UPDATES

പോപ്പുലർ ഫ്രണ്ട് നിരോധനം കേരളത്തിന്റെ അക്കൗണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്ത്?

അഭിമന്യു എന്ന 19കാരനെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏതെല്ലാം താത്പര്യങ്ങൾ എങ്ങനെയെല്ലാം കുഴഞ്ഞുമറിയുന്നു എന്നത് ശ്രദ്ധിക്കുക കൗതുകകരമാണ്.

മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകന്‍ അഭിമന്യൂവിനെ എസ്ഡിപിഐ-കാംപസ് ഫ്രണ്ട് പ്രവർത്തകരായ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത് ജൂലൈ രണ്ടിനാണ്. ഇതിനു പിന്നാലെ വന്ന പ്രതികരണങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റേത്. പോപ്പുലർ ഫ്രണ്ടിനെ അതിനിശിതമായി വിമർശിച്ച് എഴുതിയ ലേഖനത്തിൽ ഇക്കാലത്തിനിടയിൽ സംഘടന കാണിച്ചുകൂട്ടിയ അക്രമങ്ങളുടെ നേർച്ചിത്രമുണ്ടായിരുന്നു. മുസ്ലിങ്ങൾ ഇരകളാണ് എന്ന വാദമുയർത്തി, അതിന് ബുദ്ധിജീവികളെന്നും മനുഷ്യാവകാശ പ്രവർത്തകരെന്നും പരിസ്ഥിതിവാദികളെന്നും അവകാശപ്പെടുന്നവര്‍ നൽകുന്ന പിന്തുണയുടെ മറവിൽ, എസ്‌ഡ‍ിപിഐ തീവ്രവാദം വളർത്തുകയാണെന്ന് എളമരം കരീം ആരോപിച്ചു.

ഇക്കാര്യത്തിൽ വസ്തുതാപരമായും രാഷ്ട്രീയപരമായും ശരിയുമായിരുന്നു ആ ലേഖനം. എന്നാൽ, പ്രസ്തുത ലേഖനത്തോടൊപ്പം ചേർത്ത ചില കാര്യങ്ങളിൽ ജാഗ്രതക്കുറവിന്റെ അംശമുണ്ടെന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടു. കൊല ചെയ്യപ്പെട്ടവരുടെ എണ്ണം പറഞ്ഞും അതിൽ ആർഎസ്എസ്സുകാരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയുമുള്ള ലേഖനഭാഗത്തിന് മാതൃഭൂമിയുടെ ‘ഗ്രാഫിക് പിന്തുണ’യും ലഭിക്കുകയുണ്ടായി. ഈ സന്ദർഭം ഉപയോഗിക്കാൻ എസ്‌‍ഡിപിഐ വിരോധത്തെക്കാൾ കമ്മ്യൂണിസ്റ്റ് വിരോധമുള്ള മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുമെന്ന് മുൻകൂട്ടിക്കാണാൻ എളമരം കരീമിന് സാധിക്കുകയുണ്ടായില്ല.

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്

ഈ ലേഖനം വന്നതിനു തൊട്ടടുത്ത ദിവസങ്ങളിൽ സംഘപരിവാർ ചായ്‌വുള്ള ചില പത്രങ്ങൾ തങ്ങളുടെ അജണ്ടകൾ കുത്തിക്കയറ്റിയ വാർത്തകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.

‘പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും’ എന്ന തലക്കെട്ടിൽ മാതൃഭൂമി പത്രത്തിൽ ജൂലൈ പതിനൊന്നിന് വന്ന ലീഡ് വാർത്ത ശ്രദ്ധിക്കാം. ‘കേരളത്തിന്റെ വിയോജിപ്പിനെ തുടർന്ന് ഒരിക്കൽ മന്ദഗതിയിലായ’ നിരോധനനീക്കത്തിന് കേന്ദ്ര സർക്കാർ വീണ്ടും ഒരുങ്ങുന്നു എന്നതാണ് വാർത്ത. കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിവരങ്ങൾ തേടി, ഇന്റലിജൻസ് മേധാവി ഗവർണറെ കണ്ടു തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരോധനനീക്കം നടക്കുന്നുണ്ടെന്ന ഊഹം ആണ് ലീഡ് വാർ‌ത്ത.

