UPDATES

ട്രെന്‍ഡിങ്ങ്

ഒളിഞ്ഞു നോക്കുന്ന പോലീസിന് വിസിലടിക്കുന്ന ദേശാഭിമാനി, സദാചാരകേരളം കുറുവടി ചുഴറ്റുമ്പോള്‍

കോഴിക്കോട് ഡൗൺടൗൺ റസ്റ്റോറൻറിൽ ഒരുമിച്ചിരുന്ന കുട്ടികളുടെ ചിത്രങ്ങൾ ഒളിക്യാമറ വെച്ചെടുത്ത് വാർത്തയാക്കിയ ജയ്ഹിന്ദിനും അവിടം അടിച്ച് പൊളിച്ച യുവമോർച്ചക്കാർക്കും ഒപ്പം നിൽക്കും നിങ്ങളും

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

മറൈൻ ഡ്രൈവിൽ ഒരുമിച്ചിരിക്കുന്ന കമിതാക്കളെ അടിച്ചോടിക്കാൻ ശിവസേനക്കാര്‍ കൈയില്‍ വച്ച ചൂരൽവടിയെടുത്ത് സ്വന്തം കക്ഷത്തിൽ വെച്ചിരിക്കുകയാണ് ദേശാഭിമാനി പത്രം. കഴിഞ്ഞ ദിവസം ദേശാഭിമാനി എഴുതിയ ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്‌: ”ബീച്ചിൽ കാറ്റാടിത്തണലിൽ കമിതാക്കളുടെ ആഭാസം; 20 പേർ പിടിയിൽ”. ആലപ്പുഴ കടപ്പുറത്ത് പ്രണയിക്കുന്ന യുവതീയുവാക്കൾ വന്നിരിക്കുന്നു, സ്നേഹം പ്രകടിപ്പിക്കുന്നു എന്നതാണ് ഈ പത്രം അതീവ പ്രാധാന്യത്തോടെ ആശങ്കപ്പെടുന്നത്. ഒപ്പം തന്നെ അവരെ പിടിക്കുകയും വീട്ടുകാരെ വിളിപ്പിക്കുകയും ചെയ്ത പോലീസിൻറെ സദാചാര നടപടിയെ വീരകൃത്യമെന്തോ ചെയ്തെന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുകയും ചെയ്യുന്നു.

രണ്ട് വ്യക്തികൾ പ്രണയിക്കുകയോ ഒരുമിച്ചിരിക്കുകയോ ചെയ്യട്ടെ. അതിൽ മൂന്നാമതൊരാൾക്ക് ഇടപെടാനുള്ള യാതൊരു അവകാശവുമില്ലെന്ന് കേരളസമൂഹം പഠിച്ചു വരുന്ന കാലമാണ്. സദാചാര പോലീസ് ചമയൽ അത്രമേൽ വിമർശിക്കപ്പെടുന്ന ഒരു കാലത്ത് ഇരുപത് വ്യക്തികളോട് കേരള പോലീസ് ചെയ്ത നിയമവിരുദ്ധമായ ഇടപെടലിനെ യാതൊരു സങ്കോചവുമില്ലാതെയാണ് ദേശാഭിമാനി വാഴ്ത്തുകയും അങ്ങേയറ്റം മോശമായ രീതിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത്. പ്രസ്തുത വാർത്തയിൽ തന്നെ പറയുന്നു, പിടികൂടിയവരിൽ പതിനേഴ് വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നുവെന്ന്. അത് സൂചിപ്പിക്കുന്നത് മറ്റ് പത്തൊൻപത് പേരും പ്രായപൂർത്തിയായവരാണെന്നല്ലേ? പ്രായപൂർത്തിയായ രണ്ട് പേർ ഒരുമിച്ചിരുന്നതിന് അവരെ മാതാപിതാക്കളെ വിളിപ്പിക്കുവാനുള്ള അവകാശം കേരളപോലീസിന് എവിടെ നിന്നാണ് ലഭിക്കുന്നത്?

