UPDATES

ട്രെന്‍ഡിങ്ങ്

എന്നാണ് കേരള ജനത ഈ യാത്രകളില്‍ നിന്നും മോചിപ്പിക്കപ്പെടുക?

ഈമാസം ഏഴിന് കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നിന്നും ആരംഭിച്ച ഹസന്റെ യാത്ര കേരളം സമീപകാലത്ത് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ യാത്രകളില്‍ ഏറ്റവും ഒടുവിലത്തേതാണ്

കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഇന്ന് തിരുവനന്തപുരത്ത് അവസാനിക്കുകയാണ്. ഈമാസം ഏഴിന് കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നിന്നും ആരംഭിച്ച ഹസന്റെ യാത്ര കേരളം സമീപകാലത്ത് നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ യാത്രകളില്‍ ഏറ്റവും ഒടുവിലത്തേതാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള കലണ്ടര്‍ പരിശോധിച്ചാല്‍ കേരളത്തില്‍ രാഷ്ട്രീയ യാത്രകള്‍ ഇല്ലാതിരുന്ന ദിവസങ്ങള്‍ ചുരുക്കം. എന്തിനാണ് ഈ യാത്രകളെന്ന ചോദ്യത്തിന് ജനങ്ങളെ രക്ഷിക്കാന്‍ അല്ലെങ്കില്‍ മോചിപ്പിക്കാന്‍ എന്നതാണ് ഉത്തരം. എന്നാല്‍ എന്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്ന ചോദ്യത്തിന് മാത്രം ഉത്തരമുണ്ടാകുകയുമില്ല. കാരണം യഥാര്‍ത്ഥത്തില്‍ ഈ യാത്രകള്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ജാഥാ ക്യാപ്റ്റന്മാര്‍ക്ക് പോലും നിശ്ചയമുണ്ടോ എന്ന കാര്യം സംശയമാണ്.

നമ്മെ മോചിപ്പിക്കാനുള്ള യാത്രകളെ സ്വീകരിക്കേണ്ട ബാധ്യത നമുക്ക് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതാണ്. കേരളത്തിലെ ജീര്‍ണ്ണിച്ച രാഷ്ട്രീയത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ വിമോചന യാത്രയുടെ ലക്ഷ്യം. എന്നിട്ടും ജനങ്ങള്‍ രക്ഷപ്പെട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിന് അദ്ദേഹം മറ്റൊരു യാത്ര കൂടി ആരംഭിച്ചു. അതിനും മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചിട്ടും പലപല കാരണങ്ങളാല്‍ മാറ്റിവച്ച ശേഷമാണ് ജനരക്ഷാ യാത്ര ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച് 17ന് അവസാനിപ്പിച്ചത്. കേരള ജനതയുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ കേവലം 14 ദിവസങ്ങള്‍ കൊണ്ട് കണ്ട് പഠിച്ച കുമ്മനം ഈ യാത്രയുടെ പേരില്‍ ഏറെ പരിഹസിക്കപ്പെടുകയും ചെയ്തു.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനും എതിരെയായിരുന്നു 2016 ജനുവരിയില്‍ പിണറായി വിജയന്‍ നടത്തിയ നവകേരള മാര്‍ച്ച്. ആ മാര്‍ച്ചിന്റെ ഗുണം കൊണ്ട് ആറ് മാസങ്ങള്‍ക്കകം പിണറായി കേരളത്തിന്റെ മുഖ്യമന്ത്രിയുമായി. എന്നാല്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ വോട്ടുചെയ്ത കേരള ജനതയ്ക്ക് പിണറായി സര്‍ക്കാരിനെ ഭീതിയോടെ നോക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ലോക്ക്അപ്പ് മര്‍ദ്ദനങ്ങളും ദലിത് പീഡനങ്ങളും മറ്റും പൊതുസമൂഹത്തെ അത്രമാത്രം ഭയചകിതരാക്കിയിരിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കും അസഹിഷ്ണുതകള്‍ക്കും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ ഗര്‍ജ്ജിച്ചുകൊണ്ടാണ് 2016 ജനുവരിയില്‍ തന്നെ അന്നത്തെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ജനരക്ഷായാത്ര ആരംഭിച്ചത്. മതേതരത്വം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും കേരളം യുഡിഎഫ് ഭരണത്തിലൂടെ കൈവരിച്ച പുരോഗതിയും യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിക്കുകയും സിപിഎമ്മും ആര്‍എസ്എസും കേരളത്തില്‍ നടത്തുന്ന അക്രമരാഷ്ട്രീയവും സാമൂഹിക തിന്മകളുമെല്ലാം തുറന്നുകാണിക്കുകയുമൊക്കെ ചെയ്തിട്ടും ജനങ്ങള്‍ യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ ‘ചതിച്ച’ കാഴ്ചയും നാം കണ്ടു.

