UPDATES

മായ ലീല

കാഴ്ചപ്പാട്

Perpendicular To The System

മായ ലീല

വിപ്ലകാരികളായ അച്ഛനും ഭർത്താവുമുള്ള മലയാളി സ്ത്രീകളെ, നിങ്ങള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം താലിയും പർദ്ദയുമൊക്കെ തിരഞ്ഞെടുക്കാമെന്ന്!

അടിച്ചമർത്തുന്ന അലങ്കാരങ്ങളുടെ ഭാരം ഇസ്ളാം സ്ത്രീയ്ക്ക് മാത്രമാണെന്ന് കരുതണ്ട

മായ ലീല

എൻ്റെ ഭാര്യ/ മകൾ അവളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ് പർദ്ദ എന്ന് അഭിമാനത്തോടെ പറയുകയും ഒരു തരം കൈകഴുകൽ നടത്തുകയും ചെയ്യുന്ന അച്ഛൻ – ആങ്ങള – ഭർത്താക്കന്മാരിൽ എത്ര പേർ ഇതേ ഭാര്യയോ മകളോ ഒരു ബിക്കിനിയോ സ്ലീവ്ലെസ്സ് ഉടുപ്പുകളോ ചെറിയ പാവാടയോ ഷോർട്ട്സോ ഇട്ടാലും ഇത്ര നിഷ്കളങ്ക നിസ്സംഗത പ്രകടിപ്പിക്കും? അതുപോട്ടെ, ഇതേ കേരളത്തിൽ എത്ര പെൺകുട്ടികൾ അവരുടെ സ്വന്തം താത്പര്യപ്രകാരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്? കോളേജിൽ പഠിക്കുന്ന പെൺകുട്ടികളിൽ ഒരാൾ സ്പഗെറ്റി വള്ളികൾ ഉള്ള ഒരുടുപ്പ് ഇട്ടുകൊണ്ട് ചെങ്കൊടി പിടിച്ചു നിന്നാൽ ആ പോസ്റ്റർ ഇതുപോലെ എത്ര അച്ഛന്മാർ അഭിമാനത്തോടെ ഷെയർ ചെയ്യും? അതിനെ സപ്പോർട്ട് ചെയ്ത് എത്ര വിപ്ലവ പാർട്ടികളും സഖാക്കന്മാരും പരക്കം പായും? എന്ത് ചെയ്യാം എന്നതിൽ അല്ല തിരഞ്ഞെടുപ്പ് പ്രകടിപ്പിക്കേണ്ടത്, എന്ത് ചെയ്തുകൂടാ എന്നതിലാണ്. പർദ്ദ ഇട്ടാലും ഇട്ടില്ലെങ്കിലും കേരളത്തിലെ ഒരു സ്ത്രീക്ക് ചാട്ടവാറടിയോ കൊലക്കയറോ കിട്ടുകയില്ല എന്ന സ്വാതന്ത്ര്യത്തിന്റെ തണലിൽ ഇരുന്നുകൊണ്ട് എൻ്റെ തിരഞ്ഞെടുപ്പ് എന്ന് അലറുന്നതിൽ വലിയ കേമത്തരം ഒന്നുമില്ല. ഇതിട്ടില്ലെങ്കിൽ ജീവൻ തന്നെ പോകും എന്ന രീതിയിലുള്ള സമൂഹങ്ങൾ ഉണ്ട്, ജനാധിപത്യം എന്ന് കേട്ടുകേൾവി പോലും ഇല്ലാത്ത സമൂഹങ്ങൾ, അതിനകത്തുള്ള ഒരു ഇരുപതു വയസ്സുകാരിയോട് ചോദിക്കണം എന്താണ് നിന്റെ തിരഞ്ഞെടുപ്പ് എന്ന്. മുഖവും ദേഹവും മുഴുവൻ മൂടപ്പെട്ട് ഒരു തുണിക്കഷ്ണത്തിന്റെ ജനാല വാതിലിലൂടെ മാത്രം ലോകത്തെ ജീവിതകാലം മുഴുവൻ കാണേണ്ടി വരുന്ന ഒരു സ്ത്രീയോട് ചോദിക്കണം ഇതിലെ തിരഞ്ഞെടുപ്പ് എന്താണെന്ന്!

ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളാണ് ഒരു സമൂഹത്തെ നിയന്ത്രിക്കുന്നത്, വ്യക്തിഗതമായല്ലാതെ ഒരു സംഘടനയുടെ എന്ന തലത്തിൽ. മതം എന്ന സ്ഥാപനത്തിന് ഒരു നിലപാടുണ്ട് – സ്ത്രീ എന്നാൽ പുരുഷന്റെ ഉപയോഗത്തിനുള്ള വസ്തുവാണ്, അവൾ ഒരുവന്റെ മുതലായും സ്വകാര്യസ്വത്തായും അവനെ മാത്രം അനുസരിച്ചു കഴിയേണ്ടവളുമാണ്. ഇത് കേരളത്തിൽ പ്രാബല്യത്തിലുള്ള സകല മതങ്ങളുടേയും അടിസ്ഥാന നിലപാടാണ്. ‘പുരോഗമിച്ച’ മതങ്ങളും അതിപുരാതന മതങ്ങളും ഒക്കെ സ്ത്രീകളുടെ കാര്യത്തിൽ ഇതേ നിലപാടുള്ളവരാണ്. അല്ലായെന്ന് നിങ്ങൾക്ക് തോന്നുന്നു എങ്കിൽ നിങ്ങൾക്കാ മതത്തെ കുറിച്ചോ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ കുറിച്ചോ വലിയ ധാരണ ഇല്ലെന്നു കരുതണം. മതം നിഷ്കർഷിക്കുന്ന വേഷം, പെരുമാറ്റം, ഉത്തരവാദിത്തങ്ങൾ ഇതൊക്കെ സ്ത്രീക്കാണ് കൂടുതൽ; നിയന്ത്രിച്ചു കൂട്ടിലിട്ടു വളർത്തേണ്ട നായകൾ ആണല്ലോ വീട്ടിലെ സ്ത്രീകൾ. അതിരുവിടുന്ന സ്ത്രീ അപകടകാരിയാണ്, പുരുഷനെ അനുസരിക്കാത്ത സ്ത്രീ അവൻ്റെ അധികാരത്തെ ചോദ്യം ചെയ്യുകയും അതിനെ നിരസിക്കുകയും ചെയ്‌താൽ പിന്നെയീ ആറിഞ്ച് നീളത്തിന്റെ അഹങ്കാരത്തിന് സ്ഥാനമില്ലാതെ വന്നേക്കും. അച്ഛനും ആങ്ങളയും മതപുരോഹിതനും ദൈവവും അങ്ങനെ സകല ശ്രേണിയിലുമുള്ള പുരുഷന്മാർ അധികാരികളായി നിലനിൽക്കുന്നത് സ്ത്രീയുടെ അനുസരണയുടെ പടിയിൽ ചവിട്ടിയാണ്.

Shireen Said

തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടേണ്ടത് എന്ത് ചെയ്യാം എന്നതിലല്ല എന്ന് ഉറപ്പിക്കേണ്ട ആവശ്യം ഈ സാഹചര്യത്തിൽ പ്രധാനമാണ്. മാറുമറയ്ക്കാൻ സമരം ചെയ്യേണ്ടി വന്ന സ്ത്രീകൾ എന്നൊരു വിഭാഗമുണ്ട് കേരള ചരിത്രത്തിൽ. അന്നത് വിപ്ലവകരമായിരുന്നു, നിലനിന്നിരുന്ന, അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു വ്യവസ്ഥയ്ക്ക് എതിരെ ചെയ്തത്. പക്ഷേ എന്ത് ചെയ്യാൻ പാടില്ല എന്നതിന്റെ നിർവ്വചനം മാറുക മാത്രമാണ് അന്നുണ്ടായത്. ഇന്നൊരു സ്ത്രീയ്ക്ക് മാറ് മറയ്ക്കണ്ട എന്ന് തോന്നിയാൽ അവൾക്കത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ? അല്ലിപ്പോ, ഏതെങ്കിലും ഒരു സ്ത്രീക്ക് വിക്ടോറിയൻ സദാചാരത്തിൻ്റെ കാഞ്ചനക്കൂട്ടിൽ നിക്കുമ്പോ അങ്ങനെ തോന്നുമോ? ഹൌ! അചിന്തനീയം! സ്വന്തം വീട്ടിലെ സ്വന്തം മുറിക്കുള്ളിൽ മേലുടുപ്പും ബ്രായും ഇല്ലാതെ ഒന്നിരിക്കാൻ എത്ര സ്ത്രീകൾ ധൈര്യപ്പെടുന്നുണ്ട്? സ്വന്തം മനസ്സാക്ഷി സ്വായത്തമാക്കിയ അനുസരണയുടെ ഭയങ്ങളെ മറികടക്കാൻ ധൈര്യമുണ്ടോ സ്ത്രീക്ക്? മാറുമറയ്ക്കല്‍ സമരം നടന്നപ്പോൾ ഇന്ന കാര്യം ചെയ്യാം എന്നതിന്റെ കൂടെ മറ്റൊരു ചെയ്തുകൂടായ്മയും കടന്നുവന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമല്ല അത്, സമരസപ്പെടലിൻ്റെ ഗതികേടാണ്. മാറുമറയ്ക്കാനും മറയ്ക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം സ്ത്രീയുടേതാണ് എന്നായിരുന്നില്ല അതിലെ തിരഞ്ഞെടുപ്പ്.

