ്ദനമേറ്റ്, ഷഫീഖിനു സംഭവിച്ചതു പോലെത്തന്നെ ബോധരഹിതനായി വീണ്, ഷഫീഖിനേക്കാള്‍ രണ്ടു വയസ്സുമാത്രം പ്രായക്കൂടുതലുള്ള മറ്റൊരു ബാലനെക്കുറിച്ച് കേള്‍ക്കുന്നതുവരെ, ഷഫീഖ് എന്ന പേരു തന്നെ നമ്മള്‍ മറന്നുപോയിരിക്കുന്നു. തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ അടിച്ചുവീഴ്ത്തി തലയോടു പൊട്ടിയ അവസ്ഥയില്‍ ആശുപത്രിയിലെത്തിയ ഏഴുവയസുകാരന്‍ ബാലന് മസ്തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞു. വിദ്യാസമ്പന്നരുടെയും രാഷ്ട്രീയബോധ്യമുള്ളവരുടെയും നാടായ കേരളത്തില്‍, ബാലാവകാശം എന്ന വാക്കിനെപ്പോലും ലജ്ജിപ്പിച്ചു കൊണ്ട് ഒരു ഏഴുവയസ്സുകാരന്‍ മൃതപ്രായനായി വെന്റിലേറ്ററില്‍ കിടക്കുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതും അല്ലാത്തതുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ധാരാളം കേസുകള്‍ ഇത്തരത്തില്‍ കേട്ടുകഴിഞ്ഞിരിക്കുന്നുവെന്നും പകല്‍പോലെ വ്യക്തമാണ്. കേരളത്തിലെ ശിശുസംരക്ഷണം എന്നത് എന്തുകൊണ്ടാണ് ഇനിയും പ്രായോഗികതയുടെ മൂപ്പെത്തിയിട്ടിലാത്ത ഒരു ആശയം മാത്രമായി തുടരുന്നത്?

റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് മാത്രമല്ല, കേസുകള്‍ ഇനിയുമുണ്ട്

‘ചെര്‍പ്പുളശ്ശേരിയിലെ പീഢനത്തിന്റെയും പ്രസവത്തിന്റെയും പ്രശ്നം കുറച്ചു കാലം കേരളത്തിലെ പല രാഷ്ട്രീയപ്പാര്‍ട്ടികളും നിരന്തരമായി ചര്‍ച്ച ചെയ്തു കൊണ്ടിരുന്നല്ലോ. അവിടത്തെ യഥാര്‍ത്ഥ പ്രശ്നം മാത്രം പക്ഷേ ആരും കണ്ടില്ല. ആഗ്രഹിക്കാതെ ഉണ്ടായ ആ കുട്ടിയെ അച്ഛനമ്മമാര്‍ക്കു വേണ്ട. എങ്കില്‍പ്പിന്നെ ചെയ്യാവുന്ന കാര്യം ഈ കുട്ടികളെ ഏതെങ്കിലും സുരക്ഷിത സ്ഥാനത്ത് ഏല്‍പ്പിക്കുക എന്നതാണ്. അതുണ്ടായില്ല. ആവശ്യമില്ലാത്ത ഘട്ടത്തില്‍ കുട്ടികളുണ്ടാകാതെ നോക്കുക എന്നതും വളരെ പ്രധാനമാണ്. ഇനി ആഗ്രഹിക്കാതെ ഉണ്ടാകുന്ന കുട്ടികളാണെങ്കില്‍ അവരെ നോക്കാനുള്ള ഏജന്‍സികളെ ഏല്‍പ്പിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.’ സ്വന്തം വീടുകള്‍ക്കകത്ത് മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചു കഴിയാന്‍ വിധിക്കപ്പെട്ട കുട്ടികളെക്കുറിച്ച് നിര്‍ഭയ കെയര്‍ ഹോമിന്റെ പ്രവര്‍ത്തക കൂടിയായ പി.