മനുഷ്യാവകാശങ്ങളില്‍ ഊന്നിക്കൊണ്ട് നടത്തിയിട്ടുള്ള നിരവധി നിര്‍ണായക വിധികളാണ് ജ. ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യന്‍ ജൂഡീഷ്യല്‍ രംഗത്ത് വ്യത്യസ്തനാക്കുന്നത്
കഴിഞ്ഞ ദിവസങ്ങളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധികളെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളില്‍ ഒന്നാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നത്. പൗരന്റെ സ്വകാര്യത, ആധാര്‍ നിയമം, വിവാഹേതര ലൈംഗിക ബന്ധം, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങി സുപ്രീ കോടതി ഭരണഘടനാ ബഞ്ച് അടുത്തിടെ പുറത്തിറക്കിയ സുപ്രധാന വിധികളില്‍ എല്ലാം ജ. ചന്ദ്രചൂഡ് എന്ന ന്യായാധിപന്റെ വ്യത്യസ്ഥമായ കയ്യൊപ്പ് പതിഞ്ഞിരുന്നു.
സ്ത്രീയുടെ ആരാധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കാന്‍ മതങ്ങള്‍ക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയായിരുന്നു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശബരിമലയിലെ സ്ത്രീപ്രവേശന വിലക്കിനെ ഏതിര്‍ത്തു കൊണ്ട് ജ. ഡി വൈ ചന്ദ്രചൂഡിന്റെ വിധിയിലെ പരാമര്‍ശം. ഭരണഘടനയുടെ 25ാം വകുപ്പ് പറയുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്കും ഉള്ളതാണ്. സ്ത്രീകളെ കുറഞ്ഞവരായി കാണുന്നത് ഭരണഘടനാപരമായി തെറ്റാണെന്നും വ്യക്തമാക്കി പൂര്‍ണമായും സ്ത്രീ പക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടായിരുന്നു ചന്ദ്ര ചൂഡിന്റെത്. ഭരണഘടനയുടെ പതിനേഴാം വകുപ്പ് അയിത്തം ഇല്ലാതാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വിധിയില്‍ പറഞ്ഞ അദ്ദേഹം പ്രസ്തുത വകുപ്പിന്റെ വ്യാഖ്യാനത്തിന് പുതിയ മാനം നല്‍കുകയും ചെയ്തു.
‘വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ സേഫ്റ്റിവാല്‍വ്’ എന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് മഹാരാഷ്ട്രയില്‍ അഞ്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതേകേസ് വെള്ളിയാഴ്ച പരിഗണിച്ചപ്പോഴും ജസ്റ്റിസ് ചന്ദ്രചൂഡ്, മഹാരാഷ്ട്ര പൊലീസിന്റെ കേസ് അന്വേഷണത്തേയും അറസ്റ്റ് നടപടികളേയും രൂക്ഷമായി വിമര്‍ശിക്കുകയാണുണ്ടായത്. ചന്ദ്രചൂഡിന്റെ വിയോജിപ്പോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറും ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് എസ്ഐടി അന്വേഷണമെന്ന ആവശ്യം തള്ളുകയും ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ചയ്ക്ക് കൂടി നീട്ടുകയും ചെയ്തു. എന്നാല്‍ വിയോജിക്കാനുള്ള ഒരു പൗരന്റ അവകാശം എല്ലാ ഘട്ടത്തിലും ഉണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പിക്കുകയായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചുഡ്.
ആധാര്‍ നിയമം ഉപാധികളോടെ നിയമവിധേയമാക്കിയപ്പോള്‍, പ്രസ്തുത നിയമം പൂര്‍ണമായും ഭരണ ഘടനാ വിരുദ്ധമാണെന്നും, ഇത് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ സാധാരണക്കാരുടെ ജന ജീവിതത്തിന് തടസം സൃഷ്ടിക്കുമെന്നും വ്യത്യസ്ഥ നിലപാടായിരുന്നു അദ്ദേഹത്തിന്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഭരണഘടനാ ബെഞ്ചിലെ നാലംഗങ്ങളോടും പുര്‍ണമായും വിയോജിച്ചു നിന്ന ജ. ചന്ദ്രചൂഡ് രാജ്യത്തെ മൊബൈല്‍ കമ്പനികളുടെ കൈവശമുള്ള ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ ഉടന്‍ നശിപ്പിക്കണമെന്നും ഉത്തരവിറക്കി.
വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമാക്കുന്ന നൂറ്റിയമ്പത്തിയെട്ടു വര്‍ഷം പഴക്കമുള്ള ഐ പി സി 497-ാം വകുപ്പ് റദ്ദാക്കിയ വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാവുന്നതിലൂടെ തന്റെ പിതാവിന്റെ വിധി ഒരു തവണകൂടെ തിരുത്തിയ മകനായും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചരിത്രമെഴുതുകയായിരുന്നു. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന നിയമത്തിലൂന്നി 1985 ല്‍ വിധിയെഴുതിയ വൈ.വി ചന്ദ്രചൂഡ് എന്ന് ന്യായാധിപന്റെ മകനാണ് ഡി വൈ ചന്ദ്രചൂഡ്. 33 വര്‍ഷത്തിന് ശേഷം വ്യാഴാഴ്ച അതിനെതിരെ വിധിയെഴുതിയതുമ്പോള്‍ നൂറ്റാണ്ടുകളായി നിയമ വിധേയമാക്കപ്പെട്ടിരുന്ന ഒരു വിവേചനത്തിന് കൂടിയായിരുന്നു തിരുത്തല്‍ വരുത്തിയത്. രണ്ടാം തവണയാണ് അച്ഛന്റെ വിധി തിരുത്തി ഈ മകന്‍ വിധി പുറപ്പെടുവിക്കന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന വിധിയെഴുതിയപ്പോഴാണ് അച്ഛന്റെ വിധി തിരുത്തിയ മകനെന്ന വിശേഷണം ആദ്യം ഡി വൈ ചന്ദ്രചൂഡിനെ തേടിയെത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാനാവകാശങ്ങളെല്ലാം റദ്ദാക്കിയ സാഹചര്യത്തില്‍ സ്വകാര്യത അടിസ്ഥാനാവകാശമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് വി വൈ ചന്ദ്രചൂഡ് അടക്കമുള്ള ബെഞ്ചിന്റെ വിധിയായിരുന്നു ഡി വൈ ചന്ദ്രചൂഡിലൂടെ ആദ്യം തിരുത്തപ്പെട്ടത്. പൗരന്റെ നിലനില്‍പ്പിന് ആപേക്ഷികമായ അവകാശങ്ങളാണ് ജീവിക്കാനുള്ളതും വ്യക്തിസ്വാതന്ത്ര്യവും. ഈ അവകാശം തടയുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്നുമായിരുന്നു ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചിന്റെ കഴിഞ്ഞ വര്‍ഷത്തെ വിധി.
പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള എല്ലാ ലൈംഗിക ബന്ധവും നിയമവിധേയമാക്കിക്കൊണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് റദ്ധാക്കിക്കൊണ്ടുള്ള സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ ഇന്ത്യയുടെ സാമൂഹ്യ ചരിത്രത്തിലെ നാഴികക്കല്ലാണ്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ഏറ്റവും അധികം കാലം ചുമതല വഹിച്ച ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ മകനായി 1959 ലായിരുന്നു ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡിന്റെ ജനനം. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദം സ്വന്തമാക്കിയ അദ്ദേഹം ഹര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിയമ സ്ഥാനപനമായി സുള്ളിവന്‍ ആന്‍ഡ് ക്രോംവെല്ലിലൂടെയായിരുന്നു ചന്ദ്രചൂഡ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. 1998ല്‍ ബോംബെ ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷകനായി ഉയര്‍ത്തപ്പെട്ട അദ്ദേഹം അതേ വര്‍ഷം മുതല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് വരെ ഇന്ത്യയുടെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായിരുന്നു. 2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പട്ടു. 2013 ഒക്ടോബര്‍ 31 ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. തുടര്‍ന്ന് 2016 മെയ് 13 സുപ്രീം കോടതിയില്‍ ജസ്റ്റിസായി നിയമിക്കപ്പെടുന്നത് വരെ ഈ സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം മഹാരാഷ്ട്ര ജൂഡീഷ്യല്‍ ആക്കാദമി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജസ്റ്റിസായി പ്രവര്‍ത്തിക്കുമ്പോവും യുനിവേഴ്‌സിറ്റി ഓഫ് മുംബൈ, ഒക്കല്‍ഹോമ യുനിവേഴിസിറ്റി സകൂള്‍ ഓഫ് ലോ, യുഎസ്എ. ഓസ്‌ട്രേലിയന്‍ നാഷനല്‍ യൂനിവേഴ്‌സിറ്റി. ഹവാര്‍ഡ്‌സ് ലോ സ്‌കൂള്‍, യൂനിവേഴ്‌സിറ്റി ഓഫ് വിറ്റവാട്ടര്‍സ്രാന്റ് സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ കൂടിയാണ് അദ്ദേഹം.
മനുഷ്യാവകാശങ്ങളില്‍ ഊന്നിക്കൊണ്ട് നടത്തിയിട്ടുള്ള നിരവധി നിര്‍ണായക വിധികളാണ് ജ. ഡി വൈ ചന്ദ്രചൂഡിനെ ഇന്ത്യന്‍ ജൂഡീഷ്യല്‍ രംഗത്ത് വ്യത്യസ്തനാക്കുന്നത്. മനുഷ്യാവകാശങ്ങള്‍ പ്രതിപാദിക്കുന്ന നിവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്. ബോംബെ ഹൈക്കോടതിയുടെ ചരിത്ര പരമായി പ്രാധാന്യം വ്യക്തമാക്കുന്ന ‘എ ഹെറിറ്റേജ് ഓഫ് ജഡജിങ്ങ്- ദി ബോംബെ ഹൈക്കോര്‍ട്ട് ത്രൂ 150 ഇയേഴ്‌സ്’ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. 2016 മെയ് 13ന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജ്ജിയിലൂടെ സുപ്രിം കോടതി ജഡ്ജിയായി നിയമിതനായ ജ. ഡി വൈ ചന്ദ്രചുഡ്് 2024 വരെ സുപ്രീം കോടതിയില്‍ സേവനം അനുഷ്ടിക്കും.
വിവാഹേതര ലൈംഗികബന്ധം: പിതാവിന്റെ വിധിയെ തിരുത്തി വീണ്ടും ജ. ഡി വൈ ചന്ദ്രചൂഢ്