UPDATES

ജീവിച്ചിരിക്കുന്നവരോട് മാത്രമല്ല, മരിച്ച ‘ഭായി’യോടും കേരളം നീതി ചെയ്യേണ്ടതുണ്ട്

പ്രവാസത്തിന്‍റെ ചൂടും ചൂരും അറിയുന്ന സമൂഹമാണ് കേരളത്തിലേത്‌. പ്രിയപ്പെട്ടവർ അന്യരാജ്യങ്ങളിൽ വെച്ച് മരണമടയുന്നതിന്‍റെ വേദന നമുക്ക് അന്യമല്ല

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

ഗൾഫ് കുടിയേറ്റത്തിൻറെ വിയർപ്പും കണ്ണീരും കൊണ്ട് മുളപ്പിച്ചെടുത്ത സാമ്പത്തിക സാമൂഹ്യ പച്ചപ്പാണ് കേരളത്തിന്‍റേത്. പ്രതീക്ഷകളെ വേരുപിടിപ്പിക്കാനായി മരുഭൂമികളിലേക്ക് പോയ ഒരു കാലത്തിന്‍റെ മറ്റൊരു ആവർത്തനത്തെ കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് ഇവിടെ കണ്ടെടുക്കാൻ സാധിക്കും. അതിന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് നോക്കിയാൽ മതി. വടക്കേ ഇന്ത്യയിൽ നിന്നെത്തുന്ന തീവണ്ടികൾ ഇറക്കി വിടുന്ന മനുഷ്യരുടെ അധ്വാനം അവരുടെ മാതൃസംസ്ഥാനങ്ങളിലെ ദാരിദ്ര്യത്തെ ലഘൂകരിക്കുന്നതോടൊപ്പം തന്നെ, കേരളത്തിലെ വലിയൊരു ഭാഗം തൊഴിൽ മേഖലയ്ക്ക് കൂടി താങ്ങാണ്.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്‍ഡ് ടാക്സേഷൻ 2013 ൽ നടത്തിയ പഠനപ്രകാരം 25 ലക്ഷം ഇതര സംസ്ഥാനക്കാരാണ് തൊഴിലിനായി കേരളത്തിലേക്കെത്തിയിട്ടുള്ളത്. തുടർന്നുള്ള അഞ്ച് വർഷങ്ങളിൽ ഈ സംഖ്യയിൽ വർധനവുണ്ടായിട്ടുണ്ടാകാമെങ്കിലും കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ല. റെയിൽ മാർഗ്ഗം പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ, ഉത്തർപ്രദേശ്, അസ്സാം എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ മാത്രം കണക്കാണിത്. കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഇതിന് പുറമേയാണ്.

മാനുഷികാധ്വാനം വേണ്ട തൊഴിലുകൾ ഭൂരിഭാഗവും ചെയ്യുന്ന ഈ തൊഴിലാളികളോട് പ്രാദേശിക സമൂഹം ഒരു തരം അകറ്റി നിർത്തൽ എപ്പോഴും ചെയ്തു പോരുന്നുണ്ട്. അതേ ഉദാസീനത സർക്കാരിന് കൂടി ഉണ്ടാകുമ്പോൾ ഇവരുടെ സാമൂഹ്യജീവിതവും പ്രാഥമിക സൗകര്യങ്ങളുമെല്ലാം ദുരിതാവസ്ഥയിലാകും. ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കുന്നതിനോളം അവഗണനയും ദൈന്യതയും കേരളത്തിൽ തൊഴിൽ തേടിയെത്തി ഇവിടെ വച്ച് മരണപ്പെടുന്ന തൊഴിലാളി മരണശേഷവും അനുഭവിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെടാതെ പോകുന്ന ഒരു വസ്തുതയാണ്.

