UPDATES

ട്രെന്‍ഡിങ്ങ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിലേക്കോ ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലേക്കോ?

ആരൊക്കെ നേതൃത്വത്തിലേക്കുവരുന്നു എന്നതല്ല പ്രധാനം. എണ്ണായിരത്തിലേറെ ഭേദഗതികള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞ കരട് രാഷ്ട്രീയ പ്രമേയം ഭേദഗതി ചെയ്യപ്പെടുമോ എന്നറിയാനാണ് രാഷ്ട്രീയനിരീക്ഷകര്‍ ചെവിയോര്‍ക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ കേരളാ കോണ്‍ഗ്രസ് ആയി മാറണോ അതോ ദേശീയകക്ഷി എന്ന പ്രസക്തി വീണ്ടെടുക്കണോ എന്ന ചോദ്യത്തിനാണ് സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഉത്തരം തേടുന്നത്. വീരതെലുങ്കാനയുടെ വിപ്‌ളവമണ്ണില്‍ ഒരു കാലത്ത് ചെങ്കൊടി അധികാരത്തിലേക്കെന്നുപോലും പ്രതീക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൊതുസമ്മേളന വേദി അധികൃതര്‍ മാറ്റിയിട്ടുപോലും പ്രതികരിക്കാനാവാത്ത നിസ്സഹായാവസ്ഥയിലാണ് പാര്‍ട്ടി. ഹൈദരാബാദില്‍ പ്രാദേശികകക്ഷിയായ തെലുങ്കാന രാഷ്ട്രീയ സമതിയുടെ ദയാദാക്ഷിണ്യങ്ങള്‍ക്ക് വഴങ്ങിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിപ്പ്.

രാജ്യത്ത് കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ആദ്യമായി എത്തുന്നത് ആന്ധ്രയിലായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര ശക്തമായിരുന്നു അവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ. അതൊക്കെ പഴങ്കഥ. ഇന്ന് തെലുങ്കാനയുടെ മാനം കാത്തത് നിയമസഭയിലെ ഏക സി.പി.എം അംഗം സുന്നം രാജയ്യ. ഭദ്രാചലം എന്ന സംവരണ മണ്ഡലത്തില്‍നിന്ന് അദ്ദേഹം ജയിച്ചു കയറിയില്ലായിരുന്നെങ്കില്‍ വീരതെലുങ്കാനയുടെ പാരമ്പര്യം പറയാന്‍ ഒരു സി.പി.എം അംഗം അവിടെ നിയമസഭയില്‍ ഉണ്ടാകില്ലായിരുന്നു. തൊട്ടടുത്ത് ആന്ധ്രയില്‍ സി.പി.എമ്മിന് ഒരു എം.എല്‍.എപോലുമില്ലെന്ന യാഥാര്‍ത്ഥ്യം കാണണം. എം.എല്‍.എപോലുമില്ലാത്തിടത്ത് എം.പിയോ എന്ന ചോദ്യത്തിന് പ്രസക്തിയേയില്ലല്ലോ.

ഏറ്റവും പുതിയ പ്രാദേശിക കകഷികളിലൊന്നായ തെലുങ്കാന രാഷ്ട്രീയ സമിതിയെക്കാള്‍ പിന്നിലാണ് ലോക്‌സഭയില്‍ സി.പി.എമ്മിന്റെ അംഗബലം. അവര്‍ക്ക് 11 സീറ്റുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്ന തെലുങ്കാനയിലെ പ്രതിപക്ഷ പ്രാദേശിക കക്ഷിക്കൊപ്പമാണ് ലോക്‌സഭയിലെ സി.പി.എം അംഗബലം – ഒമ്പത്. രണ്ടക്കം തികയ്ക്കാന്‍പോലും കഴിയാത്ത ഒരു കക്ഷിയാണ് ഇപ്പോള്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്ത് രാജ്യത്തെ ഭരണം മൂന്നാമതൊരു മുന്നണിക്ക് ലഭിക്കുമെന്ന് സ്വപ്‌നം കാണുന്നത്! 540 അംഗ ലോക്‌സഭയില്‍ ഒമ്പതിലേക്കൊതുങ്ങിയ സി.പി.എം വസ്തുനിഷ്ഠമായ രാഷ്ട്രീയ നിലപാടിലേക്കെത്തുമോ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നിലുള്ള ചോദ്യം.

