UPDATES

ട്രെന്‍ഡിങ്ങ്

ഭൂഗര്‍ഭക്കുഴലുകളില്‍ അദൃശ്യരാക്കപ്പെടുന്ന ജീവിതങ്ങള്‍

മുംബൈ നഗരത്തിന്റെ ഭൂഗർഭ ഓടകളിൽ ഓരോ ദിവസവും 25 മനുഷ്യരെങ്കിലും മരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യയിൽ 2010-17-നുമിടയില്‍ ഏകദേശം 1470 മനുഷ്യൻ ഭൂഗർഭക്കുഴലുകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചിട്ടുണ്ട്. Prohibition of Employment as Manual Scavenger and their Rehabilitation Act, 2013 ഇറങ്ങി ഒൻപതു മാസത്തിനകം തോട്ടിവേലയുമായി ബന്ധപ്പെട്ടുള്ള മനുഷ്യത്വരഹിതമായ എല്ലാ അവസ്ഥകളും ഇല്ലാതാവണമെന്ന് ഭരണകൂടം നിഷ്കർഷിച്ചിരിക്കുന്ന ഒരവസ്ഥയിലാണ് ഇത്തരം മരണങ്ങൾ  ദൈനംദിനേന നടക്കുന്നത്. അതെന്തു കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ജാതിസംബന്ധമായ ഉച്ചനീചത്വം നിലനിൽക്കുന്നത് കൊണ്ടാണെന്നും, ഗവണ്‍മെന്റിന്റെ കഴിവുകേടാണെന്നുമൊക്കെ ഉത്തരങ്ങൾ വരുമായിരിക്കും. മതിയായ കാരണങ്ങളുള്ളത് കൊണ്ട് തന്നെ അത്തരം കാഴ്ചപ്പാടുകളെ നിരാകരിക്കുന്നില്ല. പക്ഷെ ഞാൻ ആഗ്രഹിക്കുന്നത് ഭൂഗര്‍ഭക്കുഴലുകളിലെ ജീവിതത്തിന്റെ ചരിത്ര-വർത്തമാനത്തിലേക്കും തോട്ടിവേല നിരോധന നിയമത്തിന്റെ പഴുതുകളിലേക്കും കടക്കേണ്ടതുണ്ട്. 

ചുടലമുത്തുവിന് ശേഷമുള്ള തോട്ടിജീവിതങ്ങൾ

ചുടലമുത്തു ഒരു പാട്ടയും മമ്മട്ടിയുമായി ആദ്യം ജോലിക്കിറങ്ങിയ ദിവസം സ്വയം തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്; “ജോലി ചെയ്യുന്ന സമയത്തു മാത്രം തിരിച്ചറിയപ്പെടുന്ന, അല്ലാത്തപ്പോൾ സമൂഹത്തിന്റെ ഓർമകളിൽ നിന്ന് പാടേ അദൃശ്യനാക്കപ്പെടുന്ന ഒരു പ്രത്യേക ജീവിയാണ് താൻ” എന്നുള്ള സത്യം. ആലപ്പുഴയിൽ മാത്രമല്ല ഇന്ത്യയിലെല്ലായിടത്തും തോട്ടിജീവിതങ്ങൾ അങ്ങനെ തന്നെ ആയിരുന്നു. വെള്ളം ഒഴിച്ച് ശുദ്ധീകരിക്കുന്ന കക്കൂസുകളും (pour flush latrine) ഭൂഗർഭ ഓടകളും (sewer lines) വന്നതോട് കൂടി എന്ത് മാറ്റമാണ് തോട്ടിപ്പണിയെടുക്കുന്ന ജീവിതങ്ങള്‍ക്കുണ്ടായതെന്നു ചോദിച്ചാൽ കേരളത്തിന് ഒരു പക്ഷെ, കോർപ്പറേഷനിലെ മാലിന്യം എടുക്കുന്ന conservancy ജോലിക്കാരായി മാറിയ മനുഷ്യരുടെ കഥകളാണ് പറയാനുണ്ടാവുക. കാരണം sewer ലൈനുകൾ വ്യാപകമായി നമുക്കില്ല എന്നത് കൊണ്ടു തന്നെ. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളിലെ തോട്ടി ജീവിതങ്ങളിലേയ്ക്ക് നമുക്കിറങ്ങി ചെല്ലേണ്ടതുണ്ട്. അഹമ്മദാബാദ് നഗരത്തിലെ ഭൂഗർഭ ഓടകളുടെ വരവും തൊട്ടിജീവിതത്തിലെ മാറ്റങ്ങളും വളരെ കാര്യഗൗരമായി അവതരിപ്പിച്ച ഒരു പണ്ഡിതയുണ്ട്. അവരിലൂടെ അഹമ്മദാബാദിന്റെ സാനിറ്റേഷൻ ചരിത്രത്തിലൂടെ നടക്കാം.

