UPDATES

ട്രെന്‍ഡിങ്ങ്

സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിൽ കാവി പെയിന്റ് അടിക്കുമ്പോൾ

ഒരു കാലത്തും സംഘപരിവാറിന് ഇഷ്ടമല്ലാതിരുന്ന കവിയാണ് ഭാരതിയാർ. എന്നിട്ടും കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു

കെ.എ ഷാജി

കെ.എ ഷാജി

ചെല്ലമ്മയെ വിവാഹം ചെയ്യുമ്പോൾ സുബ്രഹ്മണ്യ ഭാരതിക്ക് പതിനഞ്ച് വയസ്സായിരുന്നു. സ്കൂൾ വിദ്യാർത്ഥി. കവിയെന്ന നിലയിലും വ്യാപകമായി അറിയപ്പെട്ടു തുടങ്ങിക്കഴിഞ്ഞു. അറിവിലും പ്രതിഭയിലും മുന്നിൽ നിന്നതിനാൽ ആസ്വാദക സമൂഹം നല്കിയതായിരുന്നു ഭാരതി എന്ന പട്ടം. അതുകൊണ്ട് ഗുണമുണ്ടായി. ജാതിവാൽ ആയ അയ്യർ മുറിച്ചു കളഞ്ഞ അദ്ദേഹം ആ സ്ഥാനത്ത് ഭാരതി പട്ടം പ്രതിഷ്ഠിച്ചു.

വിവാഹസമയത്ത് ചെല്ലമ്മയുടെ പ്രായം ഏഴ്. വിവാഹം കഴിഞ്ഞ് കഷ്ടി ഒരു വർഷത്തിനുള്ളിൽ ഭാരതി കാശിയിലേക്ക് കോളജ് വിദ്യാഭ്യാസത്തിനു പോയി. അവിടെയുള്ള ജീവിതമാണ് കവിയെന്ന നിലയിലും സാമൂഹിക പരിഷ്‌കർത്താവ് എന്ന നിലയിലും വിപ്ലവകാരി എന്ന നിലയിലും ഭാരതിയെ ഒരുപാട് മാറ്റങ്ങൾക്കു വിധേയനാക്കിയത്.

ഇന്നത്തെ തിരുനെൽവേലി ജില്ലയിലെ എട്ടയാപുരം ഗ്രാമത്തിൽ മടങ്ങിയെത്തിയ ഭാരതി വേറെ ഒരു മനുഷ്യനായിരുന്നു. സിക്കുകാരുടെ പോലൊരു തൂവെള്ള തലപ്പാവ്. അന്നത്തെ ബ്രാഹ്മണർക്ക് പിടിക്കാത്ത കട്ടി മീശ. നാടിനു അപരിചിതമായ വേഷവിധാനങ്ങൾ. നടപ്പിൽ പോലും വ്യത്യസ്തത. ആളുകൾ അമ്പരന്നു. ബ്രാഹ്മണ്യം കലഹിച്ചു. വിശാല മാനവികതയുടെ ലോകത്തേക്ക് കണ്ണുകൾ തുറന്നു കിട്ടിയ കവി പക്ഷെ പിന്തിരിഞ്ഞില്ല. അയാൾ കാലത്തിനും സമയത്തിനും അപ്പുറം സഞ്ചരിച്ചു.

