UPDATES

കേരളം

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

ഇടതു എം പിയും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവുമായ ജോയ്‌സ് ജോര്‍ജിന്റെ അനധികൃത കയ്യേറ്റത്തിനെതിരേ ശക്തമായ നടപടി സ്വീകരിച്ച പ്രേം കുമാറിന്റെ നടപടി എന്തുകൊണ്ട് ശ്രീരാം വെങ്കട്ടരാമന്‍റേത് പോലെ വലിയ ‘ബഹള’മായില്ല

‘മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതുവരെ അങ്ങേരെ കൈയേറാന്‍ കഴിഞ്ഞിട്ടില്ല’; ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ഐഎഎസിനെ കുറിച്ച് ഇടുക്കിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞ കമന്റ് ആണ്. മലയാള മീഡിയയുടെ ഹോട് സ്‌പോട്ട് ആയ മൂന്നാറില്‍ സാഹചര്യങ്ങള്‍ പഴയതിനു സമാനമാണെങ്കിലും മലയിറങ്ങിയ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന സെന്‍സേഷണല്‍ ഐഎഎസ് ഓഫിസറുടെ പിന്‍ഗാമിയായി എത്തിയ പ്രേംകുമാറിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് ഇതുവരെ ഒരെത്തും പിടിയും കിട്ടിയിട്ടില്ല. അതിനുള്ള മറുപടിയായിരുന്നു മുകളിലത്തെ കമന്റ്. മൂന്നാറിലെ ഉള്‍പ്പെടെയുള്ള കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമര്‍ശനങ്ങളും നിലവില്‍ മഞ്ഞുമൂടി കിടക്കുകയാണെങ്കിലും മാനന്തവാടി സബ് കളക്ടറായിരുന്ന, തമിഴ്‌നാട് സ്വദേശി പ്രേംകുമാര്‍ എന്ന പുതിയ റവന്യു ഉദ്യോഗസ്ഥന്റെ നടപടികള്‍ വീണ്ടും ഹൈറേഞ്ചിനെ ചൂടുപിടിപ്പിക്കുമെന്നാണ് അവിടെ നിന്നുള്ള സൂചനകള്‍ പറയുന്നത്.

ഇടതുസ്വതന്ത്രനായ എം പിയും ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവുമായ ജോയ്‌സ് ജോര്‍ജിന്റെ അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതു തന്നെയാണ് പ്രേംകുമാറിനെ വാര്‍ത്തയിലേക്ക് കൊണ്ടു വരുന്നത്. ഇടുക്കിയിലെ വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന ഭൂമിയുടെ പട്ടയം കഴിഞ്ഞ ദിവസമാണ് ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയത്. എം പിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള 20 ഏക്കര്‍ ഭൂമി സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. എം പിയുടെത് നഗ്നമായ നിയമലംഘനമാണെന്നതിന് തെളിവുകള്‍ പുറത്തു വന്നിരുന്നു. എങ്കില്‍പോലും കയ്യേറ്റഭൂമികയായി മാറിയ ഇടുക്കിയില്‍, അധികാരം കൊണ്ടും രാഷ്ട്രീയപിന്‍ബലം കൊണ്ടും ഏറെ ശക്തനായ ഒരാള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാണിച്ച പ്രേംകുമാറിന്റെ നടപടിയെ ചങ്കൂറ്റം എന്നാണ് പ്രാദേശികതലത്തിലെ ചില രാഷ്ട്രീയക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നത്. കാരണം, രാഷ്ട്രീയക്കാരും ഭരണക്കാരും തൊട്ട് ഹൈക്കോടതി വക്കീലന്‍മാര്‍ വരെ പരസ്യമായ കയ്യേറ്റങ്ങളുമായി മൂന്നാറില്‍ സൈ്വര്യവിഹാരം നടത്തുമ്പോള്‍ അതിനിടിയില്‍ ചെന്ന് ഇടുക്കി എംപിയുടെ തന്നെ കയ്യേറ്റഭൂമി തിരിച്ചു പിടിക്കുകയെന്നാല്‍, അത് ചില്ലറക്കാര്യമല്ല. സബ് കളക്ടര്‍ അത് ചെയ്തു.