കഴിഞ്ഞ ദിവസമാണ് ദേശാഭിമാനി ആലപ്പുഴ എഡിഷൻ ഉത്ഘാടനം ചെയ്യപ്പെട്ടത്. പൊതുബോധത്തെ കൂട്ട് പിടിച്ച് വായനക്കാരെ കൂട്ടാനുള്ള തന്ത്രമാണോ ഇത്തരം വാർത്തകളെന്ന് സ്വാഭാവികമായും കരുതാം. എന്തായാലും പുരോഗമനപ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന ഒരു സംഘടനയുടെ ജിഹ്വയായിരിക്കുമ്പോള്‍ തന്നെ, തങ്ങളെന്ത് എഴുതരുത് എന്ന കാര്യത്തിൽ ഈ സ്ഥാപനത്തിന് അവ്യക്തതകളുണ്ട്. അത് വെളിവാക്കുന്ന സദാചാര പോലീസിങ്ങിൻറെ ചരിത്രമേറെ ദേശാഭിമാനിക്കുണ്ട് താനും. ചെങ്ങറ സമരത്തിൻറെ ഭാഗമായി നടന്ന പ്രതിഷേധത്തെക്കുറിച്ച് ‘രാത്രിസമരം മസാലമയം’ എന്നാണവർ എഴുതിയത്. ആ സമരസ്ഥലത്ത് സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് ഇടപഴകുന്നത് ഫോട്ടോ എടുത്ത് മുൻപേജിൽ വാർത്തയാക്കുകയും ചെയ്തു. അവരുടെ രാവുകൾ എന്ന പേരിലെഴുതിയ കോളത്തിന് കൊടുത്തത് കൂട്ടായ്മയെന്നെഴുതിയ ബാനറിനു പിന്നിലെ നഗ്നമായ കാലുകളുടെ ചിത്രവും.

ഇടതുപക്ഷത്തിന്റെ മുഖപത്രമായി നിന്ന് കൊണ്ട് ഒരു മാധ്യമത്തിന് രാഷ്ട്രീയമുന്നേറ്റങ്ങളെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും എത്ര സങ്കുചിതമായും പ്രതിലോമകരമായും ചിത്രീകരിക്കാനുകുമെന്നതിന്റെ പഴയവർത്തമാനങ്ങളാണിത്‌. അന്ന്, സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സാംസ്കാരിക പ്രവർത്തകരുടെ സമരം അസംബന്ധവും അനാശ്യാസവുമാണെന്ന് അഭിപ്രായപ്പെട്ടതിൽ പുരോഗമന കലാസാഹിത്യ സംഘവും ഉണ്ട്.
ഇതിനു ശേഷം സിപിഎം നേതൃത്വത്തില്‍ ഏറെ രാത്രി സമരങ്ങൾ നടത്തിയെങ്കിലും ദേശാഭിമാനിയുടെ സദാചാരക്കണ്ണിന് യാതൊരു മങ്ങലുമില്ലെന്നാണ് പുതിയ വാർത്ത സൂചിപ്പിക്കുന്നത്.

രാത്രിസമരക്കാലത്ത് ദേശാഭിമാനിയും കൈരളിയും അതീവ കുറ്റകൃത്യമായി ചിത്രീകരിച്ചതിൽ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ഗാർഗിയുടെ പുകവലിയും പുരുഷ സുഹൃത്തിനൊപ്പമുള്ള ഒരുമിച്ചിരിക്കലും ഉണ്ടായിരുന്നു. അന്ന് സദാചാര വിചാരണക്കിരയായ ഗാർഗി, എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ദേശാഭിമാനി എടുക്കുന്ന ഒരു രാഷ്ട്രീയ ആയുധമായാണ് ഇതിനെ കാണുന്നത്. ”കൈരളി ടിവിയുടെ ഒരു പരിപാടിയിലാണ് അന്നത് ആദ്യം വന്നത്. ചെങ്ങറ ഭൂസമരത്തിന് ഐക്യദാർഡ്യം കൊടുത്തു കൊണ്ടുള്ള രാത്രിസമരമായിരുന്നു. ഇവർ കരുതുന്നത് ഇങ്ങനെ ഡീമോറലൈസ് ചെയ്യുന്നതോടെ നമ്മൾ തകർന്ന് പോകുമെന്നാണ്. അന്ന് സമരക്കാർ വരെ ഞങ്ങളെ പിന്തുണച്ചു. എന്റെ അമ്മ അജിതയോട് ഇവർ ചോദ്യവുമായി ചെന്നപ്പോൾ, എൻറെ മകൾ സിഗററ്റ് വലിക്കുന്നത് എനിക്കും അറിയാം. നിങ്ങൾക്കെന്താ പ്രശ്നം എന്നായിരുന്നു മറുപടി. 

