UPDATES

ട്രെന്‍ഡിങ്ങ്

സംഘിയെ ചെറുക്കാൻ സംഘിയുടെ തന്ത ആകേണ്ടതുണ്ടോ…?

ത്രിപുര, നീ എന്താണ് ചെയ്തത്?

ഹരിത തമ്പി

ഹരിത തമ്പി

മരുന്നിന് പോലും നാല് ബിജെപിക്കാർ ഇല്ലാതിരുന്ന ത്രിപുരയിൽ ഇന്നവർ ഭരണം നേടി. രാജ്യം മുഴുവനായും അമ്മാനമാടുന്നത് ഈ വർഗ്ഗീയ പാർട്ടി ആണെങ്കിലും കേവലം 23 ലക്ഷം വോട്ടർമാർ മാത്രമുള്ള ഈ കൊച്ചു സംസ്ഥാനത്തിലെ അവരുടെ വിജയം നമ്മുടെ ഉറക്കം കളയുവാൻ കാരണങ്ങൾ പലതുമുണ്ട്.

ജനാധിപത്യത്തിന്റെ അന്ത്യം ആസന്നമായെന്നു ഓർത്തുള്ള ഭയം

ഇത് ജാതീയമായി വിഭജിക്കപ്പെട്ട, മനുഷ്യനെ സഹജീവിയായി കാണുവാൻ കൂട്ടാക്കാതെ അവൻ ജനിച്ച കുലവും നിറവും മതവും അടിസ്ഥാനമാക്കി ദൃഷ്ടി പതിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നവരുടെ ഇന്ത്യയാണ്. മനുഷ്വത്വം എന്നത് വർഗ്ഗീയതയിൽ മുക്കിക്കൊന്നവരുടെ ഇന്ത്യയാണ്. തൊലിപുറമെ പോലെ മതേതരത്വം അംഗീകരിക്കുവാൻ കൂട്ടക്കാത്തവരുടെ ഇന്ത്യയാണ്.

ഈ ഇന്ത്യയിൽ സ്വാതന്ത്ര്യാനന്തരം ജനാധിപത്യം സ്ഥാപിക്കപ്പെട്ടതും, ശക്തമായ ഭരണഘടനയുടെ അടിത്തറയോടെ ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ജീവിക്കുവാനെങ്കിലും ഉള്ള സ്വാതന്ത്ര്യം അംബേദ്കർ പിടിച്ചു വാങ്ങിയതും തന്നെയായിരുന്നു. ക്രാന്തദർനത്തോടെ രൂപീകരിക്കപ്പെട്ട നിയമ സംഹിതയും പദ്ധതികളും, ഒട്ടും മതേതരർ അല്ലാത്ത ഇന്ത്യൻ ജനതക്ക് ഇന്ത്യയെന്ന മതേതര രാഷ്ട്രം കെട്ടിപ്പടുത്തു കൊടുക്കുന്നതിൽ പങ്ക് വഹിച്ചു.

രാജ്യം എന്നാൽ ജനങ്ങളാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ കൊതിക്കുന്നതും ആ എരിതീയിൽ നിരന്തരം എണ്ണയായി ഒഴിക്കപ്പെടുന്നതും രാമരാജ്യം അഥവാ ബ്രഹ്മണ നീതി പുലരുന്ന കാവിപുതച്ച ഒരു ഇന്ത്യയാണ്. മുസ്ലിമിനോ ദളിതനോ മതേതരനോ രാമരാജ്യത്തിൽ സ്ഥാനമില്ല. തൃശൂലങ്ങൾക്ക് നിരന്തരമായി ഇരയാകുക എന്നൊരു കർമ്മത്തിനപ്പുറം മറ്റൊന്നും അവർക്ക് ഉണ്ടാകുകയില്ല.

വേറെ ആരുതന്നെയായാലും ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യത്തെ നേരിടേണ്ടി വരും. എന്നാൽ ബിജെപിക്കോ? ജനാധിപത്യം വെടിഞ്ഞു ഹിന്ദുത്വരാഷ്ട്രത്തെ പുൽകുവാൻ കൊതിക്കുന്ന ജനതക്ക് അത് വാഗ്ദാനം ചെയ്യുന്ന മുസ്ലിം വിരുദ്ധത മുഖമുദ്രയാക്കിയ ഒരു രാഷ്ട്രീയപാർട്ടിയെ ഭരണത്തിൽ ഏറ്റുന്നതിന് മറ്റൊന്നും തന്നെ വേണ്ട. രാജ്യം മുഴുവൻ കാവി പുതക്കുമ്പോൾ തോൽക്കുന്നത് ജനാധിപത്യ ഇന്ത്യയും മതേതര മൂല്യങ്ങളും മനുഷ്യത്വവുമാണ്.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്നു പറയുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് നല്ല പാഠം

