UPDATES

ട്രെന്‍ഡിങ്ങ്

മരണവുമായി മല്ലിടുന്ന കേദല്‍; ഒരു ദുരന്ത ജീവിതം

നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്

കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയവെ ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേദലിന്റെ ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തിലായിരുന്നു യോഗം. കേദലിന് വിദഗ്ദ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് കാര്യമായി പ്രതികരിക്കുന്നില്ല. 24 മണിക്കൂറിന് ശേഷമേ മറ്റ് പരിശോധനാ ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് തുടര്‍ ചികിത്സ നടക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും. ഭക്ഷണം ശ്വാസനാളത്തില്‍ കുരുങ്ങി അപസ്മാരം സംഭവിച്ചതാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

കേരളത്തെ ഭീതിയിലാക്കിയ കൊലപാതക കേസിലെ പ്രതി

അച്ഛനെയും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ചികിത്സയില്‍ കഴിയുന്ന കേദല്‍. അച്ഛനേയും അമ്മയേയും സഹോദരിയേയും അതിക്രൂരമായി കൊലപ്പെടുത്ത കേദല്‍ ഭീകരമായ മാനസിക അവസ്ഥയുള്ള വ്യക്തിയാണ് എന്നായിരുന്നു പരിശോധിച്ച മനശാസ്ത്ര വിദഗ്ധന്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നത്. കേദലിന് സ്കീസോഫ്രേനിയ ആണെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

സാത്താന്‍ സേവയെന്ന് വിശേഷിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനു വേണ്ടിയാണ് മാതാപിതാക്കളെ വകവരുത്തിയത് എന്നായിരുന്നു കേദല്‍ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇത് മറ്റി പറഞ്ഞ കേദല്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണ് കൊപാതങ്ങളിലേക്ക് നയിച്ചത് എന്ന് പറഞ്ഞു. ഇത് പൊലീസിനെ വട്ടം കറക്കിയിരുന്നു.

2017 ഏപ്രില്‍ ഒമ്പതിന് പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അരുംകൊല നടന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍ ജീനിന്റെ ബന്ധു ലളിത എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ കേദലിനെ തമ്പാനൂര്‍ റെയില്‍വെസ്റ്റേഷനില്‍ നിന്ന് റെയില്‍വേ പൊലീസാണ് പിടികൂടിയത്.

സാത്താന്‍ സേവയിലേക്ക് ചര്‍ച്ചകള്‍ തുറന്നുവിട്ട സംഭവം

മലയാളക്കരയില്‍ അത്രമാത്രം പരിചിതമല്ലാത്ത ഒരു സമ്പ്രദായത്തെക്കുറിച്ച് സജീവ ചര്‍ച്ചകളിലേക്ക് തിരിച്ചു വിട്ട സംഭവമായിരുന്നു നന്തന്‍കോട് കൂട്ടക്കൊല കേസ്. താന്‍ സാത്താന്‍ സേവക്ക് വേണ്ടിയാണ് മാതാപിതാക്കളെയും സഹോദരിയേയും അതിക്രൂരമായി കൊലപ്പെടുത്തിയത് എന്ന കേദലിന്റെ ആദ്യ മൊഴിയായിരുന്നു ഇത്തരം ചര്‍ച്ചകളിലേക്ക് വഴിതുറന്നത്. മാധ്യമങ്ങള്‍ നിറംപിടിപ്പിച്ച കഥകളുമായി രംഗത്ത് വന്നത് ആളുകളില്‍ വലിയതോതിലുള്ള പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കൊച്ചിയില്‍ സാത്താന്‍ സേവ കേസുകള്‍ മുമ്പ് ധരാരാളമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് അഭ്യൂഹങ്ങളുടെ ഗൗരവം വര്‍ധിപ്പിച്ചു.

മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ കറക്കിയത് മൂന്നു തവണ

എന്നാല്‍ അപ്പോഴും പൊലീസിനെ കുഴക്കിയിരുന്നത് മൊഴികളില്‍ ഉറച്ചു നില്‍ക്കാത്ത കേദലിന്റെ പ്രതികരണങ്ങളായിരുന്നു. ശരീരത്തില്‍ നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമായിട്ടാണ് കൊലപാതകമെന്നായിരുന്നു കേദല്‍ ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഇത് പിന്നീട് മാറ്റി പറഞ്ഞു. വീട്ടില്‍ നിന്ന് നേരിട്ട അവഗണനയെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നും വളരെ നാളത്തെ ആസൂത്രണത്തിനു ശേഷമായിരുന്നു കൊല നടത്തിയതെന്നും ഇയാള്‍ പിന്നീട് മൊഴി നല്‍കി. ഉടനെതന്നെ കേദല്‍ വീണ്ടും മൊഴി മാറ്റി. പിതാവിന്റെ സ്വഭാവ ദൂഷ്യം കാരണമാണ് കൊല നടത്തിയതെന്നാണ് കേദല്‍ പിന്നീട് പറഞ്ഞത്. മദ്യലഹരിയില്‍ പിതാവ് സ്ത്രീകളെ വിളിച്ച് അശ്ലീല സംഭാഷണം നടത്താറുണ്ടായിരുന്നുവെന്നും ഇക്കാര്യം അമ്മയോട് പറഞ്ഞിട്ടും വിലക്കിയില്ലെന്നും ഇതിനെ തുടര്‍ന്നാണ് രണ്ടു പേരെയും കൊന്നതെന്നാണ് കേദല്‍ പറഞ്ഞത്. ഒറ്റക്കായി പോകും എന്നുള്ളത് കൊണ്ടായിരുന്നു സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്നും കേദല്‍ പറഞ്ഞിരുന്നു.

