UPDATES

അവര്‍ തിരിച്ചു പോവുകയാണ്; ഫ്രാങ്കോയുടെ അറസ്റ്റില്‍ തീരുമോ ഈ ‘ചരിത്ര വനിത’കള്‍ക്കുള്ള പിന്തുണ?

കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കും മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കുമെതിരേയുള്ളതാണെന്ന തെറ്റിദ്ധാരണ പടര്‍ത്തിയ സഭാമേലാളന്മാരെപോലെ, ഈ സമരം സര്‍ക്കാരിനെതിരെ ഉള്ളതാണെന്ന പ്രചാരണം നടത്താന്‍ മറ്റു ചിലര്‍ക്കും കഴിഞ്ഞിട്ടുണ്ട്

മിഷണറീസ് ഓഫ് ജീസസ് എന്ന കോണ്‍ഗ്രിഗേഷനിലെ അംഗമായ കന്യാസ്ത്രീയെ പ്രസ്തുതസഭയുടെ അധിപനും ജലന്ധര്‍ ബിഷപ്പുമായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗിക ചൂഷണം ചെയ്‌തെന്ന പരാതിയില്‍ 88 ദിവസത്തിനുശേഷമാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്.  സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഢനത്തിരയായ കന്യാസ്ത്രീയുടെ പരാതിയും മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്ന വിശേഷണവുമായി മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നതായിരുന്നു അവരുടെ ആവശ്യം. കേരളത്തിന്റെ പൊതുമണ്ഡലത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ പിന്തുണയുമായി എത്തിയതോടെ കന്യാസ്ത്രീകളുടെ സമരം അന്താരാഷ്‌ട്ര തലത്തില്‍ വരെ ചര്‍ച്ചയായി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെയും, അതേസമയം സഭയ്ക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടും സര്‍ക്കാരിന്റെ പരിഗണന ലഭിക്കാതെയുമാണ് മുന്നേറിയത്. ദിവസങ്ങള്‍ കഴിയും തോറും പൊതുജന പങ്കാളിത്തത്തോടെ സമരം ശക്തമായി വന്നു. കന്യാസ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള സമരവേദിയില്‍ നിരാഹാര സത്യഗ്രഹങ്ങള്‍ നടന്നു. ഒടുവില്‍ ഫ്രാങ്കോയ്‌ക്കെതിരേ ഒന്നൊന്നായി നടപടികള്‍ ഉണ്ടായി തുടങ്ങി. ജലന്ധര്‍ ബിഷപ്പിന്റെ അധികാരങ്ങളില്‍ നിന്നും നീക്കിയതിനു പിന്നാലെ ശക്തി ക്ഷയിച്ചു തുടങ്ങിയ ഫ്രാങ്കോ കേരളത്തില്‍ എത്തി പൊലീസിന്റെ ചോദ്യം ചെയ്യലിന് വിധേയനാകാമെന്ന് അറിയിക്കുകയും ഇതേ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്ത് എത്തിയ ഫ്രാങ്കോയെ ബുധനാഴ്ച മുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയും ചെയ്തു. ചോദ്യം ചെയ്യല്‍ നടപടിയുടെ മൂന്നാം ദിവസമായ വെള്ളിയാഴ്ച പൊലീസ് ഫ്രോങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെ കന്യാസ്ത്രീമാരുടെ സമരം അവസാനിച്ചു. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റ് തങ്ങളെ സന്തോഷിപ്പിക്കുമ്പോഴും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സംതൃപ്തരല്ലെന്നാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ഒരു ദിവസത്തേക്ക് അറസ്റ്റ് ചെയ്ത് എല്ലാവിധ വിഐപി പരിഗണനയും നല്‍കി പിറ്റേ ദിവസം ജാമ്യം നല്‍കി പുറത്തു വിട്ടാല്‍ തങ്ങള്‍ക്ക് എങ്ങനെ നീതി കിട്ടിയെന്ന് പറയാനാകുമെന്നാണ് കന്യാസ്ത്രീകളുടെ ചോദ്യം. ഈ ചോദ്യത്തിന് ഉത്തരം വരും ദിവസങ്ങളിലാണ് കിട്ടുന്നത്. പക്ഷേ, അതിലും വലിയ ഒരു ചോദ്യം ഫ്രാങ്കോയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സൂചനകള്‍ വന്നപ്പോഴേ സമര പന്തലില്‍ ആഹ്ലാദപ്രകടനവും മുദ്രാവാക്യങ്ങളും മുഴക്കിയവരോടും, നഗരം ചുറ്റി പ്രദക്ഷിണം നടത്തിയവരോടുമായിട്ടുണ്ട്. ഈ സമരം അവസാനിക്കുന്നതോടെ ഈ അഞ്ച് കന്യാസ്ത്രീകള്‍ക്കും ഇത്രയും ദിവസം നല്‍കി വന്ന പിന്തുണയും അവസാനിപ്പിക്കുമോ? ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതോടെ ഇനി അവര്‍ക്ക് പിന്തുണ വേണ്ടതില്ലെന്നും ബാക്കിയെല്ലാം നിയമത്തിന്റെ വഴിയില്‍ നടന്നോളും എന്നു കരുതുമോ?