16 മുതൽ 35 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് തൊഴിൽ തേടി കേരളത്തിലെത്തുന്നതിൽ ഭൂരിഭാഗും. ഇവരിൽ ചെറിയൊരു ശതമാനം കുടുംബത്തോടൊപ്പം താമസിക്കുമ്പോൾ ഭൂരിഭാഗവും ചെറിയ വാടകവീടുകളിലോ ലേബർ ക്യാംപുകളിലോ തിങ്ങിപ്പാർക്കുകയാണ്. മലയാളികളായ തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ കൂലിയാണ് ഒരേ ജോലിയെടുത്താലും ഇവർക്ക് ലഭിക്കുക. കാര്യമായ ട്രേഡ് യൂണിയൻ അംഗത്വമോ അവരുടെ പിന്തുണയോ ഉണ്ടാകുകയുമില്ല. നിരവധി കാരണങ്ങൾ കൊണ്ട് ദിനംപ്രതി മരണങ്ങൾ ഇവർക്കിടയിൽ ഉണ്ടാകാം. അതില്‍ ഏറ്റവും പ്രധാനമായത് തൊഴിലിടങ്ങളിലെ അപകടങ്ങൾ തന്നെ. ക്വാറികളിലും വ്യവസായ സ്ഥാപനങ്ങളിലും നിർമ്മാണ മേഖലയിലുമൊക്കെ സുരക്ഷ സംവിധാനങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ ജോലി ചെയ്യിക്കുന്നത്. മെട്രോ റെയിൽ നിർമ്മാണം പോലെ വലിയ പ്രൊജക്ടുകളിൽ മാത്രമാണ് സുരക്ഷ ഉപകരണങ്ങളും മറ്റും ഉണ്ടാകുന്നത്. ഇവയുടെ അഭാവം മൂലം മരണത്തിലേക്കെത്തുന്ന അപകടങ്ങൾ ഉണ്ടാകുന്നുണ്ട്‌. ഒപ്പം തന്നെ കാൻസറും ശ്വാസകോശ അസുഖങ്ങളുമൊക്കെയാണ് ഇവരെ കാത്തിരിക്കുന്നതും.

മറ്റൊന്ന് തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ പടരുന്ന അസുഖങ്ങളാണ്. ക്ഷയമോ മലേറിയയോ മഞ്ഞപ്പിത്തമോ ഒക്കെ പെട്ടെന്ന് തന്നെ ഇവർക്കിടയിൽ പടരാം. മലയാളികള്‍ ആരോപിക്കുന്നത് പോലെ അവരുടെ വൃത്തിഹീനതയല്ല കാരണം. തൊഴിലുടമകളും വീട്ടുടമസ്ഥരും ലഭ്യമാക്കുന്ന സൗകര്യങ്ങളുടെ അഭാവമാണ്. നല്ല രീതിയിലുള്ള ടോയ്ലറ്റോ ശുദ്ധജല ലഭ്യതയോ വെൻറിലേഷനോ ഇല്ലാത്ത കുടുസുമുറികൾ വലിയ തുക വാടക വാങ്ങിയാണ് അവർക്ക് നൽകുന്നത്.

രോഗം വന്നാൽ തന്നെ ചികിത്സ തേടുകയും അവരെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്‌. സർക്കാർ ആശുപത്രികളിൽ ഔട്ട് പേഷ്യൻറ് വിഭാഗം പ്രവർത്തിക്കുന്ന പകൽ നേരത്ത് ഒരു ഡോക്ടറെ കാണാൻ വരിക എന്നത് ഒരു ദിവസത്തെ കൂലി നഷ്ടമാക്കും. രോഗിക്കും ഒപ്പം വരുന്ന ആൾക്കും ആ പൈസ ചെറിയ നഷ്ടമല്ല. കഴിഞ്ഞ വർഷം പടമുകളിൽ കാൻസർ ബാധിതനായി മരിച്ച ഒരു ഇതരസംസ്ഥാന യുവാവിന്‍റെ അസുഖ വിവരം അറിയുന്നത് മരണശേഷമാണ്‌. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഇയാൾ ജോലി ചെയ്തിരുന്നു.

