യഥാര്‍ത്ഥത്തില്‍ ഇത്രെയേറെ സുന്ദരസുരഭിലമാണോ നമ്മുടെ കുടുംബങ്ങള്‍?
ആണും പെണ്ണും തമ്മില്‍ പങ്കുവയ്ക്കപ്പെടുന്ന ഏറ്റവും മനോഹരമായ ബന്ധത്തിന്റെ കഥപറയുന്ന ചിത്രമെന്ന നിലയ്ക്കാണ് രാമന്റെ ഏദന്‍തോട്ടത്തെ മലയാളസിനിമയില്‍ അടയാളപ്പെടുത്തുക. സൗഹൃദം എന്നോ പ്രണയം എന്നോ കൃത്യമായി പേരിട്ടു വിളിക്കാത്ത കറുപ്പും വെളുപ്പും ചാരവും മറ്റനേകം നിറങ്ങളും ഇടകലരുന്ന ബന്ധങ്ങളെ പ്രതിനിധീകരിക്കുന്ന തരം ചിത്രങ്ങള്‍ അടുത്തകാലത്ത് മുഖ്യധാരാ മലയാള സിനിമകളില്‍ വിരളമായി മാത്രം സംഭവിക്കുന്ന ഒന്നായി മാറുന്നുണ്ട്. കുടുംബം എന്നതിനെ പവിത്രമായ ഒന്നായി കാണുകയും നിലനിര്‍ത്തുകയും ചെയ്യുക എന്ന മുഖ്യധാരാ സിനിമാനിയമങ്ങളെ ഒരു പരിധിവരെ വെല്ലുവിളിക്കാന്‍ രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തിന് സാധിക്കുന്നുണ്ട്.
മലയാള സിനിമയുടെ സുവര്‍ണ കാലത്തില്‍, അതാതു കാലങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹിക നിയമങ്ങളെ മാറ്റിയെഴുതുന്ന തരം ബന്ധങ്ങളെ പ്രതിനിധീകരിക്കാന്‍ മലയാള സിനിമയ്ക്ക് ഒരു പരിധിവരെയെങ്കിലും കഴിഞ്ഞിരുന്നുവെങ്കില്‍, പിന്നീട് പുറത്തിറങ്ങിയ ചലച്ചിത്രങ്ങള്‍ മിക്കതും ഉത്തമ കുടുംബം വാര്‍ത്തെടുക്കേണ്ടതിന്റെ ഉദാഹരങ്ങളുമായാണ് മലയാളിയുടെ മുന്നിലേക്കെത്തിയത്. ഉത്തമയായ ഭാര്യ, സ്‌നേഹമുള്ള ഭര്‍ത്താവ്, കുട്ടികള്‍ എന്ന സ്ഥിരം സമവാക്യങ്ങള്‍ എഴുതി ഉത്തമ കുടുംബത്തിന്റെ വാര്‍പ്പ് മാതൃകകള്‍ പണിതു വയ്ക്കുകയും, അത്തരം ഉദാത്തകുടുംബങ്ങളെ വാര്‍ത്തെടുക്കാന്‍ ആവിശ്യമായ കൂട്ടുകള്‍ ഉപദേശങ്ങളുടെയും അനുഭവങ്ങളുടെയും രൂപത്തില്‍ പകര്‍ന്നു തരികയും ചെയ്യുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്.
90-കള്‍ക്ക് ശേഷം ഉടലെടുത്ത അണുകുടുംബങ്ങളെ നിശിതമായി വിമര്‍ശിച്ച് ഒരു കാരണവര്‍ക്ക് കീഴില്‍ കുടുംബത്തിന്റെ പരിപൂര്‍ണ്ണ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന, സ്വാര്‍ത്ഥതയില്ലാത്ത കുടുംബത്തിനും പുരുഷാധികാരത്തിനും പൂര്‍ണമായി കീഴ്‌പ്പെട്ടു കഴിയുന്ന കുടുംബങ്ങളാണ് ഈ നിര്‍മിതിയില്‍ ഒന്നാം സ്ഥാനം. വാത്സല്യം പോലുള്ള കുടുംബചിത്രങ്ങള്‍ കണ്ട് ഇപ്പോഴും ഗദ്ഗദകണ്ഠയായി ‘എന്നാലും ആ സിദ്ദിക്കും ഭാര്യേം ചെയ്തതേ…’ എന്നോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഒരു മലയാളി മധ്യവര്‍ഗ സമൂഹത്തെ നിര്‍മിക്കുന്നതില്‍ ഈ സിനിമകള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.