ആണ്‍കൂട്ടങ്ങൾ കൂടിനിന്ന് ഹോയ് വിളിക്കുന്ന ഈ തിരഞ്ഞെടുപ്പുകൾ എല്ലാം അവർക്കും കൂടി ബോധിക്കുന്ന കാര്യങ്ങളാണ് എന്ന പ്രത്യേകതയുണ്ട്, ശ്രദ്ധിച്ചിട്ടുണ്ടോ? സ്ത്രീകൾ ജോലിക്ക് പോണം – ആഹ്! കൊള്ളാം കാശ് കിട്ടും, സ്ത്രീകൾ വാഹനങ്ങൾ ഓടിക്കണം – കൊള്ളാം കള്ളുകുടിച്ചു മറിഞ്ഞാലും വീട്ടിലെത്തിക്കാൻ ആളായി അങ്ങനെ ലളിതമായി പറഞ്ഞുതുടങ്ങാവുന്ന, എന്നാൽ അത്ര ലളിതമല്ലാത്ത പർദ്ദ തുടങ്ങിയ കാര്യങ്ങളിൽ വരെ, പുരുഷന് സൗകര്യപ്രദമായ, അവൻ്റെ ഉടമസ്ഥത ചോദ്യം ചെയ്യാത്ത, അവൻ്റെ ലൈംഗിക കളിപ്പാട്ടമായി വീട്ടിലെ സ്ത്രീയുടെ ശരീരത്തെ മറ്റൊരുവന് അന്യമാകുന്ന സകല ഫെമിനിസവും അവനിഷ്ടമാകും. സമൂഹം മുഴുവനായും നിന്ന് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നത് പോലെ കല്യാണത്തിന് സ്വർണ്ണത്തിൽ കുളിച്ചു വരുന്ന മണവാട്ടിമാരെ നോക്കി ‘അതവളുടെ ഇഷ്ടമല്ലേ’ എന്ന് നിഷ്കളങ്കത നടിക്കുന്ന, സമ്പാദ്യത്തിന്റെ മഞ്ഞളിച്ച കണ്ണുള്ള മണവാളന്മാരെ കണ്ടിട്ടില്ലേ, അതുപോലെ.

പർദ്ദയിട്ട് ചെങ്കൊടി പിടിക്കുന്നതിൽ വലിയ വിപ്ലവം ഒന്നുമില്ല. എന്നുമാത്രമല്ല ആഗോളതലത്തിൽ ‘ഹിജാബ് എന്നാൽ ലിംഗവിവേചനമാണ്’ എന്ന ബോർഡും പിടിച്ച് നഗ്നരായി നിന്നുകൊണ്ട് ഇസ്ലാമിനെതിരെ പ്രതിഷേധിക്കുന്ന Alia Elmahdy-യെ പോലുള്ള സ്ത്രീകൾ വധഭീഷണിയ്ക്ക് വരെ വിധേയരായി പാലായനം ചെയ്യുന്ന കാലമാണ്. ഇസ്‌ലാമോഫോബിയ എന്ന ഉമ്മാക്കിയെ ഭയന്ന് വീണ്ടും വീണ്ടും സ്ത്രീകളെ പിന്നോട്ടടിക്കുന്നതിൽ നിന്ന് ഇടതുപക്ഷം മാറി നിൽക്കണം എന്നും, മതഭ്രാന്തിന്റെ, അതിൻ്റെ പേരിലുള്ള ലിംഗവിവേചനത്തെ എതിർക്കണം എന്നും ശക്തമായി വാദിക്കുന്ന Maryam Namazie-യെ പോലുള്ള വിപ്ലവകാരികളും ഉള്ള കാലമാണ്. ആഭ്യന്തരമായി മതം നടത്തുന്ന അടിച്ചമർത്തലുകളും പുറത്തുനിന്ന് വരുന്ന സാമ്രാജ്യത്വ അടിച്ചമർത്തലുകളും ഒരുപോലെ എതിർക്കണമെന്ന ഉത്തരവാദിത്തം സ്ത്രീകളുടെ വിപ്ലവത്തിനുണ്ട് എന്ന് പറഞ്ഞ പാലസ്തീനിയൻ വിപ്ലവകാരിയായ Shireen Said ആയുധധാരിയായി നിലകൊള്ളുന്ന കാലമാണ്. ഇവരൊക്കെ ഇതേ മതത്തിന്റെ ഉള്ളിലുള്ള ആളുകളാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിലകൊള്ളുന്നവരാണ് Maryam-ഉം Shireen-ഉം ഒക്കെ.