ഇ ഉഷ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്. മാതാപിതാക്കളില്‍ നിന്നുള്ള അവഗണന സഹിച്ചു വളരുന്ന കുട്ടികള്‍, ഈ അവഗണനയില്‍ നിന്നുമുണ്ടാകുന്ന ശാരീരിക പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടിവരുന്നവര്‍ എന്നിങ്ങനെ, മുതിര്‍ന്നവരുടെ സംഘര്‍ഷങ്ങള്‍ക്ക് ഇരകളായി മാറേണ്ടിവരുന്ന കുഞ്ഞുങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അരക്ഷിതാവസ്ഥ നിറഞ്ഞ ജീവിത സാഹചര്യങ്ങള്‍ അവരെ എത്തിക്കുന്നത് മാനസിക പ്രശ്നങ്ങളിലോ മറ്റു പല മോശം അവസ്ഥകളിലോ വരെ ആകാം എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളെ വളര്‍ത്താനുള്ള സാഹചര്യമില്ലാത്തതിനാല്‍ ഒഴിവാക്കാന്‍ നോക്കുന്നവര്‍, മറ്റു ബന്ധങ്ങളിലേക്കു നീങ്ങാന്‍ കുട്ടികള്‍ തടസ്സമായി വരുന്നു എന്നു കാണുമ്പോള്‍ മര്‍ദ്ദിച്ചും അവഗണിച്ചും അവരെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ എന്നുതുടങ്ങി വീടിനകത്തെ അസ്വാരസ്യങ്ങളുടെ പ്രതിഫലനങ്ങള്‍ കുട്ടികളുടെ മേല്‍ കെട്ടിവയ്ക്കുന്നവര്‍ വരെ ഇത്തരത്തില്‍ ബാലസുരക്ഷയെക്കുറിച്ച് അറിയാത്തവരായി ഉണ്ട്.

മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കേസുകളിലുപരി, ‘ചെറിയ പ്രശ്നങ്ങള്‍’ എന്ന പേരില്‍ അധികൃതരും പൊലീസും തള്ളിക്കളയുന്ന കേസുകളാണ് ഈ ഗണത്തില്‍ അധികവും. കുട്ടികളില്‍ സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥയ്ക്കും സ്വഭാവ വൈകല്യങ്ങള്‍ക്കും ഈ ‘ചെറിയ കേസുകള്‍’ എന്തെങ്കിലും തരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നില്ല താനും. ശരീരമാസകലം പൊള്ളലേറ്റു പിടയുന്ന അവസ്ഥയിലാണ് സുമയെ പി.ഇ ഉഷയുടെ കൈയില്‍ കിട്ടുന്നത്. രണ്ടാനമ്മയാണ് ശിക്ഷാനടപടിയെന്ന പേരില്‍ കുട്ടിയെ ഗുരുതരമായി തീവച്ച് പൊള്ളിച്ചത്. ‘അച്ഛനമ്മമാര്‍’ ചെയ്തതായിനാല്‍ വിഷയത്തില്‍ കേസൊന്നും ഉണ്ടായതുമില്ല. താല്‍ക്കാലികമായി കെയര്‍ഹോമിലേക്കു മാറ്റിയ സുമയെ പിന്നീട് രണ്ടാനമ്മയോ സ്വന്തം അച്ഛനോ അന്വേഷിച്ചു വന്നതേയില്ല. ആശുപത്രിയില്‍ നിന്നും ചികിത്സയ്ക്കു ശേഷം ഹോമിലെത്തിയ സുമ ആരോടും സംസാരിക്കാറു പോലുമില്ലായിരുന്നുവെന്ന് ഉഷ ഓര്‍ക്കുന്നു. എല്ലാവരോടും, എല്ലാത്തിനോടും ഭയവുമായാണ് വര്‍ഷങ്ങളോളം സുമ ജീവിച്ചത്. അഞ്ചും ആറും വര്‍ഷക്കാലം തുടര്‍ച്ചയായി കൗണ്‍സലിംഗ് കൊടുത്തതിന്റെ ഫലമായി അത്യാവശ്യം സംസാരിക്കാന്‍ ആരംഭിച്ചെങ്കിലും, നാളിത്രയായിട്ടും സുമ സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. അത്രയ്ക്കായിരുന്നു അന്നത്തെ ക്രൂര മര്‍ദ്ദനം അവളില്‍ സൃഷ്ടിച്ച ആഘാതം.

