മതിലിനൊപ്പമില്ല എന്നു പറയുന്ന സ്ത്രീകളില്‍ എത്ര പേര്‍ ശബരിമലയില്‍ കയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്? ഒരു സവര്‍ണസ്ത്രീ പോലും ആ വഴിക്ക് പോയിട്ടില്ല.
സര്‍ക്കാര്‍ നിലപാടുകളോടും ശബരിമലയില്‍ നിന്നും സ്ത്രീകള്‍ക്ക് പാതിവഴിക്ക് യാത്രയവസാനിപ്പിച്ച് തിരിച്ചിറങ്ങേണ്ടിവന്ന അവസ്ഥയോടുമുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ മുപ്പതോളം സ്ത്രീകളാണ് വനിതാ മതിലിനെ പിന്തുണയ്ക്കുന്നില്ലെന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടു വന്നത്. തൊട്ടുപിന്നാലെ, എന്തുകൊണ്ട് വനിതാമതിലിനൊപ്പം നില്‍ക്കുന്നുവെന്ന് വിശദീകരിച്ചുള്ള മറ്റൊരു കൂട്ടം സ്ത്രീകളുടെ കുറിപ്പും പുറത്തിറങ്ങിയിരുന്നു. ശബരിമലയില്‍ നിന്നും പൊലീസിന്റെ നിര്‍ബന്ധത്താല്‍ തിരിച്ചിറങ്ങേണ്ടി വന്ന, മല കയറാന്‍ ശ്രമിച്ചുവെന്ന കാരണത്താല്‍ താമസസ്ഥലത്തും തൊഴിലിടത്തിലും വേട്ടയാടപ്പെട്ട ബിന്ദു തങ്കം കല്യാണിയും വനിതാ മതിലിനൊപ്പം ചേരുമെന്ന നിലപാടിലാണ്. മല ചവിട്ടാന്‍ സ്ത്രീകള്‍ക്ക് സാഹചര്യമൊരുക്കാത്തതിനാല്‍ വനിതാ മതിലിനൊപ്പമില്ല എന്ന് ഒരു വിഭാഗം പ്രഖ്യാപിക്കുമ്പോള്‍, നേരെ മറിച്ചൊരു തീരുമാനമെടുക്കുകയാണ് മല ചവിട്ടാതെ ഇറങ്ങേണ്ടി വന്ന ബിന്ദു തങ്കം കല്യാണി. എന്തു കൊണ്ട് വനിതാ മതിലിനൊപ്പമെന്ന് ബിന്ദു വിശദീകരിക്കുന്നു:
വനിതാ മതില്‍ ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ത്തന്നെ
ശബരിമലയില്‍ യുവതികളെ കയറ്റും എന്ന് വനിതാ മതില്‍ കെട്ടുന്നവര്‍ പറഞ്ഞിട്ടില്ല, മല കയറാനെത്തുന്ന യുവതികളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുന്നു, അതുകൊണ്ട് തങ്ങളുടെ പിന്തുണ വനിതാ മതിലിന് ഉണ്ടാകില്ല എന്നാണ് ഇതിനെ എതിര്‍ക്കുന്നവരുടെ ഭാഷ്യം. പക്ഷേ, കുറേയധികം കാര്യങ്ങള്‍ ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ട്. വനിതാ മതില്‍ എന്ന ഒരു ചിന്ത തന്നെയുണ്ടായിവരുന്നത് ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ഞാനടക്കമുള്ള സ്ത്രീകള്‍ കോടതി വിധിക്കു പിന്നാലെ ശബരിമലയിലെത്തുന്നു, നാമജപത്തിന് എന്ന പേരില്‍ അവിടെ പ്രതിഷേധക്കാര്‍ സംഘടിക്കുന്നു, സ്ത്രീകള്‍ക്കെതിരെ നെയ്‌ത്തേങ്ങവരെ എറിയാനോങ്ങുന്ന തരത്തില്‍ സംഘര്‍ഷമുണ്ടാകുന്നു. ഈ സാഹചര്യത്തിലാണ് വനിതാ മതിലിനെക്കുറിച്ചുള്ള ആലോചന പോലുമുണ്ടാകുന്നത്. ആ അര്‍ത്ഥത്തില്‍ മതിലിന് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധമില്ല എന്നു പറയുന്നത് തെറ്റാണ്. ഒരു സുപ്രഭാതത്തില്‍ പുന്നല ശ്രീകുമാറിനേയും വെള്ളാപ്പള്ളി നടേശനെയും വിളിച്ചിരുത്തി ഒരു മതില്‍ കെട്ടിയേക്കാം എന്ന് മുഖ്യമന്ത്രി തീരുമാനിക്കുകയല്ലല്ലോ ഉണ്ടായത്.