Alia Elmahdy

പൊതുസ്ഥലങ്ങളിൽ സ്ത്രീയുടെ മുടി വെളിയിൽ കാണാതെ മൂടിയില്ലെങ്കിൽ പുരുഷന്മാർ സ്ഖലിച്ച് അത് തലയ്ക്കടിച്ചു മരിച്ചു വീഴുമെന്ന സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണ്, ഒരു ആചാരമായി സ്ത്രീയോട് അവളുടെ മുടിയും മുഖവും തൊലിപ്പുറവും മറച്ചു വയ്ക്കാൻ ഉടമസ്ഥനായ പുരുഷൻ ദൈവമെന്ന പുരുഷനെ കൂട്ടുപിടിച്ച് ആവശ്യപ്പെടുന്നത്. ഒരു നിബന്ധനയുടെയും നിർബന്ധത്തിന്റെയും ഭാഗമാണ് പർദ്ദ, സ്ത്രീയുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയുള്ളതല്ല. തലയിൽ പൊടിയടിക്കാതിരിക്കാൻ, വെയിലുകൊള്ളാതിരിക്കാൻ മാത്രം ഇതിട്ടിട്ട്, വേണ്ടാത്തപ്പോൾ ഊരിക്കളയാൻ പറ്റുന്ന വെറുമൊരു വസ്ത്രമല്ല പർദ്ദ. പർദ്ദയെ വസ്ത്രമാക്കി ലഘൂകരിക്കുന്നത് മതത്തിന് കാര്യങ്ങൾ എളുപ്പമാക്കലാണ്. സ്ത്രീ പുരുഷനുവേണ്ടിയാണ് പർദ്ദ ധരിക്കുന്നത്, അവിടെ തിരഞ്ഞെടുപ്പ് അനുസരണയുടേതാണ്. ‘എൻ്റെ മുഖം മറയ്ക്കാൻ ഞാൻ തീരുമാനിക്കുന്നു’ എന്ന് പറയുമ്പോൾ അത് മറച്ചില്ലെങ്കിൽ ആർക്കാണ് ബുദ്ധിമുട്ട് എന്നുള്ള ചോദ്യത്തിന് കൂടി ഉത്തരം ഉണ്ടാവണം. ‘എൻ്റെ തലമുടി മറയ്ക്കുന്നത് ഒരു ആചാരമായി കൊണ്ടുനടക്കുന്നത് എൻ്റെ തിരഞ്ഞെടുപ്പ് ആണെ’ന്ന് പറയുമ്പോൾ ആ തിരഞ്ഞെടുപ്പിന്റെ യുക്തിയും അതില്ലെങ്കിൽ എന്ത് സംഭവിക്കും എന്നതും ചോദ്യം ചെയ്യപ്പെടും.

സ്ത്രീ എന്തിടണം, എന്തിടണ്ട എന്നത് പുരുഷന്മാർക്കും ഭരണകൂടത്തിനും ഒക്കെ തീരുമാനിക്കാം എന്ന ധാരണയുടെ പുറത്ത് ഇത് വായിക്കരുത്. ഇടണം എന്ന് നിർബന്ധിക്കുന്ന മതവും ഇടണ്ട എന്ന് നിർബന്ധിക്കുന്ന മതേതര നിഷ്ക്കുകളും ഒരുപോലെ സ്ത്രീയോട് ആജ്ഞാപിക്കുകയാണ്. അതുകൊണ്ടും കൂടിയാണ് അതേ മതത്തിൽ തന്നെയുള്ള സ്ത്രീകളുടെ പ്രവർത്തനങ്ങളും രാഷ്ട്രീയവും അടിസ്ഥാനമാക്കി ഇതിൽ നിലപാടുകൾ എടുക്കണമെന്ന് അഭിപ്രായപ്പെടുന്നത്, പ്രത്യേകിച്ചും ഇടതുപക്ഷത്തെന്ന് വാദിക്കുന്നവർ.