കുടുംബം എന്നാല്‍ പഴയ കൂട്ടുകുടുംബം തന്നെ എന്ന് ചിന്തിക്കുന്ന വിധത്തില്‍; ഫോണില്‍ സംസാരിച്ച് അനേകരോട് ബന്ധം പുലര്‍ത്തുന്ന പെണ്‍കുട്ടികള്‍, ഓണപൂക്കളത്തെ ‘ഓ ക്രാപ്പ്’ എന്ന് വിളിച്ച് അവജ്ഞയോടെ നോക്കുന്ന കൗമാരക്കാര്‍ തുടങ്ങി, അച്ചടക്കമില്ലാത്ത ഒരു പട്ടണ അണുകുടുബത്തിനു മാതൃകയായി വരുന്ന കസവുമുണ്ട്-നിലവിളക്ക്-സ്‌നേഹം എന്ന ഒരു ലളിതസമവാക്യങ്ങളിലൂടെ നമുക്ക് മുന്നില്‍ നന്മമരങ്ങളെ മാത്രം മുളപ്പിക്കുന്ന നാട്ടിന്‍പുറങ്ങളും അഴിഞ്ഞാട്ടത്തിന്റെ പട്ടണജീവിതങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും അതില്‍ ആത്യന്തികമായി വിജയം നേടുന്ന നാട്ടിന്‍പുറങ്ങളും സൃഷ്ടിക്കാന്‍ മലയാള സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
2005-ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം രാപ്പകല്‍ ഇത്തരത്തില്‍ മലയാളിയുടെ കുടുംബ നൊസ്റ്റാള്‍ജിയ എപ്പോള്‍ വേണമെങ്കിലും വിറ്റു കാശക്കാവുന്ന ഒന്നാണ് എന്ന് തെളിയിച്ച ഒന്നാണ്. 90-കളില്‍ നമുക്ക് നഷ്ടമായത് തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതകള്‍ ഘോരഘോരം വിളംബരം ചെയ്ത് പഴമയിലേക്കു തിരിച്ചു നടക്കൂ എന്ന സന്ദേശം മാത്രമാണ് ആ സിനിമയുടെ ബാക്കിയായി മനസില്‍ നില്‍ക്കുന്നത്. നേരത്തെ പറഞ്ഞ സമവാക്യങ്ങളുടെ ഒരു ഉത്തമ ഉദാഹരണം. ഇങ്ങനെയുള്ള കൂട്ടുകുടുംബത്തില്‍, തറവാട്ടില്‍ ജീവിക്കാന്‍ ഭാഗ്യമില്ലാതെ പോയ നമ്മള്‍ ഒക്കെ എന്ത് ജീവികള്‍ എന്ന് ആലോചിക്കുകയും സങ്കടപ്പെടുക കൂടി ചെയ്താല്‍ സിനിമയുടെ ഉദ്ദേശ്യം സാര്‍ത്ഥകമായി. ഇത്തരം സിനിമകള്‍ എന്തുകൊണ്ട് പ്രശ്നമാകുന്നു എന്ന് ചോദിച്ചാല്‍ ഇവ നിര്‍മിക്കുന്ന ഉത്തമ മാതൃക കുടുംബങ്ങളുടെ ബാധ്യതകള്‍ പേറേണ്ടിവരുന്ന ഒരു സമൂഹത്തെ മുന്നിലേക്ക് നിര്‍ത്തി കാണിച്ചു കൊടുക്കേണ്ടി വരും.
