UPDATES

ട്രെന്‍ഡിങ്ങ്

‘നല്ലൊരു മനുഷ്യനായിരുന്നു പക്ഷെ മാപ്പിളയായി പോയില്ലേ’; ടിപ്പു, എപിജെ പിന്നെ പീലാണ്ടി എന്ന കുട്ടിക്കൊമ്പനും

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഇപ്പോൾ ആരും ചോദിക്കാറില്ല; പ്രത്യേകിച്ചും ഓരോ പേരിനു പിന്നിലും പലജാതി അർത്ഥങ്ങൾ മറഞ്ഞും തെളിഞ്ഞും നിൽക്കുന്നുവെന്ന് നമുക്ക് ഓരോരുത്തർക്കും നന്നായി അറിവുള്ള ഇക്കാലത്ത്‌

കെ എ ആന്റണി

കെ എ ആന്റണി

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ഇപ്പോൾ ആരും ചോദിക്കാറില്ല; പ്രത്യേകിച്ചും ഓരോ പേരിനു പിന്നിലും പലജാതി അർത്ഥങ്ങൾ മറഞ്ഞും തെളിഞ്ഞും നിൽക്കുന്നുവെന്ന് നമുക്ക് ഓരോരുത്തർക്കും നന്നായി അറിവുള്ള ഇക്കാലത്ത്‌. കുലമഹിമ നടിക്കുന്നവർ ജാതിപ്പേര് വാലായി കൊണ്ടുനടക്കുന്നു. ഈ വാല് മുറിച്ചുകളയുന്നവരെ മാതൃകയാക്കാൻ അത്തരക്കാർ തയ്യാറല്ല. കാരണം ഈ വാല് അവർക്കു പൊൻകിരീടം പോലെയാണ്. പേരിന്റെ പേരിൽ പൊല്ലാപ്പു പിടിക്കുന്നവരും ഇക്കാലത്തു വിരളമല്ല. ഇങ്ങനെ പൊല്ലാപ്പ് പിടിച്ച ഒരു സുഹൃത്തിന് താൻ മുസ്ലിം അല്ലെന്നു സ്ഥാപിക്കാൻ സ്വന്തം പേരിനൊപ്പം അച്ഛന്റെ പേര് കൂടി ചേർക്കേണ്ടി വന്ന ഒരു ദുരനുഭവവും ഓർമയിലുണ്ട്. വ്യത്യസ്ത മതത്തിൽ പെട്ട ദമ്പതികൾ തങ്ങൾക്കു പിറന്ന കുഞ്ഞിന് നൽകേണ്ട പേരിനെ ചൊല്ലി തർക്കിച്ചു വിവാഹ ബന്ധം വേർപെടുത്തിയതും ഒടുവിൽ കുഞ്ഞിന്റെ പേരിനെ ചൊല്ലിയുള്ള തർക്കം കോടതി കയറിയതും ഗതികെട്ട കോടതി ഒടുവിൽ കുഞ്ഞിന് പേരിട്ടതുമായ ഒരു സംഭവവും ഈ അടുത്തകാലത്ത്‌ സമ്പൂർണ സാക്ഷരത, പുരോഗമന ചിന്ത എന്നൊക്കെ അവകാശപ്പെടുന്ന നമ്മുടെ കേരളത്തിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.

ഇന്നലത്തെ ദി ഹിന്ദു ദിനപത്രത്തിൽ വായിച്ച രണ്ടു വാർത്തകളാണ് പേരിന്റെ പേരിലുളള പോരിനെക്കുറിച്ചു ചിന്തിക്കാൻ നിമിത്തമായത്. ഇതിൽ ഒന്ന് സുഹൃത്ത് കെ എ ഷാജി പാലക്കാട് അട്ടപ്പാടിയിൽ നിന്നും തയ്യാറാക്കിയ അത്യന്തം കൗതുകകരമായ ഒരു റിപ്പോർട്ടാണ്. മറ്റൊന്ന് അതേ പത്രത്തിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് ബംഗളുരുവിൽ നിന്നും നൽകുന്ന കർണാടകത്തിലെ മുതിർന്ന ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയും ആയിരുന്ന ബി എസ് യെദിയൂരപ്പയുടെ പത്രസമ്മേളന റിപ്പോർട്ടാണ്. അട്ടപ്പാടിയിൽ നിന്നുള്ള ഷാജിയുടെ വാർത്ത ആദിവാസി സമൂഹത്തിന്റെ സ്വത്വ ബോധത്തെ ആഴത്തിൽ അടയാളപ്പെടുത്തുന്ന ഒന്നാണെങ്കിൽ ബംഗളുരുവിൽ നിന്നുള്ള വാർത്ത ഹിന്ദു രാഷ്ട്ര വാദികൾ മോദി ഭദ്രം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇക്കാലത്ത്‌ കർണാടകത്തിൽ വർഗീയ വിഷം തുപ്പി അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന ഒരാളുടെ കുറുക്കൻ കൗശലം പതിയിരിക്കുന്നുണ്ട്.

