UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

പി കെ ഗുരുദാസന് ഇല്ലാത്ത എന്ത് മഹത്വമാണ് എസ് ആര്‍ പിക്കുള്ളത്?

എസ്.ആര്‍.പി ഇത്തവണ ഒഴിഞ്ഞിരുന്നെങ്കില്‍ പോളിറ്റ്ബ്യൂറോയിലേക്ക് സാധ്യത കല്പിക്കപ്പെട്ടിരുന്നത് എ.കെ.ബാലനും എ.വിജയരാഘവനുമാണ്

പി.കെ.ഗുരുദാസന് ഇല്ലാത്ത എന്ത് അധികയോഗ്യതയാണ് എസ്.രാമചന്ദ്രന്‍പിള്ളയ്ക്കുള്ളതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. എണ്‍പത് വയസ് കഴിഞ്ഞവര്‍ സി.പി.എം കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും തുടരാന്‍ പാടില്ലെന്ന് തീരുമാനം ഇരുപത്തൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നത് എസ്.ആര്‍.പി എന്ന് സഖാക്കള്‍ വിളിക്കുന്ന രാമചന്ദ്രന്‍പിള്ളയുടെ സാന്നിധ്യത്തിലാണ്. അദ്ദേഹം ഉള്‍പ്പെട്ട കേന്ദ്രക്കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് ഈ തീരുമാനം അംഗീകരിച്ചത്. തൊട്ടടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്ത് അത്ഭുതമാണ് സംഭവിച്ചത്? എണ്‍പതാം വയസ് ഗുരുദാസന് അയോഗ്യതയും എസ്.ആര്‍.പിക്ക് യോഗ്യതയും ആവുന്നതെങ്ങനെയാണ്?

ഗുരുദാസന്‍ 1981 മുതല്‍ 18 വര്‍ഷത്തോളം സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു. ആര്‍.എസ്.പിയും സി.പി.ഐയും കഴിഞ്ഞേ സി.പി.എമ്മിന് ജില്ലയില്‍ കരുത്തുള്ളൂ എന്ന വാദമാണ് മുമ്പുയര്‍ന്നിരുന്നത്. അതില്‍ കുറച്ചൊക്കെ കഴമ്പും ഉണ്ടായിരുന്നു. അതിനെ അട്ടിമറിച്ച് കൊല്ലം സി.പി.എമ്മിന്റെ നെടുങ്കോട്ടയാണെന്ന് തെളിയിക്കുകയാണ് ഗുരുദാസന്‍ ചെയ്തത്. കൊല്ലത്തു നിന്ന് സി.പി.എമ്മിന് സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന കൊല്ലം എം.പിയും എം.എല്‍.എയും മേയറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഒക്കെ സ്വന്തമാക്കിയതിനു പിന്നില്‍ പി.കെ.ഗുരുദാസന്‍ എന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ അദ്ധ്വാനത്തിന് വലിയ പങ്കുണ്ട്. പതിനേഴു കൊല്ലം കൊല്ലത്തിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന ഗുരുദാസന്‍ ഈ ജില്ലയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെമ്പട്ടുടുപ്പിച്ചു.

എന്നാല്‍, എസ്. ആര്‍.പിയോ? 1992ല്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ രാമചന്ദ്രന്‍പിള്ള 89ല്‍ പാര്‍ട്ടി ആദ്യമായി രൂപീകരിച്ച ദേശീയ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടതോടെ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു.എന്നുവച്ചാല്‍, കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗമാണ്. 1985ല്‍ പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അംഗമായ എസ്.ആര്‍.പി ഡല്‍ഹിയിലേക്ക് പ്രവര്‍ത്തന കേന്ദ്രം മാറ്റിയിട്ട് 30 വര്‍ഷത്തോളമാവുന്നു. ഇത്രയും കാലയളവിലെ ഡല്‍ഹിയിലെ പ്രവര്‍ത്തനം കൊണ്ട് പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ഓഫീസിരിക്കുന്നിടത്ത് എം.പിയും എം.എല്‍.എയും വേണമെന്നു പറയുന്നത് അതിമോഹമാണെന്ന് പറയാം. അവിടെ കോര്‍പ്പറേഷന്‍ വാര്‍ഡില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കഴിയാത്ത എസ്. ആര്‍.പി ഉള്‍പ്പെടെയുള്ളവരാണോ ഇനി എണ്‍പതുവയസ് കഴിഞ്ഞതിനുശേഷവും ഇന്ത്യയില്‍ ജനകീയജനാധിപത്യ വിപ്‌ളവത്തിന് മുന്നിട്ടിറങ്ങുന്നത്?