കോട്ടയത്തുള്ള പുരാതന തറവാടുകളിലെ അമ്മമാര്‍ പോലും ‘ന്നാലും ന്റെ കുട്ട്യേ’ എന്ന വള്ളുവനാടന്‍ അമ്മത്തങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് സ്‌നേഹവും നന്മയും മാത്രം വിളമ്പുന്ന ഒരു കൂട്ടമായി മലയാള സിനിമയെ അടക്കി വാണു. അതേസമയം യഥാര്‍ത്ഥ ജീവിതത്തില്‍ ‘എടീ ഇവടെ വന്നില്ലേല്‍ നിന്റെ കാലു ഞാന്‍ തല്ലിയൊടിക്കും’ എന്ന് അലറുന്ന നമ്മുടെ അമ്മമാര്‍ക്ക്, ഈ അമ്മമാരെപ്പോലെ സ്‌നേഹമയികളായി, ‘ന്താ കുട്ട്യേ വയ്യാണ്ടായോ? ഇങ്ങട്ട് വരൂ, അമ്മ ഒന്ന് കാണട്ടെ’ എന്ന് പറഞ്ഞൂടെ എന്ന അവജ്ഞയില്‍ നോക്കി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലേക്ക് സിനിമ നമ്മെ സ്വാധീനിക്കുകയും ചെയ്തു. ഇത്തരം അമ്മത്ത മാതൃകകളെ ചോദ്യം ചെയ്തുകൊണ്ടാണ് അതേവര്‍ഷം പുറത്തിറങ്ങിയ ‘അച്ചുവിന്റെ അമ്മ’ വ്യത്യസ്തമാകുന്നത്. അപ്പോഴും സന്തോഷങ്ങളുടെ വിളനിലമായ ഒരു തറവാടും കുടുംബവും അത് ലഭിക്കാതെ പോകുന്നതിന്റെ വേദനകളും ഒളിഞ്ഞും തെളിഞ്ഞും അച്ചുവിന്റെ അമ്മയിലും പ്രകടമായിരുന്നു. വ്യത്യസ്തമായ കുടുംബങ്ങള്‍ അപ്പോഴും തളച്ചിടപ്പെടേണ്ടത് ഉത്തമ കുടുംബം എന്ന മാതൃകകളിലാണ് എന്ന് പറയാതെ പറഞ്ഞുകൊണ്ട്.
ഓണത്തിനും വിഷുവിനും (സവര്‍ണ കൂട്ടുകുടുംബങ്ങള്‍ക്കേ മാര്‍ക്കറ്റുള്ളൂ ഭായ്) അമ്പത് ബന്ധുക്കളും കുട്ടികളും വന്ന് ഓണപൂക്കളവും പാട്ടും പടക്കം പൊട്ടിക്കലുമായി കൂടിയിരിക്കുമ്പോള്‍ മാത്രമേ ഇമ്പം ഉണ്ടാകൂ എന്ന ബോധ്യത്തെ ഊട്ടി ഉറപ്പിച്ച ചലച്ചിത്രങ്ങള്‍. ഇതിലൊക്കെ നന്മയുള്ള അമ്മ മാത്രമല്ല മറിച്ച്, ക്ഷമയുള്ള ഭാര്യ, ഭര്‍ത്താവിന്റെ എല്ലാ കൊള്ളരുതായ്മകളും സഹിക്കുന്ന, അതിനൊക്കെ കരഞ്ഞും പിഴിഞ്ഞും സഹിച്ചും കുടുംബത്തിന്റെ ‘മാനം’ സംരക്ഷിക്കുന്ന ഉത്തമ ഭാര്യാമാതൃകകളും ഉണ്ടേ… ഇതിനേക്കാള്‍ ഒക്കെ ഉപരിയാണ് ഭാര്യാ-ഭര്‍തൃ ബന്ധം കാണിക്കുന്ന സീനുകളുടെ അവസ്ഥ. വിവാഹം കഴിഞ്ഞ് 15 കൊല്ലം കഴിഞ്ഞാലും ഭര്‍ത്താവ് പൊട്ടു തൊട്ടു കൊടുക്കുമ്പോള്‍ പോലും ശരീരം വിറകൊള്ളുന്ന, വെളിച്ചം കെടുത്തിയിട്ടില്ലേല്‍ ‘ഇയ്ക്ക് നാണണ്ടേയ്’ എന്നൊക്കെ പറഞ്ഞു ലജ്ജ വിവശയായി തലകുനിക്കുന്ന സ്ത്രീ ശരീരങ്ങള്‍, അവരിലൂടെ ഊട്ടി ഉറപ്പിക്കുന്ന ‘മലയാളിത്തനിമ’യും സംസ്‌കാരവും.
