പേപ്പട്ടികളെ ഓടിക്കുന്നതു പോലെ സ്ത്രീകളെ ശബരിമലയില്‍ നിന്നും ഓടിച്ചുവിടുന്നത് കണ്ണടച്ചാലും മായാത്തത്ര വേദനാജനകമായ ഒരു കാഴ്ചയായിരുന്നു
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ജനുവരി ഒന്നിനു നടക്കാനിരിക്കുന്ന വനിതാ മതിലിനോട് വിയോജിപ്പറിയിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുകയാണ് 31 സ്ത്രീകളുടെ കൂട്ടായ്മ. കൃത്യമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിപ്പോരുന്ന ഒരു കൂട്ടം സ്ത്രീകളുടെ വിട്ടു നില്‍ക്കാനുള്ള തീരുമാനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സുപ്രീം കോടതി വിധിയെ വിശ്വസിച്ചെത്തിയിട്ടുള്ള ഒരു സ്ത്രീക്കു പോലും അവകാശ സംരക്ഷണത്തിനുള്ള സാഹചര്യമൊരുക്കാത്ത പൊലീസിലുള്ള അതൃപ്തി, പുരുഷാധിപത്യ രാഷ്ട്രീയത്തിന്റെ അതിപ്രസരം, പാര്‍ട്ടിക്കകത്തെ ലൈംഗികാതിക്രമണത്തോട് ക്രിയാത്മകമായി പ്രതികരിക്കാനാകാത്തവരുടെ ഇരട്ടത്താപ്പ് എന്നിവയടക്കമുള്ള വിഷയങ്ങളാണ് വിയോജിപ്പറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ സ്ത്രീകള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്തുകൊണ്ട് വനിതാ മതിലിനൊപ്പമില്ല എന്നതിനെക്കുറിച്ച് സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കൂട്ടായ്മയിലെ അംഗവുമായ പി. ഗീത സംസാരിക്കുന്നു.
ആണധികാരത്തിന്റെ വനിതാ മതിലും സ്ത്രീകളുടെ രാഷ്ട്രീയ പ്രഖ്യാപനവും
വനിതാ മതിലില്‍ ആരും പങ്കെടുക്കരുത് എന്ന ആഹ്വാനമല്ല ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. വിയോജിപ്പ് രേഖപ്പെടുത്തി മാറി നില്‍ക്കാനായിരുന്നു തീരുമാനം. പക്ഷേ, എന്തു കൊണ്ട് മാറി നില്‍ക്കുന്നു എന്നു വിശദീകരിക്കേണ്ടത് ചരിത്രപരമായ ഒരു ആവശ്യകതയായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവനയിറക്കാണമെന്നു തോന്നിയത്. കാരണം, മതിലുമായി സഹകരിക്കാത്തവരെല്ലാം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണെന്നും, അവരെല്ലാം സംഘപരിവാര്‍ അനുഭാവികളാണെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായി ഉയരുകയാണ്. ഭാവിയില്‍ ഏതെങ്കിലുമൊരു പെണ്‍കുട്ടി ആ ചവറ്റു കൊട്ടയില്‍ കീറിക്കിടക്കുന്ന തുണ്ടു കടലാസ്സുകള്‍ നോക്കുമ്പോള്‍ ഇങ്ങനെയൊരു ചരിത്രവും കൂടി അവിടെയുണ്ടാകട്ടെ എന്നു കരുതിയിട്ടാണ് ഞങ്ങള്‍ കുറച്ചു പേര്‍ ചവറ്റുകൊട്ടയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്, പരസ്യമായിത്തന്നെ. പരിപാടി വിജയിക്കുന്നെങ്കില്‍ വിജയിക്കട്ടെ, പങ്കെടുക്കുന്നവര്‍ പങ്കെടുക്കട്ടെ. പക്ഷേ ഞങ്ങള്‍ക്കിതിനോട് രാഷ്ട്രീയമായ വിയോജിപ്പുണ്ട്. അതു ഞങ്ങള്‍ രേഖപ്പെടുത്തും.
