UPDATES

ട്രെന്‍ഡിങ്ങ്

‘മെറിറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ യൂണിവേഴ്സിറ്റി കോളേജില്‍ എസ് എഫ് ഐ തീരും; ഒരു കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെ സഖാക്കള്‍ ഭയക്കുന്നതെന്തിന്?’: അമല്‍ ചന്ദ്ര/അഭിമുഖം

യൂണിവേഴ്‌സിറ്റി കോളേജ് ഒരു ജനാധിപത്യ വേദിയാക്കി മാറ്റുക ലക്ഷ്യം

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ് യു യൂണിറ്റ് രൂപീകരിച്ചു. സെക്രട്ടേറിയേറ്റിനു മുന്നില്‍ കെഎസ്‌യു നടത്തി വന്ന സമരത്തിന്റെ വേദിയില്‍ വച്ചായിരുന്നു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് പ്രഖ്യാപനം നടത്തിയത്. കാമ്പസിനുള്ളില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമം ഉണ്ടാവുകയും ഒരു എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേല്‍ക്കുകയും ചെയ്ത സംഭവം കേരളത്തില്‍ മൊത്തം ചര്‍ച്ചയാവുകയും വലിയ പ്രതിഷേധങ്ങളിലേക്ക് മാറുകയും ചെയ്ത സാഹചര്യങ്ങളുടെ തുടര്‍ച്ചയായാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു കെഎസ്‌യു യൂണിറ്റ് ഉണ്ടാകുന്നത്. ഒരു വലിയ വെല്ലുവിളി എന്നാണ് യൂണിറ്റ് രൂപീകരണത്തെ പ്രസിഡന്റ് അമല്‍ ചന്ദ്ര വിശേഷിപ്പിക്കുന്നത്. ഏകസംഘടനവാദം തള്ളിക്കളഞ്ഞുകൊണ്ട്, കലാലയങ്ങള്‍ സ്വതന്ത്ര ജനാധിപത്യ വേദികളായി മാറ്റുക എന്ന ലക്ഷ്യത്തിന്റെ തുടര്‍ച്ചയായും അമല്‍ ഈ ഉദ്യമത്തെ കണക്കാക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റ് കോളേജിലെ യൂണിറ്റ് രൂപീകരണത്തെയും അതിന്റെ ലക്ഷ്യങ്ങളെയും നേരിടേണ്ടി വരുന്ന പ്രതികൂല സാഹചര്യങ്ങളെയും കുറിച്ച് അമല്‍ ചന്ദ്ര അഴിമുഖവുമായി സംസാരിക്കുന്നു.

വലിയൊരു വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ, ഇതൊരു ജനാധിപത്യ പോരാട്ടമാണ്. കാത്തിരിക്കുന്നത് മര്‍ദ്ദനങ്ങളും ഭീഷണിയുമാണെന്നറിയാം. നേരിടാന്‍ തന്നെയാണ് തീരുമാനം. അതിനു പൊതുസമൂഹത്തിന്റെ കൂടെ പിന്തുണയുണ്ടെന്നത് കരുത്ത് കൂട്ടുന്നു. എന്തായാലും ഒരു കാര്യം വ്യക്തമാണ്, കെഎസ് യു യൂണീറ്റ് രൂപീകരണം എസ് എഫ് ഐയെ വല്ലാതെ ഭയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തെളിവാണ് സോഷ്യല്‍ മീഡിയായില്‍ കൂടി അവര്‍ നടത്തുന്ന വ്യക്തിഹത്യകളും കാമ്പസില്‍ ഞങ്ങളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും.

