UPDATES

ട്രെന്‍ഡിങ്ങ്

നവോത്ഥാന കേരളത്തെ നോക്കി വർത്തമാന കേരളം പല്ലിളിക്കുമ്പോള്‍ നാം എന്തുകൊണ്ട് കെ വി ഉണ്ണിയെ വീണ്ടും വീണ്ടും വായിക്കണം

അവസാനകാലത്ത് കുട്ടംകുളം സമരത്തിന്റെ ഇന്നത്തെ അവസ്ഥ കെ വി ഉണ്ണിയെ അത്യധികം വേദനിപ്പിച്ചിരുന്നു

നവോത്ഥാന കേരളത്തെ നോക്കി വർത്തമാന കേരളം പല്ലിളിച്ചുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളിൽ കുട്ടംകുളം സമരനായകനും മണ്മറഞ്ഞിരിക്കുന്നു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെ സന്ധിയില്ലാതെ സമരം ചെയ്ത, കുട്ടംകുളം സമര ചരിത്രത്തിലെ അവസാന കണ്ണിയായ കല്ലുങ്കൽ വേലാണ്ടി ഉണ്ണി എന്ന കെ വി ഉണ്ണി കഴിഞ്ഞ തിങ്കളാഴ്ച (ഒക്ടോബര്‍ 22) അന്തരിച്ചു. 1923 ഒക്ടോബർ 24 നു ഇരിങ്ങാലക്കുട കല്ലുങ്കൽ വേലാണ്ടി – കാളി ദമ്പതികളുടെ മകനായി ജനിച്ച കെ വി ഉണ്ണി ചെറുപ്പകാലത്തു തന്നെ പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. സമൂഹം തീണ്ടാപ്പാടകലെ നിർത്തിയിരുന്ന തോട്ടിവേല തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലേക്ക് കടന്നുവന്നത്. പിന്നീട് ചെത്തു തൊഴിലാളികൾ, പീടിക തൊഴിലാളികൾ, ഓട്ടുപാത്ര നിർമ്മാണ തൊഴിലാളികൾ എന്നിങ്ങനെ അസംഘടിതരായ, അരികുവത്കരിക്കപ്പെട്ട തൊഴിലാളി സമൂഹങ്ങളെ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ കുടക്കീഴിൽ കൊണ്ടുവന്നു സംഘടിതരാക്കാൻ അശ്രാന്ത പരിശ്രമം ചെയ്ത വ്യക്തിയായിരുന്നു കെ വി ഉണ്ണി.

“ഇന്നത്തെ പരിഷ്കൃത സമൂഹം പോലും തോട്ടിപ്പണി പോലെയുള്ള ജോലികൾ ചെയ്യുന്നവരെ ഏറെ അവജ്ഞയോടെയാണ് നോക്കിക്കാണുന്നത്. അപ്പോൾ ഏഴു പതിറ്റാണ്ട് മുൻപുള്ള സ്ഥിതി ആലോചിച്ചു നോക്കൂ. അന്നത്തെ സമൂഹത്തിന്റെ ചിന്തകളിൽ പോലും ആ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ കടന്നുവന്നിരുന്നില്ല എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. സമൂഹം അറപ്പോടും വെറുപ്പോടും മാത്രം കണ്ടിരുന്ന തോട്ടിതൊഴിലാളികളെ സംഘടിപ്പിച്ചത് തന്നെ ഒരു വിപ്ലവമായിരുന്നു. അതുപോലെ വസൂരി രോഗം ബാധിച്ചു ഉപേക്ഷിക്കപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കുന്നതിൽ അച്ഛൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ആത്യന്തികമായി അദ്ദേഹം ഒരു മനുഷ്യ സ്നേഹി ആയിരുന്നു. അവശതയും അവഗണനയും അനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി സഹനത്തിന്റെ ഏതറ്റം വരെ പോവാനും അച്ഛൻ തയ്യാറായിരുന്നു. അതുതന്നെയാണ് കുട്ടംകുളത്തും കണ്ടത്” കെ വി ഉണ്ണിയുടെ മകന്‍ ജ്യോതിഷ് പറയുന്നു.

കുട്ടംകുളം എന്ന പോർമുഖം

ശ്രീ ചിത്തിര തിരുനാൾ പുറപ്പെടുവിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിനിപ്പുറവും ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ നടയിൽ കുട്ടംകുളത്തിനപ്പുറം അയിത്തപ്പാടായിരുന്നു. കുളത്തിൽ കുളിക്കുന്നതിനോ, ആ വഴിയേ നടക്കുന്നതിനോ ഈഴവരുൾപ്പെടെയുള്ള അയിത്ത ജാതിക്കാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള മജിസ്ട്രേട്ട് വക ബോർഡും സ്ഥാപിച്ചിരുന്നു.

