UPDATES

വിശാഖ് ശങ്കര്‍

കാഴ്ചപ്പാട്

വിപരീതപഥങ്ങള്‍

വിശാഖ് ശങ്കര്‍

ട്രെന്‍ഡിങ്ങ്

ഹാദിയ കേസ് വഴി കേരള ഹൈക്കോടതി പറയുന്നതെന്ത്‌?

മൊത്തത്തിൽ ഇതൊക്കെ കാണുമ്പോൾ ഒന്നേ പറയാനുള്ളു; ആർക്കൊക്കെയോ വേണ്ടി തിളയ്ക്കുകയാണ് നമ്മുടെ ഭരണഘടനയുടെ ഓരോ തൂണുകളും.

ഹാദിയ കേസിലെ ഹൈക്കോടതി വിധി വിചിത്രങ്ങളിൽ വിചിത്രമായ ഒന്നാണ് എന്ന് കാണാതെ വയ്യ! വിവാഹത്തിൽ മാതാപിതാക്കളുടെ പങ്കാളിത്തമില്ലാത്തതു കൊണ്ട് അത് റദ്ദ് ആക്കുന്നുവത്രേ!

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാത്തതുകൊണ്ടാണ് ഈ അബദ്ധം പറ്റിയത് എന്നായിരുന്നു ഇതിനോടുള്ള ആദ്യപ്രതികരണങ്ങളിൽ പലതും. എന്നാൽ ഹാദിയയുടെ ഭർത്താവായ ഷെഫിൻ ജഹാനുമായി നാരദാ ന്യൂസ് നടത്തിയ ഒരു അഭിമുഖത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹമെന്ന് പറയുന്നുണ്ട് താനും. ഇനി അല്ലെങ്കിൽ തന്നെ മാതാപിതാക്കളില്ലാതെയും വിവാഹം നടത്താൻ മതമനുശാസിക്കുന്ന വേറെ വഴികളുണ്ട് എന്ന് ഇസ്ളാം വിവാഹനിയമങ്ങളെക്കുറിച്ച് ധാരണയുള്ള പലരും സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പിന്നെ എങ്ങനെ ഇത്തരം ഒരു വിധി?

“തുടർന്ന് എന്റെ മഹല്ലായ ചാത്തിനാംകുളം ജുമാ മസ്ജിദ് കമ്മിറ്റിയുമായി ബന്ധപ്പെടുകയും വിവാഹത്തിനുള്ള അനുമതി വാങ്ങുകയും ചെയ്തു. അങ്ങനെ ഹാദിയ താമസിക്കുന്നയിടത്തെ മഹല്ലായ കോട്ടയ്ക്കൽ പുത്തൂർ ജുമാ മസ്ജിദ് ഉൾപ്പെടുന്ന പള്ളികളുടെ ഖാളിയായ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളുടെ അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം പുത്തൂർ ജുമാ മസ്ജിദ് ഇമാം ഖാളിയായി 2016 ഡിസംബർ 19ന് ഹാദിയ താമസിച്ചിരുന്ന വീട്ടിൽവച്ച് നിക്കാഹ് നടക്കുകയും ചെയ്തു. സ്പെഷ്യൽ മാര്യേജ് ആക്ട്-2008 പ്രകാരമായിരുന്നു വിവാഹം.” (എന്റെ ഹാദിയ രാജ്യദ്രോഹിയോ തീവ്രവാദിയോ ആണോ? ഭർത്താവ് ഷെഫിൻ ജഹാൻ നാരദാ ന്യൂസുമായി സംസാരിക്കുന്നു)