എസ്.രാമചന്ദ്രന്‍പിള്ള എല്ലാക്കാലത്തും സി.പി.എമ്മിലെ ശക്തന്‍മാരുടെ കയ്യാളായിരുന്നു. ഇ.എം.എസ്സിന്റെ വിശ്വസ്തനായിരുന്നതാണ് മറ്റുപലരെയും മറികടന്ന് കേന്ദ്രക്കമ്മിറ്റിയിലേക്കും പോളിറ്റ്ബ്യൂറോയിലേക്കും വഴിതുറന്നത്. വി.എസ്. അച്യുതാനന്ദന്‍ സി.പി.എമ്മില്‍ പ്രബലനായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായി. പിണറായി വിജയന്‍ സി.പി.എമ്മിന്റെ കേരളത്തിലെ ചെങ്കോലേന്തിയപ്പോള്‍ വി.എസ്സിന്റെ ചിറകരിയാന്‍ അരിവാളെടുത്തതും എസ്.ആര്‍.പി തന്നെ. കേരളത്തില്‍നിന്ന് പോളിറ്റ്ബ്യൂറോ ഇടപെട്ട് നുള്ളിക്കളഞ്ഞുവെന്ന് അവകാശപ്പെട്ട വിഭാഗീയത സി.പി.എമ്മിന്റെ പരമോന്നത സമിതിയെ മുച്ചൂടും ഗ്രസിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി മാറിയതും മറ്റാരുമല്ല.എണ്‍പതുവയസ്സിനു ശേഷം കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും തുടരില്ലെന്ന് പരസ്യമായി എസ്. ആര്‍.പി പ്രഖ്യാപിച്ചിട്ട് അധികനാളായില്ല. ആ തീരുമാനം തിരുത്തക്കവിധത്തില്‍ എന്ത് പ്രത്യേക സംഭാവനയാണ് എസ്.ആര്‍.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരും ഇതുവരെ പ്രസ്താവിച്ചു കണ്ടില്ല. ഏറ്റവുമൊടുവില്‍, സീതാറാം യെച്ചൂരി എന്ന അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിക്കെതിരെ പഴയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പോരാട്ടത്തിന് ഇന്ധനം പകര്‍ന്നതിന് കിട്ടിയതല്ലേ ഇപ്പോഴത്തെ ഈ പിബി അംഗത്വപട്ടം?

പാര്‍ട്ടി യെച്ചൂരി പിടിച്ചോ..? പിടിച്ചില്ലേ…?

പോളിറ്റ്ബ്യൂറോ അംഗമായിരിക്കേ എസ്.ആര്‍.പി രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള എം.പിയായിരുന്നെങ്കിലും ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് പാര്‍ട്ടിക്കാരെക്കൊണ്ടു പോലും പറയിപ്പിച്ചില്ല! സീതാറാം യെച്ചൂരി എങ്ങനെയൊക്കെയാണ് രാജ്യസഭയിലൂടെ ജനകീയ ഇടപെടല്‍ നടത്തിയതെന്ന് ചരിത്രരേഖകള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമല്ല, സാധാരണക്കാരെയും പഠിപ്പിച്ചുതരുന്നുണ്ട്. എന്തിന് എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാലും രാജ്യസഭയെ എങ്ങനെ ഫലപ്രദമായ പോരാട്ടത്തിന്റെ വേദിയാക്കാമെന്ന് രാജ്യത്തിന് കാട്ടിത്തന്നവരായതുകൊണ്ടാണ് ഇവരെയൊക്കെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തളച്ചിടരുതെന്ന് ശത്രുപക്ഷത്തെ ദേശീയ നേതാക്കള്‍പോലും ആവശ്യപ്പെട്ടത്. എസ്.ആര്‍.പി രാജ്യസഭാംഗമായിരുന്നെന്ന് സ്വന്തം ജീവചരിത്രക്കുറിപ്പിനപ്പുറം ഓര്‍മ്മിക്കപ്പെടാത്തതിനു കാരണം ഇനിയത്തെ പാര്‍ട്ടി ജനപ്രതിനിധികളെ പഠിപ്പിക്കേണ്ട ബാദ്ധ്യത സി.പി.എം ഏറ്റെടുക്കെണ്ടതുണ്ട്.