നേരത്തെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം കേന്ദ്രത്തിന് നിർദ്ദേശം വെച്ചതായുള്ള ഒരു റിപ്പോർട്ട് ചില മാധ്യമങ്ങളിൽ 2018 ഫെബ്രുവരി മാസത്തിൽ വന്നിരുന്നു. ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സംസ്ഥാനമോ കേരള പൊലീസോ ഇത്തരമൊരു നിർദ്ദേശം മുമ്പോട്ടു വെച്ചിരുന്നില്ല. ജനുവരിയിൽ മധ്യപ്രദേശിൽ നടന്ന ഡിജിപിമാരുടെ യോഗത്തിൽ ലോകനാഥ് ബെഹ്റ ഈ നിർദ്ദേശം വെച്ചുവെന്നായിരുന്നു വാർത്ത. കേന്ദ്ര ആഭ്യന്തരമന്ത്രി കിരൺ റിജ്ജു നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയെ അടിസ്ഥാനമാക്കിയായിരുന്നു വാർത്തകൾ എങ്കിലും നിരോധന നീക്കം ചാര്‍ത്തിവയ്ക്കപ്പെട്ടത് കേരളത്തിന്റെ അക്കൌണ്ടില്‍ ആയിരുന്നു എന്നുമാത്രം. എന്താണ് ഇങ്ങനെയൊരു വാർത്ത സൃഷ്ടിക്കപ്പെട്ടതിനു പിന്നിൽ എന്ന കാര്യത്തിൽ അവ്യക്തതയും നിലനിന്നിരുന്നു.

പോപ്പുലർ ഫ്രണ്ട് കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സംഘടനയല്ല. എന്നാൽ, നിരോധനം കേരളത്തിന്റെ ചെലവിൽ തന്നെ നടത്തണമെന്ന വാശി എന്തുകൊണ്ട് കേന്ദ്രം പുലര്‍ത്തുന്നു എന്ന സംശയങ്ങൾ അന്നേ ഉയർത്തപ്പെട്ടു. എന്തായാലും, ഈ സ്ഥിരീകരിക്കപ്പെടാത്ത വസ്തുതകളുടെ പിൻബലത്തിൽ ‘കേരളത്തിന്റെ വിയോജിപ്പിനെ തുടർന്ന് ഒരിക്കൽ മന്ദഗതിയിലായ നിരോധനനീക്കം’ എന്നെല്ലാം എഴുതിച്ചേർക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞു. അഭിമന്യൂ വധത്തിനു ശേഷം ഇതിനുള്ള സാഹചര്യം നിക്ഷിപ്ത താൽപര്യമുള്ള മാധ്യമങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് സംശയിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്.

നിരോധനം സർക്കാരിന്റെ നയമല്ല എന്ന വ്യക്തമായ നിലപാട് കേരള സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നതാണ്. ഒരിക്കൽ നിരോധിക്കപ്പെട്ട സിമി എന്ന സംഘടന വേഷം മാറിയെത്തിയതാണ് എൻ‌‍ഡിഎഫ്, പോപ്പുലർ ഫ്രണ്ട്, കാംപസ് ഫ്രണ്ട്, എസ്‌ഡിപിഐ തുടങ്ങിയ സംഘടനകൾ എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിരോധനം ഫലം കാണില്ലെന്നു മാത്രമല്ല, നിരോധിക്കപ്പെടുന്ന സംഘടനകൾ പൂർവ്വാധികം ശക്തി പ്രാപിക്കാൻ അത് കാരണമാകുകയും ചെയ്തേക്കുമെന്നാണ് കേരളമെടുത്തിട്ടുള്ള നിലപാട്. സംഘടനയെ നിരോധിച്ചാൽ തീവ്രവാദം ഇല്ലാതാകില്ലെന്ന യുക്തിയാണ് കേരളം മുമ്പോട്ടു വെക്കുന്നത്. ഇതിന് മുന്നനുഭവങ്ങളുടെ ബലവുമുണ്ട്. ഒപ്പം, നിരപരാധികള്‍ വേട്ടയാടപ്പെടുന്നതിലേക്കും അത് നയിച്ചേക്കാം.