സ്വാതന്ത്ര്യത്തിനു മുൻപ് അഹമ്മദാബാദ് നഗരത്തിൽ തോട്ടിവേല ചെയ്തിരുന്നത് ബങ്കി സമുദായത്തിൽ പെട്ടവരാണ്. അവർ മുനിസിപ്പാലിറ്റി ജോലിക്കാരായിരുന്നില്ല. അതുകൊണ്ടു തന്നെ ചോദിക്കുന്ന കാശ് തങ്ങളുടെ ജോലിക്കു കിട്ടുമായിരുന്നു. കൂടാതെ മലം ഉണക്കി വിറ്റാൽ കിട്ടുന്ന കാശും അവരുടെ സ്വന്തമായിരുന്നു. അവിടുത്തെ മേൽജാതിയിൽപ്പെട്ടവർ തൊട്ടുകൂടായ്മ പ്രയോഗത്തിൽ വരുത്തിയിരുന്നപ്പോഴും ബങ്കികളോട് കടുത്ത അസൂയ നിലനിർത്തിയിരുന്നു. കാരണം ബങ്കികളുടെ കൈയിൽ ഒരു ദിവസം കൊണ്ട് ഒരു സമൂഹത്തെ മുഴുവൻ മുൾമുനയിൽ നിർത്താനുള്ളത്ര നിയന്ത്രണശക്തിയുണ്ട്. അതുകൊണ്ട് തന്നെ അവരെ അധികമാരും ഉപദ്രവിക്കാതെ പോന്നു. അന്ന് തോട്ടിവേല  ചെയ്തവർക്ക്  ആയുസ്സ് കുറവായിരുന്നെങ്കിലും ജോലിസ്ഥലത്തെ മരണത്തെ ഭയക്കേണ്ടിയിരുന്നില്ല.

ബങ്കികളുടെ അധികാരം കൈയിൽ നിന്നെടുത്തു കളയാൻ അധികൃതരുടെ കുബുദ്ധിയിൽ ഉദിച്ച വിദ്യ അവരെ മുനിസിപ്പാലിറ്റിയിൽ സ്ഥിരപ്പെടുത്തുക എന്ന തീരുമാനത്തിലേക്കാണ്. ആദ്യം മലം വില്‍ക്കുന്നതിനുള്ള അനുമതി നിഷേധിച്ചു. പിന്നെ വളരെ കുറഞ്ഞ വേതനം നിശ്ചയിച്ചു. അതിന്റെ പരിണിതഫലമായി ബങ്കികളുടെ ജീവിതം സാമ്പത്തികമായി തകർന്നു. ഈ സാഹചര്യത്തിലാണ് വെള്ളക്കാരുടെ സ്വാധീനം മൂലം മുനിസിപ്പാലിറ്റി, വെള്ളം ഒഴിച്ച് ശുദ്ധീകരിക്കുന്ന കക്കൂസും ഭൂഗർഭ ഓടകളും കൊണ്ടുരാൻ തീരുമാനിക്കുന്നത്. വെള്ളക്കാരനായ എഞ്ചിനീയർ പഠനം നടത്തി അഹമ്മദാബാദ് പോലെയുള്ള ചെറിയ നഗരങ്ങൾക്ക് പമ്പിങ് സ്റ്റേഷനുകളോട് കൂടിയ ചെറിയ ഭൂഗര്‍ഭക്കുഴലുകൾ മതി എന്ന തീരുമാനത്തിലെത്തിച്ചേർന്നു. മനുഷ്യസഹായമില്ലാതെ ഓടകൾ പ്രവർത്തിപ്പിക്കാനും വലിയ ഓടകളിൽ കണ്ടു വരുന്ന എക്കൽ (silting) തടയാനുമായിരുന്നു ഇത്തരമൊരു ഡിസൈൻ. എന്നാൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി അധികൃതർ സംശയം പ്രകടിപ്പിച്ചതിനാൽ മൂലകളിൽ മാൻഹോളുകൾ ഉണ്ടാക്കാമെന്ന തീരുമാനമായി. അങ്ങനെ ഭൂഗർഭ ഓട ഉണ്ടാക്കി പ്രവർത്തനം തുടങ്ങി അധികം കഴിയുന്നതിനു മുൻപ് പ്രശ്നങ്ങൾ തുടങ്ങി. കാരണം മലമൂത്രവിസർജ്ജ്യം മാത്രമല്ല ഓടകളിൽ വീണുകൊണ്ടിരുന്നത്. അതിൽ സൂചികളും തുണികളും ചെറിയ കുപ്പികളും ഒക്കെ ഉണ്ടായിരുന്നു. പമ്പിങ് കൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ലെന്നായപ്പോൾ ബങ്കികളെ ഓട  വൃത്തിയാക്കാൻ ചുമതലപ്പെടുത്തി. അതോടെ ബങ്കി സമുദായത്തിൽപ്പെട്ടവരുടെ ജോലിയുടെ സ്വഭാവവും അപകടസാധ്യതയും കൂടി. അന്ന് മുതൽ എത്ര മനുഷ്യർ ആ ഓടകളിൽ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചിട്ടുണ്ടാകുമെന്നു ആർക്കുമറിയില്ല. കാരണം അതിനപ്പുറം അവർ അദൃശ്യനായ മനുഷ്യരായിരുന്നു.