എന്റെ രാഷ്ട്രീയത്തിന്റെ പുറത്ത് ഞാനിതിനെ നിരീക്ഷിക്കുന്നത് വ്യക്തമായ ഒരു ജാതിപ്രശ്‌നമായാണ്. വേറെയും ഒരുപാട് വിഷയങ്ങള്‍ ഇതിലുണ്ട്. പക്ഷേ, ജാതിയും കൃത്യമായ രീതിയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നുണ്ട്. സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ഒരു അന്തഃച്ഛിദ്രത്തിലേക്ക് നമ്മുടെ വ്യവസ്ഥ പോകുമ്പോള്‍, അതിനു കാരണമായി നില്‍ക്കുന്ന വിഷയത്തെ പ്രതിരോധിക്കാനാണ് മതില്‍ എന്നൊരു ആശയം വരുന്നതു തന്നെ. അത് ശബരിമലയുമായി ബന്ധപ്പെട്ടാണോ അല്ലയോ എന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യം പോലുമില്ലെന്നതാണ് വാസ്തവം.
സര്‍ക്കാര്‍ നിലപാട് വേറെ, പൊലീസിന്റെ അനാസ്ഥ വേറെ
ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഇതുവരെ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ലെന്നും, പൊലീസിന്റെ നിര്‍ബന്ധം കാരണം മടങ്ങിപ്പോരേണ്ടി വരികയാണെന്നുമാണ് അടുത്തതായി ചൂണ്ടിക്കാട്ടപ്പെടുന്ന വിഷയം. ശരിയാണ്, എന്നെയും വളരെ മോശമായിത്തന്നെയാണ് പൊലീസ് ഡീല്‍ ചെയ്തിട്ടുള്ളത്. തിരിച്ചു വന്ന ശേഷവും അതിക്രമങ്ങളുടെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെത്തന്നെയാണ് ഞാനും എന്റെ ചെറിയ മോളുമൊക്കെ കടന്നു പോയതും. വീടിനകത്തും പുറത്തും അതിക്രമങ്ങളെ നേരിട്ടിട്ടുണ്ട്. യാത്ര ചെയ്യുമ്പോഴെല്ലാം രണ്ടു മിനുട്ടിനകത്ത് നമ്മളെ ആളുകള്‍ തിരിച്ചറിയുകയും, ഏതും നിമിഷത്തിലാണ് ആക്രമിക്കപ്പെടുക എന്നറിയാതെ ഭയപ്പെട്ടിട്ടുമുണ്ട്. പൊലീസ് തന്നെ പല ഘട്ടത്തിലും വേണ്ട സുരക്ഷയൊരുക്കാതെ നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
വീണ്ടും നമ്മള്‍ സുരക്ഷയ്ക്കായി സമീപിക്കുന്നത് പൊലീസിനെത്തന്നെയാണ്. അവര്‍ തന്നെയാണ് അത് മറ്റൊരു തരത്തില്‍ ഉറപ്പു നല്‍കേണ്ടി വരുന്നതും. പൊലീസ് സേനയില്‍ത്തന്നെ തൊണ്ണൂറ്റിയഞ്ചു ശതമാനം പേരും വിശ്വാസികളും ആചാരസംരക്ഷകരുമാണ്. അതില്‍ ആര്‍എസ്എസുകാരുമുണ്ടാകും. പൊലീസ് സേനയേയും സര്‍ക്കാരിനെയും ഞാന്‍ കാണുന്നത് വ്യത്യസ്ത വിങ്ങുകളായാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അതേ പാതയിലൂടെ പൊലീസിന്റെ വ്യവസ്ഥ സഞ്ചരിച്ചോളണമെന്നില്ല. ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് അവരുടേതായ രീതികളും ടൂള്‍സുമുണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ വേറെ ഏതെങ്കിലും വ്യക്തിയോ ആയിക്കോട്ടെ, പൊലീസിന്റെ പൊതു സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. സുരക്ഷയുറപ്പാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കാനേ ആഭ്യന്തര മന്ത്രിക്ക് സാധിക്കുകയുള്ളൂ. സര്‍ക്കാരിന്റെ അധികാര വ്യവസ്ഥ പോലെയല്ല പൊലീസിന്റേത് എന്ന് തിരിച്ചറിയണം.
ശബരിമല യുവതീപ്രവേശനം ഒരു പ്രക്രിയയാണ്, ഒടുവില്‍ കയറുക തന്നെ ചെയ്യും
രഹന ഫാത്തിമയേയും മറ്റും സന്നിധാനം വരെയെത്തിക്കാന്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറാകുമ്പോള്‍, അതിനെ വിശ്വസിച്ചാണ് മറ്റു സ്ത്രീകള്‍ എത്തിച്ചേരുന്നത്. അപ്പോള്‍ നമ്മളെ അവര്‍ കൈകാര്യം ചെയ്യുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. മനിതിക്കൊന്നും കൃത്യമായ സുരക്ഷ ലഭിച്ചിട്ടില്ല. പലയിടത്തും ആളു കൂടുന്നവരെ കാത്തു നില്‍ക്കുക പോലും ചെയ്തു. ബിന്ദുവും കനകദുര്‍ഗ്ഗയും ചെന്നപ്പോള്‍ പൊലീസ് അല്പം കൂടി വിജിലന്റായിരുന്നു. സുരക്ഷ കൊടുക്കുന്നുവെന്ന് നമ്മളെ ബോധിപ്പിക്കാനെങ്കിലും ശ്രമിക്കുന്നുണ്ട്. എന്നാല്‍പ്പോലും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. മരക്കൂട്ടം കഴിഞ്ഞ് സ്ത്രീകള്‍ സഞ്ചരിക്കുമ്പോള്‍, നൂറു കണക്കിന് പ്രതിഷേധക്കാര്‍ താഴേക്കിറങ്ങിവരികയും സ്ത്രീകള്‍ പൊലീസ് സംരക്ഷണത്തില്‍ മേലേക്ക് കയറുകയുമാണ്. വളരെ ഇടുങ്ങിയ പാതയാണ്. അവിടെ പൊലീസ് ലാത്തി വീശുകയോ ബലം പ്രയോഗിക്കുകയോ ചെയ്താല്‍ വിഷയം തന്നെ മാറും. ശബരിമലയിലേക്കുള്ള പാതയറിയുന്നവര്‍ക്ക് മനസ്സിലാകും, ഒരു വശത്ത് കൊക്കയാണ്. പൊലീസിനെ സംബന്ധിച്ചിടത്തോളം ആളുകളുടെ ജീവന്‍ അവര്‍ക്കു വലുതാണ്.
ഇത്രയേറെ സെന്‍സിറ്റീവായ ശബരിമല വിഷയത്തില്‍ ഒരാളുടെ ജീവന് അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ കേരളത്തിലും ദക്ഷിണേന്ത്യയാകെയും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് എല്ലാവരും ആശങ്കാകുലരാണ്. തീര്‍ത്ഥാടകരായ യുവതികളെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുന്നതിനു പിന്നില്‍ ഇത്തരം എത്രയോ കാരണങ്ങളുണ്ടാകാം. ഇതൊരു പ്രോസസ്സാണ് എന്നാണ് എന്റെ നിരീക്ഷണം. ഞങ്ങള്‍ പോയപ്പോഴുണ്ടായ അതിരൂക്ഷമായ സംഘര്‍ഷത്തിന്റെ അവസ്ഥ ഇപ്പോള്‍ അല്പമെങ്കിലും മാറിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ അളവ് കുറഞ്ഞു വരുന്നുണ്ട്. ശബരിമലയിലേക്ക് ഞാന്‍ ചെല്ലുമ്പോള്‍, ഉടനെ തന്നെ ദര്‍ശനം നടത്തി തിരിച്ചിറങ്ങാമെന്നു കരുതിയല്ല ചെല്ലുന്നത്. അതിനെ ഒരു പ്രക്രിയയായി കണ്ട്, അതില്‍ പങ്കു ചേരാനാണ് ഞാന്‍ പോയത്. പറ്റുന്നിടം വരെ ചെന്ന്, ഞങ്ങളിവിടെയുണ്ട്, ഞങ്ങള്‍ക്ക് ശബരിമലയില്‍ കയറണം എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്. ശബരിമലയില്‍ പോയിട്ടുള്ള ഓരോ സ്ത്രീകളും ഈ പ്രക്രിയയില്‍ പങ്കാളിയാവുകയാണ് ചെയ്തിട്ടുള്ളത്.