പല ലേബർ ക്യാംപുകളിലും പാചകം ചെയ്യാൻ ഉപയോഗിക്കുന്നത് ഡീസലാണ്. മണ്ണെണ്ണ വാങ്ങാൻ റേഷൻ കാർഡില്ലാത്തതും ഡീസലിന്‍റെ എളുപ്പത്തിലുള്ള ലഭ്യതയും തന്നെ കാരണം . ഇടുങ്ങിയ മുറികളിൽ പ്രത്യേകം സജ്ജമാക്കാത്ത പാചകയിടത്ത് എരിയുന്ന ഡീസൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ചില്ലറയല്ല.

തൊഴിൽ സംബന്ധമായ അപകടങ്ങളിലും രോഗങ്ങൾ ബാധിച്ചും മരിക്കുന്ന തൊഴിലാളിയുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള അനിശ്ചിതത്വവും അവഗണനയും ഇവിടെ നിലനിൽക്കുന്നുണ്ടെന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ജോർജ് പറയുന്നു: “തൊഴിലിടത്തിൽ വെച്ചുള്ള അപകടമരണങ്ങളാണെങ്കിൽ വലിയ കൺസ്ട്രക്ഷൻ കമ്പനികൾ മരണാനന്തരം മൃതദേഹം കയറ്റിയയയ്ക്കാനോ നഷ്ടപരിഹാരം നൽകാനോ ഒരുങ്ങിയേക്കും. മുസ്ളീം മതവിഭാഗത്തിൽ പെട്ടവരാണ് മരിച്ചതെങ്കിൽ മൃതദേഹം സംസ്കരിക്കേണ്ടത് മറ്റ് വിശ്വസികളുടെ മതപരമായ ചുമതലയായാണ് കരുതപ്പെടുന്നത്. അതുകൊണ്ട് അവർ പിരിവെടുത്തോ പള്ളിയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ചോ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്‌. അങ്ങനെയാകുമ്പോഴും ഇവിടെത്തന്നെ സംസ്കരിക്കുകയാണ് ചെയ്യുക. ചില ആളുകൾ ആശുപത്രിയിലൊക്കെ വച്ച്, മരിച്ചാൽ ബോഡി വീട്ടുകാർക്ക് എത്തിക്കണേ എന്ന് പറഞ്ഞിട്ടാക്കെ ഉണ്ടാകും. മരണാനന്തരം വീട്ടുകാരുടെ അടുത്ത് ശരീരം എത്തുക എന്നത് മരിച്ചയാളുടേയും ജീവിച്ചിരിക്കുന്നവരുടേയും അവകാശല്ലേ?.”

ബാപി റായി, പ്രതിമ ടോപ്പോ, ദീപ ടോപ്പോ; എസ്എസ്എല്‍സിക്ക് മാത്രമല്ല ഇവരുടെ നിശ്ചയദാര്‍ഡ്യത്തിനും കൊടുക്കണം എ പ്ലസ്