ഭരണഘടനയെ വളച്ചൊടിച്ചും ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് വിറ്റു തുലച്ചും ദാരിദ്ര്യ കയത്തിൽ ആഴ്ന്നു ജീവിക്കുമ്പോഴും ഹിന്ദുത്വരാഷ്ട്ര സങ്കൽപ്പവും മുസ്ലീമിനോടുള്ള വിരോധവും ബ്രാഹ്മണ ഭക്തിയും ഇന്ത്യക്കാരനെ നിശബ്ദനാക്കും.

ത്രിപുര അവർ സ്വന്തമാക്കിയപ്പോൾ അക്ഷരാർത്ഥത്തിൽ ഭയന്ന് പോയി. അല്ലെങ്കിൽ എന്നോ മനസ്സിൽ കയറിക്കൂടിയ ഭയം വീണ്ടും വളർന്ന് പന്തലിച്ചു.

ത്രിപുര, നീ എന്താണ് ചെയ്തത്?

ചരിത്രം സൗകര്യപൂർവ്വം മറക്കുന്ന അരാഷ്ട്രീയരായ ജനതക്ക് പറ്റിയ വിളനിലമാണ് ഈ തീവ്ര വലതുപക്ഷ രാഷ്ട്രീയം. വളരെ സൗകര്യപൂർവ്വം തന്നെ വിഭാഗീയതയും വർഗീയതയും ആളികത്തിച്ചു അവർക്ക് വളരാം. ചരിത്രം മറന്നു പോയ ഒരുപറ്റം യുവാക്കൾ ആര്‍ എസ് എസിന്റെ പണകൊഴുപ്പിൽ തീർത്ത മായിക പ്രചാരണങ്ങളിൽ മൂക്കും കുത്തി വീണു ജനിച്ച നാടിനെ തീറെഴുതി കൊടുത്തു.

സ്വരാജിനും ബല്‍റാമിനും മനസിലാകാത്ത ത്രിപുര; ഈ യുവനേതാക്കള്‍ എന്തുകൊണ്ട് നമ്മളെ അസ്വസ്ഥരാക്കുന്നു

മോദി തരംഗം ആഞ്ഞടിപ്പിച്ചു ഇന്ത്യക്കാരനെ കൊണ്ട് താമരക്ക് വോട്ട് കുത്തിപ്പിച്ച സുനിൽ ദേവ്ദർ തന്നെയാരുന്നു ഇവിടെയും സൂത്രധാരൻ എന്നുള്ളത് വിജയത്തിന് പിന്നിലെ കളികളെ പറ്റി ചെറുതല്ലാത്ത ഐഡിയ തരുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ കേവലം 5.7% വോട്ട് മാത്രം നേടിയ ബിജെപിയാണ് ഇന്ന് 43% വോട്ടോടെ ഭരണം പിടിച്ചിരിക്കുന്നത്. ആസൂത്രിതമായുള്ള പണമൊഴുക്കിയുള്ള പ്രവർത്തനം തന്നെയാണ് ത്രിപുരക്കാരെ കണ്ണ് മഞ്ഞളിപ്പിച്ചു താമരക്ക് കുത്തുവാൻ പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളും വാട്ട്സ്ആപ്പ് സന്ദേശങ്ങളുമായി യുവനിരകളിൽ ചുരുങ്ങിയ സമയം കൊണ്ട് സുനിൽ ദേവ്ദർ ബിജെപിയെ കുടിയിരുത്തി.

ഒരു സ്മാർട്ട് ഫോൺ പോലും ഉപയോഗിക്കാത്ത മാണിക് സർക്കാർ ചെയ്‌ത കാര്യങ്ങള്‍ പരസ്യം ചെയ്തു നാട്ടുകാരെ അറിയിച്ചില്ല എന്നതാകും ചെയ്ത തെറ്റ്. അഥവാ നിങ്ങൾ അനുഭവിക്കുന്നത് നിങ്ങളുടെ അവകാശമല്ല ഞങ്ങൾ തന്നതാണ് എന്ന് പരസ്യം ചെയ്തു അറിയിച്ചാൽ മാത്രം മനസിലാക്കുന്ന ഒരു ദുരന്ത ജനത വളർന്നു കഴിഞ്ഞിരുന്നു.

