UPDATES

‘ഇതു പോലൊരു വയനാടിനെ ഞങ്ങൾ മുൻപ് കണ്ടിട്ടില്ല’: വയനാട്ടുകാർ പറയുന്നു

സര്‍ക്കാര്‍ സംവിധാനങ്ങളും, സന്നദ്ധ സംഘടനകളും രാപകല്‍  രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും പരിമിതികള്‍ ഏറെയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി
കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

അത്യന്തം ആപത്കരവും ഗുരുതരവുമായ ഒരു സാഹചര്യത്തിലൂടെയാണ് വയനാട് ജില്ല കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കനത്ത മഴയിലും അതു സൃഷ്ടിച്ച ദുരന്തങ്ങളിലുംപെട്ട് ഒരു ജനത അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ഒരു ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി പോയ സൈന്യത്തിനു പോലും ജില്ലയില്‍ കാലുകുത്താന്‍ സാധിച്ചില്ല. കൊച്ചിയിൽ നിന്നും വയനാട്ടിലേക്ക് പുറപ്പെട്ട നേവി സംഘത്തിന് പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്റ്റർ ഇറക്കാനാകാതെ മടങ്ങേണ്ടി വന്നു. കാലാവസ്ഥ അനുകൂലമാകുന്നതും കാത്ത് അവര്‍ കോഴിക്കോട് ജില്ലയിലെ അടിവാരത്ത് ക്യാമ്പ് ചെയ്യുകയാണ് ഉണ്ടായത്.

കണ്ണൂരിൽ നിന്നും രണ്ട് ബസുകളിലായി പുറപ്പെട്ട അറുപത് അംഗ ആർമി സംഘം ചുരത്തിൽ കുടുങ്ങി. ചെന്നൈയിൽ നിന്നും പുറപ്പെട്ട നാല്‍പതംഗ ദേശീയ ദുരന്ത നിവാരണ സേനക്കും കൃത്യസമയത്ത് എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഒറ്റപ്പെടലിന്‍റെ ഭീകരത ഒരുപക്ഷെ ഇത്രത്തോളം മറ്റൊരു ജില്ലക്കാരും അനുഭവിക്കുന്നുണ്ടാവില്ല. കനത്ത മഴയും, ഉരുൾ പൊട്ടലും, മണ്ണിടിച്ചിലുമെല്ലാം ഇതിനുമുമ്പ് പലപ്പോഴും വയനാട് കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയൊരു ദുരന്തം മുന്‍പെങ്ങും ഉണ്ടായിട്ടില്ല. സര്‍വ്വകാല റെക്കോര്‍ഡായ 2670.56 മില്ലി മീറ്റര്‍ മഴയാണ് ഇന്നലെ രാത്രിവരേ പെയ്തത്. സര്‍വത്ര വെള്ളം. വൈദ്യുതി സംവിധാനങ്ങള്‍ തകര്‍ന്നു. ഒന്‍പതുപേര്‍ക്ക് ജീവൻ നഷ്ടമായി, ആയിരക്കണക്കിന് കുടുംബങ്ങള്‍ കുടിയിറക്കപ്പെട്ടു. തകര്‍ന്ന വീടുകളും നശിച്ച കൃഷിയിടങ്ങളും പ്രാഥമികകൃത്യങ്ങള്‍ക്കുപോലും സൗകര്യമില്ലാതെ ക്ലേശിക്കുന്ന ജനങ്ങളുമെല്ലാം ചേര്‍ന്ന് യുദ്ധസമാനമായ അവസ്ഥ.

127 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തില്‍പരം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. ആശുപത്രികളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, വ്യാപാര സ്ഥാപങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. അഞ്ചു ചുരങ്ങളിലൂടെയും ഗതാഗതം ഭാഗികമായേ പുനസ്ഥാപിച്ചിട്ടുള്ളു.’ ഇല്ല, ഇതുപോലൊരു വയനാടിനെ ഞങ്ങളിന്നേവരേ കണ്ടിട്ടില്ല’ എന്ന് നാട്ടിലെ കാരണവന്മാര്‍ പറയുന്നു. പ്രധാന നദിയായ കബനി നദി കരകവിഞ്ഞൊഴുകുകയാണ്.

മക്കിമലയിലും, കുറിച്ച്യാര്‍മലയിലും, വൈത്തിരിയിലും ഉരുള്‍പൊട്ടി. ബാണാസുര സാഗര്‍ – കാരാപ്പുഴ അണക്കെട്ടുകള്‍ തുറന്നു. പനമരം, കോട്ടത്തറ തുടങ്ങിയ അങ്ങാടികളെല്ലാം വെള്ളത്തിനടിയിലായി. കോഴിക്കോട് മൈസൂര്‍ പാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. പുല്‍പ്പള്ളി തിരുനെല്ലി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേകാടി പാലത്തില്‍ വിള്ളല്‍ കണ്ടെത്തി. തവിഞ്ഞാല്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നത്. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലും, ചൂട്ടക്കടവ് റോഡിലും വാഹന ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഇനിയും സമയമെടുക്കും. മഴ കുറഞ്ഞെങ്കിലും ജില്ലയിലെ ഭൂരിപക്ഷം നെല്‍പ്പാടങ്ങളും വെള്ളത്തിനടിയിലാണ്. കോടിക്കണക്കിന് രൂപയുടെ
നാശനഷ്ടമാണ് കാര്‍ഷിക മേഖലയില്‍ മാത്രം ഉണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളും, സന്നദ്ധ സംഘടനകളും രാപകല്‍  രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെങ്കിലും പരിമിതികള്‍ ഏറെയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനുമായി കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും എയര്‍ ഫോഴ്‌സ്, നാവിക സേന അംഗങ്ങളുടേയും ഒറ്റക്കെട്ടായി നിന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ദുരന്തത്തിന്‍റെ വ്യാപ്തി ഒരു പരിധിവരെ കുറച്ചത്. കുറുവ ദ്വീപിന് സമീപം ഒറ്റപ്പെട്ട 30 ആദിവാസി കുടുംബങ്ങളെ നാവിക സേന അതിവിദഗ്ധമായി രക്ഷപ്പെടുത്തി. കബനിക്ക് സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട ആറ് പേരേ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിച്ചു.ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയെന്ന ഒറ്റക്കാര്യത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ്.