ഈ ഒരു സാമൂഹ്യാവസ്ഥ അഹമ്മദാബാദ് നഗരത്തിൽ  ഒതുങ്ങിയില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരു sanitation trajectory ആൾക്കാർ ആഗ്രഹിച്ചു. കുഴികക്കൂസുകളിൽ നിന്ന് മാറി വെള്ളമൊഴിച്ചു ശുദ്ധീകരിക്കുന്ന കക്കൂസുകളും അവയോട് ബന്ധിപ്പിക്കുന്ന ഭൂഗർഭ ഓടകളും ഉള്ള ലക്ഷണമൊത്തുള്ള നഗരങ്ങള്‍. അതുകൊണ്ട് തന്നെ അഹമ്മദാബാദ് മാതൃകയിലുള്ള ഭൂഗര്‍ഭക്കുഴലുകൾ മറ്റിടങ്ങളിലും വ്യാപിച്ചു. സമൂഹത്തിലെ താഴെ ശ്രേണിയിലുള്ളവരിൽ ഓട വൃത്തിയാക്കുന്ന ജോലി അടിച്ചേല്‍പ്പിക്കപ്പെട്ടു. സമൂഹമനസ്സറിയാതെ ഒരു വർഗ്ഗനശീകരണം സംഭവിച്ചുകൊണ്ടേയിരുന്നു. സ്വാതന്ത്ര്യാനന്തരം അഞ്ചു ദശകങ്ങൾക്ക് ശേഷമാണ് 1993-ല്‍ തോട്ടിവേല നിരോധന നിയമം വരുന്നത്. അതിനു ശേഷം 2013-ൽ  അത് പുതുക്കി The prohibition of employment as manual scavenger and their rehabilitation act നിലവിൽ വന്നു. ഉണക്ക കക്കൂസുകളുടെ എണ്ണം അതിനു ശേഷം ഗണ്യമായി കുറഞ്ഞു, തോട്ടിവേല ചെയ്തിരുന്നവർ കുറെയൊക്കെ ജോലിയുപേക്ഷിക്കാനും മറ്റു ജോലികളിലേർപ്പെടാനും സന്നദ്ധരായി. പക്ഷെ ഭൂഗർഭക്കുഴലിൽ ജോലിയെടുക്കുന്ന ഒരു വിഭാഗം മാത്രം അപ്പോഴും ദൈനംദിനേന മരണത്തെ മുഖാമുഖം കണ്ടു ജീവിച്ചു പോന്നു. അതുകൊണ്ടാണ് പ്രത്യേകമായി തോട്ടിവേല നിരോധന നിയമങ്ങളിലേക്കും ഭൂഗർഭക്കുഴലിലെ മനുഷ്യരുടെ ജീവിതത്തിലേക്കും പ്രത്യേകമായി ശ്രദ്ധിക്കേണ്ടി വരുന്നത്.