ഇന്നലെ യൂണിറ്റ് രൂപീകരണത്തിനായി ധൈര്യത്തോടെ മുന്നോട്ടു വരാന്‍ തയ്യാറായത് എട്ടുപേരാണ്. ഈ എട്ടുപേരുടെയും മാതാപിതാക്കളെല്ലാം സഹകരിച്ച് സമ്മതിച്ച് തന്നെയാണ് യൂണിറ്റ് രൂപീകരിച്ചത്. ഇന്ന് മാധ്യമങ്ങളിലെല്ലാം ഞങ്ങളുടെ ഫോട്ടോ വന്നതോടെ പലരുടെയും അകന്ന ബന്ധുക്കളും കൂട്ടുകാരുമൊക്കെ വിളിക്കുകയാണ്, യൂണിവേഴ്‌സിറ്റി കോളേജാണ് ഇങ്ങനെയൊന്നും പോകരുതെന്നാണ് അവരുടെ ഉപദേശം. അതൊരു പേടിയാണ്. യൂണിവേഴ്‌സിറ്റി കോളേജിനെക്കുറിച്ചുള്ള പൊതു ഭയം. ഇവിടെയുള്ള സാധാരണ വിദ്യാര്‍ത്ഥികളും ഈ ഭയത്തോടെയാണ് കഴിയുന്നത്. ഞങ്ങള്‍ യൂണിറ്റ് രൂപീകരിച്ചതിനു പിന്നാലെ അവരില്‍ പലരും ഞങ്ങളോടു പറഞ്ഞ ചില കാര്യങ്ങളുണ്ട്; ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്. ഞങ്ങള്‍ കെഎസ്‌യുക്കാരാണ്. തെരഞ്ഞെടുപ്പ് നടന്നാല്‍ ആ പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. പക്ഷേ, നിങ്ങളെ പോലെ മീഡിയായുടെ മുന്നില്‍ വരാനും എസ് എഫ് ഐക്കാര്‍ കാണ്‍കെ പുറത്തുവരാനും ധൈര്യം ഇല്ല. ഞാന്‍ അവരോട് പറഞ്ഞത്, ഇങ്ങനെ പേടിച്ചിരുന്നിട്ട് ഇനിയും കാര്യമില്ല. ഈ അവസ്ഥ ഇങ്ങനെ തുടരാന്‍ അനുവദിക്കരുത്. ഒരു എസ് എഫ് ഐക്കാരന് തന്നെ കുത്തുകൊണ്ടു. വെറുതെ ഇരുന്നാലും നാളെ ആ കുത്ത് എനിക്കും നിങ്ങള്‍ക്കും ആര്‍ക്കും കൊള്ളാം. ആ സാഹചര്യത്തിന് മാറ്റം വേണം. ഈ വാക്കുകള്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിശ്വാസം. ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായിട്ടുണ്ട്. അതിനൊപ്പം തന്നെ പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും ഞങ്ങള്‍ക്ക് പിന്തുണ തരികയാണ്. ഏതു വെല്ലുവിളികളെയും അതിജീവിച്ച് മുന്നോട്ടു പോകാന്‍ ഞങ്ങളെ ഉത്തേജിപ്പിക്കുന്നത് ഈ പിന്തുണയാണ്.

യൂണിവേഴ്‌സിറ്റി കോളേജില്‍ അവരുടെ ആധിപത്യത്തിന് ഭീഷണിയാകുമെന്നറിയാവുന്നതുകൊണ്ട് ഏതു വിധേനയും കെ എസ് യുവിനെ തകര്‍ക്കാന്‍ എസ് എഫ് ഐ നോക്കുമെന്നു ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ യാത്ര അത്രകണ്ട് എളുപ്പമല്ലെന്നും അറിയാം. യൂണിറ്റ് വൈസ് പ്രസിഡന്റ് ആര്യയെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നെല്ലാം പുറത്താക്കിയതൊക്കെ ഞങ്ങള്‍ക്കെതിരേയുള്ള അക്രമങ്ങളുടെ ഭാഗമാണ്. ഒറ്റപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമം. എനിക്കെതിരെ വലിയ തോതിലുള്ള വ്യക്തിഹത്യയാണ് നടത്തി വരുന്നത്. സോഷ്യല്‍ മീഡിയ വഴി ഇല്ലാത്ത കാര്യങ്ങളൊക്കെ പ്രചരിപ്പിച്ച് അപമാനിക്കാനാണ് ശ്രമിക്കുന്നത്. എന്തിനാണ് ഒരു കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിനെ ഇങ്ങനെ പേടിക്കുന്നത്? സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയുമെല്ലാം സൈബര്‍ പോരാളികള്‍ സംഘം ചേര്‍ന്നാണ് എനിക്കെതിരേയുള്ള ആക്രമണം നടത്തുന്നത്. ഇതൊക്കെ കാണിക്കുന്നത് അവരുടെ ഭയമാണ്. പക്ഷേ, എന്നെ തകര്‍ക്കാന്‍ നോക്കുന്നവരോട് ഒന്നു പറയട്ടെ, നിങ്ങളുടെ ആരോപണങ്ങളും ആക്ഷേപങ്ങളുമൊന്നും ഞാന്‍ കണക്കില്‍ എടുക്കുന്നില്ല. ഞാന്‍ നിഷ്പക്ഷനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ട്. അതെല്ലാ ചാനല്‍ ചര്‍ച്ചയിലും പറഞ്ഞിട്ടുള്ള കാര്യമാണ്. അല്ലാതെ ഇന്നലെവരെ നിഷ്പക്ഷന്റെ കുപ്പായമിട്ട് നടന്നിട്ട് ഒരു സുപ്രഭാതത്തില്‍ കെഎസ് യു ഭാരവാഹിയായ ആളല്ല ഞാന്‍. കെഎസ്‌യുവിന്റെ ഔദ്യോഗിക ഭാരവാഹിത്വം കിട്ടുന്നത് ഇപ്പോള്‍ ആണെന്നു മാത്രം. ആ കാമ്പസില്‍വച്ച് എനിക്ക് ഭീഷണി നേരിട്ടിട്ടുണ്ട്. ഇപ്പോഴും നേരിടുന്നുണ്ട്.