2007-ലെ ‘ഒരേകടലി’ല്‍ ആവാം വിവാഹത്തിനു പുറത്തേക്കുള്ള ഒരു സ്ത്രീയുടെ സഞ്ചാരത്തെ അല്‍പമെങ്കിലും അടയാളപ്പെടുത്താന്‍ മലയാള സിനിമ തയ്യാറായത്. പക്ഷെ ആ സഞ്ചാരത്തെ ഭ്രാന്തിന്റെയും ശിഥിലമാക്കപ്പെടുന്ന കുടുംബത്തിന്റ വേവലാതികളിലും കെട്ടിയിടാന്‍ ഉള്ള അബോധമായ ശ്രമം സംവിധായകന്‍ നടത്തുന്നുണ്ട്. ഒരേകടലിലും നായിക തന്റെ പ്രണയത്തിലേക്ക് പോകുന്നത് കുടുംബമായിട്ടു തന്നെയാണ്. ഒരു സ്ത്രീ എന്ന നിലയില്‍ അവളുടെ സ്വതന്ത്രമായ ഒരു പുറത്തേയ്ക്കു പോകല്‍ എന്നതിലുപരി മറ്റൊരു പ്രണയത്തിലേക്ക്… നേരത്തെ ഉണ്ടായിരുന്ന പോലുള്ള ഒരു കുടുംബ വ്യവസ്ഥയിലേക്കാണ് കുട്ടികളെയും കൊണ്ട് അവള്‍ പോകുന്നത്. അവളുടെ ജീവിതത്തെ, ആഗ്രഹങ്ങളെ തിരഞ്ഞെടുക്കുന്ന ഒന്നായല്ല അവിടെയും കുടുംബത്തില്‍ നിന്നുള്ള അവളുടെ ഇറങ്ങിപ്പോകലിനെ ചിത്രീകരിച്ചിരിക്കുന്നത്.
കുടുംബം എന്നതിനെ, അതിന്റെ ‘പവിത്ര’തയെ പൊളിച്ചുകളയുന്ന അല്ലെങ്കില്‍ ചോദ്യം ചെയ്യുന്ന വിഷയങ്ങള്‍ മലയാളികള്‍ക്ക് എത്രയോ വിരളമായേ തിരശീലയില്‍ കാണാന്‍ സാധിച്ചിട്ടുള്ളു. നമുക്കു ചുറ്റും കാണുന്ന ജീവിതങ്ങളെ അവതരിപ്പിക്കുന്നുവെന്നു അവകാശപ്പെടുന്ന സിനിമകളില്‍ പോലും യാഥാസ്ഥിതിക കുടുംബ ബന്ധങ്ങള്‍ക്ക് അപ്പുറമുള്ള കുടുംബങ്ങള്‍ക്ക് പ്രാതിനിധ്യം വളരെ കുറവാണ്. രണ്ടാനച്ഛന്‍മാര്‍ പീഡകരാകും എന്ന് പറയുന്ന മഞ്ഞുപോലുള്ള പെണ്‍കുട്ടിയും മിന്നാമിന്നിക്കൂട്ടത്തില്‍ മറ്റൊരു പുരുഷനെ തിരഞ്ഞെടുത്ത ഭാര്യയെക്കുറിച്ച്, ‘അമ്മ മരിച്ചു പോയി’ എന്ന് മകളോട് കളവു പറയുന്ന ഭര്‍ത്താവും ഒക്കെയാണ് മലയാള സിനിമയില്‍ കണ്ടുവരുന്ന പതിവ് മാതൃകകള്‍. ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പ്, മരണം പോലെ അസ്തിത്വത്തെത്തന്നെ ഇല്ലാതാക്കുന്ന ഒന്നാണ് എന്ന് പറയാതെ പറയുന്ന മലയാള സിനിമകള്‍ ആണ് നമുക്ക് ഏറെ പരിചിതം. അതിനിടയില്‍ വല്ലപ്പോഴും ആശ്വാസമായി മാറുന്ന ചില പേരുകള്‍ മാത്രമേ പറയാനാകുന്നുള്ളു എന്നത് ഖേദകരമാണ്.
