UPDATES

“അന്നു മുതല്‍ ഞാന്‍ മാണി സാറിന് ഔസേപ്പച്ചനാണ്”-പി ജെ ജോസഫ്

പ്രമുഖര്‍ പ്രതികരിക്കുന്നു

കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്ന ശൂന്യതയെ അടയാളപ്പെടുത്തുകയാണ് രാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ തങ്ങളുടെ പ്രതികരണങ്ങളിലൂടെ. പ്രധാന മന്ത്രി നരേന്ദ്ര മൊദി മുതല്‍ ദേശീയ കേരള നേതാക്കള്‍ തങ്ങളുടെ വേദനയും അനുഭവവും ഇന്നലെ തന്നെ രേഖപ്പെടുത്തി. ചില പ്രതികരണങ്ങളിലൂടെ..

നരേന്ദ്ര മോദി

കെ എം മാണി കേരള രാഷ്ട്രീയത്തിലെ അതികായനാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങൾ അദ്ദേഹത്തിന് ജനങ്ങളുമായുണ്ടായിരുന്ന ആഴമേറിയ ബന്ധമാണ് വെളിവാക്കുന്നത്. സംസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും.

മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രിയായിരുന്നപ്പോൾ കേരള ധനകാര്യമന്ത്രിയായിരുന്ന മാണിയുമായി ഏറെ ചർച്ചകൾ നടത്തിയത് ഇപ്പൊഴും ഓര്‍ക്കുന്നു. . സാമ്പത്തിക കാര്യങ്ങളിലും പൊതുകാര്യങ്ങളിലും ഉയർന്ന ധാരണയുള്ളയാളായിരുന്നു കെ എം മാണി.

പിണറായി വിജയന്‍

ലോക പാര്‍ലമെന്‍ററി ചരിത്രത്തില്‍ത്തന്നെ സ്ഥാനം നേടിയ അത്യപൂര്‍വ്വം സമാജികരുടെ നിരയിലാണ് ശ്രീ. കെ.എം. മാണി. 54 വര്‍ഷത്തോളം നിയമനിര്‍മാണസഭയില്‍ പ്രവര്‍ത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകള്‍ക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള നിയമസഭയുടെ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്. കെ.എം. മാണിയുടെ നിര്യാണം കേരള കോണ്‍ഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയത്. പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്‍റെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്.

പിജെ ജോസഫ്

20 വര്‍ഷക്കാലം ഇരു ചേരികളില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും വ്യക്തി ബന്ധത്തില്‍ അകല്‍ച്ചവന്നിട്ടില്ല. 1970ല്‍ തൊടുപുഴയെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയപ്പോഴാണ് പരിചയപ്പെടുന്നത്. അന്നുമുതല്‍ ഞാന്‍ മാണി സാറിന് ഔസേപ്പച്ചനാണ്. സമൂഹത്തില്‍ സാമാന്യജനങ്ങളെ തൊഴിലാളിയെന്നോ മുതലാളിയെന്നോ വേര്‍തിരിക്കാതെ അധ്വാനവര്‍ഗമായി കണ്ടുകൊണ്ട് അവരുടെ സാമ്പത്തികവും സാമൂഹികവും വികസനപരവുമാആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം തന്നെയാണ് മാണിസാറിന്റെ ഏറ്റവും വലിയ സംഭാവന.

പികെ കുഞ്ഞാലിക്കുട്ടി

1982 മുതല്‍ ഞാന്‍ നിയമസ്ഭയില്‍ വന്നത് മുതലുള്ള അടുപ്പമാണ് മാണി സാറുമായി ഉള്ളത്. ആ ബന്ധം മരണം വരെ തുടര്‍ന്നു. മരണം വരെ ഞങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. യു ഡി എഫ് വിട്ടു പോയപ്പോഴും എനിക്കു വേണ്ടി പ്രചരണം നടത്താന്‍ മാണി സാര്‍ മലപ്പുറത്ത് വന്നു.

ഉമ്മന്‍ ചാണ്ടി

ഞാന്‍ കോട്ടയം സി എം എസ് കോളേജില്‍ പഠിക്കുമ്പോള്‍ മാണി സാര്‍ ഡി സി സി സെക്രട്ടറിയാണ്. പിന്നീട് ഞങ്ങള്‍ രണ്ടു പാര്‍ട്ടികളിലായി വഴി പിരിഞ്ഞെങ്കിലും ഊഷ്മളമായ വന്ദത്തിന് ഉലച്ചില്‍ തട്ടിയില്ല. ഞാന്‍ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളിലും ധനകാര്യം ഉള്‍പ്പെടെ വിവിദ് അവകുപ്പുകള്‍കൈകാര്യം ചെയ്ത് മാണി സാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ജനങ്ങളെ ആകര്‍ഷിക്കനുള്ള ഒരു കാന്തശക്തിയുണ്ട്. മാണി സാര്‍ ഇല്ലെങ്കില്‍ പേടിക്കാനില്ല എന്നാണ് പാലക്കാര്‍ പറയാറുള്ളത്.

രമേശ് ചെന്നിത്തല

കർഷകർക്ക് വേണ്ടിയുള്ള ഉറച്ച ശബ്ദമായിരുന്നു മാണി സാർ. അധ്വാന വർഗ സിദ്ധാന്തത്തിന്റെ പിതാവും നിയമജ്ഞനുമായിരുന്ന അദ്ദേഹം കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്വന്തമായ പാത വെട്ടിയുണ്ടാക്കിയ നേതാവാണ്. കേരളം കണ്ട ഏറ്റവും മികച്ച ധനമന്ത്രിയും. ആദ്യം നിയമസഭയിലെത്തുമ്പോള്‍ എന്നെപ്പോലുള്ള നവാഗതര്‍ക്ക് മാണി സാര്‍ ഒരു പാഠപുസ്തകം ആയിരുന്നു.

കോടിയേരി ബാലകൃഷ്ണന്‍

കേരള കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഇടതുപക്ഷത്തോട് ഇണങ്ങിയും പിണങ്ങിയും അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. വ്യക്തിപരമായി ശ്രദ്ധേയമായ രാഷ്ട്രീയ നിലപാടുകൾ പല സന്ദർഭങ്ങളിലും കെ എം മാണി സ്വീകരിച്ചിട്ടുണ്ട്. അധ്വാനവർഗ സിദ്ധാന്തമെന്ന പേരിൽ അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വളരെയധികം ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

കാനം രാജേന്ദ്രന്‍

കേരള രാഷ്ട്രീയത്തിലെ വേറിട്ട ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു കെഎംമാണി. കർഷകരുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചു. ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായ അദ്ദേഹം മികച്ച പാർലമെൻററിയനായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്ന വ്യക്തി എന്ന നിലയിൽ മികച്ച ഭരണാധികാരിയായി അദ്ദേഹം പേരെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