UPDATES

അവര്‍ ഇനി കര്‍ഷകരുടെ ശവക്കല്ലറകള്‍ തുറക്കുകയാണ്

മനുഷ്യാവകാശങ്ങളെക്കുറിച്ച് മൗലികമായൊരു യാഥാര്‍ഥ്യം, നമ്മള്‍ അലസരാകുന്ന നിമിഷത്തില്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും എന്നതാണ്

ഇന്ത്യയിലാദ്യമായി ഭക്ഷ്യക്ഷാമം എന്നെന്നേക്കുമായി തുടച്ചുനീക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. എങ്ങനെയാണ് എന്നത് ഒരേ സമയം രസകരവും അതിനേക്കാള്‍ ഭീതിദവുമാണ്. എ.ആര്‍ ആന്തുലെയാണ് മഹാരാഷ്ട്രയുടെ അന്നത്തെ നിയമകാര്യ മന്ത്രി. മഹാരാഷ്ട്ര നിയമസഭ 1963 നവംബര്‍ 11-ന് ഒരു പുതിയ നിയമം പാസാക്കി. ഭക്ഷ്യക്ഷാമം എന്ന വാക്ക് ഭരണപരമായ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആ വാക്ക് ഇനി മുതല്‍ ഉപയോഗിക്കരുത് എന്നുമാണ് ആ നിയമത്തിന്റെ ഉള്ളടക്കം. The Maharasthra Deletion Of The Term ‘Famine’ (From Laws Applicable To The State) Act, 1963 എന്നു പേരിട്ട ഈ നിയമമായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഫാസിസ്റ്റ് നിയമം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരുപാട് ഫാസിസ്റ്റ് നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ എങ്ങനെയാണ് ഫാസിസ്റ്റ് രീതികള്‍ കടന്നു കയറുന്നത് എന്ന സന്ദേഹത്തിന് ഇവിടെ പ്രസക്തിയുണ്ട്.

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടത് ഇന്നലെയാണ്. നിരവധിപേര്‍ക്ക് പരിക്കേറ്റു. വായ്പാ ഇളവും ഉത്പ്പന്നങ്ങള്‍ക്ക് ന്യായവിലയും ആവശ്യപ്പെട്ട് ഏതാനും ദിവസമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിനുനേരെ പടിഞ്ഞാറന്‍ മധ്യപ്രദേശിലെ മന്ദ്സോര്‍ ജില്ലയിലാണ് പൊലീസ് വെടിയുതിര്‍ത്തത്. വരള്‍ച്ചാക്കെടുതി അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കര്‍ഷകര്‍ സമരത്തിലാണ്. മന്ദ്സോര്‍ ജില്ലയിലെ പിപാലിയ പ്രദേശത്ത് പൊലീസ്സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ സുരക്ഷാവേലി തകര്‍ത്തതോടെയാണ് പൊലീസ് വെടിവച്ചത്. മൂന്നുപേര്‍ തല്‍ക്ഷണം മരിച്ചു; മൂന്ന് പേര്‍ പിന്നീടും.

ഫാസിസ്റ്റുകള്‍ക്ക് അധികാരം കിട്ടുമ്പോള്‍ വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റുന്ന ലാഘവത്തോടെ അവര്‍ ശവക്കല്ലറകളുടെ കുറിപ്പുകള്‍ മാറ്റിയെഴുതുമെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ നിരീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്ര സർക്കാർ ഭക്ഷ്യ ക്ഷാമം അവസാനിപ്പിച്ചത് പോലെ കർഷകരുടെ ആത്മത്യ കുറയ്ക്കാൻ ഉള്ള മധ്യപ്രദേശ്‌ സര്‍ക്കാരിന്റെ വഴിയാണോ വെടിയുണ്ടകൾ എന്ന് പോലും സംശയിച്ചാൽ കുറ്റം പറയാൻ ഒക്കില്ല, കറൻസി നിരോധനം മുതൽ കശാപ്പു നിരോധനം വരെ ഊളത്തരങ്ങളുടെ ഉദാഹരണങ്ങൾക്ക് യാതൊരു പഞ്ഞവും ഇല്ലാത്ത കൂട്ടരാണ് സംഘപരിവാർ സർക്കാരുകള്‍.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷ ഭരണകാലയളവില്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 36,000 കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ തന്നെ സുപ്രീം കോടതിയില്‍ അറിയിച്ച കണക്കാണിത്. ആത്മഹത്യകള്‍ക്ക് മുഖ്യകാരണം കടബാധ്യതയാണ്. കൃഷിച്ചെലവിന്റെ ഒന്നര ഇരട്ടിവരെ കുറഞ്ഞ താങ്ങുവില ഉറപ്പുവരുത്തുമെന്ന വാഗ്ദാനമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മോദിയും സംഘവും നല്‍കിയിരുന്നത്. എന്നാല്‍, ഭരണത്തിലേറിയതോടെ വാഗ്ദാനം മറന്ന മോദിയും കൂട്ടരും കര്‍ഷകരെ വഞ്ചിച്ചു. നിലവിലെ നാമമാത്രമായ താങ്ങുവിലപോലും പല ഉത്പ്പന്നങ്ങളുടെയും കാര്യത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.