ഈ സമരത്തിന്റെ ഒരു ഘട്ടത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറുക തന്നെ ചെയ്യും. അല്ലാതെ ബിന്ദു കയറിയാല്‍ വനിതാ മതിലില്‍ ഞങ്ങള്‍ പങ്കെടുക്കാം എന്നൊക്കെ പറയുന്നത് ഉപരിപ്ലവമായ നവോത്ഥാനത്തിന്റെ വാക്കുകളാണ്. വിഷയത്തെ വൈകാരികമായി സമീപിക്കുന്നതിന്റെ പ്രശ്‌നമാണിത്. വിവേകത്തോടെ ചിന്തിക്കുമ്പോള്‍, ഈ പ്രക്രിയ പൂര്‍ത്തിയാകാനെടുക്കുന്ന കാലതാമസത്തെക്കുറിച്ച് തിരിച്ചറിയാനാകും. ഒരു ദിവസം പെട്ടന്ന് അതിനുള്ള സാഹചര്യം ഒരുങ്ങുന്നതുവരെ കാത്തിരിക്കണമെന്നല്ല. തുടര്‍ച്ചയായി ശബരിമലയില്‍ പോകുകയും, നമ്മള്‍ വരുന്നുണ്ടെന്ന് അവരെ അറിയിക്കുകയും ചെയ്യുകയാണ് വേണ്ടത്. മന്ത്രിസഭയ്ക്കും പൊലീസിനും തന്ത്രിക്കുമെല്ലാം സ്ത്രീകളെ ശബരിമലയില്‍ സ്വീകരിക്കേണ്ടിവരുന്ന ഒരു കാലം വരും. ഈ സ്ത്രീകളെ എത്ര കാലം പ്രതിരോധിക്കാനാകും? എത്ര പേര്‍ക്ക് പ്രതിരോധിക്കാനാകും?
വനിതാ മതിലിനൊപ്പം ചേരുന്നത് ‘തൊട്ടുകൂടായ്മ’യുള്ളവര്‍
നാമജപ പ്രതിഷേധക്കാരില്‍ സ്ത്രീകള്‍ പാടേയില്ലാതായിട്ടുണ്ട്. പതിയെ പുരുഷന്മാരുടെ എണ്ണവും കുറയും. തുടര്‍ച്ചയായി ശബരിമലയിലേക്ക് യുവതികള്‍ എത്തിക്കൊണ്ടിരുന്നാല്‍ എതിര്‍പ്പിന്റെ കാഠിന്യവും നന്നേ കുറയും. അതല്ലാതെ ഒരു ദിവസം കൊണ്ട് യുവതീപ്രവേശനം സാധ്യമാക്കാമെന്നത് യാഥാര്‍ത്ഥ്യബോധമില്ലാത്ത ചിന്തയാണ്. വസ്തുനിഷ്ഠമായാണ് ഈ ഘട്ടത്തില്‍ കാര്യങ്ങളെ വിലയിരുത്തേണ്ടത്. വനിതാ മതിലുണ്ടാക്കാന്‍ തീരുമാനിക്കപ്പെട്ട യോഗത്തിലേക്ക് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തത് ജാതിവ്യവസ്ഥയിലെ ‘തൊട്ടുകൂടായ്മ’യുള്ള സമുദായങ്ങളെയാണ്. സമുദായങ്ങളുടെ ലയനത്തിനായി നേരത്തേ തന്നെ പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് ഒരു പരിപാടി തീരുമാനിച്ചിരുന്നതാണ്. അതിനു തൊട്ടു പിറകെയാണ് മുഖ്യമന്ത്രിയുടെ യോഗം വിളിച്ചു ചേര്‍ക്കപ്പെട്ടത്.