പാലക്കാട്ടു നിന്നും ഹോമിലെത്തിയ സുധിയുടെ കഥയും സമാനമാണ്. സ്വന്തം അച്ഛന്റെ ഉപദ്രവത്തില്‍ പരിക്കേറ്റ അവസ്ഥയിലാണ് സുധിയെ കിട്ടുന്നത്. പന്ത്രണ്ടുവയസ്സുകാരനായ സുധിയെ ഇന്നേവരെ കെയര്‍ഹോമിലെ ആരും ചിരിച്ചു കണ്ടിട്ടില്ല. എല്ലായ്പ്പോഴും ദുഃഖിതനായി മാത്രം ഇരിക്കുന്ന സുധിയും കൗണ്‍സലിംഗിലാണ്. അവധിക്കാലത്ത് കെയര്‍ ഹോമിലെ പല കുട്ടികളെയും മാതാപിതാക്കളോ ബന്ധുക്കളോ കൂട്ടിക്കൊണ്ടു പോകുമ്പോഴും സുധിക്ക് എവിടെയും പോകാനില്ല. ആരും അവനെ അന്വേഷിച്ചു വരാറുമില്ല. തിരുവനന്തപുരത്തെ മറ്റൊരു കേസില്‍ സമപ്രായക്കാരനായ ഒരു ബാലന്‍ പക്ഷേ, തന്റെ അവസ്ഥയോട് പ്രതികരിക്കുന്നത് മറ്റൊരു തരത്തിലാണ്. രണ്ടാനമ്മയുടെ ദ്രോഹം കാരണം ഹോമിലെത്തിയ അവന്‍ വലിയ അക്രമസ്വഭാവമാണ് കാണിക്കുന്നത്. ഹോമിലെ മേല്‍നോട്ടക്കാരെയും മറ്റു കുട്ടികളെയും നിരന്തരം ഉപദ്രവിക്കുന്ന, വലിയൊരു ദേഷ്യക്കാരനായി വളരുകയാണവന്‍. എത്രയെത്ര ബാല്യങ്ങളാണ് ഇത്തരം ഇടപെടലുകള്‍ മൂലം ഇല്ലാതാക്കപ്പെട്ടു പോകുന്നത്. ഇത്തരം കേസുകളിലെല്ലാം പൊതുവായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, താല്‍ക്കാലികമായി കെയര്‍ഹോമുകളിലേക്ക് മാറ്റപ്പെടുന്ന കുട്ടികളെ സന്ദര്‍ശിക്കാനോ സംസാരിക്കാനോ പിന്നീടൊരിക്കലും മാതാപിതാക്കള്‍ എത്താറില്ലെന്നതാണ്. കുട്ടികളില്‍ കൊടിയ അരക്ഷിതാവസ്ഥയുണ്ടാക്കാന്‍ പോന്ന ഘടകം തന്നെയാണിത്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ ഒരു വിഷയം നടന്നു കഴിഞ്ഞാല്‍ റിപ്പോര്‍ട്ടു കൊടുക്കുക എന്നതല്ലാതെ മിക്കപ്പോഴും പ്രശ്നങ്ങള്‍ നടക്കാതെ നോക്കാനുള്ള സാഹചര്യം ഉണ്ടാക്കാറില്ല. അച്ഛന്‍ വേറെ വിവാഹം കഴിക്കാനായി ആദ്യ ഭാര്യയുടെ കുട്ടിയെ ഉപദ്രവം ഏല്‍പ്പിക്കുന്ന സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട്, തിരിച്ചും. അപ്പൂപ്പന്റേയോ അമ്മൂമ്മയുടെയോ ഒപ്പം കുറച്ചു കാലം നിന്നിട്ട് നമ്മുടെ അടുത്തെത്തും. ഈ കുട്ടികള്‍ അനുഭവിക്കുന്ന അവഗണന അങ്ങേയറ്റമാണ്. അതിനൊപ്പം