UPDATES

ട്രെന്‍ഡിങ്ങ്

14 ഭാര്യമാരുള്ള ഷാജഹാന്‍ മുംതാസിന്റെ ഭര്‍ത്താവിനെ കൊന്നോ? താജ്മഹലിനെതിരെ നാല് സംഘപരിവാര്‍ നുണകള്‍; വസ്തുതയെന്ത്?

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തി എന്ന ഒരൊറ്റ കാരണമാണ് നേരിട്ടുള്ള ഒരു ആക്രമണത്തിന് താജ്മഹൽ ഇത് വരെ വിധേയമാകാതിരുന്നത്

താജ്മഹല്‍ ഒരു ഖബറിടമാണെന്നും അതുകൊണ്ട് താജ്മഹലിന്റെ രൂപങ്ങള്‍ വീടുകളില്‍ സൂക്ഷിക്കരുതെന്നും പ്രസ്താവിച്ചത് ബി ജെ പി നേതാവും ഹരിയാന ആരോഗ്യ മന്ത്രിയുമായ അനിൽ വിജാണ്. സംഘപരിവാർ നേതാക്കൾ നിരന്തരം താജ്മഹലിനെതിരെ നടത്തുന്ന കുപ്രചരണങ്ങളുടെ ആന്റിക്ളൈമാക്സ് ആണ് കഴിഞ്ഞ ദിവസം ആഗ്രയിൽ അരങ്ങേറിയ സംഭവവികാസങ്ങൾ. സിദ്ധേശ്വർ ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്നാരോപിച്ച് വിഎച്ച്പി അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ താജ്മഹലിന്റെ കവാടം തകർക്കുകയായിരുന്നു.

താജ്മഹലിനും ഷാജഹാനും എതിരെ സംഘപരിവാർ കാലങ്ങളായി നടത്തുന്ന ചില നുണപ്രചാരണങ്ങൾ ഉണ്ട്. കവാടം ആക്രമിക്കപ്പെട്ട ശേഷം വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു കുറിപ്പിൽ പറയുന്നതിപ്രകാരമാണ്.

1. മുംതാസ് ഷാജഹാന്റെ ഏഴാമത്തെ ഭാര്യയാണ്, അദ്ദേഹത്തിന് 14 ഭാര്യമാർ ഉണ്ട്.
2. ഷാജഹാനാണ് മുംതാസിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത്.
3. മുംതാസിന്റെ മരണ ശേഷം ഷാജഹാൻ അവരുടെ സഹോദരിയെ വിവാഹം ചെയ്തു.
4. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രം ആയിരുന്നു.

ഓരോ വ്യാഖ്യാനങ്ങളും എടുത്തു പരിശോധിക്കാം.

1. മുംതാസ് ഷാജഹാന്റെ ഏഴാമത്തെ ഭാര്യയാണ്, അദ്ദേഹത്തിന് 14 ഭാര്യമാർ ഉണ്ട്?

1607ലാണ് ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ ഖുരാം എന്ന ഷാജഹാനും അർജുമാന്ദ് ബാനു ബീഗം എന്ന മുംതാസും തമ്മിലുള്ള വിവാഹ നിശ്ചയം നടക്കുന്നത്. അന്ന് ഷാജഹാന് പതിനഞ്ച് വയസ്സും അർജുമാന്ദ് ബീഗത്തിന്റെ പതിനാല് വയസ്സും ആയിരുന്നു പ്രായം. ഷാജഹാന്റെ പിതാവായ ജഹാംഗീര്‍ ചാക്രവര്‍ത്തിയുടെ ഭാര്യ നൂർ ജഹാന്റെ മുതിർന്ന സഹോദരനായ അബ്ദുൾഹസ്സന്റെ മക്കളായിരുന്നു അര്‍ജുമാന്ദ് ബീഗം. ഷാജഹാനും ഇവരും തമ്മില്‍ ഉള്ള ഔദ്യോഗിക വിവാഹം നടക്കുന്നത് 1612യില്‍ ആണ്. മുംതാസ് എന്ന പേര് നല്‍ക്കുന്നത് ഷാജഹാന്‍ തന്നെയാണ്. ഷാജഹാന്‍ മുംതാസിനെ കൂടാതെ രണ്ട് ഭാര്യമാര്‍ കൂടി ഉണ്ടായിരുന്നു (അക്ബരാബാദി മഹല്‍, കന്ധഹരി മഹല്‍) ഈ ബന്ധങ്ങൾ രാഷ്ട്രീയ ആവിശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു എന്നതിന് ചരിത്ര രേഖകൾ സാക്ഷിയാണ്. ഷാജഹാന്‍ 14 ഭാര്യമാർ ഉണ്ടായിരുന്നു എന്നത് പച്ചക്കള്ളം ആണ്.

2. ഷാജഹാനാണ് മുംതാസിന്റെ ഭർത്താവിനെ കൊലപ്പെടുത്തിയത്

മുംതാസ് ഒരേയൊരു വിവാഹമേ ചെയ്തിട്ടുള്ളു അത് ഷാജഹാനെയാണ്. ഷാജഹാന്‍റെ മറ്റൊരു വിശേഷണം ആയിരുന്നു ഖുറാം രാജകുമാരന്‍ എന്നത്. ചരിത്രത്തെ വളരെ വികലമായി സമീപിച്ച ഏതോ ഒരു മഹാൻ ഖുറാം രാജകുമാരൻ വേറെ ആളാണെന്നു തെറ്റിദ്ധരിക്കുകയോ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തതിന്റെ ഫലം ആണ് ഈ കള്ളക്കഥ. രജപുത്രന്മാരുടെ ഒരു ചരിത്ര സംഭവം ഷാജഹാനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാകാനും സാധ്യത ഉണ്ട്. നിർമാണവും, സംവിധാനവുമെല്ലാം സംഘപരിവാർ ആയതുകൊണ്ട്.

