UPDATES

ഓഫ് ബീറ്റ്

നമ്മള്‍ ഇപ്പോഴും താമസിക്കുന്നത് നെഹ്രു പണിത വീട്ടില്‍

നെഹ്രുവിനും പിശകുകൾ പറ്റിയിട്ടുണ്ട്. വലിയ ആളുകൾക്ക് പറ്റുന്ന തെറ്റുകൾ, മിക്കപ്പോഴും ബൃഹത്തായതാണ്. പക്ഷേ, അദ്ദേഹത്തിന് വിപുലമായൊരു വീക്ഷണമുണ്ടായിരുന്നു. യുക്തിയിലൂടെയും ശാസ്ത്രീയ മനോഭാവത്തിലൂടെയും (scientific temper) നയിക്കപ്പെടുന്ന പുതിയ ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്തു.

1964 മെയ് 27ന്  ജവഹർലാൽ നെഹ്രു അന്തരിച്ചു. ഇത്തരം പ്രധാന സന്ദര്‍ഭങ്ങളിൽ ഉയർന്നുവരുന്ന ഒഴിച്ചുകൂടാനാകാത്ത ഒരു ചോദ്യമുണ്ട് “നിങ്ങൾ എവിടെയായിരുന്നു?”. ജോൺ എഫ്‌. കെന്നഡി വധിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു? സംഭവഗതിയുടെ ആഘാതം നിങ്ങൾക്ക് സമീപം വ്യാപിക്കുകയും അത് മനസ്സിൽ മുദ്രപ്പെടുത്തുകയും ചെയ്യുന്നു.

നെഹ്രു അന്തരിച്ച ദിവസം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. കൂടാതെ ആ വിവരം അറിഞ്ഞ നിമിഷവും. രാവിലെ 6.25ന് അദ്ദേഹത്തിന് ഒരു സ്ട്രോക്ക് ഉണ്ടായി. ഉടനെ തന്നെ അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ആ അബോധാവസ്ഥയിൽ തന്നെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം  പറഞ്ഞത് “ആന്തരിക രക്തസ്രാവം, പക്ഷാഘാതം, ഹൃദയാഘാതം” എന്നിവയായിരുന്നു മരണകാരണമെന്നായിരുന്നു.  ‘പൂർണാരോഗ്യവാനായി’ അദ്ദേഹം മസ്സൂറിയിൽ നിന്നും തലേദിവസം മടങ്ങിയെത്തിയതേയുണ്ടായിരുന്നുള്ളൂ, പക്ഷേ, നെഹ്രു വ്യക്തമായി ക്ഷീണിതനായിരുന്നു. ഉച്ചക്ക് 2.05ന് പാർലമെന്റിനെയും രാഷ്ട്രത്തെയും അദ്ദേഹത്തിന്റെ മരണവാർത്ത അറിയിച്ചു.

ആരാണ് അടുത്ത പ്രധാനമന്ത്രി എന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വായിച്ചിരുന്നെങ്കിലും നെഹ്രു ഇല്ലാതെ ഇന്ത്യയെക്കുറിച്ച് ചിന്തിക്കാൻ (മറ്റനേകം ചെറുപ്പക്കാരെ പോലെ) ഞാനും  വിമുഖനായിരുന്നു. അമേരിക്കൻ പത്രപ്രവർത്തകനായ വെൽസ് ഹാംഗൻ എഴുതിയ “നെഹ്റുവിന് ശേഷം ആര്?” എന്ന ഗ്രന്ഥമാണ് ഈ വിഷയത്തെക്കുറിച്ചു ഏറ്റവും വായിക്കപ്പെട്ടത്. വരാൻ സാദ്ധ്യതയുള്ള ആളുകളുടെ പട്ടിക തയ്യാറാക്കിയ ഹാംഗൻ ഇങ്ങനെ എഴുതി: “നെഹ്രുവിനു ഇപ്പോൾ ഒരു ബദൽ സാധ്യമാണെന്ന് പറയുന്നവർ തന്നെ എന്നോട് പറഞ്ഞത് ബ്രിട്ടീഷ്-ഇന്ത്യയുടെ വിഭജനത്തിനു ശേഷമുള്ള ആദ്യഘട്ടത്തിൽ രാജ്യത്തെ കൂട്ടിയോജിപ്പിച്ചു നിർത്താൻ അദ്ദേഹത്തിന് (നെഹ്രുവിനു) മാത്രമേ കഴിയുമായിരുന്നുള്ളൂവെന്നാണ്”.