പാര്‍ലമെന്റിലേക്ക് ഇടതുപക്ഷ എം പിമാരുടെ എണ്ണം അമ്പതുവരെയായി ഉയര്‍ന്നതിനു പിന്നില്‍ എല്ലാക്കാലത്തും പശ്ചിമബംഗാളിന്റെ സംഭാവനയായിരുന്നു പ്രബലം. അവിടെ ഇപ്പോള്‍ പാര്‍ട്ടി മൂന്നാമതാണോ നാലാമതാണോ എന്ന് നേതാക്കള്‍ക്കുപോലും ഉറപ്പില്ല. ബംഗാള്‍ വീണശേഷം ചെങ്കോട്ടയായി പാര്‍ട്ടി വിശേഷിപ്പിച്ചത് ത്രിപുരയായിരുന്നു. അവിടത്തെ ചെങ്കോലും കിരീടവും പാര്‍ട്ടി ബി.ജെ.പിക്ക് കാഴ്ചവച്ചു. ഇനി അധികാരത്തില്‍ ആകെ ശേഷിക്കുന്നത് കേരളം മാത്രമാണ്. അവിടെയും ‘ഇതുപോലെ’ ഭരണം തുടരുകയാണെങ്കില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് സി.പി.എമ്മിന് സുഗമമാകാനിടയില്ല.

ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കിലും അവരെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഒരു വിധ സഖ്യമോ ധാരണയോ പോലും വേണ്ടെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. അതേ സമയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പാകെ അവതരിപ്പിച്ച, പോളിറ്റ്ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും തള്ളിക്കളഞ്ഞ രാഷ്ട്രീയ നിലപാടില്‍, ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ട എങ്കിലും ധാരണ വേണ്ടിവരുമെന്ന് വ്യക്തമാക്കുന്നു.

യെച്ചൂരി അവിടെ ചൂണ്ടിക്കാട്ടിയ ഒരു കണക്കുണ്ട് – പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിന് അടുത്തുള്ള സംസ്ഥാനമായ കര്‍ണാടകത്തില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അവിടെ ആകെയുള്ള 224 നിയമസഭാ സീറ്റില്‍ സി.പി.എം മത്സരിക്കുന്നത് 16 ഇടത്താണ്. ഇതില്‍ എത്രപേര്‍ ജയിച്ചുവരുമെന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴേ സാധാരണ പാര്‍ട്ടിക്കാര്‍ക്ക് നല്‍കാന്‍ കഴിയും! കോണ്‍ഗ്രസുമായി ധാരണയില്‍ അല്ലെങ്കില്‍ കര്‍ണാടക നിയമസഭയില്‍ സി.പി.എമ്മിന്റെ ‘സംപ്യൂജ്യാവസ്ഥ’ തുടരുമെന്നാണ് യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ സൂചിപ്പിച്ചത്. 16 ഇടത്തെ പ്രവര്‍ത്തകര്‍ക്ക് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്യാം. ബാക്കിയുള്ളിടങ്ങളിലെ, വളരെക്കുറച്ചാണെങ്കിലും പ്രവര്‍ത്തകര്‍ ആര്‍ക്ക് വോട്ടുചെയ്യണം. ബി.ജെ.പി, കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥികള്‍ക്കെന്നാണ് നിലവിലെ സി.പി.എം തീരുമാനം. ആ നില തുടരുകയാണെങ്കില്‍ ചിലപ്പോള്‍ വോട്ടുചെയ്യേണ്ടി വരിക പ്രാദേശികമായി വേരുകളുള്ള കൊടിയ വര്‍ഗീയ കക്ഷികള്‍ക്കായിരിക്കാം.