ത്രിപുരയില്‍ തന്നെയുണ്ടാകും; ഇനിയും ജനങ്ങള്‍ക്കൊപ്പം തന്നെ; ബിജെപിയോട് മണിക് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ലളിത ജീവിതത്തിന് ഒരു ജനാധിപത്യ സംവിധാനത്തിൽ എന്തെങ്കിലും വില കൊടുക്കേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അതിനാൽ തന്നെ സ്വന്തം ശമ്പളം പോലും വെടിഞ്ഞുള്ള മാണിക് സർകാരിന്റെ ത്യാഗം എന്നൊന്നും ഇവിടെ എഴുതുവാൻ മുതിരുന്നുമില്ല. ലളിത ജീവിതം ഒരു ചോയ്‌സ് മാത്രമാണ്.

മാണിക് സർക്കാരിനെയും അദ്ദേഹത്തിന്റെ ഗവണ്മെന്റിനെയും ത്രിപുര കയ്യൊഴിഞ്ഞതിൽ വിഷമിപ്പിക്കുന്നത് സാമൂഹിക ബോധത്തോടെ പ്രവർത്തനം നടത്തുന്ന ഒരു മാതൃക ഭരണകൂടത്തിനെ വെടിഞ്ഞു കേവലം കണ്ണ് മഞ്ഞളിപ്പിക്കലുകൾക്ക് പിന്നാലെ പോയതാണ്.

നിരന്തരമായ സംഘട്ടനങ്ങൾക്കും ദാരിദ്ര്യത്തിനും നിരക്ഷരതയിൽ നിന്നുമെല്ലാം സമാധാനം സ്ഥാപിച്ചുകൊണ്ട് സമൂഹ അടിത്തട്ടിൽ പ്രവർത്തനം നടത്തുവാൻ മാണിക് സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. ഭൂരഹിതർക്ക് ഏറ്റവും കൂടുതൽ പട്ടയം നൽകിയ സംസ്ഥാനമാണ് ത്രിപുര, സമ്പൂർണ്ണ സാക്ഷരതയും ആരോഗ്യമേഖലയിലെ മികവും പരിശോധിച്ചാൽ കാണാം പറയത്തക്ക വിഭവങ്ങൾ ഒന്നുമില്ലാത്ത ഒരു സംസ്ഥാനത്തെ ജനപക്ഷത്തു നിന്നുകൊണ്ട് എങ്ങനെ കൈപിടിച്ച് ഉയർത്തി കൊണ്ടുവന്നു എന്ന്. റബർ കൃഷി, ചായതോട്ടം എന്നിവ പ്രോത്സാഹിപ്പിച്ചും സമഗ്ര ആരോഗ്യ ഇന്ഷൂറൻസ് നടപ്പിലാക്കിയും പട്ടിണി ഒരു പരിധിവരെ തുടച്ചു നീക്കിയും കൂട്ടക്കൊലകൾ നടന്നിടത്തു സമാധാനം തിരികെകൊണ്ടുവന്നുമുള്ള പ്രവർത്തനമാണ് ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നടപ്പിലാക്കിയത്.

കോണ്‍ഗ്രസ് ബന്ധം അവിടെ നില്‍ക്കട്ടെ, ബിജെപിയുടെ മാസ് പ്രൊപ്പഗണ്ടയെ നേരിടാന്‍ എന്തുണ്ട് കൈയില്‍?

ഇതെല്ലാം വളരെ എളുപ്പത്തിൽ വിസ്മരിപ്പിക്കുവാൻ കേന്ദ്രത്തിൽ നിന്നുമുള്ള പണമൊഴുക്കിന് സാധിച്ചു എന്നത് വളരെ വളരെ വേദനിപ്പിക്കുന്ന സത്യമാണ്. ‘ചലോ പാൽട്ടായ്’ അഥവാ ‘മാറ്റത്തിന് വേണ്ടി’ എന്നതായിരുന്നു ബിജെപി മുദ്രാവാക്യം. എന്തിൽ നിന്നും എന്തിലേക്ക് എന്ന കാര്യം മനസ്സിലാക്കുന്നതിൽ ത്രിപുര ജനത പരാജയപ്പെട്ടു.

ഇന്നലെകൾ അവർ മറന്ന് കളയുകയും ചെയ്തു.

