UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിനെ ചോര്‍ത്തുന്ന രഹസ്യക്കാരന്‍ ആരാണ്?

കോൺഗ്രസ് ഒരു ആൾക്കൂട്ട പാർട്ടിയാണ്. രഹസ്യങ്ങൾ ചോർന്നാലും ആ പാർട്ടി പിടിച്ചുനിൽക്കും. എന്നാൽ സി പി എം പോലുള്ള ഒരു കേഡർ പാർട്ടിയുടെ സ്ഥിതി അതല്ലല്ലോ.

കെ എ ആന്റണി

കെ എ ആന്റണി

സി പി എമ്മുകാർ മുഖ്യ ശത്രുക്കളായി പണ്ടേ പ്രഖ്യാപിച്ചവരിൽ എന്തുകൊണ്ടും പ്രഥമ സ്ഥാനത്തു നിൽക്കുന്നത് ആർ എസ് എസ് നേതൃത്വം നൽകുന്ന സംഘപരിവാർ ശക്തികൾ തന്നെ. വർഗീയ ഫാസിസ്റ്റ് മുഖമാണ് സി പി എം അവർക്കു കൽപിച്ചു നൽകിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് കോൺഗ്രസ് പാർട്ടിയും, മൂന്നാം സ്ഥാനത്തു വലതു പക്ഷ ബൂർഷ്വാ മാധ്യമങ്ങളും. മൂന്നാം സ്ഥാനത്തു നിൽക്കുന്ന വലതു പക്ഷ ബൂർഷ്വാ മാധ്യമങ്ങൾ ചിലപ്പോഴെങ്കിലും ക്രമം തെറ്റിച്ചു ഒന്നാം സ്ഥാനത്തു എത്തിച്ചേരാറുണ്ട്. വലതു പക്ഷ ബൂർഷ്വാ മാധ്യമങ്ങൾക്കെതിരെ സി പി എം ചൊരിയുന്ന പ്രധാന ആക്ഷേപം അവറ്റകൾ വലതുപക്ഷത്തിനും കോർപറേറ്റുകൾക്കും വേണ്ടി കുഴലൂത്തു നടത്തുന്നുവെന്നതു മാത്രമല്ല, തങ്ങളുടെ പ്രസ്ഥാനത്തിനും അതിന്റെ നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചു പ്രസ്ഥാനത്തിന്റെ അസ്ഥിവാരം തകർക്കാൻ ശ്രമിക്കുന്നുവെന്നതു കൂടിയാണ്. അതുകൊണ്ടു തന്നെ ഹൈദരാബാദിൽ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ പതാക ഉയർന്നതിനൊപ്പം പി ബിയും കേന്ദ്ര കമ്മിറ്റിയുമൊക്കെ ചർച്ച ചെയ്ത ഒരു സുപ്രധാന വിഷയം പാർട്ടി രഹസ്യങ്ങൾ ചോരുന്നത് സംബന്ധിച്ചുള്ളതായിരുന്നു. ഇതേ വിഷയം പാർട്ടി നേതൃത്വം മുൻപും പലവട്ടം ഗൗരവമായി തന്നെ ചർച്ച ചെയ്തിട്ടുള്ളതാണ്. പ്രത്യേകിച്ചും കേരളത്തിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന നാളുകളിൽ. ചർച്ചയും ഉൽകണ്ഠ രേഖപ്പെടുത്തലും താക്കീതു ചെയ്യലുകളുമൊക്കെ മുറക്ക് നടന്നതല്ലാതെ പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.

ഇതുതന്നെയാണ് ഇത്തവണത്തെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും സംഭവിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചുള്ള പഴയ കാല ഇരുമ്പുമറ സങ്കൽപ്പമൊക്കെ വെറുതെയാണെന്നു വ്യക്തമാക്കുന്ന വിധത്തിലാണ് പാർട്ടി കോൺഗ്രസിലെ ഓരോ ഇലയനക്കം പോലും മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തത്. ഇതെങ്ങിനെ സംഭവിച്ചുവെന്നതിനെക്കുറിച്ചു പാർട്ടി മുഖപത്രം ഒന്നും എഴുതി കണ്ടില്ല. ഒരു പക്ഷെ സി സിയും പി ബിയുമൊക്കെ ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുമായിരിക്കും. എന്തായാലും ഒരു കാര്യം വീണ്ടും ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. അതായത് പാർട്ടിയിൽ രഹസ്യങ്ങൾ സുരക്ഷിതമല്ലെന്ന്. പാർട്ടി രഹസ്യങ്ങൾ ചോരുന്നത് ഒരു പുതിയ കാര്യമല്ല. പണ്ടും കേരളത്തിൽ പാർട്ടി മുത്തശ്ശിപത്രങ്ങളെന്നും വലതു പക്ഷ ബൂർഷ്വാ പത്രങ്ങളെന്നും വിളിച്ചു പോന്നിരുന്ന മലയാള മനോരമയും മാതൃഭൂമിയുമൊക്കെ പാർട്ടി രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. എന്നാൽ അന്നൊന്നും എല്ലാ രഹസ്യങ്ങളും ഇത്തവണ പാർട്ടി കോൺഗ്രസിൽ സംഭവിച്ചതുപോലെ വള്ളി പുള്ളി വിടാതെ പുറത്തേക്കു വന്നിരുന്നില്ല.

അതെ, പ്രകാശ് കാരാട്ട് പണ്ട് പറഞ്ഞത് തന്നെ, “സീതാറാം അല്ലാതെ മറ്റാര്?”

ഇപ്പോൾ പിന്നെ എന്തുകൊണ്ട് ഇങ്ങനെയെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പുതിയ തലമുറയിൽ പെട്ട സി പി എം നേതാക്കൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം തന്നെയാണ് ഇതിനൊക്കെ പിന്നിലെന്ന് കണ്ടെത്താൻ കവടി നിരത്തലിന്റെയോ മഷിനോട്ടത്തിന്റെയോ ആവശ്യമൊന്നുമില്ല. മാറ്റം നല്ലതിനുവേണ്ടിയാണെങ്കിൽ നല്ലതു തന്നെ. എന്നാൽ അത് സ്വന്തം പാർട്ടിയെ അപകടപ്പെടുത്തികൊണ്ടുള്ളതാവുമ്പോഴാണ് കുഴപ്പം. ഗ്രൂപ്പിസവും പബ്ലിസിറ്റി മാനിയയുമാണ് കോൺഗ്രസ് പാർട്ടിയിൽ പലരെയും പാർട്ടി രഹസ്യങ്ങൾ പരസ്യപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്. കോൺഗ്രസ് ഒരു ആൾക്കൂട്ട പാർട്ടിയാണ്. രഹസ്യങ്ങൾ ചോർന്നാലും ആ പാർട്ടി പിടിച്ചുനിൽക്കും. എന്നാൽ സി പി എം പോലുള്ള ഒരു കേഡർ പാർട്ടിയുടെ സ്ഥിതി അതല്ലല്ലോ.

വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് യെച്ചൂരി നന്ദി പറയണം, മോദിയോടും അമിത് ഷായോടും

പി കെ ഗുരുദാസന് ഇല്ലാത്ത എന്ത് മഹത്വമാണ് എസ് ആര്‍ പിക്കുള്ളത്?

പാര്‍ട്ടി യെച്ചൂരി പിടിച്ചോ..? പിടിച്ചില്ലേ…?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