ശാരീരിക ഉപദ്രവം വേറെയും. പ്രദേശത്തുള്ളവരരാരും ഇത്തരം പ്രശ്നങ്ങളില്‍ സാധാരണഗതിയില്‍ ഇടപെടില്ല. അച്ഛനമ്മമാരല്ലേ, മക്കളെ തല്ലുന്നത് സാധാരണയല്ലേ എന്നതാണ് ചിന്ത. ഇവിടെയൊരു മിടുക്കിക്കുട്ടിയുണ്ട്. രണ്ടാനമ്മ മര്‍ദ്ദിച്ചിട്ട് ഹോമിലെത്തിയതാണ്. അച്ഛന്റെയൊപ്പം നില്‍ക്കാന്‍ പറ്റുന്നില്ലല്ലോ എന്നതു മാത്രമാണ് അവളുടെ ദുഃഖം. പതിനെട്ടു വയസ്സായി അച്ഛനൊപ്പം പോകാന്‍ കാത്തിരിക്കുകയാണവള്‍. ഇത്രയൊക്കെ ആഗ്രഹങ്ങളേ ഇവര്‍ക്കുമുള്ളൂ. ഷഫീഖ് കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നില്ലെന്നു മാത്രമല്ല, ബാലാവകാശ കമ്മീഷനും ഒന്നും ചെയ്യുന്നില്ല. നമ്മുടെ ഫോസ്റ്റര്‍ കെയര്‍ സംവിധാനങ്ങളും അഡോപ്ഷന്‍ വ്യവസ്ഥകളും ഒന്നും വേണ്ടത്ര ആക്ടീവല്ല.’ കുട്ടികള്‍ക്ക് അന്യമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തെക്കുറിച്ച് ഭീതിയോടെയാണ് സാമൂഹികപ്രവര്‍ത്തകരും സംസാരിക്കുന്നത്.

അക്രമവാസന, വിഷാദരോഗം, ഉത്കണ്ഠ – നമ്മുടെ കുട്ടികള്‍ എത്തിച്ചേരുന്നയിടങ്ങള്‍

‘അഞ്ചാറു വര്‍ഷമായി ഞാന്‍ നോക്കുന്ന ഒരു കുട്ടിയുണ്ട്. കടുത്ത അക്രമവാസനയുള്ള ഒരു ആണ്‍കുട്ടി. എന്റെയടുത്ത് ചികിത്സയ്ക്കെത്തിയപ്പോള്‍ അവന്റെ കുടുംബത്തിലെ സാഹചര്യം ഞാന്‍ പരിശോധിച്ചിരുന്നു. അപ്പോഴാണ് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയുടെ അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബവുമാണ്. വീട്ടില്‍ ഒരു തരത്തിലുള്ള സമാധാനാന്തരീക്ഷവും ഉണ്ടായിരുന്നില്ല. അഞ്ചോ ആറോ വയസ്സു പ്രായമുള്ളപ്പോള്‍ മുതല്‍ കുട്ടിക്ക് അച്ഛനില്‍ നിന്നും നിരന്തരമായി മര്‍ദ്ദനങ്ങള്‍ ഏല്‍ക്കുമായിരുന്നു. ഒരു ഘട്ടത്തില്‍ അമ്മയില്ലാത്ത നേരം നോക്കി ഇയാള്‍ കുട്ടിയെ വിഷം കൊടുത്തു കൊല്ലാന്‍ വരെ ശ്രമിച്ചു. ചികിത്സയ്ക്കു ശേഷം കുട്ടിയും അമ്മയും ഇപ്പോള്‍ അച്ഛനില്‍ നിന്നും വേര്‍പിരിഞ്ഞ് തനിച്ചാണ് താമസം. ഈ കുട്ടിക്ക് പല തരത്തിലുള്ള പ്രശ്നങ്ങളാണ് ഇപ്പോള്‍ നേരിടുന്നത്. വലിയ അക്രമവാസനയാണ്. കൂട്ടുകാരുമായി നിരന്തരം വഴക്കുകൂടും. ഒരു കാര്യത്തിലും ശ്രദ്ധയില്ല. പഠനത്തില്‍ പിന്നോക്കമാണ്. അഞ്ചോ ആറോ വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ നേരിട്ട പ്രശ്നത്തിന്റെ ഓര്‍മകള്‍ അവനില്‍ സൃഷ്ടിച്ച് ആഘാതം എത്രത്തോളമാണെന്നു നോക്കണം. ഇപ്പോള്‍ പന്ത്രണ്ടു വയസ്സുണ്ട് അവന്. കടുത്ത അക്രമവാസന കാരണം മരുന്നു കൊടുക്കേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. ഇതുപോലെ പല പല കേസുകളാണ് ദിവസേന മുന്നിലെത്തുന്നത്’ ശിശു മനശ്ശാസ്ത്രവിദഗ്ധനായ ഡോ. ജയപ്രകാശാണ് പറയുന്നത്. വീടുകളില്‍ നിന്നും മറ്റും നേരിടുന്ന മര്‍ദ്ദനവും സമ്മര്‍ദ്ദവും നമ്മുടെ കുട്ടികളെ എവിടെയാണ് കൊണ്ടു ചെന്നെത്തിക്കുന്നതെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കാന്‍ മനശ്ശാസ്ത്രജ്ഞര്‍ക്കു സാധിക്കുന്നുണ്ട്.

കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസന, കള്ളം പറയാനുള്ള പ്രവണത, ദേഷ്യം കാണിക്കുന്ന ശീലം, ആരോടും കൂട്ടുകൂടാത്ത സ്വഭാവം. ഇതെല്ലാം വീടിനകത്തെ പീഡനങ്ങളുടെ ഫലമായുണ്ടാകുന്നതാകാമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. മാതാപിതാക്കളില്‍ നിന്നു തന്നെ നിരാസം നേരിട്ടു വളരുന്ന കുട്ടികള്‍ വളരുമ്പോള്‍ സ്വയം പീഢകരായി മാറാനുള്ള സാധ്യതകളും ഏറെയാണ്. വളരെപ്പെട്ടന്നു തന്നെ ഇവര്‍ കൂട്ടത്തില്‍ നിന്നും ഒറ്റപ്പെടും, പഠനത്തില്‍ പിറകിലാകും. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ മാറും. കേരളത്തിലെ കെയര്‍ഹോമുകളിലെ കുട്ടികളില്‍ ഇത്തരം പശ്ചാത്തലമുള്ളവരെ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം. കൈയില്‍ കിട്ടുന്ന സാധനങ്ങളെല്ലാമുപയോഗിച്ച് കൂട്ടുകാരെ മുറിവേല്‍പ്പിക്കുന്ന കേസുകളൊക്കെ ഹോമുകളില്‍ സാധാരണമാണ്. മുതിര്‍ന്ന ശേഷം അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പശ്ചാത്തലം പരിശോധിച്ചാല്‍ ഇത് വ്യക്തമായി തിരിച്ചറിയാമെന്നും ഡോ. ജയപ്രകാശ് പറയുന്നു.