മറ്റൊരു ആരോപണം ഞാന്‍ സംഘിയാണെന്നാണ്. എന്റെ ചില പോസ്റ്റുകള്‍ പൊക്കിപ്പിടിച്ചാണ് അവരത് ആഘോഷിക്കുന്നത്. ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതാണ് സംഘിയാക്കാനുള്ള തെളിവ്! പ്രധാനമന്ത്രിയെ മാത്രമല്ല, ഏത് വ്യക്തിയും പ്രധനപ്പെട്ടൊരു സ്ഥാനത്ത് എത്തുമ്പോള്‍ അവരെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയായില്‍ പോസ്റ്റ് ഇടാറുണ്ട്. മോദി പ്രധാനമന്ത്രിയാപ്പോള്‍ പോസ്റ്റ് ഇട്ടപോലെ, പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോഴും ഞാന്‍ പോസ്റ്റ് ഇട്ടിരുന്നു. അതുകൊണ്ട് ഞാന്‍ സിപിഎമ്മുകാരനാകുമോ? ജനാധിപത്യപരമായൊരു സ്ഥാനത്ത് എത്തുന്നയാളെ അഭിനന്ദിക്കുക എന്നത് ജനാധിപത്യപരമായ കടമയല്ലേ? അതിലെവിടെയാണ് രാഷ്ട്രീയം. ഇതേ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പോസ്റ്റ് ഇട്ടിട്ടുണ്ടല്ലോ. ഇനി ഞാന്‍ സംഘിയായതുകൊണ്ടാണ് പ്രധാനമന്ത്രിയെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടതെങ്കില്‍, ആ പോസ്റ്റില്‍ വ്യക്തമായി പറയുന്നൊരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവര്‍ത്തിയാക്കാന്‍ കഴിയട്ടെ എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. അതൊരു ട്രോളാണ്. ഇംഗ്ലീഷ് വായിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ മനസിലാകുന്ന കാര്യം. ഞാന്‍ സംഘിയാണെന്നു പറയുന്നവര്‍ക്ക് എന്റെ കഴിഞ്ഞ ഒരു മാസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എടുത്തു നോക്കിയാല്‍ മതിയാകും. നിരന്തരം സംഘപരിവാറിനെ വിമര്‍ശിക്കുന്നൊരാള്‍ തന്നെയാണ് ഞാന്‍. അതുകൊണ്ട് വീണ്ടും ഞാന്‍ പറയുന്നു, നിങ്ങളുടെ ആരോപണങ്ങളും ആക്ഷേപങ്ങളും മുഖവിലയ്ക്കു പോലും എടുക്കാന്‍ ഞാന്‍ തയ്യാറാകില്ല. എനിക്ക് പൂര്‍ത്തിയാക്കേണ്ട ഉത്തരവദിത്വങ്ങളുണ്ട്. എന്റെ ലക്ഷ്യത്തിലേക്കാണ് ഞാന്‍ പോകുന്നത്. എനിക്കറിയാം ഒരു മുള്‍ക്കിരീടം തന്നെയാണ് തലയില്‍ ഇരിക്കുന്നതെന്ന്. പക്ഷേ, മുന്നോട്ടുപോയേ പറ്റൂ. പോവുക തന്നെ ചെയ്യും. ഞാന്‍ ആരെയും ഭയക്കുന്നില്ല.