നാമജപയാത്രകള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടത് ഈ മാറ്റിനിര്‍ത്തപ്പെട്ട സമൂഹങ്ങളുടെയാവശ്യമാണ്. എല്ലാ കാലത്തും കേരളത്തില്‍ നവോത്ഥാന നീക്കങ്ങളെ മുന്നോട്ടു നയിച്ചിട്ടുള്ളത് ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പോലെ ‘തൊട്ടുകൂടായ്മ’യുള്ളവരാണ്. അക്കാര്യം മനസ്സിലാക്കിയിട്ടുതന്നെയായിരിക്കണം മുഖ്യമന്ത്രി ഈയൊരു നവോത്ഥാന പ്രക്രിയയില്‍ പങ്കാളികളാകാന്‍ അത്തരം സാമുദായിക സംഘടനകളെത്തന്നെ ക്ഷണിച്ചിരിക്കുന്നത്. ആ യോഗത്തില്‍ സ്ത്രീ പ്രാതിനിധ്യമില്ലാതിരുന്നതെന്ത് എന്നതാണ് അടുത്ത ചോദ്യം. നമ്മുടെ വ്യവസ്ഥ തന്നെ വളരെയധികം പുരുഷ കേന്ദ്രീകൃതമാണ് എന്നാണ് അതിനുത്തരം. സിപിഎമ്മിന്റേയും കെപിഎംഎസിന്റെയും മറ്റെല്ലാ സംഘടനകളുടേയും നേതൃസ്ഥാനത്തുള്ളത് പുരുഷന്മാരാണ്. രണ്ടാം ഘട്ടത്തില്‍ മാത്രമാണ് വനിതകളെ വിളിച്ചുകൂട്ടി വിപുലമായ യോഗം നടന്നത്. ആദ്യ യോഗത്തില്‍ വനിതകളില്ലാതെ പോയത് നമ്മുടെ വ്യവസ്ഥിതിയുടെ മൊത്തമായ പിശകാണ്.
ആ സ്ത്രീകളുടെ വിരൽത്തുമ്പിലെ മഷി പറഞ്ഞില്ലെങ്കിൽ പിന്നെ കടകംപള്ളിയുമില്ല, പിണറായിയുമില്ല
ഇപ്പോഴും ആണധികാര വ്യവസ്ഥയില്‍ നിന്നും തെല്ലുപോലും മാറിയിട്ടില്ലാത്ത സാഹചര്യത്തില്‍, ‘നേതാക്കന്മാര്‍’ പുരുഷന്മാരായിത്തന്നെ തുടരുകയാണ്. അത് വലിയൊരു വിഷയം തന്നെയാണ്. നേതൃസ്ഥാനത്ത് സ്ത്രീകളില്ലാത്തതിനെ സമൂഹത്തിന്റെയാകെ പരാജയമായി വിലയിരുത്തിക്കൊണ്ടു തന്നെ, ആ പരാജയത്തിന്റെ അവസ്ഥയില്‍ നിന്നു കൊണ്ട് എന്തുചെയ്യാന്‍ കഴിയും എന്നാണ് ചിന്തിക്കേണ്ടത്. സ്ത്രീകളെ സംബന്ധിച്ച് വലിയ ആത്മാഭിമാന പ്രശ്‌നം അതിലുണ്ട്. കേരളത്തിന്റെ സാഹചര്യത്തിലാണെങ്കില്‍ സത്രീവാദ രാഷ്ട്രീയത്തെ കൃത്യമായ അര്‍ത്ഥത്തില്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന, കൃത്യമായ ഘടനയുള്ള ഒരു പ്രസ്ഥാനമില്ല. ചെറിയ കൂട്ടായ്മകളാണ് നമുക്കുള്ളത്. ഏകീകരിച്ച രൂപത്തിലേക്കുള്ള വളര്‍ച്ചയുടെ പാതയിലാണ് നമ്മള്‍. ബഹുസ്വരതയെ അംഗീകരിക്കുന്ന ഏകീകൃത സ്ത്രീപ്രസ്ഥാനം രൂപപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍, ആ പരിമിതികള്‍ക്കുള്ളില്‍ സാധ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ചെയ്യാനുള്ളത്.
