UPDATES

ട്രെന്‍ഡിങ്ങ്

വയനാട്ടിലെ പണിയരെ മലയാളമാണോ പഠിപ്പിക്കേണ്ടത്?

വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ സ്വത ബോധനിര്‍മ്മിതി പല തരത്തിലുളള വെല്ലുവിളി നേരിടുന്നുണ്ടെന്ന് ലേഖിക

കവിത കെ

കവിത കെ

‘ഞാന്‍ ചിന്തിക്കുന്നു അതുകൊണ്ട് ഞാനുണ്ട്’ എന്നു പ്രഖ്യാപിച്ചുകൊണ്ട് സ്വയം അടയാളപ്പെടുത്തിയ റെനെ ദക്കാര്‍ത്തയെ നമുക്ക് ഓര്‍മ്മയുണ്ട്. സ്വതബോധമുളളവരാവുകയെന്നത് ആധുനികതയുടെ ഒരു മുദ്രവാക്യവുമാണ്. എന്നാല്‍ സ്വന്തം സ്വത്വം തന്നെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, അതിനെ തിരിച്ചറിയാനാവാത്ത ഒരു സമൂഹത്തെ ഏതു ചുമരിലാണ് നമ്മള്‍ അടയാളപ്പെടുത്തുക? എവിടെയാണവരുടെ പേര് കോറിയിടുക? അതിനൊരുത്തരം തേടിയാണ് വയനാട്ടിലെ പണിയ കോളനിയിലേക്ക് കാഴ്ചയുടെ കോണുകളെ തിരിച്ചു വിടുന്നത്. പനമരം ഗ്രാമ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കൊളത്താറ കോളനിയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും ഗോത്ര വിഭാഗക്കാരാണ്. പണിയരും കുറിച്ച്യരുമാണ് പ്രധാന ഗോത്രവിഭാഗങ്ങള്‍.

കുടിയേറ്റ കര്‍ഷകരും മറ്റു ജനവിഭാഗങ്ങളും ഇതില്‍പ്പെടുന്നു. കര്‍ണാടകവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ സമീപ പ്രദേശങ്ങളില്‍ ഒന്നാണ് പനമരം. തമിഴ് ഭാഷയുമായി അഭേദ്യമായ ബന്ധമാണ് പണിയരുടെതെങ്കില്‍ കുറിച്യര്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് കന്നഡ ഭാഷയോടാണ്. ഇവരുടെ വയാനാടന്‍ കാടുകളിലേക്കുളള കുടിയേറ്റം തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമാണെന്ന് പലരും വിശ്വസിക്കുന്നുണ്ട്. മറിച്ചുളള വിശ്വാസങ്ങളും പ്രബലമാണ്. അതായത് തമിഴ്, കന്നഡ എന്നീ ദ്രാവീഡ ഭാഷയുടെ ആദി രൂപമാണ് ഇവരുടെ ഭാഷയെന്നും കരുതുന്ന അക്കാദമിക്ക് പണ്ഡിതരുണ്ട്. കൃഷിയിടങ്ങളില്‍ പണിയെടുത്ത് ഒരുപക്ഷെ കുറിച്ച്യരുടെ അയിത്തക്കാരും പണിക്കാരും ആയി മാറിയ ജനവിഭാഗമാണ് പണിയര്‍. പണിയരെന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത് പണിയെടുക്കുന്നവര്‍ എന്നാണ്. തങ്ങള്‍ സ്വയം പണിയെടുക്കെണ്ടാവരാണെന്ന ബോധം തന്നെയാണ് ഒരു തരത്തില്‍ ഇവര്‍ക്കിവരെ തന്നെ നഷ്ടമാകുന്നതിനു കാരണമാകുന്നത്. ഇന്നും അടിമകളായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരെന്നു സ്വയം പഴിക്കുന്നവര്‍. ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാക്കി കൊടുക്കാന്‍ വെമ്പല്‍ കാണിക്കുന്ന സര്‍ക്കാരുകളും നിയമ നിര്‍മാണങ്ങളും പക്ഷെ അവര്‍ക്ക് വേണ്ടതെന്താണെന്നു മാത്രം ചോദിക്കുന്നില്ല. ഇവര്‍ക്ക് വേണ്ടിയെന്ന പേരില്‍ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊമോട്ടെര്‍മാര്‍ പോലും ഇവരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്.