കന്യാസ്ത്രികള്‍ നടത്തി വന്ന സമരത്തില്‍ പിന്തുണയേകിയത് വിവിധ സംഘടനകളാണ്, സഭയില്‍ നിന്നു തന്നെയുള്ള പുരോഹിതരും കന്യാസ്ത്രീകളുമുണ്ട്. അല്‍മായരും അല്‍മായ സംഘടനകളുമുണ്ട്. ചില രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. വിവിധ മതസംഘടനകളുണ്ട്, സാംസ്‌കാരിക-സാമൂഹിക സംഘടനകളുണ്ട്, വ്യക്തിത്വങ്ങളുണ്ട്, സാധാരണക്കാരുണ്ട്. ഇവരൊക്കെ ഫ്രാങ്കോയുടെ അറസ്റ്റ് നടന്നതോടെ കൂട്ടം പിരിഞ്ഞുപോകുമ്പോള്‍ ആ കന്യാസ്ത്രീമാരുടെ ഇനിയുള്ള വഴികളെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടാകുമോ? ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയതില്‍ നീതി പൂര്‍ത്തിയാകുന്നില്ല. കേസ് കോടതിയില്‍ വരുമ്പോള്‍ പ്രതിക്കു വേണ്ടി ഹാജരാകാന്‍ വരുന്നത് ഏറ്റവും സാമര്‍ത്ഥ്യക്കാരനായ അഭിഭാഷകന്‍ ആയിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ആ സാമര്‍ത്ഥ്യക്കാരനെ നേരിടാന്‍ ശക്തനായ ഒരു പ്രോസിക്യൂഷന്‍ വക്കീല്‍ ഇരയ്ക്ക് കിട്ടുമോ? പീഡനവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ അടക്കം നിര്‍ണായകമാകുമ്പോള്‍, കേസിന്റെ വഴികളില്‍ പ്രതി രക്ഷപ്പെടാന്‍ ഉപയോഗിക്കാവുന്ന പഴുതകളെല്ലാം അടച്ചുകൊണ്ടുള്ള കേസ് ഡയറിയും കോടതി വിസ്താരവും ഇരയ്ക്ക് അനുകൂലമായി ഉണ്ടാകുമോ? ചുരുക്കി ചോദിച്ചാല്‍ കോടതിയില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രിക്കും അവര്‍ക്കൊപ്പം നിന്ന കന്യാസ്ത്രീകള്‍ക്കും പിന്തുണയുമായി, നിയമസഹായമടക്കം, സമരപന്തലില്‍ കൂടിയവരൊക്കെ അപ്പോഴും ഉണ്ടാകുമോ?

Also Read: അരമനയിലെ ഈ ലൈംഗിക പീഡകനെ അറസ്റ്റ് ചെയ്യാന്‍ എണ്‍പത്തിഏഴു ദിവസം വേണ്ടി വന്നു; കന്യാസ്ത്രീ ബലാല്‍സംഗക്കേസ് നാള്‍ വഴികളിലൂടെ