ശരീരം നാട്ടിലെത്തിക്കാൻ തൊഴിലുടമ മുൻകൈ എടുക്കാത്തതായ ഘട്ടത്തിൽ പ്രാദേശിക ശ്മശാനങ്ങളിൽ അടക്കുക എന്നതാണ് പരിഹാരം. മരിച്ചയാളും കുടുംബവും പിന്തുടർന്ന് പോരുന്ന മതവിശ്വാസ പ്രകാരമുള്ള അന്ത്യകർമ്മങ്ങൾ അതോടെ അവർക്ക് നിഷേധിക്കപ്പെടും. ഇത് കുടുംബത്തിനും വൈകാരികമായി വലിയ ഭാരമുണ്ടാക്കിയേക്കും. സങ്കടകരമായ കാര്യം മൃതദേഹം എത്താത്ത പക്ഷം മരണം നടന്നത് വിദൂര ഗ്രാമങ്ങളിലുള്ള കുടുംബാംഗങ്ങൾ വിശ്വസിക്കില്ല പലപ്പോഴും എന്നതാണ്. ദീപാവലിക്കും പെരുന്നാളിനുമൊക്കെ തിരിച്ചെത്തിയേക്കാവുന്ന ആളുകളെ കാത്തിരിക്കുന്നുണ്ട് പല കുടുംബങ്ങളും. അവർ എത്തുമെന്ന് കരുതുന്ന ആളുകൾ പച്ചാളത്തെയോ പെരുമ്പാവൂരിലെയോ ഇലക്ട്രിക് ശ്മശാനങ്ങളിൽ ചാരമായി മാറിയിട്ടുണ്ടാകും.

മരിക്കാനും വേണം ഒരു ലക്ഷം

എറണാകുളം ജില്ലയിൽ അസ്വാഭാവികമായി ഒരാൾ മരിച്ചു കഴിഞ്ഞാൽ ജില്ലാ ജനറൽ ആശുപത്രിയിലാണ് ശരീരം കൊണ്ടുവരിക. എയർപോർട്ട് അടുത്തായതിനാൽ ഈ ആശുപത്രിയിൽ പ്രത്യേകമായി ഇതിനുള്ള സൗകര്യങ്ങൾ നിലവിലുണ്ട്. പോസ്റ്റ്മോർട്ടവും എംബാമിങ്ങും കഴിഞ്ഞ് ആംബുലൻസ് വഴിയോ വിമാനമാർഗ്ഗമോ കയറ്റിവിടാം. മറ്റ് മെഡിക്കൽ കോളേജുകളിൽ രണ്ടായിരം രൂപക്ക് താഴെ ചെയ്ത് പോകാവുന്ന എംബാമിങ്ങ് പ്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്യണമെങ്കിൽ പതിനായിരം രൂപയാണ് ചാർജ്ജ്. അനാട്ടമി ഡിപ്പാർട്ട്മെൻറ് ഇല്ലാത്ത ഇവിടെ ഫോറൻസിക് സർജ്ജൻ ആണ് എംബാമിങ്ങ് ചെയ്ത് കൊടുക്കുക. ഇതിനുള്ള രാസവസ്തുക്കൾ മെഡിക്കൽ കോളേജുകൾ അവരുടെ ഫണ്ടിൽ നിന്ന് വാങ്ങുമ്പോൾ ഇവിടെയത് ആശുപത്രി തന്നെ വാങ്ങേണ്ടതുണ്ട്. ഈ രാസവസ്തുക്കളുടെ ചിലവും, ജീവനക്കാരുടെ റിസ്ക് അലവൻസും അടക്കമുള്ള തുക ബന്ധപ്പെട്ട ആളുകളിൽ നിന്ന് വാങ്ങുകയേ വഴിയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രി വികസന സമിതിയാണ് ഈ രാസവസ്തുക്കൾ വാങ്ങി വെക്കുക. ആ തുക തിരിച്ച് ലഭിച്ചില്ലെങ്കിൽ ആശുപത്രിയിലെ ഭക്ഷണ വിതരണം, കാൻസർ രോഗികൾക്കുള്ള സൗജന്യമരുന്ന് തുടങ്ങിയവ താറുമാറാകുമെന്നും അവർ പറയുന്നു.

ഇതരസംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ തൊഴിലുടമ പണം നൽകാത്ത സാഹചര്യമാണെങ്കിൽ കൂടെയുള്ള തൊഴിലാളികൾ പണം പിരിച്ചെടുക്കേണ്ടി വരും. മാസവരുമാനം പതിനയ്യായിരമോ താഴെയോ ഉള്ള തൊഴിലാളികൾക്ക് ഈ ചിലവുകൾ കൂട്ടിമുട്ടിക്കാൻ പാകത്തിലുള്ള തുക കണ്ടെത്തൽ ദുസ്സഹമാണ്‌. ഈ സന്ദർഭങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ട് കളക്ടറുടെ ഫണ്ടിൽ നിന്നും എംബാമിങ്ങിനുള്ള പൈസ കൊടുക്കാമെന്ന ധാരണ ആശുപത്രിയുമായി ഉണ്ടാക്കാറുണ്ട്. ഈയിനത്തിലുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഇനി അത് തുടരാനാവില്ലെന്ന് ആശുപത്രി വ്യക്തമാക്കി കഴിഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയാണ് ഇതിന് സാധ്യമാകുന്ന ഒരു ബദൽ.

വിശക്കുന്നവന് മരണശിക്ഷ നല്‍കുന്ന മലയാളി ഇനി പ്രബുദ്ധരെന്നുകൂടി പറയരുത്

ഒരു മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആംബുലൻസ് കമ്പനികൾ അറുപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയാണ് വാങ്ങുക. കിലോമീറ്ററിന് ഇരുപത് രൂപ മുതലാണ് നിരക്ക്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കിലോമീറ്റർ നിരക്കാണ് വാങ്ങുന്നത്. അതായത് ഗുവാഹട്ടിയിലേക്ക് ഒരു ശരീരം എത്തിക്കണമെങ്കിൽ 3200×40= ഒരുലക്ഷത്തി ഇരുപത്തെട്ടായിരം രൂപയാകും.

വിമാനമാർഗ്ഗമെത്തിക്കലാണ് താരതമ്യേനെ ചിലവ് കുറവ്. പായ്ക്ക് ചെയ്യാനുള്ള പെട്ടിയുടെ ചിലവുൾപ്പെടെ മുപ്പതിനായിരം രൂപയിൽ താഴെ ഇത് നിൽക്കും. വിമാനത്താവളമുള്ള സ്ഥലത്ത് നിന്ന് മരിച്ചയാളുടെ കുടുംബത്തിലേക്കുള്ള ദൂരം കണക്കാക്കിയുള്ള ആംബുലൻസ് തുക കൂടി ഇതിൽ കണ്ടെത്തേണ്ടി വരും.

വലിയ കൺസ്ട്രക്ഷൻ കമ്പനികളും മറ്റുമാണെങ്കിൽ തൊഴിലാളിയുടെ മരണാനന്തരമുള്ള ചിലവുകൾ നിർവഹിക്കാൻ അവരെ സമ്മർദ്ദപ്പെടുത്തുക എന്നത് ചെയ്യാനാകും. എന്നാൽ ചെറുകിട സംരംഭകരെ സംബന്ധിച്ച് ഈ തുക വലിയൊരു ഭാരമായി മാറും. ഇത്തരം സാഹചര്യങ്ങളിൽ അപകടമരണങ്ങൾ പോലും മറച്ച് വെക്കപ്പെടുകയാണ്‌. ഇവിടെ ജോലി ചെയ്ത് മരിച്ചു പോകുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കണം എന്നതാണ് ഈ പ്രശ്നത്തിന് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പ്രകാരം പതിനയ്യായിരം രൂപയാണ് മൃതദേഹം അയയ്ക്കാൻ ലഭിക്കുക. ചെറിയൊരു ശതമാനം തൊഴിലാളികളേ ഇതിൽ അംഗത്വം എടുത്തിട്ടുള്ളൂ എന്നതും ഈ തുക ലഭിക്കാൻ സമയം എടുക്കും എന്നതും മരണശേഷമുള്ള തൊട്ടടുത്ത സമയത്ത് ഈ സൗകര്യം ഉപയോഗിക്കാൻ പര്യാപ്തമാക്കുന്നില്ല.