ഭൂഗര്‍ഭക്കുഴലിലെ മനുഷ്യർ

ഇന്നയാളുടെ ഊഴമാണ്. തലയിൽ ഒരു ഹെൽമെറ്റ് ഇട്ട് മേൽ മുഴുവൻ വെളിച്ചെണ്ണ തേച്ച് അയാൾ നടന്നു. കയററ്റത്തുള്ള മെറ്റൽ പെട്ടിയിൽ ഒരു മെഴുകുതിരി കത്തിച്ച് മാൻഹോളിലേക്കിറക്കി നോക്കി. അതൊരു പരീക്ഷണമാണ്. മെഴുകുതിരി കെട്ടാൽ മരണം തന്നെ കാത്തിരിക്കുന്നെന്നറിയാം. ഇല്ലെങ്കിൽ മരണം ഒരു പകിടകളിയാകുമെന്നും. ഭാഗ്യം… ഇന്ന് തീ കെട്ടിട്ടില്ല. കയർ മുകളിലേക്ക് വലിച്ചു, ഒന്ന് പ്രാർത്ഥിച്ച് അയാൾ സാവധാനം മാൻഹോളിലിറങ്ങി. കുറച്ചു വര്‍ഷം മുന്നേ ഓടയിലിറങ്ങുന്നതിന് പ്രത്യേകം തയ്യാറാക്കിയ കുപ്പായങ്ങൾ ഇടണമെന്നും മാസ്ക് ധരിക്കണമെന്നുമൊക്കെ ആരൊക്കെയോ പ്രസംഗിച്ചിരുന്നു. അന്ന് ആരൊക്കെയോ ചേർന്ന് കൂടെയുള്ളൊരുത്തനെ എന്തൊക്കെയോ ധരിപ്പിച്ച് മാൻഹോളിലിറക്കി വീഡിയോ എടുത്തിരുന്നു. തനിക്കൊന്നും കിട്ടിയില്ലെന്ന് അയാളോർത്തു. അതുപയോഗിച്ചവൻ പറഞ്ഞത് ചൂട് അസഹനീയമാണെന്നും അതു ധരിച്ച് ജോലി ചെയ്യാൻ കഴിയില്ലെന്നുമാണ്. അയാളോർത്തു… അസഹനീയമായ  ദുർഗന്ധത്തോടൊപ്പം ഉഷ്ണവും കൂടി എങ്ങനെ താങ്ങാനാകും? ഈ നശിച്ച ജീവിതത്തിൽ നിന്ന് മുക്തിയാണ് വേണ്ടത്. അതില്ലെങ്കിൽ പിന്നെ എങ്ങനെയെങ്കിലും ജോലി തീർത്തു കരകയറാമെന്നല്ലാതെ മറ്റെന്തുണ്ടായിട്ടെന്താ? കഴുത്തറ്റം മലത്തിൽ മുങ്ങി അയാൾ തന്റെ ജോലി തുടർന്ന് കൊണ്ടിരുന്നു

Prohibition of employment as manual scavenging and rehabilitation act, 2013 പ്രൊട്ടക്റ്റീവ് ഗിയറുകളോട് കൂടി ജോലി ചെയ്യുന്നവർക്ക് ബാധകമല്ല. പ്രൊട്ടക്റ്റീവ് ഗിയര്‍ എന്നത് എന്താണെന്ന് കൃത്യമായി നിർവചിച്ചിട്ടുമില്ല. ഓരോ മരണങ്ങൾ നടക്കുമ്പോഴും നമ്മൾ ഘോര ഘോരം പ്രസംഗിക്കും, സർക്കാർ കൊടുക്കാനുള്ള പ്രൊട്ടക്റ്റീവ് ഗിയര്‍ കൊടുത്തില്ല എന്ന്. പറയുന്ന ജനങ്ങൾക്കോ കേൾക്കുന്ന അധികൃതർക്കോ അതെന്താണെന്ന് ഒരു ധാരണയുമില്ല. ഇന്ത്യക്ക് വെളിയിലുള്ള രാജ്യങ്ങളിൽ അവരുടെ ഭൂഗർഭ ഓടകളിൽ ജോലി ചെയ്യുന്നവർക്ക് വേണ്ടി നിർമ്മിച്ചെടുത്ത പ്രൊട്ടക്റ്റീവ് ഗിയറുകളുണ്ട്. അതവിടുത്തെ ഭൂഗർഭ ഓടകളുടെ വലിപ്പത്തിനും കാലാവസ്ഥയ്ക്കും മനുഷ്യരുടെ സുരക്ഷിതത്വത്തിനും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്. ഇന്ത്യയിലേക്കത് ഇറക്കുമതി ചെയ്യാമെന്നേങ്ങാനുമാണോ എന്തോ ആക്ട് എഴുതിയവർ ചിന്തിച്ചിട്ടുണ്ടാവുക എന്നറിയില്ല.