കോര്‍പറേറ്റുകള്‍ ദേശസാത്ക്കൃത ബാങ്കുകളില്‍നിന്ന് എടുത്ത വമ്പന്‍ വായ്പകള്‍ എഴുതിത്തള്ളാന്‍ മടികാട്ടാത്ത സര്‍ക്കാര്‍ കാര്‍ഷിക വായ്പകളുടെ കാര്യത്തില്‍ ഈ താത്പര്യം കാട്ടുന്നില്ല. ബാങ്കുകള്‍ക്ക് കോര്‍പറേറ്റുകളില്‍നിന്ന് കിട്ടാനുള്ള കിട്ടാക്കടം 11 ലക്ഷം കോടിയോളം രൂപയാണ്. ഈ തുക പിരിച്ചെടുക്കാന്‍ ഒരു താത്പര്യവും കാട്ടാത്ത ബാങ്കുകള്‍ കര്‍ഷകരുടെ കൃഷിയിടവും കന്നുകാലികളെയും മറ്റും പിടിച്ചെടുത്ത് അവരെ കൂടുതല്‍ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്. ഗോതമ്പിന്റെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞതോടെ താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്നുള്ള ഗോതമ്പ് വിപണിയില്‍ എത്തിത്തുടങ്ങി. ഉത്തരേന്ത്യയിലെ ലക്ഷക്കണക്കായ കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയായി.

മൂന്നു വര്‍ഷം പൂര്‍ത്തീകരിച്ച നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആഘോഷ പരസ്യ വാചകം ‘എന്റെ രാജ്യം മാറുകയാണ്, മുന്നോട്ടു കുതിക്കുകയാണ്’ എന്നാണ്. രാജ്യം മാറുകയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. പക്ഷേ രാജ്യത്തിന്റെ കുതിപ്പ് മുന്നോട്ടേക്കാണോ അതല്ല നൂറ്റാണ്ടുകള്‍ പിറകിലേക്കാണോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടാകൂ.

തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നുമുള്ള, കര്‍ഷകര്‍ക്കും കടബാധിതര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണം എന്ന ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപരമായി സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് പൊലീസ് നിറയൊഴിച്ചത്. ന്യായമായ ആവശ്യങ്ങള്‍ക്കായി സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ വെടി ഉതിര്‍ത്തതിലൂടെ ബിജെപിയുടെ കര്‍ഷക വിരുദ്ധ സമീപനം ദേശീയ തലത്തിലും പ്രവൃത്ത്യാ സംസ്ഥാന തലത്തിലും തുറന്നു കാട്ടപ്പെടുകയാണ്.

ക്രമസമാധാനപാലനത്തിന് തോക്കു പോലെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന് ഐക്യരാഷ്ട്രസഭ ചില മാര്‍ഗ്ഗരേഖകള്‍ ഇറക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ടവര്‍ ഒരു അവസാനമാര്‍ഗ്ഗം എന്ന നിലയ്ക്കു മാത്രമെ ആയുധങ്ങള്‍ ഉപയോഗിക്കാവൂ.  അതായത് നേരിടേണ്ടിവരുന്ന ഭീഷണിക്ക് ആനുപാതികമായിട്ടു മാത്രമെ ആയുധങ്ങള്‍ ഉപയോഗിക്കാവൂ എന്ന്.