മാതൃഭൂമിയുടെ ‘നിരോധന’ വാർത്തയ്ക്കൊപ്പം ഉൾപ്പേജിലെ ലേഖനത്തിലേക്കുള്ള ഒരു വഴികാട്ടിയും കാണാം. പേജ് എട്ടിൽ ‘തീവ്രവാദത്തിന് പാലൂട്ടിയത് സിപിഎം’ എന്ന ലേഖനമുണ്ടെന്ന സൂചന നൽകിയിരിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന വാർത്ത പൂർത്തിയാകുന്നത് ഈ ഉൾപ്പേജ് ലേഖനത്തിന്റെ തലക്കെട്ടു കൂടി വായിക്കുന്നതോടെയാണ്. ഉള്ളിൽ ചെന്നാൽ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദിന്റെ ലേഖനത്തിലേക്കായിരുന്നു ക്ഷണം എന്ന് മനസ്സിലാകും. എഡിറ്റ് പേജിലാണ് പ്രസ്തുത ലേഖനമെന്നതും ശ്രദ്ധേയമാണ്.

പോപ്പുലര്‍ ഫ്രണ്ട് ഒരു ചെറിയ മീനല്ല; പിന്നില്‍ അക്രമികളെങ്കില്‍ മുന്നിലുള്ളത് ക്രീമിലെയര്‍ ബുദ്ധിജീവികളാണ്

ഇത്തരം വിവരണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന, അല്ലെങ്കിൽ സൃഷ്ടിക്കപ്പെടണമെന്ന് മാധ്യമങ്ങൾ ആഗ്രഹിക്കുന്ന പൊതുബോധം എന്താണെന്നത് സുവ്യക്തമാണ്. മാധ്യമങ്ങൾ പ്രസ്തുത ഉദ്യമത്തിൽ വിജയിക്കുന്നുണ്ട് എന്ന ധാരണ ശക്തിപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പുതിയ റിപ്പോർട്ടുകളിൽ നിന്നുതന്നെ വ്യക്തമാണ്.

സിപിഎം എംഎൽഎ ജോൺ ഫെർണാണ്ടസിന്റെ (നോമിനേറ്റഡ്) ഭാര്യ ജെസ്സി തന്റെ ഫേസ്ബുക്കിലിട്ട ഒരു കുറിപ്പ് മാധ്യമങ്ങൾ വാർത്തയാക്കുകയുണ്ടായി. സിപിഎം വർഗീയപ്രീണനം നടത്തുന്നുണ്ടെന്ന ഒരു സഹപ്രവർത്തകന്റെ ആരോപണത്തെക്കുറിച്ചായിരുന്നു പോസ്റ്റ്. ആർഎസ്എസ്സുകാരും എസ്‌ഡിപിഐക്കാരും പകൽവെളിച്ചത്തിൽ പാർട്ടിക്കൊപ്പം നിൽക്കുകയും രാത്രികളിൽ അവരുടെ തീവ്രവാദമാളങ്ങളിലേക്ക് വലിയുകയും ചെയ്യുന്നുണ്ട് എന്നായിരുന്നു സൂചന. ഇതിൽ നിന്ന് ആർഎസ്എസ്സിനെ അടർത്തിമാറ്റി, എസ്ഡിപിഐയെ എടുത്തുകാണിച്ചാണ് മാധ്യമറിപ്പോർട്ടുകൾ വന്നത്. തന്റെ ഉദ്ദേശ്യം തെറ്റുധരിക്കപ്പെട്ടെന്നു പറഞ്ഞ് ജെസ്സി പിന്നീട് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടുവെങ്കിലും ആദ്യത്തെ പോസ്റ്റ് അതിന്റെ ‘കർത്തവ്യം’ നിർവ്വഹിച്ചു കഴിഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് സിപിഎമ്മും പോപ്പുലർ ഫ്രണ്ടും ഒത്തു കളിക്കുന്നുവെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വരുന്നത്. പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. പിണറായിയെ മോദിയുമായി താരതമ്യം ചെയ്യാനും ഇരുവരും ഒരേ അസഹിഷ്ണുത മാധ്യമങ്ങളോട് കാണിക്കുകയാണെന്നും ചെന്നിത്തല ഇതോട് കൂട്ടിച്ചേർത്തു. കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങളിലെ അംഗങ്ങളുടെ സംഘടനയായ കെയുഡബ്ല്യുജെ, മാതൃഭൂമിയിലെ മാധ്യമപ്രവർത്തകൻ വേണുവിനെതിരെ പൊലീസ് കേസ് വന്നതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു ചെന്നിത്തലയുടെ ഈ ‘കൂട്ടിച്ചേര്‍ക്കൽ.’ അഭിമന്യു എന്ന 19കാരനെ എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏതെല്ലാം താത്പര്യങ്ങൾ എങ്ങനെയെല്ലാം കുഴഞ്ഞുമറിയുന്നു എന്നത് ശ്രദ്ധിക്കുക കൗതുകകരമാണ്.