ഇതൊരു വശം മാത്രമാണ്. എന്നാൽ അതിനേക്കാൾ ഗൗരവമുള്ള ഒരു ലൂപ്‌ഹോൾ ആ ആക്റ്റിലുണ്ട്. അതിതാണ്; Manual scavenger എന്ന വ്യാഖ്യാനത്തിൽ ഭൂഗർഭ ഓടകളിൽ ജോലി ചെയ്യുന്നവർ വരില്ല. നിലവിലയുള്ള ആക്ട് പ്രകാരം manual scavenger ആയി കണക്കാക്കപ്പെടുന്നത്  “മനുഷ്യമലം അനാരോഗ്യകരമായ കക്കൂസുകളിൽ (insanitary latrine) നിന്നോ, തുറന്ന ഓവുചാലിൽ (open drain) നിന്നോ, ചവറ്റുകുഴി (pit) യിൽ നിന്നോ, അല്ലെങ്കിൽ റെയിൽവേ ട്രാക്ക് പോലെയുള്ള തുറന്ന സ്ഥലങ്ങളിൽ” നിന്നോ വൃത്തിയാക്കുന്നവരെയാണ്. എന്തുകൊണ്ടാണ് ഭൂഗർഭക്കുഴലിലെ ജോലിക്കാർ ഈ  വ്യാഖ്യാനത്തിൽ ഇല്ലാത്തതെന്നു പറയാം. ഒന്ന്  ഭൂഗർഭ ഓടകൾ തുറന്ന ഓവുചാലല്ല! അത് അടഞ്ഞ ഓവുചാലാണ്! അടഞ്ഞ ഓവുചാലുകളിൽ ജോലി ചെയ്യുന്നവരെക്കുറിച്ച് ഈ ആക്ടിൽ പരാമർശമില്ല. രണ്ട്, പ്രൊട്ടക്റ്റീവ് ഗിയര്‍ ഇടാൻ പറ്റുന്ന മനുഷ്യർക്ക് ഈ നിയമം ബാധകമല്ല, അത്ര തന്നെ. ഓരോ ദിവസവും മുംബൈ നഗരത്തിൽ ഭൂഗർഭ ഓടകളിൽ 25 മനുഷ്യരെങ്കിലും മരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. 2013-ലെ നിയമം വന്ന് ഇത്രയായിട്ടും ഓരോ നഗരസഭകളും ഈ മനുഷ്യരെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യർ മരണപ്പെടുന്നുമുണ്ട്. എന്നിട്ടും നിയമത്തിന്റെ പിടിയില്‍പ്പെടാതെ നഗരസഭകൾ രക്ഷപ്പെടുന്നത് എന്തുകൊണ്ടാണെന്നു മനസിലായോ?

ഓരോ ഭരണകൂടത്തിന്റെയും നയരേഖകൾ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ പ്രാഗത്ഭ്യം തെളിയുന്നത് മിക്കപ്പോഴും പൊതുജനത്തിന് ഒരു നേരിയ സംശയത്തിന് പോലും ഇടവരുത്താതെ, ഭരണകൂടത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നിടത്താണ്. ഇവിടെ സംഭവിച്ചതും മറ്റൊന്നല്ല. ഉണക്കകക്കൂസുകളിൽ ജോലി ചെയ്യുന്ന തോട്ടിവേല ചെയ്യുന്ന മനുഷ്യർ ജോലി നിർത്തിയാലും ഭരണകൂടത്തെ അതൊരു തരത്തിലും ബാധിക്കാൻ പോണില്ല. അതുകൊണ്ടു തന്നെ അതൊരു സോഷ്യൽ സർവീസ് ആകുന്നതിൽ പ്രത്യേകിച്ച് പ്രയാസങ്ങളൊന്നും തന്നെ ഭരണകൂടത്തിനില്ല. പക്ഷെ ഭൂഗർഭ ഓടയിലെ മനുഷ്യർ അങ്ങനെയല്ല. ഇന്ത്യൻ സാഹചര്യത്തിൽ നഗരസഭകളാണ് ഭൂഗർഭ ഓവുചാലുകളുടെ maintenance-ന്റെ ഉത്തരവാദി. അതിൽ ജോലി ചെയ്യുന്നവരെ ആക്ടിന്റെ പരിധിയിൽ കൊണ്ടുവന്നാൽ വലയുന്നത് ഭരണകൂടമാണെന്നവർക്ക് നന്നായറിയാം. അതുകൊണ്ടാണ് മരണപ്പെടുന്ന മനുഷ്യർ അദൃശ്യരായി നിൽക്കേണ്ടത് ഭരണകൂടത്തിനാവശ്യമായി വരുന്നത്.