യാത്രി ക്രിപയാ ധ്യാന്‍ ദേ..

മതനിരപേക്ഷതയും സാമൂഹ്യ നീതിയും സുസ്ഥിര വികസനവും അഴിമതിയില്‍ നിന്നുള്ള വിമുക്തിയും ആഹ്വാനം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തെരഞ്ഞെടുപ്പിന് മുമ്പ് യാത്ര നടത്തി. അഴിമതിയ്ക്കും വര്‍ഗ്ഗീയതയ്ക്കുമെതിരായ സന്ദേശമായിരുന്നു അന്നത്തെ എന്‍സിപി പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഉണര്‍ത്തുയാത്ര പ്രചരിപ്പിച്ചത്. സൗഹൃദം, സമത്വം, സമന്വയം എന്നീ മുദ്രാവാക്യങ്ങളുമായി മുസ്ലിംലീഗിന് വേണ്ടി പി.കെ കുഞ്ഞാലിക്കുട്ടിയും കേരളയാത്ര എന്ന പേരില്‍ യാത്ര നടത്തി.

തെരഞ്ഞെടുപ്പിന് ശേഷം കുമ്മനം തുടങ്ങിവച്ച ജനങ്ങളെ രക്ഷിക്കാനുള്ള യാത്രയില്‍ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും യു പി മുഖ്യമന്ത്രിയെ ആദിത്യനാഥും അടക്കം പങ്കെടുത്തു എന്നതൊഴിച്ചാല്‍ വലിയ രാഷ്ട്രീയ നേട്ടമൊന്നും ബിജെപിയ്ക്ക് ഉണ്ടായില്ലല്ല. ബിജെപിയുടെ രക്ഷ തങ്ങള്‍ക്ക് വേണ്ടെന്ന് വേങ്ങരയിലെ ജനങ്ങള്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാക്കിയത് അവരെ നാലാം സ്ഥാനത്തേക്ക് പിന്‍തള്ളിക്കൊണ്ടായിരുന്നു. ചുവപ്പ് ഭീകരതയ്‌ക്കെതിരെ, ജിഹാദി ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യം ഒരു പരിധി വരെ കുമ്മനത്തിന് ദോഷമാണ് ചെയ്തതും. ജനരക്ഷാ യാത്രയില്‍ അന്യസംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിച്ചതും സിപിഎമ്മിന് മുദ്രാവാക്യം വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതുമെല്ലാം ട്രോളര്‍മാര്‍ക്ക് ആഘോഷമായി.

