പത്രാധിപർക്കെതിരെയും, പ്രസാധകർക്കെതിരെയും ചങ്കൂറ്റത്തോടെ തുറന്നു പറയാനുള്ള ശേഷിയില്ലായ്മയാണ് നമ്മുടെ എഴുത്തുകാരുടെ പൊതു സ്വഭാവം
എഴുത്തുകാരൻ ഭീരുവാകേണ്ട സ്ഥിതി വിശേഷം നിലവിൽ കേരളത്തിൽ ഇല്ലെന്നു കവി വിഷ്ണു പ്രസാദ്. കവിയും ചിത്രകാരനും ബ്ലോഗറുമായിരുന്ന സി.ഹരികൃഷ്ണന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ ഹരിയോർമ പുരസ്കാരം സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശ്രാമം എയിറ്റ് പോയന്റ് ആർട്ട് കഫെയിൽ ചേർന്ന ചടങ്ങിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം കൈമാറി. കെ.പി.നന്ദകുമാർ അനുസ്മരണപ്രഭാഷണം നടത്തി. വിഷ്ണുപ്രസാദിനെ ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് ഏറ്റവും നല്ല തീരുമാനം ആണെന്ന് ചടങ്ങിൽ മുഖ്യാഥിത്യം വഹിച്ചു കൊണ്ട് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
അന്തരിച്ച പ്രശസ്ത ബ്ലോഗ്ഗറും കലാകാരനുമായ പരാജിതന്‍ എന്ന ഹരികൃഷ്ണന്റെ ഓര്‍മ്മയ്ക്കായി സോഷ്യൽ മീഡിയയിൽ പ്രവര്‍ത്തിക്കുന്ന കൂട്ടുകാരും, ഹരിയുടെ സുഹൃത്തുക്കളും ചേർന്നാണ് പുരസ്കാരം നല്‍കുന്നത്. ഒന്നാമത്തെ ഹരിയോര്‍മ്മ പുരസ്ക്കാരം ലഭിച്ചത് കവി സച്ചിദാനന്ദനാണ്. 2006 ല്‍ മലയാളം കവിതാ ബ്ലോഗിംഗ് ആരംഭിച്ചവരാണു ഹരിക്യഷ്ണന്‍ എന്ന പരാജിതനും അവാര്‍ഡിനു അര്‍ഹനായ വിഷ്ണുപ്രസാദും. മലയാളം ബ്ലോഗിംഗിന്റെ തുടക്കത്തില്‍ തന്നെ അവിടെ നിന്നും പുസ്തകരൂപത്തിലാക്കപ്പെട്ട കവിതാ സമാഹാരമായ വിഷ്ണുപ്രസാദിന്റെ ‘കുളം + പ്രാന്തത്തി’ക്ക് പുറംചട്ട ഒരുക്കിയത് പരാജിതനായിരുന്നു. രക്താര്‍ബുദബാധയെ തുടര്‍ന്ന്, 2016 ജൂണ്‍ 27 നാണു ഹരികൃഷ്ണന്‍ അന്തരിച്ചത്.
ഹരി കൃഷ്ണനുമായി വ്യക്തിബന്ധവും, അനുഭവങ്ങളും പങ്കു വെച്ച വിഷ്ണു പ്രസാദ് ‘മീശ’ എന്ന നോവൽ പിൻവലിക്കാനുള്ള എസ് ഹരീഷിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.