പ്രതിഷേധങ്ങളും വിമർശനങ്ങളും സമരങ്ങളും സത്യഗ്രഹങ്ങളുമില്ലെങ്കിൽ ജനാധിപത്യമില്ല. സമാധാനപരമായി സംഘം ചേരാനുള്ള അവകാശം ഭരണഘടനാദത്തമാണ്‌. ഇന്ത്യൻ ഭരണഘടനയുടെ 19(1)(ബി) സമാധാനപരമായി സംഘം ചേരാനുള്ള മൗലികാവകാശത്തെക്കുറിച്ചുള്ളതാണ്‌. സംഭാഷണ സ്വാതന്ത്ര്യവും അഭിപ്രായ പ്രകടനസ്വാതന്ത്ര്യവും 19(1)(എ) അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നു. ഒന്നോർത്താൽ, അടിയന്തരാവസ്ഥക്കെതിരെയായാലും, സമീപകാലത്ത്‌ കേന്ദ്രസർക്കാർ സര്‍ക്കാര്‍ തുടർന്ന് പോരുന്ന അമിതാധികാരപ്രവണതകൾക്കെതിരെയായാലും ഒരു രാഷ്ട്രം പ്രതീക്ഷയറ്റുപോകാതെ നില കൊള്ളുന്നത് സാധാരണമനുഷ്യരുടെ സംഘരൂപങ്ങളിലായിരുന്നു. ദളിത്‌ മുന്നേറ്റങ്ങളും കർഷകപ്രക്ഷോഭങ്ങളും യുവജനപ്രതിഷേധങ്ങളും കലാലയപ്രസ്ഥാനങ്ങളും മറ്റും ചേർന്നാണ്‌ അന്യഥാ ദുസ്സഹമായ ഒരുകാലത്തെ സഹനീയമാക്കുകയെങ്കിലും ചെയ്യുന്നത്‌.

സുനിൽ പി ഇളയിടത്തിന്റെ ഒരു നിരീക്ഷണം കൂടി പങ്കു വെക്കുന്നു: ടെറി ഈഗിള്‍ട്ടൺ ദറിദയെക്കുറിച്ചു പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങൾക്കീ വ്യവസ്ഥയെ അപനിർമ്മിക്കാൻ പറ്റില്ലെന്നുറപ്പാണ്. അതുകൊണ്ടു നിങ്ങൾ ടെക്സ്റ്റിനെ അപനിർമ്മിച്ച് സന്തോഷമായി ജീവിക്കുന്നു. ടെക്സ്റ്റിനെ ഡീകൺസ്ട്രക്റ്റു ചെയ്താല്‍ പ്രശ്നമൊന്നുമില്ല, മറിച്ച് വ്യവസ്ഥയെ ഡീകൺസ്ട്രക്റ്റു ചെയ്യാൻ പോയാൽ ജയിലിൽ കിടക്കും. ഇതിന്റെ കാതലിലേക്ക് വന്നാല്‍ തന്നിലേക്കുള്ള ചുരുങ്ങല്‍ ആണെന്ന് പറയാം. അപരത്വത്തെക്കുറിച്ചുള്ള കരുതല്‍ ഇല്ലായ്മയാണ് എന്നും പറയാം. ഈ കരുതല്‍ വികസിച്ചു വന്നതാണ് ആധുനിക കേരളത്തിന്റെ ഒരു വിജയമായിരുന്നത്. നമ്മള്‍ ആധുനികമായി വന്ന സമയത്ത് മതത്തില്‍, വിദ്യാഭ്യാസത്തില്‍, രാഷ്ട്രീയത്തില്‍ തുടങ്ങി എല്ലായിടത്തും ഈ കരുതല്‍ ഉണ്ടായിരുന്നു. ഇന്ന് ഈ കരുതല്‍ ഇല്ല. വ്യക്തിജീവിതത്തിലില്ല, മതത്തില്‍, രാഷ്ട്രീയത്തില്‍, വിദ്യാഭ്യാസത്തില്‍ എവിടെയും ഇല്ല. ഇതാണ്‌ എല്ലാ ക്രൈസിസുകളുടെയും കേന്ദ്രമാകുന്ന ഒരു അബ്സ്ട്രാക്റ്റ് പ്രിന്‍സിപ്പിള്‍. പ്രകൃതി എന്നു പറയുന്നത് നിങ്ങള്‍ക്ക് വെട്ടിപ്പിടിക്കാനുള്ളതാണെന്നു കരുതുന്നു, മറ്റു മനുഷ്യര്‍ നിങ്ങള്‍ക്ക് കീഴടക്കാനുള്ളതാണെന്നു കരുതുന്നു, വിദ്യാഭ്യാസം നിങ്ങള്‍ക്ക് വിജയിക്കാനുള്ളതാണ് എന്ന് കരുതുന്നു. അങ്ങനെ വരുന്നതോടു കൂടി ഈ അദര്‍ ഇല്ലാതാവുകയാണ്. Annihilation of the other എന്നത് ഒരു ആദര്‍ശമായിട്ട് മാറുകയാണ്. മറിച്ച് മുന്‍പ്‌ അപരവുമായിട്ട് ഒരു വിനിമയം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ വിപരീതമാണ്. ഈ ഒരു തത്വത്തില്‍ നിന്ന് നമ്മുടെ എല്ലാ പ്രശ്നങ്ങളിലേക്കും ഒരു വഴി ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