ഇന്ത്യയിൽ ഒട്ടാകെയുള്ള കുടിയേറ്റത്തൊഴിലാളികൾ മരണാനന്തരം ഈ അവഗണന അനുഭവിക്കുന്നുണ്ടെന്ന് ജോർജ്ജ് പറയുന്നു: “ഔദ്യോഗിക കണക്കുകൾ ഇല്ലെങ്കിലും ഏതാണ്ട് അറുന്നൂറ് തൊഴിലാളികൾ ഒരു വർഷം മരണപ്പെടുന്നുണ്ടാകും. വിമാന മാർഗ്ഗം എത്തിക്കാനുള്ള 28000 രൂപ വീതം സർക്കാർ ചിലവഴിക്കേണ്ടതുണ്ട്. ജില്ലാ ലേബർ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സങ്കീർണ്ണതകൾ പരമാവധി കുറച്ച് ഒരു സംവിധാനമാണ് രൂപപ്പെടുത്തേണ്ടത്‌. മരണസർട്ടിഫിക്കറ്റ് മുതൽ എൻ ഓ സി വരെയുള്ള രേഖകളിൽ ഒരു അക്ഷരത്തെറ്റുള്ള പേര് പോലും വിമാനക്കമ്പനികൾ കൊണ്ട് പോകാൻ വിസമ്മതിക്കുക പോലുള്ള പ്രശ്നങ്ങളും ഇത് വഴി പരിഹരിക്കാം. മാത്രമല്ല മരണവുമായി ബന്ധപ്പെട്ട ഡാറ്റകൾ ലഭ്യമാകാനും ഇത് സഹായിക്കും. നിലവിൽ മൂന്നോ നാലോ ദിവസത്തെ ഓട്ടത്തിന് ശേഷമാണ് ഇപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്. മരണശേഷം അത്രയും ദിവസം വീട്ടുകാർ ശരീരം കാത്തിരിക്കുന്നതും അടുത്ത ആളുകൾ ഇവിടെ ഓടി നടക്കുന്നതും ഓര്‍ത്തുനോക്കൂ. കേന്ദ്രീകൃതമായ ഒരു സംവിധാനം വന്നാൽ പോലീസ് ക്ലിയറൻസും എംബാമിങ്ങും ഒക്കെ കഴിഞ്ഞ് അതേ ദിവസം തന്നെ മൃതദേഹം അയക്കാൻ സാധിച്ചേക്കും. നിലവിൽ സർക്കാരിനോടും തൊഴിലുടമയോടുമൊക്കെ നടപടികൾ എടുക്കാൻ ആവശ്യപ്പെട്ട് ഏറെ ദിവസത്തെ ഓട്ടത്തിനൊടുവിലാണ് എന്തെങ്കിലും ചെയ്യാനാകുന്നത്.”

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വെറുപ്പ് പടര്‍ത്തരുത്

ഐടി ഒഴികെയുള്ള കേരളത്തിലെ വ്യവസായ മേഖലയെ മുഴുവൻ താങ്ങിനിർത്തുന്ന തൊഴിൽ ശക്തിയാണ് ഇതരസംസ്ഥാന തൊഴിലാളികളുടേതെന്ന് സെൻറർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ളുസീവ് ഡെവലപ്മെൻറ് എന്ന സംഘടനയുടെ ഡയറക്ടർ ബിനോയ് പീറ്റർ പറയുന്നു: “100 ബില്യൺ രൂപ കേരളത്തിൽ ഈ തൊഴിലാളികൾ ചിലവഴിക്കുന്നുണ്ട്. സാധാരണ മലയാളിയുടെ ഉപജീവനത്തെ, ചെറുകിട കച്ചവടമാകട്ടെ, ബസ്സാകട്ടെ, വഴിയോര വിപണിയാകട്ടെ വലിയ രീതിയിൽ സഹായിക്കുന്ന ഉപഭോക്താക്കൾ കൂടിയാണ് അവർ. ഈ തൊഴിലാളികളുടെ മരണശേഷം കൃത്യമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ സംവിധാനമാണ് അവരെ നാട്ടിലെത്തിക്കാനുള്ള മുൻകൈ എടുക്കേണ്ടത്. നിലവിലുള്ള ക്ഷേമനിധിയേയും ഇൻഷുറൻസിനേയുമൊക്കെ ഇവരിലേക്ക് എത്തിച്ച് ഗുണഭോക്താക്കളുടെ എണ്ണം കൂട്ടേണ്ടതുമുണ്ട്. വളരെ ന്യൂനപക്ഷമായ ചില വ്യക്തികളുടെ ഇടപെടൽ മാത്രമാണ് ഇപ്പോൾ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളിലുള്ളത്. സംഘടിതമായ ശക്തികളല്ലാത്തതിനാൽ അവർക്കും പരിമിതികളുണ്ട്.”