പശ്ചാത്തലം
സാധാരണ ഗതിയിൽ പ്രായപൂർത്തിയായ ഒരാണും പെണ്ണും തമ്മിലുള്ള വിവാഹ കരാറിന്റെ സാധുത ഒരു കോടതിയുടെ പരിഗണയിലേക്ക് വരുന്നത് അതിൽ പങ്കാളിയായ രണ്ടുപേരിൽ ഒരാൾ അതിൽ നിന്ന് പിന്മാറുമ്പോഴാണ്. രണ്ടിൽ ഒരാൾ മരണപ്പെടുന്നതോടെ മറ്റേയാളിന്റെ കുടുംബം പ്രസ്തുത വിവാഹം സാധുവല്ല എന്ന വാദവുമായി മുന്നോട്ട് വരിക എന്ന സാധ്യതയുമുണ്ട്. മിക്കവാറും സ്വത്ത് തർക്കങ്ങളും മറ്റുമൊക്കെയാവും ഇതിന് പിന്നിൽ. എന്നാൽ ഹാദിയയും ഷെഫിൻ ജഹാനും ജീവനോടെയുണ്ട്, അവർക്ക് തങ്ങളുടെ വിവാഹ കരാറിന്റെ സാധുതയിൽ പരാതിയില്ല. അങ്ങനെയിരിക്കെ പ്രസ്തുത വിവാഹത്തിന്റെ സാധുത കോടതിയുടെ പരിഗണനാ വിഷയമാകുന്നത് എങ്ങനെ എന്നത് തന്നെ ഏറെ ദുരൂഹതകൾ ഉണ്ടാക്കുന്നുണ്ട്. മേല്പറഞ്ഞ അഭിമുഖത്തിൽ ഷെഫിൻ വെളിപ്പെടുത്തിയത് പ്രകാരം സംഗതിയുടെ ചുരുക്കം ഇതാണ്:-

“ഞങ്ങളുടെ വിവാഹത്തിൽ കോടതിക്ക് എന്തോ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. ഒരു തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നു എന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അതുപ്രകാരം ഹാദിയയെ കോടതി തടവിലാക്കി”.

വൈക്കം സ്വദേശിയായ അഖില എന്ന ഹിന്ദു പേൺകുട്ടി 2013-ൽ ഇസ്ളാം മതം സ്വീകരിച്ച് ഹാദിയയായി മാറുകയായിരുന്നു എന്നതാണ് കേസിന്റെ യഥാർത്ഥ പശ്ചാത്തലം എന്ന് ഇവിടെവച്ച് നമുക്ക് മനസിലാക്കാം. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് ഇതിനോട് എതിർപ്പുണ്ട്. എന്നാൽ പ്രായപുർത്തിയായ, സ്ഥിരബുദ്ധിയുള്ള ഒരു വ്യക്തി സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നത് നിയമ പ്രകാരം ഒരു കുറ്റകൃത്യമല്ല, അതുകൊണ്ട് തന്നെ കോടതിക്കും നിയമത്തിനും ഇവിടെ ഒന്നും ചെയ്യാനുമില്ല. അത്തരം ഒരു സാഹചര്യത്തിലാണ് മതം മാറ്റം നിർബന്ധിതമാണെന്നും അതിലൂടെ മകളെ ഒരു തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് ലക്ഷ്യമെന്നും ഒക്കെയുള്ള ആരോപണങ്ങൾ ഇവിടെ കൂട്ടിച്ചേർക്കപ്പെടുന്നത് എന്ന് വ്യക്തം.

സംഭവങ്ങളുടെ ഒരു സംക്ഷിപ്ത രൂപം
അഖില സേലത്തെ ശിവരാജാ ഹോമിയോ കോളേജിൽ ബിഎച്ച്എംഎസ് പഠിക്കുന്ന കാലം. ഹോസ്റ്റലിൽ അവൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ നിന്ന് ഇസ്ളാം മതത്തെക്കുറിച്ച് നേരിട്ടറിഞ്ഞതോടെ അവൾ ആ മതത്തിൽ ആകൃഷ്ടയാകുന്നു. അതേ കുറിച്ച് കൂടുതൽ അന്വേഷണ പഠനങ്ങൾക്ക് ശേഷം 2013-ൽ അഖില ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ളാം സ്വീകരിക്കുകയും ഹാദിയ എന്ന പുതിയ പേരു സ്വീകരിക്കുകയും ചെയ്യുന്നു. ഇവിടെനിന്നാണ് സംഭവ പരമ്പരയുടെ തുടക്കം.