പ്രകാശ് കാരാട്ട് ഉള്‍പ്പെടെ പ്രത്യയശാസ്ത്രത്തിന്റെ തടവില്‍ കഴിയുന്നവരുടെ മുന്നില്‍ കേരളത്തിലെ സി.പി.എം ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ അജണ്ട മാത്രമേ ഉള്ളൂ. അതിന് കേരളത്തിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനെ ശത്രുപക്ഷത്ത് നിറുത്തണം. കേരളത്തിലെ സി.പി.എം നേതൃത്വം അതുകൊണ്ടുതന്നെ പ്രകാശ് കാരാട്ടിന്റെ നിലപാടിന് പൂര്‍ണ പിന്തുണ നല്‍കുന്നു. സംസ്ഥാനത്തെ ജനസ്വാധീനത്തില്‍ ഒന്നാം സ്ഥാനത്തെങ്കിലും പാര്‍ട്ടിയില്‍ ഒരു സ്വാധീനവുമില്ലാത്ത സി.പി.എമ്മിന്റെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളായ വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരിയുടെ നിലപാടിനൊപ്പമാണ്.

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

പാര്‍ട്ടി കോണ്‍ഗ്രസില്‍ 763 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് കേരളവും പശ്ചിമ ബംഗാളുമാണ് – 175 വീതം. ഇതില്‍ കോണ്‍ഗ്രസുമായി ഒരുവിധ ബന്ധവും വേണ്ട എന്ന കാരാട്ട് പക്ഷ ചിന്തയ്‌ക്കൊപ്പം കേരളം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസുമായി ധാരണ കൂടിയേ തീരൂ എന്നാണ് പശ്ചിമബംഗാള്‍ വാദിക്കുന്നത്. അതായത്, കേരളവും പശ്ചിമബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരിക്കും ഇതില്‍ തീരുമാനമെടുക്കുക എന്ന് വ്യക്തം.

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന ആഹ്വാനവുമായാണ് പ്രമുഖ ഇടതുകക്ഷികളുടെ അഖിലേന്ത്യാ നേതാക്കള്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് അഭിവാദ്യമര്‍പ്പിക്കാനെത്തിയത്. അവരെല്ലാം പറയാതെ പറഞ്ഞതും കോണ്‍ഗ്രസുമായി സഹകരിക്കാതെ ഇടതുപക്ഷത്തിന് ഇനി മുന്നോട്ടുപോകാനാവില്ല എന്നുതന്നെയാണ്. ഇതില്‍ രണ്ട് ഇടതുകക്ഷികളായ ആര്‍.എസ്.പിയും ഫോര്‍വേഡ് ബ്‌ളോക്കും കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിക്കൊപ്പമില്ല. അവരിരുവരും ഇവിടെ കോണ്‍ഗ്രസ് മുന്നണിക്കൊപ്പമാണ്. എന്നാല്‍, ബംഗാളും ത്രിപുരയും ഉള്‍പ്പെടെയുള്ളിടങ്ങളില്‍ അവര്‍ സി.പി.എമ്മിന്റെ മുന്നണിയിലാണ്!

ഫാഷിസത്തെ തടയാന്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രം പോര; ത്രിപുര ഇന്ത്യന്‍ ഇടതുപക്ഷത്തിന് മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോയില്‍നിന്ന് എസ്.രാമചന്ദ്രന്‍പിള്ള ഇത്തവണ ഒഴിയുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പോളിറ്റ്ബ്യൂറോയിലും കേന്ദ്രക്കമ്മിറ്റിയിലും തുടരാനുള്ള ഉയര്‍ന്ന പ്രായപരിധിയായി 80 വയസ് നിശ്ചയിച്ചതിനാലാണിത്. അതില്‍ ഇളവു നല്‍കാന്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസിന് അധികാരമുണ്ട് എന്നതിനാല്‍ അദ്ദേഹം അനിവാര്യനാണ് എന്ന് തോന്നിയാല്‍ വേണമെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്താം. നിലവിലത്തെ അവസ്ഥയില്‍ അതിന് സാദ്ധ്യത തീരെ കുറവാണ്. കഴിഞ്ഞ തവണ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എസ്.രാമചന്ദ്രന്‍പിള്ളയെ അവരോധിക്കാന്‍ കേരളഘടകം ശ്രമിച്ചിരുന്നു. രാമചന്ദ്രന്‍പിള്ളയും അതാഗ്രഹിച്ചു എന്ന നിലയിലുള്ള ഇടപെടലുകളാണ് നടത്തിയത്. എന്നാല്‍, ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടിയാവും എന്ന തിരിച്ചറിവില്‍ ആ തീരുമാനം മാറ്റുകയായിരുന്നു.