യഥാര്‍ത്ഥത്തില്‍ ഇത്രയേറെ സുന്ദരസുരഭിലമാണോ നമ്മുടെ കുടുംബങ്ങള്‍? ഇത്രമേല്‍ നേര്‍രേഖയില്‍ ചലിക്കുന്നവയാണോ? ഒരേ അച്ചില്‍ വാര്‍ത്ത, ഒരു വ്യതിയാനവും ഇല്ലാത്ത ഫാക്ടറി കുടുംബങ്ങളെയാണോ നാം ചുറ്റിലും കാണുന്നത്? മലയാള സിനിമയില്‍ ഇത്തരത്തില്‍ വൈവിധ്യമുള്ള കുടുംബങ്ങളെ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും അവതരിപ്പിക്കാന്‍ നമുക്ക് സാധിക്കാത്തത് എന്തുകൊണ്ടായിരിക്കും? ഈ പശ്ചാത്തലത്തിലാണ് ടേക്ക് ഓഫ്, സൈറ ബാനു, രാമന്റെ ഏദന്‍തോട്ടം പോലുള്ള സിനിമകള്‍ വ്യത്യസ്തമായ കുടുംബങ്ങളെ അവതരിപ്പിക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മലയാളിയുടെ കപട സദാചാര ബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് എന്ന വിമര്‍ശനത്തിനിടയിലും രാമന്റെ ഏദന്‍ തോട്ടം പോലുള്ള സിനിമകള്‍ പ്രസക്തമാകുന്നത്.
കുടുംബം എന്നാല്‍ ഒരാളുടെ ആഗ്രഹങ്ങള്‍ മറന്ന്, മറ്റൊരാള്‍ക്കുവേണ്ടി പൂര്‍ണമായി കീഴ്‌പ്പെടുന്നതല്ല എന്നും, കുടുംബം എന്ന വേലിക്കപ്പുറത്ത് മനോഹരങ്ങളായ ധാരാളം ബന്ധങ്ങള്‍ ഉണ്ട് എന്നും കാണിച്ചു തരുന്ന കൊച്ചു സിനിമകള്‍. രണ്ടു കൊല്ലം മുന്നേ ഇറങ്ങിയ റാണി പദ്മിനിയില്‍ തന്നെ ഉപേക്ഷിക്കാന്‍ തയ്യാറായ ഭര്‍ത്താവിനോട് തന്റെ ഇടമായ, ‘വീട്ടിലേക്കു വാ… ട്ടാ… കാണിച്ചു തരാം’ എന്ന് പ്രണയപൂര്‍വം പറഞ്ഞ് രണ്ടു കൊല്ലത്തിനു ശേഷം ഒരു മിടുക്കന്‍/മിടുക്കത്തി കുഞ്ഞുമായി കുടുംബത്തിലേക്ക് മടങ്ങുന്ന നായികയെ കാണിച്ചു തരുമ്പോള്‍, ‘തെറ്റുകള്‍ ക്ഷമിക്കാം’ എന്ന് ഔദാര്യത്തോടെ പറയുന്ന ഭര്‍ത്താവിനോട്, ‘തെറ്റുകള്‍ ക്ഷമിക്കാം എന്ന് പറഞ്ഞത് മനസിലായില്ല’ എന്ന ഉറച്ച ശബ്ദത്തില്‍ ചോദിക്കുന്ന നായികയെ അവതരിപ്പിക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞു എന്നത് എടുത്തുപറയണം.