യെദിയൂരപ്പയുടെ കൗശലത്തിലേക്കു കടക്കുന്നതിനു മുൻപ് അട്ടപ്പാടിയിലെ വനവാസികളുടെ സ്വത്വ ബോധം സംബന്ധിച്ച ഷാജിയുടെ വാർത്ത നോക്കാം. ‘ഓഫ് എ ടസ്കർ ആൻഡ് ഇറ്റ്സ് ഇന്‍ഡിജിനസ് ഐഡന്റിറ്റി’ എന്ന തലക്കെട്ടിൽ വന്ന ആ വാർത്ത വനവാസികളുടെ അസ്തിത്വ ദുഃഖം വിളിച്ചോതുന്നുണ്ട്. അട്ടപ്പാടിയിൽ നിന്നും അടുത്തകാലത്ത് പീലാണ്ടി എന്ന് വനവാസികൾ സ്നേഹത്തോടെ വിളിച്ചിരുന്ന ഒരു കുട്ടിക്കൊമ്പനെ ഉന്മാദി എന്നാരോപിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചു കൊണ്ടുപോയി. കൊണ്ടുപോയതു കോടനാട്ടേക്കാണ്. ഏതു മെരുങ്ങാത്ത ആനയെയും മെരുക്കി അടിമയാക്കുന്ന കേരളത്തിലെ കോൺസെൻട്രേഷൻ ക്യാമ്പ് എന്നൊക്കെ വേണമെങ്കിൽ പറയാം. തങ്ങളുടെ ഊരു മൂപ്പനെ അടക്കം കൊന്നുവെന്ന് വനം വകുപ്പ് ആരോപിക്കുന്ന കുട്ടിക്കൊമ്പന് ചന്ദ്രശേഖരൻ എന്ന പുതിയ നാമം നൽകി മാമ്മോദീസ മുക്കിയ വനം വകുപ്പിന്റെ നടപടി അട്ടപ്പാടിയിലെ സാമ്പാർകൊട് ഊരിലെ വനവാസികളെ ഞെട്ടിച്ചു. തങ്ങളുടെ പ്രിയങ്കരനായ ആനയെ പുനർ നാമകരണം ചെയ്യുന്നതിൽ ഉള്ള കടുത്ത പ്രതിക്ഷേധത്തിലാണ് അവർ എന്ന് വാർത്ത പറയുന്നു. നേരത്തെ ഒരു സ്പെഷ്യൽ ബസ് തന്നെ പിടിച്ചു കോടനാട്ടെ ആന പരിശീലന കേന്ദ്രത്തിലെത്തി ആനക്ക് വന്നു ചേർന്ന ക്ലേശ ജീവിതം ഓർത്തു അവർ സങ്കടപെട്ടുവെന്നും പേര് മാറ്റൽ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപപെടൽ ആവശ്യപ്പെട്ടു എന്നൊക്കെയാണ് വാർത്ത പറയുന്നത്. അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽ പെടുന്നവരാണ് ഇപ്പറഞ്ഞ ആന സ്നേഹികൾ.

അവർ ഇരുളരോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗത്തിൽ പെടുന്നവരോ ആവട്ടെ. അവർ ഉന്നയിക്കുന്ന, അല്ലെങ്കിൽ അവർ ഉന്നയിക്കുന്നതായി വാർത്തയിൽ പറയുന്ന ഈ പേര് മാറ്റൽ ശസ്ത്രക്രിയയിൽ ഒരു മതംമാറ്റ ക്രിയ ഒളിഞ്ഞിരിപ്പുണ്ട്. പണ്ട് വിദേശ മിഷനറിമാർ തുടങ്ങിവെച്ച അതേ ഏർപ്പാട് തന്നെ. പ്രകൃതിയും അതിലെ എല്ലാ ജീവജാലങ്ങളും മനുഷ്യന് വേണ്ടി എന്ന വേദപുസ്തകത്തിലെ ആ വചനം ഒരു അത്യാർത്ഥിയായി വേദം പഠിച്ചവനും അല്ലാത്തവനും കൊണ്ടുനടക്കുന്ന കാലം ഉള്ളടിത്തോളം ഏറെ പ്രസക്തമായ ഒരു ചോദ്യം ഷാജിയുടെ വാർത്ത ഉന്നയിക്കുണ്ട്.