ക്യാമ്പസ് ഫ്രണ്ടിനെ അത്രയെളുപ്പം തള്ളിപ്പറയാന്‍ പറ്റുമോ എസ്ഡിപിഐക്ക്?

അഭിമന്യു വധത്തിൽ സിപിഎം ഒത്തുതീർപ്പിലേക്ക് പോകുകയാണെന്ന തരത്തിലുള്ള വിശകലനങ്ങളുമായി രംഗം കൊഴുപ്പിക്കുന്ന മറ്റൊരു കൂട്ടര്‍ ബിജെപി നേതാക്കളാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും എസ്ഡിപിഐക്കാരുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം പറയുന്നുവെന്ന മാതൃഭൂമി റിപ്പോർട്ട് ഷെയർ ചെയ്താണ് ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്റെ പങ്ക് ചേർക്കുന്നത്. വിശ്വാസ്യതയുള്ള ഒരു വാർത്താ ഉറവിടത്തെയും ഉദ്ധരിക്കാതെ, റിപ്പോർട്ടിനെ ബലപ്പെടുത്തുന്ന സ്ഥിരീകരണങ്ങളൊന്നുമില്ലാതെയാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊബൈൽ വിൽപ്പനക്കാരുടെ സംഘടനയിൽ 60 ശതമാനം പേർ എസ്ഡിപിഐക്കാരാണെന്നും ഇതേ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിനെ സ്ഥിരീകരിക്കുന്ന ലക്ഷ്യങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. മാധ്യമപ്രവർത്തനത്തിന്റെ ധാർമിക വശങ്ങളെ മുൻനിർത്തി വിലയിരുത്തിയാൽ ഒരു നല്ല ‘തള്ള്’ റിപ്പോര്‍ട്ട്.

അഭിമന്യൂവിന്റെ കൊലപാതകം എൻഐഎക്ക് വിടാതിരിക്കാനാണ് യുഎപിഎ ചുമത്താത്തതെന്ന് ആരോപിച്ച് ബിജെപി നേതാവ് പികെ കൃഷ്ണദാസും എത്തിയിട്ടുണ്ട്. ദേശീയാന്വേഷണ ഏജൻസിയാണ് ഈ കൊലപാതകം അന്വേഷിക്കേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ചുരുക്കത്തിൽ, എസ്എഫ്ഐ, സിപിഎം എന്നീ സംഘടനകളെ പ്രതിസ്ഥാനത്തെത്തിക്കാനുള്ള ഗൂഢപദ്ധതികൾ വിവിധ മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കാർമികത്വത്തിൽ തയ്യാറായിക്കഴിഞ്ഞു. അവയുടെ നടപ്പാക്കലാണ് ഇനി വരുംദിവസങ്ങളിൽ കാണേണ്ടിവരിക.

ന്യൂനപക്ഷ അനുകൂല നിലപാട് ചില ദളിത്‌ ബുദ്ധിജീവികള്‍ക്ക് ലാഭമാണ്, വിമര്‍ശിക്കേണ്ടപ്പോള്‍ നിശബ്ദതയും; ഗീതാനന്ദന്‍ സംസാരിക്കുന്നു

ഇവിടെ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും കൂടുതല്‍ കൊന്നിട്ടുള്ളത് കമ്യൂണിസം ലേബല്‍ ഒട്ടിച്ചവരാണ്; ഗ്രോ വാസു സംസാരിക്കുന്നു

സൈമണ്‍ ബ്രിട്ടോ/അഭിമുഖം: അഭിമന്യുവിന്റെ കൊലപാതകം ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണ്

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

Avatar

എഴുത്താള്‍

സാമൂഹിക നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