UPDATES

ആദിവാസികളുടെ പീലാണ്ടി കൊമ്പന് സവര്‍ണത പോരെന്ന് വനംവകുപ്പ്; അവരവനെ ചന്ദ്രശേഖരനാക്കി

പീലാണ്ടിയുടെ പേരുമാറ്റം വിവാദമാകുമ്പോഴും പ്രതിഷേധം ഉള്ളിലൊതുക്കി നിസ്സഹായരായി തങ്ങളുടെ ഭഗവാനെ വീണ്ടും കാണാൻ തയ്യാറെടുക്കുകയാണ് സാമ്പാർകോട്ടെ ആദിവാസികൾ

‘പീലാണ്ടി’ എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ നെറ്റി ചുളിയുന്നുണ്ടോ? ചുണ്ടിൽ തെളിഞ്ഞുവരുന്ന ചിരിക്ക് ഒരു പരിഹാസത്തിന്റെ നേർത്ത ഛായയുണ്ടോ? ഉണ്ട് എന്നാണെങ്കിൽ, നൂറ്റാണ്ടുകളായി മനുഷ്യൻ മനുഷ്യന്റെ മേൽ ജാതീയമായി നടത്തിയ എല്ലാത്തരം മേൽക്കോയ്മകളുടെയും ഉപോല്പന്നമാണ് അതെന്നു പറയേണ്ടി വരും. പരിഷ്‌കൃതനെന്നും അപരിഷ്‌കൃതനെന്നും വേർതിരിച്ച് ആധിപത്യം നേടിയവന് കിട്ടിയ അംഗീകാരം എന്നും പറയേണ്ടി വരും. ഒറ്റനോട്ടത്തിൽ നോക്കിയാൽ പേരുകൾ വെറുമൊരു തിരിച്ചറിയലിന്റെ അടയാളമാണ്. പക്ഷെ തിരിച്ചറിയൽ എന്നതിൽ ‘വ്യക്തി’ പിറകോട്ട് പോവുകയും ‘ജാതി’യെ മുന്നിലേക്ക് കൊണ്ടുവന്നിടത്തുമാണ് സവർണന്റെ വിജയം. നൂറ്റാണ്ടുകൾക്ക് മുൻപ് ‘നീലകണ്ഠൻ’ നീലാണ്ടനായും ‘ദേവൻ’ തേവനായും ‘അയ്യപ്പൻ’ കുഞ്ഞയ്യപ്പനായും ഒക്കെ പരിണമിക്കപ്പെട്ടത് ഇത്തരം സവർണാധിപത്യത്തിന്റെ പിൻബലത്തോടെയാണ്. അപരിഷ്‌കൃത ജനതയുടെ മാത്രം അപരിഷ്‌കൃതമായ പേരുകളായി ഇവയൊക്കെ പിന്നീട് മുദ്ര ചാർത്തപ്പെട്ടു.

അട്ടപ്പാടിയിൽ നിന്ന് പിടിച്ചെടുത്ത പീലാണ്ടിയെന്ന ആനയെ ചന്ദ്രശേഖരനാക്കി മാറ്റിയതിലൂടെ ഇപ്പോഴും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഒന്നുണ്ട്: ‘പീലാണ്ടി’ ഒരു അപരിഷ്‌കൃത ജനതയുടെ നാമമാണെന്നും അതിനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും. പീലാണ്ടി മ്ലേച്ചവും ചന്ദ്രശേഖരൻ ശ്രേഷ്ഠവും ആണെന്ന് പറയാതെ പറയുകയാണ് ഈ പേരുമാറ്റത്തിലൂടെ. ഒരുവർഷം മുൻപ് അട്ടപ്പാടി സാമ്പാർകോട് നിന്നും പിടിച്ചെടുത്ത് കോടനാട് ആനപരിശീലനകേന്ദ്രത്തിൽ നിന്നും മെരുക്കിയെടുത്ത പീലാണ്ടിയെന്ന ആനയെയാണ് വനംവകുപ്പ് ‘ചന്ദ്രശേഖരൻ’ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസികളാണ് ആനയ്ക്ക് പീലാണ്ടി എന്ന് പേരിട്ടത്.

‘പീലാണ്ടി’: അട്ടപ്പാടി സാമ്പാർകോട്ടെ ആദിവാസികളുടെ ‘ഭഗവാൻ’.

