UPDATES

ട്രെന്‍ഡിങ്ങ്

എന്ത് കണ്ടിട്ടാണ് അയ്യപ്പ ദർശനത്തിനെത്തുന്ന യുവതികൾക്ക് അതിനുള്ള അവസരം ഒരുക്കുമെന്ന് സർക്കാർ എടുത്തുചാടി പ്രഖ്യാപിച്ചത്?

മണ്ഡല പൂജക്കും മുൻപ് വലിയ തിരക്കില്ലാതിരുന്ന വേളയിൽ മല ചവിട്ടാനെത്തിയ യുവതികൾക്ക് ദർശനം സാധ്യമാക്കാൻ പോയിട്ട് മതിയായ സുരക്ഷ ഒരുക്കാൻ എന്തുകൊണ്ട് പൊലീസിന് കഴിയാതെ പോയി

കെ എ ആന്റണി

കെ എ ആന്റണി

മണ്ഡലപൂജക്കാലത്തു യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോർഡ്. മണ്ഡല പൂജക്കാലത്തു യുവതികൾ ശബരിമലയിലേക്ക് വന്നാൽ അവർക്കു സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണെന്ന് പോലീസ്. മുഖ്യമന്ത്രിയോ ദേവസ്വം മന്ത്രിയോ ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ലെങ്കിലും കാര്യം വ്യക്തമാണ്; ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ സർക്കാർ പിന്നോട്ടടിക്കുകയാണ്, താൽക്കാലത്തേക്കാണെങ്കിൽ പോലും. ഇതാവട്ടെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെയും അത് നടപ്പാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയും സഹർഷം സ്വാഗതം ചെയ്തവരെ നിരാശപ്പെടുത്തുന്നതും അതേസമയം കേവല രാഷ്ട്രീയ ലക്‌ഷ്യം മാത്രം വെച്ച് ശബരിമലയിലെ യുവതി പ്രവേശനത്തെ എതിർക്കുന്ന സംഘപരിവാർ സംഘടനകളെയും ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും പേരുപറഞ്ഞു ഈ വിഷയത്തിൽ അവർക്കൊപ്പം നിൽക്കുന്നവരെയും ആഹ്ളാദിപ്പിക്കാൻ പോന്ന ഒന്നാണെന്ന് പറയാതെ വയ്യ.

മണ്ഡല പൂജക്കാലത്തെ ഭക്തജന തിരക്കിന്റെ പേര് പറഞ്ഞാണ് ഈ പിന്നോട്ടടി. വർധിച്ച തിരക്കുള്ള വേളയിൽ മല കയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകുകയെന്നത് എളുപ്പമല്ലെന്നാണ് പോലീസിന്റെ വാദം. മണ്ഡല കാല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെ സുരക്ഷയെക്കുറിച്ചാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ആശങ്ക. ഇരുകൂട്ടരുടെയും ആശങ്ക ശരിയാണ് താനും. യുവതികളെത്തിയാൽ അവരെ തല്ലാനും കൊല്ലാനുമൊക്കെ തയ്യാറായി ഒരു കൂട്ടം ആളുകൾ സജ്ജരായി നിൽക്കുന്നിടത്തു സുരക്ഷ ഒരു വലിയ പ്രശ്നം തന്നെയാണ്. എന്നാൽ മണ്ഡല പൂജക്കും മുൻപ് വലിയ തിരക്കില്ലാതിരുന്ന വേളയിൽ മല ചവിട്ടാനെത്തിയ യുവതികൾക്ക് ദർശനം സാധ്യമാക്കാൻ പോയിട്ട് മതിയായ സുരക്ഷ ഒരുക്കാൻ എന്തുകൊണ്ട് പൊലീസിന് കഴിയാതെ പോയി എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നുണ്ട്.

എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

രണ്ടും കല്പിച്ചു അയ്യപ്പ ദർശനത്തിനെത്തിയ യുവതികളിൽ പലരെയും പോലീസ് സംരക്ഷണ വലയമൊരുക്കി കുറേ ദൂരം മുന്നോട്ടു കൊണ്ടുപോയി എന്നത് ശരി തന്നെ. പക്ഷെ പടിക്കൽ വെച്ച് കുടം ഉടയുന്നതുപോലുള്ള അവസ്ഥയായിരുന്നു സന്നിധാനത്തോടടുത്തപ്പോൾ ഉണ്ടായത്. യുവതികളെത്തിയാൽ തങ്ങൾ തടയുമെന്നു സംഘ പരിവാർ സംഘടനകളും ഈ വിഷയത്തിൽ അവരെ അനുകൂലിക്കുന്നവരും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആയതിനാൽ പ്രതിക്ഷേധവും സംഘർഷവുമൊക്കെ പോലീസും ദേവസ്വം ബോർഡും സർക്കാരുമൊന്നും മുൻകൂട്ടി കാണാതിരുന്ന കാര്യമൊന്നുമല്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും കെ സുരേന്ദ്രനും വത്സൻ തില്ലങ്കേരിയും എ എൻ രാധാകൃഷ്ണനുമടക്കമുള്ള പല നേതാക്കളെയും പ്രസ്തുത താലൂക്കിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിട്ടും പോലീസ് ഇപ്പോഴും പറയുന്നത് ശബരിമല സംഘ പരിവാർ സംഘടനയുടെ വരുതിയിലാണെന്നാണ്.

അപ്പോൾ പിന്നെ എന്ത് കണ്ടിട്ടാണ് അയ്യപ്പ ദർശനത്തിനെത്തുന്ന യുവതികൾക്ക് അതിനുള്ള അവസരം ഒരുക്കുമെന്ന് സർക്കാർ എടുത്തുചാടി പ്രഖ്യാപിച്ചതെന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. സർക്കാരിന്റേതു ഒരു ഇരട്ടത്താപ്പ് നയമാണെന്ന വിമർശനം ശക്തിപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