ഈയൊരു സാഹചര്യത്തിൽ പ്രതീക്ഷയുടെ നേരിയ കിരണങ്ങൾ വീശുന്നതാണ് Bandicoot പോലെയുള്ള റോബോട്ടുകൾ. Bandicoot അതിന്റെ നിർമാതാക്കൾ കരുതുന്നത് പോലെ ഈ നാട്ടിൽ നിന്ന് ജാതിയെ ഉന്മൂലനം ചെയ്യുകയൊന്നുമില്ല. കാരണം മനുഷ്യ മനസിലേക്കുള്ള വാതിലുകൾ റോബോട്ടിനു തുറക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ട്. പക്ഷെ സംശയലേശമന്യേ പറയാൻ കഴിയും, ജാതിയാൽ തളയ്ക്കപ്പെട്ട്, സാങ്കേതിക വിദ്യ രക്തസാക്ഷികളാക്കിയ, ഭരണകൂടം അദൃശ്യരാക്കാൻ ശ്രമിക്കുന്ന ഒരു പറ്റം ഭൂഗര്‍ഭക്കുഴലിലെ മനുഷ്യരുടെ ജീവൻ സംരക്ഷിക്കാൻ അതിനു കഴിയും. പക്ഷെ അതിന് കേരളത്തിലെ ഇത്തിരി വട്ടത്തിൽ മാത്രം അത് വിഹരിച്ചാൽ പോരാ. ഇന്ത്യ മൊത്തം അതിനെ നെഞ്ചിലേറ്റേണ്ടതുണ്ട്. അതുവരെ ഭൂഗര്‍ഭക്കുഴലിലെ അദൃശ്യമനുഷ്യരെ ദൃശ്യപ്പെടുത്തേണ്ടതും ഭരണകൂടത്തിന്റെ കൗശലത്തെ ചോദ്യം ചെയ്യേണ്ടതും നമ്മളോരോരുത്തരുടേയും കടമയാണ്.

Reference

  1. Thakazhi (2003). Thottiyude Makan. Poorna Publications.
  2. Tam, S. (2013). Sewerage’s Reproduction of Caste: The Politics of Coprology in Ahmedabad, India. Radical History Review, 2013(116), 5-30.
  3. https://www.youtube.com/watch?v=tWBCsn6pQWc
  4. Government of India. The Prohibition of Employment as Manual Scavenger and their rehabilitation Act, 2013. http://www.prsindia.org/uploads/media/Manual%20Scavengers/Manual%20Scavengers%20as%20passed%20by%20LS.pdf

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

രേഖകളില്‍ പട്ടികജാതി, ജോലി കക്കൂസ് വൃത്തിയാക്കല്‍; ജാതി സര്‍ട്ടിഫിക്കറ്റിന് അര്‍ഹരല്ല, എന്നിട്ടും

കഥയും സിനിമയും ഒക്കെയായി; പക്ഷേ ഇപ്പോഴും ‘മാന്‍ഹോളി’ല്‍ തുടരുന്ന കോളനി ജീവിതം

ദിവ്യ ഭാരതി/അഭിമുഖം; ആദ്യം തകര്‍ക്കേണ്ടത് വീടിനുള്ളിലേയും പാര്‍ട്ടിക്കുള്ളിലേയും ഹിന്ദുത്വയെയാണ്

ആദ്യ സിനിമയാണ്; പക്ഷേ പറയുന്നത് നമ്മുടെ ഇടയിലെ ജീവിതങ്ങളെക്കുറിച്ചാണ്- വിധു വിന്‍സെന്‍റ്/അഭിമുഖം

പ്രതിഭ ഗണേശന്‍

പ്രതിഭ ഗണേശന്‍

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിസിലെ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസില്‍ അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