UPDATES

ട്രെന്‍ഡിങ്ങ്

കളിപ്പാട്ടങ്ങളിലേക്ക് ഭരണകൂടം കടന്നു കയറിയപ്പോൾ

മരങ്ങൾ കൊണ്ട് കൊത്തിയുണ്ടാക്കുന്ന ഈ കളിപ്പാട്ടങ്ങളുടെ ലോകത്ത് ഇനി എത് ഭാവന ചിറകു പൂട്ടാൻ!

കുട്ടിയായിരുന്നപ്പോൾ അമ്മാമ വാങ്ങി തന്ന നൂലു വലിച്ചാൽ കൈയ്യും കാലും പൊക്കി തൊപ്പി തൊടുന്ന ആ മാജിക്കുകാരനെ ഇപ്പോഴും നൂലു വലിച്ച് ചലിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്. മാജിക്ക് കണ്ടതിനേക്കാൾ കൗതുകം തോന്നിയിരുന്നു അയാളോടും.

ചെറുപ്പത്തിൽ കൗതുകം തോന്നിയ പല കളിപ്പാട്ടങ്ങളുടെയും ജൻമനാടാണ് തെക്കന്‍ കര്‍ണാടകത്തിലെ ചെന്നപട്ടണ. തലയിൽ പൂവുള്ള പെൻസിലുകളും പെൻസിൽ കട്ടർ ആയി വന്നിരുന്ന കുട്ടിഗണുവുമെല്ലാം ഈ പട്ടണത്തിൽ നിന്നായിരുന്നു. ആടുന്ന കുതിര ചെറുപ്പത്തിലെ വലിയ മോഹമായിരുന്നു. പൂമുഖത്ത് തൂക്കിയിട്ടിരുന്ന ഫോട്ടോകളിൽ അച്ഛൻ  കുതിരപ്പുറത്തിരിക്കുന്ന ഒരു ഫോട്ടോ ഉണ്ട്.  എനിക്ക് കിട്ടാത്ത ആ കുതിരയെ നോക്കി എത്രയോ നിന്നിട്ടുണ്ട്. പണ്ട് അതുവഴി പോയപ്പോഴാണ് എന്റെ ബാല്യകാല സുഹൃത്തുക്കളായ കളിപ്പാട്ടങ്ങളുടെ നാട് കാണാനിടയായത്. ചെറുപ്പത്തില്‍ൽ കിട്ടാതെ പോയ ഫോട്ടോയിലിരുന്ന് കൊതിപ്പിച്ച ആ കുതിര അതാ കൂട്ടത്തോടെ ഓരോ കടകൾക്കു മുന്നിലും വരവേൽക്കാൻ കാത്തു നിൽക്കുന്നു.

നിറങ്ങളുടെ നഗരമാണ് ഈ പട്ടണം. റോഡിനു ഇരു ഭാഗത്തും പല നിറത്തിലും പല ഭാവത്തിലും വലിപ്പത്തിലും ഉള്ള വ്യത്യസ്ത കളിപ്പാട്ടങ്ങൾ നിറഞ്ഞ കടകൾ. ആ വഴി പോകുമ്പോൾ ആ കളിപ്പാട്ടങ്ങളിൽ ഉടക്കാതെ പോകില്ല ഒരു കണ്ണും ഒരു മനസ്സും.

കറങ്ങുന്ന പമ്പരം, മരപ്പാവകൾ, കാളവണ്ടികൾ, കുട്ടികൾക്ക് പിച്ചാ പിച്ചാ പിടിച്ചു നടക്കാനുള്ള ഉന്തുവണ്ടികൾ, വാലിൽ വലിച്ചാൽ ശബ്ദിക്കുന്ന പീപ്പിളി, തൊട്ടിലിനു മീതെ കറങ്ങുന്ന പമ്പരം,  അലങ്കാരങ്ങളോടു കൂടിയ രാജാവും രാജ്‌ഞിയും, അടുക്കള പാത്രങ്ങളുടെ കുഞ്ഞു മാതൃകകളകൾ, മാനും മുയലും, വാഹനങ്ങളും പക്ഷികളും, ഇരുന്നാടുന്ന കുതിര ഇങ്ങനെ ബാല്യത്തിന്റെ ഓർമ്മകൾ നിന്നരിരിക്കുന്ന കടകളാണ് ആ നഗരപാതക്കിരുവശവും. ബാംഗ്ലൂര്‍ – മൈസൂർ ഹൈവേയിലുള്ള കളിപ്പാട്ടങ്ങളുടെ നഗരം എന്ന അർത്ഥത്തിലുള്ള ഗൊംമ്പഗള ഊരു/ ചെന്നപട്ടണമെന്ന കന്നഡഗ്രാമത്തിലെ കളിപ്പാട്ടവില്‍പ്പനശാലകള്‍ കളിപ്പാട്ടങ്ങളോളം കൗതുകം ഉണർത്തുന്ന കാഴ്ചയാണ്. നഗരസ്വഭാവ കൊണ്ടല്ല ചെന്നപ്പട്ടണം നഗരമായത്, കളിപ്പാട്ടങ്ങൾ ഒരു നഗരത്തിൽ എന്ന പോലെ തിങ്ങി കൂടിയതുകൊണ്ടാണ്. ചെന്നപട്ടണത്തിൽ നിന്നുള്ള കളിപ്പാട്ടങ്ങൾ തേടിയെത്താത്ത ബാല്യമുണ്ടാവില്ല.