എല്ലാ ദിവസവും കാടിറങ്ങി തീറ്റയും വെള്ളവും തേടി ആദിവാസികളുടെ കൃഷിയിടത്തിലേക്ക് വന്നിരുന്ന കൊമ്പൻ ആദിവാസികളെ സംബന്ധിച്ച് തങ്ങളുടെ കൃഷി നശിപ്പിക്കുന്ന ഒരു ശല്യക്കാരൻ ആയിരുന്നില്ല. പീലാണ്ടി ഏഴുപേരെ കൊന്നുവെന്ന് പലരും പറയുന്നുണ്ടെങ്കിലും ഏഴു പേരെ കൊന്ന ആനയെന്ന ഭീകര വിശേഷണവും അവർ കൊടുത്തിട്ടില്ല. രാത്രിയിൽ കാടിറങ്ങി വന്ന് തോട്ടങ്ങളിൽ നിന്ന് വയറുനിറച്ച് രാവിലെ ആറോടെ കാട്ടിലേക്ക് തിരിച്ചുപോകുന്ന കൊമ്പനെ ഭഗവാനായാണ് അവർ കണ്ടിരുന്നത്. സാമ്പാർകോട്ടെ ഊരുകാർ കണികാണുന്നത് അവനെയാണ്. പ്രദേശത്തെ കൊച്ചു കുട്ടികളടക്കം അവനെ കണികാണാനായെത്തുന്നു. തങ്ങൾ കഷ്ടപ്പെട്ട് ഇറക്കിയ കൃഷിയുടെ നല്ലൊരു ശതമാനം കൊമ്പൻ ആഹാരമാക്കി പോകുമ്പോഴും അവർക്ക് പരാതിയില്ല. ലാഭനഷ്ട കണക്കുകളോർത്ത് അവർ വിലപിക്കാറില്ല. സാമ്പാർകോട്ടെ വീടുകളിൽ പലതിലും അവർ ഒറ്റക്കൊമ്പന്റെ മൺപ്രതിമയുണ്ടാക്കി പൂജിക്കുന്നുണ്ട്. അത്രയ്ക്കും വൈകാരികമായ ബന്ധമാണ് അവർക്ക് പീലാണ്ടിയോടുള്ളത്.

‘നല്ലൊരു മനുഷ്യനായിരുന്നു പക്ഷെ മാപ്പിളയായി പോയില്ലേ’; ടിപ്പു, എപിജെ പിന്നെ പീലാണ്ടി എന്ന കൂട്ടിക്കൊമ്പനും

ഒരിക്കൽ പീലാണ്ടി എന്ന ആദിവാസിയെ കൊമ്പൻ വകവരുത്തിയതോടെയാണ് ആനയ്ക്ക് അവർ പീലാണ്ടിയെന്ന പേര് നൽകിയത്. പീലാണ്ടിയെ ആന വകവരുത്തിയെങ്കിലും അത് ആനയുടെ കുഴപ്പമല്ലെന്നാണ് ആദിവാസികൾ ഇപ്പോഴും പറയുന്നത്. ആനയെ പ്രകോപിപ്പിക്കുമ്പോഴോ അതിന്റെ വഴിയിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കുമ്പോഴോ ആണ് ആന ഉപദ്രവിക്കുന്നതെന്ന് അവര്‍ പറയുന്നു. മാത്രവുമല്ല, പീലാണ്ടി എന്ന ആദിവാസിയുടെ മരണമൊഴികെയുള്ള മറ്റു പല മരണങ്ങളും ആനയുടെ തലയിൽ കെട്ടിവയ്ക്കപ്പെട്ടതാണെന്നും അവർ സംശയിക്കുന്നു.

ചിത്രം കടപ്പാട്: മനോരമ ഓണ്‍ലൈന്‍

പീലാണ്ടിയിൽ നിന്ന് ചന്ദ്രശേഖരനിലേക്ക്

2018 മെയ് 30-നാണ് പലരെയും വകവരുത്തിയ ശല്യക്കാരൻ എന്ന നിലയിൽ പീലാണ്ടിയെ വനം വകുപ്പ് പിടികൂടി കോടനാട് ആനപരിശീലന കേന്ദ്രത്തിലെത്തിക്കുന്നത്. മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ ഏറെ സമയമെടുത്തു പീലാണ്ടിയെ കൂട്ടിലാക്കാൻ. പീലാണ്ടിയെ പിടികൂടി അവിടെ നിന്നും കൊണ്ടുപോകുന്നത് ആദിവാസികളെ സംബന്ധിച്ച് ഹൃദയഭേദകമായിരുന്നു. വനം വകുപ്പ് ആനയെ കൊണ്ടുപോകുമ്പോൾ ഏറ്റവും നിസ്സഹായതയോടെ കിലോമീറ്ററുകളോളം അവർ അവനെ പിന്തുടർന്നു. സ്ത്രീകളും കുട്ടികളും കരഞ്ഞുകൊണ്ട് അഗളി ടൌൺ വരെയെത്തി. തങ്ങൾ എന്നും കണികണ്ടിരുന്ന പീലാണ്ടി പോയതോടെ അവർ അസ്വസ്ഥരായി. അട്ടപ്പാടിയിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം 54 പേരടങ്ങുന്ന ഒരു സംഘം കോടനാടെത്തി. പരിശീലനം പൂർത്തിയാക്കിയ പീലാണ്ടി അപ്പോഴേക്കും ചന്ദ്രശേഖരനായി മാറിയിരുന്നു. പീലാണ്ടിക്ക് അട്ടപ്പാടിയിൽ നിന്നും കൊണ്ടുപോയ പഴങ്ങളും ശർക്കരയും സമ്മാനിച്ചാണ് അവർ തിരിച്ചുപോന്നത്.