മതം മാറിയ അവൾ താൻ തിരഞ്ഞെടുത്ത വിശ്വാസവുമായി വീട്ടിൽ കഴിയാനാവില്ല എന്ന് ഉറപ്പായതോടെ 2016-ൽ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് ഹാദിയയുടെ പിതാവ് നൽകുന്ന ആദ്യത്തെ ഹെബിയസ് കോർപ്പസ് ഹർജി. അതുപ്രകാരം അവൾ കോടതിയിൽ നേരിട്ട് ഹാജരാവുകയും സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറ്റമെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് കോടതി അവളെ ഇഷ്ടമുള്ളവർക്കൊപ്പം പോകാൻ അനുവദിക്കുന്നു. അങ്ങനെയാണ് ഹാദിയ കോട്ടയ്ക്കൽ പുത്തൂർ സ്വദേശിനിയായ ഒരു സൈനബയ്ക്കൊപ്പം പോകുന്നത്. എന്നാൽ കഥ അവിടെ കഴിയുന്നില്ല. മേല്പറഞ്ഞ കോടതിവിധി നിലനിൽക്കെ അതേ വർഷം തന്നെ  അഖില എന്ന ഹാദിയയുടെ പിതാവ് വീണ്ടും രണ്ടാമതൊരു ഹേബിയസ് കോർപ്പസ് ഹർജി കൂടി കൊടുക്കുകയാണ്. ഇക്കുറി അത് മകൾ മൂന്നുമാസത്തിനകം സിറിയയിലേയ്ക്ക് കടക്കാൻ പോകുന്നു എന്നാരോപിച്ചുകൊണ്ടായിരുന്നു. ഇതെത്തുടർന്നാണ് കേസിലേയ്ക്ക് തീവ്രവാദ ബന്ധം എന്ന ആങ്കിൾ കൂട്ടിച്ചേർക്കപ്പെടുന്നത്. സ്വന്തമായി പാസ്സ്പോർട്ടുപോലുമില്ലാത്ത താൻ എങ്ങനെ, എങ്ങോട്ട് കടക്കാനാണെന്ന വാദമൊന്നും ആദ്യം കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്ന് 36 ദിവസം നീണ്ട ജയിൽ വാസം. ഷെഫിന്റെ തന്നെ വാക്കുകളെടുത്താൽ ഒടുവിൽ,

“37-ആം ദിവസം കോടതിയിലേക്കു വരുന്ന ദിവസം ഹൈക്കോടതി ജഡ്ജിനും ഹാദിയ കത്തെഴുതി. താനൊരു ഇന്ത്യൻ പൗരയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിച്ച് അതുപ്രകാരം ജീവിച്ചുപോരുന്ന തന്നെ തടവിൽ വയ്ക്കരുതെന്നും കത്തിൽ അപേക്ഷിച്ചിരുന്നു. കത്ത് സ്വീകരിച്ച ജഡ്ജുമാരായ പിഎൻ രവീന്ദ്രൻ ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. താൻ ആരെയും തടവിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല എന്നു പറഞ്ഞായിരുന്നു ഈ ഉത്തരവ്.

അങ്ങനെ സ്വതന്ത്രയായ ഹാദിയ ‘വേ ടു നിക്കാഹ്’ എന്ന ഒരു മാട്രിമോണിയൽ പംക്തിയിൽ നൽകിയ വിവാഹ പരസ്യപ്രകാരം നിക്കാഹ് ആലോചിച്ച് വന്ന ഷെഫിൻ എന്ന യുവാവ് അവർക്ക് പരസ്പരം ഇഷ്ടമായതിൻ പ്രകാരം 2016 ഡിസംബർ 19ന് അവളെ നിക്കാഹുചെയ്യുന്നു. അടുത്ത ദിവസം തന്നെ പഞ്ചായത്ത് ഓഫീസിൽ പോയി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി രസീത് വാങ്ങാൻ നിൽക്കുമ്പോഴാണ് ഏറ്റവും പുതിയ സംഭവം നടക്കുന്നതും 156 ദിവസം നീണ്ട തടവിലേക്ക് ഹാദിയ പ്രവേശിക്കുന്നതും.