കാശിയിലെ സഹപാഠികളിൽ ഒരു സിഖ് യുവാവ് ഉണ്ടായിരുന്നു. അയാളോടുള്ള ആദരസൂചകമായിരുന്നു തലക്കെട്ട്. ശൈശവ വിവാഹം ഒരനാചാരവും ക്രൂരതയുമാണ് എന്ന് സ്വന്തം ഉദാഹരണം മുൻനിർത്തി കവി പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ആ പ്രചാരണങ്ങളിൽ ഭാര്യയെയും കൂടെ കൂട്ടി. സ്ത്രീധനത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. സ്ത്രീകളെ വീടുകളുടെ ചുമരുകൾക്കുള്ളിൽ അടയ്ക്കുന്ന വ്യവസ്ഥിതിയോട് കലഹിച്ചു.
ജാതി വാൽ ഉപേക്ഷിച്ചതിന് പിന്നാലെ പൂണൂലും മുറിച്ചു കളഞ്ഞു. പകരം ബ്രാഹ്മണ്യത്തെ വെല്ലുവിളിയ്ക്കാൻ നിരവധി ദളിതരെ പൂണൂൽ ധരിപ്പിച്ചു. അവർണ്ണർക്ക് പ്രവേശനം ഇല്ലാത്ത ഉന്നതജാതിക്കാരുടെ കുളങ്ങളിൽ അധഃസ്ഥിതരെ കുളിപ്പിച്ച് ‘മലിന’മാക്കിയ അംബേദ്കറുടെ സമരരീതിയോട് സമാനമായ ഒരു പ്രതിഷേധം. ക്രിസ്ത്യൻ പള്ളികളിലെ പെരുന്നാളുകളിൽ കവിയും ഭാര്യയും നിത്യ സാന്നിധ്യമായിരുന്നു. മുസ്ലീങ്ങൾ നടത്തുന്ന കടകളിൽ ചായ എടുത്തും വിതരണം ചെയ്തും അയാൾ ഏകതയുടെ മാനവികത പറഞ്ഞു കൊണ്ടിരുന്നു. ദളിതരുടെ ക്ഷേത്ര പ്രവേശനത്തിന് മുൻകൈ എടുത്തു.

ആ ഭാരതിയുടെ തലപ്പാവിലാണ് സംഘപരിവാറിന്റെ തമിഴ്നാട്ടിലെ പുതിയ കൂട്ടുകാർ ആയ എഐഎഡിഎംകെയുടെ സർക്കാർ കാവി പൂശുന്നത്. പന്ത്രണ്ടാം ക്ലാസ്സിലെ തമിഴ് പാഠപുസ്തകത്തിന്റെ പുറംചട്ടയിൽ ഭാരതിയുടെ പടമുണ്ട്. അതിലെ തലക്കെട്ടിനു നിറം കാവി. വെള്ളയല്ലാതെ ഒരു തലക്കെട്ടും ഭാരതി ഉപയോഗിച്ചിട്ടില്ല. മറ്റൊരു നിറത്തിനും പിന്നാലെ പോയിട്ടില്ല. ഡിഎംകെ നേതാക്കൾ പറയും പോലെ കുട്ടികളുടെ മനസ്സുകളിൽ കൃത്രിമമായ ഒരു ബോധ്യം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. കാവിയായിരുന്നു കവിയുടെ പ്രിയപ്പെട്ട നിറം എന്ന് സ്ഥാപിച്ചെടുക്കുകയും അതുവഴി കാവിപ്പടയ്ക്ക് സ്വീകാര്യത ഉണ്ടാക്കുകയുമാണ്.

മുപ്പത്തിയെട്ട് വയസ്സിൽ മരിച്ച കവി മരണം വരെ വ്യവസ്ഥിതിയോട് കലഹിച്ചു കൊണ്ടിരുന്നു. കവിതകളിൽ ശാന്തിയും സമാധാനവും പറയുമ്പോഴും കോൺഗ്രസ്സിലെ തീവ്രസ്വഭാവമുള്ളവരുടെ കൂടെ ആയിരുന്നു അദ്ദേഹം. തിലകനെ പോലുള്ളവർ ആയിരുന്നു ഗുരുക്കൾ. ഗാന്ധിജിയെ കാണാൻ ദി ഹിന്ദു പത്രാധിപർ കസ്തൂരി രംഗ അയ്യങ്കാരുടെ മദ്രാസിലെ വസതിയിൽ ചെന്ന കവിയുടെ വേഷവിധാനം കണ്ട് യാഥാസ്ഥിതികനായ സി. രാജഗോപാലാചാരി പറഞ്ഞത്രേ: കണ്ടിട്ട് ഒരു പൈത്യക്കാരനെ പോലുണ്ട്.