അമ്മ നഷ്ടപ്പെട്ട പൊന്നുണ്ണിയെ കാട്ടിലയയ്ക്കണോ കൂട്ടിലടയ്ക്കണോ? ഒരാനക്കുട്ടിയുടെ ദുരിതജീവിതം

പേരുമാറ്റം അട്ടപ്പാടിയിലെ ആദിവാസികളുടെ സ്വത്വത്തിനേറ്റ അപമാനം.

സർക്കാർ സംവിധാനത്തിന് കീഴിൽ എല്ലാ ജനതയ്ക്കും തുല്യതയോടെ ജീവിക്കാൻ അവകാശമുണ്ട്. അവന്റെ എല്ലാത്തരത്തിലുമുള്ള അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. എന്നിട്ടും സർക്കാരിന്റെ കീഴിലുള്ള ഒരു വകുപ്പ് മുൻകൈയെടുത്ത് പേര് മാറ്റിയതിലൂടെ ആദിവാസികളെ അപമാനിക്കുകയാണ് ചെയ്തതെന്ന് പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ ബോബൻ മാട്ടുമന്ത പറയുന്നു.
പീലാണ്ടി ചന്ദ്രശേഖരനായപ്പോഴാണ് ആനകളിലെ സവർണ്ണത ചിന്തയിലെത്തിയത്. കേരളീയ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കാനുള്ള തലയെടുപ്പ് പീലാണ്ടി എന്ന പേരിനില്ലെന്ന് വനംവകുപ്പ് വിധിയെഴുതുമ്പോൾ പുറത്തുവരുന്നത് പതിറ്റാണ്ടുകളായി അടിഞ്ഞിരിക്കുന്ന സവർണ മനോഭാവമാണ്. കാടുകളിൽ നിന്ന് പിടികൂടി നാട്ടുമര്യാദ പഠിപ്പിക്കുന്ന ആനകൾക്ക് സവർണരായ നാട്ടുകാരുടെ പേരിടണമെന്ന് ഏതു നിയമമാണ് പറയുന്നത്? കോന്നി, കോടനാട് ആന പരിശീലന കേന്ദ്രത്തിലും ഗുരുവായൂർ, കൊച്ചി, തിരുവിതാംകൂർ ദേവസ്വം ബോർഡുകളുടെ കീഴിലുമുള്ള 70 ൽ അധികം ആനകളുടെ പേരുകളും ഇത്തരത്തിലാണ്. പീലാണ്ടി എന്ന പേരിനു പോലും അയിത്തം കൽപ്പിക്കുന്ന നമ്മൾ അട്ടപ്പാടിയെയും പാർശ്വവൽക്കരിക്കപ്പെട്ട ജനതയെയും മുഖ്യധാരയിലെത്തിക്കുമെന്ന് പറയുന്നത് കാപട്യമല്ലേ?” ബോബൻ ചോദിക്കുന്നു.

പീലാണ്ടിയുടെ പേര് പീലാണ്ടിയായിത്തന്നെ നിലനിർത്തണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരിക്കുകയാണ് ബോബൻ മാട്ടുമന്ത.

പീലാണ്ടിയുടെ പേരുമാറ്റം വിവാദമാകുമ്പോഴും പ്രതിഷേധം ഉള്ളിലൊതുക്കി നിസ്സഹായരായി തങ്ങളുടെ ഭഗവാനെ വീണ്ടും കാണാൻ തയ്യാറെടുക്കുകയാണ് സാമ്പാർകോട്ടെ ആദിവാസികൾ.

നമ്മുടെ പീലാണ്ടിയെ ഇനി കാണാൻ പറ്റില്ലേ അമ്മെ എന്ന് തന്റെ അമ്മയോട് ചോദിക്കുന്ന കോളനിയിലെ അഞ്ചു വയസ്സുകാരന്റെ ചോദ്യത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം പീലാണ്ടി എന്ന കൊമ്പൻ ആദിവാസിസമൂഹത്തിലുണ്ടാക്കിയ വൈകാരികമായ സ്വാധീനം.

നിങ്ങള്‍ ആന പ്രേമിയാണോ? എങ്കില്‍ ഇത് വായിക്കുക

ആനകളുടെ ശവപ്പറമ്പായി മാറുന്ന കേരളത്തിലെ കാടുകള്‍; ഇക്കൊല്ലം ചെരിഞ്ഞത് 218 ആനകള്‍

ആന കാടിറങ്ങിയതല്ല, നമ്മള്‍ കാടുകയറിയതാണ്

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