നന്തന്‍കോട് കൂട്ടക്കൊല: നടന്നത് ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പരീക്ഷണം തന്നെയോ? കേദലിന് കടുത്ത മനോവിഭ്രാന്തിയെന്ന് മനോരോഗ വിദഗ്ദ്ധര്‍

കൊലപാതങ്ങള്‍ നടത്തിയത് ഇങ്ങനെ

അച്ഛനെയും അമ്മയേയും സഹോദരിയേയും കൊല്ലാന്‍ അയാള്‍ സ്വന്തം മനസിനെ പാകപ്പെടുത്തിവച്ചിരുന്നു. ഡൗണ്‍ലോഡ് ചെയ്തെടുത്ത ഒരു വീഡിയോ ആയിരുന്നു ഇതിനയാള്‍ കൂട്ടുപിടിച്ചത്. ഒറ്റവെട്ടിനു മനുഷ്യനെ കൊല്ലുന്ന ആ വീഡിയോ അയാള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ സേവ് ചെയ്ത് സ്ഥിരമായി കാണുമായിരുന്നു. പൊലീസിനു നല്‍കിയ മൊഴിയില്‍ കേദല്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കൊലപാതകദൃശ്യങ്ങളുള്ള മൂന്നു വീഡിയോകളാണ് കേദല്‍ കണ്ടിരുന്നത്. ഇതില്‍ ഒന്നിലാണ് ഒറ്റവെട്ടിനു ആളെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. തലയുടെ പിന്‍ഭാഗത്തുള്ള മെഡുല ഒബ്ലോംഗേറ്റയ്ക്കു വെട്ടിയാല്‍ മരണം ഉടന്‍ സംഭവിക്കും. കേദല്‍ കൊല നടപ്പിലാക്കിയതും ആ രീതിലായിരുന്നു. മനുഷ്യരില്‍ നടപ്പാക്കുന്നതിനു മുന്നോടിയായി ഡമ്മിയില്‍ പരീക്ഷിച്ചുറപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

അമ്മ ഡോ. ജീന്‍ പത്മയെയാണ് ആദ്യം വകവരുത്തിയത്. ഏപ്രില്‍ 5നു രാവിലെ 11 മണിയോടെ. താന്‍ പുതുതായി ഉണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു മുറിയിലേക്കു വിളിച്ചു വരുത്തി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ അമ്മയെ ഇരുത്തിയശേഷം പിറകില്‍ നിന്നും മഴു ഉപയോഗിച്ച് കഴുത്തില്‍ ആഞ്ഞുവെട്ടി. മൃതദേഹം കിടപ്പുമുറിയിലെ ബാത്ത്റൂമിലിട്ട് പൂട്ടി. തറയില്‍ നിന്നും രക്തക്കറ മുഴുവന്‍ തുടച്ചു നീക്കി. വീട്ടിലുണ്ടായിരുന്ന സഹോദരിയറിയാതെയാണ് ഒന്നാമത്തെ കൊല നടത്തിയത്. രണ്ടാമത്തെ ഇര അച്ഛനായിരുന്നു. അമ്മയെ കൊലപ്പടുത്തുമ്പോള്‍ വീട്ടില്‍ ഇല്ലായിരുന്ന അച്ഛന്‍ പ്രൊഫ. രാജ് തങ്കം ഉച്ചയോടെയാണു വീട്ടില്‍ തിരിച്ചെത്തുന്നത്. രാജ് തങ്കം ഊണിനു മുമ്പായി മദ്യം കഴിക്കാനിരുന്നപ്പോള്‍ കേദലും സനേഹം നടിച്ച് ഒപ്പം കൂടി. പിന്നീട് അച്ഛനും സഹോദരിക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഈ സമയം അമ്മയുടെ മൃതദേഹം മുകളില്‍ ഉണ്ടായിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞശേഷം കേദല്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി നിരീക്ഷിച്ചു. സഹോദരി കരോളിന്‍ മുറിക്കുള്ളിലാണെന്ന് ഉറപ്പുവരുത്തിയശേഷം അച്ഛനെ തന്റെ കമ്പ്യൂട്ടര്‍ ഗെയിം കാണിക്കാമെന്നു പറഞ്ഞു സ്വന്തം മുറിയിലേക്കു വിളിച്ചുകൊണ്ടുപോയി. കമ്പ്യൂട്ടര്‍ ടേബിളിനു മുന്നില്‍ ഇരുത്തിയ ശേഷം പിറകില്‍ നിന്ന് മഴു ഉപയോഗിച്ചു അമ്മയെ വെട്ടിയത് പോലെ തലയ്ക്ക് വെട്ടാന്‍ ശ്രമിച്ചു. എന്നാല്‍ രാജ് തങ്കം ഈ വെട്ട് തടഞ്ഞു. പക്ഷേ കേദലില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞില്ല. കേദലിന്റെ കൈയിലെ മഴു വീണ്ടും വീണ്ടും രാജ് തങ്കത്തിന്റെ മേല്‍വീണു. മരിച്ചെന്ന് ഉറപ്പായപ്പോള്‍ ശരീരം വലിച്ചിഴച്ച് ബാത്ത്റൂമില്‍ അമ്മയുടെ ദേഹത്തിനൊപ്പം കിടത്തി. അടുത്ത ഇര സഹോദരി കരോളിന്‍ ആയിരുന്നു. ഒരു സുഹൃത്ത് ഈമെയില്‍ അയച്ചിട്ടുണ്ടെന്നു പറഞ്ഞാണ് സഹോദരിയെ തന്റെ മുറിയിലേക്ക് കേദല്‍ എത്തിച്ചത്. പിന്നീട് തലയ്ക്കു പിറകില്‍ മഴുകൊണ്ടു വെട്ടി. ആ ശരീരവും ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. സഹോദരിയുടെ കഴുത്തറക്കുകയും ചെയ്തു. വീണ്ടും വന്ന് മുറിയുടെ തറയും ചുവരും വൃത്തിയാക്കി.

