UPDATES

ആള്‍ ദൈവം ആസാറാം ബാപ്പുവും ബിഷപ്പ് ഫ്രാങ്കോ മുളക്കലും തമ്മില്‍ എന്താണ് ബന്ധം?

ആസാറാം ബാപ്പു കേസിലെന്ന പോലെ കന്യാസ്ത്രീ പീഡനക്കേസിലും പ്രതികള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ചുള്ള ഉത്തരവ്

ആള്‍ദൈവം ആസാറാം ബാപ്പുവും കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളക്കലും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും കഴിഞ്ഞ ദിവസം കോട്ടയം ജില്ല കോടതിയുടെ ഒരു ഉത്തരവ് കുറ്റകൃത്യത്തിലെ സമാനതകള്‍ കൊണ്ട് ഇരുവരെയും ബന്ധിപ്പിക്കുന്നുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് സാക്ഷി സി. ലിസി വടക്കേലിന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുന്നതാണ് കോട്ടയം ജില്ല കോടതി ഉത്തരവ്. പ്രസ്തുത ഉത്തരവ് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം (witness protection scheme) അനുസരിച്ചായിരുന്നു. കേരളത്തില്‍ ആദ്യമായാണ് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം അടിസ്ഥാനമാക്കി ഇത്തരമൊരു ഉത്തരവ് ഉണ്ടാകുന്നത്. വിറ്റ്‌നെസ്റ്റ് പ്രൊട്ടക്ഷന്‍ സ്‌കീം അടിസ്ഥാനമാക്കി ആദ്യമായൊരു വിധി രാജ്യത്ത് ഉണ്ടാകുന്നതാകട്ടെ ആസാറാം ബാപ്പു പ്രതിയായ പീഡനക്കേസിലും.

കേസിലെ സാക്ഷിക്ക് സ്വതന്ത്രവും ഭയരഹിതവുമായി തന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്ന സാഹചര്യം ഒരുക്കി നല്‍കുക എന്നതാണ് ഏറ്റവും ലളിതമായ രീതിയില്‍ വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീമിനെ കുറിച്ച് പറയാവുന്നത്. നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും(NLSA)യും ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റും(BPRD) ചേര്‍ന്ന് സാക്ഷികളുടെ സംരക്ഷണത്തിനായി തയ്യാറാക്കിയ വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം 2018 ല്‍ ആസാറാം ബാപ്പുവിനെതിരായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണ വേളയിലാണ് സുപ്രിം കോടതി അംഗീകരിച്ചത്. ജസ്റ്റീസുമാരായ എ കെ സിക്രി, എസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ ബഞ്ചാണ് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീമുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് നടപ്പക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. ആസാറാം ബാപ്പുവിനെതിരേ സാക്ഷിയായവര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്നു കാണിച്ച് നല്‍കിയ പരാതി അംഗീകരിച്ചുകൊണ്ട് മതിയായ സുരക്ഷ സാക്ഷികള്‍ക്ക് ഉറപ്പാക്കാന്‍ സുപ്രിം കോടതി നല്‍കിയ ഉത്തരവിനു ശേഷം വിറ്റ്‌നെസ്സ് പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ച് വരുന്ന മറ്റൊരു ഉത്തരവ് ആണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സാക്ഷിയായ സി. ലിസി വടക്കേലിന് അനുകൂലമായി കോട്ടയം ജില്ല കോടതി നല്‍കിയിരിക്കുന്നത്.

വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം സി. ലിസി വടക്കേലിന്റെ സഹോദരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോട്ടയം ജില്ല കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ പറയുന്ന പ്രകാരം അപായ സാധ്യത നില്‍ക്കുന്നതും കരുതല്‍ ആവശ്യവുമായ വ്യക്തിയാണോ സാക്ഷിയെന്നു കോടതിക്ക് ബോധ്യപ്പെടാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കുക വേണം. ഇവ പരിശോധിക്കുന്നതു കൂടാതെ ജില്ല പൊലീസ് മേധാവിയില്‍ നിന്നോ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്നോ പരാതി സംബന്ധമായ റിപ്പോര്‍ട്ടും(threat analysis report) കോടതി തേടും. അത്യാവശ്യമായി സംരക്ഷണം കൊടുക്കേണ്ട കേസ് ആണെങ്കില്‍ സാക്ഷിക്കും ആവശ്യമെങ്കില്‍ കുടുംബാംഗങ്ങള്‍ക്കും ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ തന്നെ അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കോടതി നിര്‍ദേശിക്കും. സി. ലിസിയുടെ കാര്യത്തില്‍, സാക്ഷിക്ക് തെളിവുകളുടെയും പൊലീസ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ജീവന് ഭീഷണി ഉണ്ടെന്നു കോടതിക്ക് ബോധ്യമായതിനെ തുടര്‍ന്നാണ് വിചാരണ കഴിയും വരെ അവരെ പൊലീസ് സംരക്ഷണയോടെ മറ്റൊരിടത്തേക്ക് മാറ്റി പാര്‍പ്പിക്കന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ പീഡനക്കേസിന്റെ വിചാരണ കഴിയും വരെ സി. ലിസിയുടെ സംരക്ഷണ ഉത്തവാദിത്വം ഇനി സര്‍ക്കാരിനാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആശ്രമത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്തു എന്നതാണ് ഗുജറാത്ത് സ്വദേശിയായ ആസാറാം ബാപ്പുവിനെതിരായ കുറ്റം. സഹറാന്‍പൂര്‍ സ്വദേശിയായ പതിനാറുകാരിയെ 2013 ഓഗസ്റ്റ് 15 ന് ജോധ്പൂരിനു സമീപത്തുള്ള ആശ്രമത്തില്‍വച്ചാണ് ബാപ്പു ബലാത്സംഗം ചെയ്തത്. പൊലീസ് ബാപ്പുവിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ കേസ് കോടതിയില്‍ എത്താനിരിക്കെ മുഖ്യസാക്ഷിയായ കൃപാല്‍ സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ വച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ കൃപാല്‍ സിംഗിനെതിരേ വെടിയുതിര്‍ക്കുകയായിരുന്നു. ചികിത്സയിലായിരുന്ന സിംഗ് പിന്നീട് മരിച്ചു. കേസിലെ മറ്റ് സാക്ഷികള്‍ക്കും ഇത്തരത്തില്‍ വധഭീഷണികള്‍ ഉണ്ടായി. കൃപാല്‍ സിംഗിന്റെ കൊലപാതകത്തിലെ മുഖ്യസാക്ഷിയായിരുന്ന രാംശങ്കര്‍ വിഷ്‌കര്‍മയുടെ മകനായ ധീരജ് വിഷ്‌കര്‍മയെ തട്ടിക്കൊണ്ടുപോയി. ജുഡീഷ്യല്‍ കമ്മിഷന് മുന്നില്‍ ബാപ്പുവിനെതിരെ മൊഴി നല്‍കിയ രാജു ചന്ദക് എന്ന വ്യക്തിയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ചു. ആശ്രമവാസിയായിരുന്ന രാജു ചന്ദക്, ആശ്രമത്തില്‍ മയക്കുമരുന്ന് ഉപയോഗവും ദുര്‍മന്ത്രവാദവും സാമ്പത്തിക ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി കെ ദിവേദി കമ്മിഷന് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ആസാറാം ബാപ്പുവും കൂട്ടുപ്രതികളായ കാര്‍ത്തിക് ഹല്‍ദാതര്‍, സഞ്ജു മലെഗാന്‍ എന്നിവര്‍ ചേര്‍ന്ന് രാജു ചന്ദക്കിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തുകയും ചന്ദക്കിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു എന്നാണ് കേസ്. തനിക്കെതിരെ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചന്ദക്കിനെ വകവരുത്താന്‍ ആസാറം തന്നെ തീരുമാനിക്കുകയായിരുന്നു എന്നാണ് ചാര്‍ജ് ഷീറ്റില്‍ കേസ് അന്വേഷിച്ച പോലീസ് വ്യക്തമാക്കിയിരുന്നത്. പ്രതികളില്‍ നിന്നും ഇത്തരത്തില്‍ വധശ്രമങ്ങളും വധഭീഷണികളും ഉണ്ടായതിനെ തുടര്‍ന്നാണ് കേസിലെ സാക്ഷികള്‍ സുപ്രിം കോടതിയില്‍ വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് അര്‍ട്ടിക്കിള്‍ 141/142 പ്രകാരം വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പാക്കാന്‍ ഭരണഘടനാപരമായ ചുമതല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നല്‍കിയത്.