1946 ജൂൺ മാസം 23 വൈകുന്നേരം അയ്യങ്കാവ് മൈതാനത്ത് കൂടൽമാണിക്യം ക്ഷേത്രത്തിലെ അയിത്തപ്പാടിനെതിരെ പ്രതികരിക്കാൻ ഒരു യോഗം ചേരുന്നു. കമ്യുണിസ്റ്റ് പാർട്ടി, പുലയ മഹാസഭ, എസ് എൻ ഡി പി, പ്രജാസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ആ സമ്മേളനത്തിൽ കുട്ടംകുളം വഴിയിലൂടെയുള്ള സഞ്ചാര സ്വതന്ത്ര്യ പ്രഖ്യാപനം നടന്നു. തുടർന്ന് പി ഗംഗാധരന്റെ ആഹ്വാന പ്രകാരം പ്രജാമണ്ഡലം ഒഴികെയുള്ള ഏതാണ്ട് രണ്ടായിരത്തോളം വരുന്ന പുലയ മഹാസഭ, എസ് എൻ ഡി പി, കമ്യുണിസ്റ്റ് പാർട്ടി പ്രവർത്തകർ പി കെ കുമാരൻ, പി കെ ചാത്തൻ മാസ്റ്റർ, കെ വി കെ വാര്യർ, പി ഗംഗാധരൻ, കെ വി ഉണ്ണി എന്നിവരുടെ നേതൃത്വത്തിൽ അയ്യങ്കാവ് മൈതാനത്തു നിന്നും കൂടൽമാണിക്യം ക്ഷേത്രത്തിലെ കുട്ടംകുളം വഴിയിലേക്ക് മാർച്ചു ചെയ്തു. ആ ജനമുന്നേറ്റത്തെ നേരിടാൻ സവർണ്ണ മേധാവികൾ ലോക്കൽ പൊലീസിന് പുറമെ എം എസ് പി എന്ന സ്പെഷ്യൽ സ്ക്വാഡിനെയും തയ്യാറാക്കി നിർത്തിയിരുന്നു. മധ്യ കേരളത്തിലെയും ഉത്തര കേരളത്തിലെയും ബഹുജന മുന്നേറ്റങ്ങളെ നേരിടാൻ ബ്രട്ടീഷ് ഗവണ്‍മെന്‍റ് രൂപം കൊടുത്ത മലബാർ സ്പെഷൽ പോലീസ് എന്ന എം എസ് പി ക്രൂരമായ മർദ്ദന മുറകൾക്ക് കുപ്രസിദ്ധി നേടിയവരായിരുന്നു. തങ്ങൾ അയിത്തപ്പാടിന് അപ്പുറം കടക്കുമെന്ന് പറഞ്ഞ സമരക്കാരെ ലോക്കൽ പോലീസും എം എസ് പിക്കാരും ചേർന്ന് ക്രൂരമായി നേരിട്ടു. മർദ്ദനം സഹിക്കാൻ വയ്യാതെ കെ വി ഉണ്ണി തന്റെ കയ്യിലിരുന്ന പാർട്ടിക്കൊടിയുടെ മുളവടി കൊണ്ട് ഒരു എം എസ് പിക്കാരനെ അടിച്ചു. പോലീസുകാരന്റെ നെറ്റിപൊട്ടി ചോര ഒഴുകി. പിന്നീട് അവിടെ നടന്നത് അതിക്രൂരമായ മർദ്ദന മുറകളായിരുന്നു. പോലീസുകാരനെ അടിച്ച കെ വി ഉണ്ണിയെ വഴിച്ചാലിലേക്ക് തള്ളിയിട്ട് ചുറ്റും നിന്നു മർദ്ദിച്ചവശനാക്കി. തുടർന്ന് അദ്ദേഹത്തെയും പി ഗംഗാധരനെയും പരിസരത്തെ ഒരു വിളക്കു കാലിൽ കെട്ടിയിട്ട് രാത്രി വരെ മർദ്ദിച്ചു. സമര നേതാക്കളെ അറസ്റ്റു ചെയ്തുനീക്കാതെ രാത്രി വരെ കെട്ടിയിട്ടു മർദ്ദിക്കാൻ കാരണമായി പിന്നീട് പോലീസ് പറഞ്ഞത് ഒരു കിംവദന്തിയാണ്. കൂടുതൽ ജാഥകൾ കുട്ടംകുളം പരിസരത്തേക്ക് വരുന്നുണ്ടന്ന് ഒരു അഭ്യൂഹം ഉണ്ടായിരുന്നു. അങ്ങിനെയുണ്ടെങ്കിൽ അതുകൂടി കഴിഞ്ഞു സമരക്കാരെ കൊണ്ടു പോയാൽ മതിയെന്നും അതുവരെ അവരെ കെട്ടിയിടാമെന്നും പോലീസ് തീരുമാനിച്ചു. രാത്രി പത്തു മണിക്ക് ശേഷവും തുടർ പ്രതിഷേധങ്ങൾ ഒന്നും ഉണ്ടാവാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്ത സമരക്കാരെ ലോക്കപ്പ് ചെയ്തു. കെ വി ഉണ്ണിക്കും പി ഗംഗാധരനും പുറമെ പി കെ ചാത്തൻ മാഷ്, പി കെ കുമാരൻ, പി സി കുറുമ്പ, കെ സി കാളി എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉണ്ടായിരുന്നു. പി സി കുറുമ്പയെയും പി കെ കുമാരനെയും ലോക്കപ്പിൽ വച്ചു മർദ്ദിച്ചു മൃതപ്രായരാക്കിയ പോലീസ് തുടർന്ന് അവരെക്കൊണ്ട് സഭ്യമല്ലാത്തത് പലതും ചെയ്യിപ്പിക്കാൻ ശ്രമിച്ചു. അത്രയധികം മനുഷ്യത്വരഹിതമായ പീഡനങ്ങളാണ് കുട്ടംകുളം സമരക്കാർ നേരിട്ടത്. കുട്ടംകുളം സമരത്തിൽ ഏതാണ്ട് അൻപതോളം ആളുകളെ പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസും വിചാരണയും കുറേക്കാലം നീണ്ടു പോയി. പിന്നീട് പനമ്പള്ളി ഗോവിന്ദ മേനോൻ തിരുകൊച്ചി പ്രധാനമന്ത്രി ആയ ശേഷം പ്രസ്തുത കേസ് അവസാനിപ്പിച്ചു.