ഭരണപക്ഷത്തിരിക്കുന്ന എല്‍ഡിഎഫാണ് പിന്നീട് ജാഥ ഏറ്റെടുത്തത്. ജനജാഗ്രതാ യാത്ര എന്ന് പേരിട്ട ഈ യാത്ര നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചേര്‍ന്നായിരുന്നു. വടക്കന്‍ കേരളം കോടിയേരിയും തെക്കന്‍ കേരളം കാനവും ഏറ്റെടുത്ത് കേരളത്തെ വിഭജിച്ചു. കോടിയേരിയുടെ യാത്ര മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച് തൃശൂരിലും കാനത്തിന്റെ യാത്ര തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് എറണാകുളത്തുമാണ് അവസാനിച്ചത്. ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ നാല് വരെയായിരുന്നു ജനജാഗ്രതാ യാത്ര. എല്‍ഡിഎഫ് മുന്നണിയിലെ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെല്ലാം പലയിടങ്ങളിലും ഈ യാത്രയില്‍ പങ്കാളികളായി. കൊടുവള്ളിയില്‍ കള്ള നോട്ട് കേസിലെ പ്രതിയുടെ കാറില്‍ കോടിയേരി സഞ്ചരിച്ചത് വടക്കന്‍ കേരളത്തിലെ ജനജാഗ്രതാ യാത്രയെ കളങ്കിതമാക്കി. അതേസമയം തെക്കന്‍ കേരളത്തില്‍ തോമസ് ചാണ്ടിയാണ് എല്‍ഡിഎഫിന് വിനയായത്. ഇനിയും കായല്‍ നികത്തുമെന്നൊക്കെ കാനത്തെ മുന്നിലിരുത്തി തട്ടിവിട്ടതോടെ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കേണ്ട അവസ്ഥ വന്നു.

രമേശ് ചെന്നിത്തലയുടെ പടയൊരുക്കമാണ് കഴിഞ്ഞ വര്‍ഷം ഒടുവില്‍ പൂര്‍ത്തിയായത്. സോളാര്‍ കേസിന്റെ ചൂടില്‍ ഉമ്മന്‍ ചാണ്ടിയും മറ്റ് നേതാക്കളും ഉരുകിയൊലിക്കുന്ന കാലത്തു നടന്ന ഈ യാത്ര യഥാര്‍ത്ഥത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ഗുണം ചെയ്തത്. ആരോപണ വിധേയരെ പങ്കെടുപ്പിക്കില്ലെന്നൊക്കെ പറഞ്ഞാണ് യാത്ര തുടങ്ങിയതെങ്കിലും അവരെ ഒഴിവാക്കിയാല്‍ യാത്ര നടത്താന്‍ ആരുമുണ്ടാകില്ലെന്ന് വന്നതോടെ ‘കളങ്കിത’രായ പലരും യാത്രയുടെ വേദികളില്‍ ഇടംപിടിക്കുന്ന കാഴ്ചയും നാം കണ്ടതാണ്.

കുമ്മനത്തിന്റെ യാത്ര ഒരു ‘ചരിത്ര സംഭവ’മാണ്: 5 കാര്യങ്ങള്‍

ഈ യാത്രകള്‍ കൊണ്ട് ആരെങ്കിലും രക്ഷപ്പെട്ടോയെന്ന് കഴിഞ്ഞ മൂന്ന് നാല് മാസമായി റോഡരികിലും മറ്റും കുന്നുകൂടി കിടക്കുന്ന ഫ്‌ളക്‌സുകള്‍ നോക്കി ജനം ചോദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹസന്‍ തന്റെ ജനമോചന യാത്ര പ്രഖ്യാപിച്ചത്. കെപിസിസി പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തുകയാണ് ഹസന്റെ ലക്ഷ്യമെന്ന് ദോഷൈകദൃക്കുകള്‍ പറയുമെങ്കിലും അക്രമ രാഷ്ട്രീയത്തിനെതിരെ ജനമനസ് ഉണര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഏപ്രില്‍ ഏഴ് മുതല്‍ കേരളം മുഴുവന്‍ യാത്ര ആരംഭിച്ചത്. യാത്ര പൂര്‍ത്തിയാകുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ കസേര തെറിക്കുമെന്ന് ചിലരെങ്കിലും പറഞ്ഞുപരത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനി ആ കസേരയെക്കുറിച്ചുള്ള തീരുമാനം ഡല്‍ഹിയില്‍ നിന്നും അറിയാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ഖദര്‍ ധാരികള്‍.