സി.പി. എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടത്തുന്ന സ്ത്രീ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ മത്സരം ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമല്ല. പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുള്ള സ്ത്രീകളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, എല്ലാവരും സംഘപരിവാര്‍ വിരുദ്ധരാണെന്ന് മനസ്സിലാകും. മുഖ്യധാരാരാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാള്‍ എത്രയോ ശക്തമായ നിലപാടുകള്‍ തങ്ങളുടെ ജീവിതത്തിലും എഴുത്തിലും മറ്റെല്ലാ സമീപനങ്ങളിലും എടുത്തിട്ടുള്ളവരാണ് ഇക്കൂട്ടത്തില്‍ എല്ലാവരും. ഇന്ന് നിലവിലുള്ള സംഘടിതപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അതത് വനിതാ പ്രസ്ഥാനങ്ങള്‍ക്കു പോലും ഒരു നിലപാടെടുക്കാന്‍ കഴിയാതിരുന്ന പല സ്ത്രീ പ്രശ്‌നങ്ങളെയും പൊതു മധ്യത്തിലേക്ക് കൊണ്ടു വന്നിട്ടുള്ളവരാണ് ഇപ്പോള്‍ ഈ ആത്മാഭിമാന സദസ്സിലുള്ളത്.
നവോത്ഥാനത്തെ പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് പുതിയ പഠനങ്ങളെല്ലാം ആരംഭിക്കുന്നത്. നവോത്ഥാനത്തെക്കുറിച്ച് ഉയര്‍ത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ വിമര്‍ശനം, പുരുഷന്റെ മേല്‍ക്കൈയിലാണ് സ്ത്രീയുടെ മുന്നേറ്റം നടന്നതെന്നതും, അതുകൊണ്ടുതന്നെ വളരെക്കാലത്തേക്ക് അതിനു തുടര്‍ച്ചയില്ലാതെ പോകുകയാണ് ചെയ്തതെന്നുമാണ്. അത്തരമൊരു വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ആ അവസ്ഥയെ തിരുത്താതെ അത് ആവര്‍ത്തിക്കുന്ന രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. വനിതാ മതിലിന്റെ ആലോചനായോഗം മുതല്‍ നമ്മള്‍ കാണുന്നതുമതാണ്. ആണിന്റെ ശബ്ദം അതിശക്തമായ അധികാരസ്വരമായി മാറുകയും, അവരുടെ അധികാര പരിധിയ്ക്കകത്തേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടു വരികയുമാണെന്നത് വ്യക്തമാണ്. തങ്ങളുടെ സംഘടനയില്‍പ്പെട്ടിട്ടുള്ള സ്ത്രീകളോട് പോലും ആലോചിക്കാതെ ഇങ്ങനെയൊരു മതില്‍ പ്രഖ്യാപിക്കാമെന്നത് സ്ത്രീവിരുദ്ധതയാണ്. അത് സ്ത്രീകളെക്കുറിച്ചുള്ള മുന്‍വിധിയില്‍ നിന്നുമുണ്ടാകുന്നതാണ്.
എന്തിനാണവര്‍ സ്ത്രീകളുടെ കര്‍തൃപദവിയെ ചോദ്യം ചെയ്യുന്നത്?
കാലമിത്രയേറെ കഴിഞ്ഞിട്ടും, മൂന്നിലൊന്ന് എന്ന കണക്കില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് നിയമം മൂലം അംഗീകരിക്കപ്പെട്ടിട്ടും, സ്ത്രീകള്‍ കെട്ടേണ്ട ഒരു മതിലിനെക്കുറിച്ച് സ്ത്രീകളോട് കൂടിയാലോചിക്കുക പോലും ചെയ്യാതെ പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം എത്രമാത്രം പുരുഷാധിപത്യപരമാണ്. ഇത് ഞങ്ങളെ വല്ലാതെ അലട്ടിയിട്ടുണ്ട്. പി.കെ. ശശി വിഷയമാണ് മറ്റൊന്ന്. അദ്ദേഹം ആറുമാസത്തെ സസ്‌പെന്‍ഷന് വിധേയപ്പെട്ടിട്ടുണ്ട്. സി.പി.എം പോലൊരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതു വലിയ ശിക്ഷ തന്നെയാണു താനും. പക്ഷേ, അദ്ദേഹമിപ്പോഴും നിയമസഭാ സാമാജികനായി തുടരുകയാണ്. ഈ പെണ്‍കുട്ടി പരാതിയുയര്‍ത്തിയപ്പോള്‍ ഉയര്‍ന്നു വന്ന ചര്‍ച്ചകള്‍ മറ്റു പലതുമാണ്. പരാതിക്കു പിന്നിലാരാണ്, വലിയ ഗൂഢാലോചന ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇതൊരു വിഭാഗീയതയുടെ ഭാഗമാണ് എന്നെല്ലാം ആരോപണങ്ങള്‍ ഉയര്‍ന്നല്ലോ. പരാതി ശരിയോ തെറ്റോ എന്നന്വേഷിക്കുന്നതിനു പകരം, സ്വന്തമായി ഒരു പരാതി നല്‍കാനുള്ള കര്‍തൃശേഷി പോലുമില്ലാത്തവരാണ് സ്വന്തം കൂട്ടത്തിലെ സ്ത്രീകള്‍ എന്ന മുന്‍വിധിയാണ് ഉയര്‍ത്തപ്പെട്ടത്.