ബംഗാൾ വിഭജന സമയത്തു അവിടെ നിന്നും ത്രിപുരയിലേക്ക് ഒഴുകിയ ഹിന്ദുക്കളെ ത്രിപുരയിലെ രാജവംശം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പ്രദേശികരായ ഗോത്ര വിഭങ്ങളുടെ ഭൂമിയും വിഭവങ്ങളും പങ്കുവെക്കപ്പെട്ടു എന്ന് മാത്രമല്ല ക്രമേണ ഭൂരിപക്ഷമായി തീർന്ന ബംഗാളി ഹിന്ദുക്കൾ ഇവ കയ്യടക്കുവാനും തുടങ്ങി. രാജഭരണ വിരുദ്ധ വികാരം ഗോത്രവിഭാഗങ്ങളിൽ വളർന്നു വരുവാനും അവകാശബോധം അങ്കുരിക്കുവാനും തുടങ്ങിയിടത്തു നിന്നുമാണ് ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടായത്.

1+1= 71 ആകുമോ? ത്രിപുര ചെങ്ങന്നൂരിന് നല്‍കുന്ന മുന്നറിയിപ്പ്

ഗോത്രവർഗ്ഗക്കാരുടെ ഭൂമി കൈമാറ്റം സംബന്ധിച്ച നിയമങ്ങൾ രൂപീകരിക്കുക മാത്രമല്ല അനധികൃതമായി ഗോത്രവർഗ്ഗക്കാരിൽ നിന്നും പിടിച്ചെടുത്ത ഭൂമി വീണ്ടെടുത്ത് നൽകുവാനും കമ്യൂണിസ്റ്റ് ഭരണത്തിന് സാധിച്ചു. ഇതേ ഗോത്രവർഗങ്ങളെയും അവരുടെ ആജന്മ ശത്രുക്കളായ ബംഗാളി ഹിന്ദുക്കളെയും ഒന്നിപ്പിച്ചു ബിജെപി ഇന്ന് ഭരണം നേടി.

ശാന്തനു ഭൗമിക് എന്ന മാധ്യമപ്രവർത്തകനെ കൊന്ന IPFT യെ ഓർമ്മ കാണുമല്ലോ… ? ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടു ഒരാഴ്ചക്ക് ഉള്ളിൽ കൊല്ലപ്പെട്ട ത്രിപുരയിലെ മാധ്യമ പ്രവർത്തകൻ, അന്ന് ഇവിടത്തെ സംഘി തലകൾ പടച്ചു വിട്ടു സിപിഎം സംഘടന മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി എന്ന്. ത്രിപുരയിലെ ജയം IPFT-BJP സഖ്യത്തിനാണ്. Indigenous people’s front of Tripura എന്ന ഈ സംഘടന ആകട്ടെ പ്രവർത്തിക്കുന്നത് ഗോത്രവിഭാഗങ്ങൾക്ക് ഇടയിലും.

ഈ ഇലക്ഷന് പിന്നിൽ പ്രവർത്തിച്ച തലച്ചോറുകൾ ചില്ലറയല്ല എന്ന് മനസ്സിലായല്ലോ…? 52 കേന്ദ്രമന്ത്രിമാരാണ് കഴിഞ്ഞ വർഷങ്ങളിൽ ത്രിപുര എന്ന കുഞ്ഞൻ സംസ്ഥാനം ഔദ്യോഗികമായി സന്ദർശിച്ചത്. ഇന്ത്യയെ മൊത്തമായും ചില്ലറയായും വാങ്ങുവാനും വിൽക്കുവാനും ഉള്ള പണവും കുബുദ്ധിയും ഉണ്ടെന്ന് മാത്രമല്ല എല്ലാ സാമൂഹിക അശ്ലീലങ്ങളും വോട്ടാക്കി മറ്റുവാനുള്ള ഒരു പ്രത്യയശാസ്ത്രവും അവർക്കൊപ്പമുണ്ട്.

കൊടി കെട്ടാന്‍ ഇനി ചെങ്കോട്ടയുണ്ടോ? തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ദുര്‍ബലമാകുന്ന സിപിഎം

നാളെ അവർ കേരളത്തിലും വരുമോ?