രണ്ട് സംഭവങ്ങൾ, കുറേ ആരോപണങ്ങൾ
ഇവിടെ രണ്ട് സംഭവങ്ങളും ബാക്കി കുറേ ആരോപണങ്ങളും ചേർത്ത് നിർമ്മിച്ചെടുത്തിട്ടുള്ളതാണ് കേസിന്റെ ഈ സങ്കീർണ്ണതകളെല്ലാം. സംഗതി ലളിതമാണ്. അഖില എന്ന പെൺകുട്ടി ഇസ്ളാം മതം സ്വീകരിച്ച് ഹാദിയയാകുന്നു. സംഭവം മതം മാറ്റം. ഹാദിയ നൽകിയ വിവാഹ പരസ്യം കണ്ട് മസ്കറ്റിൽ ജോലിചെയ്തു പോരുന്ന ഒരു മലയാളി യുവാവ് ഷെഫിൻ അവധിക്ക് വന്നപ്പോൾ അവളെ വന്ന് കാണുന്നു. പരസ്പരം ഇഷ്ടപ്പെട്ടതോടെ അവർ വിവാഹിതരാകുന്നു. സംഭവം രണ്ട്, വിവാഹം.

മകളുടെ മതം മാറ്റത്തിനോട് തന്നെ കടുത്ത എതിർപ്പുള്ള മാതാപിതാക്കൾക്ക് ഈ വിവാഹത്തോടും എതിർപ്പുണ്ടാകുന്നത് സ്വാഭാവികം. എന്നാൽ പ്രായപൂർത്തിയായ മകൾക്ക് സ്വന്തം ഇച്ഛയ്ക്കനുസരിച്ച് വിശ്വാസത്തെയും ജീവിത പങ്കാളിയേയും തിരഞ്ഞെടുക്കാൻ നിയമപ്രകാരം അവകാശമുണ്ട് എന്നതിനാൽ അവർക്ക് ഒന്നും ചെയ്യാനുമാവില്ല. നിയമപരമായ ആ നിസ്സഹായതയെ മറികടക്കാൻ അവർ കണ്ടെത്തിയ കുറുക്കുവഴികൾ എന്ന നിലയിൽ കുറേ ആരോപണങ്ങൾ: മതം മാറ്റം നിർബന്ധിതമാണ്, വിവാഹം നിർബന്ധിതമാണ്, ഇതിനെല്ലാം പിന്നിൽ ഒരു തീവ്രവാദ സംഘടനയാണ്. അതോടെ ചിത്രം മാറുന്നു. കോടതിക്ക് ഇടപെടാൻ ഒരു പഴുത് ലഭിക്കുന്നു. സമഗ്രമായ അന്വേഷണം അനിവാര്യമായി തീരുന്നു.

ഇത് വായിച്ചുവരുന്ന ചിലർക്കെങ്കിലും ഇവിടെയെത്തുമ്പോൾ തനി ഏകപക്ഷീയമായ വിശകലനം എന്ന ഒരു വിമർശനം ഉണ്ടാവാനിടയുണ്ട്. കാരണം ഹാദിയയുടെയും ഷെഫിന്റെയും വാക്കുകളെ ആധാരമാക്കുന്നതാണ് ഇതുവരെയുള്ള വാദങ്ങൾ ഒക്കെയും. സംഭവങ്ങളെക്കുറിച്ച് ഹാദിയയുടെ മാതാപിതാക്കൾക്ക് പറയാനുള്ളതെന്തെന്ന് അത് കേൾക്കുന്നില്ല. കോടതി വിധിയിലെ തന്നെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നില്ല, വിധിയെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു വാദവുമില്ല എന്നതൊക്കെ അതിന് കാരണമാകാം. എന്നാൽ മറുപടിയായി തിരിച്ച് ചില ചോദ്യങ്ങൾ അങ്ങോട്ടുമുണ്ട്.

മറുചോദ്യങ്ങൾ
ഇവിടെ പ്രധാനമായും മൂന്ന് ആരോപണങ്ങളാണ് ഉള്ളത്. ഒന്ന്, മതംമാറ്റം നിർബന്ധിതമാണ്. രണ്ട്, വിവാഹം പരസ്പര സമ്മതത്താലാണോ എന്നത് സംശയാസ്പദമാണ്. മൂന്ന്, ഒരു തീവ്രവാദ സംഘടനയിലേയ്ക്കുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നത്. മറുചോദ്യങ്ങൾ ഇവയാണ്. മതംമാറ്റം എന്ത് ലക്ഷ്യം വച്ച് നടക്കുന്നതുമാവട്ടെ, അത് നിർബന്ധിതമോ അല്ലയോ എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് ആരാണ്? ആ പ്രക്രിയയിലൂടെ കടന്നുപോയ ആളാണ്. ആ നിലയ്ക്ക് താൻ പരപ്രേരണയാലോ പ്രലോഭനത്തിന് വഴങ്ങിയോ അല്ല മതം മാറിയത് എന്ന ഹാദിയയുടെ ഉറപ്പിനല്ലാതെ ഈ വിഷയത്തിൽ അവളുടെ അച്ഛനമ്മമാരുടെയോ, മറ്റ് ആരുടെ തന്നെയുമോ വാക്കിന് എന്ത് പ്രസക്തി?