ഇതേ വ്യവഹാരമാണ് ശബരിമലയിലേക്കു പോയിട്ടുള്ള സ്ത്രീകളെക്കുറിച്ചുമുണ്ടാകുന്നത്. ആരെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാനോ, അതൊരു പ്രവര്‍ത്തി പദ്ധതിയിലേക്ക് കൊണ്ടുവരാനോ സാധിക്കില്ലെന്ന ശക്തമായ മുന്‍വിധി ഇവിടത്തെ പുരുഷ പൊതുബോധത്തിനുണ്ട്. സ്ത്രീകളുടെ കര്‍തൃപദവി തന്നെ അംഗീകരിക്കാത്ത ഒരു അവസ്ഥ. ആരാണ് ഇവര്‍ക്കു പിന്നില്‍ എന്ന ചോദ്യമാണ് എല്ലായിടത്തും. ശബരിമലയിലെത്തിയ സ്ത്രീകള്‍ക്കെല്ലാം തീവ്രവാദബന്ധമുണ്ട്, അവര്‍ കൊള്ളരുതാത്ത ആള്‍ക്കാരാണ്, ആക്ടിവിസ്റ്റുകളാണ് എന്നെല്ലാം ആവര്‍ത്തിച്ചു കേള്‍ക്കുന്നു. ആക്ടിവിസ്റ്റ് എന്ന പദം എങ്ങിനെയാണ് ഉപയോഗിക്കുന്നതെന്നും ശ്രദ്ധിക്കണം. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാതെ, ഒറ്റയ്‌ക്കോ സംഘമായോ നിന്ന് രാഷ്ട്രീയം പറയുന്ന സ്ത്രീകളെ ഒരു തെറിവാക്കു പോലെയാണ് ഇവര്‍ ആക്ടിവിസ്റ്റുകളെന്ന് വിളിക്കുന്നത്. സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കുന്ന ഒന്നിനെയും അംഗീകരിക്കാന്‍ തയ്യാറല്ലെന്നതാണ് ഇതിനു പിന്നിലെ കാര്യം.
പേപ്പട്ടികളെ ഓടിക്കുന്നതു പോലെ സ്ത്രീകളെ ശബരിമലയില്‍ നിന്നും ഓടിച്ചുവിടുന്നത് കണ്ണടച്ചാലും മായാത്തത്ര വേദനാജനകമായ ഒരു കാഴ്ചയായിരുന്നു. സുപ്രീം കോടതി വിധി അത്ര നിസ്സാരമായൊരു വിധിയല്ല. അത് ശബരിമലയ്ക്കു മാത്രം ബാധകമാകുന്ന വിധിയുമല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അയിത്തം എല്ലാ ക്ഷേത്രങ്ങളില്‍ നിന്നും എടുത്തു മാറ്റപ്പെടുകയായിരുന്നു. എല്ലാ തരത്തിലുള്ള തൊട്ടുകൂടായ്മകളും ക്ഷേത്രാചാരങ്ങളില്‍ നിന്നും ഒഴിവാക്കുക എന്നതാണ് വിധിയുടെ അര്‍ത്ഥം. അങ്ങനെയൊരു വലിയ തലത്തിലേക്ക് വികസിക്കേണ്ട ചര്‍ച്ചയെ സംഘപരിവാര്‍/സിപി.എം എന്ന ദ്വന്ദ്വത്തിലേക്ക് എത്തിക്കുന്നതായും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലേക്ക് മാറ്റുന്നതുമായാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. അതേത്തുടര്‍ന്നുണ്ടായ രാഷ്ട്രീയമായ വിയോജിപ്പ്, സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നവരെന്ന നിലയ്ക്ക് രേഖപ്പെടുത്തുക എന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിനുള്ള അവകാശം ഞങ്ങള്‍ക്കുണ്ടു താനും.