പണിയ ഗോത്ര വിഭാഗത്തിന്റെ മാത്രം കാര്യമല്ലിത്. ഒട്ടുമുക്കാല്‍ ഇടങ്ങളിലെയും അവസ്ഥ ഇതു തന്നെയാണ്. മലയാളി ദൈവസങ്കല്പങ്ങളിലേക്കു കടന്നുവന്ന വരേണ്യ സംസ്‌കാരത്തെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പോലും ഇത്തരം സമാന്തരമായ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് അംഗീകരിക്കേണ്ട യാഥാര്‍ത്ഥ്യമാണ്. പനമരം കൊളത്താറ കോളനിയിലെ പണിയരുടെ ജീവിത-ദൈവ സങ്കല്‍പങ്ങളില്‍ ഈ സംസ്‌കാരിക മാറ്റം വ്യക്തമായി കാണാം. പണിയരുടെ ഇന്ന് കാണുന്ന പല ആചാരനുഷ്ഠാനങ്ങളും കാലദേശ വ്യത്യസങ്ങള്‍ അനുസരിച്ച് രൂപമാറ്റം വന്നവയാണ്.

ജീവിതരീതിക്കൊപ്പം ഭാഷയും ഇവിടെ ഒരു പ്രധാന ഘടകമായി വര്‍ത്തിക്കുന്നുണ്ട്. പണിയര്‍ സംസാരിക്കുന്നത് വാമൊഴിയായി മാത്രം കൈമാറി വരുന്ന പണിയ ഭാഷയാണ്. തമിഴും മലയാളവും കലര്‍ന്ന രീതിയിലുള്ള ഭാഷയാണ് ഇപ്പോഴുള്ളതെങ്കില്‍ ആ മാറ്റം കാലക്രമേണ സംഭവിച്ചതാണ്. പണിയ കോളനിയിലെ പുതു തലമുറ പക്ഷെ മലയാളം മാത്രം സംസാരിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു. മലയാളം എന്ന ഭാഷ എത്രത്തോളം ഇവരെ സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണിത്. ഇതിനൊരു പ്രധാന കാരണം ഇവര്‍ക്ക് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ്.

കൊളത്താറ കോളനിയിലെ നാലാം തരം വരെയുള്ള ഏക ബദല്‍ സ്‌കൂള്‍ ഒറ്റ മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷത്തിലെ മൊത്തം വിദ്യാര്‍ഥികളുടെ കണക്കനുസരിച്ച് ഇരുപത്തിയൊന്നു പേരാണ് ബദല്‍ സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഇവരെ മൊത്തം പഠിപ്പിക്കാന്‍ ഒറ്റ അദ്ധ്യാപികയും. എന്നാല്‍ ഓണറെറിയം പോലും കൃത്യമായി ലഭിക്കാത്ത ഈ അദ്ധ്യാപിക തന്നെ സ്‌കൂളിലെ ഉച്ചക്കഞ്ഞിയുടെ കാര്യം പോലും നോക്കേണ്ടി വരുന്ന ദാരുണമായ അവസ്ഥയും കാണാം. എന്നാല്‍ ബദല്‍ സ്‌കൂളും വരും കാലത്തില്‍ നിര്‍ത്തലാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പണിയ ഭാഷ ഒരു വാമൊഴി വഴക്കം ആയതുകൊണ്ടും ഇന്നുവരെ ഒരു തരത്തിലുമുള്ള ലിപിവല്‍ക്കരണവും വന്നിട്ടില്ലാത്തതുകൊണ്ടും മലയാളമെന്ന ഭാഷക്ക് ഇവര്‍ക്കിടയിലെക്ക് എളുപ്പത്തില്‍ ചെന്നെത്താന്‍ സാധിക്കും. എന്നാല്‍ ഇവിടെ പലപ്പോഴും സംഭവിക്കുന്നത് മലയാള ഭാഷയ്ക്ക് ഒരാധിപത്യ സ്വഭാവം കൈവരികയും വാമൊഴി ഭാഷ പാടെ നിരാകരിക്കുകയും ചെയ്യപ്പെടുന്നു എന്നതാണ്. ഇവിടെ സംഭവിക്കുന്ന മലയാളിവല്‍ക്കരണം കൊണ്ടുണ്ടാവുന്നത് ഒരു ജനതയുടെ സ്വത്വ ബോധം തന്നെ നഷ്ടമാകുന്നു എന്നതാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാവുന്നത് വിദ്യാഭ്യാസത്തെ ഇവര്‍ക്കിടയിലെക്ക് കൃത്യമായി അടയാളപ്പെടുത്താന്‍ സാധിക്കാത്തതാണ്. ബദല്‍ സംവിധാനങ്ങള്‍ ബദലുകളായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കവിത കെ

കവിത കെ

കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