വിവാഹം, അത് എന്ത് ലക്ഷ്യം വച്ച് നടക്കുന്നതും ആവട്ടെ, ആ ലക്ഷ്യം നടപ്പിലാവുകയും അത് ഒരു കുറ്റകൃത്യമാണെന്ന് തെളിയുകയും ചെയ്യുമ്പോൾ ആ കുറ്റത്തിന് കേസെടുക്കാമെന്നല്ലാതെ പ്രായപൂർത്തിയായ, മനോരോഗം, മസ്തിഷ്ക വികാസവുമായി ബന്ധപ്പെട്ട ഭിന്നശേഷി ഉളവാക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയ സങ്കീർണ്ണതകൾ ഒന്നും ഇല്ലാത്തവരുമായ ആണിനും പെണ്ണിനും ഇടയിൽ നടന്ന ഒരു വിവാഹത്തിലെ പരസ്പര സമ്മതം അവരല്ലാതെ വേറേ ആരാണ് സാക്ഷ്യപ്പെടുത്തേണ്ടത്? ഉദാഹരണത്തിന് ഒരു പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നത് ചുവന്ന തെരുവിൽ കൊണ്ടുപോയി വിൽക്കുക എന്ന ഗൂഡോദ്ദേശത്തോടെ ആയിരുന്നു എന്ന് വയ്ക്കുക. അത് കുറ്റകരമാണ്. അതയാൾ ചെയ്താൽ അപ്പോൾ നിയമത്തിന് ഇടപെടാം. എന്നാൽ അയാൾ അത് ചെയ്തേക്കാം എന്ന സംശയത്തിൽ മാത്രം പരസ്പര സമ്മതത്താലാണ് വിവാഹം നടക്കുന്നത് എന്ന അയാളുടെയും വധുവിന്റെയും ബോധ്യത്തെ മറികടന്നുകൊണ്ട് ചെയ്ത വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കാൻ കോടതിക്ക് കഴിയുമോ?

അതായത് നിർബന്ധിത മതം മാറ്റം, നിർബന്ധിത വിവാഹം തുടങ്ങിയ വിഷയങ്ങളിൽ വിവാഹിതരായ വ്യക്തികൾ ജീവിച്ചിരിക്കുന്നിടത്തോളം വേറേ ആരുടെയും മറു ഭാഷ്യം കേൾക്കേണ്ടതില്ല. അവൻ ആള് ശരിയല്ല, ആ മതം കുഴപ്പമാണ് എന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ അവളെ ഉപദേശിക്കാം, തിരിച്ചും; ഉത്തരവിടാനാവില്ല. തിരഞ്ഞെടുപ്പ് ആത്യന്തികമായി വ്യക്തിയുടെ ഏജൻസിയുടെ പ്രശ്നമാണ്. ഭരണഘടനാദത്തമായ ആ പൗരാവകാശത്തിനുമേൽ കടന്നുകയറാൻ ഒരു കോടതിക്കും അവകാശമില്ല.

