UPDATES

ട്രെന്‍ഡിങ്ങ്

ഭൂമി കുലുക്കി പക്ഷിയായ ആ ഫെയ്‌സ്ബുക്ക് ജീവിയെ നിങ്ങളിങ്ങനെ പ്രശസ്തനാക്കല്ലേ ഡിഫിക്കാരേ

ബല്‍റാമിനെ അയാളുടെ ആയുധമായ ഫേസ്ബുക്ക് കൊണ്ടു തന്നെ എതിരിടുന്നതാവും യുക്തം

കെ എ ആന്റണി

കെ എ ആന്റണി

എകെജിക്കെതിരെ താന്‍ നടത്തിയ പരാമര്‍ശം അത്ര മഹത്തരമൊന്നുമല്ലെന്ന് വി ടി ബല്‍റാം എംഎല്‍എ ഇന്നലെ പറഞ്ഞതായി ഇന്നത്തെ മലയാള മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നുകരുതി മാപ്പു പറയാനൊന്നും താന്‍ തയ്യാറല്ലെന്ന് ബലറാം പറഞ്ഞതായും അതേ വാര്‍ത്തയില്‍ തന്നെയുണ്ട്. പറഞ്ഞ കാര്യം അത്ര മഹത്തരമല്ലെന്നു ബോധ്യപ്പെട്ട സ്ഥിതിക്ക് മാപ്പുപറഞ്ഞു തടി തപ്പുകയാണ് ഉചിതമെന്നു ഈ ഫേസ്ബുക്ക് ജീവിയെ ആര് പറഞ്ഞു മനസിലാക്കുമോ ആവോ! കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് തനിക്കെന്ന് ബലറാം തന്നെ തറപ്പിച്ചു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇനിയിപ്പോള്‍ ആ നിലക്ക് ഒരു ശ്രമം ആരെങ്കിലും നടത്തിയാല്‍ തന്നെ അത് വിജയിക്കില്ലെന്നത് നൂറു തരം.

പരേതാന്മാക്കളെ വിളിച്ചു വരുത്തുന്ന ആഭിചാരക്രിയയെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ പരേതാന്മാക്കളെ വിവസ്ത്രരാക്കി വിചാരണ ചെയ്യുന്നത് ആദ്യത്തെ അനുഭവം തന്നെ. ഇത്തരം ഒരു വിചാരണയ്ക്ക് ബലറാം എന്ന പുതുക്കാല മന്ത്രവാദി കൂട്ടുപിടിച്ചതാവട്ടെ എകെജി യുടെ ജീവചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനവും. അല്ലെങ്കിലും ചിലര്‍ ഇങ്ങനെയാണ്, ഒന്നും പൂര്‍ണമായി വായിക്കുകയോ ഉള്‍കൊള്ളുകയോ ചെയ്യില്ല. പാതി വായിച്ച്, പാതിവെന്ത തിയറികള്‍ പടച്ചുവിടും. എന്നിട്ടു ഭൂമികുലുക്കി പക്ഷി ചമയും. ബിരുദങ്ങളുടെ ഒരു നീണ്ടവാല്‍ ഉണ്ടെന്നു പൊങ്ങച്ചം നടിക്കുന്ന ബലരാമനും ഏതാണ്ട് ഇങ്ങനെ തന്നെയാണ്. തന്റെ കണ്ടുപിടുത്തങ്ങളും പാതിവെന്ത തിയറികളും അയാള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അയാള്‍ എന്തെഴുതിയാലും അത് വെള്ളം തൊടാതെ വിഴുങ്ങാനും ലൈക്കടിക്കാനും ആളുകള്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്തുവിടുവായത്തരവും ചെലവാകും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ഇക്കഴിഞ്ഞ തിങ്കളാഴ്ചത്തെ മനോരമ പത്രത്തില്‍ ആഴ്ചക്കുറപ്പുകളില്‍ വിമതന്‍ ഫേസ്ബുക്ക് ആയുധമാക്കിയ ബല്‍റാമിനെ പുരാണത്തിലെ കലപ്പ ആയുധമാക്കിയ ബലരാമനുമായി താരതമ്യം ചെയ്തിട്ടുണ്ട്. കള്ള് അകത്തു ചെന്നുകഴിഞ്ഞാല്‍ തന്റെ കലപ്പയെടുത്ത് ബലരാമന്‍ കാട്ടിക്കൂട്ടുന്ന തരത്തിലുള്ള പരാക്രമങ്ങള്‍ ന്യൂജന്‍ ബലരാമന്‍ ഫേസ്ബുക്ക് ഉപായയോഗിച്ചു എങ്ങിനെ ചെയ്തുകൂട്ടുന്നു എന്ന് വളരെ സരസമായി തന്നെ വിമതന്‍ വിവരിച്ചിട്ടുണ്ട്. നമ്മുടെ ബലരാമന്‍ കള്ളുകുടിക്കുമോ എന്നറിയില്ല. ഉണ്ടാവാന്‍ ഇടയില്ല. അതിന്റെ ഒരു കുറവ് ടിയാന്റെ പാതിവെന്ത തിയറികളിലും എഴുത്തിലും കാണാനുമുണ്ട്.

അതെന്തുമാകട്ടെ. ഫേസ്ബുക്ക് ജീവിയായ ബലരാമനെ ലോക പ്രശസ്തനാക്കിയെ അടുങ്ങുവെന്നു കരാറെടുത്ത മട്ടിലാണ് ഡിവൈഎഫ്‌ഐക്കാര്‍ എന്നുതോന്നുന്നു. എകെജി പരാമര്‍ശത്തില്‍ പരസ്യമായി മാപ്പുപറയാതെ ബലരാമനെ വഴിനടക്കാന്‍ വിടില്ലെന്ന വാശിയിലാണവര്‍. ഇതിന്റെ ഭാഗമായിരുന്നു ഇന്നലെ കൂറ്റനാട് ഇന്നലെ കൂറ്റനാട് പ്രതിഷേധക്കാരും യൂത്ത് കോണ്‍ഗ്രെസ്സുകാരും തമ്മില്‍ നടന്ന കല്ലേറ് മത്സരവും തുടര്‍ന്നുണ്ടായ ലാത്തിചാര്‍ജും. കൊന്നാലും ചത്താലും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്ന് ബലരാമന്‍ കട്ടായം പറയുമ്പോള്‍ കല്ലും വടിയുമൊക്കെകൊണ്ട് അതിനു ശ്രമിക്കുന്നതിനു പകരം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ പറഞ്ഞതുപോലെ അയാളെ അയാളുടെ ആയുധമായ ഫേസ്ബുക്ക് കൊണ്ടു തന്നെ എതിരിടുന്നതാവും യുക്തം. അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ട്ടിച്ച് അടുത്ത തവണത്തെ വാര്‍ത്താതാരം ആകാന്‍ ശ്രമിക്കുന്ന ടിയാന്‍ ചുളുവില്‍ അത് നേടുക മാത്രമല്ല ആഗോള പ്രശസ്തനായി കളയുമെന്ന കാര്യം മറക്കേണ്ട.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