അന്നു വൈകുന്നേരം പുറത്തുപോയി രണ്ടു കന്നാസുകളിലായി പെട്രോള്‍ വാങ്ങി വന്നു. മൃതദേഹങ്ങള്‍ കുറച്ചു കുറച്ചായി കത്തിച്ചു. ഈ സമയത്തൊക്കെ വീട്ടിലുണ്ടായിരുന്ന ബന്ധുവും വൃദ്ധയുമായ ലളിതയെ വകവരുത്തുന്നത് വൈകിട്ടാണ്. അമ്മ ഫോണില്‍ വിളിക്കുന്നുവെന്നു പറഞ്ഞാണു ലളിതയെ മുകള്‍ നിലയിലേക്കു കൊണ്ടുവന്നത്. ഇത്തവണ സ്വന്തം മുറിയിലേക്കല്ല, മാതാപിതാക്കളുടെ മുറിയില്‍വച്ചാണു കേദല്‍ നാലമത്തെ കൊല നടത്തിയത്. ലളിതയുടെയും കഴുത്തിനു തന്നെ വെട്ടി. മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അതേ മുറിയിലെ ബാത്ത് റൂമില്‍ വച്ചു.

പിറ്റേന്നു വേലക്കാരി വന്നപ്പോള്‍ പറഞ്ഞത് എല്ലാവരും ഊട്ടിയില്‍ വിനോദയാത്രയ്ക്കു പോയെന്നാണ്. അന്നു രാത്രിയാണു മൃതദേഹങ്ങള്‍ കത്തിച്ചത്. തീയില്‍ മുറിയിലെ ജനല്‍ ചില്ലുകള്‍ പൊട്ടിയപ്പോള്‍ ശബ്ദം കേട്ട് അയല്‍വാസികള്‍ ശ്രദ്ധിച്ചു. ഇവരോട് പട്ടിയെ ഓടിക്കാന്‍ കല്ലെറിഞ്ഞപ്പോള്‍ പൊട്ടിയതാണന്നു പറഞ്ഞു. പക്ഷേ തീ വീട്ടില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ പിന്നെ അവിടെ നില്‍ക്കാന്‍ രക്ഷയില്ലെന്നായി. അപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഊരി കട്ടിലിനടിയില്‍ ഒളിപ്പിച്ചശേഷം പുതിയവയിട്ട് ബാഗുമെടുത്ത് വീടിനു പുറത്തിറങ്ങി. അവിടെ നിന്നും തമ്പാനൂരില്‍ എത്തി. അവിടെവെച്ചാണ് പൊലീസ് കേദലിനെ അറസ്റ്റ് ചെയ്യുന്നത്.

കേദലിന് ഇനിയെന്ത് സംഭവിക്കും?

ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന അവസ്ഥയിലാണ് കേദല്‍ ഇപ്പോള്‍ ഉള്ളത്. വരുന്ന 24 മണിക്കൂറുകള്‍ക്കുള്ളില്‍ എന്തും സംഭവിക്കാം.

സാത്താന്‍ സേവ, വൈരാഗ്യം, ഇപ്പോള്‍ മനോരോഗവും; നാലു പേരെ കൊലപ്പെടുത്തിയ കേദലിന്റെ മൊഴിമാറ്റങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