ശബരിമലയിലെ പ്രശ്‌നം ലിംഗവിവേചനത്തിന്റേതു മാത്രമല്ല, ജാതീയതയുടേതു കൂടിയാണ്
നമ്മുടെ സ്ത്രീവാദ പ്രസ്ഥാനങ്ങളുടെ പ്രധാന വിഷയം ലിംഗനീതിയും ആണധികാര വ്യവസ്ഥയുമാണ്. പക്ഷേ, മത്സ്യത്തൊഴിലാളിയായ ഒരു സ്ത്രീയുടെ സ്ത്രീവാദം അതല്ല. ഒരു ദളിത് സ്ത്രീയുടെയോ മുസ്ലിം സ്ത്രീയുടെയോ സ്ത്രീവാദം അതല്ല. അത്തരമൊരു ബഹുസ്വരതയെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പ്രസ്ഥാനുമുണ്ടാകുമ്പോഴേ ഒരു വലിയ സാംസ്‌കാരിക മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. എന്നെപ്പോലുള്ള ദളിത് സ്ത്രീകളുടെ നേരെ ആക്രമണമുണ്ടായപ്പോള്‍ തെരുവിലിറങ്ങാഞ്ഞതെന്ത് എന്ന് ഞാന്‍ ഫേസ്ബുക്ക് കുറിപ്പുകളില്‍ ചോദിച്ചിട്ടുണ്ട്. ഞാനത് ചോദിക്കുന്നത് അവരത് ചെയ്യാത്തതുകൊണ്ടല്ല. ചിലയാളുകള്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ അവിടെ ആളു കൂടുകയും ചിലയാളുകള്‍ക്ക് അതില്ലാതിരിക്കുകയും ചെയ്യുന്നത് ജാതീയമായ പ്രിവിലേജുകള്‍ കൊണ്ടാണ്. അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. ഞാനത് ചൂണ്ടിക്കാണിക്കുമ്പോള്‍, അത് വ്യക്തിപരമായ ഒരു ആക്ഷേപമായിട്ടല്ല കാണേണ്ടത്. അതിലൊരു രാഷ്ട്രീയമുണ്ട്. അതു ശ്രദ്ധിക്കാതെ നമുക്കിനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.
കൈക്കൂലി കൊടുത്ത് ശബരിമലയില്‍ കയറിയിട്ടുണ്ടെന്ന് എല്ലാ ചാനലുകളിലും പരസ്യമായി ചര്‍ച്ച നടത്തിയിട്ടുള്ള സ്ത്രീയാണ് ലക്ഷ്മി രാജീവ്. അവരുടെ വീടാക്രമിച്ചോ? വഴിയില്‍ തടഞ്ഞോ? അതിന്റെ പേരാണ് ജാതി. അവര്‍ സവര്‍ണ സ്ത്രീയാണെന്നും, ‘നമ്മുടെയാളാ’ണെന്നുമുള്ള കൃത്യമായ ബോധം അക്രമികള്‍ക്കുണ്ട്. മറിച്ച് എന്റെ കാര്യം വരുമ്പോള്‍, ഇവര്‍ ആക്രമിക്കപ്പെടേണ്ടവരാണെന്നും ഇവിടെ നിന്നും ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്നുമുള്ള ബോധ്യവുമവര്‍ക്കുണ്ട്. ജാതി ഇവിടെയുണ്ട്. അത് കാണാതിരിക്കുന്നതെങ്ങനെയാണ്?