കെഎസ് യു യൂണിറ്റ് ഇടുക എന്നതിന് ഇവിടെയിനി വേറെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ഒന്നും വേണ്ട എന്നല്ല അര്‍ത്ഥം. ജനാധിപത്യപരമായി, സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ഒരു കാമ്പസില്‍ സ്ഥാനം ഉണ്ടാകണം എന്നാണ് ഞങ്ങള്‍ പറയുന്നത്. ഏകസംഘടന വാദം ആണ് പ്രശ്‌നം, അതില്ലാതാകണം. യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല, എല്ലാ കോളേജിലും എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കണം. അതാണ് ജനാധിപത്യം. വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കട്ട അവര്‍ ഏതു പാര്‍ട്ടിയില്‍ വിശ്വസിക്കണം എന്ന്. അല്ലാതെ തല്ലിയും ഭീഷണിപ്പെടുത്തിയും എല്ലാവരും ഞങ്ങളുടെ കൂടെ നില്‍ക്കണം എന്നു പറയുന്നതല്ല ജനാധിപത്യം. അത് ഫാസിസമാണ്. അഡ്മിഷന്‍ കിട്ടുന്ന സമയം തൊട്ട് ഒരു വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയാണ് എസ് എഫ് ഐ ചെയ്യുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ കൊടിയില്‍ എഴുതിവച്ചതുകൊണ്ടാകില്ല. അതൊക്കെ ഓരോ വ്യക്തിക്കും അനുഭവിക്കാന്‍ ഉള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നിടത്താണ് ഒരു സംഘടനയെ ജനാധിപത്യ സംഘടനയെന്നു പറയാന്‍ സാധിക്കുന്നത്. അതിനു തയ്യാറാകാത്തവര്‍ ഫാസിസ്റ്റുകളാണ്. അത്തരം ഫാസിസ്റ്റ് പ്രവണത ഇനി അനുവദിക്കാന്‍ പറ്റില്ല.

അറുപതും അറുപത്തിയഞ്ചും ശതമാനം മാര്‍ക്കുള്ള എസ് എഫ് ഐക്കാരന് അഡ്മിഷന്‍ കിട്ടുകയും എണ്‍പത്തിയഞ്ച് ശതമാനത്തോളം മാര്‍ക്ക് നേടി മെറിറ്റില്‍ അഡ്മിഷന്‍ കിട്ടേണ്ടവര്‍ക്ക് കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇപ്പോള്‍ ഉള്ളത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ തന്നെ എസ് എഫ് ഐ ഇവിടെ തീരും. സംഘടനാപരമായി അതിനു ഞങ്ങള്‍ ശ്രമിക്കും. നിയമപരമായി നേരിടാവുന്ന കാര്യമാണത്.

ഞങ്ങളുടെ അടുത്ത ലക്ഷ്യം കാമ്പസില്‍ കെഎസ്‌യുവിന്റെ കൊടിമരം സ്ഥാപിക്കുക എന്നതാണ്. അതിനുള്ള അനുമതി തേടിയുള്ള കത്ത് ഉടന്‍ തന്നെ കൊടുക്കും. പരീക്ഷാ തിരക്കിലാണ് ഞാന്‍ ഉള്‍പ്പെടെ പല ഭാരവാഹികളും. അതു കഴിഞ്ഞാല്‍ ഉടനെ ഒരു കാമ്പയിന്‍ ആരംഭിക്കും. ഓരോ അംഗവും അഞ്ചു പുതിയ അംഗങ്ങളെ വച്ച് സംഘടനയില്‍ ചേര്‍ക്കുക എന്നതാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ മുപ്പത്തിയഞ്ചോ നാല്‍പ്പതോ പേര്‍ ആയിക്കഴിഞ്ഞാല്‍ ഉടന്‍ കൊടിമരം സ്ഥാപിക്കും. എസ് എഫ് ഐ തടയുമെന്നറിയാം. കായികമായി തന്നെയാകും അവര്‍ നേരിടാന്‍ പോകുന്നതെന്നും അറിയാം. ആ പേടി ഞങ്ങള്‍ക്ക് ഇല്ലെന്നു പറയുന്നില്ല. പക്ഷേ നേരിടാന്‍ തയ്യാറാണ്. ഓടിയൊളിക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും കെഎസ് യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനവും ഞങ്ങള്‍ക്കൊപ്പം ഉണ്ട്. കൂടാതെ പൊതുസമൂഹത്തിന്റെ പിന്തുണയും ഞങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ തന്നെ പലതരം ഭീഷണികള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കൊപ്പമുള്ള മൂന്നുപേരോട് ഹോസ്റ്റലിലേക്ക് വരേണ്ടെന്ന് അവരുടെ കൂട്ടുകാര്‍ വിളിച്ചു പറഞ്ഞിരുന്നു. കാരണം അറിയില്ല. ഞങ്ങള്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ആ കുട്ടികള്‍ ഹോസ്റ്റലിലേക്ക് തന്നെ പോവുകയും ചെയ്തു. എസ് എഫ് ഐയുടെ ഹോസ്റ്റല്‍ സെക്രട്ടറിയെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞിരുന്നു. എന്തു വന്നാലും ഞങ്ങള്‍ ശക്തമായി തന്നെ നില്‍ക്കുമെന്ന് അവരെ അറിയിച്ചു. ഭീഷണി കൊണ്ട് കാര്യമില്ല. ഒരക്രമത്തിനും ഞങ്ങള്‍ ഇല്ല, പക്ഷേ പ്രതിരോധിക്കും. അതിനുള്ള കഴിവ് കെഎസ് യു എന്ന പ്രസ്ഥാനത്തിനുണ്ട്.

ഇനിയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും പേടിപ്പിച്ചും മാറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നതെങ്കില്‍ എസ് എഫ് ഐ അതില്‍ തോറ്റുപോവുകയേയുള്ളൂ. ഒരു വിദ്യാര്‍ത്ഥി സംഘടന മാത്രം മതിയെന്ന പിടിവാശി എസ് എഫ് ഐ ഉപേക്ഷിക്കണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ് എഫ് ഐക്കൊപ്പം കെഎസ് യുവും എ ഐ എസ് എഫും എല്ലാം പ്രവര്‍ത്തിക്കട്ടെ, സമാധാനപരമായിട്ടാണെങ്കില്‍ എബിവിപിയും ഇവിടെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം? ജനാധിപത്യവും സമാധാനവും ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥി സംഘടനകളെയും കെഎസ്‌യു സ്വാഗതം ചെയ്യുന്നുണ്ട്. രാഖി കെട്ടി വരുന്നവരെയൊക്കെ കാമ്പസില്‍ ഇട്ട് അടിക്കുന്ന രീതി ഇല്ലാതാകണം. കാന്താരി എന്നൊരു സംഘടനയുടെ പ്രോഗാമിന് ഒപ്പം വന്ന ഡ്രൈവറെ അയാള്‍ കൈയില്‍ രാഖി കെട്ടിയിരുന്നുവെന്നു പറഞ്ഞ് കോളേജില്‍ ഇട്ട് അടിച്ചിരുന്നു. ഏതു രാഷ്ട്രീയത്തെയും എങ്ങനെ എതിര്‍ത്താലും ഇത്തരം അക്രമങ്ങളിലൂടെയവരുത്. ഒരു മനുഷ്യനെ കണ്‍മുന്നിലിട്ട് അടിക്കുന്നത് കാണുന്നത് നമുക്ക് പ്രയാസം ഉണ്ടാക്കുന്ന കാര്യമാണ്. ഇതൊന്നും ജനാധിപത്യമല്ല. എസ് എഫ് ഐ മനസിലാക്കേണ്ടതും നടപ്പാക്കേണ്ടതും ആ ജനാധിപത്യ മര്യാദയാണ്. ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതും യൂണിവേഴ്‌സിറ്റി കോളേജ് ഒരു ജനാധിപത്യ വേദിയായി മാറ്റുക എന്നതാണ്. അതിനുവേണ്ടിയാണ് പോരാട്ടം. ആ ലക്ഷ്യം നേടുക തന്നെ ചെയ്യും.

Read More: കണ്‍സള്‍ട്ടേഷന്‍ ഫീ 49 രൂപ, മരുന്നുകള്‍ക്ക് 60% വരെ കിഴിവ്; മദേഴ്‌സ് ക്ലിനിക് സാമ്പത്തിക തിരിമറി ചങ്ങലയെന്ന് ആരോപണം, പ്രവാസികളടക്കമുള്ള ഫ്രാഞ്ചൈസികളില്‍ നിന്നും കോടികള്‍ തട്ടിയതായി പരാതി

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