സംശയഹീനമായിത്തന്നെ നെഹ്‌റു തൻ്റെ ലക്ഷ്യം അതിജീവിച്ചു, വിശിഷ്യാ 1962 ലെ ഇന്ത്യാ-ചൈന യുദ്ധത്തിനു ശേഷമുള്ള വിനാശകരമായ കാലഘട്ടത്തിൽ. അടുത്ത സംഭവവികാസങ്ങൾ എന്തായിരിക്കുമെന്നറിയാനുള്ള  ആകാംഷ കാരണം ഞാൻ ഹോസ്റ്റലിലേക്ക് എത്താൻ തിടുക്കപ്പെട്ടു, അവിടെ ഒരു റേഡിയോ സെറ്റ് ആൾ ഇന്ത്യ റേഡിയോയുടെയും മെൽവി ദേ മെല്ലോയുടെയും (Melville de Mellow) ദുഃഖാചരണ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്നുള്ള ചർച്ച ഞങ്ങൾ തുടങ്ങി. ഗുൽസാരിലാൽ നന്ദയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചിരുന്നെങ്കിലും, കുറച്ചുപ്പേർ മാത്രമാണ് അദ്ദേഹത്തെ ഗൗരവമായി പിൻഗാമിയായി പരിഗണിച്ചിരുനുള്ളു. രാത്രിയോട് കൂടി ഒരു ഭയം ഞങ്ങളെ കീഴ്‌പ്പെടുത്തി. സൈന്യം നിയന്ത്രണം ഏറ്റെടുക്കുമോ എന്നതായിരുന്നു ഒന്ന്. കമ്മ്യൂണിസ്റ്റുകളോ സി.ഐ.എയോ ഒരു അട്ടിമറിക്ക് തുടക്കം കുറിക്കുമെന്നതായിരുന്നു മറ്റൊന്ന്. ഇതൊന്നും സംഭവിച്ചില്ല. നെഹ്‌റു നിർമ്മിച്ചത് ഒരു സുസ്ഥിരമായ ആധുനിക ജനാധിപത്യ ഇന്ത്യയായിരുന്നു.

റിപ്പബ്ലിക്കിന്റെ രൂപീകരണ ഘട്ടത്തിൽ തന്നെ അദ്ദേഹത്തെ നേതാവായി ലഭിച്ചത് ഇന്ത്യയുടെ സൗഭാഗ്യമായിരുന്നു. We took the road less traveled and it made all the difference. അധികമാരും തിരഞ്ഞെടുക്കാത്ത വഴി നാം തിരഞ്ഞെടുത്തു, അതാണ്  വ്യത്യാസം സാധ്യമാക്കിയതും.

റോബർട്ട് ഫ്രോസ്റ്റ് എഴുതിയ ഓർക്കുക:

I shall be telling this with a sigh
Somewhere ages and ages hence:
Two roads diverged in a wood, and I
I took the one less traveled by,
And that has made all the difference.

നമുക്ക് ഇതിലും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ കഴിയുമായിരുന്നു, പക്ഷേ, ഇതേ സാഹചര്യത്തിലുള്ള മറ്റ് പല രാജ്യങ്ങളും  ചെയ്ത പോലെ മോശമായ രീതിയിലും കാര്യങ്ങൾ കൈകാര്യം ചെയ്യാമായിരുന്നു. നെഹ്രുവും മറ്റു സ്ഥാപക പിതാക്കന്മാരും വിഭാവനം ചെയ്ത ഇന്ത്യ ഇപ്പോഴും നിലനില്‍ക്കുന്നു. അത്യുന്നതമായ പ്രതിഭാശാലിയും ദീർഘദൃഷ്ടിയുമുള്ള ഒരു മനുഷ്യനായിരുന്നു നെഹ്‌റു. ‘ഇന്ത്യയെ കണ്ടെത്തൽ’ വായിച്ചിട്ടുള്ള ആർക്കും അതിൽ സംശയമുണ്ടാവില്ല. നമുക്ക് വേണ്ടി നവീനവും സമഗ്രമായ ഒരു ദേശീയത നിർമ്മിക്കുവാൻ വേണ്ടി അദ്ദേഹം പരിശ്രമിച്ചു. ലളിതമായ ഭാഷയില്‍ ഈ ആശയം വിശദീകരിക്കാൻ പലപ്പോഴും ഞാൻ  ശ്രമിച്ചിട്ടുണ്ട്. എല്ലാ ആക്രമണ ദേശാടന സഞ്ചാരങ്ങളും, എല്ലാ സംഗീത ഉപകരണങ്ങളും സംഗീതവും, ഇന്ത്യയിലെ എല്ലാ സാഹിത്യരൂപങ്ങളും ഇന്ത്യയിൽ അഭിവൃദ്ധിപ്പെട്ട ശൈലികളും എല്ലാം ഒരു പോലെ നമ്മുടേതാണ്. രാഗങ്ങളും  ഗസലുകളും എത്രത്തോളം നമ്മുടെയാണ്  അതുപോലെ തന്നെ ഭീംസെൻ ജോഷിയും ബിസ്മില്ല ഖാനും നമ്മളുടെ സ്വന്തമാണ്.