ബിഷപ്പിനെ അറസ്റ്റ് ചെയ്ത അതേ രാത്രിയില്‍ തന്നെയാണ് സങ്കടകരമായ സാഹചര്യമെന്ന് വിലപിച്ച് ഫ്രാങ്കോയെ പിന്തുണച്ച് സഭാ നേതൃത്വം രംഗത്തു വന്നത്. സഭ ഈ വിഷയത്തില്‍ തുടക്കം മുതല്‍ സ്വകരിച്ച നിലപാടുകളുടെ തുടര്‍ച്ചയായിരുന്നു പുതിയ പ്രസ്താവന. ബിഷപ്പിനെതിരേയുള്ള സമരം കത്തോലിക്ക സഭയ്‌ക്കെതിരേയുള്ള ഗൂഢാലോചന എന്നായിരുന്നു കേരള കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ എന്ന കെസിബിസി പ്രസ്താവന ഇറക്കിയത്. അതായത് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ ആരുടെയൊക്കെയോ (യുക്തിവാദികളുടെ അടക്കം) പിന്തുണയോടെ കത്തോലിക്ക സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന്. മിഷണറീസ് ഓഫ് ജീസസിലെ മദര്‍ സുപ്പീരിയര്‍ പീഡനത്തിരയായ കന്യാസ്ത്രീയുടെ പരാതി തീര്‍ത്തും അവഗണിച്ചെന്നു മാത്രമല്ല, തന്റെ കൂട്ടത്തില്‍പ്പെട്ടവര്‍ നീതിക്കു വേണ്ടി തെരുവില്‍ സമരം ചെയ്യുമ്പോള്‍, അവര്‍ ആര്‍ക്കെതിരേയാണോ നീതി തേടി സമരം ചെയ്തത് അതേ വ്യക്തിയോടൊപ്പം കേക്ക് മുറിച്ച് ആഘോഷം നടത്തുകയും ചെയ്തു. കന്യാസ്ത്രീയുടെ പരാതിയില്‍ ആദ്യം ഒപ്പം നിന്ന ഇടവക വികാരിയും കന്യാസ്ത്രീയെ മോശക്കാരിയാക്കി പ്രതിക്കൊപ്പം കൂട്ടുചേര്‍ന്നതും കേരളം കണ്ടതാണ്.

ഫ്രാങ്കോ നിരപരാധിയും പരാതിക്കാരിയും അവരെ പിന്തുണയ്ക്കുന്നവരും ക്രിസ്ത്യാനികളുടെ ശത്രുക്കളുമെന്ന നിലപാടില്‍ എത്രയെത്ര ആരോപണങ്ങളുമായാണ് സഭ നേതൃത്വവും വലിയൊരു വിഭാഗം അല്‍മായരും കന്യാസ്ത്രീകളുടെ സമരത്തെ ദുര്‍ബലപ്പെടുത്താന്‍ രംഗത്ത് വന്നത്. അതിലെ ‘വലിയ’ അല്‍മായനായ പി.സി ജോര്‍ജ് എംഎല്‍എയുടെ വാക്കുകള്‍ ‘പ്രബുദ്ധ കേരളം’ മുഴുവന്‍ കേട്ടതാണല്ലോ. സഭയെ രക്ഷിക്കാന്‍, ഫ്രാങ്കോ നിരപരാധിയും ഇരയാക്കപ്പെടുന്നവനുമാണെന്ന് ഉറപ്പിക്കാന്‍ വാര്‍ത്ത സമ്മേളനം നടത്തി പരാതിക്കാരിയായ കന്യാസ്ത്രീയെ വേശ്യയെന്നും കൂടെ നിന്നവരെ ഒറ്റുകാരെന്നും വിളിച്ച് ആക്ഷേപിക്കുകയായിരുന്നു ജോര്‍ജ്. സമരം നടക്കുന്ന പന്തലില്‍ വന്നുപോലും ഒറ്റയ്ക്കും കൂട്ടമായും ഈ സമരം കത്തോലിക്ക സഭയ്‌ക്കെതിരായ സമരമാണെന്ന പേരില്‍ പ്രതിഷേധമുയര്‍ത്തിപ്പോയവരുണ്ട്. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളോ യുവജന-വനിത-വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരോ ആരും തന്നെ ഈ സമരത്തെ പിന്തുണച്ചില്ല എന്നതും കേരളം കണ്ടതാണ്. പിന്തുണകളും ഐക്യദാര്‍ഢ്യപ്പെടലുകളും ഉണ്ടായപ്പോള്‍ തന്നെയാണ് അതിശക്തമായ രീതിയില്‍ ഈ കന്യാസ്ത്രികള്‍ക്കെതിരേ എതിര്‍പ്പുകളും ഉയര്‍ന്നത്. അതിനിയും ഉയര്‍ന്നുകൊണ്ടേയിരിക്കും:  (ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്)