പിബി അംഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം ഇല്ല: സിപിഎം രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്

ഇ.എം.എസ്, ഇ.ബാലാനന്ദന്‍ എന്നിവര്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗങ്ങളായി തുടര്‍ന്നിരുന്ന കാലയളവിലാണ് 1986ലെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറി വി.എസ്.അച്യുതാനന്ദന്‍ പോളിറ്റ്ബ്യൂറോയിലേക്കെത്തിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാര്‍ക്ക് പാര്‍ട്ടിയുടെ പരമോന്നത സമിതിയിലെത്താന്‍ 1992വരെ കാത്തിരിക്കേണ്ടിവന്നു. അതിനുശേഷം 1995ല്‍ ചണ്ഡിഗറില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് എസ്.രാമചന്ദ്രന്‍പിള്ള പി.ബിയിലെത്തുന്നത്. അതിനുശേഷം കൊല്‍ക്കത്തയില്‍ നടന്ന 1998ലെ കോണ്‍ഗ്രസില്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും 2008ലെ കോയമ്പത്തൂര്‍ കോണ്‍ഗ്രസില്‍ കോടിയേരി ബാലകൃഷ്ണനും 2012ല്‍ എം.എ.ബേബിയും ഈ പരമോന്നത സമിതിയിലെത്തി. കോഴിക്കോട്ട് 2012ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ വി.എസ് അച്ചടക്ക നടപടിയെ തുടര്‍ന്ന് പോളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്തായിരുന്നു. പിന്നീട് അവിടേക്ക് തിരിച്ചെത്താന്‍ വി.എസ്സിനായില്ല. അതേസമയം, കേന്ദ്രക്കമ്മിറ്റി അംഗമായ വി.എസ്സ് മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടിയുടെ പരമോന്നത സമിതി അംഗമായ പോളിറ്റ്ബ്യൂറോയില്‍നിന്നുള്ള കോടിയേരി ബാലകൃഷ്ണന്‍ ആ മന്ത്രിസഭയിലെ അംഗവുമായി!

ഇത്തവണ, പോളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവാകാന്‍ സാദ്ധ്യതയുള്ള മറ്റൊരു മലയാളി എ.കെ.പത്മനാഭനാണ്. സി.ഐ.ടി.യു നേതൃത്വത്തെ പ്രതിനിധാനം ചെയ്ത് പോളിറ്റ്ബ്യൂറോയില്‍ എത്തുന്ന രണ്ടാമത്തെ മലയാളിയാണ് പത്മനാഭന്‍. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഇ.ബാലാനന്ദനാണ് ആ ഗണത്തിലെ ആദ്യമലയാളി.സി.ഐ.ടി.യു പ്രസിഡന്റായിരുന്ന പത്മനാഭന്‍ സംഘടനയുടെ വൈസ്പ്രസിഡന്റായി മാറിയ സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് കെ.ഹേമലത, ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എന്നിവരിലൊരാള്‍ പത്മനാഭന് പകരം വരാനാണ് സാധ്യത.