അടുത്തത് തീവ്രവാദ ആരോപണത്തിന്റെ മറുപടി. നിരോധിതമായ ഏതെങ്കിലും തീവ്രവാദസംഘടനയിൽ (നിരോധിതമല്ലാത്ത തീവ്രവാദ സംഘടനകൾ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്) ചേർന്ന് പ്രവർത്തിക്കുന്നതും അതിൽ ആളെ ചേർക്കുന്നതും കുറ്റകരം തന്നെ. എന്നുവച്ച് അതിലെ രണ്ട് പേർ പരസ്പര സമ്മത പ്രകാരം വിവാഹിതരായാൽ അത് മേല്പറഞ്ഞ കാരണം കൊണ്ട് അസാധുവാകുമോ? എന്തെങ്കിലും സാങ്കേതികതയെ മുൻ നിർത്തി ആകുമെന്നും പറയാം എന്നാണ് ഉത്തരമെങ്കിൽ അത് ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, അതിനെ തകർക്കുക ജീവിതലക്ഷ്യമായി കൊണ്ടുനടക്കുന്ന കുറ്റവാളികളുടെ പോലും മനുഷ്യാവകാശങ്ങൾ തത്വത്തിൽ അംഗീകരിക്കുന്ന നമ്മുടെ ഭരണ ഘടനയുടെയും നീതിവ്യവസ്ഥയുടെയും സത്തയ്ക്ക് വിരുദ്ധമല്ലേ എന്നതാണ് ആദ്യ ചോദ്യം.

കേസ് ഏത് വൈദ്യൻ കല്പിച്ചതായാലും വിധി രോഗി ഇച്ഛിച്ചതായല്ലോ…
മകളുടെ മതം മാറ്റവും അയാളെ സംബന്ധിച്ചിടത്തോളം അന്യമതത്തിൽനിന്നുള്ള അവളുടെ വിവാഹവും ഒക്കെ ചേർന്ന് രോഗാവസ്ഥയിലാക്കിയ ഒരു പിതാവിന്റെ മനോനിലയാണ് ഇവിടെ യഥാർത്ഥ പ്രശ്നം. അതിനെ മൂർച്ഛിപ്പിക്കുവാൻ മതേതരത്വം, മാനവികത, ലിബറൽ ജനാധിപത്യം തുടങ്ങിയ ആധുനിക മൂല്യങ്ങളെയൊന്നും അംഗീകരിക്കാത്ത കുറെ പോസ്റ്റ് മോഡേൺ ‘ഓൾട്ടര്‍നേറ്റ് ട്രൂത്ത്’ വൈദ്യന്മാരും. സാമാന്യ ബുദ്ധി എന്നത് യൂറോപ്യൻ ആധുനികതയുടെ ഉല്പന്നമാണെന്നും അതിൽ സത്യമൊന്നും ഇല്ലെന്നും നമ്മുടെ ഓൾട്ടർനേറ്റ് സത്യങ്ങളാണ് ഉദാത്തമെന്നും വാദിക്കുന്ന ആ പോ മോ വൈദ്യന്മാർ വഴി വന്ന സങ്കീർണ്ണതകൾ മറയാക്കിയാണ് ഒടുവിൽ രോഗി ഇച്ഛിച്ച മരുന്ന് തന്നെ വിധിക്കപ്പെട്ടിരിക്കുന്നതും.

വീണ്ടും ഷെഫിൻ ജഹാന്റെ തന്നെ വാക്കുകളെ ഉദ്ധരിച്ചാൽ, “ഞങ്ങളുടെ വിവാഹത്തിൽ കോടതിക്ക് എന്തോ അസ്വാഭാവികത തോന്നുന്നുണ്ടെന്നായിരുന്നു കോടതിയുടെ വാദം. ഒരു തീവ്രവാദ സംഘടനയിലേക്ക് ഹാദിയയെ റിക്രൂട്ട് നടത്താനൊരുങ്ങുന്നു എന്ന പരാതിയാണ് ലഭിച്ചിരിക്കുന്നതെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.”