കേരളത്തിലെ കമ്യൂണിസ്റ്റ് കുടുംബങ്ങളിൽ പോലുമുള്ള കുട്ടികൾ കാവിയെടുത്തു അണിയുന്നത് അരാഷ്ട്രീയവത്കരണം വരുത്തിവെച്ച വിന തന്നെയാണ്. രാഷ്രീയമെന്നാൽ ഛീ ഛീ ആണെന്നും രാഷ്ട്രീയക്കാർ മുഴുവൻ കള്ളന്മാർ ആണെന്നും പറഞ്ഞു പഠിപ്പിച്ചു സാമൂഹിക ബോധമില്ലാത്ത ചെറുപ്പക്കാരെ ഇവിടെ വളർത്തി കൊണ്ടുവന്നു. ഇവരിൽ കപട രാജ്യസ്നേഹവും ഹിന്ദുത്വവികാരവും നിറച്ചുകൊണ്ട് ബിജെപിക്ക് വളരുവാൻ വളരെ എളുപ്പമാണ്. നേരത്തെ പറഞ്ഞത് പോലെ ബിജെപിക്ക് വളരുവാൻ പറ്റിയ വളക്കൂർ ഈ മണ്ണിൽ നമ്മൾ തന്നെ ഉണ്ടാക്കിയതാണ്.

ഏത് നിമിഷവും കാവിയെ പുണരുവാൻ സജ്ജരാണ് കേരള ജനതയും. എല്ലാ പ്രിവിലേജുകളും അനുഭവിക്കുന്ന നിഷ്പക്ഷർ കാവിയുടുത്തു തുടങ്ങിയിട്ട് കാലം കുറച്ചായി. ആദിവാസികളെ കൊലപ്പെടുത്താൻ മുതിരുന്ന ജനക്കൂട്ടവും, വടയമ്പാടിയിൽ ഉയർന്ന ജാതി മതിലും, ദളിതനായ ചിത്രകാരന്റെ മൃതദേഹത്തിന് അശുദ്ധി കൽപ്പിച്ച എറണാകുളത്തപ്പന്‍റെ ഭക്തരും, ഫേസ്ബുക് ഗ്രൂപ്പുകളിൽ ഇരുന്ന് നിറത്തേയും ജാതിയേയും അതിക്ഷേപിച്ചു ട്രോളുകൾ മെനയുന്ന കൗമാരക്കാരും, വിരൽ ചൂണ്ടുന്നത് തൊട്ടടുത്തു എത്തിയ ഒരു വർഗ്ഗീയ ഭരണത്തെയാണ്.

ത്രിപുരയില്‍ മാത്രമല്ല, രാജ്യത്തുടനീളം ബിജെപിക്കെതിരെ പോരാട്ടം; ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കണം: യെച്ചൂരി

കോൺഗ്രസ്സ് ഇല്ലാതെ ചെറുത്തു നിൽപ്പ് സാധ്യമാണ് എന്ന് സഖാക്കൾ കരുതുന്നു എങ്കിൽ അത് വിഡ്ഢിത്വം മാത്രമാണ് എന്ന് മനസിലാക്കണം. കോൺഗ്രസ് നിലനിൽക്കുന്ന ഒരു ഇന്ത്യയിൽ മാത്രമേ ഇടതുപക്ഷത്തിനും നിലനിൽപ്പുള്ളൂ. പ്രതിരോധിക്കേണ്ടത് മുഖ്യ ശത്രുവായ ബിജെപിയെ ആണെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ കൊച്ചു സംസ്ഥാനത്തിൽ എങ്കിലും ഒരു ചെറുത്തു നിൽപ്പ് സാധ്യമാക്കണം എന്നും ഒരു അഭ്യർത്ഥനയുണ്ട്. ഇക്കാര്യത്തിൽ യെച്ചൂരിയുടെ നിലപാടുകൾ പിന്തുണക്കപ്പെടണം.

ബിജെപിയെ പ്രതിരോധിക്കാൻ സി പി എം കൈക്കൊള്ളുന്ന നയങ്ങളിൽ തെറ്റുകൾ ഉണ്ട് എന്ന് തന്നെയാണ് നിരീക്ഷണം. മുന്നോക്ക സംവരണം ഏർപ്പെടുത്തിയും ശ്രീകൃഷ്ണ ജയന്തിയും പൊങ്കാലയും കുത്തിയോട്ടവും ഉൾപ്പെടെയുള്ള ഹൈന്ദവ ആചാരങ്ങളെ സ്വന്തമാക്കിയും ഭൂരിപക്ഷ പ്രീണനം നടത്തുകയും അക്രമ രാഷ്ട്രീയം നടപ്പിലാക്കി ആര്‍ എസ് എസിനു നിരന്തരം അടിക്കാൻ വടികൊടുത്തുമുള്ള പ്രവർത്തനങ്ങൾ ദയവായി നിർത്തണം. നിങ്ങൾ നിങ്ങളായി പ്രവർത്തിക്കൂ…സംഘിയെ ചെറുക്കാൻ സംഘിയുടെ തന്ത ആകേണ്ടതുണ്ടോ…?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