ചെന്നിത്തലയുടെ പടയൊരുക്കത്തില്‍ പാടില്ലാത്ത ചിലത്; പൊരിച്ച കോഴി, മിനി കൂപ്പര്‍, തോമസ് (ഉമ്മന്‍) ചാണ്ടി…

ഈ യാത്രകളെല്ലാം എന്തിനാണെന്ന ചോദ്യം തന്നെയാണ് ഇന്നും ഉയരുന്നത്. ഭരണത്തിലിരുന്നപ്പോള്‍ ഫ്‌ളക്‌സ് വിമുക്ത കേരളം ആഹ്വാനം ചെയ്ത കോണ്‍ഗ്രസാണ് കഴിഞ്ഞ ആറ് മാസത്തിനിടെ രണ്ട് യാത്രകള്‍ നടത്തിയിരിക്കുന്നത്. ഈ യാത്രകളിലൂടെ കേരളത്തില്‍ അങ്ങോളമിങ്ങോളം കുമിഞ്ഞുകൂടിയ ഫ്‌ളക്‌സ് അവശിഷ്ടങ്ങള്‍ എന്തുചെയ്യണമെന്നു കൂടി ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് പറഞ്ഞു തന്നാല്‍ നന്നായിരുന്നു. തെരഞ്ഞെടുപ്പ് മാത്രമല്ല, പാര്‍ട്ടി ഫണ്ടില്‍ പണമില്ലാതാകുന്നതും ഇത്തരം യാത്രകള്‍ക്ക് കാരണമാകുന്നുണ്ടെന്നത് ഇപ്പോള്‍ പരസ്യമായ രഹസ്യമായി മാറിയിരിക്കുന്നു. ഹസന്റെ യാത്രയ്ക്കിടയില്‍ ഓരോ ബൂത്തില്‍ നിന്നും 50,000 രൂപ വീതം പിരിച്ചെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യാത്ര മൂലമുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ക്കിടയിലും അതിന് വേണ്ടി പണം ചെലവാക്കേണ്ട ബാധ്യതയും കേരളത്തിലെ ജനങ്ങള്‍ക്ക് വന്നു ചേര്‍ന്നിരിക്കുകയാണെന്ന് ചുരുക്കം. എന്തായാലും കേരളത്തില്‍ നിന്നാകമാനം 100 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ട ഹസന്റെ യാത്ര ആ രീതിയില്‍ ഒരു പരാജമായതാണ് അറിയുന്നത്. യാത്ര നടത്തുന്ന ഹസന്റെ കെപിസിസി അധ്യക്ഷസ്ഥാനം അനിശ്ചിതത്തിലായതിനാല്‍ തന്നെ പലയിടങ്ങളില്‍ നിന്നും ഉദ്ദേശ വിധത്തില്‍ പണം പിരിഞ്ഞുകിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ട്. നൂറ് കോടിയ്ക്ക് പകരം യാത്ര തിരുവനന്തരപുരത്തെത്തുമ്പോള്‍ പിരിച്ചെടുക്കാനായത് കേവലം എട്ട് കോടി രൂപ മാത്രമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ യാത്ര സമാപിച്ച സ്ഥിതിയ്ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും ഉടന്‍ തന്നെ യാത്ര പ്രഖ്യാപിക്കുമെന്ന് തന്നെയാണ് അനുഭവത്തില്‍ നിന്നും നാം പ്രതീക്ഷിക്കേണ്ടത്. കേരള ജനതയ്ക്ക് എന്നാണ് ഈ യാത്രകളില്‍ നിന്നും ഒരു മോചനമുണ്ടാകുക? ഇനി അതിനുവേണ്ടി ജനങ്ങള്‍ ഒരു മോചന യാത്ര നടത്തേണ്ടി വരുമോ?

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