ഇവിടെയാണ് രണ്ടുതവണ എം.എല്‍.എ ആയി കേരള നിയമസഭയിലെത്തിയ പി.കെ.ഗുരുദാസന്‍ വേറിട്ടുനില്‍ക്കുന്നത്. ആദ്യപ്രാവശ്യം നിയമസഭാംഗമായപ്പോള്‍ തന്നെ മന്ത്രിയായ ഗുരുദാസന് എക്‌സൈസ്, തൊഴില്‍ എന്നിവയാണ് വി.എസ് സര്‍ക്കാരില്‍ പാര്‍ട്ടി അനുവദിച്ചത്. അതിനുമുമ്പും പിമ്പും എക്‌സൈസ് മന്ത്രിമാര്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയും കണക്കുമില്ല. എന്തിന് ഏറ്റവുമൊടുവില്‍, കെ.ബാബുവിന്റെ അവസ്ഥ വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. എന്നാല്‍, ഒരു അഴിമതി ആരോപണവും ഉണ്ടാവാതെ വകുപ്പ് ഭരിച്ച ഗുരുദാസന്‍ തൊഴില്‍ വകുപ്പില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ വളരെയേറെയാണ്. കശുഅണ്ടി, കയര്‍, കൈത്തറി ഉള്‍പ്പെടെ പരമ്പരാഗത വ്യവസായമേഖലയ്ക്ക് താങ്ങും തണലുമാവാന്‍ മന്ത്രിയും വകുപ്പും തയ്യാറായി. മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. അന്ന് പുതുക്കി നിശ്ചയിച്ച മിനമം വേതനവും ദിവസവേതനക്കാര്‍ക്കുള്ള ശമ്പളവും ഇനിയും നല്‍കാത്ത മാധ്യമ സ്ഥാപനങ്ങള്‍പോലുമുണ്ട്. അത് ഇപ്പോഴത്തെ തൊഴില്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് കൈക്കൂലിക്കുള്ള പുതിയ മേച്ചില്‍പ്പുറമായി എന്നത് മറ്റൊരു പരമാര്‍ത്ഥം.

അതേ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, “സീതാറാം അല്ലാതെ മറ്റാര്?”

അങ്ങനെ, കഴിവ് തെളിയിച്ച പി.കെ.ഗുരുദാസന്‍ എണ്‍പത് കഴിഞ്ഞതിന്റെ പേരില്‍ കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് അദ്ദേഹം പിന്നാക്കക്കാരനായതുകൊണ്ട് മാത്രമാണെന്ന് വ്യക്തമാണ്. അദ്ദേഹത്തെ പ്രത്യേകക്ഷണിതാവുപോലും ആക്കാത്തതിന് മറ്റെന്താണ് കാരണം? പ്രായാധിക്യത്തെ തുടര്‍ന്ന് പോയതവണ ഒഴിവാക്കിയ പാലൊളിയെ ഇത്തവണ പ്രത്യേക ക്ഷണിതാവാക്കി ‘തെറ്റുതിരുത്തി.’ ഗുരുദാസന്റെ കാര്യത്തില്‍ പ്രത്യേകക്ഷണിതാവാക്കാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ കാത്തിരിക്കുകയാവും! ന്യൂനപക്ഷക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള ഈ ‘അവഗണന’യും കാലാവധി കഴിഞ്ഞിട്ടും ഒഴിവാക്കാത്തവര്‍ക്കുള്ള ‘പ്രത്യേക പരിഗണന’യും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എളുപ്പം മനസ്സിലാവും.

എസ്.ആര്‍.പി ഇത്തവണ ഒഴിഞ്ഞിരുന്നെങ്കില്‍ പോളിറ്റ്ബ്യൂറോയിലേക്ക് സാധ്യത കല്പിക്കപ്പെട്ടിരുന്നത് എ.കെ.ബാലനും എ.വിജയരാഘവനുമാണ്. നിലവിലത്തെ അവസ്ഥയില്‍ ഇരുവരും കേരള പക്ഷത്തിന്റെ ‘ചങ്ക് ബ്രോസ്’ ആയതിനാല്‍ ശാക്തികചേരിയില്‍ ഒരു മാറ്റവും വരില്ലായിരുന്നു. ബാലനാണെങ്കില്‍ പോളിറ്റ്ബ്യൂറോയിലെത്തിയ ആദ്യ ദളിതന്‍ എന്ന വിശേഷണത്തിനും അര്‍ഹനായേനെ. പിന്നാക്കക്കാരനായ വിജയരാഘവന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടും എസ്. ആര്‍.പി കനിഞ്ഞില്ല!