മൈസൂർ വഴി ബാംഗൂർ പോയപ്പോഴെല്ലാം റോഡിന്റെ രണ്ടു ഭാഗത്തും കുട്ടികളുമായുള്ള യുദ്ധത്തിനു തയ്യാറായി നിൽക്കുന്ന പല നിറത്തിലുള്ള കുതിരകളുടെ പുറത്ത് കയറിപ്പോയിട്ടുണ്ട് ബാല്യകാല സ്മൃതികളിലേക്ക്. കുഞ്ഞുവിന് അവിടന്നൊരു കുതിരയെ വാങ്ങണം എന്ന് വിചാരത്തിന്  അവളുടെ പ്രായമുണ്ട്. അതിനു വേണ്ടിയാണ് ചെന്നപട്ടത്തിലേക്ക് വീണ്ടും പോയത്. നിറങ്ങൾ  മാഞ്ഞ് പൊടിപിടിച്ച ആ പട്ടണം കണ്ടപ്പോൾ നഷ്ട ബാല്യം പോലെ വല്ലാത്ത നൊസ്റ്റാൾജിക്ക് വേദനയാണ് ആദ്യം ഉണ്ടായത്. വഴിയരികിൽ നിന്നും അപ്രത്യക്ഷമായ കടകളെകുറിച്ച് അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് നോട്ട് നിരോധനത്തിന്റെ ഇരകളാണ് അവയെന്ന്. ചെറിയ രീതിയിൽ കച്ചവടം ചെയത് ജീവിച്ചിരുന്ന ജീവിതം അടിയോടെ താളം തെറ്റി. നോട്ട് നിരോധനത്തിൽ പിടിച്ചു നിൽക്കാൻ പറ്റാതെ നശിച്ചു പോയ ഒരു ചെറുകിട വ്യവസായം. കുട്ടി ഭാവനകൾക്ക് നിറം നൽകി ജീവിച്ചിരുന്ന ചെറു സമൂഹമുണ്ടിവിടെ. അവരെല്ലാം എവിടെക്ക് മറഞ്ഞെന്ന് ആർക്കും അറിയില്ല. നോട്ട് നിരോധനം കൊണ്ട് നഷ്ടപ്പെട്ട ചെറുകിട സംരംഭങ്ങളിൽ ഒന്നു മാത്രമാണ് ഈ കളിപ്പാട്ട വ്യവസായം.

ഇന്ന് അവിടെ വിരലിൽ എണ്ണാവുന്ന ചില കടകളെ ഉള്ളൂ. റോഡിന് നിറം പിടിച്ച, ബാല്യത്തിന്റെ ഭാവനയെ കുതിരപ്പുറത്തു കയറ്റിയ കളിപ്പാട്ടങ്ങളുടെ വില സംഘപരിവാറിന്റെ കുതിര കച്ചവടക്കാർക്ക് മനസിലാവില്ല. ഇനിയൊരു തലമുറ ആ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമോ അവോ! അതോ ഏതോ കോർപ്പറേറ്റ് മുതലാളിത്വത്തിന്റെ കഴുകൻ കണ്ണുകൾ ഈ ചെറുകിട വ്യവസായത്തെ റാഞ്ചാൻ കാത്തു നിൽക്കുന്നുണ്ടാകുമോ? അറിയില്ല.