സിപിഎമ്മും ദേശാഭിമാനിയുമൊക്കെ പയറ്റി വരുന്ന പഴയൊരു തന്ത്രമാണ് ഇത്. ഗൗരവകരമായ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ ഇവരിത് ചെയ്തിട്ടുണ്ട്. അവർക്ക് താത്പര്യമില്ലാത്ത സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കാൻ ഇത്തരം ഇടപെടലുകൾ നടത്തിക്കൊണ്ടേ ഇരിക്കുന്നു. കേരള ചരിത്രത്തിലെ തന്നെ സ്ത്രീമുന്നേറ്റങ്ങളിൽ നാഴികക്കല്ലായ നാഷണൽ വുമൻസ് കോൺഫറൻസ് നടന്നപ്പോഴും ഇവരിങ്ങനെ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വന്ന സ്ത്രീകളുടെ ഒത്തുചേരലായിരുന്നു അത്. അന്നും ലൈംഗിക അരാജകത്വമെന്നും മറ്റുമാണ് ദേശാഭിമാനി അതിനെ കുറിച്ചെഴുതിയത്. എസ്എഫ്ഐക്കാരായ കുട്ടികൾ വന്നിരുന്ന് ആങ്ങള, പെങ്ങൾ കളിച്ചു പോയാൽ അവർക്ക് കുഴപ്പമില്ല. അതല്ല, അവർ അംഗീകരിക്കാത്ത ആളുകൾ വന്നിരുന്നാൽ അവർക്ക് പ്രശ്നമാണ്. തങ്ങളുടേതല്ലാത്ത രാഷ്ട്രീയ മുന്നേറ്റങ്ങളോട് ഇവരൊക്കെ ഇടപെട്ട രീതികളെ പരിശോധിക്കുകയാണെങ്കിൽ ഇപ്പോൾ ചെയ്തിരിക്കുന്നതാകും അതിലേറ്റവും കുറവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത്”, ഗാർഗി അഭിപ്രായപ്പെടുന്നു.

കേരളത്തിൽ സദാചാര പോലീസിങ്ങിനെ സംബന്ധിക്കുന്ന ചർച്ചകൾ ഇരകളുടെ ഭാഗത്ത് നിന്നുണ്ടായിട്ട് അധികകാലമായിട്ടില്ല. അത്തരത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തിയ സംഭവമായിരുന്നു ആലപ്പുഴയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനായ എം. രാജേഷും പങ്കാളി രശ്മിയും നേരിട്ട സദാചാരപോലീസിങ്ങ്. തങ്ങള്‍ ആലപ്പുഴ ബീച്ചിൽ ഒരുമിച്ച് ഇരുന്നതിനെ സദാചാരപ്പോലീസ് ചമഞ്ഞെത്തിയവര്‍ ചോദ്യം ചെയ്തതായിരുന്നു സംഭവം. തുടര്‍ന്ന് രാജേഷ്‌ ഇതിനെതിരെ പോലീസിനെ സമീപിക്കുകയും സംഭവത്തില്‍ കേസെടുക്കുകയും വാർത്തയാകുകയും ചെയ്തു. അന്ന് അക്കാര്യത്തിൽ മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് ഏറ്റവും പ്രാധാന്യം കുറച്ച് വാർത്ത നൽകിയത് ദേശാഭിമാനി ആണെന്ന് രാജേഷ് ഓർക്കുന്നു.

ആലപ്പുഴയിൽ ചുംബന സമരത്തിനുൾപ്പെടെ നേതൃത്യം നൽകിയ രാജേഷ് നിലവിൽ ശാസ്ത്രസാഹിത്യ പരിഷത്ത് അംഗം തന്നെയാണ്‌. ഇദ്ദേഹം ബീച്ചിൽ പ്രണയിക്കുന്നവരെ കുറിച്ചുള്ള ദേശാഭിമാനി വാർത്തയെ വിമർശിച്ച് തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയത് ഇങ്ങനെയാണ്‌: ‘‘ആദ്യം എന്തച്ചടിക്കണമെന്നു തീരുമാനിക്കണം, എന്നിട്ടൊക്കെ പോരേ ആലപ്പുഴയിൽ നിന്നും പുതിയ എഡിഷൻ. ഇതൊക്കെ പടച്ചുവിടാൻ മുത്തുച്ചിപ്പിയും മംഗളവുമൊക്കെയുള്ളപ്പോൾ ദേശാഭിമാനിയും മത്സരിക്കണോ?”. ഈ പോസ്റ്റിന് കമൻറായി ദേശാഭിമാനിയിലെ ജീവനക്കാരായ രണ്ട് പേർ രാജേഷിനെ അഭിസംബോധന ചെയ്യുന്നത് തന്നെ “വീട്ടിൽ സ്ഥലമുണ്ടായിട്ടും ഭാര്യയോടൊത്ത് ബീച്ചിൽ പോയി ലൈംഗിക ചേഷ്ടകൾ കാണിച്ച് പോലീസ് അറസ്റ്റ് ചെയ്ത ആള്‍” എന്നാണ്‌. പാലോറ മാതയെ പോലുള്ള ആയിരക്കണക്കിന് പാവങ്ങൾ പശുവിനെ വിറ്റും പൊടിയരി കൊടുത്തും വളർത്തിയ, സാധാരണക്കാരന്റെ പ്രതിരോധമാകേണ്ട പത്രത്തിൽ വന്ന സദാചാര വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് രാജേഷ് പറയുന്നു.