കെ വി ഉണ്ണി എന്ന നവോത്ഥാന സമര നേതാവിന്റെ അടുത്ത സുഹൃത്തും കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്റേറ് കൗൺസിൽ അംഗവുമായ കെ ശ്രീകുമാറിന്റെ വാക്കുകള്‍; “ഈ നാടിന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റങ്ങളിലും തൊഴിലാളി വർഗ്ഗത്തിന്റെ, അതിൽ തന്നെ സമൂഹം ഏറ്റവും അവജ്ഞയോടെ കണ്ടിരുന്ന തോട്ടിതൊഴിലാളികളെ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിനും നേതൃത്വം കൊടുത്ത ഒരു വലിയ മനുഷ്യ സ്നേഹിയും വിപ്ലവകാരിയും ആയിരുന്നു കെ വി ഉണ്ണി എന്ന ഞങ്ങളുടെ ഉണ്ണിയേട്ടൻ. ചരിത്ര പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നേതൃനിരയിൽ നിന്നുകൊണ്ടു കൊടിയ മർദ്ദനങ്ങളും ദീർഘകാല ജയിൽ വാസവും അദ്ദേഹം അനുഭവിച്ചു. കേരളത്തിൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങൾ പോലെ സംഘടിതമായ ഒരു ചട്ടക്കൂടിനുള്ളിൽ നിന്നു ഒരു പ്ലാനിങ്ങോടെ നടത്തിയ സമരമായിരുന്നില്ല കുട്ടംകുളം സമരം. ഗാന്ധിജിയുൾപ്പെടെയുള്ളവർ പ്രശംസിച്ച ക്ഷേത്ര പ്രവേശന വിളംബരത്തിനു ശേഷവും ഇരിങ്ങാലക്കുടയിൽ കുട്ടംകുളത്തിനപ്പുറം അയിത്ത ജാതിക്കാർ കടക്കാൻ പാടില്ലെന്ന തീണ്ടൽപലക നിലനിന്നിരുന്നു. അതിനെതിരെ പ്രതികരിക്കാൻ അയ്യങ്കാവ് മൈതാനത്തു ചേർന്ന പ്രതിഷേധ യോഗത്തിന്റെ തുടർച്ചയെന്നോണം നടന്ന ജാഥയുടെ നേരെയാണ് പോലീസ് ക്രൂരമർദ്ദനം അഴിച്ചു വിട്ടത്. കൊച്ചി പോലീസ് ആദ്യമായി ബയണറ്റ് ഉപയോഗിച്ച് നേരിട്ട സമരമായിരുന്നു കുട്ടംകുളം സമരം. കൊടിയ മർദ്ദനങ്ങൾക്കിടയിലും ഉണ്ണിയേട്ടനും മറ്റു നേതാക്കളും തങ്ങളുടെ ആവശ്യത്തിൽ ഉറച്ചു നിന്നു. ജയിൽ വാസത്തിനു ശേഷം സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവായ അദ്ദേഹം സാമൂഹിക പരിവർത്തന ശ്രമങ്ങളിൽ കമ്യുണിസ്റ്റ് ഗവൺമെന്റിന്റെ ബ്രാൻഡ് അംബാസിഡർ ആയി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. പിന്നീട് പാർട്ടിയിൽ ദൗർഭാഗ്യകരമായ ഭിന്നിപ്പുണ്ടായപ്പോൾ സി പി ഐ യിൽ ഉറച്ചു നിന്ന അദ്ദേഹം ഒരു തവണ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിൽ അംഗവുമായി. അടുത്ത നാളുകളിൽ വരെ പാർട്ടിയുടെ എല്ലാ മീറ്റിംഗുകളിലും പങ്കുകൊണ്ടിരുന്ന അദ്ദേഹം പ്രായവും മർദ്ദനങ്ങളും തളർത്താത്ത മനസ്സുകൊണ്ട് പുതു തലമുറയിലെ പ്രവർത്തകരോട് സംവദിച്ചിരുന്നു. പുതിയ കാലത്തെ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങളിൽ ശക്തവും സുതാര്യവുമായ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന കെ വി ഉണ്ണി
തന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട് എതിർ കക്ഷികളുടെ പോലും ആദരവും ബഹുമാനവും ഏറ്റു വാങ്ങിയിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ തിരിച്ചു നടക്കുന്ന ഈ കാലത്ത് കെ വി ഉണ്ണിയെ പോലെയുള്ളവരുടെ സമരവും സഹനവുമാണ് നാം ഓർക്കേണ്ടത് “.