നിലപാടെടുക്കേണ്ടത് മറ്റു പല വിഷയങ്ങളില്‍
കന്യാസ്ത്രീ സമരവുമായി ബന്ധപ്പെട്ടാണ് അടുത്ത വിഷയം. കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ത്രീ സംഘടനകള്‍ കന്യാസ്ത്രീ സമരത്തോട് പ്രതികരിക്കുകയും ഉറച്ച നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വനിതാ മതില്‍ പണിയുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടിയുടെ സ്ത്രീസംഘടനകളുമായി ബന്ധപ്പെട്ട ഒരു പ്രതിനിധി പോലും പന്തലിലേക്ക് വന്നില്ല എന്നത് വളരെ ശ്രദ്ധേയമാണ്. മാത്രമല്ല, മതിലിനോട് കൂടിച്ചേരാന്‍ ആഹ്വാനം ചെയ്യുന്ന ആലഞ്ചേരി പിതാവിനെപ്പോലുള്ള ഒരാള്‍ സ്ത്രീപീഢകനായ ഫ്രാങ്കോയെ രക്ഷിക്കാന്‍ പല വിധത്തില്‍ ശ്രമിച്ചിട്ടുള്ളയാളാണ്. പരാതി നല്‍കിയ കന്യാസ്ത്രീയെ പലതവണ മാനസികമായി വിഷമിപ്പിക്കുന്ന തരത്തില്‍ വീണ്ടും വീണ്ടും പെരുമാറിയിട്ടുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കാര്യവുമുണ്ട്. ഫ്രാങ്കോയെ അറസ്റ്റു ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതിനെത്തുടര്‍ന്ന് സേവ് അവര്‍ സിസ്‌റ്റേഴ്‌സിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ചെന്നു കണ്ടിരുന്നു. വളരെ വേദനാജനകമായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രതികരണം. ‘ഇത്ര ദൂരം നിങ്ങള്‍ ഇതു പറയാന്‍ വന്നു എന്നുള്ളതു കൊണ്ട് നിങ്ങള്‍ ആ കസേരയില്‍ തുടര്‍ന്ന് ഇരിക്കേണ്ടതില്ല’ എന്നാണ് അദ്ദേഹത്തിന്റെ മുന്നിലിരുന്ന ഞങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്. ദൂരെ നിന്നു വന്നു എന്നുള്ളതുകൊണ്ട് നിങ്ങളാ കസേരയില്‍ തുടര്‍ന്നിരിക്കേണ്ട എന്നു പറഞ്ഞതിന് ഞാനും ദൃക്‌സാക്ഷിയാണ്. അന്ന് ആ സംഘത്തിന് നേരിട്ടിട്ടുള്ള വേദനയും അപമാനവും വളരെ വലുതാണ് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇന്ന് വനിതാ മതിലിനു വേണ്ടി വളരെയധികം പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിന്റെ വനിതാ സംഘടനകള്‍ അന്ന് കന്യാസ്ത്രീ സമരത്തെക്കുറിച്ച് പരസ്യമായി ഒരു നിലപാടും എടുത്തിരുന്നില്ല.