‘ ഒരു തരം സൈക്കോ സോഷ്യല്‍ ഡിപ്രൈവേഷനാണ് അനുകൂലമല്ലാത്ത കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളില്‍ കാണപ്പെടുന്നത്. ഉത്കണ്ഠാ രോഗങ്ങള്‍, വിഷാദ രോഗങ്ങള്‍ എന്നിവയും നമ്മുടെ കുട്ടികളില്‍ സര്‍വസാധാരണമായി മാറുകയാണ്. കുട്ടികളില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥയാണ് ഇത്തരം കേസുകള്‍ ധാരാളമുണ്ടാകാനുള്ള പ്രധാന കാരണം. രണ്ടാനച്ഛനോ രണ്ടാനമ്മയോ പ്രതികളാകുന്ന കേസുകളാണ് മാധ്യമങ്ങളില്‍ കൂടുതലായി ആഘോഷിക്കപ്പെടാറുള്ളതെങ്കിലും, ഈ ഗണത്തില്‍പ്പെടുന്ന മറ്റു കേസുകളും അനവധിയാണ്. ആരും ശ്രദ്ധിക്കാതെ പോകുകയാണ് അധികവും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികളില്‍ ഇരിക്കുന്നവര്‍ക്കും ഇത്തരം കാര്യങ്ങളില്‍ വിവേചന ബോധം കുറവാണെന്നത് വാസ്തവം തന്നെയാണ്’ കുട്ടികളില്‍ ഇത്തരത്തിലുള്ള ഗുരുതരമായ സ്വഭാവമാറ്റങ്ങള്‍ക്ക് വഴിതെളിക്കാവുന്ന പ്രശ്നങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുമ്പോള്‍, കേരളത്തിലെ ശിശു സംരക്ഷണ നയങ്ങളും കമ്മറ്റികളും എന്താണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് സ്വാഭാവികമായും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ബാലാവകാശ നയങ്ങള്‍ക്ക് യാതൊരു കുറവുമില്ലാതിരുന്നിട്ടും, നമ്മുടെ കുഞ്ഞുങ്ങള്‍ കടന്നു പോകുന്നത് കൊടിയ അവകാശ നിഷേധങ്ങളിലൂടെയും മറ്റു പ്രതിസന്ധികളിലൂടെയുമാണ്. എല്ലാ ജില്ലകളില്‍ നിന്നും സമാനമായ സംഭവപരമ്പരകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ജില്ല തിരിച്ചു ചുമതല നല്‍കപ്പെട്ടിട്ടുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റികളില്‍ നടക്കുന്നതെന്തെന്നും അന്വേഷിക്കേണ്ടതുണ്ട്.’

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ നിര്‍ബന്ധിച്ച് സ്വന്തം വീടുകളിലേക്കു തന്നെ തിരിച്ചയയ്ക്കുന്നതു മുതല്‍, കൃസ്ത്യന്‍ കുടുംബമൂല്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് കുട്ടികളെ വീണ്ടും ദുര്‍ബലമായ സാഹചര്യങ്ങളിലേക്ക് മാറ്റുന്നതുവരെയും ഇത്തരം കമ്മറ്റികള്‍ക്കെതിരെ അനവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സജീവമായാണ് ഈ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍, എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ഇത്തരം കേസുകള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്? കെയര്‍ ഹോമുകളിലേക്ക് മാറ്റപ്പെടുന്ന കുട്ടികളെക്കുറിച്ച് തുടരന്വേഷണങ്ങള്‍ ഉണ്ടാകാറുണ്ടോ? കെയര്‍ ഹോമുകളില്‍ ഇവര്‍ അനുവഭിക്കുന്നത് സമാനമായ സാഹചര്യങ്ങള്‍ തന്നെയാണോ? ഇവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടക്കാറുണ്ടോ? ഈ ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അച്ഛനും അമ്മയുമല്ലേ, ‘അച്ചടക്കം’ പഠിപ്പിച്ചോട്ടെ