വിഷ്ണു പ്രസാദ് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
സൈബർ ലോകത്ത് മനോഹരമായി കഥയും, കവിതയും, ലേഖനങ്ങളും എഴുതുന്ന ഒട്ടനവധി പേരുണ്ട്. അവർക്കെല്ലാം ലഭിക്കുന്നത് കേവലം ലൈക്കുകളും, കമന്റുകളും, സ്നേഹവും സൗഹൃദവും മാത്രമാണ്. മുഖ്യധാരാ മാധ്യമങ്ങളിൽ എഴുതുന്ന ആളുകൾക്ക് വലിയ പരിരക്ഷ, പണം, ആദരവ് എല്ലാം ലഭിക്കുന്നുണ്ട്. ഇതെല്ലാം ലഭിച്ചിട്ടും കേരളം പോലൊരു സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ മാത്രം എതിർപ്പുകളുടെ ഭാഗമായിട്ട് ഒരു കലാസൃഷ്ടി പിൻവലിക്കേണ്ടി വരുന്നത് പരിതാപകരമാണ്. കേരള സമൂഹത്തെ സംബന്ധിച്ചു ആത്മനിന്ദയോടെ മാത്രമേ ഈ ഒരു വാർത്ത ഉൾകൊള്ളാൻ സാധിക്കുകയുള്ളു. ഒരെഴുത്തുകാരൻ അത്രമാത്രം ഭീരുവാകേണ്ട സാഹചര്യം കേരളത്തിൽ ഇല്ല, തമിഴ് നാട്ടിൽ ഉണ്ടായിരിക്കാം. രണ്ടു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ- സാംസ്‌കാരിക പശ്ചാത്തലത്തിൽ വലിയ വ്യത്യാസം ഉണ്ട്. കേരളത്തിൽ ഇത്തരത്തിൽ കൃതികളെ എതിർക്കുന്നവർ ഉണ്ടെങ്കിൽ അതിനേക്കാളധികം അനുകൂലിക്കുന്നവരും ഉണ്ടാകും, ഈ ബോധ്യം എഴുത്തുകാരന് ഉണ്ടാവേണ്ടതുണ്ട്. ഭീരുവായി പിന്തിരിഞ്ഞോടുന്ന എഴുത്തുകാരെ അല്ല ഞങ്ങളെ പോലെയുള്ളവർ വായിക്കാൻ ആഗ്രഹിക്കുന്നത്.
നമ്മുടെ എഴുത്തുകാരെല്ലാം ആഗോള ഭീകരതക്കെതിരെ, വർഗീയതക്കെതിരെ എല്ലാം സംസാരിക്കും. ചുറ്റുവട്ടത്തുള്ള എല്ലാ പ്രശ്നങ്ങളിലും പ്രതികരിക്കും. വളരെ ധാർമികമായി വിഷയങ്ങളിൽ ഇടപെട്ടു കൊണ്ട് മുന്നിൽ നിൽക്കാൻ ശേഷിയുള്ളവരാണെന്നു തോന്നിപ്പിക്കും. പക്ഷെ ഒരു പത്രാധിപർക്കെതിരെയും, പ്രസാധകർക്കെതിരെയും ചങ്കൂറ്റത്തോടെ തുറന്നു പറയാനുള്ള ശേഷിയില്ലായ്മ നമ്മുടെ എഴുത്തുകാരുടെ പൊതു സ്വഭാവം ആണ്. ഈ ശീലത്തിന് മാറ്റം വരേണ്ടതുണ്ട്. പറയേണ്ടത് പറയേണ്ട ഇടത്ത് പറയേണ്ട സമയത്ത് പറയാത്തതിന്റെ ഒരു കുഴപ്പം പരിഹരിക്കപ്പെടേണ്ടതുണ്ട്.
ഹരീഷ് ഒരു മികച്ച എഴുത്തുകാരൻ ആണ്, അദ്ദേഹത്തിന്റെ ചാവ് സാക്ഷ്യം അടക്കമുള്ള കഥകൾ എനിക്കേറെ പ്രിയപ്പെട്ടതാണ്. അദ്ദേഹം ഭീരു ആയിക്കൂടാ. ഗംഭീര രചനകൾ എഴുതിയ ആ മനുഷ്യന്റെ ഭീരുത്വം കേരള സമൂഹത്തിന്റെ ആകെ ഭീരുത്വം ആയി വായിക്കപ്പെടും. അതുണ്ടാവരുത്. സത്യത്തിൽ മാതൃഭൂമി പോലെയുള്ള പ്രസിദ്ധീകരങ്ങളിൽ എഴുതിക്കൊണ്ടിരിക്കുന്ന ആളുകൾക്ക് സൈബർ സ്‌പേസിൽ എഴുതുന്ന എന്നെ പോലെയുള്ളവരുടെ പിന്തുണ ആവശ്യം ഇല്ല. ഒരുപാട് പാരമ്പര്യം ഉള്ള, ഒട്ടനവധി വായനക്കാരുള്ള, ഒരു പ്രസിദ്ധീകരണമാണ് മാതൃഭൂമി. വർഗീയ ശക്തികളെ നേരിടാനുള്ള കെൽപ് അവരുൾപ്പെടുന്ന നമ്മുടെ സമൂഹത്തിനു ഉണ്ടെന്നാണ് എന്റെ വിശ്വാസം.
ഒടുവില്‍ മാതൃഭൂമി ആ എഡിറ്റോറിയല്‍ എഴുതി, പത്താമത്തെ ദിവസം; പക്ഷേ….