കേസില്‍ ഫ്രാങ്കോ ശിക്ഷിക്കപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യുമായിരിക്കും. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ അത് സുപ്രീം കോടതി വരെയൊക്കെ എത്തിയശേഷമേ ഉണ്ടാകാനും സാധ്യതയുള്ളു. ഈ കാലയളവില്‍ പോരാട്ടം നടത്തിയ കന്യാസ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും? വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സഭയ്ക്കുള്ളില്‍ നിന്നും ഈ കന്യാസ്ത്രീകള്‍ക്കു വേണ്ടി ശബ്ദിച്ചിട്ടുള്ളൂ. ബഹുഭൂരിപക്ഷവും, മേധാവികള്‍ ഉള്‍പ്പെടെ സഭയേയും ക്രിസ്തുവിനെയും തെരുവില്‍ ഒറ്റുകൊടുത്തവരും നാണം കെടുത്തിയവരുമായിട്ടാണ് ഈ കന്യാസ്ത്രീകളെ വിധിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്കെതിരേ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്ന് ഒരുറപ്പും പറയാന്‍ കഴിയില്ല. ഈ സമര കാലത്തില്‍ അത്തരമൊരു നടപടികളൊന്നും വരാതിരുന്നതില്‍ അത്ഭുതമില്ല. അത്ര ബുദ്ധിയില്ലാത്തവരല്ല അവിടെയുള്ളത്. ഈ സമര കാലത്തുപോലും ഏറെ പേര്‍ പറഞ്ഞുകേട്ടൊരു പ്രയോഗമുണ്ട്, കന്യാസ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവര്‍ പറഞ്ഞല്ലാതെ അതിനകത്ത് കയറി അന്വേഷിച്ചറിയാന്‍ പുറത്തുള്ളൊരാള്‍ക്കും കഴിയില്ലെന്ന്. അതാണ് വാസ്തവം. സഭാ ചട്ടക്കൂടിലെ ഏറ്റവും ദുര്‍ബല വിഭാഗമായ കന്യാസ്ത്രീകള്‍ എത്രമാത്രം അവകാശലംഘനങ്ങള്‍ക്കാണ് ഇരകളായി ഒതുങ്ങിക്കൂടുന്നതെന്ന് പുറത്തുള്ള ഒരാള്‍ക്കും അറിയാന്‍ കഴിയില്ല, കഴിഞ്ഞാല്‍ തന്നെ ഒന്നും ചെയ്യാനും പറ്റില്ല.

1993-ല്‍ സ്ഥാപിതമായ മിഷണറീസ് ഓഫ് ജീസസിന് വരുമാന മാര്‍ഗങ്ങളായ സ്ഥാപനങ്ങളൊന്നുമില്ല. രൂപത കൊടുക്കുന്ന തുച്ഛമായ മാസവരുമാനമാണ് കന്യാസ്ത്രീകളുടെ ജീവിത മാര്‍ഗ്ഗം. ജലന്ധറിനു പുറത്ത് കേരളത്തില്‍ മൂന്നു മഠങ്ങള്‍ മാത്രമാണ് ഉള്ളത്. ഇതിലാകെക്കൂടി എണ്‍പത് കന്യാസ്ത്രീകള്‍. ഇവരുടെയെല്ലാം അധിപനായിരുന്നു ഫ്രാങ്കോ (ജലന്ധര്‍ ബിഷപ്പ് എന്ന നിലയില്‍). ഫ്രാങ്കോ മാറി ആര് ആ സ്ഥാനത്ത് വന്നാലും ഈ കന്യാസ്ത്രീമാരുടെയെല്ലാം നിയന്ത്രിതാവ് ജലന്ധര്‍ ബിഷപ്പ് എന്ന ആ ആണ്‍ അധികാരി തന്നെയാണ്. ബിഷപ്പ് വിചാരിച്ചാല്‍, അദ്ദേഹത്തെക്കൊണ്ട് വിചാരിപ്പിച്ചാല്‍ ഈ കന്യാസ്ത്രീമാര്‍ക്ക് എന്ത് ശിക്ഷ വേണമെങ്കിലും നല്‍കാം. പട്ടിണിക്കിട്ട് പൂട്ടാം, ട്രാന്‍സ്ഫര്‍ ചെയ്യിക്കാം, കുപ്പായം അഴിപ്പിച്ച് സഭയില്‍ നിന്നും പുറത്താക്കണമെങ്കില്‍ അതുമാകാം. ഒരു രോഗം വന്നാല്‍ ചികിത്സപോലും നിഷേധിക്കാം. ഇതൊന്നും ഊഹങ്ങളല്ല, സംഭവിച്ചിട്ടുള്ള കാര്യങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തലുകളുണ്ട്: (‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍) കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു കൊല്ലുമോ എന്നു പോലും ഭയമുണ്ടെന്നാണ് സമരം ചെയ്യുന്ന കന്യാസ്ത്രീമാരിലൊരാള്‍ അഴിമുഖത്തോട് പറഞ്ഞത്:  (കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ) ഇരയ്ക്കൊപ്പം നിന്നതിന്റെ പേരില്‍ അനുഭവിച്ച ദുരിതങ്ങള്‍, പീഡനങ്ങള്‍ ഒക്കെ മറ്റൊരു കന്യാസ്ത്രീയും തുറന്നു പറയുകയുണ്ടായി: (മഠത്തിനുള്ളിലും ഞങ്ങള്‍ ഒറ്റപ്പെട്ടു; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ക്രിമിനല്‍ കുറ്റം; പോരാട്ടം നീതി കിട്ടും വരെ)