എസ്.രാമചന്ദ്രന്‍പിള്ളയ്ക്കു പകരം കേരളത്തില്‍നിന്ന് പോളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കേന്ദ്രക്കമ്മിറ്റിയിലെ സീനിയോരിറ്റി മാനദണ്ഡമാക്കിയാല്‍ ഇ.പി.ജയരാജനോ ഡോ.തോമസ്‌ഐസക്കോ പരിഗണിക്കപ്പെടണം. നിലവില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നത് എ.വിജയരാഘവന് അധികയോഗ്യതയാവാം. ദളിത് പരിഗണന എ.കെ.ബാലനും ന്യൂനപക്ഷ പരിഗണന എളമരം കരീമിനും ലഭിച്ചുകൂടെന്നുമില്ല. വനിതാ പരിഗണന പി.കെ.ശ്രീമതി, എം.സി.ജോസഫൈന്‍ എന്നിവര്‍ക്ക് അനുകൂലമാവാനുമിടയുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പി.കരുണാകരനെയും പരിഗണിച്ചേക്കാം.

ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചിൽ കാണണമെന്നു പറയുന്ന കോൺഗ്രസിനും സിപിഎമ്മിനും ഇത് നല്ല പാഠം

കേന്ദ്രക്കമ്മിറ്റിയില്‍നിന്ന് പി.കെ.ഗുരുദാസന്‍ ഒഴിയാനാണ് സാദ്ധ്യത. പ്രായാധിക്യം തന്നെയാണ് കാരണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ അഖിലേന്ത്യാ ദളിത് സംഘടനാ നേതാവ് കെ.രാധാകൃഷ്ണന്‍ എന്നിവരും കേന്ദ്രക്കമ്മിറ്റിയില്‍ എത്താനിടയുണ്ട്. വന്‍വിജയമായി മാറിയ മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ സംഘാടകനും മലയാളിയുമായ വിജുകൃഷ്ണന്‍ ഇത്തവണ കേന്ദ്രക്കമ്മിറ്റിയിലെത്തും. നിലവില്‍ ക്ഷണിതാവാണ്.

ആരൊക്കെ നേതൃത്വത്തിലേക്കുവരുന്നു എന്നതല്ല പ്രധാനം. എണ്ണായിരത്തിലേറെ ഭേദഗതികള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞ കരട് രാഷ്ട്രീയ പ്രമേയം ഭേദഗതി ചെയ്യപ്പെടുമോ എന്നറിയാനാണ് രാഷ്ട്രീയനിരീക്ഷകര്‍ ചെവിയോര്‍ക്കുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികളുമായി തിരഞ്ഞെടുപ്പ് ധാരണയ്ക്കുള്ള അവസരം നല്‍കുന്ന ഒറ്റ ഭേദഗതി അംഗീകരിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. രണ്ടുദിവസംകൂടി കഴിഞ്ഞാല്‍ ഇതിന് ഉത്തരം കിട്ടും. അവിടെയാണ് ഈ പാര്‍ട്ടി ദേശീയസ്വഭാവവും പ്രാധാന്യവും വീണ്ടെടുക്കുമോ അതോ പ്രാദേശിക കക്ഷിയായി പരിമിതപ്പെടുമോ എന്ന ആകാംക്ഷ നിലനിര്‍ത്തുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരിക്കേ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായിരുന്ന ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം തട്ടിത്തെറിപ്പിച്ച പാര്‍ട്ടിയാണിത്. അതിനും നേതൃത്വം നല്‍കിയത് പ്രകാശ് കാരാട്ടാണ്. പിന്നീട്, അത് ‘ചരിത്രപരമായ വിഡ്ഡിത്തം’ എന്ന് ജ്യോതിബസു പരസ്യമായി കുറ്റപ്പെടുത്തിയപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് നിശ്ശബ്ദനായി കേട്ടിരുന്നതേയുള്ളൂ. വീണ്ടും ചരിത്രപരമായ വിഡ്ഡിത്തം ആവര്‍ത്തിക്കുമോ എന്ന ഉത്കണ്ഠ കടുത്ത സി.പി.എം പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, ഇടതുപക്ഷത്തിന്റെ സാധ്യത ആഗ്രഹിക്കുന്നവര്‍ക്കൊക്കെയുണ്ട് എന്നത് കാണാതിരിക്കാനാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