നെഹ്രുവിനും പിശകുകൾ പറ്റിയിട്ടുണ്ട്. വലിയ ആളുകൾക്ക് പറ്റുന്ന തെറ്റുകൾ, മിക്കപ്പോഴും ബൃഹത്തായതാണ്. ചൈനയുമായുള്ള തർക്കത്തിന്റെ സ്വഭാവത്തെ അദ്ദേഹം തെറ്റിദ്ധരിച്ചു. കേന്ദ്ര ആസൂത്രണത്തിന്റെ കുടുക്കിൽ സമ്പദ് വ്യവസ്ഥയെ ബന്ധിപ്പിച്ചത് ചില പ്രമുഖരുടെ വളർച്ചക്ക് മാത്രമാണ് വളംവെച്ചത്‌. പക്ഷേ, അദ്ദേഹത്തിന് വിപുലമായൊരു വീക്ഷണമുണ്ടായിരുന്നു. യുക്തിയിലൂടെയും ശാസ്ത്രീയ മനോഭാവത്തിലൂടെയും (scientific temper) നയിക്കപ്പെടുന്ന പുതിയ ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്തു.

ഇന്ന് പക്ഷെ യാതൊരു അടിസ്ഥാനവുമില്ലാത്ത സിദ്ധാന്തങ്ങളാലും  അന്ധവിശ്വാസങ്ങളാലും നയിക്കപ്പെടുന്ന  ആളുകളുടെ എണ്ണം കൂടിവരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. മതവും അന്ധവിശ്വാസവുമാണ് നമ്മളുടെ ഏറ്റവും വലിയ പിഴവുകൾ. ഇവ കാരണം സമൂഹത്തിൽ ധാരാളമായി സംഘട്ടനങ്ങൾ ഉടലെടുക്കുന്നു, ആളുകളുടെ പെരുമാറ്റരീതിയിലും വ്യവസ്ഥയിലും മാറ്റം വരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, നെഹ്റുവിന്റെ സ്മരണക്കുമേൽ വിട്ടുവീഴ്ചയില്ലാത്ത ആക്രമണങ്ങൾ  നടക്കുന്നു. ഒരു ചെറിയ കൂട്ടം ആളുകളാണ് അതിനു പിന്നിൽ,  ചരിത്രം അറിയാത്ത ആളുകൾ, പാറ്റ്നയെയും തക്ഷശിലയെയും, സിന്ധുവിനെയും ഗംഗയെയും, അലക്‌സാണ്ടറിനെയും സെലിയൂകസിനേയും (Seleucus) തമ്മിൽ തിരിച്ചറിയാത്തവർ, ശാസ്ത്രത്തെക്കുറിച്ച് അറിയാത്തവർ, ഗണേശൻ ഒരു പ്രതിരൂപമല്ലെന്നും യഥാർത്ഥത്തിൽ ഉള്ളതെന്നും കരുതുന്നവർ, ട്രാൻസ്‌പ്ലാന്റ്റേഷനും പ്ലാസ്റ്റിക് ശസ്ത്രക്രിയയും തന്നിലുള്ള വ്യത്യാസം അറിയാത്തവർ; ചരിത്രവും മിത്തും, ശാസ്ത്രവും അന്ധവിശ്വാസവും, സത്യവും മിഥ്യയും  വേർതിരിച്ചറിയാൻ കഴിവില്ലാത്തവർ. ഇപ്പോൾ അവർ ശ്രമിക്കുന്നത് ഇടുങ്ങിയതും ഭിന്നത വളർത്തുന്നതുമായ സ്വത്വ നിർമിതിയിലൂടെ ആളുകളെ തമ്മിൽ തല്ലിക്കാനാണ്.

നമ്മുടെ തനതായ വൈവിധ്യവും നമ്മളെക്കുറിച്ചു തന്നെയുള്ള  പൊതു അവബോധവും കൊണ്ട് തിട്ടപ്പെടുത്തിയ ആധുനികവും, സമത്വപരവുമായ നമ്മുടെ ഭരണഘടനയാൽ ഇപ്പോൾ വെല്ലുവിളികൾ നേരിടുകയാണ്. ഇന്ത്യ വളരെ മോശമായ അവസ്ഥയിലാണ് എത്തപ്പെട്ടിരിക്കുന്നതു. നാം എല്ലാത്തിലും ഉപരി ഭാരതമാകുന്ന ഇന്ത്യയിലെ ജനങ്ങളാണ്. നാം ഇപ്പോഴും നെഹ്രു പണിത വീട്ടില്‍ താമസിക്കുന്നു.

(മോഹൻ ഗുരുസ്വാമി ഡെക്കാൻ ക്രോണിക്കിളിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

കാശ്മീര്‍ പാകിസ്ഥാന് തരാമെന്ന് പട്ടേല്‍ പറഞ്ഞു, ഇന്ത്യക്ക് വേണമെന്ന് പറഞ്ഞത് നെഹ്രു

ആര്‍എസ്എസുകാര്‍ പറയുന്നത് പോലെ നെഹ്രു ശാഖയില്‍ പോയിട്ടുണ്ടോ? എന്താണ് സത്യം?

‘മോദിക്ക്‌ നെഹ്രു ആരുമല്ലായിരിക്കും; പക്ഷെ, ഇന്ത്യയ്ക്ക് തലയുയർത്തി പറയാൻ ഒറ്റ പ്രധാനമന്ത്രിയേ ഉണ്ടായിട്ടുള്ളൂ’

ചെറിയ ഇന്ത്യയുടെ വലിയ നെഹ്രു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