തമിഴ് കവിതയിൽ ഇന്ന് ആധുനികതയുടെ പ്രതിരൂപമാണ് ഭാരതിയാർ. ഒരു ജനതയുടെ ഹൃദയസ്പന്ദനം. ആ തലയിൽ കെട്ടും മീശയും വേഷവും ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞതാണ്. അവയിലാണ് കാവി പൂശാൻ ശ്രമിക്കുന്നത്.

ഒരു കാലത്തും സംഘപരിവാറിന് ഇഷ്ടമല്ലാതിരുന്ന കവിയാണ് ഭാരതിയാർ. എന്നിട്ടും കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പ്രസംഗത്തിൽ നരേന്ദ്ര മോദി അദ്ദേഹത്തെ ഉദ്ധരിച്ചിരുന്നു. ഇപ്പോഴത്തെ തലപ്പാവ് കാവിയടിക്കൽ കൂടി വച്ച് നോക്കുമ്പോൾ കവിയെ ദുർവ്യാഖ്യാനം ചെയ്തു സ്വന്തമാക്കാൻ ഉള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഭാരതിയാർ ഒരിക്കലും സങ്കുചിത ഹിന്ദുത്വത്തിന് വഴങ്ങുന്ന ഒരു പ്രതിഭാസമല്ല. ഭക്തിയും സാധനയും അദ്ദേഹത്തിന് മതാത്മകം ആയിരുന്നില്ല. കൃഷ്ണനും മുരുകനും കാളിക്കും വിനായകനും ഒപ്പം അദ്ദേഹം യേശുവിനെയും അള്ളാഹുവിനെയും പ്രതിഷ്ഠിച്ചു. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ സർവ ധർമ സമഭാവനയുടെ അപ്പസ്തോലനായി. വിദേശ ഭാഷകൾ അടക്കം മുപ്പത്തി രണ്ടു ഭാഷകളിൽ അവഗാഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ശാസ്ത്രത്തിലും കാര്യകാരണബന്ധത്തിലും അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ പ്രപഞ്ചവീക്ഷണം.ഇന്നലെകളിലെ തെറ്റുകൾക്ക് ഇന്നുകളിൽ അയാൾ ന്യായം കണ്ടില്ല. അദ്ദേഹത്തിന്റെ ദേശീയത അതിർത്തിയിലെ പട്ടാളക്കാരുടെ പേരിലുള്ള കണ്ണീർ ആയിരുന്നില്ല. വിശ്വമാനവികതയിലേക്കുള്ള വഴിയായിരുന്നു അദ്ദേഹത്തിന് ദേശീയത. സങ്കുചിതത്വം അദ്ദേഹം എന്നും വെറുത്തു.

ഒരു കവിതയിൽ അദ്ദേഹം ഇങ്ങനെ എഴുതി:
ജാതികൾ ഇല്ലയെടി പാപ്പാ…
കുല താഴ്ച്ചി ഉയർച്ചി ശൊല്ല പാപം.
നീതി ഉയർത്ത മതി കൽവി
അൻപ് നിറയ ഉടയവർകൾ മേലോൾ

(ഏതാണ്ട് ഇങ്ങനെ മൊഴിമാറ്റാം: നമുക്ക് ഒരു ജാതിയുമില്ല കുഞ്ഞേ… ജാതിയിൽ താഴ്ന്നവർ എന്നും ഉയർന്നവർ എന്നും വിവേചിക്കുന്നത് പാപമാണ്. നീതി ബോധം, ബുദ്ധി, വിദ്യാഭ്യാസം, സ്നേഹം എന്നിവയുള്ളവർ മാത്രമാണ് യഥാർത്ഥത്തിൽ ഉന്നതർ).

സുബ്രഹ്മണ്യ ഭാരതിയുടെ പ്രശസ്തമായ കവിതകള്‍

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