അനധികൃത നിര്‍മാണങ്ങളും കയ്യേറ്റവുമാണ് മൂന്നാറിനെ ഇല്ലാതാക്കുന്നത്; മാധ്യമങ്ങളല്ല

എങ്ങുമെങ്ങുമെത്താത്തതും പ്രധാനപ്പെട്ടയിടങ്ങളിലക്ക് കയറാതിരുന്നതുമായ ശ്രീറാം വെങ്കിട്ടരാമന്റെ ഓരോ നടപടിയും മാധ്യമ വാര്‍ത്തകളായി മാറിയിരുന്നിടത്ത്, പ്രേം കുമാറിന്റെ നടപടി പക്ഷേ, അതിന്റെ രീതികൊണ്ട് തന്റെ മുന്‍ഗാമിയുടെ എല്ലാ പ്രവര്‍ത്തനങ്ങളേക്കാളും മുകളില്‍ നിന്നിട്ടും പ്രധാന വാര്‍ത്തയോ പ്രൈം ടൈം ചര്‍ച്ചയോ ആയില്ല. അതെന്തുകൊണ്ട് എന്ന തിരക്കുമ്പോഴാണ് പ്രേംകുമാറിന്റെ രീതികളെക്കുറിച്ച് പറയുന്നത്. പൊതുവെ മാധ്യമങ്ങളെ തീര്‍ത്തും ഒഴിവാക്കുന്നയാളാണ് പുതിയ സബ് കളക്ടര്‍. ഫോണ്‍ വിളിച്ചാല്‍ പോലും അധികമൊന്നും സംസാരിക്കില്ല. വാര്‍ത്തകളില്‍ വരുന്നതിനോട് താത്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. നിയമം അനുസരിച്ച് ചെയ്യാവുന്നതൊക്കെ ചെയ്യും; അദ്ദേഹത്തിന്റെ നിലപാട് ഇതാണ്. കൊട്ടക്കാമ്പൂരിലെ ജോയ്‌സ് ജോര്‍ജ് കയ്യേറിയ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടി പോലും സബ് കളക്ടറുടെ ഓഫിസില്‍ നിന്നും പുറത്തു പോയില്ല. തിരുവനന്തപുരത്തു നിന്നു കിട്ടിയ വിവരമാണ് ചില പത്രങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള വാര്‍ത്തയ്ക്ക് സഹായകമായത്. മുന്‍പ് ഇതായിരുന്നില്ല സ്ഥിതി; ഇടുക്കിയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. പാമ്പാടുംചോലയിലെ കുരിശു പൊളിക്കലൊക്കെ എത്രത്തോളം രാഷ്ട്രീയ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് ഓര്‍ക്കുക.

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

വാസ്തവത്തില്‍ പ്രേംകുമാറിനെ കുറിച്ച് ഒരു വാര്‍ത്തയെഴുതാന്‍ മാത്രമുള്ള വിവരം പോലും ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കു കിട്ടിയിട്ടില്ല എന്നത് സത്യമാണ്. അദ്ദേഹം ചാനലുകാരെയും പത്രക്കാരെയോ അത്രകണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല. കൊട്ടക്കാമ്പൂരിലെ നടപടി വരെ ആ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ശക്തമായ നടപടി ഉണ്ടായിരുന്നില്ലെന്നതും ഒരു കാരണമാണ്. പക്ഷേ അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ച് പലതും പറഞ്ഞു കേള്‍ക്കുന്നത് ശരിയാണെങ്കില്‍ ചിലതൊക്കെ പ്രതീക്ഷിക്കാം. പാര്‍ട്ടി പിരിവിനു ഓഫിസില്‍ ചെന്ന സിപിഎം പ്രവര്‍ത്തകരെ, ഓഫിസിനുള്ളില്‍ പിരിവുകള്‍ കൊടുക്കില്ലെന്നു പറഞ്ഞു തിരിച്ചയച്ചിരുന്നു സബ് കളക്ടര്‍ എന്ന വാര്‍ത്തയൊക്കെ പുറത്തു വന്നിരുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍/അഭിമുഖം: എന്നെ സ്ഥലം മാറ്റാന്‍ കഴിഞ്ഞേക്കും, പക്ഷേ പ്രവര്‍ത്തനശൈലി മാറ്റാന്‍ പറ്റില്ല

