UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനവും കോടതിയും പേടിക്കുന്ന ചെ

ഗായകന്‍ ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടി ഷര്‍ട്ടിട്ട് പോകുന്ന പയ്യന്മാരെ കഞ്ചാവുകേസ് എന്നു വിളിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയും പറ്റുമെങ്കില്‍ ഇടിച്ചു കൊല്ലുകയും ചെയ്യുന്നവരാണ് കേരള പോലീസ്.

ജനരക്ഷാ യാത്രയ്ക്കിടെയാണ് കുമ്മനം രാജശേഖരന്‍ ചെയെ കുറിച്ചു പരാമര്‍ശിച്ചത്. സിപിഎമ്മുകാര്‍ കച്ചറ ഉണ്ടാക്കുന്നതിന് പ്രധാന കാരണം ബൊളീവിയന്‍ വിപ്ലവ നേതാവ് ചെ ഗുവാര ആണ് എന്നായിരുന്നു കുമ്മനത്തിന്റെ വെളിപാട്. നാലു ദിവസം കണ്ണൂരിലൂടെ നടന്നപ്പോഴാണ് ചെ പ്രതിഭാസത്തിന്റെ ശക്തി കുമ്മനത്തിന് മനസിലായത്. എല്ലാ സര്‍ക്കാര്‍ വക ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും ചെ; മരത്തലപ്പുകളില്‍ പാറി കളിക്കുന്ന ചെ.

അപ്പോള്‍ ചെ ഗുവാരയെ അങ്ങ് നിരോധിച്ചാല്‍ സിപിഎം പിള്ളേരുടെ ആവേശം അങ്ങ് കെട്ടോളും. കുമ്മനത്തിന്റെ ചെറിയ ബുദ്ധിയില്‍ തോന്നിയതാണ്.

ഈ കാര്യം കുമ്മനത്തിന് തോന്നുന്നതിന് മുന്‍പേ ബിജെപിയില്‍ തോന്നിയ ഒരാളുണ്ട്. എ.എന്‍ രാധാകൃഷ്ണന്‍. കേരളത്തിലെ സഖാക്കളുടെ ഉശിരിന് പിന്നില്‍ ആ ലാറ്റിന്‍ അമേരിക്കന്‍ ഗറില്ല തന്നെ. ചെ ഗുവാരയെ അങ്ങ് നിരോധിക്കണം എന്നായിരുന്നു രാധാകൃഷ്ണന്റെ ആവശ്യം.

ഇപ്പോഴിതാ കേരള ഹൈക്കോടതിയും പറയുന്നു. കലാലയങ്ങളിലെ എല്ലാ കുഴപ്പത്തിനും കാരണം ചെയാണ്. ചെയുടെചിത്രമുള്ള ടീ ഷര്‍ട്ട് ഇട്ടാല്‍ വിപ്ലവം വരുമോ എന്നാണ് കോടതിയുടെ ‘പ്രസക്ത’മായ ചോദ്യം.

മാന്നാനം കെ ഇ കോളേജില്‍ പ്രിന്‍സിപ്പലിനെ തടഞ്ഞു വെച്ചതുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരായ കേസില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെ പരാമര്‍ശം നടത്തിയത്.

മൈ ലോര്‍ഡ്, ഒരേയൊരു ചോദ്യം. വിപ്ലവം വരാനുള്ള പ്രത്യേക വഴികള്‍ എന്തെങ്കിലും ഇന്ത്യന്‍ ഭരണഘടനയോ നിയമ വ്യവസ്ഥയോ നിര്‍വചിച്ചിട്ടുണ്ടോ?