പിണറായി എന്ത് ഓമനപ്പേരിട്ടു വിളിച്ചാലും വനിതാ മതില്‍ വേര്‍തിരിക്കലിന്റെ ഇരുമ്പു മറയാണ്
നാമജപവും അയ്യപ്പജ്യോതിയും പോലുള്ള ആഭാസങ്ങളില്‍ നമ്മളില്ലെന്നും, നമ്മള്‍ കൃത്യമായി അപ്പുറം നില്‍ക്കുന്നവരാണെന്നും രേഖപ്പെടുത്താന്‍ തന്നെയാണ് വനിതാ മതിലിനൊപ്പം നില്‍ക്കുന്നത്. അല്ലാതെ ശബരിമലയില്‍ നിന്നും സ്ത്രീകള്‍ക്ക് മടങ്ങേണ്ടി വരുന്ന അവസ്ഥയെ അനുകൂലിച്ചിട്ടല്ല. വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ ഇപ്പോള്‍ വനിതാമതിലിനൊപ്പമാണ്. അവര്‍ക്ക് വിഭവങ്ങളുടെ മേലും ചിലപ്പോഴൊക്കെ ഭരണവ്യവസ്ഥയ്ക്കു മേലും അധികാരമുണ്ട്. എന്‍എസ്എസ് പോലുള്ള ഒരു സംഘടനയ്ക്ക് എസ്എന്‍ഡിപി പോലുള്ള സംഘടനകളെ ഹൈന്ദവതയുടെ ഭാഗമായി അപ്പുറത്തേക്ക് ക്ഷണിക്കാന്‍ സാധിക്കും. ജാതീയമായി തൊട്ടു മേലെ നില്‍ക്കുന്നവര്‍ക്കൊപ്പം ചേരാനുള്ള പ്രവണത സ്വാഭാവികവുമാണ്. ബ്രാഹ്മണ്യത്തെ ആശ്ലേഷിക്കാന്‍ വെമ്പി നില്‍ക്കുന്ന ഒരു സമൂഹം നിലനില്‍ക്കുന്നുണ്ട്. എസ്എന്‍ഡിപി പോലുള്ള സംഘടനകള്‍ ആ പ്രലോഭനത്തില്‍ വീണു പോകാന്‍ സാധ്യതയുള്ളവരുമാണ്. തങ്ങള്‍ ആചാര സംരക്ഷകരാണെന്ന് അവര്‍ പറയുകയും ചെയ്തിട്ടുണ്ട്. ദളിതര്‍ക്കൊപ്പം ജാതീയ അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുള്ള ഒരു വിഭാഗമാണ് ഈഴവരും എന്നോര്‍ക്കണം.
വനിതാ മതിലില്‍ പങ്കെടുക്കുകയെന്നാല്‍ സിപിഎമ്മിന്റെ ഏജന്‍സി ഏറ്റെടുക്കുക എന്നല്ല
വലിയൊരു പ്രതിലോമശക്തിയെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വനിതാ മതില്‍. ഇത്ര അപകടകരമായ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ഒരു നിലപാടെടുക്കേണ്ടത് ആവശ്യമാണല്ലോ. ഈ സാമൂഹിക വ്യവസ്ഥയ്ക്ക് നമ്മള്‍ നല്‍കുന്ന സംഭാവനയെന്താണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അക്കാരണത്താലാണ് വനിതാ മതിലിനൊപ്പം എന്ന നിലപാടിലെത്തിയത്. അയ്യങ്കാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പിന്മുറക്കാര്‍ ഈ നവോത്ഥാന പ്രക്രിയയില്‍ സാന്നിദ്ധ്യമറിയിച്ചിരിക്കണമെന്നാണ് എന്റെ പക്ഷം. രാഷ്ട്രീയമായി പല വിയോജിപ്പുകളും നമുക്കുണ്ടായേക്കാം. അതു വേറെ കാര്യമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയമായിരുന്നു അതെങ്കില്‍ വിട്ടു നില്‍ക്കുന്നതില്‍ അര്‍ത്ഥമുണ്ട്. വനിതാ മതില്‍ അങ്ങനെയല്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആത്മാഭിമാനികളായ സ്ത്രീകള്‍ ഈ നവോത്ഥാന പ്രക്രിയയില്‍ പങ്കെടുക്കുക തന്നെ ചെയ്യണം. സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് ഇവര്‍ ചോദ്യം ചെയ്യുന്നതും നമ്മുടെ ആത്മാഭിമാനത്തെയാണല്ലോ. അതിനു ബദല്‍ മുന്നോട്ടുവയ്ക്കാന്‍ വേറെയെവിടെയാണ് നമുക്കൊരിടമുള്ളത്?