ശ്രീറാം വെങ്കിട്ടരാമനെ മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്തു നിന്നും സര്‍ക്കാര്‍ മാറ്റിയത് കയ്യേറ്റക്കാര്‍ക്കു വേണ്ടിയാണെന്നും ശ്രീറാം പോകുന്നതോടെ മൂന്നാറില്‍ വീണ്ടും കയ്യേറ്റങ്ങള്‍ വ്യാപകമാകുമെന്നും സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനിടയിലാണ് പ്രേംകുമാര്‍ പകരക്കാരനായി എത്തുന്നത്. ഉദ്യോഗസ്ഥനാരായാലും ചെയ്യുന്ന പ്രവര്‍ത്തികള്‍ അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്ന റവന്യു മന്ത്രി ചന്ദ്രശേഖരന്റെ നയം ശരിവയ്ക്കുന്നതുപോലെയാണ് പ്രേംകുമാറിന്റെ പ്രവര്‍ത്തികളുടെ തുടക്കം സൂചിപ്പിക്കുന്നത്. നിയമം അനുസരിച്ച്, അയാള്‍ തന്റെ കടമകള്‍ ചെയ്തുപോരുകയാണ്. മാധ്യമങ്ങള്‍ പിടികൂടാത്തതുകൊണ്ട് മാത്രം സബ് കളക്ടറുടെ പ്രവര്‍ത്തികള്‍ പഴയതുപോലെ വാര്‍ത്തകളോ സോഷ്യല്‍ മീഡിയ പോസ്റ്റുകളോ ആകുന്നില്ലെന്നു മാത്രം. ഒരുതരത്തില്‍ ഇപ്പോള്‍ പ്രേംകുമാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് നല്ലത്. വാര്‍ത്തകള്‍ക്കു വേണ്ടിയുള്ള നടപടികളും അതിലൂടെ നേടിയെടുക്കുന്ന പബ്ലിസിറ്റിയും ആത്യന്തികമായി വ്യക്തികള്‍ക്കേ ഗുണം ചെയ്യൂ എന്നത് മൂന്നാറിലെ കഴിഞ്ഞകാല നടപടികള്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം പ്രേം കുമാറിനെ കൊട്ടക്കാമ്പൂരിലെ ഒറ്റ നടപടിയുടെ പേരില്‍ മാത്രമെ വാര്‍ത്തയാക്കാന്‍ കഴിയൂ എന്ന വിമര്‍ശനവും ഒപ്പം ഉയരുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ പോയതിനു പിന്നാലെ ഉണ്ടായ നിശബ്ദത ഇപ്പോഴും മൂന്നാറില്‍ തുടരുകയാണെന്നും പുതിയ സബ് കളക്ടര്‍ അവിടുത്തെ പ്രമാദമായ കയ്യേറ്റങ്ങള്‍ക്കെതിരേയോ അതിന്റെ പിന്നിലെ വ്യക്തികള്‍ക്കെതിരേയോ ഒരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല എന്നുമാണ് ആക്ഷേപം. മുന്‍ സബ് കളക്ടര്‍ കണ്ടെത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടികള്‍ കൈക്കൊള്ളുമ്പോഴാണല്ലോ പ്രേം കുമാറും ഹീറോയാകുന്നതെന്നാണ് ചില കോണുകളില്‍ നിന്നും ചോദ്യം ഉയരുന്നത്.

മൂന്നാർ: എല്ലാം അവസാനിപ്പിച്ചത് വി.എസ്; തുറന്നടിച്ച് സുരേഷ് കുമാർ

ഇതിനൊപ്പം തന്നെ കേള്‍ക്കുന്ന മറ്റൊരു വാര്‍ത്ത പുതിയ സബ് കളക്ടര്‍ക്കെതിരേയും രാഷ്ട്രീയക്കാര്‍ പടയൊരുക്കം തുടങ്ങിയെന്നാണ്. സബ് കളക്ടറുടേത് തെറ്റായ നടപടിയാണെന്നു പറഞ്ഞു ജോയ്‌സ് ജോര്‍ജ് കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയ നടപടിയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ഹൈറേഞ്ച് സംരക്ഷണ സമിതിയും സബ് കളക്ടര്‍ക്കെതിരേ തിരിഞ്ഞിട്ടുണ്ട്. സിപിഎം പ്രാദേശിക ഘടകത്തിനും പ്രേം കുമാര്‍ അസ്വീകാര്യനായി തുടങ്ങി. സിപിഐ ഒഴികെ ബാക്കിയെല്ലാവരും പതിവുപോലെ ദേവികുളം സബ് കളക്ടര്‍ക്കെതിരേ വന്നു കഴിഞ്ഞെന്നാണ് ഇടുക്കിയില്‍ നിന്നുള്ള വാര്‍ത്തകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പ്രേം കുമാറും എത്രനാള്‍ ഹൈറേഞ്ചില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമാണ്. അതിനുള്ളില്‍ അദ്ദേഹത്തിന് ചെയ്യാവുന്നതൊക്കെ ചെയ്യുമെന്ന പ്രതീക്ഷയാണ് ഭൂരിഭാഗത്തിനുമുള്ളത്…പക്ഷേ അതൊന്നും വലിയ വാര്‍ത്തയാകാന്‍ വഴിയില്ലെന്നു മാത്രം…

ദേവികുളം സബ് കലക്ടറുടെ ‘തോന്ന്യാസങ്ങള്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