‘അച്ഛനല്ലേ, അമ്മയല്ലേ. കുട്ടികളെ മാതാപിതാക്കള്‍ തല്ലില്ലേ. ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ. അച്ഛനമ്മമാരെപ്പോലെ കുട്ടികളുടെ നന്മയെക്കരുതുന്ന വേറെയാരുണ്ട്’ – കേരളത്തിലെ ജനതയുടെ പൊതുബോധം എന്നതില്‍ക്കവിഞ്ഞ്, ബാലാവകാശ ലംഘനക്കേസുകളില്‍ നിയമപ്രകാരം നീങ്ങാന്‍ പല പൊലീസുകാരും തടസ്സം പറയുന്ന ന്യായങ്ങളാണിതെല്ലാം. അച്ഛനും അമ്മയും കുട്ടിയെ എന്തും ചെയ്യാന്‍ അധികാരപ്പെട്ടവരാണെന്നും, കുട്ടികള്‍ ഇരുവരുടെയും സ്വകാര്യ സ്വത്താണെന്നുമടക്കം പൊതുസമൂഹം വിധിയെഴുതുന്ന ഒരിടത്ത്, കുട്ടികളെ ‘അച്ചടക്കം പഠിപ്പിക്കാന്‍’ ശ്രമിച്ചതിന്റെ പേരില്‍ മാതാപിതാക്കളോ അധ്യാപകരോ ശിക്ഷിക്കപ്പെടുന്നത് ഒട്ടും ആശാസ്യമായിത്തോന്നില്ല. ഇത്തരം കേസുകളില്‍ പലതും രജിസ്റ്റര്‍ ചെയ്യപ്പെടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നതിന്റെ കാരണവുമതു തന്നെ. എങ്കിലും, ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിനും ചെയ്യാന്‍ പലതുമുണ്ടെന്ന് റിട്ടയേഡ് പൊലീസ് സൂപ്രണ്ടായ സുഭാഷ് ബാബു പറയുന്നു.

‘ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ ഘട്ടം. നിയമത്തിന്റെ സഹായം ആവശ്യമുള്ള വിഷയമാണെങ്കില്‍ പൊലീസ് ഇടപെടുകയും ചെയ്യും. ചൈല്‍ഡ് ലൈന്‍ പോലുള്ള വെല്‍ഫെയര്‍ ബോര്‍ഡുകളും ഈ ഉദ്യമത്തില്‍ തുല്യപങ്കാളികളാണ്. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ പൗരന്മാര്‍ക്കും ഇതില്‍ പങ്കുണ്ട് എന്നാണ് യാഥാര്‍ത്ഥ്യം. വീടുകളില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെ തിരിച്ചറിയാന്‍ ജനമൈത്രി പൊലീസിനും ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം സാഹചര്യങ്ങള്‍ തിരിച്ചറിയാനുള്ള സാധ്യതകള്‍ വളരെ ചുരുക്കമാണ്. വീടുകളില്‍ ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുണ്ടോ എന്ന് അയല്‍വാസികള്‍ പോലും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. വെറുതേ കുടുംബകാര്യത്തില്‍ ഇടപെടേണ്ടല്ലോ എന്നു ചിന്തിക്കും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വലിയ ശിക്ഷകള്‍ കൊടുക്കുക എന്നതു പോലുള്ള പ്രശ്നങ്ങളാണ് അധികവും കണ്ടുവരുന്നത്. കുട്ടികളെയും അയല്‍വാസികളെയും ഇത് തിരിച്ചറിയാനും റിപ്പോര്‍ട്ട് ചെയ്യാനും പ്രാപ്തരാക്കുക എന്നത് വലിയ ഘടകം തന്നെയാണ്.’