മുസ്ലിം ഭൂരിപക്ഷമുള്ള ഈ ഗ്രാമത്തിലെ ജനങ്ങളുടെ പ്രധാന ജീവിത മാർഗമായിരുന്നു കളിപ്പാട്ടനിർമ്മാണം. പരമ്പരാഗതമായ ഈ  തൊഴിൽ മേഖലയിൽ 50 ശതമാനവും സ്ത്രീകളാണ്. പാല, ഐവറിവുഡ്, വീട്ടി തുടങ്ങി ഏറെ ഉറപ്പില്ലാത്ത മരത്തിൽ കരവിരുത് ഉപയോഗിച്ച് കളിപ്പാട്ടങ്ങളും പുതിയ കളികളും അവർ കൊത്തിയെടുത്തു. ഒരോ കളിപ്പാട്ടവും പല നാട്ടിലുള്ള കുട്ടി ഭാവനയെ ഉൻമത്തരാക്കുന്ന വിവിധങ്ങളായ കളികളായി രൂപാന്തരപ്പെട്ടു. ഭൂട്ടാനിലെ രാജകുമാരന് സമ്മാനിച്ച മരപ്പാവ ആ കുട്ടിയിൽ ഉണ്ടാക്കിയ കൗതുകം പത്രങ്ങളിൽ വലിയ വാർത്തയായതാണ്.

ഒരു കുട്ടിയുടെ സാമൂഹിക വികാസത്തിന്റെ ആദ്യപടിയാണ് കളിപ്പാട്ടങ്ങൾ. കളിപ്പാട്ടങ്ങൾ പങ്ക് വെച്ചാണ് സൗഹൃദങ്ങളുടെ ലോകത്തേക്ക് അവർ പിച്ചവെക്കുന്നത്.

ആൺ പെൺ തിരിച്ച് നൽകുന്ന ആധുനിക കളിപ്പാട്ട വ്യവസായത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണിവിടെ. ലിംഗഭേദങ്ങളില്ലാത്ത കളിപ്പാട്ടങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. കളി ഭേദങ്ങൾ മാത്രമേ ഉള്ളൂ ഇവയിൽ. ഏറെ പണം കൊടുത്ത് വാങ്ങുന്ന ചൈനീസ് കളിപ്പാട്ടങ്ങൾ മോശം പ്ലാസ്റ്റിക്കുകൾകൊണ്ട് നിർമ്മിക്കുന്നവയാണ്. ചൈനീസ് കളിപ്പാട്ടങ്ങളിൽ കൂടിയ അളവിൽ ഉപയോഗിക്കുന്ന ലെഡിന്റെ അളവിനെ പറ്റി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. എന്നാൽ ഇവിടെ പ്രകൃതിജന്യ നിറങ്ങൾ മരങ്ങളിൽ ഉരുക്കി ചേർത്താണ് കളിപ്പാട്ടങ്ങൾക്ക് നിറം പിടിപ്പിക്കുന്നത്. സാമൂഹിക, ശാരീരിക ആരോഗത്തിനുതകുന്ന നിലയിൽ ഉത്പാദിപ്പിച്ചിട്ടും വിപണിയുടെ ക്രയ വിക്രിയ മേഖലയിൽ ഇവ പുറത്താണ്. ലോകത്തിന്റെ പല ഭാഗത്തേക്കും ഇവിടത്തെ കളിപ്പാട്ടങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. പക്ഷേ അതിലും കച്ചവടത്തിന്റെ വിപണി സാധ്യതകൾക്കും മാർക്കറ്റിന്റെ മന:ശാസ്ത്രത്തിനും അകലെയാണ് ഇത്തരം വ്യവസായങ്ങൾ. പ്രബലമായ ആധുനിക വിപണന സാധ്യതകളിലേക്ക് എത്തിചേരാൻ പറ്റാത്ത, കളിപ്പാട്ട വിപണി മാര്‍ജിനലൈസ് ചെയ്ത് മാറ്റിനിർത്തിയ വ്യവസായങ്ങൾ ചിലതാണ് ഇവ. മാർക്കറ്റിന്റെ പ്രചരണ തന്ത്രത്തിനകത്താണ് ഒരു ഉപന്നത്തിന്റെ മൂല്യനിർണയം നടക്കുന്നത്.  സാമൂഹിക സാംസ്കാരിക പരിസരമൊന്നും മൂല്യനിർണയത്തിന്റെ ഭാഗവുമല്ല. ഭാഗമാക്കണമെങ്കിൽ വിൽക്കപ്പെടുന്ന ചരക്കുരൂപത്തില്‍ അതിനെ മാർക്കറ്റിൽ ഇറക്കണം. ഇന്നത്തെ ഇന്ത്യ ഗവൺമെൻറിന് വിൽക്കാൻ താൽപര്യപ്പെടുമോ ഈ ഗ്രാമങ്ങളിലെ സംസ്കരിക പശ്ചാത്തലം എന്നും ആശങ്കയുണ്ട്.