എന്നുവച്ചാൽ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു എന്നതാണ് മുഖ്യ പ്രശ്നം. അതിനൊരു വഴിയായി വിവാഹം എന്നതിനാൽ അതും പരിഗണനാ പരിധിയിൽ വരുന്നു എന്ന് മാത്രം. തീവ്രവാദബന്ധം ഗൗരവകരമായ ഒരു ആരോപണമാണ്. അപ്പോൾ അന്വേഷണം വേണം. അതിനാൽ അവളെ തടവിലാക്കി. അത് ന്യായം എന്ന് വയ്ക്കുക. എന്നാൽ പ്രായപൂർത്തിയായ ഒരു സ്ത്രീ എന്ന നിലയിൽ ഹാദിയ കോടതിയിൽ ഹാജരായി താൻ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ വിവാഹത്തിന് തയ്യാറായത് എന്ന് മൊഴികൊടുത്തതോടെ അതുമായി ബന്ധപെട്ട തർക്കമെങ്കിലും അവസാനിക്കേണ്ടതല്ലേ? രണ്ട് പേർ തമ്മിലുള്ള ഒരു വിവാഹ കരാറിനെ അതിൽ ഒരാൾ അംഗീകരിക്കുകയും മറ്റേ ആൾ തള്ളിപ്പറയുകയും ചെയ്യുന്ന സാഹചര്യത്തിലല്ലേ പ്രസ്തുത കരാർ നിലനിൽക്കുന്നതാണോ എന്നൊക്കെ കോടതിക്ക് തലനാരിഴ കീറി പരിശോധിക്കേണ്ടതുള്ളൂ? ഇവിടെ അങ്ങനെ ഒന്നില്ല.

തീവ്രവാദ ബന്ധം എന്നത് ഗൗരവകരമായ ഒരു വിഷയമാണെന്ന് മുകളിൽ പറഞ്ഞു. അതിന്മേലുള്ള അന്വേഷണമാകട്ടെ ഹാദിയയുടെ പിതാവ് നൽകിയ രണ്ടാം ഹെബിയസ് കോർപ്പസ് ഹർജിയിലുണ്ട്. അതും അന്വേഷിച്ച ശേഷമായിരിക്കണമല്ലോ ജഡ്ജി പി എൻ രവീന്ദ്രൻ അവളെ സ്വതന്ത്രയാക്കിയത്. 156 ദിവസം അവളെ തടവിൽ പാർപ്പിച്ച് പിന്നെയും നടന്ന അന്വേഷണത്തിൽ നിന്ന്, വാദ പ്രതിവാദങ്ങളിൽനിന്ന് കോടതിയെത്തിയ നിഗമനമാകട്ടെ അവളുടെ വിവാഹം സാധുവല്ലെന്നതും! ഇവയൊക്കെ എറ്റവും പ്രത്യക്ഷമായ വമ്പൻ സൈദ്ധാന്തിക ഉൾക്കാഴ്ചയൊന്നും കൂടാതെ തന്നെ മനസിലാകേണ്ടുന്ന പ്രശ്നങ്ങളാണ്. പ്രയോഗ ക്രമത്തിൽ ആദ്യം വരേണ്ടുന്നവയും. എന്നാൽ അവയെ ഉപേക്ഷിച്ച് പുരോഗമന ചിന്തകർ പോലും ഇത്തരം വിഷയങ്ങളിൽ മുൻഗണന നൽകുന്നത് മതവിമർശനത്തിനും! ഒരു മതവും സ്വതന്ത്ര ചിന്തയെ പ്രോൽസാഹിപ്പിക്കുന്നില്ല, അതുകൊണ്ട് ഒരു മതത്തിലേക്കുള്ള പരിവർത്തനവും സ്വാതന്ത്ര്യത്തിലേക്കുള്ള പരിവർത്തനമാകുന്നില്ല എന്നൊക്കെയാണ് ഈ അന്തരാള ഘട്ടത്തിലും വാദങ്ങൾ. ഒന്ന് ഇരിക്കട്ടേ ചേട്ടാ, എങ്കിലല്ലേ കാലുനീട്ടാൻ പറ്റു…

മൊത്തത്തിൽ ഇതൊക്കെ കാണുമ്പോൾ ഒന്നേ പറയാനുള്ളു. ആർക്കൊക്കെയോ വേണ്ടി തിളയ്ക്കുകയാണ് നമ്മുടെ ഭരണഘടനയുടെ ഓരോ തൂണുകളും. തലക്കെട്ടിൽ ഒരു ചോദ്യമുണ്ട്. അതിന്റെ ഉത്തരം ഇതാണ്.

“ഇപ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഒടുക്കം വാങ്ങിവയ്ക്കുമ്പോൾ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും ആരും നോക്കാനില്ലാതെ എന്തൊക്കെയോ കിടന്ന് കരിഞ്ഞ് അടിക്കുപിടിച്ച ഒരു ചെമ്പ് പോലിരിക്കും!”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