സുനിൽ മാഷുടെ നിരീക്ഷണം പങ്കു വെച്ചത് മലയാളി സൈബർ ഇടങ്ങളിൽ പലപ്പോഴും കേരളം ഒരു സേഫ് സോൺ ആണെന്നും മോദി ബ്രിഗേഡിയറിനു സ്പർശിക്കാൻ ആവാത്ത വിധം മെറ്റിക്കുലസ് ആയ ഒരു പൊളിറ്റിക്കൽ സിസ്റ്റത്തിനകത്ത് ആണെന്ന ഒരു അമിത ആത്മവിശ്വാസവും പലരും പ്രകടിപ്പിച്ചു പോരുന്നത് കാണാറുണ്ട്; ഒപ്പം ഉത്തരേന്ത്യയിലെ പല രാഷ്ട്രീയ വിഷയങ്ങളോട് അവരത് അർഹിക്കുന്നു എന്ന തരത്തിൽ ഉള്ള ചില കമന്റുകളും (ജനറലൈസ് ചെയ്തതല്ല). മറ്റുള്ളവരുടെ സുരക്ഷ കൂടി ഉറപ്പു വരുത്തിയാൽ മാത്രമേ നാം അനുഭവിക്കുന്ന സുരക്ഷയ്ക്കും കാതൽ ഉള്ളു എന്ന റസ്സലിന്റെ നിരീക്ഷണം കാലാതീതമാണ്, അതിവിടെ പ്രസക്തവുമാണ്.

മനുഷ്യാവകാശങ്ങളെക്കുറിച്ച് മൗലികമായൊരു യാഥാര്‍ഥ്യം, നമ്മള്‍ അലസരാകുന്ന നിമിഷത്തില്‍ തന്നെ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും കവര്‍ന്നെടുക്കപ്പെടും എന്നതാണ്. സമൂഹത്തില്‍ ഇന്ന് ഏതെങ്കിലും തരത്തില്‍ സ്വാതന്ത്ര്യവും അവകാശങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സമൂഹത്തിന്റെ ജാഗ്രത ഒന്നുകൊണ്ടു മാത്രമാണ്. ജനാധിപത്യ ബോധവും മനുഷ്യാവകാശങ്ങളും രൂപമെടുത്തത് ശൂന്യതയില്‍ നിന്നായിരുന്നില്ല. മറിച്ച്, തീക്ഷ്ണമായ അവകാശ സമരങ്ങളുടെ ഫലമായിക്കൊണ്ടായിരുന്നു. മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പിനെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ് നീതിയുക്തമായ ഒരു സമൂഹത്തിന്റെ സാധ്യതയും നിലനില്‍ക്കുന്നത്. ശുഭാപ്തി വിശ്വാസമാണ് മനുഷ്യനെ മയക്കുന്ന ഏറ്റവും വലിയ കറുപ്പെന്ന മിലേന്‍ കുന്ദേരയുടെ പ്രശസ്തമായ ഫലിതം ആ അര്‍ഥത്തില്‍ വളരെ ശരിയാണ്. ഭരണകൂടത്തെ വിമര്‍ശിക്കാന്‍ സാധിക്കുന്ന സാമൂഹിക സാഹചര്യത്തെയാണ് നാം ജനാധിപത്യമെന്ന് വിളിക്കുന്നത്. അതല്ലാത്തൊരു സാഹചര്യം ഫാഷിസത്തിന്റേതാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