കര്‍ത്താവിന്റെ വയലിലെ വേലക്കാര്‍ എന്നാണ് കന്യാസ്ത്രീകളെ വിളിക്കുന്നത്, ശരിക്കും അവര്‍ സഭാമേലാളന്മാരുടെ വേലക്കാരാണ്. മിഷണറീസ് ഓഫ് ജീസസില്‍ ലൈംഗികവും ശാരീരികവും മാനസികവുമായ പീഢനങ്ങളില്‍ നിന്നും സഹനത്തിന്റെ അവസാനത്തില്‍ സഭാ വസ്ത്രമുപേക്ഷിച്ച് രക്ഷപ്പെട്ടു പോയത് 20 കന്യാസ്ത്രീകളാണെന്നാണ് കണക്ക്. പരാതിക്കാരിയായ ഈ കന്യാസ്ത്രീ തന്നെ 13 തവണയാണ് ബിഷപ്പിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായത്. അവര്‍ പക്ഷേ, രക്ഷപ്പെട്ടു പോകാനല്ല, കുറ്റക്കാരനെ ശിക്ഷിക്കാനായി പോരാടുകയാണ് ചെയ്തത്. പ്രതിസന്ധികളും എതിര്‍പ്പുകളും ഭീഷണികളും പ്രലോഭനങ്ങളും എല്ലാം ഉണ്ടായിട്ടും തനിക്ക് ഒപ്പം നില്‍ക്കാന്‍ തയ്യാറായ ഏതാനും പേരുടെ പിന്തുണയോടെ അവര്‍ പോരാടി. എന്നാല്‍ എല്ലാ ബഹളങ്ങളും ഒന്നടങ്ങി കഴിയുമ്പോള്‍, പൊതുശ്രദ്ധയൊക്കെ മറ്റൊന്നിലേക്ക് നീങ്ങിക്കഴിയുമ്പോള്‍ ഈ കന്യാസ്ത്രീകള്‍ക്കുള്ള വിചാരണകള്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും അപ്പോസ്തലന്മാര്‍ നയിക്കുന്ന സഭയില്‍ നിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഫ്രാങ്കോ ശിക്ഷപ്പെടുകയാണെങ്കില്‍ അതിനെടുക്കുന്ന സമയത്തിന്റെ നൂറിലൊരംശം പോലും വേണ്ടാത്തയത്ര വേഗത്തില്‍ അവര്‍ക്കുള്ള ശിക്ഷയും വിധിക്കപ്പെടും. അപ്പീലിനു പോലും സാധ്യതയില്ലാത്ത വിധത്തില്‍ നടത്തിയെടുക്കപ്പെടുന്ന ശിക്ഷ. അതൊരുപക്ഷേ നേരത്തെ പറഞ്ഞതുപോലെ തിരുവസ്ത്രം ഊരിച്ച് പുറത്താക്കലായിരിക്കാം, അല്ലെങ്കില്‍ അഞ്ചു പേരെയും അഞ്ചു സ്ഥലങ്ങളിലേക്ക്, പ്രതികാരബുദ്ധിയോടെയുള്ള സ്ഥലം മാറ്റമായിരിക്കാം, അതിനും പുറമെ ഊഹിച്ചാല്‍; ഇട്ട് നരകിപ്പിക്കലായിരിക്കാം. ഇതിലേതായാലും ഇവര്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താത്തിടത്തോളം, തെരുവിലേക്ക് വീണ്ടും വരാത്തിടത്തോളം പുറത്ത് ആരും അറിയില്ല.