ടിപ്പുവിന്റെ ഭരണകാലത്ത് പേർഷ്യയിൽ നിന്നും കരകൗശല വിദഗ്ധരെ ക്ഷണിച്ചു വരുത്തി ഗ്രാമീണരെ പഠിപ്പിച്ചെടുത്തതാണ് ഈ വിദ്യ എന്ന് ചരിത്രം. ഇവിടത്തെ ഗ്രാമീണരുടെ കൈകളിലൂടെ മനോഹരമായ മരപ്പാവകള്‍ കാലം കൊണ്ട് ദേശീയമായി. ചെന്നപട്ടണം കളിപ്പാട്ടങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ബാവാസ് മിയാൻ തൻറെ ജീവിതം മുഴുവൻ ഈ കളിപ്പാട്ടങ്ങളുടെ പേരിനും പെരുമയ്ക്കായും നീക്കിവച്ചയാളാണ്. കളിപ്പാട്ടങ്ങളുടെ നിർമാണത്തിൽ ജപ്പാൻ സാങ്കേതിക വിദ്യ സ്വീകരിച്ച അദ്ദേഹം മികച്ച കളിപ്പാട്ടങ്ങൾ നിർമ്മാണ രീതി ചെന്നപട്ടണത്തിന് സമ്മാനിച്ചു. പ്രാദേശിക കലാകാരൻമാരുടെ കലാപരമായ വളർച്ചയ്ക്ക് ഇത് ഏറെ സഹായിച്ചു. അവിടെ നിർമ്മിക്കുന്ന പൂച്ചയ്ക്ക് ഒരു ജപ്പാനീസ് കളിപ്പാട്ടത്തിന്റെ ഛായ തോന്നും. ജാപ്പാനീസ് സിനിമകളിൽ നിറഞ്ഞ് കാണുന്ന പൂച്ചയുടെ സാന്നിധ്യം പോലെ ഈ കടകളിലും വിരുന്നുകാരിയെ പോലെ കറുത്ത പൂച്ചകൾ സെറ്റ് സെറ്റായി കാണാം. ഇവിടുത്തെ കലാഗ്രാമത്തിൽ കളിപ്പാട്ട നിർമ്മാണം പഠിപ്പിച്ചു വന്നിരുന്നു. 50-ൽ പരം ചെറു ഫാക്ടറികളും 250 -ഓളം ഭവന യൂണിറ്റുകളിലായി 6000ൽപ്പരം ആളുകളുടെ ജീവിതമാണ് ഈ കളിപ്പാട്ടങ്ങൾ. കളിപ്പാട്ടങ്ങൾക്കു പുറമേ പേനകൾ, ട്രേകൾ, സ്റ്റാൻറുകൾ, ഫർണിച്ചറുകൾ, കർട്ടൺ, ആഭരണങ്ങൾ എന്നിങ്ങനെ ഒട്ടനവധി നിർമ്മാണ പ്രവർനങ്ങളുടെ കേന്ദ്രമായിരുന്നു ഇവിടം. എന്നാല്‍ കരകൗശല വസ്തുക്കളുടെ നികുതി നാലുശതമാനത്തിൽ നിന്ന് 12 ശതമാനമായി വര്‍ധിപ്പിച്ചതോടെ പഴയ വിലയ്ക്ക് കളിപ്പാട്ടം വില്‍ക്കാന്‍ കഴിയുന്നില്ല. കൂടിയ വിലയ്ക്ക് കളിപ്പാട്ടം വാങ്ങാനും ആളില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ബിജെപിക്കാര്‍ വോട്ടുതേടി ഇവിടേക്ക് വരേണ്ടെന്ന് മതിലുകളില്‍ പോസ്റ്റര്‍ പതിച്ചിരുന്നു ഈ ഗ്രാമീണർ.