ആസാറം ബാപ്പു ബലാത്സംഗം കേസുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ബലാത്സംഗ കേസിന് ഏറെ സാമ്യതകള്‍ ഉണ്ട്. രണ്ടുപേരും മതം കൊണ്ട് പ്രബലരായവര്‍. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതും മതപ്രതിനിധികള്‍ എന്ന നിലയില്‍ നേടിയെടുത്ത അധികാരങ്ങള്‍. ഒരാള്‍ ആശ്രമത്തില്‍ വച്ചാണ് കുറ്റകൃത്യം ചെയ്തതെങ്കില്‍ മറ്റെയാള്‍ കന്യാസ്ത്രീ മഠത്തില്‍വച്ച്. ഭീഷണിപ്പെടുത്തിയാണ് രണ്ടുപേരും ഇരകളെ കീഴ്‌പ്പെടുത്തിയത്. പിന്നീട് കുറ്റം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതും മതത്തിന്റെ വക്താക്കളായി നിന്നുകൊണ്ട്. ബാപ്പു കേസില്‍ സാക്ഷി കൊല്ലപ്പെടുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെങ്കില്‍ ബിഷപ്പ് ഫ്രാങ്കോ കേസില്‍ നേരിട്ട് അങ്ങനെയൊരു സംഭവം പറയാനില്ലെന്നു മാത്രം. അതേസമയം ജലന്ധര്‍ രൂപതയിലെ ഒരു വൈദികന്റെ മരണത്തില്‍ അസ്വാഭാവികത നിലനില്‍ക്കുന്നുണ്ട്. ആ വൈദികന്‍ കന്യാസ്ത്രീ പീഡനക്കേസിലെ സാക്ഷിയുമായിരുന്നു.

ആസാറാം ബാപ്പുവും സംഘവും സാക്ഷികളെ പലരീതിയില്‍ സ്വാധീനിക്കാനും തങ്ങള്‍ക്കെതിരേ ശബ്ദിക്കാതിരിക്കാന്‍ ഭീഷണികള്‍ ഉയര്‍ത്തുകയും ചെയ്തതുപോലെ കന്യാസ്ത്രീ പീഡനക്കേസിലും നടന്നിട്ടുണ്ട്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഘട്ടത്തില്‍ പത്തേക്കര്‍ ഭൂമിയും സ്വന്തമായി മഠവും എന്ന വാഗ്ദാനവുമായി ഒരു വൈദികന്‍ തന്നെ ഇടനിലക്കാരനായി എത്തി. അതും പലതവണ. വാഗ്ദാനങ്ങള്‍ സ്വീകരിക്കില്ലെന്ന് മനസിലാക്കിയതോടെ സാക്ഷികള്‍ക്കും പരാതിക്കാരിക്കും നേരെ ഉണ്ടായത് സമ്മര്‍ദ്ദ തന്ത്രങ്ങളാണ്. മാനസികമായും വൈകാരികമായും പീഡിപ്പിച്ചും മഠത്തില്‍ നിന്നും സഭയില്‍ നിന്നും ഒറ്റപ്പെടുത്തുമെന്ന മൂന്നറിയിപ്പുകള്‍ നല്‍കിയും അതു തുടര്‍ന്നു. ഫലവത്താകാതെ വന്നപ്പോള്‍ കന്യാസ്ത്രീകളുടെയും കുടുംബത്തെയും വ്യാജപരാതികള്‍ നല്‍കി കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളായി. നീതി കിട്ടും വരെ പൊരുതുമെന്നുറപ്പിച്ച് കന്യാസ്ത്രീകള്‍ മുന്നോട്ടു പോയതോടെ ജീവനുമേല്‍ ഭീഷണി ഉയര്‍ത്തി. മഠത്തില്‍ നിന്നും ട്രാന്‍സ്ഫര്‍ നല്‍കി ഓരോരുത്തരേയും പരസ്പരം പിരിക്കാനുള്ള ശ്രമങ്ങള്‍, അനുസരണക്കേട് കാണിച്ചെന്നു പറഞ്ഞ് മഠത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കങ്ങള്‍ ഇതൊക്കെ ഉണ്ടായി. നിരന്തരം തങ്ങള്‍ക്കെതിരേ പലവിധത്തില്‍ നടക്കുന്ന സമ്മര്‍ദ്ദങ്ങളും ഭീഷണികളും വെല്ലുവിളികളും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതേ മാനസിക-വൈകാരിക-ശാരീരിക പീഡനങ്ങളായിരുന്നു ഇതേ കേസിലെ മുഖ്യസാക്ഷിയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍(എഫ്‌സിസി) അംഗമായ സി. വടക്കേലിനെതിരേ അവരുടെ സന്ന്യാസ സമൂഹത്തില്‍ നിന്നും ഉണ്ടായത്. ബിഷപ്പിനെതിരേ സാക്ഷിയായി എന്ന വിവരം പുറത്തായതിനു പിന്നാലെ സി. ലിസിയെ വിജയവാഡ പ്രൊവിന്‍സിലേക്ക് സ്ഥലം മാറ്റി. അവിടെ വച്ച് തന്റെ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തില്‍ സി. ലിസി രക്ഷപ്പെട്ട് കേരളത്തില്‍ എത്തുകയായിരുന്നു. പിന്നീട് കോടതി ഉത്തരവോടെയാണ് മൂവാറ്റുപുഴ ജ്യോതിര്‍ഭവനില്‍ സി. ലിസിക്ക് താമസൗകര്യം കിട്ടിയത്. എന്നാല്‍ എഫ്‌സിസി അധികൃതരില്‍ നിന്നും വീണ്ടും പഡനങ്ങള്‍ തുടര്‍ന്നു. സിസ്റ്റര്‍ക്കെതിരേ അനധികൃത താമസം ഉള്‍പ്പെടെ പലതരം ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി. ഭക്ഷണമോ, ചികിത്സയോ നല്‍കാതെ തന്നെ തടങ്കലില്‍ എന്നപോലെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും എല്ലായിടത്തും നിന്നും ഒറ്റപ്പെടുത്തുകയാണെന്നും സി. ലിസി തന്നെ വെളിപ്പെടുത്തി. എന്നാല്‍ സി.ലിസി വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നും വഴി മാറി നടക്കുന്ന കന്യാസ്ത്രീയാണവരെന്നും ആക്ഷേപകരമായ രീതിയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ അധികാരികള്‍ നിലവില്‍ താമസിക്കുന്നിടത്തു നിന്നും എത്രയും വേഗം ഒഴിയണമെന്നും അതല്ലെങ്കില്‍ സന്ന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്നും ഭീഷണി മുഴക്കുകയാണ് ഉണ്ടായത്. സാഹചര്യങ്ങള്‍ ഇത്തരത്തില്‍ തീര്‍ത്തും പ്രതികൂലമായി തീര്‍ന്നതോടെയാണ് സി. ലിസിയുടെ സഹോദരന്‍ കോട്ടയം ജില്ല കോടതിയില്‍ വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ച് ഹര്‍ജി നല്‍കിയതും അനുകൂലമായി ഉത്തരവ് ഉണ്ടായതും.

വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം പ്രകാരം മൂന്നു കാറ്റഗറികളിലായാണ് സാക്ഷികളെ ഉള്‍പ്പെടുത്തുക. ഇതില്‍ കാറ്റഗറി എ യില്‍ ആണ് സി. ലിസി. ജീവനുമേല്‍ ഭീഷണി നിലനില്‍ക്കുന്നവരും കരുതല്‍ ആവശ്യമുള്ളവരുമായ സാക്ഷിക്കോ കുടുംബാംഗങ്ങള്‍ക്കോ അന്വേഷണ/വിചാരണ കാലത്തും ആവശ്യമെങ്കില്‍ അതിനുശേഷവും സംരക്ഷണവും സമാധാനമായ ജീവിതത്തിനുള്ള സാഹചര്യവും ലഭ്യമാക്കണമെന്നാണ് എ കാറ്റഗറിയില്‍ പെട്ടവരുടെ അവകാശമായി പറഞ്ഞിരിക്കുന്നത്.

ആസാറാം ബാപ്പു കേസിലെന്ന പോലെ കന്യാസ്ത്രീ പീഡനക്കേസിലും പ്രതികള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്നതാണ് വിറ്റ്‌നെസ് പ്രൊട്ടക്ഷന്‍ സ്‌കീം അനുസരിച്ചുള്ള ഉത്തരവ്. കോടതിയുടെ കണ്ണും കാതുമായിട്ടാണ് സാക്ഷികളെ നിര്‍വചിച്ചിരിക്കുന്നത്. സ്വതന്ത്രമായ സാഹചര്യത്തില്‍ സാക്ഷികള്‍ക്ക് തങ്ങളുടെ കടമ നിര്‍വഹിക്കാന്‍ കഴിയുന്നത് നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും അതിന്റെ കര്‍ത്തവ്യം ശരിയായ വഴിയിലൂടെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനുള്ള തെളിവാണ് ബലാത്സംഗ കേസില്‍ ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. നിരവധി പേരുടെ ആരാധാനപാത്രവും ദൈവുമായിരുന്ന ആസാറാം ബാപ്പു നിയമവ്യവസ്ഥ കൃത്യമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ജയില്‍ കഴിയുകയാണ് ഇപ്പോള്‍. കന്യാസ്ത്രീ പീഡനകകേസിന്റെ കാര്യമാണ് ഇനി അറിയാനുള്ളത്. കുറ്റപത്രം കോടതിയില്‍ എത്തിക്കഴിഞ്ഞു. ഇനി വിചാരണ നടക്കണം. സമ്മര്‍ദ്ദങ്ങളും ഭീഷണികളും നീതി നടപ്പാക്കപ്പെടുന്നതില്‍ തടസമാകുന്നില്ലെങ്കില്‍ ആസാറാം ബാപ്പു കേസ് ഒരിക്കല്‍ കൂടി ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കേസിന്റെ കാര്യത്തിലും ചേര്‍ത്ത് പറയാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