മദം പൊട്ടി ഊരു മൂപ്പൻ അടക്കം പതിനൊന്നു പേരെ കൊന്ന പീലാണ്ടി എന്ന ആനയെ പിടിച്ചുകെട്ടി കൊണ്ടുപോയി കോടനാട്ടെ ആന പരിശീലന കേന്ദ്രത്തിലെത്തിച്ചു ചന്ദ്രശേഖരൻ എന്ന പേര് നൽകിയ വനം വകുപ്പിന്റെ നടപടിയെ ആണ് അവർ ചോദ്യം ചെയ്യുന്നത്. പീലാണ്ടി എന്നത് തങ്ങളുടെ ഊരു മൂപ്പന്റെ പേര് ആയിരുന്നുവെന്നും അവനെ ചന്ദ്രശേഖരൻ ആക്കാനുള്ള നീക്കം ആദിവാസികൾക്ക് നേരെ തുടർന്നുവരുന്ന ഫ്യൂഡൽ മനസ്ഥിതിയുടെ ഭാഗമാണെന്നും അവർ ആരോപിക്കുന്നുവെന്നും ആണ് വാർത്ത. വാർത്ത ഇത്ര കൂടി പറയുന്നുണ്ട്. അപ്പോഴും വാർത്ത ഒരു ആദിവാസികളെ ഉദ്ധരിച്ചുകൊണ്ട് ഒരു കാര്യം പറയുന്നുണ്ട്. അത് കുടിയേറ്റം വനമേഖലയിൽ ഉണ്ടാക്കിയ അത്യന്തം വിനാക്ഷകരമായ ഒരു അവസ്ഥയെക്കുറിച്ചുള്ള വനവാസിയുടെ ആശങ്ക തന്നെയാണ് പങ്കു വെക്കുന്നത്.

വന മേഖലകൾ ഒരുകാലത്ത്‌ വനവാസികളും വനജീവികളും പങ്കിട്ടെടുത്ത അവരുടെ ആവാസ മേഖലയായിരുന്നു. അതിഭീകരരെന്നോ കൊടും ഭീകരരെന്നോ പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്നവരോ കുടിയേറ്റക്കാർ എന്ന് നമ്മളും എവിടെ നിന്നോ വന്നവർ എന്ന അർത്ഥത്തിൽ വന്തവാസി എന്ന് അവരും വിളിക്കുന്ന ഒരു വിഭാഗത്തിന്റെയോ പലപ്പോഴും അവരുടെ മാത്രം സംരക്ഷകർ ആവുന്ന ഭരണകൂടങ്ങളുടെയോ യുക്തിയായിരുന്നില്ല കാട്ടിനുള്ളിൽ അവരുടെ ജീവിതം സുരക്ഷിതവും സമ്പുഷ്ടവും ആക്കിയത്. പരസ്പര ധാരണയോടെ അവർ ഇണങ്ങിയും പിണങ്ങിയും ജീവിച്ചു പോന്നു. ആ ജീവിതം തകർത്തതിന്റെ സങ്കടം കൂടിയാണ് ഒരു പക്ഷെ അട്ടപ്പാടിയിലെ വനവാസികൾ ഈ ആന കഥയിലൂടെ പുറം ലോകത്തോട് പറയാൻ ശ്രമിക്കുന്നത്.