തന്റെ അവസാനകാലത്ത് കുട്ടംകുളം സമരത്തിന്റെ ഇന്നത്തെ അവസ്ഥ കെ വി ഉണ്ണിയെ അത്യധികം വേദനിപ്പിച്ചിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് രാജേഷ് അപ്പാട്ട് പറയുന്നു. “പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത കൂടൽമാണിക്യം ക്ഷേത്രത്തിന്റെ വഴിയിൽ ദേവസ്വം നടത്തുന്ന കയ്യേറ്റ ശ്രമങ്ങളും ഭാഗികമായി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഇടപെടലുകളും അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. ചരിത്രം അടയാളപ്പെടുത്തിയ വഴികൾ അടച്ചു കെട്ടിയവർക്കെതിരെ പോരാടാൻ അദ്ദേഹവും ഒപ്പം ഉണ്ടാവുമെന്ന ഉറപ്പിലാണ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്”.

മരണത്തിനപ്പുറവും ജീവിക്കുന്ന ഊർജ്ജമായി അദ്ദേഹം തങ്ങൾക്കൊപ്പം ഉണ്ടാവും എന്ന് ഇപ്പോൾ ദേവസ്വത്തിനെതിരെ സമര രംഗത്തുള്ള രാജേഷിനെയും കെ ആർ തങ്കത്തിനെയും പോലെയുള്ളവർ പ്രത്യാശിക്കുന്നു.

കഠിന മർദ്ദനത്തിന്റെ വേദന പേറുന്ന ശരീരവും തളരാത്ത മനസ്സുമായി ഏഴു പതിറ്റാണ്ടോളം ജീവിച്ച കെ വി ഉണ്ണി തന്റെ തൊണ്ണൂറ്റിയാറാം വയസ്സിൽ മരണത്തിനു കീഴടങ്ങുമ്പോൾ, കുട്ടംകുളം സമരത്തിന്റെ മാത്രമല്ല ഇരുപതാം നൂറ്റാണ്ടിലെ ഒരു കൂട്ടം സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ അവസാനത്തെ കണ്ണിയാണ് കടന്നു പോയിരിക്കുന്നത്. അനാചാരങ്ങളിലേക്കും അന്ധവിശ്വാസങ്ങളിലേക്കും തിരിച്ചു നടക്കാനുള്ള മുറവിളി ഉയരുന്ന ഈ കാലത്ത് കെ വി ഉണ്ണിയെ പോലുള്ളവരുടെ ജീവിതമാണ് വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടത്.

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

തന്ത്രി പൂട്ടിപ്പോയാൽ അമ്പലം അടഞ്ഞുകിടക്കുമെന്നു ധരിക്കരുത്; ഇവരുടെ ബ്രഹ്മചര്യമൊക്കെ നമുക്കറിയാം-നിലപാട് ആവര്‍ത്തിച്ച് പിണറായി

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