നമ്മുടെ മോളെ ഓര്‍ക്കൂ എന്ന സ്ഥിരം ക്ലീഷേ വാചകത്തിനു മറുപടിയായി ‘അവള്‍ക്കു കണ്ടു വളരാന്‍ ഒരു ലോകം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞില്ല, അവള്‍ക്കു ജീവിക്കാന്‍ രണ്ടു ലോകങ്ങള്‍ നമുക്ക് നല്‍കാം’ എന്ന് ഒരു ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന സ്ത്രീ കഥാപാത്രത്തെ വല്യ എതിര്‍പ്പുകള്‍ ഇല്ലാതെ സ്വീകരിക്കുക എന്ന മാറ്റമാണ് ഇവിടെ കാണുന്നത്. ഡിവോഴ്‌സ് എന്ന വിഷയത്തില്‍ ഊന്നി പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയത്തില്‍, പിരിയുന്ന കുടുംബങ്ങളെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് എന്ത് വിലകൊടുത്തും കൂട്ടിയിണക്കേണ്ടതിന്റെ ആവശ്യകതയെപറ്റി ഘോരഘോരം പറയുന്നുണ്ട്. അമിത പോസ്സസീവ് ആയ ഭര്‍ത്താവ്, ഭാര്യയുടെ സ്‌പേസ് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കാത്ത ഭര്‍ത്താവ്, വിവാഹേതര ബന്ധങ്ങള്‍ ഉള്ള ഭര്‍ത്താവ്, ഇവരെയൊക്കെ ഒറ്റയടിക്ക് നേരെയാക്കി ഭാര്യമാരെ ഏല്‍പ്പിച്ചു വികാരനിര്‍ഭരന്‍ ആകുന്ന നായകന്‍, കയ്യടിക്കുന്ന കുടുംബങ്ങള്‍! അവിടെ നിന്നാണ് എനിക്കെന്റെ വഴി നിനക്ക് നിന്റേതും; നമ്മുടെ കുഞ്ഞിന് ഈ ഇരുവഴികളും എന്നൊക്കെ ഒരു സ്ത്രീ പറയുന്നതും സ്വന്തം ജീവിതത്തെ ആടിത്തിമിര്‍ക്കുന്നതും. കുട്ടികള്‍ ഉണ്ടായിപ്പോയി എന്നത് കൊണ്ട് മാത്രം വിവാഹബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കാത്ത അനേകം ബന്ധങ്ങള്‍ക്കും ന്യായങ്ങള്‍ക്കും ഉള്ള മറുപടി കൂടിയാണിത്.
സൈറാ ബാനുവിലെ സ്ത്രീ ആകട്ടെ വിവാഹം കഴിക്കാതെ മറ്റൊരാളുടെ കുഞ്ഞുമായി വളരെ അലസമായ ജീവിതം ജീവിക്കുന്ന ഒരു സ്ത്രീയാണ്. ആദ്യ ഷോട്ടില്‍ കാണിക്കുന്ന അലങ്കോലമായ അടുക്കള പകരുന്ന ആശ്വാസം ചില്ലറയല്ല. അമ്പതു തവണ വീട് തുടച്ചിട്ടും പിന്നെയും പൊടിയുണ്ടോ എന്ന് ആശങ്കപ്പെടുന്ന വീട് വൃത്തിയാക്കി വയ്ക്കാന്‍ പെടാപ്പാട് പെടുന്ന, വൃത്തിയില്ലാത്ത വീട് സ്വന്തം കുറ്റമായി കരുതുന്ന സ്ത്രീകള്‍ക്ക് ഒരു സന്ദേശമാണ് ആദ്യഷോട്ട്. കണ്ണാടി പോലെ തിളങ്ങുന്ന അടുക്കള സ്ലാബ് അല്ല, പൊരുതുന്ന ഒരു ജീവിതവും മനസുമാണ് നിങ്ങളുടെ വില നിര്‍ണയിക്കുന്നത് എന്ന് പറയാന്‍ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ട് വേണ്ടിവന്നു എന്ന് മാത്രം.
മേല്‍പ്പറഞ്ഞ സിനിമകള്‍ എല്ലാം ഉദാത്ത സ്ത്രീപക്ഷ സിനിമയെന്നോ ഇതാണ് മലയാള സിനിമ ഇത്രയും കാലം കാത്തിരുന്ന ഒന്ന് എന്നോ അഭിപ്രായപ്പെടുന്നില്ല; പക്ഷെ നൂറില്‍ കൂടുതല്‍ സിനിമകള്‍ ഇറങ്ങുന്നതില്‍ മാലിനിമാരുടെ ഏദന്‍തോട്ടങ്ങളെ അടയാളപ്പെടുത്തുന്ന സിനിമകളെ അടയാളപ്പെടുത്തേണ്ടത് കാലത്തിന്റെ ആവശ്യം കൂടിയാണ്.