അടിച്ചമർത്തുന്ന അലങ്കാരങ്ങളുടെ ഭാരം ഇസ്ളാം സ്ത്രീയ്ക്ക് മാത്രമാണെന്ന് കരുതണ്ട. വിപ്ലവ പ്രസ്ഥാനത്തിന്റെ ഏറ്റവും തലപ്പത്തുള്ള  ബ്രിന്ദാ കാരാട്ട് വട്ടപ്പൊട്ടിനും സാരിക്കും പകരം ഒരു ടാറ്റുവും ഒരു lip piercing-മായി സിപിഎമ്മിന്റെ സ്ത്രീപക്ഷവാദ ബാനർ മുഖമാകുമായിരുന്നോ ഇന്ത്യയിൽ എന്നൊരു ചോദ്യത്തെ ആരെങ്കിലുമൊക്കെ എപ്പൊഴെങ്കിലുമൊക്കെ ചോദിക്കുമോ? അടുത്തെങ്ങും വേണ്ട, സംഘപരിവാരം അഴിഞ്ഞാടി ഇതൊക്കെ കുട്ടിച്ചോറായി പിന്നെ ഉയർന്നു വരുന്ന സമൂഹത്തിന്റെ മൂല്യബോധത്തിൽ എങ്കിലും മതി. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയോട് സമരസപ്പെടുന്നത് ഒരിക്കലും വിപ്ലവകരമോ പുരോഗമനമോ അല്ല. അടിച്ചമർത്താൻ ഉപയോഗിക്കുന്ന ആയുധങ്ങളെ അലങ്കാരമാക്കി എടുത്തണിയുന്നത് ഒരു ആചാരവും ശീലവുമായി കൊണ്ട് നടക്കുന്നതിൽ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയമില്ല, അനുസരണയുടെ, ഭയത്തിന്റെ രാഷ്ട്രീയം മാത്രമേ ഉള്ളു.

Maryam Namazie

പർദ്ദ ഇട്ടാലും വേണ്ടില്ല അഞ്ചും ആറും വയസ്സുള്ള പിഞ്ചുകൾ എങ്ങനെയെങ്കിലും സ്‌കൂളിൽ എത്തിയാൽ മതിയെന്ന് പറയുമ്പോൾ ഒരു വിഭാഗത്തിലെ മുഴുവൻ സ്ത്രീകളുടേയും അവസ്ഥയെ അതുപോലെ നിലനിർത്താൻ വേണ്ടി തൊണ്ടപൊട്ടിക്കുക കൂടിയാണ് ചെയ്യുന്നത്. സ്‌കൂളിൽ എത്തി പത്തുവരെ പർദ്ദയുടെ ഉള്ളിലിരുന്ന് ബയോളജിയും കണക്കും പഠിക്കുന്ന ഈ സ്ത്രീകൾ എങ്ങോട്ട് എത്തിപ്പെടുന്നു എന്ന യാഥാർഥ്യം പാടെ നിരസിച്ചുകൊണ്ടുള്ള, പർദ്ദയിലെ സ്ത്രീയുടെ വിധേയത്വത്തെ രഹസ്യമായി ആസ്വദിക്കുന്ന നിലപാടാണത്. യാതൊരു സ്വാതന്ത്ര്യവും ഇല്ലാതെ, പഠിക്കുന്ന വിഷയങ്ങളിൽ റാങ്ക് വാങ്ങി ഒരു യുക്തിയും രാഷ്ട്രീയവും നിലപാടും ജീവിതത്തിൽ സ്വീകരിക്കാൻ കഴിയാതെ രണ്ടും മൂന്നും പെറുന്ന വെറും പെണ്ണായി മാത്രമാണ് ഇന്നും ജാതി, മതഭേദമന്യേ ഒട്ടനവധി സ്ത്രീകളുള്ളത്. വിദ്യാഭ്യാസം കൊണ്ട് മാത്രം ലിംഗനീതി നടപ്പാക്കപ്പെടുന്നില്ല, സമൂഹത്തിൽ. പൊതുസ്ഥലങ്ങളിൽ നിന്നും ആർത്തവത്തിന്റെ പേരിൽ മാറ്റി നിർത്തുന്ന സ്ത്രീകളും അതനുസരിക്കുന്ന വിനീതവിധേയകളും ഡോക്ടറേറ്റ് ഡിഗ്രി വരെ ഉള്ളവരായതുകൊണ്ടു കാര്യമുണ്ടോ?