പ്രശ്നങ്ങളുള്ള വീടുകളില്‍ നിന്നും വരുന്ന കുട്ടികള്‍ ഇത്തരത്തില്‍ വ്യത്യസ്തമായ സ്വഭാവസവിശേഷതകള്‍ കാണിക്കുന്നവരായി മാറുമെന്ന നിരീക്ഷണമാണ് പൊലീസുദ്യോഗസ്ഥര്‍ക്കും ചൂണ്ടിക്കാട്ടാനുള്ളത്. മാതാപിതാക്കള്‍ക്ക് കുട്ടികളെ ഒഴിവാക്കണം എന്ന സാഹചര്യം വരുമ്പോള്‍ മര്‍ദ്ദിക്കുന്നതായും പീഡിപ്പിക്കുന്നതായുമുള്ള കേസുകളാണ് പൊലീസുദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇതുവരെ എത്തിയിട്ടുള്ളതില്‍ അധികവും. കുട്ടികള്‍ക്ക് ശ്രദ്ധയും പരിചരണവും കൊടുക്കുക എന്നതില്‍ പൊലീസിന്റെ പങ്കു വളരെ വലുതാണെങ്കിലും, ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പുവരുത്തുന്നതില്‍ പൊലീസിന് വീഴ്ച പറ്റാറുണ്ടെന്നതും വാസ്തവമാണ്. കൃത്യമായ നടപടികള്‍ വേണ്ട സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ വിഭാവനം ചെയ്യപ്പെടണം എന്നുതന്നെയാണ് പൊലീസിനും പറയാനുള്ളത്. ഇത്തരത്തില്‍ സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കുട്ടികള്‍ പിന്നീട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ക്രമസമാധാന പ്രശ്നങ്ങള്‍ക്കു പോലും കാരണക്കാരാകുന്നുവെന്നുമുള്ള മനശ്ശാസ്ത്രജ്ഞരുടെ നിരീക്ഷണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇത് അത്തരത്തില്‍ക്കൂടെ പൊലീസിന്റെ പരിധിയില്‍ വരുന്ന പ്രശ്നമായി മാറുന്നുണ്ട്.

ഷഫീഖിനു ശേഷം ആവര്‍ത്തിക്കില്ലെന്നു പ്രതീക്ഷിച്ച അതിക്രമങ്ങള്‍ വീണ്ടും എത്രയോ സാധാരണമായാണ് സംസ്ഥാനത്തു തുടര്‍ന്നുകൊണ്ടിരുന്നത്. കോഴിക്കോട് ബിലാത്തികുളത്ത് അച്ഛന്റെയും രണ്ടാനമ്മയുടെയും പീഢനത്തിനിരയായി തലയ്ക്കു ഗുരുതര പരിക്കേറ്റും പൊള്ളലേറ്റും മരിച്ച അഞ്ചു വയസ്സുകാരി അദിതി മുതല്‍, തൊടുപുഴയില്‍ മസ്തിഷ്‌ക മരണത്തിനു കീഴടങ്ങിക്കഴിഞ്ഞ ഏഴു വയസ്സുകാരന്‍ വരെ, ആറു വര്‍ഷങ്ങള്‍ക്കിടെ അറിഞ്ഞും അറിയാതെയും എത്രയോ കേസുകള്‍. വീടുകളില്‍ കര്‍ശനമായി ശിക്ഷിക്കപ്പെടുന്നതു മുതല്‍, ഫീസടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂളുകളില്‍ പൊരിവെയിലത്തു നില്‍ക്കേണ്ടിവരുന്നതു വരെയുള്ള ക്രൂരതകള്‍ ഈ കുട്ടികള്‍ സഹിക്കേണ്ടിവരുന്നത്, ബാലാവകാശം ഒരു നയമാക്കി നടപ്പിലാക്കിയ ജനാധിപത്യരാജ്യത്താണ്. ഇതാണ് നമ്മുടെ ശിശുക്ഷേമ നയമെങ്കില്‍, അതു മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