നാമേറെ ആഘോഷിച്ച അതിഥി തൊഴിലാളി എന്ന ടേമിനെ തന്നെ പ്രശ്നവത്ക്കരിക്കണമെന്നും ബിനോയ് പീറ്റർ അഭിപ്രായപ്പെടുന്നു: “അന്താരാഷ്ട്ര തൊഴിൽ സംഘടന ഉൾപ്പെടെ ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുള്ള പദമാണത്. ഇന്ത്യൻ ഭരണഘടന രാജ്യത്തെവിടെയും താമസിക്കാനും സഞ്ചരിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം നൽകുമ്പോൾ അവരെങ്ങനെയാണ് വന്ന് പണിയെടുത്ത് പോകേണ്ട അതിഥിയാകുക?”

പ്രവാസത്തിന്‍റെ ചൂടും ചൂരും അറിയുന്ന സമൂഹമാണ് കേരളത്തിലേത്‌. പ്രിയപ്പെട്ടവർ അന്യരാജ്യങ്ങളിൽ വെച്ച് മരണമടയുന്നതിന്‍റെ വേദന നമുക്ക് അന്യമല്ല. ഗൾഫ് രാജ്യങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങളുടെ ഗുണഭോക്താവാകുന്ന കേരളത്തിന് അതേ ബാധ്യത ഇവിടെ വരുന്ന തൊഴിലാളികളോടുമുണ്ട്. മികച്ച ജീവിതം കെട്ടിപ്പടുക്കാൻ ഇവിടെയെത്തിയ മനുഷ്യരാണ്. ഭായി എന്ന പൊതുനാമത്തിലേക്ക് ഓരോരുത്തരുടേയും പേരും വ്യക്തിത്വവും ചുരുക്കിയത് നമ്മളാണ്. മരണത്തിലെങ്കിലും അവർ ആവശ്യപ്പെടുന്ന അന്തസ്സ് നൽകിയേ മതിയാകൂ.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ആര് പറഞ്ഞു നമ്മള്‍ മലയാളികള്‍ സംസ്കാര സമ്പന്നര്‍ ആണെന്ന്?

ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ നിന്നോടിക്കാന്‍ കുപ്രചരണം നടത്തുന്നത് ആര്‍ക്ക് വേണ്ടി?

ഇതര സംസ്ഥാന തൊഴിലാളികളെ ‘കൊന്ന്’ കേരളത്തിനെതിരെ വെറുപ്പ് പ്രചരിപ്പിക്കുമ്പോള്‍

ഈ സാംസ്കാരിക പൊങ്ങച്ചം വംശീയതയല്ലാതെ മറ്റെന്താണ്?

നിപ വൈറസ്: വംശീയ പ്രചരണവുമായി കുമ്മനത്തിന്റെ അനുയായിയായ ബിജെപി മാധ്യമ സെക്രട്ടറി

ഇതര സംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ ഡാറ്റ ബാങ്കുണ്ടാക്കി തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