സര്‍ക്കാരില്‍ത്തന്നെ മുക്കാല്‍ ഭാഗം പേരും ആചാരസംരക്ഷകര്‍ തന്നെയായിരിക്കാം. സര്‍ക്കാര്‍ നിലപാടിനെതിരെ സംസാരിക്കാനാവാത്തതില്‍ അവര്‍ക്ക് വീര്‍പ്പുമുട്ടലുമുണ്ടായിരിക്കാം. കടകംപള്ളിയടക്കമുള്ളവര്‍ ആ വിഭാഗത്തില്‍പ്പെടുന്നവരാണ്. സംഘികളും ആചാരസംരക്ഷകരും എല്ലായിടത്തുമുണ്ട്, പൊലീസിലും ഭരണകൂടത്തിലും. വനിതാ മതിലില്‍ പങ്കെടുക്കുക എന്നാല്‍ സിപിഎമ്മിന്റെ ഏജന്‍സി ഏറ്റെടുക്കുക എന്നല്ല അര്‍ത്ഥം. നവോത്ഥാന നീക്കത്തിനായി അണിചേരാന്‍ മുഖ്യമന്ത്രി കെപിഎംഎസിന്റെ പുന്നല ശ്രീകുമാറിനെയും എസ്എന്‍ഡിപിയുടെ വെള്ളാപ്പള്ളി നടേശനെയും വിളിക്കുന്നുണ്ടെങ്കില്‍, അതിനൊരു ചരിത്രമുണ്ട്. അവര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഞങ്ങളും പങ്കെടുക്കും എന്നതാണ്. വനിതാ മതിലിന്റെ കാര്യം പറയുമ്പോള്‍, തങ്ങള്‍ ആചാരസംരക്ഷകരാണ് എന്നു പറഞ്ഞ വെള്ളാപ്പള്ളിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുള്ളത്. ആയിരമോ അയ്യായിരമോ സ്ത്രീകളെ സംഘടിപ്പിച്ച് ശബരിമലയില്‍ കയറാന്‍ ഞങ്ങള്‍ തയ്യാറാണെന്നു പറഞ്ഞ പുന്നല ശ്രീകുമാറിന്റെ പ്രസ്താവന എന്തുകൊണ്ടാണ് വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാത്തത്?
പുന്നല ശ്രീകുമാറിനൊപ്പം നിന്നുകൊണ്ടാണ് ഞാന്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നത്. മതിലിനൊപ്പമില്ല എന്നു പറയുന്ന സ്ത്രീകളില്‍ എത്ര പേര്‍ ശബരിമലയില്‍ കയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്? ഒരു സവര്‍ണസ്ത്രീ പോലും ആ വഴിക്ക് പോയിട്ടില്ല. കംഫര്‍ട്ട് സോണുകളിലിരുന്ന് ചര്‍ച്ച നടത്തുന്നതല്ലാതെ ഞങ്ങളും സമരം ചെയ്യുന്നു എന്നു പറഞ്ഞ് കെട്ടു നിറയ്ക്കാത്തതെന്ത്? ആ പ്രക്രിയയില്‍ പങ്കാളികളാവുകയല്ലേ വേണ്ടത്? അതു ചെയ്യേണ്ടതിന്റെ ഉത്തരവാദിത്തം ദളിതരും ആദിവാസികളും ഏറ്റെടുക്കേണ്ട കാര്യമൊന്നുമില്ല. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും നിലനില്‍ക്കണമെന്നുമുള്ളത് ഞങ്ങളുടെ ആവശ്യമാണ്. ഞങ്ങള്‍ ഇവിടെ ജീവിക്കുന്നത് ഭരണഘടന നിലനില്‍ക്കുന്നു എന്നതുകൊണ്ട് മാത്രമാണ്. അതേക്കുറിച്ചൊന്നു ചിന്തിക്കാത്തതുകൊണ്ടാണല്ലോ നമുക്ക് ഇങ്ങനെ ഉപരിപ്ലവമായ കാര്യങ്ങള്‍ സംസാരിക്കേണ്ടി വരുന്നത്.