ഇന്ത്യയിലെ ദലിതുകള്‍  പ്രക്ഷോഭങ്ങള്‍ നടത്തുമ്പോള്‍ ധരിക്കുന്ന ടീ ഷര്‍ട്ടില്‍ ഡോ. അംബേദ്ക്കറുടെ ചിത്രമാണ് ഉണ്ടാകാറ്. ഭരണഘടനാ ശില്‍പിയുടെ ചിത്രം നിയമലംഘന സമരം നടക്കുമ്പോള്‍ ഉപയോഗിക്കരുത് എന്നു കോടതി ഉത്തരവ് പുറപ്പെടുവിക്കുമോ? തമിഴ്നാട്ടില്‍ ദ്രാവിഡ കക്ഷികള്‍ തന്തെ പെരിയാറിന്റെ ചിത്രം കുപ്പായത്തില്‍ അച്ചടിച്ചുപയോഗിക്കും. മറാത്തയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉന്നയിച്ച് ഇതര സംസ്ഥാനക്കാരെ ഉപദ്രവിച്ചിട്ടുള്ള ശിവസേന ശിവജിയുടെ ചിത്രം ഉപയോഗിക്കാറുണ്ട്. സാമൂഹ്യ മാറ്റത്തിനുള്ള പ്രവര്‍ത്തന വേദികളില്‍ ഗാന്ധിജിയുടെ ചിത്രവും ടീ ഷര്‍ട്ടുകളില്‍ ഉപയോഗിച്ച് കണ്ടിട്ടുണ്ട്. യുവാക്കളുടെ പ്രക്ഷോഭ വേദികളില്‍ ഉജ്ജ്വല രക്തസാക്ഷി ഭഗത് സിംഗിന്റെ ചിത്രവും കാണാറുണ്ട്. കഴിഞ്ഞ മെയ് ദിനത്തില്‍ ബെംഗളൂരുവില്‍ പ്രകടനം നടത്തിയ ഐടി തൊഴിലാളിയുടെ ടീ ഷര്‍ട്ടില്‍ കണ്ടത് ലോകം സ്വേച്ഛാധിപതി എന്നു കുറ്റപത്രം നല്‍കിയിട്ടുള്ള ജോസഫ് സ്റ്റാലിന്റെ ചിത്രമാണ്.

വിപ്ലവത്തിന് പോകുമ്പോഴായാലും കൂലിപ്പണിക്ക് പോകുമ്പോഴായാലും എന്തു ധരിക്കണം എന്നത് അവവരവരുടെ സ്വാതന്ത്ര്യം അല്ലേ മൈ ലോര്‍ഡ്. വസ്ത്രധാരണ സ്വാതന്ത്ര്യം സ്റ്റേറ്റ് അനുവദിച്ചിട്ടുള്ള മൌലികാവകാശമല്ലേ? അങ്ങനെയല്ലേ ഇടയ്ക്ക് ടീ ഷര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടാറുള്ള അംബേദ്ക്കറും എഴുതിവെച്ചിട്ടുള്ളത്?

കുട്ടികളെ അറസ്റ്റ് ചെയ്യാന്‍ പറ്റാതിരുന്നത് അവര്‍ സ്റ്റഡി ലീവിലായതുകൊണ്ടാണ് എന്ന പോലീസിന്റെ സത്യവാങ്മൂലം പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.

ഗായകന്‍ ബോബ് മാര്‍ലിയുടെ ചിത്രമുള്ള ടി ഷര്‍ട്ടിട്ട് പോകുന്ന പയ്യന്മാരെ കഞ്ചാവുകേസ് എന്നു വിളിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയും പറ്റുമെങ്കില്‍ ഇടിച്ചു കൊല്ലുകയും ചെയ്യുന്നവരാണ് കേരള പോലീസ്. എന്തായാലും അവരോട് തന്നെ ഈ കാര്യം പറയണം.

പ്രതിഷേധത്തിന്റെയും വിയോജിപ്പിന്റെയും ആവിഷ്ക്കാരങ്ങള്‍ക്ക് നിയതമായ രൂപം നിശ്ചയിക്കാന്‍ പറ്റില്ല മൈ ലോര്‍ഡ്. വിപ്ലവം ഇങ്ങനയേ സംഭവിക്കൂ എന്നു മുന്‍കൂട്ടി പ്രവചിക്കാനും.

പിന്നെ ഒരു കാര്യം, ഇന്ത്യാ മഹാരാജ്യത്ത് വിപ്ലവം നടത്താനാണ് എസ്എഫ്ഐക്കാര്‍ പണിയെടുക്കുന്നത് എന്നു അവര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. അപ്പോഴാണ്..

ചെ ഗുവാരയുടെ മകള്‍ മലയാള മനോരമയ്ക്ക് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്, ചെ ഗുവാരയെ ടീ ഷര്‍ട്ടിലാക്കുന്നത് കച്ചവടമാണ് എന്നാണ്.

അപ്പോള്‍ അത്രയേ ഉള്ളൂ കാര്യം. എല്ലാം ഒരു ഭ്രമം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