എതിര്‍ക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെങ്കില്‍, ആ ചവറ്റുകൊട്ടയ്‌ക്കൊരു ന്യായീകരണമുണ്ട്
ശബരിമലയില്‍ അക്രമമുണ്ടാകാതെ നോക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇവര്‍ പറയുന്നുണ്ട്. അക്രമം എന്ന വാക്കു പോലും ബാധകമാകുന്നത് പുരുഷനു മാത്രമാണ്. ശബരിമലയില്‍ സ്ത്രീകളോട് ഇപ്പോള്‍ ചെയ്തതൊക്കെയും വലിയ തരത്തിലുള്ള അക്രമമാണെന്നും ഏകപക്ഷീയമായ അധികാരപ്രയോഗങ്ങളാണെന്നുമാണ് ഞാന്‍ വിചാരിക്കുന്നത്. ആളുകള്‍ എന്നു ഭക്തരെന്നും അവര്‍ പറയുന്നത് ആണുങ്ങളേയാണ്. അവിടുത്തെ ശാന്തിയും സമാധാനാന്തരീക്ഷവും നിലനിര്‍ത്താന്‍ സാധിക്കാത്തതിന്റെ കാരണം സ്ത്രീകളാണെന്നാണ് അവരുടെ ഭാഷ്യം. അവരുപയോഗിക്കുന്ന ടെര്‍മിനോളജി ശ്രദ്ധിച്ചാലറിയാം. ഭരണകക്ഷിയില്‍പ്പെട്ടവരാകട്ടെ, കോണ്‍ഗ്രസ്സാകട്ടെ, ബി.ജെ.പിയാകട്ടെ, ഒരേ ടെര്‍മിനോളജിയാണ് സ്ത്രീകള്‍ക്കെതിരെ ഉപയോഗിക്കുന്നത്. അവിടുത്തെ ആളുകള്‍ക്ക് പ്രശ്‌നമുണ്ടാകും, സമാധാനാന്തരീക്ഷം തകരും, ഭക്തര്‍, വിശ്വാസം, ആചാരം – ഇതൊക്കെ ആര്‍ക്കു ബാധകമായ സംഗതികളാണ്? പുരുഷനു മാത്രം. സ്ത്രീ ഇതിലൊന്നും പെടുന്നില്ല. സ്ത്രീകളുടെ കര്‍തൃത്വത്തെ വിലവയ്ക്കാത്ത ഇത്തരമൊരിടത്തില്‍ വിയോജിക്കുക എന്നതു മാത്രമേ ഞങ്ങള്‍ക്കു ചെയ്യാനുള്ളൂ. അതു ഞങ്ങള്‍ ചെയ്യുന്നു എന്നുമാത്രം.
വനിതാ മതിലിനോട് സഹകരിക്കാത്തവര്‍ സംഘപരിവാര്‍ അനുകൂല രാഷ്ട്രീയമാണ് എന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ല. വ്യക്തിപരമായി സംഘപരിവാര്‍ ഏജന്‍സികളുടെ ആക്രമണങ്ങള്‍ ഒരുപാട് അനുഭവിച്ചിട്ടുള്ളവരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചിട്ടുള്ളവരെല്ലാം. ഒന്നുകില്‍ അത് അല്ലെങ്കില്‍ ഇത് എന്ന യുക്തി എങ്ങനെയാണ് ഇവിടെ പ്രയോഗിക്കാന്‍ സാധിക്കുക? മതിലിനൊപ്പമല്ലെങ്കില്‍ ഞങ്ങള്‍ നാമജപക്കാര്‍ക്കൊപ്പമാണ് എന്നു പറയാന്‍ ഇവര്‍ക്കാരാണ് അവകാശം കൊടുത്തത്?
വനിതാ മതിലിനെ എതിര്‍ക്കുക, പരാജയപ്പെടുത്തുക, അതില്‍ പങ്കെടുക്കുന്ന സ്ത്രീകളെ കുറച്ചു കാണുക എന്നതൊന്നും ഞങ്ങളുടെ ഉദ്ദേശത്തിലില്ല. ഞങ്ങള്‍ക്ക് ഇതിനോട് രാഷ്ട്രീയമായി വിയോജിക്കാനുള്ള അവകാശമുണ്ട്, അത് ഞങ്ങള്‍ക്ക് വിനിയോഗിച്ചേ പറ്റൂ. വനിതാ മതിലുമായി സഹകരിക്കാത്തവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലാണ് എന്നു പറയുമ്പോള്‍ ആ ചവറ്റുകൊട്ടയ്ക്കുള്ള ന്യായീകരണം പൊതു സമൂഹത്തോട് പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. നിശ്ശബ്ദരായിട്ടിരിക്കാന്‍ ആഗ്രഹിച്ചിരുന്നവരാണ് ഞങ്ങള്‍. ഇതു പോലും ഞങ്ങളെക്കൊണ്ട് പറയിച്ചതാണ്.