3. മുംതാസിന്റെ മരണ ശേഷം ഷാജഹാൻ അവരുടെ സഹോദരിയെ വിവാഹം ചെയ്തു.

കൊസാംബി മുതൽ ശ്രീധര മേനോൻ വരെ മുംതാസിന്റെ മരണ ശേഷം ഷാജഹാനെ വായിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണ്. മുംതാസിന്റെ മരണ ശേഷം ആകെ തളര്‍ന്നു പോയ ഷാജഹാന്‍ താജ്മഹലിന്റെ നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയും മറ്റ് രാജ്യഭരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു. ഈ സമയങ്ങളില്‍ ഒന്നും മുംതാസിന്റെ ഏതെങ്കിലും അനുജത്തിയേയും ഷാജഹാന്‍ വിവാഹം കഴിക്കയോ, അതിനു ശ്രമിക്കയോ ചെയ്തിട്ടില്ല. 1666 ജനുവരിയിൽ ഉദരരോഗത്താല്‍ മരിച്ച ഷാജഹാന്‍ താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ തന്നെയാണ് അടക്കപ്പെട്ടതും.

4. താജ്മഹല്‍ മുന്‍പ് ശിവക്ഷേത്രം ആയിരുന്നു

മറ്റൊരു ബാബറി മസ്ജിദ് തകര്‍ക്കലിനുള്ള റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി മാത്രമുള്ള പ്രചാരണമാണിത്. 1965 ല്‍ പുറത്തിറങ്ങിയ താജ്മഹല്‍ യഥാര്‍ത്ഥ കഥ (Tajmahal:True story) എന്ന പുസ്തകം എഴുതിയ പ്രൊഫസര്‍ പി എന്‍ ഓക്ക് ആണ് ഈ വാദഗതി മുന്നോട്ടു വക്കുന്നത്. താജ്മഹലിന്‍റെ പിന്‍ഭാഗത്തുള്ള വാതിലില്‍ നിന്ന് എടുത്ത ഒരു കഷണം കാര്‍ബണ്‍ ഡേറ്റിംഗിന് വിധേയമാക്കിയപ്പോള്‍ നിര്‍ണായക തെളിവ് ലഭിച്ചു എന്ന് അദ്ദേഹം വാദിക്കുന്നു. എന്നാൽ താജ്മഹൽ ശിവക്ഷേത്രമല്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ആഗ്ര ജില്ലാ കോടതിയിലാണ് താജ്മഹൽ ശിവക്ഷേത്രമല്ല, ശവകൂടിരമാണെന്ന സത്യവാങ്മൂലം ആർക്കിയോളജി വകുപ്പ് നൽകിയത്. 2015 നവംബറിൽ കേന്ദ്ര സാംസ്കാരിക വകുപ്പ് താജ്മഹൽ നിന്നിരുന്ന സ്ഥലത്ത് ശിവക്ഷേത്രമുള്ളതിന് തെളിവുകളില്ലെന്ന് ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ് അഭിഭാഷകർ താജ്മഹൽ ശിവക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഹരജി സമർപ്പിച്ചിരുന്നു. ഇൗ ഹരജിയിൽ കേന്ദ്രസർക്കാർ, സാംസ്കാരിക വകുപ്പ്, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ എന്നിവർക്ക് നോട്ടീസയച്ചു. ഇൗ നോട്ടീസിനാണ് ആർക്കിയോളജി വകുപ്പ് മറുപടി നൽകിയിരിക്കുന്നത്.

1920 ഡിസംബർ 22യിലെ ലെ ഉത്തരവ് പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്മെന്റ്റ് താജ്മഹൽ സംരക്ഷിത സ്മാരകമായി സംരക്ഷിക്കുകയാണ്. താജ്മഹൽ നിന്നിരുന്ന സ്ഥാനത്ത് ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന് വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു.

നുണകളുടെ ലോക സഞ്ചാരം തുടരുക തന്നെയാണ്. അത് ഫാഷിസത്തിന്റെ തന്ത്രവുമാണ്. 1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ്മഹലിനെ ഉൾപ്പെടുത്തി എന്ന ഒരൊറ്റ കാരണമാണ് നേരിട്ടുള്ള ഒരു ആക്രമണത്തിന് താജ്മഹൽ ഇത് വരെ വിധേയമാകാതിരുന്നത്. ഇപ്പോൾ ആ കടമ്പയും അവർ മറികടന്നിരിക്കുന്നു. വരാനിരിക്കുന്നത് ഇതുവരെ നട്ട നുണകളുടെ സഹായത്തോടെയുള്ള കൊയ്ത്തു കാലമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പൊളിഞ്ഞു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആർക്കുമറിയാത്ത ഒരു ശൂന്യതയുടെ പേരായിരിക്കും…

കണ്ണ് ചൂഴ്ന്നെടുക്കാന്‍ പോകുന്നവര്‍ക്ക് എന്തു കണ്ണുനീര്‍ത്തുള്ളി? താജിനെ വിടാതെ സംഘപരിവാര്‍

ഒരു രാജ്യദ്രോഹി ഇന്ത്യന്‍ സംസ്‌കാരത്തിന് മേല്‍ പടുത്തുയര്‍ത്തിയ കളങ്കമാണ് താജ്മഹല്‍: ബിജെപി എംഎല്‍എ

താജ് മഹലിന് ഞങ്ങളുടെ സല്യൂട്ട്: യുപിയെ ട്രോളി കേരളം

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