സമരം തുടങ്ങുന്ന ദിവസം ഈ കന്യാസ്ത്രീമാരില്‍ ഒരാള്‍ പറഞ്ഞ വാചകം ഇങ്ങനെയായിരുന്നു; ഞങ്ങളാരും ഝാന്‍സി റാണിമാരോ ഫൂലന്‍ദേവിമാരോ അല്ല, വെറും സാധരണക്കാരാണ്… എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നോര്‍ത്ത് ഭയമുള്ളവര്‍, തിരിച്ചു ചെന്നാല്‍ മഠത്തില്‍ കയറ്റുമോ എന്നുപോലും ഉറപ്പില്ലാത്തവര്‍; പക്ഷേ ആ ‘ഭയം’ ഇച്ഛാശക്തി കൊണ്ട് മറികടന്നാണ് പതിനാല് ദിവസം അവര്‍ പോരാട്ടം നടത്തിയതും ഭാഗിക വിജയം നേടിയതും. ഭാഗിക വിജയം എന്നു തന്നെയാണ് പറയേണ്ടത്. ഫ്രാങ്കോ മുളയ്ക്കല്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുക, സഭാ വസ്ത്രത്തില്‍ തന്നെ തങ്ങള്‍ ഇതുവരെ പിന്തുടര്‍ന്നുപോന്ന ദൈവിക ജീവിതം കന്യാസ്ത്രീകള്‍ക്ക് തടസ്സങ്ങളിലാതെ തുടരാന്‍ കഴിയുക എന്നിടത്തു മാത്രമാണ് ഇവരുടെ പോരാട്ടം പൂര്‍ണ വിജയം കാണുന്നത്. അത്തരത്തിലൊരു പൂര്‍ണ വിജയത്തിലേക്ക് അവര്‍ക്കെത്താന്‍ കഴിയുമോ? അതിനായി അവര്‍ക്ക് ഈ ദിവസങ്ങളില്‍ കിട്ടിയ പിന്തുണ തുടര്‍ന്നും കിട്ടുമോ എന്നതാണ് മേല്‍പ്പറഞ്ഞതിന്റെയെല്ലാം രത്‌നച്ചുരുക്കം.