എ.കെ.ബാലന്‍ വി.എസ്.സര്‍ക്കാരില്‍ വൈദ്യുതി, പട്ടികജാതി – പട്ടികവര്‍ഗക്ഷേമ മന്ത്രിയായിരുന്നു. ഇത്തവണ വൈദ്യുതി കിട്ടിയില്ല. സംസ്‌കാരം, നിയമം, പാര്‍ലമെന്ററി കാര്യം തുടങ്ങിയ ‘ലൊട്ടുലൊടുക്ക്’ വകുപ്പുകളാണ് വൈദ്യുതിമന്ത്രി എന്ന നിലയില്‍ ശോഭിച്ച ബാലന് പകരം കിട്ടിയത്. തലശ്ശേരി ബ്രണ്ണന്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്ന ബാലന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. 1980ല്‍ ഒറ്റപ്പാലത്തുനിന്ന് ലോക്‌സഭാംഗമായി. പാലക്കാട് ജില്ലാ കൗണ്‍സിലിന്റെ ആദ്യ പ്രസിഡന്റായിരുന്നു. മിച്ചഭൂമി സമരത്തില്‍ പങ്കെടുത്ത് 30 ദിവസം ജയിലില്‍ കിടന്നത് ചെറുപ്പത്തിലാണ്. എം.പി, എം.എല്‍.എ, മന്ത്രി എന്നീ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബാലന്‍ കെ.എസ്.എഫ്.ഇ ചെയര്‍മാനുമായിരുന്നു. സി.ഐ.ടി.യുവിന്റെ പാലക്കാട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഇദ്ദേഹം സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങളിലെത്തി. ഇനി അടുത്ത തവണ ആരെങ്കിലും പോളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിയുമെങ്കിലേ ബാലന് പ്രതീക്ഷയ്ക്ക് വകയുള്ളൂ. അടുത്ത തവണ, അതായത് മൂന്നുവര്‍ഷത്തിനുശേഷം പിബി അംഗമായാല്‍പോലും അപ്പോള്‍ 73 വയസ്സാവുന്ന ബാലന് ഏഴ് വര്‍ഷമേ തുടരാനാവൂ.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിലേക്കോ ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലേക്കോ?

മറ്റൊന്ന്, ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും തീരുമാനങ്ങളെടുക്കുന്ന പരമോന്നത വേദികളില്‍ വരുന്നതിനെതിരെ നിലയുറപ്പിച്ചിട്ടുള്ള വലിയൊരു വിഭാഗം എല്ലാ പാര്‍ട്ടികളിലുമുണ്ട്. സി.പി.എം ഉള്‍പ്പെടുന്ന ഇടതുകക്ഷികളില്‍ താരതമ്യേന കുറവാണെന്നു മാത്രം. ഇത്തവണ എസ്. ആര്‍.പി ഒഴിഞ്ഞിരുന്നെങ്കില്‍ ബാലന് സാധ്യത ഏറെയായിരുന്നു. ദളിത് രാഷ്ട്രീയം ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍, സി.പി.എമ്മിന്റെ ദളിത് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷനെന്ന നിലയില്‍ ഇത്തവണ കേന്ദ്രക്കമ്മിറ്റിയിലെത്തിയ കെ.രാധാകൃഷ്ണനെ അടുത്ത തവണ പരിഗണിച്ചാല്‍ പിബിയില്‍ രണ്ടു ദളിതര്‍ എന്ന വിപ്‌ളവം വലിയതോതില്‍ ശ്രദ്ധിക്കപ്പെടുമായിരുന്നു. അത് ഒഴിവാക്കുകയും ചിലരുടെ ലക്ഷ്യമായിരുന്നല്ലോ. ഒരു വെടിക്ക് എത്രയെത്ര പക്ഷികള്‍!

എ.വിജയരാഘവന്‍ ലോക്‌സഭയിലും പാര്‍ലമെന്റിലും ഒരുപോലെ ശോഭിച്ച നേതാവാണ്. പാര്‍ലമെന്റിന്റെ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ഉപനിയമനിര്‍മ്മാണ സമിതി അംഗം, ആഭ്യന്തരം – പ്രതിരോധം – ഗ്രാമീണ വികസനം- ഐടി – പെട്രോളിയം പ്രകൃതിവാതകം തുടങ്ങിയ വിവിധ വകുപ്പുകളുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം എന്ന നിലയിലുള്ള ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാസെക്രട്ടറി. പ്രീഡിഗ്രിക്കുശേഷം വക്കീല്‍ ഗുമസ്തപ്പണി ഉള്‍പ്പെടെചെയ്തു പഠിച്ച് ബിരുദത്തിന് റാങ്ക് നേടിയ പൊലിമ വിജയരാഘവനുണ്ട്. സി.പി.എമ്മിന്റെ ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പ്രാസംഗകരില്‍ ഒരാളാണ്. അക്കാര്യത്തിലും എസ്.ആര്‍.പിയുടെ നേര്‍ വിപരീതം!

സീസറുടെ ഭാര്യ സംശയാതീതമായിരിക്കണമെന്ന് ഷേക്‌സ്പിയര്‍ എഴുതിവച്ചത് മന്ത്രിമാര്‍ അഴിമതി കാട്ടുമ്പോള്‍ കോടതിവിധികളില്‍ ഉദ്ധരിക്കാന്‍ വേണ്ടി മാത്രമല്ല. തീരുമാനങ്ങള്‍ എടുക്കാം. അതിലെ ന്യായാന്യായങ്ങള്‍ പൊതുസമൂഹത്തിനെ ബോധ്യപ്പെടുത്താനും കഴിയണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും; അടിയല്ല അടവാണ്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