മറ്റു സകല കാര്യങ്ങളിലും തീപ്പൊരി അഭിപ്രായങ്ങളുള്ള പുരോഗമന മലയാളി സ്ത്രീ, ഒരു മതാചാരത്തിൻ്റെ ഭാഗമായി തലയിൽ തട്ടമിട്ടു നടക്കേണ്ടി വരുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ?

മറ്റു വിധത്തിൽ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ ഒരു പ്രിവിലേജിൽ ജീവിച്ചുകൊണ്ട് ഹാ, ഹാ ഇസ്ളാം എന്നും, സ്വർഗ്ഗസുന്ദര പർദ്ദധാരികൾ എന്നും, നിച്ചും മേണം പർദ്ദ എന്നുമൊക്കെ അടിച്ചമർത്താനും കൊല്ലാനും ഒരായുസ്സ് മുഴുവൻ മുഖംമൂടികളിൽ തൊലയാനും വേണ്ടി സ്ത്രീക്ക് നേരേ  ഉപയോഗിക്കുന്ന ഒരായുധത്തെ നിസ്സാരവത്കരിച്ച്, കാല്പനികതയിൽ പുതപ്പിച്ച് കടത്താൻ ശ്രമിക്കുന്നവരും, സ്ത്രീയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന് മഹത്വവത്കരിക്കുന്നവരും ഇടതുരാഷ്ട്രീയത്തെ മറന്ന് ഇസ്‌ലാമിസം പ്രചരിപ്പിക്കുന്ന മതസംഘടനകളുടെ കുഴലൂത്തുകാരാണ്.

ഹിന്ദു സ്ത്രീയുടെ ചങ്ങലയ്ക്ക് ബഹുജനസമ്മിതിയും ഇസ്‌ലാം സ്ത്രീയുടെ ചങ്ങലയ്ക്ക് പൊതുജനവിയോജിപ്പും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ ഭൂരിപക്ഷശീലങ്ങളിൽ അഭിരമിക്കുന്നവർ ആയതുകൊണ്ട് മാത്രമുള്ളതാണ്. രണ്ടിലും സ്ത്രീക്ക് വലിയ റോളൊന്നും ഇല്ല, ഒരു തിരഞ്ഞെടുപ്പും ഇല്ല. വിപ്ലവകാരി ഭർത്താവിന്റെ ഭാര്യ ‘അവളുടെ ഇഷ്ട’ത്തിന് അനുസരിച്ച് ജീവിക്കുന്നു എന്ന തട്ടിപ്പു വാദം, ‘ചേട്ടാ ഞാനെന്റെ കൂട്ടുകാരന്റെ വീട്ടിൽ പോവുകയാണ്, അവിടെ തങ്ങിയിട്ടു നാളെയെ വരൂ’ എന്ന് പറഞ്ഞാൽ കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പുരോഗമനം ചീറ്റിപ്പോകുന്നതും മഴക്കാറുമൂടുന്നപോലെ സെക്ഷ്വല്‍ ജെലസി വന്നിരുളുന്നതും കാണാം. ‘പേടിക്കണ്ട, ഞാൻ സ്വന്തമായി തിരഞ്ഞെടുത്ത പർദ്ദ ഇട്ടാണ് പോകുന്നത്’ എന്ന് പറഞ്ഞാലോ, ‘ഞാൻ സ്വന്തമായി തിരഞ്ഞെടുത്ത താലിയും സിന്ദൂരവും പേരിന്റെ പിന്നിലുള്ള ചേട്ടന്റെ പേരും കൂടെ കൊണ്ടുപോകുന്നുണ്ട്’ എന്ന് പറഞ്ഞാലോ ചേട്ടന്റെ പുരോഗമനം ഇളക്കം തട്ടാതെ നിലനിൽക്കുമോ?

വിപ്ലകാരികളായ അച്ഛനും ഭർത്താവുമുള്ള മലയാളി സ്ത്രീകൾ എത്ര ഭാഗ്യവതികൾ, അവർക്ക് മുണ്ടും നേര്യതും പൊട്ടും താലിയും പർദ്ദയും ഒക്കെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം, വീട്ടിൽ നിന്നൊരു എതിർപ്പും ഇല്ലാതെ!  കേരളമേ നിങ്ങളെത്ര പുരോഗമിച്ചു!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