എന്നാൽ തികച്ചും വ്യത്യസ്തമാണ് പേരിനെ ചൊല്ലി യെദിയൂരപ്പ ഉന്നയിച്ചുക്കുന്ന പുതിയ വാദം. പ്രശ്നം ഇത്രയേ ഉള്ളു. ബെംഗളൂരുവിലെ ഹജ്ജ് ഭവന് ടിപ്പു സുൽത്താന്റെ പേര് നൽകാൻ കർണാടക സർക്കാർ നീക്കം നടത്തുന്നു എന്ന് ആരോപിച്ചാണ് ടിയാൻ രംഗത്ത് വന്നിരിക്കുന്നത്. അങ്ങിനെ ഒരു പ്രൊപോസൽ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല. ഇനിയിപ്പോൾ ഉണ്ടായിരുന്നു എന്ന് തന്നെ കരുതുക. ടിപ്പു ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ഭരണാധികാരി ആയിരുന്നു എന്നതിനപ്പുറം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ഒരു വിപ്ലവകാരി കൂടിയായിരുന്നു എന്ന കാര്യം ബി ജെ പിയും സംഘ പരിവാറും പലപ്പോഴും മറച്ചു വെക്കുന്ന കാര്യം തന്നെയാണ്. ടിപ്പു ജയന്തിക്കെതിരെ ഇക്കഴിഞ്ഞ വർഷവും സംഘ പരിവാർ കലാപക്കൊടി ഉയർത്തിയ സമയത്തു തന്നെയായിരുന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ് ടിപ്പുവിനെ ഇന്ത്യയുടെ ആദ്യ മിസൈൽ മാൻ എന്ന് പുകഴ്തിയതെന്ന കാര്യവും മറന്നുപോകരുത്.

ഇതൊക്കെ അറിയാഞ്ഞിട്ടൊന്നുമല്ല യെദിയൂരപ്പ ടിപ്പുവിന്റെ പേരിനു പകരം വേണമെങ്കിൽ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ പേര് നൽകിക്കോ എന്ന് പറഞ്ഞത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാം ഒത്തുവന്നിട്ടും അധികാരം പിടിക്കാൻ പറ്റാതെ പോയ ആളാണ് യെദിയൂരപ്പ. തിരഞ്ഞെടുപ്പ് കാലത്തു പയറ്റിയ വർഗീയ കാർഡ് ഒട്ടും മോശമായില്ലയെന്നു യെദിയൂരപ്പക്ക് ഉത്തമ ബോധ്യവും ഉണ്ടെന്നു തന്നെ വേണം കരുതാൻ. ഷെഡ്യൂൾ തെറ്റിച്ചു റാലിയുടെ എണ്ണം വർധിപ്പിച്ചു മോദിജി കർണാടകത്തിൽ പെറ്റുകിടക്കുകയും അമിത് ജി കുറ്റിയടിച്ചു അടിവേര് പ്രവർത്തനം നടത്തുകയും ചെയ്തതിന്റെ മോശമല്ലാത്ത പ്രതിഫലനം തന്നെയായിരുന്നു തിരഞ്ഞെടുപ്പ് ഫലം എന്നും അയാൾക്ക് അറിയാം. പക്ഷെ ജനതാദൾ പാലം വലിച്ചപ്പോൾ യെദിയൂരപ്പ വീണ്ടും വടിയൂരിയപ്പയായി.

വീണ്ടും പേരിന്റെ പേരിൽ ഒരു പോരുമായി യെദിയൂരപ്പ കളം നിറയുമ്പോൾ ലക്‌ഷ്യം വർഗീയ ധ്രുവീകരണം അല്ലാതെ മറ്റൊന്നാകാൻ ഇടയില്ല. അപ്പോഴും ചിലരെങ്കിലും ചോദിച്ചേക്കാം പകരം ടിയാൻ നിർദ്ദേശിച്ചത് എ പി ജെ യുടെ പേരല്ലേയെന്ന്. എ പി ജെ അന്തരിച്ച വേളയിൽ സംഘപരിവർ നാവുകൾ ‘നല്ലൊരു മനുഷ്യനായിരുന്നു പക്ഷെ മാപ്പിളയായി’രുന്നില്ലേ എന്ന് മുന്നോട്ടു വെച്ച ചോദ്യം മറക്കാത്തവർക്കു മനസ്സിലാവും അപ്പയുടെ പുതിയ പേര് വിവാദത്തിനു പിന്നിലെ യുക്തി.

ഫാഷിസം ടിപ്പുവിനെ തേടിയെത്തുമ്പോള്‍

ടിപ്പു വന്ന വഴിയേ ബിജെപി കേരളത്തിലേക്ക്; കര്‍ണ്ണാടകയിലെ കാവി വിജയത്തിന്റെ ദുസ്സൂചനകള്‍

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