നോട്ട് നിരോധനവും നികുതി വർദ്ധനവും ബാധിച്ചത് ചെന്നപ്പട്ടണത്തെ  മാത്രമായിരുന്നില്ല. കർണ്ണാടകത്തിന്റെ കലാപാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ബിദാർ ഗ്രാമത്തിലെ ബിദ്രിവെയർ കരകൗശലവസ്തുക്കളുടെ നിർമ്മാണത്തെയും കിന്നൽ ടോയ്സ് എന്ന അറിയപ്പെടുന്ന കിന്നല മരപ്പാവകളുടെ നിർമ്മാണത്തെയും തകർത്തു കളഞ്ഞു. വില കുറഞ്ഞ വെള്ളി ഉപയോഗിച്ചുള്ള അലങ്കാര പണികൾ ആണ് ബാദ്രിവെയർ കരകൗശല വസ്തുക്കളുടെ പ്രത്യേകത. ഈ കരകൗശല വസ്തുക്കൾക്കും ചെന്നപ്പട്ടണം കളിപ്പാട്ടങ്ങളെ പോലെ ഒരു പേർഷ്യൻ പാരമ്പര്യം അവകാശപ്പെടാൻ ഉണ്ട്. മനോഹരവും സൂക്ഷമവുമായ ഡിസൈനിങ്ങുകളുള്ള പാത്രങ്ങളും ചില്ലങ്ങളും എല്ലാം കർണ്ണാടകയുടെ കരകൗശല കലയുടെ പ്രശസ്തമാക്കുന്നതാണ്. നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ നികുതി ക്രമാതീതമായി കൂട്ടിയതോടെ നിർമ്മാണ മേഖലയിൽ നിന്നും മറ്റു ജോലി സാധ്യതകൾ തേടുകയാണിവർ.

അലങ്കാരങ്ങളോടു കൂടിയ രാജാവും രാജ്‌ഞിയും, തലയാട്ടുന്ന പാവ, മരം കൊണ്ടുണ്ടാക്കിയ കാഴ്ചയിൽ യഥാർത്ഥ മെന്നു തോന്നിപ്പിക്കുന്ന പച്ചക്കറിയുടെയും ഫലങ്ങളുടെയും മാതൃകൾ, ആഭരണപ്പെട്ടി, ദൈവങ്ങൾടെ രൂപങ്ങൾ തുടങ്ങി ജിവനുള്ള ഒട്ടേറെ മിനിയേച്ചറുകൾ നിർമ്മിച്ചിരുന്ന സ്ഥലമാണ് കർണ്ണാടകയിലെ കിന്നല ഗ്രാമം. ഇവിടത്തെ ദളിത കുടുംബങ്ങൾ മധ്യസ്ഥരായ വ്യാപാരികളിലൂടെയാണ് ഈ വസ്തുക്കൾ വിപണിയിൽ എത്തിക്കുന്നത്. നോട്ട് നിരോധത്തിൽപ്പെട്ടു പോയ വ്യാപാരികൾ പണം കൊടുക്കാതായതോടെ ഇവിടത്തെ ജീവിതങ്ങളും കഷ്ടപ്പാടിലായി. കരകൗശല കല പ്രവർത്തനത്തിൽ നിന്നും റോഡുപണിക്കും വാർപ്പു പണിക്കും പോയി തുടങ്ങി ഇവിടുത്തെ സധാരണ ജനങ്ങൾ.

ഇന്ത്യയുടെ സംസ്കാരിക വൈവിധ്യം പോലെ പ്രസക്തമാണ്‌ കളിപ്പാട്ട നിർമ്മാണ മേഖലയിൽ കാണുന്ന സംസ്കാരിക വൈവിധ്യവും. ഓരോ കളിപ്പാട്ടങ്ങളിലും അവരത് ആഴത്തിൽ കൊത്തിവെക്കുന്നു. കളികളോടൊപ്പം വലിയ സംസ്കാരിക മണ്ഡലത്തിലൂടെ കടന്നു പോകുന്നു ഈ കളിപ്പാട്ടങ്ങളിലൂടെ ഓരോ കുട്ടിയും. വൈവിധ്യത്തെ തന്റെ കളിഭാവനയിലൂടെ പൊലിപ്പിച്ചെടുക്കുന്നുണ്ട് ബാല്യകൗമാരങ്ങൾ.

മരങ്ങൾ കൊണ്ട് കൊത്തിയുണ്ടാക്കുന്ന ഈ കളിപ്പാട്ടങ്ങളുടെ ലോകത്ത് ഇനി എത് ഭാവന ചിറകു പൂട്ടാൻ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീദേവി പി അരവിന്ദ്

ശ്രീദേവി പി അരവിന്ദ്

കാലടി സര്‍വകലാശാലയില്‍ അധ്യാപികയും ഡോക്യുമെന്ടറി സംവിധായികയുമാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