ഒരായുഷ്‌ക്കാലം കൊണ്ട് സമ്പാദിച്ച സ്വത്തുവകകളും വീട്ടുപകരണങ്ങളും മറ്റു സാമഗ്രികളും സംരക്ഷിക്കാന്‍ ഇന്ത്യയിലൊരിടത്തും യാതൊരുവിധ സംവിധാനങ്ങളുമില്ലെന്നത് നമ്മെ ഈ അവസരത്തിലെങ്കിലും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കേരളമുള്‍പ്പടെ ഒരു സംസ്ഥാനത്തും വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളേകുറിച്ച് ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ല, വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി വച്ചിട്ടില്ല, വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഇന്ത്യയിലെവിടെയും ഒരു വ്യക്തമായ രൂപരേഖയില്ല, ഇന്ത്യയിലുടനീളം ഉള്ള 184 വെള്ളപ്പൊക്ക മുന്നറിയിപ്പ് കേന്ദ്രങ്ങളില്‍ ഒന്നുപോലും കേരളത്തിലില്ല, ഒരു ഡാമില്‍ പോലും ഡാം ബ്രേക്ക് അനാലിസിസ് നടത്തിയിട്ടില്ല എന്ന് കഴിഞ്ഞ വര്‍ഷം സിഎജി പുറത്തിറക്കിയ ഇന്ത്യയിലെ വെള്ളപ്പൊക്ക സാധ്യതാ മുന്നറിയിപ്പിനേയും നിയന്ത്രണത്തേയും കുറിച്ചുള്ള റിവ്യൂ റിപ്പോട്ടില്‍ പറയുന്നു.

നമുക്കിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുണ്ടെന്നതാണ് നാം തിരിച്ചറിയേണ്ടത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായ, ഗതാഗത സംവിധാനം തകരാറിലായ പ്രദേശങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോഴും നമ്മള്‍ വിലയിരുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും, പരിസ്ഥിതി ലോലമേഖലകളിലാണ്‌ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നത് വ്യക്തമാണ്.

പരിഭ്രമവും, കുറ്റാരോപണവും, പഴിചാരലുമല്ല കൈകോര്‍ക്കലും,  കൈതാങ് നല്‍കലുമാണ് ഇപ്പോഴാവശ്യം. സഹായവും, സഹാനുഭൂതിയും സഹകരണവും കൊണ്ടുമാത്രമേ ഈ അപകടസ്ഥിതിയെ നേരിടാനാവൂ. പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഏതു ശ്രമത്തെയും ശക്തമായി തടയേണ്ടതുണ്ട്. പ്രളയമേഖലകളില്‍ ചെന്ന് സെല്‍ഫിയെടുക്കാന്‍ വ്യഗ്രതപ്പെടുന്നവര്‍ സ്വന്തം വീടുകളില്‍പോയി നിങ്ങളുടെ രേഖകളെങ്കിലും ഫോട്ടോ എടുത്തു വച്ചാല്‍ ഒരുപക്ഷേ ഭാവിയില്‍ അത് ഉപകാരപ്പെട്ടേക്കാം. ദുരന്തസമയത്ത് സജീവമാവുകയും ദുരന്താഘാതം ശമിക്കുമ്പോൾ പിന്നെയെല്ലാം വിസ്മൃതിയിലാക്കുകയും ചെയ്യുന്ന പതിവു രീതിയില്‍ നിന്നും ഇത്തവണയെങ്കിലും നമ്മള്‍ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.

മഴയ്ക്ക് അല്‍പം ശമനമുണ്ടെങ്കിലും വയനാടിന് ലോകത്തിന്‍റെ ശ്രദ്ധയും കരുതലും അത്യാവശ്യമാണ്. കൃഷിനാശവും വീടുകളുടെ തകർച്ചയും, കന്നുകാലിനാശവും കൂടിയായതോടെ ഗോത്രജനത ഉള്‍പ്പെടെയുള്ള കര്‍ഷകരും തോട്ടം തൊഴിലാളികളുമെല്ലാം പട്ടിണിയിലും വറുതിയിലുമാകും. വെള്ളപ്പൊക്കം തീര്‍ന്നാലും രോഗപ്പകര്‍ച്ചയുടെ സാധ്യത കൂടുതലാണ്. സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ഒരു ജില്ലയെ സംബന്ധിച്ചിടത്തോളം ഈ ദുരന്തം താങ്ങാവുന്നതിലും അധികമാണ്. ഇനിയെങ്കിലും വയനാടിന്‍റെ പാരിസ്ഥിതിക-വികസന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതുണ്ട്.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