പൊതുസ്ഥലത്ത് സ്വലിംഗത്തിൽപ്പെട്ടവരോടോ എതിർലിംഗത്തിൽപ്പെട്ടവരോടോ ഒപ്പം
ഇരിക്കാനും ഇടപഴകാനുമുള്ള മനുഷ്യൻറെ പ്രാഥമിക അവകാശങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന ഒരു പോലീസും അത് ആഘോഷിക്കുന്ന പാർട്ടി പത്രവും. കോഴിക്കോട് ഡൗൺടൗൺ റസ്റ്റോറൻറിൽ ഒരുമിച്ചിരുന്ന കുട്ടികളുടെ ചിത്രങ്ങൾ ഒളിക്യാമറ വെച്ചെടുത്ത് വാർത്തയാക്കിയ ജയ്ഹിന്ദ് ചാനലിനും ആ സ്ഥലം അടിച്ച് പൊളിച്ച യുവമോർച്ചക്കാർക്കും ഒപ്പം നിൽക്കാനുള്ള സർവ്വയോഗ്യതകളും ഇവർക്കുണ്ട്.

സംഘപരിവാറിൻറെ സദാചാര പോലീസിങ്ങിനെതിരെ ഉയർന്ന മുദ്രാവാക്യങ്ങളിൽ ചെറിയ തിരുത്ത് വരുത്തി, ദേശാഭിമാനിയുടെ കെട്ടിടത്തിൻറെ മുമ്പിലും പോലീസ് സ്റ്റേഷനിലും സമരം ചെയ്യാനും കൈകോർത്ത് പിടിക്കാനും കേരളത്തിലെ ഇടതുപക്ഷം തയ്യാറാകുമോ എന്നാണ് ചോദ്യം. ശിവസേനക്കാർക്കെതിരെ മറൈൻ ഡ്രൈവിൽ ഒരുമിച്ചിരിക്കൽ സമരത്തിന് നേതൃത്വം നൽകിയ പി. രാജീവ് ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ ആയിരിക്കെ പ്രത്യേകിച്ചും!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പെണ്‍ രജത് കുമാര്‍മാര്‍ കുടക്കീഴില്‍ വിരിയിക്കുന്ന സദാചാര കേരളം

ലൈംഗിക ദാരിദ്ര്യം പിടിച്ച മലയാളീ, അനീഷിനെ നിങ്ങള്‍ കൊന്നതാണ്

ഞങ്ങളിടുന്ന ലെഗ്ഗിങ്‌സില്‍ വരെ അശ്ലീലം കാണുന്ന സദാചാര മലയാളികളുടേതായിരുന്നില്ലേ ആ ആള്‍ക്കൂട്ടം!

ആക്ഷന്‍ ഹീറോ മനോരമയുടെ സദാചാര പാഠങ്ങള്‍

ഇത്രയ്ക്ക് ചീപ്പാണോ ഈ സമൂഹം? സദാചാര കേരളം പിന്നോട്ട് നടക്കുമ്പോൾ…

ഇതേത് നാട്? കേരള പോലീസിന്റെ മുഖ്യപണി സദാചാര പരിപാലനമോ?

ആ സദാചാര പോലീസിംഗിൽ പതറാതെ പ്രതികരിച്ച നിങ്ങൾക്കൊരു സല്യൂട്ട്

സംഘികളുടെ സദാചാര പാലനം – കേരള മോഡല്‍

അരുന്ധതി മുതൽ ജമീല പ്രകാശം വരെ; അഴുകിയ സദാചാര മലയാളിയോട്

സ്ത്രീവിരുദ്ധതയുടെ സൈബര്‍ ഇടങ്ങളും മലയാളിയുടെ സദാചാര അശ്ലീലവും

സ്ത്രീകള്‍ രാത്രിയില്‍ ഇറങ്ങിനടക്കുന്ന ആ ‘സുദിന’വും ലേഖനത്തില്‍ ഒളിഞ്ഞിരിക്കുന്ന പുരുഷമേധാവിയും- അനഘയുടെ മറുപടി

ചാനല്‍ അവതാരകരുടെ ശ്രദ്ധയ്ക്ക്; ഈ സദാചാര ഗുണ്ടകളെ ചര്‍ച്ച ചെയ്ത് രക്ഷപ്പെടാന്‍ അനുവദിക്കരുത്

മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടകളും പറ്റിയ പോലീസും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