Also Read: കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

കന്യാസ്ത്രീമാരുടെ സമരം സഭയ്‌ക്കും മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കുമെതിരേയുള്ള സമരമാണെന്ന തെറ്റിദ്ധാരണ പടര്‍ത്തിയ സഭാമേലാളന്മാരെപോലെ, ഈ സമരം സര്‍ക്കാരിനെതിരെ ഉള്ളതാണെന്ന പ്രചാരണം നടത്താന്‍ മറ്റു ചിലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇതിനു രണ്ടിനുമിടയില്‍പ്പെട്ട് ആ കന്യാസ്ത്രീകള്‍ ഉയര്‍ത്തിയ യഥാര്‍ത്ഥ കാരണം വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നുണ്ട്. ഫ്രാങ്കോയുടെ അറസ്റ്റ് സര്‍ക്കാരിനെതിരേയുള്ള വിജയമായി ആഘോഷിക്കപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നത് തിരിച്ചറിയാതെ പോകുന്നതാണോ? കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം സമരപന്തലില്‍ മുഴങ്ങിയ പിന്തുണക്കാരുടെയെല്ലാം പ്രസംഗങ്ങളില്‍ സര്‍ക്കാര്‍/സിപിഎം വിദ്വേഷങ്ങളായിരുന്നുവെന്നത് അവിടെ സന്നിഹിതനായിരുന്നതിലൂടെ മനസിലാക്കാന്‍ കഴിഞ്ഞതാണ്. അഭയ കേസ് മുതല്‍ (അതൊരു തുടക്ക സംഭവമല്ലെന്നു കൂടി ഓര്‍ക്കണം) ഇങ്ങോട്ട് ഉണ്ടായിട്ടുള്ള ക്രൂരതകളുടെ തുടര്‍ച്ചയാണ് സഭയില്‍ നിന്നുള്ള ഈ കന്യാസ്ത്രീകളുടെ സമരമെന്നത് മറച്ചു വച്ചിട്ടെന്നപോലെ, സഭയേയും സഭ മേലധികാരികളെയും ചിത്രത്തില്‍ നിന്നും മാറ്റി നിര്‍ത്തിക്കൊണ്ട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം മാത്രമാക്കി ഈ സമരത്തെ മാറ്റിയെടുത്തവര്‍ കന്യാസ്ത്രീകളുടെ ആവശ്യങ്ങളെന്തായിരുന്നോ അതിനെക്കൂടിയാണ് ചര്‍ച്ചയാക്കാതെ ഒതുക്കി കളഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ കേരളത്തിന്റെ നവോത്ഥാന ഉന്നമത്തിന് വളരെയധികം സംഭാവനകള്‍ ചെയ്തവരാണ് കത്തോലിക്ക സഭയെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഈ സമരം എല്‍ഡിഎഫ് സര്‍ക്കരിനെതിരെയാണ് നടക്കുന്നതെന്ന തരത്തില്‍ രാഷ്ട്രീയം മാത്രം പ്രസംഗിക്കുമ്പോള്‍, ഷാനിമോള്‍ക്ക് മുമ്പും ഇതേ രീതിയില്‍ ശബ്ദം ഉയര്‍ത്തിയവരുടെ വാക്കുകളിലും കത്തോലിക്ക സഭയില്‍ നിന്നും കന്യാസ്ത്രീകള്‍ നേരിടുന്ന ഭീകരതകളോടല്ലായിരുന്നു പ്രതിഷേധമെന്ന് തിരിച്ചറിയാമായിരുന്നു. സഭയെ വെറുപ്പിക്കാതെ രാഷ്ട്രീയ എതിരാളികള്‍ക്ക് അടി കൊടുക്കാനും ഈ സമരത്തെ ഉപയോഗിച്ച പല മത, ജാതി, രാഷ്ട്രീയ സംഘടനകളുടെയും താത്പര്യങ്ങള്‍ തിരിച്ചടിയാകുന്നത് ആ കന്യാസ്ത്രീകള്‍ക്ക് തന്നെയാണ്. അവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും താത്പര്യങ്ങളോ ഒക്കെയാണ് എന്നത് വാസ്തവമാണെന്നിരിക്കെ കൂടി, ഈ സമരത്തില്‍ രാഷ്ട്രീയം കണ്ടവരെല്ലാം അതിന്റെ വഴിയിലൂടെ തന്നെയായിരിക്കും ഇനിയും സഞ്ചരിക്കുക. അവര്‍ കന്യാസ്ത്രീകളെ മറക്കും. നാളെ തെളിവുകളുടെ അഭാവത്തില്‍ പ്രതിഭാഗം വക്കീലിന്റെ വിസ്താര മികവില്‍ ഫ്രാങ്കോ രക്ഷപ്പെട്ടു പോരുകയാണെങ്കില്‍ ഈ കന്യാസ്തീകളുടെ പിന്നീടുള്ള അവസ്ഥ എന്തായിക്കുമെന്ന് ആലോചിച്ചു നോക്കുക. അവര്‍ വിചാരണ ചെയ്യുപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും എത്ര നിന്ദ്യമായിട്ടായിരിക്കും എന്നത് മനസില്‍ കണ്ട് നോക്കുക.

അരമനയിലെ ഈ ലൈംഗിക പീഡകനെ അറസ്റ്റ് ചെയ്യാന്‍ എണ്‍പത്തിഏഴു ദിവസം വേണ്ടി വന്നു; കന്യാസ്ത്രീ ബലാല്‍സംഗക്കേസ് നാള്‍ വഴികളിലൂടെ

“പെണ്‍കുട്ടികളെ 15 വയസ്സിൽ മഠത്തിൽ വിടരുത്; പ്രശ്നത്തിനു കാരണം പ്രായപൂർത്തിയാകുമ്പോഴത്തെ ലൈംഗിക ചോദന”: പിസി ജോർജ്

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട് മിഷനറീസ് ഓഫ് ജീസസ്

കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